രാജ്യത്തിന്റെ വിഭജനം ചര്‍ച്ച ചെയ്യപ്പെടുന്നത് മുസ്‌ലിംകള്‍ ഇഷ്ടപ്പെടാറില്ല. വിഭജനത്തിന്റെ പാപഭാരം തങ്ങളുടെ ശിരസ്സില്‍ കെട്ടിവെക്കപ്പെടുമോ എന്ന ഭയം തന്നെ കാരണം. പോയകാലത്തിന്റെ ആകുലതകളും ആസുരതകളും കണ്ടില്ലെന്ന് നടിക്കുന്നത് ഒരുതരം ഒളിച്ചോട്ടമാണ്. ഭാവിഭാഗധേയം കരുപ്പിടിപ്പിക്കുന്നിടത്ത് വെളിച്ചം കിട്ടണമെങ്കില്‍, കയ്‌പേറിയ അനുഭവങ്ങള്‍ മുന്നില്‍വെച്ച്, അതാവര്‍ത്തിക്കപ്പെടാനുള്ള സാധ്യതകളുടെ വാതിലുകള്‍ കൊട്ടിയടക്കേണ്ടതുണ്ട്. ഇസ്‌ലാമിക നാഗരികതയുടെ ചരിത്രത്തില്‍, ഞാന്‍ മനസ്സിലാക്കിയിടത്തോളം, സമാനതകളില്ലാത്ത, ഏറ്റവും വലിയ ദുരന്തമായിരുന്നു ഇന്ത്യയുടെ വിഭജനം. ഭൂമിശാസ്ത്രപരമായ വിഭജനത്തിനപ്പുറം, ഒരു ജനതയുടെ പറിച്ചുമാറ്റലായിരുന്നു ഫലത്തില്‍ സംഭവിച്ചത്. 1947നുമുമ്പ് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 30 ശതമാനത്തിലേറെയായിരുന്നു മുസ്‌ലിംകളുടെ അംഗബലം. വിഭജനത്തോടെ, ആറുകോടി മുസ്‌ലിംകള്‍ അതിര്‍ത്തിക്കപ്പുറത്ത് പാകിസ്ഥാനെ വരിച്ചു. ഇവിടെ ശേഷിച്ചത് നാല് കോടി മുസ്‌ലിംകളാണ്. 30കോടിവരുന്ന ഹിന്ദുക്കളോടൊപ്പം ഈ മണ്ണും വിണ്ണും പങ്കിടാന്‍ നിശ്ചയിച്ചുറപ്പിച്ചവര്‍. 1951ലെ സെന്‍സസ് അനുസരിച്ച് ഹിന്ദുക്കള്‍ 306 ദശലക്ഷമാണ്. 84ശതമാനം. മുസ്‌ലിംകള്‍ 34 ദശലക്ഷവും. 9.8ശതമാനം. വിഭജനത്തിനു മുമ്പ് 73ശതമാനമായിരുന്നു ഹിന്ദുക്കള്‍.
മതം തിരിച്ചുള്ള ഈ കണക്കിന് ഒരു മതേതര ജനാധിപത്യ സംവിധാനത്തില്‍ വലിയ പ്രധാന്യമുണ്ട്. പ്രായപൂര്‍ത്തി വോട്ടവകാശം പ്രദാനം ചെയ്യുന്ന ഒരു രാഷ്ട്രീയക്രമത്തില്‍, മതസ്വത്വം നിര്‍ണായകമാണ്. യഥാര്‍ഥ മതേതരബോധത്തില്‍ സമൂഹം കെട്ടിപ്പടുക്കപ്പെടാത്ത കാലത്തോളം ജാതിയും മതവും നോക്കി വോട്ടവകാശം രേഖപ്പെടുത്തുന്നതോടെ എല്ലാ രംഗത്തുനിന്നും ന്യൂനപക്ഷങ്ങള്‍ പിന്തള്ളപ്പെടുക സ്വാഭാവികം. വിഭജനാനന്തര മുസ്‌ലിംകളുടെ അതിശോചനീയമായ അവസ്ഥ വിവരിക്കുന്നിടത്ത് ചരിത്രകാരനായ ഡബ്ല്യൂ സി സ്മിത്ത് പറഞ്ഞപോലെ ഭൂമുഖത്തെവിടെയായാലും ഒരു ന്യൂനപക്ഷമാവുക എന്നത് അയത്‌നലളിതമോ സന്തോഷദായകമോ ആയ കാര്യമല്ല. സദാ എണ്ണമറ്റ വെല്ലുവിളികളെ അവര്‍ നേരിടേണ്ടിവരുമെന്നുറപ്പാണ്. തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിന്റെ മനോഘടന ഇക്കാര്യത്തില്‍ സുപ്രധാന ഘടകമാണ്. വിശാലമായ മാനവിക ചിന്തയും പുരോഗമനപരമായ രാഷ്ട്രീയ കാഴ്ചപ്പാടും വെച്ചുപുലര്‍ത്തുന്ന ഒരു സമൂഹമാണെങ്കില്‍ ജനാധിപത്യമൂല്യങ്ങള്‍ വളര്‍ന്നുവികസിക്കുന്നതോടെ, ഭൂരിപക്ഷന്യൂനപക്ഷ വേര്‍തിരിവ് അലിഞ്ഞില്ലാതാവുകയും ഒരു സെക്കുലര്‍ സൊസൈറ്റിയുടെ നല്ല വശങ്ങള്‍ അവര്‍ക്ക് എല്ലാതരം പരിരക്ഷകളും ഉറപ്പുവരുത്തുകയും ചെയ്യുന്നു. നേരെ മറിച്ചാണെങ്കില്‍ പൗരത്വം നെഞ്ചോട് ചേര്‍ത്തുപിടിച്ചുകൊണ്ട് തന്നെ പീഡനങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും ഇരയാവേണ്ടിവരുന്നു. ഡോ. ബാബാസാഹെബ് അംബേദ്കര്‍ ഈ വിഷയത്തില്‍ നിരവധി മുന്നറിയിപ്പുകള്‍ നമുക്ക് കൈമാറിയിരുന്നു. ഇന്ത്യന്‍ സമൂഹത്തെ അംബേദ്കറെ പോലെ ആഴത്തില്‍ മനസ്സിലാക്കിയവര്‍ വിരളമാണ്. സവര്‍ണ രാഷ്ട്രീയത്തിന്റെ ഭീകരമുഖങ്ങള്‍ അനാവൃതമാക്കുന്നിടത്ത് അദ്ദേഹം പറഞ്ഞു: ”ഹിന്ദുത്വം സാമ്രാജ്യത്വത്തിന്റെ ഒരു വകഭേദമാണ്. ….ഹിന്ദുക്കള്‍ക്ക് സഹജവും രൂഢമൂലവുമായ ഒരു യാഥാസ്ഥിതികതയുണ്ട്. അവര്‍ക്ക് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുമായി, അതായത് ജനാധിപത്യവുമായി, സഹവര്‍ത്തിത്വം സാധ്യമല്ലാതാക്കുന്ന ഒരു മതമുണ്ട്. അസമത്വം ലോകത്തെല്ലായിടത്തുമുണ്ട്. അത് ഏറിയ കൂറും സ്ഥിതിഗതികളും സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ അതിന് മതത്തിന്റെ പിന്തുണ ഉണ്ടായിട്ടില്ല. ഹിന്ദുക്കളുടെ കാര്യം വ്യത്യസ്തമാണ്. ഹിന്ദുസമൂഹത്തില്‍ അസമത്വമുണ്ടെന്ന് മാത്രമല്ല, ഹിന്ദുമതത്തിന്റെ ഔദ്യോഗിക സിദ്ധാന്തം തന്നെയാണ് അസമത്വം. ഹിന്ദുക്കള്‍ സമത്വം ആഗ്രഹിക്കുന്നേയില്ല. അവരുടെ ചായ്‌വും മനോഭാവവും ഒരു മനുഷ്യന്‍, ഒറ്റ മൂല്യം എന്ന ജനാധിപത്യസിദ്ധാന്തത്തിന് എതിരാണ്”.
സ്വതന്ത്രഇന്ത്യയില്‍ ഇമ്മട്ടിലൊരു സാമൂഹിക കാലാവസ്ഥയില്‍ ജീവിക്കാനാണ് അന്ന് നാലുകോടി, ഇന്ന് 12കോടി മുസ്‌ലിംകളുടെ നിയോഗം. ജവഹര്‍ലാല്‍ നെഹ്‌റു വിഭാവന ചെയ്ത ശുദ്ധ മതേതരത്വം അംബേദ്കര്‍ എടുത്തുകാട്ടിയ ഹൈന്ദവസമൂഹത്തിന്റെ പോരായ്മകളെയും ജന്മദൗര്‍ബല്യങ്ങളെയും അതിജീവിക്കാന്‍ പോന്നതാണ്. സ്വാതന്ത്ര്യലബ്ധിയുടെ ഒന്നരപ്പതിറ്റാണ്ടിനിടയില്‍ വികാസം പ്രാപിച്ച മതേതര മൂല്യങ്ങള്‍ നെഹ്‌റുവിന്റെ വിയോഗത്തോടെ നേര്‍ത്തുനേര്‍ത്തുവരാന്‍ തുടങ്ങിയതാണ് ദുരന്തങ്ങളുടെ തുടക്കം. സവര്‍ണഹിന്ദുത്വയില്‍ ലീനമായി കിടന്ന വര്‍ഗീയതയെയും പരമതവിദ്വേഷത്തെയും ഇന്ദിരാഗാന്ധിയുടെ കാലം തൊട്ട് സന്ദര്‍ഭം വരുമ്പോഴെല്ലാം പുറത്തെടുക്കുക പതിവാക്കി. മുസ്‌ലിംകള്‍ക്ക് ആദ്യമൊന്നും ഇത് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും എണ്‍പതുകളില്‍ പ്രകടമായ ന്യൂനപക്ഷവിരുദ്ധ നിലപാടുകള്‍ ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തുന്നത് രാജീവ് ഗാന്ധിയുടെ കാലത്ത് രാമജന്മഭൂമി പ്രക്ഷോഭം ശക്തിപ്പെട്ടതോടെയാണ്. കഴിഞ്ഞ മൂപ്പത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മുസ്‌ലിംകളുടെ രാഷ്ട്രീയ ചിന്തയിലുണ്ടായ മാറ്റം ആ നിലക്ക് പഠനാര്‍ഹമായ ഒരു വിഷയമാണ്.
പള്ളിയോടൊപ്പം തകര്‍ന്ന രാഷ്ട്രീയ മാതൃക
ലോകചരിത്രത്തില്‍ അപൂര്‍വമായിരിക്കാം ഒരു ആരാധനാലയത്തിന്റെ പേരിലുള്ള തര്‍ക്കം വലിയൊരു രാഷ്ട്രത്തിന്റെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന തരത്തില്‍ അതിസങ്കീര്‍ണമാവുന്നതും അധികാരഘടന തന്നെ അട്ടിമറിക്കപ്പെടുന്നതും. ഫലസ്തീന്‍ ഇസ്രയേല്‍ തര്‍ക്കത്തില്‍ ജറൂസലമിലെ ബൈത്തുല്‍ മുഖദ്ദസ് മുഖ്യവിഷയമാണെങ്കിലും പശ്ചിമേഷ്യയുടെ രാഷ്ട്രീയം ചുറ്റിത്തിരിഞ്ഞത് ഈ പൗരാണികദേവാലയം കേന്ദ്രീകരിച്ചു മാത്രമായിരുന്നില്ല. ബാബരിസ്ജിദ് – രാമജന്മഭൂമി വിവാദം ഒരു ആരാധനാലയത്തിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ക്കപ്പുറം സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങള്‍ കൈവരിച്ചപ്പോഴാണ്, സ്വാതന്ത്ര്യലബ്ധി തൊട്ട് എണ്‍പതുകളുടെ രണ്ടാംപാദം വരെ വിവിധ ദശകള്‍ പിന്നിട്ട ദേശീയരാഷ്ട്രീയം പൊടുന്നനെ തകിടംമറിഞ്ഞതും വിദ്വേഷത്തിന്റെയും പ്രതികാരത്തിന്റെയും രാഷ്ട്രീയം തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുന്നതും. വര്‍ഗീയ ഫാഷിസമായി ഇതിനകം രൂപാന്തരം പ്രാപിച്ച ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരിണാമങ്ങള്‍ക്കിടയില്‍, ന്യൂനപക്ഷരാഷ്ട്രീയത്തില്‍ വന്നുപെട്ട പ്രകടമായ മാറ്റങ്ങള്‍ പരിശോധിക്കുന്നത്, ബാബരി വിധിക്കുശേഷം രൂപപ്പെടുന്ന രാഷ്ട്രീയമനോഘടന പഠിക്കാന്‍ പ്രയോജനപ്പെട്ടേക്കാം.
സ്വാതന്ത്ര്യത്തിനു ശേഷം നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലഘട്ടങ്ങളില്‍ രൂപപ്പെട്ട രാഷ്ട്രീയസംവിധാനത്തെ പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്രഗുഹ, ‘കോണ്‍ഗ്രസ് സിസ്റ്റം’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ രാഷ്ട്രീയവ്യവസ്ഥയുടെ കാതലായ ഒരു വശം ന്യൂനപക്ഷങ്ങളും ദളിതരും കൃഷിക്കാരും അധഃസ്ഥിത വിഭാഗങ്ങളും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ചുവെന്നതാണ്. തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനല്ലാതെ മറ്റൊരു പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നതിനെക്കുറിച്ച് മുസ്‌ലിംകള്‍ അക്കാലത്ത് ആലോചിച്ചിരുന്നില്ല. കോണ്‍ഗ്രസ് നേതൃത്വം, ന്യൂനപക്ഷങ്ങളുടെ സാമൂഹികമോ സാംസ്‌കാരികമോ സാമ്പത്തികമോ ആയ വിഷയങ്ങളില്‍ മേല്‍ഗതി ലക്ഷ്യമിട്ട് കാര്യമായ ശ്രമങ്ങളൊന്നും നടത്തിയിരുന്നില്ലെങ്കിലും തങ്ങളുടെ അസ്തിത്വം സുരക്ഷിതമാക്കാന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കേണ്ടത് അനിവാര്യമാണെന്ന് അവര്‍ വിശ്വസിച്ചുപോന്നു. തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി പതിനഞ്ചിന പരിപാടികളുടെ പട്ടിക പൊടിതപ്പിയെടുത്തോ വാര്‍ഷികാഘോഷങ്ങള്‍ പോലെ തുടര്‍ന്നുപോന്ന വര്‍ഗീയകലാപങ്ങളില്‍നിന്ന് സംരക്ഷണം വാഗ്ദാനം ചെയ്‌തോ മുസ്‌ലിംകളെ കൂടെനിര്‍ത്താന്‍ കോണ്‍ഗ്രസ് എന്നും ശ്രമിച്ചു. എന്നാല്‍, ഈ ബന്ധത്തിന് ഉലച്ചില്‍ തട്ടുന്നത് അടിയന്തിരാവസ്ഥയോടെയാണ്. പൗരാവകാശങ്ങള്‍ ഹനിക്കപ്പെടുകയും നിരവധി നേതാക്കള്‍ ജയിലലിടക്കപ്പെടുകയും ചെയ്ത ആ കാലസന്ധിയില്‍ ഇന്ദിരാപുത്രന്‍ സഞ്ജയ് ഗാന്ധിയുടെ കാര്‍മികത്വത്തില്‍ നടപ്പാക്കിയ ചില പദ്ധതികള്‍, ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ക്ഷതമേല്‍പിച്ചു എന്ന് മാത്രമല്ല സാമാന്യജനത്തിന്റെ രോഷം ഏറ്റുവാങ്ങുന്ന അവസ്ഥാവിശേഷവുമുണ്ടായി. ഡല്‍ഹി ജുമാമസ്ജിദിന്റെ പരിസരം വൃത്തിയാക്കാനെന്ന പേരില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളും തുര്‍ക്കുമാന്‍ ഗേറ്റിലെ നിര്‍ബന്ധ വന്ധ്യംകരണവുമെല്ലാം മുസ്‌ലിംകളെയാണ് ഏറെ പ്രകോപിപ്പിച്ചത്. ഡല്‍ഹി ഇമാമായിരുന്ന അഹമ്മദ് ബുഖാരിയെ ചങ്ങലക്കിട്ട് തെരുവിലൂടെ നടത്തിച്ചുകൊണ്ടുപോയത് വിശ്വാസ സമൂഹത്തെ അങ്ങേയറ്റം പ്രകോപിപ്പിച്ചു. അടിയന്തരാവസ്ഥ പിന്‍വലിച്ചതിനു പിറകെ, 1977ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തറപറ്റിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത് ഉത്തരേന്ത്യയിലെ മുസ്‌ലിംകളായിരുന്നു.
ഇങ്ങനെ കോണ്‍ഗ്രസും മുസ്‌ലിംകളും മാനസികമായി അകല്‍ച്ച രൂപപ്പെട്ടുവന്ന ഘട്ടത്തിലാണ് 1949തൊട്ട് താഴിട്ടുപൂട്ടിയ ബാബരിമസ്ജിദിന്റെ കവാടം ഹിന്ദുക്കള്‍ക്ക് ആരാധനക്കായി തുറന്നുകൊടുക്കുന്നതും രാമക്ഷേത്ര ശിലാന്യാസത്തിന് രാജീവ് ഗാന്ധി ഒത്താശ ചെയ്യുന്നതായി സംശയിക്കപ്പെട്ടതും. ഷാബാനുബീഗം കേസിന്റെ വിധി ഉയര്‍ത്തിയ കോലാഹലങ്ങള്‍ക്ക് അറുതി കാണാന്‍ ‘മുസ്‌ലിം വനിതാനിയമം’ കൊണ്ടുവന്ന് ന്യൂനപക്ഷങ്ങളെ കൈയിലെടുക്കാന്‍ തങ്ങള്‍ നടത്തിയ തന്ത്രം പാളി എന്ന് കണ്ടപ്പോഴാണ്, ഭൂരിപക്ഷത്തിന്റെ രോഷം ശമിപ്പിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അയോധ്യയിലേക്ക് ശ്രദ്ധ തിരിച്ചുവിടുന്നത്. ഖലിസ്ഥാന്‍ വാദത്തിന് എതിരെ ‘രാജ്യസ്‌നേഹ രാഷ്ട്രീയം’ ആയുധമാക്കിയ രാജീവ് സിഖ്‌വിരുദ്ധ നിലപാടിലൂടെ പരീക്ഷിച്ച ‘ന്യൂനപക്ഷവിരുദ്ധ’ നയത്തിന് ആര്‍.എസ്.എസ് പൂര്‍ണ പിന്തുണ നല്‍കിയത് കോണ്‍ഗ്രസിനെയും സംഘ്പരിവാറിനെയും കൂടുതല്‍ അടുപ്പിച്ചു. അതോടെ, മുസ്‌ലിംകളുടെ താല്പര്യങ്ങള്‍ ബലികഴിച്ചാണെങ്കിലും ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തുന്നതിന് രാമക്ഷേത്രനിര്‍മാണത്തിന് രഹസ്യപിന്തുണ നല്‍കണമെന്ന ചിന്ത കോണ്‍ഗ്രസിനെ കൊണ്ട് അതിന്റെ മതേതരപാരമ്പര്യം കളഞ്ഞുകുളിക്കാന്‍ പ്രേരിപ്പിച്ചു. ക്ഷേത്രനിര്‍മാണത്തിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്തുണ നല്‍കാമെന്നും പകരം, ആര്‍.എസ്.എസ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നുമായിരുന്നു ഇരൂകൂട്ടരും ഒടുവില്‍ ധാരണയിലെത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍ മുന്‍കോണ്‍ഗ്രസ് മന്ത്രിസഭാംഗം ഭാനുപ്രതാപ് സിങ്, നരസിങ്ഗഢിലെ (മധ്യപ്രദേശിലെ) മഹാരാജ, ആര്‍.എസ്.എസ് തലവന്‍ ദേവരസ് എന്നിവര്‍ തമ്മിലുള്ള കൂടിക്കാഴ്ചക്ക് അവസരമൊരുക്കാന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് തന്നോട് നിര്‍ദേശിച്ചതെന്ന് നാഗ്പൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ബാന്‍വരിലാല്‍ പുരോഹിത് പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. (The R.S.S : A View to the Inside , Walter K.Andersen) എന്നാല്‍, തര്‍ക്കസ്ഥലത്ത് രാമക്ഷേത്രത്തിന് തറക്കല്ലിട്ടതോടെ (ശിലാന്യാസം) ആളിക്കത്തിയ ന്യൂനപക്ഷവികാരം പാര്‍ട്ടിയെ അവതാളത്തിലാക്കുമെന്ന് മനസ്സിലാക്കിയ കോണ്‍ഗ്രസ് ആ വഴിക്ക് പിന്നീട് കൂടുതല്‍ മുന്നോട്ട് പോയില്ല. അതേസമയം, ഭൂരിപക്ഷസമൂഹത്തെ ഏകോപിപ്പിക്കാന്‍ പറ്റിയ ഏറ്റവും മുന്തിയ വിഷയമാണ് രാമന്റെ പേരിലുള്ള രാഷ്ട്രീയം എന്ന് മനസ്സിലാക്കിയ ആര്‍.എസ്.എസാവട്ടെ, രാമക്ഷേത്ര പ്രക്ഷോഭം 1989ലെ പാര്‍ലമെന്റ തിരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണവിഷയമായി എടുക്കാന്‍ ബി.ജെ.പിയോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് 1989ല്‍ ഹിമാചല്‍ പ്രദേശിലെ പാലംപൂരില്‍ ചേര്‍ന്ന വാര്‍ഷിക സമ്മേളനത്തില്‍ പാര്‍ട്ടിയുടെ മുഖ്യകാമ്പയിന്‍ അജണ്ടയായി രാമക്ഷേത്രം ഏറ്റെടുക്കുന്നത്. ആ തിരഞ്ഞെടുപ്പില്‍ അതിന്റെ ഫലം കൊയ്യുകയും ചെയ്തു. 1984ലെ രണ്ടു സീറ്റില്‍നിന്ന് 88ലേക്ക് ബി.ജെ.പി കുതിച്ചു.
വിശ്വാസം നഷ്ടപ്പെട്ട ന്യൂനപക്ഷ നേതൃത്വം
1980കളുടെ രണ്ടാം പാദത്തോടെ കരുത്താര്‍ജിച്ചുവന്ന ഹിന്ദുത്വ രാഷ്ട്രീയം സൃഷ്ടിച്ച ആകുലതകള്‍ക്ക് പ്രതിവിധി കാണാനോ മാറിയ രാഷ്ട്രീയ സ്ഥിതിഗതികളോട് ബുദ്ധിപൂര്‍വം പ്രതികരിക്കാനോ സാധിക്കാതെ പോയപ്പോള്‍ സ്വാതന്ത്ര്യലബ്ധി തൊട്ട് മുസ്‌ലിം വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഒരു ‘പരമ്പരാഗത നേതൃത്വ’ത്തെ തള്ളിപ്പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി. കോണ്‍ഗ്രസിനു വേണ്ടി എക്കാലത്തും നിലകൊണ്ട ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പോലുള്ള മതകൂട്ടായ്മകള്‍ക്ക് പിന്നീട് ന്യൂനപക്ഷസമൂഹത്തോട് കോണ്‍ഗ്രസിനു വേണ്ടി സംസാരിക്കാന്‍ ധൈര്യമില്ലാതായി. രാമക്ഷേത്രപ്രക്ഷോഭം കത്തിയാളിയപ്പോള്‍ അത് നേരിടുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസില്‍നിന്ന് അതോടെ മുസ്‌ലിംകള്‍ പൂര്‍ണമായി അകലാന്‍ തുടങ്ങി. എല്‍.കെ അദ്വാനിയുടെ രക്തപങ്കിലമായ രഥയാത്ര തടയാന്‍ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ആരും മുന്നോട്ടുവരാതിരുന്നതും ഒടുവില്‍ ബീഹാറില്‍ വെച്ച് ലാലുപ്രസാദ് യാദവ് അതിനു ധൈര്യം കാണിച്ചതും പുതിയ ‘രക്ഷകരെ’ കണ്ടെത്താനുളള മുസ്‌ലിംകളുടെ ശ്രമത്തില്‍ ഒരു വഴിത്തിരിവായി. അങ്ങനെയാണ്, ‘കമണ്ഡലി’ന് എതിരെ മണ്ഡല്‍ രാഷ്ട്രീയം പ്രയോഗിച്ച് മതേതരചേരിയെ നയിക്കാന്‍ പുതിയ തന്ത്രങ്ങള്‍ നെയ്ത പഴയ സോഷ്യലിസ്റ്റുകളായ ലാലുവും മുലായം സിങ് യാദവും നിതീഷ് കുമാറുമൊക്കെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രിയങ്കരരാവുന്നത്. 1992ഡിസംബര്‍ ആറിന് പട്ടാളത്തിന്റെ കണ്‍മുമ്പില്‍വെച്ച് പട്ടാപകല്‍, ഹിന്ദുത്വനേതൃത്വത്തിന്റെ കാര്‍മികത്വത്തില്‍ ആയിരക്കണക്കിന് കര്‍സേവകര്‍ ബാബരിപ്പള്ളി തകര്‍ത്തെറിഞ്ഞ സംഭവത്തോടെ, കോണ്‍ഗ്രസ് നേതൃത്വത്തെ പൂര്‍ണമായും കൈയൊഴിയാന്‍ മുസ്‌ലിംകള്‍ മാനസികമായി നിശ്ചയിച്ചുറപ്പിക്കുകയായിരുന്നു. അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ മൗനാനുവാദത്തോടെയാണ് മസ്ജിദ് ധ്വംസനം സാധ്യമായതെന്നും ആര്‍.എസ്.എസുമായുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് സംഭവഗതികള്‍ മുന്നോട്ടുപോയതെന്നും മുസ്‌ലിംകള്‍ ഉറച്ചുവിശ്വസിച്ചു. അതോടെ അതുവരെ കോണ്‍ഗ്രസിന്റെ നട്ടെല്ലായും വോട്ടുബാങ്കായും നിലകൊണ്ട ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍ ആ പാര്‍ട്ടിയുമായുള്ള നാഭീനാളബന്ധം അറുത്തുമാറ്റി. അങ്ങനെ, കോണ്‍ഗ്രസ് ന്യൂനപക്ഷപിന്തുണ നഷ്ടപ്പെട്ട്, സവര്‍ണ പാര്‍ട്ടിയായി സ്വയം അരികുവത്കരിക്കപ്പെടുകയായിരുന്നു. കഴ്‌സണ്‍ പ്രഭു പ്രവചിച്ച ‘ആദരവാര്‍ന്ന ശവസംസ്‌കാരം’ പെട്ടെന്നുണ്ടായില്ലെങ്കിലും ദേശീയ, പ്രാദേശിക രാഷ്ട്രീയത്തില്‍ രണ്ടുപതിറ്റാണ്ട് മുമ്പ് ആരും സ്വപ്‌നേപി നിനച്ചിരിക്കാത്ത പതനത്തിലേക്ക് സ്വയം കൂപ്പുകുത്തി.
ദുരന്തങ്ങളോടുള്ള മനുഷ്യപ്രതികരണങ്ങള്‍ പല വിധത്തിലുമാവാം. ബാബരി ദുരന്തം ഒരു വിഭാഗം മുസ്‌ലിംയുവാക്കളില്‍ തീവ്രനിരാശയും രോഷവും ചുരത്തിയപ്പോള്‍ ആത്യന്തികവാദങ്ങളിലേക്ക് അവരെ കൊണ്ടെത്തിച്ചുവെന്നത് നേരാണ്. അബ്ദുന്നാസര്‍ മഅ്ദനി ആദ്യം ഐ.എസ്.എസും പിന്നീട് പി.ഡി.പിയുമുണ്ടാക്കി പ്രതിഷേധജ്വാലകള്‍ ഉയര്‍ത്തിയത് അദ്ദേഹത്തിന്റെ ജീവിതം തന്നെ അവതാളത്തിലാക്കി. കടുത്ത മനുഷ്യാവകാശധ്വംസനങ്ങളുടെ ഇരയായി ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയാനാണല്ലൊ അദ്ദേഹത്തിന്റെ നിയോഗം. ബാബരിദുരന്തപരിസരത്തുനിന്ന് ഊര്‍ജം സംഭരിച്ച് പുതിയ രാഷ്ട്രീയപരീക്ഷണങ്ങള്‍ക്ക് പുറപ്പെട്ട മറ്റു ചിലര്‍, വ്യക്തമായ ദിശാബോധമില്ലാതെ പെരുവഴിയില്‍ ഉഴറുന്നു. അതേസമയം, ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സാന്നിധ്യം അറിയിക്കാന്‍ കഴിഞ്ഞത് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന് മാത്രമാണ്. മതസാംസ്‌കാരിക മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടുപോയ പഴയതും പുതിയതുമായ കുറെ പ്രസ്ഥാനങ്ങള്‍ ഇക്കാലയളവില്‍ മുസ്‌ലിം ജീവിതത്തില്‍ നടത്തിയ സക്രിയമായ ഇടപെടലുകള്‍ ദുരന്തങ്ങളുടെ വ്യാപ്തി കുറച്ചിട്ടുണ്ട് എന്ന യാഥാര്‍ഥ്യം വിസ്മരിക്കാവതല്ല.
കാസിം ഇരിക്കൂര്‍
You must be logged in to post a comment Login