ഇന്ത്യയില്‍ പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെ സുരക്ഷിതത്വം പലയാവര്‍ത്തി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ അത്തരമൊരു വിഷയം സമൂഹമേറ്റെടുക്കാന്‍ ഒരു ദുരന്തം അനിവാര്യമാണ് എന്നപോലെയാണ്. ഹൈദരാബാദില്‍ ജോലി കഴിഞ്ഞു മടങ്ങുന്നതിനിടയില്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട മൃഗഡോക്ടര്‍ അതിനുദാഹരണമാണ്. നമ്മുടെ വാര്‍ത്താമാധ്യമങ്ങളില്‍ വിഷയം വ്യത്യസ്തമായ സമീപനങ്ങളോട് കൂടി ചര്‍ച്ചചെയ്യപ്പെട്ടു. ഇന്ത്യയിലെ ഭരണകര്‍ത്താക്കള്‍ വിചിത്രമായ പ്രസ്താവനകള്‍ ഇറക്കുകയും ചെയ്തു. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ സ്ത്രീകളെ നോക്കിക്കാണുന്നതിലുള്ള ഘടനാപരമായ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാന്‍ വളരെ ചുരുക്കം ആളുകള്‍ മാത്രമേ തയാറാകുന്നുള്ളൂ. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ലൈംഗിക പീഡനങ്ങളുടെ രാഷ്ട്രീയത്തെക്കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഹൈദരാബാദിലേത് ഗുരുതരമായ സംഭവമാണ്. യുവതിയെ സഹായിക്കാമെന്ന വ്യാജേനയാണ് ഒരുസംഘം കൂട്ടമായ് പീഡനത്തിനിരയാക്കിയത്. ഇന്ത്യയിലെ മാധ്യമങ്ങള്‍ വിഷയം റിപ്പോര്‍ട്ട് ചെയ്തതിലെ അപാകതകള്‍ നിരവധിയാണ്. വ്യാജവാര്‍ത്തകളും തെറ്റിദ്ധരിപ്പിക്കും വിധമുള്ള വ്യാഖ്യാനങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഒടുക്കം പോലീസ് തന്നെ നിയന്ത്രണമില്ലാതെ വിഷയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്മാറണമെന്ന് അഭ്യര്‍ഥിക്കുന്നിടം വരെയായി കാര്യങ്ങള്‍. എന്തിലും ഏതിലും വര്‍ഗീയവിഷം പുരട്ടി വില്‍ക്കുകയെന്ന പൊതുതന്ത്രമാണ് മാധ്യമങ്ങള്‍ ഇപ്പോഴും പാലിച്ചുപോരുന്നത്. ബലാത്സംഗം ചെയ്ത യുവാക്കളിലെ മുസ്‌ലിം പേരിലായിരുന്നു മാധ്യമങ്ങളുടെ പ്രധാന ശ്രദ്ധ. കൂടാതെ ബോളിവുഡ് താരവും ബി.ജെ.പി പ്രവര്‍ത്തകയുമായ പായല്‍ റൊതാഗി ട്വിറ്ററിലൂടെ യുവതി ആക്രമിക്കപ്പെട്ട സ്ഥലം ഹൈദരാബാദിലെ ശാദ് നഗര്‍ ആണെന്നും ഇതൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശമാണോ എന്നു മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. റൊതാഗിയുടെ ട്വീറ്റ് നിമിഷനേരങ്ങള്‍ക്കുള്ളില്‍ നിരവധി അക്കൗണ്ടുകളിലേക്ക് പങ്കുവെയ്ക്കപ്പെടാന്‍ തുടങ്ങി. ബി.ജെ.പിയുടെ സൈബര്‍സൈന്യം ഹൈദരാബാദ് സ്വദേശിക്ക് വേണ്ടി നടത്തിയ നീതി പോരാട്ടം മറ്റൊരു വര്‍ഗീയതന്ത്രമായി കാണാം. മുമ്പ് അലീഗഢില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട പിഞ്ചുബാലികയുടെ മരണത്തെ ബലാത്സംഗമാക്കി വ്യാഖ്യാനിച്ചു കൊണ്ട് വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാന്‍ ശ്രമിച്ചത് ഒരുദാഹരണമാണ്. ഈ കേസ് പിന്നീട് ഒരു സാമ്പത്തിക തര്‍ക്കമാണെന്നും കുഞ്ഞ് ലൈംഗിക പീഡനം നേരിട്ടിട്ടില്ലായെന്നും കണ്ടെത്തിയിരുന്നു. ഇവിടെയും മാധ്യമങ്ങള്‍ തന്നെയായിരുന്നു വ്യാഖ്യാനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. ട്വിറ്ററിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും അജ്ഞാതമായ സ്രോതസ്സുകളില്‍ നിന്നും വരുന്ന വ്യാജ വിവരങ്ങളെ വാര്‍ത്തകളുടെ രൂപത്തില്‍ പുനര്‍നിര്‍മിക്കുന്നതിന് ഇന്ത്യന്‍ മാധ്യമങ്ങള്‍ അറുതി വരുത്തണം. ഹൈദരാബാദ് സംഭവം നടന്ന ദിവസം ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നായി ഏകദേശം നാലോളം ബലാല്‍സംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഹൈദരാബാദ് വിഷയം മറ്റുള്ളവ പോലെ വലിയ ചര്‍ച്ചയായില്ല. പകരം ഈ കേസ് മാത്രം വര്‍ഗീയതയുടെ പേരില്‍ ദേശീയ ശ്രദ്ധ നേടി. പ്രധാനമായും മാധ്യമങ്ങള്‍ തിരിച്ചറിയേണ്ട വസ്തുത, സ്ത്രീകള്‍ക്കെതിരെ ദിനംപ്രതി നടക്കുന്ന കുറ്റകൃത്യങ്ങളെ വേര്‍തിരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ് ചെയ്യുന്നത്. സമൂഹമാധ്യമങ്ങള്‍ ഇന്ന് പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യുന്ന വിഷയം നാളെ അപ്രസക്തമായേക്കാം, ഒപ്പം സ്ത്രീ പൊതുസ്ഥലങ്ങളില്‍ അനുഭവിക്കുന്ന ഗുരുതരപ്രശ്‌നങ്ങള്‍ അപ്രധാനമാകുന്നു. ഹൈദരാബാദിലെ യുവതിയുടെ ചിത്രങ്ങളും പേരും വിവരങ്ങളും പല മാധ്യമങ്ങളും പുറത്തുവിടുകയുണ്ടായി. ലൈംഗിക പീഡനത്തിനിരയായവരുടെ സ്വകാര്യതയെ മാനിക്കണമെന്ന അടിസ്ഥാന ആവശ്യം പോലും മാധ്യമങ്ങള്‍ പാലിച്ചില്ല. ചിലര്‍ സംഭവസ്ഥലത്തെത്തി ദൃശ്യങ്ങള്‍ പച്ചയായി സംപ്രേഷണം ചെയ്യുക പോലുമുണ്ടായി. മാധ്യമങ്ങള്‍ ഇത്തരത്തില്‍ അതിരുകള്‍ ലംഘിച്ചതിനെ വിമര്‍ശിക്കാന്‍ മുഖ്യധാരയില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. Alt News, The News Minute, FirstPost എന്നീ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വിഷയത്തില്‍ മാധ്യമങ്ങള്‍ കാണിച്ച അപാകതകളെ ചൂണ്ടിക്കാണിച്ചത്. ഇവിടെ ഉയര്‍ന്നുവരേണ്ട മറ്റൊരു വ്യവഹാരം ഇന്ത്യയില്‍ മധ്യവര്‍ഗത്തിനു നേരെ നടക്കുന്ന ആക്രമങ്ങളും അരികുവത്ക്കരിക്കപ്പെട്ടവര്‍ക്കു നേരെ നടക്കുന്ന ആക്രമങ്ങളും പൊതുമധ്യത്തില്‍ എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നുള്ളതാണ്. ഞങ്ങള്‍ക്ക് ‘ഇന്ത്യയുടെ മക്കളാകേണ്ട’ (we are not indias daughter) എന്ന് സ്ത്രീകളും സാമൂഹിക പ്രവര്‍ത്തകരും പറയുമ്പോഴും ദളിത്, ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ലൈംഗിക പീഡനം നേരിടുന്നവര്‍ ചിത്രത്തിലേയില്ല. മാധ്യമങ്ങളും ജനങ്ങളും രണ്ടിനെയും സമീപിക്കുന്നത് വ്യത്യസ്തമായാണ്. മധ്യവര്‍ഗത്തിനു നേരെ നടക്കുന്ന അതിക്രമങ്ങള്‍ സൃഷ്ടിക്കുന്ന രോഷം, അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു പോലുമില്ലാത്ത ലൈംഗികാതിക്രമങ്ങള്‍ക്ക് ലഭിക്കുന്നില്ല. വാളയാറില്‍ പിഞ്ചു ബാലികമാര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത് ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ ഭരണകൂടം വരെയുണ്ട് നമുക്കു മേലെ. സംഭവത്തെക്കുറിച്ച് സമീപവാസിയായ ഉയര്‍ന്ന ജാതിയിലെ ഒരു വ്യക്തി The Cue എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് പറഞ്ഞത് ഇങ്ങനെയാണ്: ”അവര്‍ക്കിടയില്‍ ഇത്തരം സംഭവങ്ങളൊക്കെ സര്‍വസാധാരണമാണ്. അതിലൊന്നും ഞങ്ങള്‍ ഇടപെടാറില്ല”. ഇതൊരു ഉദാഹരണം മാത്രമാണ്. സ്ത്രീസുരക്ഷ എന്നത് എളുപ്പം എത്തിച്ചേരാവുന്ന ഒന്നല്ല. അതില്‍ സാമൂഹികമായും രാഷ്ട്രീയമായുമുള്ള ഇടപെടലുകള്‍ അനിവാര്യമാണ്. ഇന്ത്യന്‍ സമൂഹം എത്രമാത്രം വൈവിധ്യമാണോ അത്രമാത്രം സങ്കീര്‍ണമാണ് നമുക്കുചുറ്റുമുള്ള പ്രശ്‌നങ്ങളെ അതിജീവിക്കുക എന്നതും. സ്ത്രീകളുടെ സുരക്ഷിതത്വത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും വലിയ രീതിയിലുള്ള ഉള്ള ലിംഗസമത്വ അവബോധം തന്നെ നിലവില്‍ വരേണ്ടതുണ്ട്. അതുപോലെ ജാതിയാലും മതമാലും ഊറ്റം കൊണ്ടു നില്‍ക്കുന്ന ആണത്വാധികാരങ്ങളുമാണ് സ്ത്രീയുടെ അവകാശങ്ങള്‍ ഓരോന്നായി കുരുങ്ങിക്കിടക്കുന്നത്.
സമാജ് വാദി പാര്‍ട്ടി എം.പി ജയബച്ചന്‍ പീഡനം നടത്തുന്നവരെ ആള്‍ക്കൂട്ടകൊലപാതകത്തിന് വിധേയമാക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ ദൃശ്യമാധ്യമങ്ങളില്‍ പലതും അതിലെ അപാകത മനസ്സിലാക്കാതെ സംപ്രേഷണം ചെയ്തു. ഒരു എം.പി എന്ന നിലയില്‍ ജയബച്ചന് ചെയ്യാന്‍ കഴിയുന്ന നിരവധി കാര്യങ്ങള്‍ പിന്നില്‍വച്ചുകൊണ്ട് ഇത്തരം പ്രസ്താവനകള്‍ ഇറക്കുകയെന്നത് തന്നെ അപകടകരമാണ്. ആള്‍ക്കൂട്ട കൊലപാതകം എന്നത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ അഴിച്ചുവിട്ട ഭരണകൂടമാണ് ഇന്ത്യയിലുള്ളത്. അതിന്റെ ഭീകരത നമുക്ക് അറിയാവുന്നതുമാണ്. നിയമവും കോടതിയും മറ്റു സംവിധാനങ്ങളുമുള്ള രാജ്യത്ത് ഇത്തരത്തില്‍ മാധ്യമങ്ങളുടെ മൈക്കുകള്‍ക്ക് മുന്നില്‍ പ്രസ്താവന നടത്തുന്ന ജയബച്ചന് കുറഞ്ഞപക്ഷം ബോളിവുഡ് സിനിമകളില്‍ പ്രണയവും പീഡനവും വേര്‍തിരിച്ച് നിര്‍ത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നെങ്കിലും പറയാമായിരുന്നു. ലൈംഗിക പീഡനത്തെ ബോളിവുഡ് സിനിമകളില്‍ വ്യാപകമായി കാല്പനികവല്‍കരിച്ചിട്ടുണ്ട്. ജയബച്ചന്റെ പ്രസ്താവനയ്ക്ക് ശേഷം ടൈംസ് നൗ പ്രേക്ഷകര്‍ക്കായി ഒരു പോളും സംഘടിപ്പിച്ചു. ബലാത്സംഗം ചെയ്യുന്നവരെ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയാക്കണോ വേണ്ടയോ എന്നായിരുന്നു അതിന്റെ ഉള്ളടക്കം.
കേന്ദ്രമന്ത്രാലയം ഓണ്‍ലൈന്‍ മാധ്യമങ്ങളെയും അച്ചടി മാധ്യമങ്ങളുടെ നിയമ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ പോവുകയാണ്. വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളും Registration of Press and Periodicals (RPP) Bill, 2019 ല്‍ ഉള്‍പ്പെട്ടിരിക്കണം. ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ എഡിറ്റര്‍ ഇന്ത്യന്‍ പൗരന്‍ ആയിരിക്കണം എന്നു തുടങ്ങി നിരവധി നിബന്ധനകളാണ് ബില്ലിലുള്ളത്. ഓണ്‍ലൈന്‍ വഴി ശബ്ദമായും ദൃശ്യങ്ങളായും ഗ്രാഫിക്‌സുകളായും വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്ന എല്ലാ വെബ്‌സൈറ്റുകളും ഈ പരിധിയില്‍ ഉള്‍പ്പെടും. വ്യാജവാര്‍ത്തകളുടെ കാലത്തു അത് തടയാന്‍ ഗവണ്മെന്റ് പുറത്തിറക്കുന്ന ബില്ല് സഹായമാകുമോ എന്ന് കണ്ടറിയാം. എന്നാല്‍ അതേസമയം ഈ ബില്ലിലൂടെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വളര്‍ച്ച തടയാന്‍ മാധ്യമങ്ങള്‍ക്ക് കഴിയും. പലപ്പോഴും മുഖ്യധാര അവഗണിക്കുന്ന വാര്‍ത്തകളെ മുന്‍പന്തിയില്‍ എത്തിക്കുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ്. പുതിയ നിയന്ത്രണം കരുത്തുള്ള മാധ്യമപ്രവര്‍ത്തനത്തെ കടിഞ്ഞാണിടാനുള്ളതാവാതിരിക്കട്ടെ.
The Conversation ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വായനക്കാരില്‍ നടത്തിയ ഒരു പഠനം വളരെ പ്രസക്തമാണ്. ഓണ്‍ലൈന്‍ വായനക്കാരെ എങ്ങനെയാണു ഹാഷ്ടാഗുകള്‍ സ്വാധീനിക്കുന്നത് എന്നതായിരുന്നു പഠനം. ഹാഷ്ടാഗുകള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് നമ്മുടേത്. ഇന്റര്‍നെറ്റില്‍ വാര്‍ത്തകള്‍ വായിക്കുന്നവര്‍ക്ക് ഹാഷ്ടാഗുകള്‍ പ്രധാന ഘടകമാണ്. 2009ല്‍ ട്വിറ്ററില്‍ ആദ്യമായി തുടങ്ങിവച്ച ഈ രീതി ഇന്ന് ഒട്ടുമിക്ക ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സജീവമായി ഉപയോഗിക്കുന്നുണ്ട്. 1979 വായനക്കാരെ തിരഞ്ഞെടുത്തു കൊണ്ടാണ് The Conversation സര്‍വേ നടത്തിയത്. ചലം York Times ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ എങ്ങനെയാണു ഹാഷ്ടാഗ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുകയാണെങ്കില്‍ ആളുകളുടെ വാര്‍ത്താകമ്പത്തെ മനസ്സിലാക്കാന്‍ സാധിക്കും. സര്‍വേ കണ്ടെത്തിയ പ്രധാന വസ്തുത രാഷ്ട്രീയമായി സംവദിക്കുന്ന ഹാഷ്ടാഗുകളോട് ആളുകള്‍ക്ക് വിമുഖതയാണെന്നാണ്. #Metoo ഹാഷ്ടാഗുകള്‍ ഉള്‍പെടുത്തിയും അല്ലാതെയും കാണിച്ച വാര്‍ത്ത പോസ്റ്റുകളില്‍ #Metoo ഹാഷ്ടാഗ് ഇല്ലാത്ത വാര്‍ത്തയാണ് വായനക്കാര്‍ തിരഞ്ഞെടുത്തത്.
വായനക്കാരുടെ മൊത്തം വാര്‍ത്താതാല്പര്യങ്ങളെ മനസ്സിലാക്കാന്‍ പഠനത്തിന് സാധിക്കില്ലെങ്കിലും, എങ്ങനെയാണു ഓണ്‍ലൈന്‍ വായനക്കാരുടെ സാമൂഹികബോധം രൂപപ്പെടുന്നതെന്ന് ഇത് വ്യക്തമാകുന്നു. #Metoo വും, Black Lives Matters മൊക്കെ പ്രധാനപ്പെട്ട വിഷയങ്ങളാണ്, അത്തരം പ്രശ്‌നങ്ങളില്‍ വായനക്കാര്‍ കാണിക്കുന്ന താല്‍പര്യക്കുറവ് അപകടകരമാണ്.
ശ്രീലങ്കയില്‍ മാധ്യമസ്വാതന്ത്ര്യം വീണ്ടും സങ്കീര്‍ണ്ണമാകുകയാണ്. ഇക്കുറി ഗോതബയ രാജപക്‌സെയുടെ വിജയമാണ് കാരണം. ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അദ്ദേഹം. അധികാരത്തില്‍ എത്തിയത് മുതല്‍ ശ്രീലങ്കന്‍ മാധ്യമങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുകയാണ് ഗോതബയ ഭരണം. പ്രസിദ്ധീകരണങ്ങളുടെ ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തിയും ഭീഷണിപ്പെടുത്തിയും മാധ്യമങ്ങളെ ഒതുക്കാനുള്ള ശ്രമത്തിലാണ്. ഗോതബയ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ശ്രീലങ്കയില്‍ Thushara Vinthage എന്ന എഡിറ്റര്‍ ചോദ്യം ചെയ്യലിന് വിധേയമായിക്കൊണ്ടിരിക്കുകയായിരുന്നു. Voicetube എന്ന യൂട്യൂബ് ചാനലില്‍ ഗോതബയ ക്കെതിരായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നു എന്ന ആരോപണവുമായാണ് പ്രത്യേക അന്വേഷണ സംഘം തുഷാരയെ ചോദ്യം ചെയ്തത്. ചലംവൌയ എന്ന വെബ്‌സൈറ്റിന്റെ ഓഫീസിലും സമാനമായ കാരണം നിരത്തിക്കൊണ്ട് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയുണ്ടായി. ശ്രീലങ്കയിലെ National Movement for Web Journalist പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം വേല ഹലമറലൃ ംലയശെലേ ലെ മാധ്യമപ്രവര്‍ത്തകന്‍ ധനുഷ്‌ക സഞ്ജയനെ എട്ടുമണിക്കൂറോളം ചോദ്യം ചെയ്തു. മാധ്യമസ്ഥാപനങ്ങള്‍ക്കു പുറമെ വാര്‍ത്തകള്‍ പങ്കുവെക്കുന്ന സാമൂഹിക മാധ്യമങ്ങളിലെ പല അക്കൗണ്ടുകളും നിര്‍ത്തലാക്കിയിട്ടുണ്ട്. ഗോതബയയുടെ സഹോദരന്‍ മഹീന്ദ്ര രാജപക്‌സെയും മാധ്യമസ്വാതന്ത്ര്യം ഇല്ലായ്മ ചെയ്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തീവ്രവാദക്കുറ്റംവരെ ശ്രീലങ്കന്‍ ഭരണകൂടം ചുമത്തിയിട്ടുണ്ട്. അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ക്ക് ശ്രീലങ്കയില്‍ അതീവ അപകടകരമായ സാഹചര്യമാണുള്ളത്.
നബീല പാനിയത്ത്
You must be logged in to post a comment Login