ഫൈസല്‍ അഹ്‌സനി: 1946ല്‍ ആയിരുന്നു ഉസ്താദിന്റെ ജനനം. ജീവിതത്തിന്റെ ഏറിയ ഭാഗവും എഴുത്തും അധ്യാപനവുമാണെന്നാണ് മനസ്സിലാകുന്നത്. ഈ നിലയില്‍ ജ്ഞാനജീവിതം ക്രമീകരിക്കാന്‍ പ്രത്യേക പ്രചോദനം എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ?
ബാവ മുസ്‌ലിയാര്‍: വാമൊഴികള്‍ മായും, വരമൊഴികളാണ് അവശേഷിക്കുക. കഴിഞ്ഞ തലമുറയില്‍ പ്രഗത്ഭരായ വലിയ പണ്ഡിതന്മാര്‍ ധാരാളം ഉണ്ടായിട്ടുണ്ട്. പലരെയും നമുക്കറിയില്ല. രചനകളില്ലാത്തതുകൊണ്ട് പില്‍ക്കാലത്തവര്‍ വേണ്ടവിധം ജനമനസ്സുകളില്‍ ജീവിച്ചില്ല. അതുവെച്ചുനോക്കുമ്പോള്‍ സമീപ വിദൂര ദിക്കുകളിലുള്ളവര്‍ക്കും പിന്‍തലമുറകള്‍ക്കും ഉപകാരപ്പെടട്ടേയെന്ന് മനസ്സിലാക്കിയാണ് അതിലേക്ക് കടന്നത്.
പഠിക്കുന്ന കാലത്തേ എഴുത്തുണ്ടായിരുന്നോ?
നീ എങ്ങോട്ട്, ദാമ്പത്യ വിജ്ഞാന സംഗ്രഹം, മൂന്നു വര്‍ഷത്തെ ദീര്‍ഘനിദ്ര, മഖ്ബറയിലെ ആചാരങ്ങള്‍ തെറ്റും ശരിയും, ലോക ഗുരു തുടങ്ങിയ ചില കൊച്ചുകൃതികള്‍ വിദ്യാര്‍ഥികാലത്ത് എഴുതിയിരുന്നു. പ്രാദേശിക സംഘടനകളായിരുന്നു അവ പ്രസിദ്ധീകരിച്ചിരുന്നത്. അവയൊന്നും ഇപ്പോള്‍ നിലവിലില്ല. ഔപചാരിക വിദ്യാര്‍ഥി ജീവിതത്തിന്റെ സായാഹ്നത്തിലാണ് പ്രധാനപ്പെട്ട രചനകളൊക്കെ തുടങ്ങിയത്. 1978 ല്‍ പ്രസിദ്ധീകരിച്ച അന്ത്യപ്രവാചകരുടെ പ്രവനങ്ങള്‍ എന്ന പുസ്തകമാണ് ആദ്യ പ്രധാന ഗ്രന്ഥം.
ഭാഷാപരമായ മികവിന് കൂടുതല്‍ സഹായകമായ ഘടകം എന്തായിരുന്നു?
ഏറിയകൂറും വായനതന്നെയാണ് ഭാഷാപരമായി കൂടുതല്‍ മികവുണ്ടാക്കാന്‍ സഹായിച്ചത്. അറബിയിലും മലയാളത്തിലുമുള്ള വായനകള്‍ നന്നായി നടന്നിട്ടുണ്ട്.
അറബി എഴുത്ത് ഉദ്ദേശിക്കുന്നവര്‍ക്ക് നിര്‍ദേശിക്കാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്?
ഒന്ന്: അറബി ഭാഷയിലും വ്യാകരണത്തിലും പ്രാവീണ്യം നേടിയിരിക്കണം. രണ്ട്: ഏതു വിഷയത്തിലാണോ ഉപന്യസിക്കുന്നത് തദ്വിഷയകമായുള്ള ആധികാരിക സ്രോതസ്സുകള്‍ ശേഖരിക്കണം. മൂന്ന്: നന്നായി വായിച്ച് ആവശ്യമായ പോയിന്റുകള്‍ (പ്രധാന വിവരങ്ങള്‍, വാദമുഖങ്ങള്‍) കുറിച്ചെടുക്കണം. നാല്: ക്രമീകൃത വിവരങ്ങള്‍ ഖണ്ഡിക തിരിച്ച് വിപുലീകരിക്കണം. അഞ്ച്: പ്രധാന വാദങ്ങളും ജ്ഞാനങ്ങളും ആവശ്യമായ പ്രമാണങ്ങളും എതിര്‍പ്രമാണങ്ങള്‍ക്കുള്ള മറുപടികളും ചേര്‍ത്ത് സമര്‍ഥിക്കുക.
അറബി ഭാഷയില്‍ കഴിവ് നേടാനുള്ള വഴി?
പ്രശസ്ത സാഹിത്യകാരന്മാരുടെ ഗദ്യ പദ്യ രചനകള്‍ നിരന്തരമായി വായിക്കണം. നിരന്തര വായനയിലൂടെയാണ് സാന്ദര്‍ഭികമായ പദപ്രയോഗങ്ങളും ശൈലികളും വശപ്പെടുത്താന്‍ സാധിക്കുക. സന്ദര്‍ഭോചിതമായ പദങ്ങളും ശൈലികളും നാക്കില്‍നിന്നും പേനയില്‍നിന്നും യാന്ത്രികമായി നിര്‍ഗളിക്കുംവിധം ഭാഷയുമായി ഇഴുകിച്ചേരണം.
പ്രാചീനരും അപ്രാചീനരുമായ അറബി സാഹിത്യകാരന്മാരുടെ കൃതികള്‍ ഒഴിവാക്കരുത്. അജ്ഞാനകാല കവികളുടെ മുഅല്ലഖകള്‍, കഅ്ബുബ്‌നു സുഹൈര്‍, ഹസ്സാനുബ്‌നു സാബിത്, അലിയ്യുബ്‌നു അബീത്വാലിബ്(റ) തുടങ്ങിയ സ്വഹാബി കവികളുടെ കവിതകള്‍, ജരീര്‍, ഫറസ്ദഖ്, അബൂതമാം എന്നിവരുടെ ദീവാനുകള്‍, ഇബ്‌നുല്‍ മുഖഫ്ഫഇന്റെ കലീല വ ദിംന, ഹരീരി, ഹമദാനി തുടങ്ങിയവരുടെ മഖാമാത്തുകള്‍ ഇത്യാദി പ്രാചീന സാഹിത്യ ഗ്രന്ഥങ്ങളും മുസ്തഫാ ലുത്ഫില്‍ മന്‍ഫലൂത്തി, അഹ്മദ് ശൗഖി, കാമില്‍ കൈലാനി, ഡോ. മുസ്തഫ സബാഇ, ഡോ. ത്വാഹാ ഹുസൈന്‍, അബുല്‍ഹസന്‍ അലി നദ്‌വി, നജീബ് മഹ്ഫൂള് തുടങ്ങി ആധുനിക സാഹിത്യകാരന്മാരുടെയും പണ്ഡിതന്മാരുടെയും കൃതികളും വായിച്ചിരിക്കണം. പുറമെ ആനുകാലിക പ്രസിദ്ധീകരണങ്ങളും കൂടി വായിക്കണം.
മലയാള സാഹിത്യങ്ങള്‍ വായിക്കാറുണ്ടായിരുന്നോ?
പുസ്തകങ്ങള്‍, ആനുകാലികങ്ങള്‍, നോവലുകള്‍ എന്നിവ ഒരു കാലത്ത് നന്നായി വായിച്ചിട്ടുണ്ട്. കുറച്ചായി മലയാള വായന കുറവാണ്.
പാഠപുസ്തക രചനാരംഗത്ത് പ്രവേശിച്ചത് എപ്പോഴാണ്?
വടക്കേക്കാട് ഐ സി എ കോളജ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടതനുസരിച്ച് രചിച്ച ഇസ്‌ലാമിക റീഡര്‍(അല്‍ഖിറാഅത്തുല്‍ഇസ്‌ലാമിയ്യ) ആണ് ഒന്നാമത്തെ പാഠപുസതകം. അന്ന് അവിടെ ഇസ്‌ലാമിക വകുപ്പിന്റെ തലവനായി സേവനമനുഷ്ഠിച്ചിരുന്ന പി എം കെ ഫൈസിയും സ്ഥാപനത്തിന്റെ പ്രസിഡന്റ് കുഞ്ഞുമോന്‍ ഹാജിയും നേരില്‍ വന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് അത് നിര്‍വഹിച്ചത്. ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള മലയാള പുസ്തകങ്ങള്‍ പി എം കെ ഫൈസി എഴുതി. ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള റീഡറുകള്‍ അറബി ഭാഷയില്‍ ഞാനുമെഴുതി. ഓരോ ക്ലാസിലേക്കും ഇസ്‌ലാമിക്‌സിന് ഒരു പാഠപുസ്തകം എന്ന രീതിയാണ് സ്വീകരിച്ചത്. പദ്യ ഗദ്യ സമ്മിശ്രമായ ഈ ലളിത പാഠപുസ്തകത്തില്‍ ഓരോ ക്ലാസിലും എല്ലാ വിഷയങ്ങളും കുട്ടികളുടെ പ്രായത്തിനനുസരിച്ച് ചേര്‍ത്തിട്ടുണ്ട്. 1988ലാണ് ഈ രചന വരുന്നത്. പിന്നീടാണ് സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ പാഠപുസ്തകങ്ങള്‍ എഴുതാന്‍ അവസരം ലഭിക്കുന്നത്.
അറബി ഗ്രന്ഥങ്ങളില്‍ കൂടുതല്‍ പഠിതാക്കളുള്ളത് ഖുലാസക്കാണ്. ആ രചനക്ക് പ്രത്യേക പ്രചോദനം ഉണ്ടായിട്ടുണ്ടോ? എത്ര പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്?
ഫിഖ്ഹില്‍ ‘ഫത്ഹുല്‍മുഈനി’ന് മുമ്പ് ലളിതവും സമഗ്രവുമായ ഒരു ഗ്രന്ഥം ആവശ്യമാണെന്ന അഭിപ്രായം നേരത്തെ ഉണ്ട്. പഠന കാലത്തുതന്നെ അത്തരമൊന്നിന്റെ അഭാവം അനുഭവപ്പെട്ടിട്ടുണ്ട്. ഈ വിടവ് നികത്താനാണ് ഖുലാസ രചിച്ചിട്ടുള്ളത്. അത് സ്വാഭാവികമായും പ്രചുരപ്രചാരം നേടി. അല്ലാഹുവിന് സ്തുതി; അറുപതിലധികം പതിപ്പുകള്‍ ഇതിനകം ഇറങ്ങിയിട്ടുണ്ട്.
അതിനെക്കുറിച്ച് പണ്ഡിതാഭിപ്രായങ്ങളോ നിരൂപണങ്ങളോ ഉണ്ടായിട്ടുണ്ടോ?
ഫിഖ്ഹ് ഗ്രന്ഥമെന്ന നിലക്ക് അതില്‍ സൂക്ഷ്മ പരിശോധന നടന്നിട്ടുണ്ട്. സുല്‍ത്താനുല്‍ഉലമ കാന്തപുരം ഉസ്താദ്, ചെറുശ്ശോല കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, പി എ അബ്ദുല്ല മുസ്‌ലിയാര്‍ മട്ടന്നൂര്‍, നൂറുല്‍ഉലമ എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, നിബ്രാസുല്‍ഉലമ എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സൂക്ഷ്മപരിശോധനയില്‍ പങ്കാളികളായിട്ടുണ്ട്.
തിരുനബിയുടെ(സ്വ) ചരിത്രം പഠിക്കാനുദ്ദേശിക്കുന്നയാളെ സംബന്ധിച്ച് ‘സയ്യിദുല്‍ബശര്‍’ വളരെ അനിവാര്യമായ ഗ്രന്ഥമാണ്. അതിന് പ്രധാനമായും അവലംബിച്ച കൃതികള്‍ ഏതൊക്കെ?
സയ്യിദുല്‍ബശറിന്റെ രചനക്ക് പുതിയതും പഴയതുമായ കൃതികള്‍ അവലംബിച്ചിട്ടുണ്ട്. എന്നാല്‍ ആധികാരിക റഫറന്‍സുകള്‍ക്ക് അന്തിമമായി അവലംബിച്ചിട്ടുള്ളത് പ്രാചീനരായിട്ടുള്ള ആധികാരിക പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങള്‍ തന്നെയാണ്. ഇമാം ത്വബ്‌രിയുടെ താരീഖുല്‍ഉമമി വല്‍ മുലൂക്, ഇബ്‌നു ഹിശാമിന്റെ സീറത്തുന്നബി, ഇബ്‌നുല്‍അസീസിന്റെ അല്‍കാമില്‍, ഇബ്‌നു കസീറിന്റെ അല്‍ബിദായത്തുവന്നിഹായ, ഇമാം ഹലബിയുടെ ഇന്‍സാനുല്‍ഉയൂന്‍, ഖസ്ത്വല്ലാനിയുടെ അല്‍ മവാഹിബുല്ലദുന്നിയ്യ, അല്ലാമാ സംഹൂദിയുടെ വഫാഉല്‍വഫാ ആദിയായ ഗ്രന്ഥങ്ങള്‍. പുതിയ രീതി മനസ്സിലാക്കുന്നതിന് പുതിയ രചയിതാക്കളുടെ കൃതികള്‍ വായിച്ചിട്ടുണ്ട്.
സീറ വായിക്കുന്നയാള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം?
ചരിത്ര ഗ്രന്ഥങ്ങളില്‍ പ്രബലവും ദുര്‍ബലവുമായ പരാമര്‍ശങ്ങളുണ്ടാകും. പരസ്പര വിരുദ്ധങ്ങളായ ഉദ്ധരണികളുമുണ്ടാകും. നെല്ലും പതിരും വേര്‍തിരിക്കണം. ത്വബ്‌രിയുടെ താരീഖിലും മറ്റും ദുര്‍ബലവും പരസ്പര വിരുദ്ധവുമായ ഉദ്ധരണികള്‍ കണ്ടെന്നുവരും. സനദു സഹിതമാണ് അവ രേഖപ്പെടുത്തിയിട്ടുണ്ടാവുക. സനദിന്റെ ബലാബല പരിശോധന അനുവാചകര്‍ക്ക് വിടുകയാണവര്‍ ചെയ്തിട്ടുള്ളത്. ഇതൊക്കെ സനദു പരിശോധിച്ച് പ്രബല ചരിത്രകാരന്മാരുടെ അഭിപ്രായമാരാഞ്ഞ ശേഷം മാത്രമേ അവലംബിക്കാന്‍ പറ്റൂ.
ആധുനിക ചരിത്രകാരന്മാരില്‍ മതനവീകരണവാദികളും മോഡേണിസ്റ്റുകളുമുണ്ട്. അവരുടെ ചരിത്ര വീക്ഷണങ്ങള്‍ പലപ്പോഴും നമ്മുടെ വിശ്വാസ പ്രമാണങ്ങളുമായും കര്‍മശാസ്ത്ര വീക്ഷണങ്ങളുമായും പൊരുത്തപ്പെടാതെ വരും. വളരെ ശ്രദ്ധാപൂര്‍വം മാത്രമേ അത്തരം ഗ്രന്ഥങ്ങള്‍ കൈകാര്യം ചെയ്യാവൂ. മറ്റൊരു ശ്രദ്ധേയമായ കാര്യം, തിരുനബിയുടെ ശിഷ്യന്മാരെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ്. സുന്നി വിരുദ്ധരായ പലരും ഇക്കാര്യത്തില്‍ സൂക്ഷ്മത പുലര്‍ത്തിയിട്ടില്ല. അപൂര്‍വം ചില സുന്നി ചരിത്രകാരന്മാരും തിരുനബിയുടെ ശിഷ്യന്മാരെ നിരൂപിക്കുകയോ വിമര്‍ശിക്കുകയോ ചെയ്തിട്ടുണ്ട്. ഇത് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയുടെ സമീപനത്തിന് വിരുദ്ധമാണ്. അക്കാര്യത്തിലും ശ്രദ്ധകൊടുത്ത് വഞ്ചിതരാകാതെ നോക്കണം.
ഓറിയന്റലിസ്റ്റുകളുടെ നബി വായനയെക്കുറിച്ച്, ചരിത്ര നിര്‍മാണത്തെപ്പറ്റിയുള്ള കാഴ്ചപ്പാട് എന്താണ്? നാം എങ്ങനെയാണ് കാട്ടേണ്ടത്?
ഓറിയന്റലിസ്റ്റുകളുടെ ഇസ്‌ലാമിക പഠനവും ഇസ്‌ലാമിക ചരിത്രപഠനവും ദുരുദ്ദേശപരമാണ്. എന്നിരുന്നാലും അവരുടെ കൃതികളില്‍ കൊള്ളാവുന്ന പല ഭാഗങ്ങളുമുണ്ട്. ചില ഓറിയന്റലിസ്റ്റുകള്‍ അറബി ഭാഷക്കും ഭാഷാചരിത്രത്തിനും കനത്ത സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് ജോര്‍ജ് സൈദാന്‍. അദ്ദേഹത്തിന്റെ പല കൃതികളും വിമര്‍ശന വിധേയങ്ങളാണെങ്കിലും അദ്ദേഹത്തിന്റെ അറബി സാഹിത്യ ചരിത്രം(താരീഖു ആദാബില്ലുഗത്തില്‍ അറബിയ്യ) എന്ന ഗ്രന്ഥം പ്രസ്തുത വിഷയത്തില്‍ അതുല്യമാണ്. അറബി ഭാഷാ സാഹിത്യചരിത്രത്തിലെ പ്രഥമ ഗ്രന്ഥമാണത്. എന്നാലും അതില്‍ ഒളിയിടങ്ങള്‍ ഉണ്ടാവും. വായനക്കാര്‍ ജാഗ്രത പാലിക്കണം.
ഇപ്പോള്‍ എത്ര പുസ്തകങ്ങള്‍ രചിച്ചുകാണും?
നൂറിലധികം പുസ്തകങ്ങളുണ്ട്. അവ റൗണ്ട് ചെയ്ത് നൂറാക്കി പരിഗണിച്ചുകൊണ്ടാണ് ‘അല്‍ഇസ്‌ലാം’ എന്ന പുതിയ ഗ്രന്ഥത്തെ നൂറാമത് ഗ്രന്ഥമായി അവതരിപ്പിക്കുന്നത്.
അറബി രചനകളാണോ കൂടുതല്‍?
അറബി രചനകളാണ് കൂടുതല്‍; 68 എണ്ണം. ബാക്കി 32 എണ്ണം മലയാള പുസ്തകങ്ങളുമാണ്.
അറബിയില്‍ ഏറ്റവും വലുതും ശ്രദ്ധേയവുമായത് തയ്‌സീറുല്‍ജലാലയ്‌നിയാണെന്ന് തോന്നുന്നു. സ്വതന്ത്രമായൊരു തഫ്‌സീര്‍(ഖുര്‍ആന്‍ വ്യാഖ്യാനം) രചനക്ക് നില്‍ക്കാതെ തയ്‌സീര്‍(Simplification) ഇറക്കാന്‍ കാരണമെന്തായിരുന്നു?
വലുതും ശ്രദ്ധേയവും തയ്‌സീര്‍ തന്നെ. നമ്മുടെ പൂര്‍വികരില്‍ അധികപേരും സ്വീകരിച്ച് വരുന്ന ഒരു രീതിയാണിത്. അവരുടെ മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളെ ഉപജീവിച്ചുകൊണ്ട് അതിന് വ്യാഖ്യാനങ്ങളോ വ്യാഖ്യാന വ്യാഖ്യാനങ്ങളോ സംക്ഷേപങ്ങളോ സംക്ഷേപ സംക്ഷേപങ്ങളോ രചിക്കുകയായിരുന്നു അവര്‍. അതിന് പ്രത്യേകമായൊരു അനുഗ്രഹമുണ്ട്- ബറകത്. അങ്ങനെ ആ വഴിക്കിറങ്ങി.
ജലാലയ്‌നിയില്‍ ഇസ്‌റാഈലി കെട്ടുകഥകള്‍ (ഇസ്‌റാഈലിയ്യത്) ഉണ്ട് എന്നൊരു വീക്ഷണമുണ്ടല്ലോ?
അത് കെട്ടുകഥകള്‍ എന്ന നിലയില്‍ ചേര്‍ത്തതല്ല. മറ്റു ചിലരുടെ ഉദ്ധരണികളെ അവലംബിച്ചപ്പോള്‍ വന്നുപോയ ചില ദുര്‍ബല പ്രസ്താവനകളാണ്. അത്തരം കാര്യങ്ങള്‍ ജലാലയ്‌നിയില്‍ അത്യപൂര്‍വങ്ങളാണ്. വ്യാഖ്യാതാക്കള്‍ ഇക്കാര്യം ഉണര്‍ത്തുകയും തിരുത്തുകയും ചെയ്തിട്ടുണ്ട്. പഠിതാക്കള്‍ക്ക് ഗുരുനാഥന്മാര്‍ അത് ഉണര്‍ത്തിക്കൊടുത്ത് പോരുന്നുണ്ട്. അതുകൊണ്ട് കാര്യമായ അപകടങ്ങളൊന്നുമില്ല. അതിന്റെ പേരില്‍ ജലാലയ്‌നിയെ തള്ളിപ്പറയുകയോ അവഗണിക്കുകയോ ചെയ്യാവതല്ല.
ഇമാം സുബ്കി പറഞ്ഞത് ഇക്കാര്യത്തില്‍ ശ്രദ്ധേയമാണ്. രചയിതാവിന്ന് അബദ്ധമോ മറവിയോ സംഭവിച്ചിട്ടുള്ള ഗ്രന്ഥങ്ങള്‍ ഉപേക്ഷിക്കാനൊരുമ്പെട്ടാല്‍ വിജ്ഞാനത്തിന്റെ മാര്‍ഗം തന്നെ നമുക്ക് ഇടുങ്ങിപ്പോകും. നമ്മുടെ വിജ്ഞാന സ്രോതസ്സുകള്‍ ചുരുങ്ങും. വലിയ പ്രതിഭകളുടെ യോഗ്യതകള്‍ നിരാകരിക്കേണ്ടിവരും. അസംഖ്യം നന്മകള്‍ നഷ്ടപ്പെടും.
ഇമാം സുബ്കി ഇത് എവിടെയാണ് പ്രസ്താവിച്ചത്?
അദ്ദേഹത്തിന്റെ ത്വബഖാത്ത് എന്ന കൃതിയില്‍ ഒമ്പതാം വാള്യത്തിലാണെന്നാണ് ഓര്‍മ. മഹാന്മാര്‍ക്കു പിണഞ്ഞ പല അബദ്ധങ്ങളുടെയും ഉദാഹരണങ്ങള്‍ അദ്ദേഹം അവിടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പല ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുണ്ടെങ്കിലും ദര്‍സുകളില്‍ ജലാലയ്‌നി സ്വീകരിക്കാനുള്ള കാരണം?
ഒന്നാമത്തെ കാരണം, ജലാലയ്‌നിയോളം ലളിതവും സംക്ഷിപ്തവും ആധികാരികവുമായ മറ്റൊരു തഫ്‌സീര്‍ ലഭ്യമല്ല. രണ്ട്: അതിന്റെ രചയിതാക്കളായ ജലാലുദ്ദീനുല്‍മഹല്ലി, ജലാലുദ്ദീനിസ്സുയൂഥ്വി എന്നിവര്‍ സര്‍വാംഗീകൃത പണ്ഡിതരും ശാഫിഈ മദ്ഹബുകാരുമാണ്. ഫിഖ്ഹീ വീക്ഷണത്തില്‍ കേരളീയരോട് യോജിക്കുന്നവരാണ്.
ചിലരൊക്കെ തഫ്‌സീറുല്‍ ജലാലയ്‌നിക്ക് പകരം ‘മദാരിക്’ ആക്കണമെന്ന് അഭിപ്രായം പറയുന്നുണ്ട്?
അതു ശരിയല്ല. കാരണങ്ങളുണ്ട്; ഒന്ന്, മദാരിക് ഇമാം നസഫിയുടേതാണ്. നസഫി ഫിഖ്ഹി വീക്ഷണത്തില്‍ നമ്മുടേതുമായി യോജിക്കുന്നില്ല. രണ്ട്, ജലാലയ്‌നിക്കുള്ളതുപോലെ സംശയനിവാരണത്തിന് വ്യാഖ്യാനങ്ങളോ വ്യാഖ്യാന വ്യാഖ്യാനങ്ങളോ മദാരികിന് ലഭ്യമല്ല. ഇത് അധ്യയനത്തെയും അധ്യാപനത്തെയും സാരമായി ബാധിക്കും. മൂന്ന്, ജലാലയ്‌നിയെ പോലെ ലളിതമോ സംക്ഷിപ്തമോ അല്ല.
ഫിഖ്ഹാണ് അങ്ങയുടെ ഇഷ്ടമേഖല എന്ന് തോന്നുന്നു?
എല്ലാ മേഖലയും ഇഷ്ടമാണ്. പ്രത്യേക താല്‍പര്യം എന്നൊന്നില്ല. എന്നിരുന്നാലും മലയാളത്തിലും അറബിയിലും കൂടി നോക്കുമ്പോള്‍ കൂടുതല്‍ ഫിഖ്ഹ് കൃതികള്‍ കാണാം. ഇപ്പോള്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നത് തഫ്‌സീറിലാണ്.
രചനകളില്‍ ഫിഖ്ഹിനെ സമകാലിക പ്രശ്‌നങ്ങള്‍ മുന്‍നിറുത്തി ചര്‍ച്ച ചെയ്യുന്ന വല്ലതുമുണ്ടോ?
‘ജനിതക ശാസ്ത്രത്തിന്റെ ഇന്ദ്രജാലം’ എന്ന കൃതി ആ രീതിയിലുള്ളതാണ്. അതില്‍ ക്ലോണിംഗ്, സയാമീസ് ഇരട്ടകള്‍, ടെസ്റ്റ് ട്യൂബ് ശിശു, പ്ലാസ്റ്റിക് സര്‍ജറി, അവയവമാറ്റം, ലിംഗമാറ്റം, രക്തബാങ്ക് തുടങ്ങിയ കാര്യങ്ങളെ ശാഫിഈ കര്‍മശാസ്ത്രത്തിന്റെ വീക്ഷണത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.
കൃതികളില്‍ ചരിത്രം കൂടുതല്‍ ശ്രദ്ധിച്ചതായി കാണുന്നു. ചരിത്രത്തിലെ പ്രധാന കൃതികള്‍ ഏതെല്ലാമാണ്?
അബുല്‍ബശര്‍, സയ്യിദുല്‍ബശര്‍, അല്‍ഖിലാഫത്തുല്‍റാശിദ, അല്‍ഖിലാഫത്തുല്‍ ഉമവിയ്യ, താരീഖുല്‍ ആലമില്‍ ഇസ്‌ലാമി എന്നിവ ചരിത്ര കൃതികളാണ്. ജീവചരിത്രത്തില്‍ ഖലീലുല്ലാഹി ഇബ്‌റാഹീം(അ), ഉമറുബ്‌നു അബ്ദില്‍അസീസ്, ഖുതുബുല്‍ അഖ്താബ്, ഇമാം ശാഫിഈ, ഇമാം ബുഖാരി, ഇബ്‌റാഹീം ഇബ്‌നു അദ്ഹം, നഫീസത്തുല്‍ മിസ്‌രിയ്യ(റ) എന്നിവയുമുണ്ട്.
നിത്യജീവിതത്തില്‍ രചനയ്ക്ക് പ്രത്യേക സമയക്രമമുണ്ടോ?
അങ്ങനെയൊന്നുമില്ല. കിട്ടുന്ന ഒഴിവുസമയങ്ങളെല്ലാം ഉപയോഗപ്പെടുത്തും. അധികവും രാത്രി സമയങ്ങളിലാണ് നടക്കാറുള്ളത്.
എഴുത്തിന് ടൈപ്പിംഗ് ആണോ അതോ പേനയാണോ ഉപയോഗിക്കുക?
പേനകൊണ്ട് എഴുതുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. നെറ്റ്‌വര്‍ക്ക് സൗകര്യമോ പി ഡി എഫ് ഗ്രന്ഥങ്ങളോ അവലംബിക്കാറുമില്ല. അച്ചടി ഗ്രന്ഥങ്ങളില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ സ്വീകരിക്കുകയാണ് ചെയ്യാറുള്ളത്.
പ്രൂഫ് റീഡിംഗ്?
ടൈപ്പിംഗ് കഴിഞ്ഞാല്‍ ഞാന്‍ തന്നെ വായിച്ച് ശരിവരുത്തും.
അന്താരാഷ്ട്ര തലത്തില്‍ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
‘അബുല്‍ബശര്‍’ എന്ന ഗ്രന്ഥം ആദ്യമായി പ്രസിദ്ധീകരിച്ചത് ദുബൈ ഔഖാഫ് ആയിരുന്നു. അത് സുല്‍ത്താനുല്‍ഉലമയുടെ ശിപാര്‍ശയിലായിരുന്നു. ഈജിപ്തിലെ ദാറുല്‍ബസാഇര്‍ എന്ന പ്രസിദ്ധീകരണാലയം നാലഞ്ചു ഗ്രന്ഥങ്ങള്‍ ഏറ്റെടുത്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബൈറൂത്തിലെ ദാറുല്‍ കുതുബില്‍ ഇല്‍മിയ്യ എന്ന പ്രശസ്ത പ്രസിദ്ധീകരണാലയം മൂന്ന് ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. അവയില്‍ ‘സഹാബുസ്സുലാല്‍’ എന്ന ഗ്രന്ഥത്തിന്റെ അച്ചടി അവിടെ നടന്നുകൊണ്ടിരിക്കുകയാണ്.
പുതിയ ഗ്രന്ഥമാണല്ലോ ‘അല്‍ഇസ്‌ലാം’. അതിന്റെ ഉള്ളടക്കമെന്താണ്?
ഇസ്‌ലാമിന്റെ സൗന്ദര്യം ലളിതമായി പഠിതാക്കള്‍ക്ക് പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് അല്‍ഇസ്‌ലാം എന്ന കൃതിയുടെ രചന തുടങ്ങിയിട്ടുള്ളത്. ഇസ്‌ലാം പ്രകൃതിയുടെ മതം, നീതിയുടെ മതം, വിജ്ഞാനത്തിന്റെ മതം, സഹിഷ്ണുതയുടെ മതം, കാരുണ്യത്തിന്റെ മതം, സാഹോദര്യത്തിന്റെ മതം, മിതത്വത്തിന്റെ മതം, സാര്‍വ ലൗകിക മതം എന്നിവയാണ് പ്രധാന ശീര്‍ഷകങ്ങള്‍. ഇസ്‌ലാമിനെ പ്രാകൃതവും സങ്കുചിതവും വര്‍ഗീയവും ഭീകരവുമായി കാണുന്നവര്‍ക്കുള്ള സംശയദൂരീകരണത്തിന്ന് കൂടിയാണ് ഈ കൃതി.
പുതിയ കാലത്ത് ഇസ്‌ലാമില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് വര്‍ധിച്ചുവരികയാണ്. എന്തുകാണ്ടാണിത്?
അടിസ്ഥാനപരമായി, വിശ്വാസ കാര്യങ്ങള്‍ വേണ്ടപോലെ ഉള്‍ക്കൊള്ളാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. തുടക്കത്തിലേ വിദ്യാര്‍ഥികള്‍ക്ക് ഇസ്‌ലാമിന്റെ തത്വങ്ങള്‍ ലളിതമായി പഠിപ്പിക്കണം. രണ്ടാമതായി അതിന്റെ പ്രമാണങ്ങളും മൂന്നാമതായി എതിര്‍ പ്രമാണങ്ങള്‍ക്കുള്ള ഖണ്ഡനങ്ങളും പഠിപ്പിക്കണം. ഈ രീതിയിലാണ് വിശ്വാസ ശാസ്ത്രം പഠിപ്പിക്കേണ്ടത്. തവസ്സുല്‍, ഇസ്തിഗാസ എന്നിവയ്ക്ക് തെളിവ് പഠിക്കുന്നു എന്നതിനപ്പുറം കാര്യങ്ങള്‍ നടക്കണം. ദൈവാസ്തിക്യം, പ്രവാചകത്വം, പരലോകം എന്നിവ യുക്തിപരമായും പ്രാമാണികമായും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അത് വേണ്ടത്ര സാര്‍വത്രികമാക്കാത്തതു കൊണ്ടാണ് പുതിയ തലമുറക്ക് ഒരു പിടുത്തം കിട്ടാതെ വരുന്നത്.
ലിബറല്‍ ചിന്താഗതി, യുക്തിവാദത്തിന്റെ വ്യാപനം, സോഷ്യല്‍മീഡിയ ഇവയൊക്കെ അതിന് കാരണമാകുന്നില്ലേ?
സോഷ്യല്‍ മീഡിയയുടെ വ്യാപനത്തിലൂടെ ആയാല്‍പോലും വ്യതിചലിക്കുന്നത് ആശയമുറക്കാത്ത ചിന്താഗതിക്കാരാണ്. അടിസ്ഥാനപരമായി നേരത്തെ പറഞ്ഞവിധത്തില്‍ വേരുറപ്പിച്ചവര്‍ക്ക് ഏത് കാലഘട്ടത്തിലെയും ഏത് പ്രാതികൂല്യങ്ങളെയും തരണം ചെയ്യാന്‍ സാധിക്കും. പുതിയ തലമുറയെ ഇത്തരത്തില്‍ വാര്‍ത്തെടുക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.
ആ രീതിയുടെ പിന്നാലെ നാം പോകാന്‍ പാടില്ല. ശിക്ഷാപരമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെ നാം ആദ്യമായി ക്ഷണിക്കേണ്ടത് മൗലികമായ കാര്യങ്ങളിലേക്കാണ്. ദൈവത്തെ അംഗീകരിക്കാത്തവന് മതമില്ലല്ലോ. ദൈവാസ്തിക്യത്തിലാണ് നാം ആദ്യമായി സംവദിക്കേണ്ടത്. പിന്നീട് പ്രവാചകത്വമാണ്. അത് രണ്ടും കഴിഞ്ഞാല്‍ പ്രവാചകന്‍ കൊണ്ടുവന്ന വ്യവസ്ഥിതി ദൈവികമാണ് എന്ന് മനസ്സിലാക്കാനുള്ള വഴികാണണം. പിന്നീട് ചോദ്യവും തര്‍ക്കവുമില്ല. ഇതില്ലാതെ ശിക്ഷാനടപടികള്‍ പോലെ മതത്തിന്റെ ശാഖാപരമായ കാര്യങ്ങളെക്കുറിച്ച് വിമര്‍ശനമുന്നയിക്കുന്നവന്റെ പിന്നാലെ നാം പോവുന്നത് വൃഥാവേലയാണ്. അത്തരക്കാര്‍ സ്രഷ്ടാവിന്റെ വിവരത്തെക്കാള്‍ സ്വന്തം വിവരത്തെയും അവന്റെ യുക്തിയെക്കാള്‍ സ്വയുക്തിയെയും വലുതായിക്കാണുന്നവരാണ്. അവരെക്കാള്‍ വിവരവും യുക്തിയുമുള്ള, അവരെ ഭരിക്കാന്‍ അധികാരമുള്ള, നിയമ നിര്‍മാണത്തിന്റെ സാക്ഷാല്‍ അവകാശിയായ ഒരു സ്രഷ്ടാവ് ഉണ്ടെന്നും അവനാരാണെന്നും അവരെ ആദ്യമായി ബോധ്യപ്പെടുത്തുകയാണ് പരിഹാരം. അല്ലാത്ത പക്ഷം ഏതൊരു ശാഖാപരമായ വാദമുഖങ്ങള്‍ക്കും നാം മറുപടി പറയുമ്പോള്‍ അവര്‍ മറ്റൊരു വാദമുഖത്തിലേക്ക് നീങ്ങും. ഇസ്‌ലാമിലെ ശിക്ഷാനിയമങ്ങള്‍ സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്ക് നല്ല മറുപടികള്‍ മുസ്‌ലിം ധിഷണാശാലികള്‍ കൊടുത്തുകഴിഞ്ഞതാണ്. പലരും ഇവ്വിഷയകമായി ഗ്രന്ഥങ്ങള്‍ തന്നെ എഴുതിയിട്ടുണ്ട്. ഇതൊന്നും വകവെക്കാതെ ആരോപണങ്ങള്‍ തുടരുകയാണ്. അടിസ്ഥാനപരമായി നേരത്തെ നാം പറഞ്ഞ വിധത്തില്‍ കാര്യങ്ങള്‍ അരക്കിട്ടുറപ്പിക്കാത്തതുകൊണ്ടാണത്. സര്‍വതന്ത്ര സ്വതന്ത്രവാദികള്‍ക്ക് എന്തിലും ഏതിലും എങ്ങനെയുമാകാമല്ലോ.
പഴയ കാലത്ത് നാസ്തികരെയും നൂതനാശയക്കാരെയും നേരിടാന്‍ മന്‍ത്വിഖും(ന്യായശാസ്ത്രം) ഇല്‍മുല്‍കലാമും(ദൈവശാസ്ത്രം) ഉപയോഗിച്ചിരുന്നു. ആധുനിക നാസ്തികരെ നേരിടാന്‍ എന്തുമാര്‍ഗമാണ് സ്വീകരിക്കേണ്ടത്?
മന്‍ത്വിഖും ഇല്‍മുല്‍കലാമും ഒരളവോളം എക്കാലത്തേക്കും പ്രായോഗികമാണ്. പക്ഷേ ആധുനിക നാസ്തികരെ നേരിടാന്‍ അതു മാത്രം മതിയാകില്ല. അതതു കാലത്തെ ഇസ്‌ലാമിക വിരുദ്ധരെ നേരിടാന്‍ പൂര്‍വകാല പണ്ഡിതന്മാര്‍ എതിര്‍വാദക്കാരുപയോഗിച്ച അതേ ആയുധങ്ങള്‍ തന്നെ ഉപയോഗിച്ചതായി കാണാം. ഉദാഹരണമായി വഴി തെറ്റിയ ദാര്‍ശനികരെ നേരിടാന്‍ ഇമാം ഗസ്സാലി(റ) രംഗത്തുവന്നു. ദാര്‍ശനികരെ അവരുടെ ദര്‍ശനശാസ്ത്രം ഉപയോഗിച്ചുകൊണ്ടുതന്നെ അദ്ദേഹം ചെറുത്തുതോല്‍പ്പിക്കുകയുണ്ടായി. അതിനുവേണ്ടി അദ്ദേഹം രചിച്ച ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രസിദ്ധമാണ് ‘തഹാഫുതുല്‍ഫലാസിഫ’. നാസ്തികരെ നേരിടുന്ന ഇസ്‌ലാമിക പ്രബോധകര്‍ അവരുടെ വാദമുഖങ്ങളെയും തെളിവുകളെയും കുറിച്ച് നന്നായി പഠിക്കണം. ഏതൊരു യുക്തിയും ശാസ്ത്രവുമുപയോഗിച്ചാണോ അവര്‍ മതത്തെ വിമര്‍ശിക്കുന്നത് അതേ ആയുധം ഉപയോഗിച്ചുകൊണ്ട് തന്നെ അവരെ നേരിടാന്‍ ശ്രമിക്കണം. പുതിയ തെളിവുകളും പ്രമാണങ്ങളും അതിനു പിന്‍ബലമായി ഉപയോഗിക്കുകയും ചെയ്യണം.
പുതിയ സാഹചര്യത്തില്‍ ശാസ്ത്രപഠനം മതവിദ്യാര്‍ഥികള്‍ക്ക് അനിവാര്യമല്ലേ?
എല്ലാവരും എല്ലാം പഠിക്കേണ്ടതില്ല. എന്നാല്‍ എല്ലാ മേഖലയിലും പ്രാവീണ്യമുള്ളവര്‍ സമൂഹത്തില്‍ ഉണ്ടാവണം. അത് സാമൂഹിക ബാധ്യതയാണ്. അക്കൂട്ടത്തില്‍ സയന്റിസ്റ്റുകളും ഉണ്ടാകണം. ഒരുപറ്റം പ്രബോധകര്‍ എല്ലാം പഠിക്കുക, പയറ്റുക എന്നതിന് പകരം പ്രബോധകരെ വകുപ്പ് തിരിച്ച് പഠിപ്പിക്കേണ്ടതുണ്ട്. മതനവീകരണവാദികള്‍, ഓറിയന്റലിസ്റ്റുകള്‍, മോഡേണിസ്റ്റുകള്‍, യുക്തിവാദികള്‍, വര്‍ഗീയവാദികള്‍, ഭീകരവാദികള്‍ തുടങ്ങിയ വിരുദ്ധ ശക്തികളെ ആദര്‍ശപരമായി നേരിടാന്‍ വെവ്വേറെ പ്രബോധകസംഘങ്ങള്‍ തന്നെ വേണം. അവര്‍ക്കാവശ്യമായ വിവരവും പരിശീലനവും നല്‍കണം.
വരാനിരിക്കുന്ന നൂറാമത് പുസ്തകപ്രകാശന പരിപാടിയുടെ രൂപം?
പ്രകാശനം ഒരു പൊതു പരിപാടിയാക്കണമെന്ന് ശിഷ്യ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും താല്‍പര്യം പ്രകടിപ്പിച്ചു. പലവുരു വിസമ്മതിച്ചുവെങ്കിലും അവസാനം അവരുടെ നിര്‍ബന്ധത്തിനു വഴങ്ങേണ്ടിവന്നു. അങ്ങനെ അതിനുള്ള ഒരുക്കമായി. ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹീമുല്‍ബുഖാരി ചെയര്‍മാനും സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ ജനറല്‍ കണ്‍വീനറുമായി ഒരു വിപുലമായ സ്വാഗതസംഘവും രൂപീകരിച്ചു. ഡിസംബര്‍ പതിനാല് ശനിയാഴ്ച വവൈകുന്നേരം 4.30ന് ഫറോക്ക് പേട്ടയില്‍ ഇമാം ഗസ്സാലി നഗറില്‍ പരിപാടി നടത്താന്‍ തീരുമാനമായി. നമ്മുടെ പ്രമുഖ പണ്ഡിതനേതാക്കളെയും മറ്റു ചില സാംസാകിരക നേതാക്കളെയും പരിപാടികളിലേക്ക് ക്ഷണിച്ചു. ‘അല്‍ഖലം കോണ്‍ഫറന്‍സ്’ എന്നാണ് പരിപാടിയുടെ നേര്. ഈ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് സമ്മേളന നഗരിക്ക് സമീപം ദാറുല്‍മആരിഫ് പബ്ലിക്കേഷന്റെ പുസ്തകമേള സംഘടിപ്പിക്കുന്നുണ്ട്. അവിടെ നമ്മുടെ നൂറു ഗ്രന്ഥങ്ങളും ലഭ്യമായിരിക്കും. ബുക്ക് ഫെയറിലേക്ക് ആയിരത്തിലധികം പേരില്‍നിന്ന് മുന്‍കൂട്ടി ബുക്കിംഗ് സ്വീകരിച്ചിട്ടുണ്ട്. അത്രയും പേരോ അവരുടെ പ്രതിനിധികളോ പുസ്തകമേളയില്‍ വന്ന് ഗ്രന്ഥങ്ങള്‍ ഏറ്റുവാങ്ങും.
പ്രാസ്ഥാനിക ധൈഷണികരംഗം സജീവമാക്കാന്‍ എന്തെങ്കിലും നിര്‍ദേശങ്ങള്‍?
ധൈഷണികരംഗം ഇന്ന് ഏറെക്കുറെ സജീവമാണ്. ന്യൂനതകള്‍ പലതുമുണ്ട്. അവസരോചിതമായ വിഭവങ്ങളും ആവശ്യമായ ഇടപെടലുകളും വേണ്ടത്ര ലഭ്യമല്ല. പല വിഷയങ്ങളിലും ആധികാരിക കാലിക കൃതികളുടെ അഭാവം അനുഭവപ്പെടുന്നുണ്ട്. ഈ രംഗത്ത് ഐ പി ബിയുടെ കാല്‍വെയ്പ്പ് ഏറെക്കുറെ ശ്ലാഘനീയമാണ്. എന്നാല്‍ പെട്ടെന്ന് ഈ രംഗത്ത് ഒരു മാറ്റം വരുത്താന്‍ രണ്ടുകാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഒന്ന്: പല കാലങ്ങളിലായി എഴുത്തുകാരും പണ്ഡിതന്മാരും പ്രസിദ്ധീകരിച്ച പല കൃതികളും വെളിച്ചം കാണാതെ കിടക്കുന്നുണ്ട്. പല വീടുകളിലും ലൈബ്രറികളിലുമായി അവ മൃതാവസ്ഥയിലാണ്. സമീപകാലത്ത് രചിച്ച പല വിലപ്പെട്ട ഗ്രന്ഥങ്ങളും ഒറ്റ പ്രതിയോടെ നിലച്ചുപോയിട്ടുണ്ട്. പുതിയ തലമുറയില്‍തന്നെ എഴുതിവെച്ച വിലപ്പെട്ട പല ഗ്രന്ഥങ്ങളും പ്രസാധകരെ കാത്തിരിക്കുന്നുമുണ്ട്. പുതിയതും പഴയതുമായ അറബി മലയാളത്തിലും മലയാളത്തിലുമുള്ള കൃതികളെല്ലാം ഒരേ കേന്ദ്രത്തില്‍ സമാഹരിക്കണം. അതിനു വിപുലമായ പരസ്യങ്ങള്‍ മുഖേന അവകാശികളെയും കൈവശക്കാരെയും കണ്ടെത്തണം. എന്നിട്ട് അവക്ക് ആവശ്യമായ മൊഴിമാറ്റങ്ങളും പരിഷ്‌കരണങ്ങളും കെട്ടിലും മട്ടിലും പുതുമയും വരുത്തി പ്രസിദ്ധീകരിക്കണം. പഴമയുടെ മഹിമ സൂക്ഷിക്കാനും പുതുമയുടെ മേന്മ കൈവരിക്കാനും അതുവഴി സാധിക്കും. മണ്‍മറഞ്ഞ പല മഹാന്മാരുടെയും കൃതികള്‍ വെളിച്ചതുകൊണ്ടുവരാനും അത് സഹായകമാകും.
രണ്ട്: തല്പരരായ പണ്ഡിത തൂലികാകാരന്മാരെ തിരഞ്ഞെടുത്ത് അവരെ മുഴുസമയ എഴുത്തുകാരായി നിയമിക്കണം. എഴുത്തിനു വകുപ്പ് തിരിക്കണം. മുജാഹിദിസം, മൗദൂദിസം, യുക്തിവാദം, വര്‍ഗീയത, തീവ്രവാദം, രാഷ്ട്രീയ നിരൂപണങ്ങള്‍, സാമൂഹിക കാര്യങ്ങള്‍, വിദ്യാഭ്യാസ കാര്യങ്ങള്‍, ധാര്‍മിക നൈതിക കാര്യങ്ങള്‍ എന്നിവക്കൊക്കെ വെവ്വേറെ വിഭാഗങ്ങള്‍ വേണം. പരിമിതമായ ഒരുപറ്റം ആളുകള്‍ അവരുടെ സൗകര്യം പോലെ എല്ലാം എഴുതുക എന്ന നില മാറണം. മുഴുസമയ സേവകരായ എഴുത്തുകാര്‍ക്ക് വിശാലമായ ലൈബ്രറി സൗകര്യങ്ങളും സ്വന്തമായ താമസ, വാഹന സൗകര്യങ്ങളും ആകര്‍ഷകമായ വേതനവും നല്‍കണം. ഏതൊക്കെ രംഗങ്ങളിലാണോ ധൈഷണിക ദാരിദ്ര്യം അനുഭവപ്പെടുന്നത് ആ രംഗങ്ങളിലൊക്കെ ഇവരുടെ സേവനം ഉപയോഗപ്പെടുത്തണം. ഈ രണ്ട് നടപടികളും സത്വരം സ്വീകരിക്കാന്‍ ഇന്നു പ്രസാധന രംഗം കൈകാര്യം ചെയ്യുന്നവര്‍ മുമ്പോട്ടുവന്നാല്‍ സാഹിത്യ രംഗം ധന്യമാകും.
തയാറാക്കിയത്: ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി
Informative Interview…