പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആ വാക്കുകള്‍ ഇപ്പോഴും ചക്രവാളത്തില്‍ തങ്ങിനില്‍ക്കുന്നുണ്ട്: ”പാതിരാവിന്റെ മണി മുഴങ്ങിയ സമയത്ത്, ലോകം ഉറങ്ങുമ്പോള്‍ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്. നാം പഴമയില്‍യില്‍നിന്ന് പുതുമയിലേക്ക് കാലെടുത്തുവെക്കുന്ന, ഒരു യുഗം അവസാനിക്കുന്ന, ദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് മര്‍മരങ്ങള്‍ കണ്ടെത്തുന്ന ഇതുപോലുള്ള നിമിഷങ്ങള്‍ ചരിത്രത്തില്‍ അതി വിരളമായേ സംഭവിക്കൂ.” ഭൂതകാലത്തോട് വിട പറയാനും പാരമ്പര്യത്തിന്റെ തുരുമ്പിച്ച കണ്ണികളില്‍നിന്ന് വര്‍ത്തമാനകാലത്തെ അറുത്തുമാറ്റാനും നെഹ്റുവിനെ പോലുള്ള നവരാഷ്ട്രശില്‍പികള്‍ക്ക് ആത്മധൈര്യം പകര്‍ന്നത് ബൃഹത്തായ ഒരു ഭരണഘടനയെ കുറിച്ചുള്ള അളവറ്റ പ്രതീക്ഷകളായിരുന്നു. പൗരന്മാര്‍ക്ക് പുതിയൊരു ജീവിതവും ചിന്തയും കിനാക്കളും മുന്നോട്ടുവെക്കുന്ന മൂലപ്രമാണമാണത്. രാഷ്ട്രശില്‍പികളുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമാണ് രാഷ്ട്രത്തിന്റെ ഈ ജിവിതരേഖയെന്ന് പലരും ഇന്നോര്‍ക്കുന്നില്ല. രാഷ്ട്രീയ ചര്‍ച്ചകളിലും സംവാദങ്ങളിലും വിവാദങ്ങളിലും ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പദമാണ് ഭരണഘടന(Constitution) എന്നത്. ജനാധിപത്യ-മതേതര ഇന്ത്യയുടെ മൗലികപ്രമാണമാണ് അതെന്ന് പലരും ഓര്‍ക്കാറില്ല. ബ്രിട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് വഴികാട്ടിയും ഇന്ധനവും ഊര്‍ജവും ഈ മൂലപ്രമാണമായിരുന്നു. അത് എങ്ങനെ നമ്മുടെ കൈകളില്‍ എത്തിയെന്നും ആധുനിക ഇന്ത്യ എന്തായിരിക്കണമെന്നാണ് അത് ഉദ്ഘോഷിച്ചതെന്നും ഭരണകര്‍ത്താക്കളോ രാഷ്ട്രമീമാംസകരോ ഗൗരവപൂര്‍വം ചിന്തിക്കാറില്ല. പൗരത്വത്തെ കുറിച്ച് സമീപകാലത്ത് കേട്ട കോലാഹലങ്ങളിലും അലമുറകളിലുമെല്ലാം മുഖ്യപ്രതിപാദനം ഭരണഘടനയാണ്. എല്ലാവര്‍ക്കും ആണയിടാനും ശപഥം ചെയ്യാനും ചേര്‍ത്തുപറയാനുമുള്ളത് മറ്റൊന്നല്ല. എന്നാല്‍, രാഷ്ട്രത്തിന്റെ ശിരോലിഖിതം തിരുത്തിക്കുറിച്ച ആ ചരിത്രരേഖയോട് നമുക്ക് എന്തുമാത്രം പ്രതിബദ്ധതയുണ്ട് എന്നൊരു അന്വേഷണത്തിനപ്പുറം, 1950 ജനുവരി 26ന് രാജ്യത്തെ ഒരു റിപ്പബ്ലിക്കായി മാറ്റിയെടുത്ത ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളും അത് കടന്നുവന്ന വഴികളും കണ്ടെത്താന്‍ നാമെപ്പോഴെങ്കിലും പരിശ്രമിച്ചിട്ടുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ്.
വിസ്മയിക്കേണ്ട, ഇന്ത്യന്‍ ഭരണഘടനയുടെ ആധികാരിക ചരിത്രം എഴുതിയത് അമേരിക്കന്‍ ചരിത്രകാരനായ ഗ്രാന്‍വിലെ ഓസ്റ്റിന്‍ (Granville Austin) ആണ്. നമ്മുടെ ഭരണഘടനയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തല്‍ മൂന്നു വാചകങ്ങളില്‍ ഒതുങ്ങുന്നുണ്ട്. Perhaps the greatest political venture since that originated in Philadelphia in 1787. A gigantic step for a people previously committed largly to irrational means of achieving other-wordly goals. . the credit goes to Indian. 1787ല്‍ ഫിലാഡെല്‍ഫിയയില്‍നിന്ന് ഉത്ഭവിച്ചശേഷമുള്ള മഹത്തായ രാഷ്ട്രീയ ഉദ്യമമായിരിക്കാം ഇത്. മുമ്പ് പാരത്രിക ലക്ഷ്യങ്ങള്‍ക്കായി യുക്തിശൂന്യമായ മാര്‍ഗങ്ങളോട് മാത്രം പ്രതിബദ്ധതയുള്ള ഒരു ജനതക്കുവേണ്ടിയുള്ള അതിബൃഹത്തായ ഒരു കാല്‍വെപ്പ്. ഇതിന്റെ എല്ലാ ക്രെഡിറ്റും നേരെ ചെല്ലുന്നത് ഇന്ത്യക്കാരിലേക്ക്.
സമ്പൂര്‍ണ സ്വരാജിനെ കുറിച്ച് ഗാന്ധിജിയും ശിഷ്യന്മാരും 1930 തൊട്ട് സ്വപ്നം കാണുന്നുണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യക്ക് ഒരു ഭരണഘടന എന്ന ആശയവും അതിനെ അങ്കമ്പടി സേവിച്ചിരുന്നു. 1946ല്‍ ബാവല്‍ പ്രഭുവാണ് കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കുന്നത്. അങ്ങനെയാണ്, അധികാരക്കൈമാറ്റ പ്രക്രിയക്ക് നേതൃത്വം കൊടുക്കാന്‍ ഇവിടെ എത്തിയ കാബിനറ്റ് മിഷന്‍ 1946 മേയ് 16ന് നിര്‍ദിഷ്ട ഭരണഘടന നിര്‍മാണ സഭയുടെ ഘടനയെ കുറിച്ച് ഒരു പ്രഖ്യാപനം നടത്തുന്നത്. തിരഞ്ഞെടുപ്പിലൂടെ കോണ്‍സ്റ്റിറ്റിയൂവെന്റ് അസംബ്ലിയിലേക്കുള്ള അംഗങ്ങളെ കണ്ടെത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അത് സമയം കവര്‍ന്നെടുക്കാന്‍ ഇടയുള്ളത് കൊണ്ട്, പ്രവിശ്യ അസംബ്ലികളിലേക്ക് ആ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സേവനം കോണ്‍സാംബ്ലിയില്‍ പ്രയാജനപ്പെടുത്തുകയാണ് അഭികാമ്യമെന്ന നിര്‍ദേശം വെക്കപ്പെട്ടു. 175 കോണ്‍ഗ്രസുകാര്‍ അങ്ങനെ ഭരണഘടന നിര്‍മാണസഭയില്‍ അംഗങ്ങളായി. ഹിന്ദുമഹാസഭയുടെ നേതാവ് അടക്കം 30 പേര്‍ കോണ്‍ഗ്രസിതര വിഭാഗത്തില്‍നിന്നുള്ളവരായിരുന്നു. മുസ്ലിം ലീഗിന് 73 പേരുണ്ടായിരുന്നു. നാല് സിഖുകാരും. നാട്ടുരാജ്യങ്ങളെ പ്രതിനിധീകരിച്ച് 93 അംഗങ്ങളും. 1946ഡിസംബര്‍ ഒമ്പതിന് ചേര്‍ന്ന ആദ്യസിറ്റിങ് തന്നെ മുസ്ലിം ലീഗ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചു. ഇന്ത്യാ വിഭജനത്തോടെ കുറെ നേതാക്കള്‍ അതിര്‍ത്തി കടന്നുപോയി. അംഗങ്ങളില്‍ 82 ശതമാനം കോണ്‍ഗ്രസുകാരായിരുന്നു. എന്നാല്‍, അവരില്‍ മതവിശ്വാസികളും നിരീശ്വവാദികളും സന്ദേഹവാദികളും വര്‍ഗീയവാദികളുമെല്ലാം ഉള്‍ക്കൊള്ളുന്നത് കൊണ്ട് ഇന്ത്യന്‍ സമൂഹത്തിന്റെ പരിച്ഛേദം അവരില്‍ കണ്ടെത്താന്‍ സാധിച്ചു. ഇടതുവലതു ചിന്താഗതികളുടെ ഒരു സംഗമം കൂടിയായിരുന്നു ഭരണഘടന നിര്‍മാണ സഭ. ഇന്ത്യക്ക് ഒരു ഭരണഘടന ഉണ്ടാക്കാന്‍ പോവുകയാണെങ്കില്‍ അത് ഒരേ ഒരു സമുദായത്തിന്റെ-സവര്‍ണ ഹിന്ദുക്കളുടെ ആധിപത്യം കൊണ്ട് എല്ലാവിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കാന്‍ സാധ്യമാകില്ല എന്ന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ നേരത്തെ അശുഭാപ്തി പ്രകടിപ്പിച്ചിരുന്നു.
പക്ഷേ പ്രയോഗതലത്തില്‍ യാഥാര്‍ത്ഥ്യം മറ്റൊന്നായിരുന്നു. ജാതീയമായി താഴേതട്ടില്‍ കിടക്കുന്ന ബാബാ സാഹിബെ അംബേദ്ക്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ സമിതി ആദ്യം ശ്രമിച്ചത് രാജ്യത്തിന്റെ ആത്മാവിനെ കണ്ടെത്താനായിരുന്നു. എന്തായിരിക്കണം രാജ്യത്തിന്റെ രാഷ്ട്രീയ ഭാഗധേയം? ആരാണ് ഈ ദിശയില്‍ മാതൃക? ഏതു ഭരണഘടനയാണ് മുന്നില്‍വെച്ചു മറിച്ചുനോക്കേണ്ടത്? പുതുരാഷട്രത്തില്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ എന്തായിരിക്കും? അവര്‍ക്ക് സവിശേഷ അവകാശങ്ങള്‍ വല്ലതും? പട്ടികജാതി, പട്ടിക വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ എങ്ങനെ സംരക്ഷിക്കപ്പെടും? ഇത്തരം വിഷയങ്ങളിലെല്ലാം സ്വന്തമായി അഭിപ്രായമുള്ളവരും പണ്ഡിതന്മാരും ധൈഷണികമായി ഉയര്‍ന്നവരുമുണ്ടായിരുന്നു സഭയില്‍. മൂന്നൂറിലേറ അംഗങ്ങളില്‍ സര്‍വതലങ്ങളിലും സ്വാധീനശേഷിയുള്ള പത്തിരുപത് പേര്‍ ഉണ്ടായിരുന്നുവെന്നാണ് ഗ്രാന്‍വിലെ അടയാളപ്പെടുത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ നെഹ്റു, സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍, ഡോ. രാജേന്ദ്രപ്രസാദ് തുടങ്ങിയ ഒരു ഡസനിലേറെ പേര്‍ നിയമബിരുദം നേടിയവരായിരുന്നു. 1946ഡിസംബര്‍ 13ന് നെഹ്റു ഭാവി രാഷ്ട്രത്തിന്റെ രൂപരേഖ ഉദ്ദേശ്യലക്ഷ്യങ്ങള്‍ (Objective Resolution) വിവരിക്കവെ ഒരാധുനിക രാഷ്ട്രസാങ്കല്‍പത്തിന്റെ അസ്തിവാരം നിരത്തി. ‘Independent Soverign Republic’ – സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്. പൗരന്മാര്‍ക്ക് ഈ റിപ്പബ്ലിക് എന്തുനല്‍കും എന്ന വലിയ ചോദ്യത്തിന് നെഹ്റു ഉത്തരം നല്‍കുന്നതിങ്ങനെ: justice, social, economic, and poltitical, equality of status, of opportunity and before the law, freedom of thought, expressions, belief and faith, worship, vocation, asssociation, and action, subject to law and morality, പൗരന്മാര്‍ക്ക് തുല്യമായ പദവി, തുല്യമായ അവസരങ്ങള്‍, അഭിപ്രായ-ആവിഷ്‌കാരസ്വാതന്ത്ര്യം. വിശ്വാസ സ്വാതന്ത്ര്യം, ജോലി നേടാനും സംഘടിക്കാനുമുള്ള സ്വാതന്ത്ര്യം. നെഹ്റു തന്നെ പറഞ്ഞു: നമ്മുടെ രാജ്യത്തിന്റെ പൂര്‍വകാല ചരിത്രത്തില്‍നിന്ന് ആവാഹിച്ചെടുത്ത സനാതന മൂല്യങ്ങളും ആധുനിക ലോകത്തെ മാറ്റിപ്പണിത ഫ്രഞ്ച്, അമേരിക്കന്‍, റഷ്യന്‍ വിപ്ലവങ്ങള്‍ ഉദ്ഘോഷിച്ച വിപ്ലവ ആശയങ്ങളും നമ്മുടെ ഭരണഘടനയില്‍ സന്നിവേശിപ്പിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. പൗരാണികവും അധുനാധുനികവുമായ മൂല്യങ്ങളുടെ സമന്വസമാണ് ഭരണഘടനയുടെ അടിസ്ഥാനശിലയെന്ന് ചുരുക്കം.
മതനിരപേക്ഷതയുടെ പേരില്‍ ചെയ്തത്
395 ഖണ്ഡികകളും 12 ഷെഡ്യൂളുകളുമുള്ള ഇന്ത്യന്‍ ഭരണഘടന ലോകത്തിലെ ഏറ്റവും ബൃഹത്തായ ഒന്നാണെന്നതില്‍ തര്‍ക്കമില്ല. നമ്മുടെ രാജ്യത്തിന്റെ സവിശേഷതകളും വൈവിധ്യങ്ങളും വൈജാത്യങ്ങളുമാണ് 1946 മുതല്‍ 49 വരെ 165 ദിവസം കൂടിയിരുന്ന് രാഷ്ട്രനിര്‍മാതാക്കള്‍ രൂപം കൊടുത്ത ഈ നിയമസംഹിതയുടെ വൈപുല്യം കൂട്ടുന്നത്. ഭരണഘടനയുടെ ആമുഖത്ത് ഏതു ദൈവത്തെ വിളിച്ചാണ് സമാരംഭം കുറിക്കേണ്ടത് എന്ന ചര്‍ച്ച വന്നപ്പോള്‍ എത്രയെത്ര അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നതെന്നോ? ഓള്‍ ഇന്ത്യ വര്‍ണാശ്രമ സ്വരാജ്യ സംഘ് ആവശ്യപ്പെട്ടത് പൗരാണിക ഹൈന്ദവ കൃതികളുടെ അടിസ്ഥാനത്തിലുള്ള ആശയങ്ങളിലൂന്നിയാകണം ഭരണഘടനക്ക് രൂപം നല്‍കാന്‍ എന്നാണ്. ചിലര്‍ ഭഗവത് ഗീത കൊണ്ട് ആമുഖം തുടങ്ങാമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ഖുര്‍ആനും ബൈബിളും ഗുരുഗ്രന്ഥസാഹിബുമൊക്കെ പരിഗണിക്കണമെന്ന ഭാഷ്യങ്ങളും പൊങ്ങിവന്നു. 1949 ഒക്ടോബര്‍ 17ന് ഡോ. രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയിലുള്ള ആമുഖ കമ്മിറ്റി ചേര്‍ന്നപ്പോള്‍ ചിലര്‍ ദൈവത്തിന്റെ നാമത്തില്‍ എന്ന് ചേര്‍ക്കണമെന്നാവശ്യപ്പെട്ടു. ചിലരാവട്ടെ ഗാന്ധിയുടെ പേരിലും. ദൈവത്തിന്റെ നാമത്തിലുള്ള നിര്‍ദേശം വോട്ടിനിട്ടപ്പോള്‍ 41-68ന് തള്ളി. അതിനര്‍ഥം ദൈവത്തെ നിരാകരിക്കുന്നുവെന്നല്ല എന്ന് പി കെ സെന്‍ അന്തിമകരടിന്റെ ചര്‍ച്ചയില്‍ വിശദീകരിച്ചു. ദൈവവുമായി സകല ബന്ധങ്ങളും വിച്ഛേദിക്കുന്ന ഒരു രാഷ്ട്രീയ രേഖയല്ല നമ്മുടെ ഭരണഘടനയെന്നും ദൈവനിഷേധമോ മതത്തെ തള്ളിപ്പറയുന്നതോ അല്ല അതിന്റെ അന്തസ്സത്തയെന്നും അദ്ദേഹം അംഗങ്ങള്‍ക്ക് ഉറപ്പുനല്‍കി.
എല്ലാറ്റിനുമൊടുവില്‍, ക്രാന്തദര്‍ശിത്വം കൈമുതലായ രാഷ്ട്രശില്‍പികള്‍ ഒരു നിഗമനത്തിലെത്തി. ‘We, The People of India’ നാം, ഇന്ത്യയിലെ ജനങ്ങള്‍, ഏറ്റെടുക്കുന്ന ഒരു ശപഥത്തോടെ ഭരണഘടനയുടെ പേജുകള്‍ വാര്‍ന്നുവീണു. ഒരു ജനത അഭിമുഖീകരിക്കാന്‍ പോകുന്ന സകല പ്രശ്നങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും അത് ഉത്തരം കണ്ടെത്തി. ഒന്നര നൂറ്റാണ്ടുകാലം രാജ്യം ഭരിച്ച ബ്രിട്ടീഷുകാരില്‍നിന്ന് ഉള്‍ക്കൊണ്ട ജനായത്ത മുല്യങ്ങളും ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ വന്‍ശക്തികളില്‍നിന്നും റഷ്യന്‍ കമ്മ്യൂണിസ്റ്റ് വിപ്ലവത്തില്‍നിന്നും പകര്‍ന്നുവാങ്ങിയ സാമൂഹിക സമത്വ സിദ്ധാന്തങ്ങളും ഉള്‍ച്ചേര്‍ക്കുന്നതില്‍ അംഗങ്ങള്‍ നിപുണത കാട്ടി. പ്രശ്നകലുഷിതമായ ഒരു കാലസന്ധിയിലാണ് ഭരണഘടന നിര്‍മാണ സഭ കൂടിയിരുന്ന് ഭാവി ഇന്ത്യക്ക് രൂപം നല്‍കിയതെന്ന് കൂടി ഓര്‍ക്കുക. ഒരു ഭാഗത്ത് വര്‍ഗീയ കലാപങ്ങളും കൂട്ടക്കൊലകളും, മറ്റൊരു ഭാഗത്ത് അഭയാര്‍ഥികളുടെ കൂട്ടപലായനം, നാടൊക്കും ഭക്ഷ്യക്ഷാമവും മുഴുപ്പട്ടിണിയും വര്‍ഗസമരങ്ങളുടെ കാഹളം ചില ദിക്കുകളില്‍നിന്ന് ഉച്ചത്തില്‍ ഉയരുന്നുണ്ടായിരുന്നു. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഫ്യൂഡല്‍ പ്രഭുക്കന്മാരും മാടമ്പികളും അവരവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നെട്ടോട്ടത്തില്‍. ഇതിനിടയില്‍ എല്ലാവരുടെയും താല്‍പര്യസംരക്ഷകരായി നിലകൊള്ളാനുള്ള അമിത ബാധ്യത കോണ്‍ഗ്രസിന്റെ ചുമലിലായിരുന്നു. അതിനിടയില്‍ സന്തുലിതമായ ഒരു സാമൂഹിക, സാമ്പത്തിക അടിസ്ഥാന കാഴ്ചപ്പാട് ഉരുത്തിരിച്ചെടുക്കുക ക്ഷിപ്രസാധ്യമായിരുന്നില്ല.
മതപരമായി ഇന്ത്യയുടെ നിലപാട് എന്തായിരിക്കണം എന്ന ചോദ്യമുയര്‍ന്നപ്പോള്‍ ഹൈന്ദവ തീവ്രവലതുപക്ഷം ഹിന്ദുരാഷ്ട്രത്തെ കുറിച്ചാണ് സ്വപ്നം കണ്ടത്. ഇവിടെയാണ് സെക്കുലര്‍ രാഷ്ട്രീയത്തിന്റെ അടിത്തറ പാകുന്നത്. രാജ്യത്തിന് ഒരു മതമില്ല. ഏതെങ്കിലും മതത്തോട് ആഭിമുഖ്യമോ വിധേയത്വമോ വിദ്വേഷമോ ഇല്ല. രാജ്യത്തിന് ഒരു ദേശീയ മതമില്ല. എല്ലാ മതങ്ങളോടും തുല്യഅകലവും തുല്യഅടുപ്പവും കാണിക്കുന്ന സമദൂര സിദ്ധാന്തമാണ് രാഷ്ട്രീയനിര്‍മാതാക്കള്‍ അഭിലഷിച്ചത്. ഈ നിലപാടിനെ മതേതരത്വം (സെക്കുലറിസം) എന്ന് 1976 വരെ ആരും പേരിട്ടുവിളിച്ചില്ല. എന്നാല്‍, ആ ഉറച്ചകാഴ്ചപ്പാട് പ്രവൃത്തിയിലും പരിചരണത്തിലും ലീനമായിരുന്നു. വര്‍ഗീയകാര്‍ഡ് ഇറക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. 1971ലെ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിനിടയില്‍ കോണ്‍ഗ്രസിന്റെ മാനിഫെസ്റ്റോവില്‍ ഭരണഘടന ഭേദഗതി ചെയ്യുമെന്ന വാഗ്ദാനം ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സ്വരണ്‍സിങ് കമ്മിറ്റിയെ നിയോഗിക്കുകയും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ ആമുഖം ഭേദഗതി ചെയ്യാന്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. നിര്‍ദേശങ്ങളിലൊന്ന് ഇതാണ്: The Concept of Secularism and spcialism should be clearly spelt out in the Constitution.It is accordingly recommended that the Preamble should be amended. ആമുഖം ഭേദഗതി ചെയ്തു മതേതരത്വത്തിനും സോഷ്യലിസത്തിനും കൂടുതല്‍ വ്യക്തത വരുത്തണമെന്ന് പറയുന്നതല്ലാതെ എന്താണ് അതിന്റെ ആവശ്യമെന്ന് വ്യക്തമാക്കുന്നില്ല. പ്രധാനപ്പെട്ട നേതാക്കളെ മുഴുവന്‍ ജയിലലടച്ച് കൊണ്ടുവന്ന ഭരണഘടന ഭേദഗതി കൂടുതല്‍ ചര്‍ച്ചക്കിടാതെ അംഗീകരിക്കുകയായിരുന്നു. ഭരണഘടന നിര്‍മാണ സഭയില്‍ സെക്കുലറിസം ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശത്തോട് വലിയൊരു വിഭാഗം നേതാക്കള്‍ യോജിച്ചിരുന്നു. എന്നിട്ടും സെക്കുലര്‍, സോഷ്യലിസ്റ്റ് എന്നീ പദങ്ങള്‍ ആമുഖത്ത് കൂട്ടിച്ചേര്‍ക്കുന്നതിനെ വലിയൊരു വിഭാഗം പക്ക സെക്കുലറിസ്റ്റുകള്‍ എതിര്‍ത്തു. പ്രഗല്‍ഭ അഭിഭാഷകനും ഭരണഘടന വിദഗ്ധനുമായ നാനി പല്‍ക്കിവാല പറഞ്ഞത് ഈ രണ്ടു പദങ്ങള്‍ എഴുതിച്ചേര്‍ത്തത് കൊണ്ട് കൂടുതല്‍ ഒരു ഫലവുമുണ്ടായില്ല എന്നാണ്. മാത്രമല്ല, അത് തെറ്റിദ്ധാരണ വളര്‍ത്താനും അനാവശ്യപദപ്രയോഗങ്ങള്‍ കൊണ്ടുവരാനും ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഫ്രാങ്ക് ആന്റണി ആവശ്യപ്പെട്ടത് ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് കൂടുതല്‍ ഭേദഗതി വേണമെന്നാണ്. ‘നിങ്ങള്‍ ഞങ്ങളുടെ സ്‌കൂളുകള്‍ നശിപ്പിച്ചു, ഞങ്ങളുടെ മതാവകാശങ്ങള്‍ നശിപ്പിച്ചു, ഞങ്ങളുടെ സകല സാംസ്‌കാരിക സ്വാതന്ത്ര്യങ്ങളും എടുത്തുകളഞ്ഞു’. ഫ്രാങ്ക് ആന്റണിയുടെ ഈ വിലാപം കേട്ടപ്പോള്‍ ഇബ്രാഹീം സുലൈമാന്‍ സേട്ടിന് പുതിയ ‘മതേതരത്വ’ത്തെ കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നു. രാജീവ് ധവാന്‍ ഇന്ദിര ഗാന്ധിയുടെ ഭരണഘടന ഭേദഗതിയില്‍ അപകടം പതിയിരിക്കുന്നതായി സംശയിക്കുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞു. മുസ്ലിംകളുടെ സാംസ്‌കാരികവകാശങ്ങളില്‍ ഇടപെടാനും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം തുറന്നടിച്ചു. അവിടെനിന്ന് മുസ്ലിംകളെ ഒന്നാകെ മാറ്റിനിര്‍ത്തുന്ന നിയമനിര്‍മാണം നടത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുമ്പോള്‍ അര നൂറ്റാണ്ട് കൊണ്ട് നമ്മുടെ ഭരണഘടനാ മൂല്യങ്ങള്‍ക്ക് സംഭവിച്ച അപചയം എത്ര ഭയാനകമാണെന്ന് തിരിച്ചറിയപ്പെടുകയാണ്.
മൗലികാവകാശങ്ങള്‍ എന്ന സ്തൂപങ്ങള്‍
ഭരണഘടനയുടെ മൂന്നാം ഭാഗത്ത് അനുച്ഛേദം 12 തൊട്ട് 35 വരെ മൗലികാവകാശങ്ങളെ കുറിച്ചുള്ളതാണ്. മുഖ്യമായും ആറ് മൗലികാവകാശങ്ങള്‍ ഭരണഘടന വകവെച്ചതരുന്നു. സ്വാതന്ത്ര്യത്തിനുള്ള അവകാശം, സമത്വത്തിനുള്ള അവകാശം, സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം, ഭരണഘടനാപരമായി പ്രതിവിധി തേടാനുള്ള അവകാശം, ചൂഷണത്തിന് എതിരായ അവകാശം. 14-18 ഖണ്ഡികകള്‍ സമത്വത്തിനുള്ള അവകാശമാണ്. മതത്തിന്റെയോ ജാതിയുടെയോ ദേശത്തിന്റെയോ ഭാഷയുടെയോ ലിംഗത്തിന്റെയോ പേരില്‍ ഒരു തരത്തിലുള്ള വിവേചനവും പാടില്ല എന്ന് ഭരണഘടന തറപ്പിച്ചുപറയുന്നു. ഈ അവകാശം ഹനിച്ചുകൊണ്ടാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ പൗരത്വനിയമഭേദഗതി ചെയ്തിരിക്കുന്നത്. ആറു മതങ്ങളുടെ പേര് പറഞ്ഞപ്പോള്‍ ഇസ്ലാമിക വിശ്വാസികളെ വിട്ടുകളഞ്ഞു. നഗ്‌നമായ ഈ മൗലികാവകാശലംഘനം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞുവെങ്കിലും ഭരണകൂടം ഏതെങ്കിലും തരത്തില്‍ ഇമ്മട്ടിലുള്ള വിവേചനത്തിലേര്‍പ്പെട്ടാല്‍ അത് തിരുത്തിക്കേണ്ട ബാധ്യത പൗരസമൂഹത്തിന്റെതാണ്. പ്ലാറ്റോ പറഞ്ഞിട്ടുണ്ട്: മൗനം സമ്മതത്തിന് സമാനമാണെന്ന്. മോഡി-അമിത് ഷാ കൂട്ടുകെട്ട് കാട്ടിക്കൂട്ടുന്ന ദുഷ്ചെയ്തികള്‍ക്ക് നേരെ മുഖം തിരിച്ചുനില്‍ക്കുമ്പോള്‍, ഭരണഘടനയോടുള്ള നമ്മുടെ കൂറും പ്രതിബദ്ധതയുമാണ് ചോദ്യം ചെയ്യപ്പെടുന്നത്. 14ാം ഖണ്ഡിക ഇന്ത്യന്‍ ഭൂപരിധിയില്‍ ഒരാളോടും നിയമപരമായി വിവേചനം കാണിക്കില്ലെന്നും തുല്യപരിരക്ഷ ഉറപ്പാക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. 15ാം അനുച്ഛേദം തുല്യത പ്രദാനം ചെയ്യുന്നത് പൗരന്മാര്‍ക്കാണ്. ഭരണഘടനയുടെ 25-28 അനുച്ഛേദങ്ങള്‍ മതപരമായ സ്വാതന്ത്ര്യം ഉറപ്പാക്കുന്നു. മതത്തോട് തുല്യസമീപനമായിരിക്കും രാജ്യം സ്വീകരിക്കുക. ഏതെങ്കിലമൊരു മതത്തോട് കൂടുതല്‍ മമതയോ സൗഹാര്‍ദമോ പ്രകടിപ്പിക്കില്ല.
ചുരുക്കത്തില്‍, ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ മഹത്തായ ഒരു ലിഖിത രേഖയാണ് നമ്മുടെ ഭരണഘടന. മതേതരത്വവും മതസ്വാതന്ത്ര്യവും പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയുമെല്ലാം ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടാണ്. അതിന് വിഘ്നം വരാന്‍ പാടില്ലെന്ന് പ്രശസ്തമായ കേശവാനന്ദഭാരതി കേസില്‍ പരമോന്നത നീതിപീഠം വിധിച്ചിട്ടുണ്ട്. ഇന്ത്യയുടെ മതം ഹിന്ദുത്വ ആയിരിക്കുമെന്ന് ഏതെങ്കിലും ആര്‍ എസ് എസ് സര്‍ക്കാര്‍ പാര്‍ലമെന്റിലെ മൃഗീയഭൂരിപക്ഷം ഉപയോഗിച്ച് പ്രഖ്യാപിച്ചാല്‍ അതിന് സാധുതയും നിലനില്‍പുമില്ല. ജനാധിപത്യം എന്നത് കേവലം എണ്ണത്തിന്റെയോ അംഗബലത്തിന്റെയോ വ്യവസ്ഥയല്ല. അത് ചില മൂല്യങ്ങളുടെ ഈടുവെപ്പാണ്. ‘പൊളിറ്റിക്കല്‍ ഇതോസ്’ എന്ന് വിശേഷിപ്പിക്കാറുള്ള ഒരു ആചാരനിഷ്ഠ പാലിച്ചേ പറ്റൂ. അല്ലെങ്കില്‍ ഇന്ത്യ എന്ന മഹത്തായ ആശയം എന്നോ അപ്രത്യക്ഷമായിട്ടുണ്ടാവും. ഇത് സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കാം.
കാസിം ഇരിക്കൂർ
You must be logged in to post a comment Login