ഈ കുറിപ്പെഴുതുമ്പോള്‍ ഫാത്തിമ ലത്തീഫ് എന്ന മലയാളി വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍/ കൊലപാതകത്തില്‍ അന്വേഷണം നടക്കുകയാണ്. പുരോഗമിക്കുകയാണ് എന്ന വാക്കാണ് അന്വേഷണം എന്ന പ്ര്രകിയയക്ക് ശുഭസൂചകമായ ക്രിയാപദം. ചെന്നൈ ഐ.ഐ.ടി ഉള്‍പ്പടെയുള്ള ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നടമാടുന്ന ആത്മഹത്യയെക്കുറിച്ചാകുമ്പോള്‍ നടക്കുകയാണ് എന്ന പദമാണ് ക്രിയാവേഷമണിയാന്‍ സര്‍വഥാ യോഗ്യം. അതിനാല്‍ നടക്കുകയാണ് എന്ന അയഞ്ഞ പദം ക്രിയാവേഷമിടുന്നു. അന്വേഷണം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ചെന്നൈ ഐ.ഐ.ടിയില്‍ മുളപൊട്ടിയ ചെറിയ സമരം അവസാനിച്ചിരിക്കുന്നു.
ഫാത്തിമയെക്കുറിച്ചും കഴിഞ്ഞ ഒരു ദശകത്തിനിടെ ആത്മഹത്യചെയ്ത അരലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ദയനീയതയെക്കുറിച്ചും (ഇന്ത്യയില്‍ മണിക്കൂറില്‍ ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുന്നു എന്ന് 2015 ല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ) സംസാരിക്കാനിരിക്കുമ്പോള്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സമരം കൊടുമ്പിരി കൊളളുകയാണ്. ഫാത്തിമയുടെ മരണവും ഡല്‍ഹിയിലെ സമരവും പ്രത്യക്ഷത്തില്‍ രണ്ടെന്നിരിക്കേ എന്തിന് കൂട്ടിവായന എന്ന് തോന്നാം. ഫാത്തിമയുടെ മരണം ജെ.എന്‍.യു സമരത്തിന്റെ ഭാവികാലമാണ്. ഫാത്തിമമാര്‍ മരിച്ചുപോകുന്ന കാമ്പസുകള്‍ ഉണ്ടാകാതിരിക്കാനാണ് ഡല്‍ഹിയിലെ സമരം. വിശദീകരിക്കാം.
ഫാത്തിമയെക്കുറിച്ച് എഴുതാനൊരുങ്ങുമ്പോള്‍ ചെന്നൈ ഐ.ഐ.ടിയെ അറിയുന്ന (അനുവാദമില്ലാത്തിനാല്‍ തല്‍ക്കാലം അത്രമാത്രം) ഒരു പരിചിതനുമായി സംസാരിച്ചു. പലതരം നരേറ്റീവുകള്‍ പലതരം കേന്ദ്രങ്ങളില്‍ നിന്ന് കുത്തിയൊലിച്ചതിനാലായിരുന്നു സംഭാഷണം. രത്‌നച്ചുരുക്കം ഇങ്ങനെ: ‘ഒരാത്മഹത്യക്ക് ഒരു കാരണമേയുള്ളൂ എന്ന് നിങ്ങള്‍ക്കെന്തിനാണ് മുന്‍വിധി? അക്കാദമിക്കായി ചില പ്രശ്‌നങ്ങള്‍ കണ്ടേക്കാം. ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങളില്‍ എന്‍ട്രന്‍സിലെ റാങ്കോ അക്കാദമിക്‌സിലെ മൂന്‍കാല മികവോ അല്ല കാര്യം. നിങ്ങള്‍ക്ക് ഈ സംവിധാനത്തില്‍ ഇടപെടാന്‍, ഓടിയെത്താന്‍ കഴിയുന്നുണ്ടോ എന്നാണ്. ഈ പരാതി പറയുന്ന ആളുകള്‍ക്കൊക്കെ ബേസിക്കലി ആ കഴിവൊന്നുമില്ല. നിങ്ങള്‍ പറഞ്ഞുനടന്ന രോഹിത് വെമുലയുടെ കാര്യം എടുക്കുക. നിങ്ങള്‍ വണ്‍ൈസഡായാണ് കാണുന്നത്. മെജോറിറ്റി കുട്ടികള്‍ ഇവിടെയൊക്കെ നന്നായി കടന്നുപോകുന്നതൊന്നും നിങ്ങളാരും കാണില്ല.’
മെജോറിറ്റി കുട്ടികള്‍ എന്ന വാക്ക് അദ്ദേഹം ഉപയോഗിച്ചത് ഭൂരിപക്ഷം കുട്ടികള്‍ എന്ന സംഖ്യാപരമായ അര്‍ഥത്തിലാണ്. പുതിയ ഇന്ത്യയില്‍, അഥവാ തൊണ്ണൂറുകള്‍ക്ക് ശേഷം കൃത്യമായ ചില സൂചനകള്‍ ലഭ്യമായ ഇന്ത്യയില്‍, രണ്ടാം മോഡിസര്‍ക്കാര്‍ ജ്വലിച്ചുനില്‍ക്കുന്ന സമകാല ഇന്ത്യയില്‍ മെജോറിറ്റി കുട്ടികള്‍ എന്നാല്‍ ഒരു സംഖ്യാപരമായ സ്ഥാനപ്പെടല്‍ അല്ല. വാക്ക് ചരിത്രത്തില്‍ നിന്ന് അര്‍ഥത്തെ സ്വീകരിക്കും. വാക്ക് അത് പ്രയോഗിക്കുന്നവരുടെ രാഷ്ട്രീയത്തെ ആ അര്‍ഥത്താല്‍ പ്രകാശിപ്പിക്കും. വാക്ക് അതുപയോഗിക്കുന്നവരെ വെളിപ്പെടുത്തും. ഫാത്തിമയെക്കുറിച്ചുള്ള ആ ചോദ്യത്തിന് അല്‍പം മുഷിവോടെ ഉത്തരം പറഞ്ഞ, ഇടതുപക്ഷമെന്ന് പേര്‍ത്തും പേര്‍ത്തും ഉറപ്പിക്കാറുള്ള ആ മനുഷ്യന്‍, ആ പരിചിതന്‍ എന്തിനാണ് രോഹിത് വെമുലയെ ഇപ്പോള്‍ അപ്രതീക്ഷിതമായി ഓര്‍മിച്ചത്? അതിലേക്ക് വരാം.
അറിവ് അധികാരത്തെ പ്രസവിക്കും എന്നത് ഒരു ഫൂക്കോ വിചാരമാണ്. Thus, ‘there is no power relation without the correlative constitution of a field of knowledge, nor any knowledge that does not presuppose and constitute at the same time, power relations F-¶v Discipline and punish: The birth of the prison-ല്‍ മിഷേല്‍ ഫൂക്കോ. സര്‍വകലാശാലകളും അതിന്റെ പ്യൂരിറ്റന്‍ പതിപ്പായ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളും ജ്ഞാനം എന്ന വ്യവഹാരത്തോടൊപ്പം അധികാരത്തെയും ഉള്‍വഹിക്കുന്നുണ്ട്. ജ്ഞാനം, വിജ്ഞാനം, വിവരം തുടങ്ങി അറിവിന്റെ ഒരു മണ്ഡലങ്ങളും അധികാരം എന്ന ബാധയില്‍ നിന്ന് മുക്തമല്ല. അറിവിന്റെ ഇന്ത്യാ ചരിത്രം നമുക്ക് മുന്നില്‍ തെളിവുകളോടെ തെളിഞ്ഞുനില്‍ക്കുന്നത് കാണൂ. അതിലെമ്പാടും പ്രത്യക്ഷമായിരുന്ന അധികാരബന്ധങ്ങള്‍ ഇന്നൊരു കീറാമുട്ടിയല്ല. വേദം ആ ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള ജ്ഞാനമണ്ഡലമായിരുന്നല്ലോ? നാമിന്ന് ഏറെ മനസിലാക്കിയിട്ടുള്ളതുപോലെ വേദം അധികാരത്തിലേക്കുള്ള കവാടമായിരുന്നു. വേദം പഠിച്ചവര്‍ അധികാരത്തെ ഭരിച്ചു. വാസ്തവത്തില്‍ എന്തായിരുന്നു വേദങ്ങള്‍? അത് ജീവിതത്തെ നിര്‍വചിക്കാനും, ജീവിതം പ്രവര്‍ത്തിക്കുന്ന ഇടങ്ങളെ വ്യാഖ്യാനിക്കാനുമുള്ള പരിശ്രമങ്ങളായിരുന്നു. അത് പ്രപഞ്ചത്തിന്റെ നാനാതരം പ്രതിഭാസങ്ങളെ വിശദീകരിക്കാനുള്ള ശ്രമമായിരുന്നു. അത് മുഴുവന്‍ മനുഷ്യര്‍ക്കും പ്രാപ്യമായാല്‍ തെറ്റില്ലാത്ത ഒരു മാനുഷിക പ്രവര്‍ത്തനമായിരുന്നു. പക്ഷേ, അതുണ്ടായില്ല. ഇന്ന് പഠിപ്പിക്കപ്പെടുമ്പോലെ അധികാരമല്ല വേദത്തെ സൃഷ്ടിച്ചത്. അധികാരമുള്ളവര്‍, ജാത്യാധികാരമുള്ളവര്‍ അവരുടെ വിജ്ഞാനത്തെ പ്രകാശിപ്പിച്ച ഒന്നായിരുന്നില്ല വേദങ്ങള്‍. മറിച്ച് വേദങ്ങളില്‍ വിജ്ഞരാകാന്‍ ആദ്യമാദ്യം അവസരം ലഭിച്ചവര്‍ അതിനെ അധികാര വ്യവസ്ഥയാക്കി. ഇപ്പറഞ്ഞതിന് ചരിത്രത്തില്‍ തെളിവുണ്ടോ എന്ന് ചോദിക്കാം. ചരിത്രത്തില്‍ തെളിവില്ല, പക്ഷേ വര്‍ത്തമാനത്തില്‍ തെളിവുകളുണ്ട്. അറിവ് എന്ന പ്രമേയം സംബന്ധിച്ച ആധുനിക വിചാരങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് തിരിഞ്ഞുകിട്ടും. അറിവ് അധികാരത്തെ സൃഷ്ടിക്കും എന്നതുപോലെ അറിവ് അധികാരത്തെ വെല്ലുവിളിക്കുകയും ചെയ്യും. അധികാരം ഒരിക്കലും വെല്ലുവിളികളോട് സഹിഷ്ണുത കാട്ടാറില്ല. ഉണ്ടാകാനിടയുള്ള വെല്ലുവിളികള്‍ക്കെതിരെ അധികാരം ഒരു സവിശേഷമായ മെക്കാനിസം സൃഷ്ടിക്കും. ആ മെക്കാനിസം അറിവിന്റെ വ്യാപനത്തെ തടയും. നിലവില്‍ അധികാരമാര്‍ജിച്ചുകഴിഞ്ഞ ഒരു കൂട്ടത്തില്‍ മാത്രമായി അറിവിനെ ചുരുക്കിയിടാന്‍ യത്‌നിക്കും. അതില്‍ എല്ലായ്‌പ്പോഴും അധികാരം വിജയിക്കും.
രോഹിത് വെമുലയും ഫാത്തിമയും തോല്‍ക്കും. വേദാധികാരത്തിന്റെ കാലത്ത് നടന്ന ഈയമുരുക്കല്‍ കഥകളെ പുതിയ കാലത്തോട് ചേര്‍ത്തുവെക്കാനുള്ള ഒടിവിദ്യയെന്ന് ഈ നിരീക്ഷണത്തെ വായിച്ചുവോ? അങ്ങനെയല്ല പറഞ്ഞത്. രാഷ്ട്രീയ അബോധം എന്നൊരു സംഗതിയുണ്ട്. ഫ്രെഡറിക് ജെയിംസണ്‍ പഠിപ്പിച്ചത്. ഠവല ജീഹശശേരമഹ ഡിരീിരെശീൗ:െ Narrative as a Socially Symbolic Act എന്നാണ് ഗ്രന്ഥനാമം. ഒരു നരേറ്റീവും ചരിത്രബാഹ്യമല്ല എന്നാണ് അതിന്റെ ആകെത്തുക. അറിവധികാരികളായിരുന്ന ഒരു സമൂഹത്തിന്റെ അബോധത്തില്‍ ആ അധികാരം പലരൂപത്തില്‍ പ്രവര്‍ത്തിക്കും. പലരൂപത്തില്‍ പുറത്തുവരും. ഹൈദരാബാദില്‍ അപ്പാ റാവുവായിരിക്കും. ജെ.എന്‍.യുവില്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ടായിരിക്കും. ഫാത്തിമയുടെ ജീവിതത്തില്‍ ആരോപണ വിധേയനായ അധ്യാപകന്റെ രൂപത്തില്‍ ആയിരിക്കും. അത് സംവരണം എന്ന ആശയത്തിനെതിരെ പ്രച്ഛന്നവേഷമാടും. മെറിറ്റോക്രസി എന്ന സാമൂഹിക വങ്കത്തത്തെ കെട്ടിയെഴുന്നെള്ളിക്കും. അവരുണ്ടാക്കുന്ന സംവിധാനത്തിലേക്ക്, അവര്‍ അവരുടെ താല്‍പര്യത്തിനനുസരിച്ച് ചിട്ടപ്പെടുത്തിയ ഒന്നിലേക്ക് ഓടിയെത്താന്‍ വിസമ്മതിക്കുന്നവരെ പുറന്തള്ളും.
ഇങ്ങനെ പുറന്തള്ളപ്പെട്ടപ്പോഴാണ് രോഹിത് വെമുല ജീവനൊടുക്കിയത്. വെമുലയുടെ ആത്മഹത്യക്ക് എന്തായിരുന്നു കാരണം? ലൊടുക്ക് ന്യായങ്ങള്‍ നിരത്തി സ്‌കോളര്‍ഷിപ്പ് തുക തടഞ്ഞുവെച്ചതോ? അധികൃതരുടെ ജാത്യാധികാരത്തിന്റെ ഹിംസാത്മകതയാല്‍ മുറിവേറ്റതോ?. പ്രതിഷേധങ്ങളെ സര്‍വകലാശാല അധികൃതര്‍ കഠിന നടപടികളാല്‍ നേരിട്ടതോ?. ഇല്ല, നമ്മുടെ പൊതുയുക്തിക്ക് തൃപ്തിപ്പെടാവുന്ന ഒറ്റക്കുള്ള ഉത്തരം രോഹിതിന്റെ മരണത്തിലില്ല. പക്ഷേ, ഒരു യുക്തികൊണ്ടും വിശദീകരിച്ച് മറച്ചു കളയാനാവാത്ത വലിയ ഹിംസയുടെ ഇരയായിരുന്നു രോഹിത്. എന്റെ ജന്മം തന്നെയാണ് എന്റെ കുറ്റം എന്ന രോഹിത് വെമുലയുടെ മരണമൊഴി ഈ ഹിംസക്ക് മേലുള്ള ഏറ്റവും ശക്തമായ കുറ്റപത്രമാണ്. വകഞ്ഞുമാറ്റപ്പെടുന്ന, അരികിലേക്ക് അജ്ഞാതവും ജ്ഞാതവുമായ ചാട്ടകള്‍ കൊണ്ട് അടിച്ചോടിക്കപ്പെടുന്ന അനേകം വംശങ്ങളുടെ ഒന്നിച്ചുള്ള പൊട്ടിത്തെറിയായിരുന്നു രോഹിത് വെമുലയുടെ ആത്മഹത്യ. എന്റെ പേര് പോലും ഇവിടെ പ്രശ്‌നമാണെന്ന് ഫാത്തിമ പറഞ്ഞുവല്ലോ? ഒരു ദളിതന് ജന്മം എന്നതുപോലെ പ്രശ്‌നഭരിതമാണ് ഒരു ഇന്ത്യന്‍ മുസ്‌ലിമിന് തന്റെ പേര്. അവര്‍ എല്ലാ ക്ലാസിടങ്ങളിലും മറ്റേക്കുട്ടി എന്ന് വിളിക്കപ്പെടുന്നു. രാജ്യമാകെ പതഞ്ഞുപൊന്തുന്ന വംശീയ ആഖ്യാനങ്ങള്‍, നരേറ്റീവുകള്‍ അവരുടെ സ്വത്വത്തെ നിരന്തരം അപമാനിതമാക്കുന്നു. ‘ഓ..നീയോ’ എന്ന വംശീയ മുന്‍വിധികളെ ഒരു പെണ്‍കുട്ടി എങ്ങനെ നേരിടും? മരണം കൊണ്ട് എന്നായിരുന്നിരിക്കണം ഫാത്തിമയുടെ ഉത്തരം.
ചരിത്രത്തിന്റെ ഗംഭീരമായ ഒരാവര്‍ത്തനം ശ്രദ്ധിച്ചുവോ? ഹൈദരബാദ് സര്‍വകലാശാലയിലെ രോഹിത് വെമുല ആത്മഹത്യ ചെയ്ത ദിനങ്ങളില്‍ ജെ.എന്‍.യു കലുഷിതമായിരുന്നു. ആ നാളുകളില്‍ കനയ്യകുമാറും ഷെഹല റാഷിദും കൂട്ടരും വലിയ പ്രക്ഷോഭത്തിലായിരുന്നു. അക്കാദമിക് അന്തരീക്ഷത്തിനെതിരില്‍ ജെ.എന്‍.യുവില്‍ നടക്കുന്ന ഭരണകൂട കയ്യേറ്റങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങുകയായിരുന്നു. ഫാത്തിമ ജീവനൊടുക്കിയ നാളുകളിലും അതേതരം കയ്യേറ്റങ്ങള്‍ക്കെതിരില്‍ ജെ.എന്‍.യു സമരത്തിലാണ്.
ജെ.എന്‍.യുവിലേക്ക് വരാം. രോഹിതിനെയും ഫാത്തിമയെയും കേരളത്തില്‍ രജനി എസ്. ആനന്ദിനെയും കൊന്നുകളഞ്ഞ ഒരു അന്തരീക്ഷത്തെക്കുറിച്ചാണ് നാം സംസാരിച്ചത്. അടച്ചുകെട്ടിയ അറിവിടങ്ങളിലേക്കുള്ള ദളിതരുടെ, ദരിദ്രരുടെ, വംശീമുന്‍വിധികള്‍ക്ക് ഇരയാവുന്ന ന്യൂനപക്ഷങ്ങളുടെ കടന്നിരിക്കല്‍ എക്കാലത്തും ചെറുക്കപ്പെട്ടിരുന്നു. കേരള ചരിത്രത്തിലെ ആദ്യ തൊഴില്‍ സമരത്തെ ഓര്‍ക്കുക. അയ്യങ്കാളിയുടെ നേതൃത്വത്തിലായിരുന്നു അത്. പാഠമില്ലെങ്കില്‍ പാടത്തേക്കില്ല എന്ന ഐതിഹാസിക മുദ്രാവാക്യം പിറന്നത് ആ സമരത്തിലാണ്. പുലയക്കുട്ടികളെ സ്‌കൂളില്‍ പഠിപ്പിക്കാന്‍ സവര്‍ണരായ അധ്യാപകര്‍ വിസമ്മതിച്ചു. അറിവധികാരമെന്ന് നാം മുന്‍പേ കണ്ട ആ പ്രമേയം അതിന്റെ പ്രകൃതമായ പ്രത്യക്ഷതകള്‍ അവസാനിപ്പിച്ചിട്ടില്ലാത്ത കാലമാണ്. ജാതിഹിന്ദുക്കള്‍ പുലയക്കുട്ടികളുടെ സ്‌കൂള്‍ പ്രവേശത്തെ നഖശിഖാന്തം എതിര്‍ത്തു. കായികമായും സാമ്പത്തികമായും (അക്കാലത്ത് മഹാരാഷ്ട്രയിലെ ഒരു സ്‌കൂളില്‍ കീറച്ചാക്കില്‍ നിലത്തിരിക്കുകയായിരുന്നിരിക്കണം പില്‍ക്കാല ഇന്ത്യയെ രൂപപ്പെടുത്തിയ അംബേദ്കര്‍) ആ സവര്‍ണ വിസമ്മതം പലരൂപത്തില്‍ ഇപ്പോഴുമുണ്ടെന്നാണ് തൊട്ടുമുന്നേ നമ്മള്‍ പറഞ്ഞത്. അയ്യങ്കാളി രംഗത്തെത്തി. പഠിപ്പിച്ചില്ലെങ്കില്‍ പാടം തരിശിടുമെന്ന മഹാപ്രഖ്യാപനം വന്നു; പാഠമില്ലെങ്കില്‍ പാടത്തേക്കില്ല. ആ സമരം വിജയിച്ചു. പാടമില്ലെങ്കില്‍ എന്ത് ജാതി, എന്ത് സവര്‍ണത? അന്ന് പത്തിതാഴ്ത്തിയ അറിവധികാരം തോറ്റുപോയി എന്ന് കരുതരുത്. തോല്‍വികള്‍ക്കെതിരെ അധികാരം ചില മെക്കാനിസങ്ങള്‍ സൃഷ്ടിക്കുമെന്ന് അറിയുമല്ലോ? ആ മെക്കാനിസമാണ് രോഹിത് വെമുലയെയും ഇപ്പോള്‍ ഫാത്തിമയെയും അതിന്റെ യന്ത്രപ്പല്ലുകളില്‍ കോര്‍ത്തെടുത്തത്.
പാഠമില്ലെങ്കില്‍ പാടത്തേക്കില്ല എന്ന ലോകചരിത്രത്തിലെ സമാനതകളില്ലാത്ത വിദ്യാഭ്യാസ സമരത്തിന്റെ ജനാധിപത്യത്തിലെ ഫലപ്രാപ്തികളിലൊന്നാണ് ജെ.എന്‍.യു. അയ്യങ്കാളി നടത്തിയ സമരമാണ് ജെ.എന്‍.യു വിനെ സൃഷ്ടിച്ചതെന്ന് വായിക്കരുത്. മറിച്ച് വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവല്‍കരണം, ജനകീയവല്‍കരണം എന്ന വലിയ ആശയത്തിന്റെ നടത്തിപ്പുകേന്ദ്രങ്ങളാണ് ദേശീയപ്രസ്ഥാനത്തിന്റെ ഉലകളില്‍ ഊറി ഉരുവം കൊണ്ട രാജ്യത്തെ പൊതു സര്‍വകലാശാലകള്‍. പാടത്ത് നിന്ന് കയറി വന്ന കുട്ടികള്‍ അവിടങ്ങളില്‍ പഠിച്ചു. കെട്ടിമറച്ച ജ്ഞാനമതിലുകള്‍ അവിടങ്ങളില്‍ തകര്‍ന്നുവീണു. ജനാധിപത്യത്തിന്റെ മൗലിക ഘടകമായ സ്വാതന്ത്ര്യത്തിന്റേയും വിയോജിപ്പിന്റേയും വലിയ ആകാശങ്ങള്‍ ആ സര്‍വകലാശാലകളില്‍ സൃഷ്ടിക്കപ്പെട്ടു. മറ്റൊരുവേള ജ്ഞാനത്തിന്റെ പരിസരങ്ങളില്‍ എത്തിനോക്കാന്‍ പോലും കഴിയാതിരുന്ന നൂറ് കണക്കിന് വിഭാഗങ്ങളെ ആ സര്‍വകലാശാലകള്‍ ഉള്‍ക്കൊണ്ടു. സംവരണം അതിന്റെ സകലപ്രതാപത്തോടെയും അവിടങ്ങളില്‍ ജ്വലിച്ചു. എങ്ങിനെയാണ് അത് സാധിച്ചത്?
സംവരണം ഘടകമായിരുന്നു. അയവുള്ളതും സ്വതന്ത്രവുമായ ഭരണനിര്‍വഹണം ഘടകമായിരുന്നു. പ്രാപ്യമായ ഫീസ് സംവിധാനം വലിയ ഘടകമായിരുന്നു. നാമമാത്രമായ ഹോസ്റ്റല്‍ ഫീസ് എന്നത് ജ്ഞാനത്തോടും ജ്ഞാനാര്‍ജന പ്രക്രിയയോടുമുള്ള ആദരമായി മനസിലാക്കണം. നൂറില്‍ തൊണ്ണൂറ്റിയൊമ്പത് പേര്‍ക്കും വലിയ ഫീസ് താങ്ങാന്‍ കഴിയുമെന്ന് വാദിച്ചോളൂ. നൂറില്‍ തൊണ്ണൂറ്റിയൊമ്പതുപേര്‍ ഐഫോണ്‍ ധാരികളാണെന്ന് വിമര്‍ശിച്ചോളൂ, പക്ഷേ, താങ്ങാന്‍ കഴിയാത്ത ആ ഒരാളുണ്ടല്ലോ അവരാണ് ഞങ്ങള്‍ എന്ന സമത്വത്തിന്റെ വിപുലമായ പ്രഖ്യാപനമാണിപ്പോള്‍ ജെ.എന്‍.യുവില്‍ നടക്കുന്നത്. അരികുകളില്‍ നിന്നും അവമതികളില്‍ നിന്നും വരുന്നവരോട് ഇതാ സ്വതന്ത്രവും സമത്വപൂര്‍ണവുമായ കാമ്പസ് നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്നു എന്ന പ്രഖ്യാപനമാണത്.
ആ അന്തരീക്ഷം സ്വാഭാവികമായും ജ്ഞാനത്തിന്റെ തലമുറകളായുള്ള ഉടമകളെ വിറളി പിടിപ്പിക്കും. പുലയക്കിടാവിനെ പഠിപ്പിക്കില്ലെന്ന ജാത്യാഹങ്കാരം, അംബേദ്കറെ തറയിലിരുത്തിയ ജാതിവെറി പ്രച്ഛന്നവേഷം പൂണ്ടതാണ് ആത്യന്തികമായി വലതുപക്ഷം. ആ പ്രച്ഛന്നവേഷങ്ങളുടെ അതിഹിംസാത്മകമായ പരിണാമമാണ് ഇന്ത്യന്‍ ഫാഷിസം. അതിനാലവര്‍ ആശയങ്ങളെ കഠിനമായി ഭയക്കും. 2014 മുതല്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലക്കെതിരില്‍ ഭരണകൂടം നടത്തുന്ന ഹിംസയുടെ അടിസ്ഥാന കാരണം മറ്റൊന്നല്ല. തുറന്ന അറിവ് ആദ്യം ചോദ്യം ചെയ്യുക അധീശ പ്രത്യയശാസ്ത്രത്തെ ആയിരിക്കും. അതിനാല്‍ അവര്‍ ചോദ്യങ്ങള്‍ ഉണ്ടാകാനിടയുള്ള അന്തരീക്ഷത്തെ തകര്‍ക്കും.
ഫാത്തിമയുടെ മരണത്തിന്റെ കാരണങ്ങള്‍ പുറത്ത് വരട്ടെ. അതിലൊന്ന് നിശ്ചയമായും മുസ്‌ലിം സ്വത്വത്തോടുള്ള മുന്‍വിധിയാകുമെന്നതില്‍ ഇനിയും സംശയിക്കുന്നവര്‍ ജഞാനവും അധികാരവും തമ്മിലെ നൂറ്റാണ്ടുകളായി തുടരുന്ന പാരസ്പര്യത്തെ മനസ്സിലാക്കിയിട്ടില്ല എന്നാണര്‍ഥം. ജെ.എന്‍.യുവില്‍ ഇപ്പോള്‍ നടക്കുന്ന സമരം ഫാത്തിമക്കും രോഹിതിനും മുന്നില്‍ അടച്ചുകെട്ടുന്ന ജ്ഞാനപരിസരത്തോടുള്ള പ്രതിഷേധമായി മനസിലാക്കാത്തവര്‍ സമരത്തിന്റെ പ്രത്യക്ഷ മുദ്രാവാക്യത്തില്‍ കേവലമായി അഭിരമിക്കുന്നവര്‍ മാത്രമാണ്. പ്രത്യക്ഷത്തില്‍ ഉയരുന്ന ആവശ്യമോ മുദ്രാവാക്യമോ അല്ല ഒരു സമരത്തിന്റെ അകബലം. അത് ഒരു വ്യവസ്ഥിതിയോടുള്ള ചെറുത്തുനില്‍ക്കലാണ്. അതിനാല്‍ ജെ.എന്‍.യു സമരം പാഠമില്ലെങ്കില്‍ പാടത്തേക്കില്ല എന്ന വലിയ മുന്നേറ്റത്തിന്റെ സമകാല സാക്ഷാത്കാരമാണ്.
സ്വതന്ത്രവും പരസ്പരാദര പൂര്‍ണവുമായ അന്തരീക്ഷത്തില്‍ മാത്രമേ ചോദ്യം ചെയ്യല്‍ ശേഷിയുള്ള ജ്ഞാനാര്‍ജനം സംഭവിക്കൂ. ഏകപക്ഷീയവും അടിമ ഉടമ ബന്ധത്തിന്റെ അനുരണനവുമായ അക്കാദമിക് അന്തരീക്ഷം വിധേയപൗരരെയാണ് സൃഷ്ടിക്കുക. വിധേയത്വം അധീശത്വത്തിന്റെ നിലനില്‍പിന് അത്യന്താപേക്ഷിതമാണ്. ഐ.ഐ.ടികളിലെ ജ്ഞാനവരേണ്യര്‍ അടിമകളെ ആഗ്രഹിച്ചാല്‍ ഇനിയും ആത്മഹത്യകള്‍ നടക്കും. ജെ.എന്‍.യു പോലെയുള്ള മഹാസര്‍വകലാശാലകളെ ഭരണകൂടത്തിന്റെ കിന്റര്‍ഗാര്‍ഡനാക്കാന്‍ ്രശമിച്ചാല്‍ ഇന്ത്യന്‍ ജ്ഞാനമണ്ഡലം പശുവിന്‍ പാലില്‍ സ്വര്‍ണം തിരയുന്ന പടുവിഡ്ഡികളുടെ കൂത്തരങ്ങാകും. പടുവിഡ്ഡികളുടെയും അടിമകളുടെയും വിധേയരുടെയും സൃഷ്ടിയാണ് ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍.
കെ കെ ജോഷി
You must be logged in to post a comment Login