അറബി – ആഫ്രിക്ക വ്യാപാരം

അറബി – ആഫ്രിക്ക വ്യാപാരം

കിഴക്കന്‍ ആഫ്രിക്കന്‍ സമുദ്രവുമായി ഗ്രീക്കുകാര്‍ക്ക് മുമ്പേ അറബികള്‍ക്ക് ബന്ധമുണ്ടായിരുന്നെങ്കിലും അറബ് കുടിയേറ്റം, വ്യാപാരം എന്നിവ മുഹമ്മദ് നബിയുടെ ഇസ്‌ലാം പ്രബോധനത്തിന് ശേഷമാണ് വര്‍ധിച്ചത്. നബിയുടെ ആദ്യകാലത്ത് മുസ്‌ലിംകള്‍ ആഫ്രിക്കയിലെത്തിയത് അബ്‌സീനിയയിലേക്കുള്ള (എത്യോപ്യ) ഒരു കൂട്ടം അഭയാര്‍ഥികളായാണ്. മക്കയിലെ പ്രമാണിമാരായ ഖുറൈശികളുടെ പീഡനം സഹിക്കവയ്യാതെ മുസ്‌ലിം അബ്‌സീനിയയിലെ നേഗസ് (നജ്ജാശി) ചക്രവര്‍ത്തിയുടെ പക്കല്‍ അഭയം തേടുകയായിരുന്നു. പിന്നീട് ഒമാനികള്‍ കിഴക്കന്‍ ആഫ്രിക്കയിലേക്ക് 690ല്‍ ഇറാഖ് ഗവര്‍ണര്‍ ഹജ്ജാജിന്റെ പീഡനം കാരണം എത്തി. ആഫ്രിക്കന്‍ നിവാസികള്‍ ഹബ്ഷി, സന്‍ജ് എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഹബ്ഷി അബ്‌സീനിയന്‍ ജനങ്ങളാണ്. നീഗ്രോകളെ പൊതുവേ സന്‍ജ് എന്ന് വിളിക്കും. പടിഞ്ഞാറേ ആഫ്രിക്ക ബിലാദ് സുഡാന്‍ (സൂദാന്‍) അല്ലെങ്കില്‍ കറുത്തവരുടെ രാജ്യം എന്ന് അറിയപ്പെട്ടു; സന്‍ജ് രാജ്യത്തെ ഭരണാധികാരികള്‍ ‘വഫ്‌ലീമി’ എന്നും. ആഫ്രിക്കയില്‍ ആന സുലഭമായതിനാല്‍, ആനക്കൊമ്പ് ഇവിടെ കയറ്റുമതിയുടെ പ്രധാന ഇനമാണ്. ഭാരം, നിറം എന്നിവ അനുസരിച്ച് ആഫ്രിക്കന്‍ ആനക്കൊമ്പ് ഏഷ്യന്‍ ആനകളെക്കാള്‍ മികച്ചതായിരുന്നു. ഇവ ഒമാനിലേക്കും അവിടെനിന്ന് ഇന്ത്യയിലേക്കും ചൈനയിലേക്കും കൈമാറ്റം ചെയ്തു.

മധ്യകാലത്ത് ആഫ്രിക്ക സ്വര്‍ണത്തിന്റെ മുഖ്യസ്രോതസ്സായിരുന്നതുകൊണ്ട് അറബികള്‍ അതിനെ ‘ബിലാദ് അല്‍ തിബ്ര്‍’ അഥവാ സ്വര്‍ണഭൂമിയെന്നു വിളിച്ചു. ഘാന മരുഭൂമിയില്‍നിന്ന് കിട്ടുന്ന ഉപ്പ് സ്വര്‍ണത്തിനായി കൈമാറ്റം ചെയ്തു. സിജില്‍മാസയാണ് സ്വര്‍ണ വ്യാപാരത്തിന്റെ മുഖ്യകേന്ദ്രം, ഈ ലാഭം സ്വന്തമാക്കാന്‍ 951 എ ഡിയില്‍ ഈജിപ്തിലെ ഫാതിമി ഖലീഫ സിജില്‍മാസ കീഴടക്കി. പിന്നീട് സ്‌പെയിനിലെ ഉമവി ഖലീഫയും ആധിപത്യം സ്ഥാപിച്ചു. പത്താം നൂറ്റാണ്ടോടുകൂടി മെഡിറ്ററേനിയന്‍ പ്രദേശത്തേക്ക് വലിയ അളവില്‍ സ്വര്‍ണം എത്താന്‍ തുടങ്ങി. ഇക്കാലത്ത് അറബികള്‍ ആഫ്രിക്കയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ കുടിയേറ്റങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞിരുന്നു. ഇതില്‍ പ്രധാനമാണ് സൊഫാല, മന്‍ദ, കില്‍വ, സന്‍സിബാര്‍, മൊംബസ, മാലിന്തി, മെസ്‌കാ, മൊഗാദിഷു, ദഹ്‌ലാക്, സവാകിന്‍, അയ്ദാബ്. എന്നീ പ്രദേശങ്ങള്‍. മൊംബാസ, കില്‍വ എന്നീ പ്രദേശങ്ങളില്‍ അറബ് രാഷ്ട്രീയ ശക്തി പ്രകടമായിരുന്നു. സൊഫാല സ്വര്‍ണ വ്യാപാരത്തിന്റെ വിപണന സ്ഥലമാണ്. ഈ തുറമുഖങ്ങളുടെ വ്യാപാരികള്‍ തങ്ങളുടെ അന്തസ്സ് ഉയര്‍ത്താന്‍ ഇസ്‌ലാമിക സംസ്‌കാരം സ്വീകരിച്ചു. ഒമാനിലെ അറബികള്‍ വളരെ സ്വാധീനമുള്ളവരായതിനാല്‍ സാന്‍സിബാര്‍ ഒമാന്‍ സുല്‍ത്താന്റെ കീഴിലായിരുന്നു. കുടിയേറ്റം, മത പരിവര്‍ത്തനം, വിവാഹ ബന്ധങ്ങള്‍ എന്നിവ വഴി ഒരു സങ്കര ആഫ്രോ-അറേബ്യന്‍ നാഗരികത രൂപംകൊണ്ടു. ഇതിന് സ്വാഹിലീ സംസ്‌കാരം എന്നും പറയും. കിഴക്കനാഫ്രിക്കന്‍ തീരം സ്വാഹിലീ എന്നാണറിയപ്പെടുന്നത്. ഇവിടത്തുകാരുടെ ഭാഷക്കും സ്വാഹിലി എന്നാണ് പേര്. ഇവിടെ ആധിപത്യം പുലര്‍ത്തിയത് കിഴക്കന്‍ ആഫ്രിക്കയുടെ കടല്‍ വ്യാപാരം നിയന്ത്രിക്കുന്ന വ്യാപാരി സമൂഹമായിരുന്നു.

ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഫ്രിക്കയുടെ ചെങ്കടല്‍ തീരപ്രദേശത്ത് അറബ് കച്ചവടക്കാരും കുടിയേറ്റക്കാരും താമസിച്ചുപോന്നു. ചെങ്കടലിലെ കച്ചവടവും കപ്പല്‍ യാത്രയും അറബികളുടെ നിയന്ത്രണത്തിലായി. ബസറയിലേക്കുള്ള വ്യാപാര മാറ്റം മൂലം ഏഴാം നൂറ്റാണ്ടില്‍ തകര്‍ന്ന അലക്‌സാണ്ട്രിയ തുറമുഖങ്ങള്‍, പേര്‍ഷ്യ, ലെവന്റിലെ (സൈപ്രസ്, ഈജിപ്ത്, ഇറാഖ്, ഇസ്രായേല്‍, ജോര്‍ദാന്‍, ലബനാന്‍, ഫലസ്തീന്‍, സിറിയ, തുര്‍ക്കി എന്നീ രാജ്യങ്ങളടങ്ങുന്ന പ്രദേശം) തുറമുഖങ്ങളും പഴയകാല മഹത്വം വീണ്ടെടുക്കാന്‍ തുടങ്ങി. ബസ്‌റ മെഡിറ്ററേനിയന്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവയ്ക്കിടയിലെ ഏറ്റവും വലിയ കണ്ണിയായി നിലകൊണ്ടു. അലക്‌സാണ്ട്രിയ തുറമുഖങ്ങളെ കുറിച്ച് എ ഡി 1326ല്‍ ഇബ്‌നു ബതൂത ഇങ്ങനെ രേഖപ്പെടുത്തി: ‘ഈ തുറമുഖങ്ങള്‍ ഇന്ത്യയിലെ കൂലം (കൊല്ലം), കോഴിക്കോട്, തുര്‍ക്കി ദേശത്തെ സുഡാക്, ചൈനയിലെ സെയ്തുന്‍ തുറമുഖം എന്നീ തുറമുഖങ്ങള്‍ക്ക് തുല്യമാണ്.’ അലക്‌സാണ്ട്രിയയില്‍ നിന്ന് കൈറോയിലേക്കും അവിടെനിന്നും ഈജിപ്തിലെ അസ്വാനിലേക്കും വ്യാപാരം സമൃദ്ധമായി നടന്നു. അറബികള്‍ ചെങ്കടല്‍ തുറമുഖങ്ങളുടെ നിയന്ത്രണം നേടിയപ്പോള്‍ എത്യോപ്യന്‍ ക്രിസ്ത്യന്‍ രാഷ്ട്രമായ ആക്‌സും, അതിന്റെ തുറമുഖമായ അദുലിസ് എന്നിവ ക്രിസ്ത്യന്‍ രാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു. കാരണം ചുറ്റുപാടും മുസ്‌ലിം ഭൂമിയായ സുഡാന്‍, എരിത്രിയ, ഹോണ്‍ ഓഫ് ആഫ്രിക്ക എന്നിവയായിരുന്നു. അങ്ങനെ എത്യോപ്യയുടെ വിദേശ വ്യാപാരം ഇസ്‌ലാമിക വ്യാപാരത്തിന് കീഴ്‌പ്പെട്ടു.
കിഴക്കന്‍ ആഫ്രിക്കയുടെ തീരപ്രദേശങ്ങളില്‍ അറബ് കച്ചവടക്കാരുടെ സാന്നിധ്യം നിരവധി വൈവിധ്യമാര്‍ന്ന വ്യാപാര മേഖലകള്‍ വികസിപ്പിച്ചെടുത്തു. ഗ്രാമീണ, കാര്‍ഷിക മേഖലയിലെ താമസക്കാര്‍ ആനക്കൊമ്പ്, സ്വര്‍ണം എന്നിവ ശേഖരിച്ച് തീരനഗരങ്ങളിലേക്ക് കച്ചവടം ചെയ്യാന്‍ തുടങ്ങി. ഏഷ്യന്‍ ചരക്കുകളുടെ ആവശ്യം ഉള്‍പ്രദേശങ്ങളില്‍ പരിമിതമായിരുന്നു. ഏഷ്യന്‍ ഗ്ലാസ്, മെറ്റല്‍ ഗുഡ്‌സ്, കാര്‍പെറ്റുകള്‍ എന്നിവ പ്രധാനമായും ഇറക്കുമതിചെയ്തത് തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വേണ്ടിയാണ്. ഏഷ്യന്‍ ചരക്കുകളായ കടല്‍ കക്കകളും ഗ്ലാസ് മുത്തുകളും സമൃദ്ധിയുടെയും സമ്പത്തിന്റെയും ചിഹ്നങ്ങളായിരുന്നു. നീഗ്രോ ദേശങ്ങളില്‍ ഇവക്ക് പ്രിയം കൂടി. അവര്‍ പണത്തിന് പകരമായി വിവിധയിനം കക്കകള്‍ ഉപയോഗിച്ചു. ഏഷ്യക്കാരായ മധ്യ കിഴക്കന്‍ വ്യാപാരികള്‍ പലപ്പോഴും സോമാലിയ, കെനിയ, കില്‍വ പോലുള്ള പ്രദേശങ്ങളില്‍ സഞ്ചരിച്ചു. കില്‍വയുടെ തെക്കന്‍ തീരം ആഫ്രിക്കന്‍ നാവികസേനയും വ്യാപാരികളും നിയന്ത്രിച്ചുപോന്നു. അറബികള്‍ അല്‍-ഖുംര്‍, വഖ്വാഖ് എന്ന് വിളിച്ച മഡഗാസ്‌കര്‍ ദ്വീപില്‍ പ്രാകൃത കറുത്തവര്‍ഗക്കാരും സുമാത്രക്കാരായ കുടിയേറ്റക്കാരും താമസിച്ചിരുന്നു.

ഹബ്ഷികള്‍ (അബിസീനിയക്കാര്‍) മധ്യകാലത്തെ ശ്രദ്ധേയരായ നാവികരും കപ്പലുകളുടെ കാവല്‍ക്കാരുമായിരുന്നു. ഇബ്‌നു ബതൂതയെ കോഴിക്കോട്ട് എത്തിച്ച കിവ (മധ്യേഷ്യ) സ്വദേശിയായ ഇബ്രാഹിമിന്റെ കപ്പലില്‍ അന്‍പത് നാവികരും അന്‍പത് അബിസീനിയന്‍ കപ്പല്‍ യോദ്ധാക്കളും ഉണ്ടായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ കപ്പല്‍ യാത്രയുടെ സുരക്ഷിതത്വത്തിന്റെ മേല്‍നോട്ടം വഹിച്ച ഇവരുടെ കപ്പലുകള്‍ കൊള്ളയടിക്കപ്പെട്ടില്ല. മധ്യകാലത്ത് ആഫ്രിക്കയിലെ പ്രധാന കയറ്റുമതി ഇനങ്ങളായിരുന്നു അത്തറുകള്‍, ആമത്തോട്, ആനക്കൊമ്പ്, കാണ്ടാമൃഗത്തിന്റെ കൊമ്പ്, തേങ്ങ, റോക്ക് ക്രിസ്റ്റല്‍, കണ്ടല്‍ തണ്ട്, സ്വര്‍ണം, അടിമകള്‍ തുടങ്ങിയവ. ആഫ്രിക്കയിലേക്ക് തുണി, മുത്ത്, ഇരുമ്പ് ഉല്‍പന്നങ്ങള്‍, കളിമണ്‍ വസ്തുക്കള്‍, ഗ്ലാസ് വെയറുകള്‍ എന്നിവ ആഫ്രിക്കയിലേക്ക്, ഇന്ത്യയില്‍നിന്നും മറ്റും ഇറക്കുമതിചെയ്തു, അതേസമയം, അസംസ്‌കൃത ഇരുമ്പ് സൊഫാലയില്‍നിന്ന് കയറ്റുമതി ചെയ്യപ്പെട്ടു. അറബികളുടെ അടിമ കച്ചവടത്തിലെ പ്രധാന സ്രോതസായിരുന്നു ആഫ്രിക്ക. ഇബ്‌നു ഖല്‍ദൂന്റെ അഭിപ്രായത്തില്‍ കറുത്ത ആഫ്രിക്കന്‍ ജനതയായിരുന്നു അടിമകളായി കരുതപ്പെട്ടിരുന്നത്. അവരുടെ അധമത്വം, മൃഗത്തിന് തുല്യമായ ജീവിതം എന്നിവ അവരുടെ അടിമത്വത്തിനുകാരണമായി. ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍, പതിനാലു വര്‍ഷക്കാലം (870-883) നീണ്ടുനിന്ന സിറിയന്‍ പ്രദേശത്തെ സന്‍ജ് വിപ്ലവഫലമായി അബ്ബാസി ഖലീഫ അല്‍ മുഅ്തമിദിന്റെ ഭരണകാലത്ത് ഒന്നര ലക്ഷത്തോളം വരുന്ന അടിമകള്‍ കൊല്ലപ്പെട്ടു. അത്രയും അടിമകള്‍ ഈ അറബ് ദേശങ്ങളില്‍ ഉണ്ടായിരുന്നുവെന്ന് ഇത് തെളിയിക്കുന്നു. ആഫ്രിക്കന്‍ അടിമകളെ മധ്യകാലത്ത് പലതരം ജോലികള്‍ക്കായി (വീട്ടുജോലികള്‍ തൊട്ട് സൈനികസേവനങ്ങള്‍ക്കും പര്യവേക്ഷണങ്ങള്‍ക്കും വരെ) അറബികള്‍ ഉപയോഗിച്ചിരുന്നു. അടിമ വ്യാപാരമാണ് ആദിമകാലത്തും മധ്യകാലത്തും അറബികളുമായി യൂറോപ്പ് നടത്തിയ ഏറ്റവും പ്രധാനപ്പെട്ട കച്ചവടം. എ ഡി 850-1000 കാലഘട്ടത്തില്‍ ചെങ്കടലും ഇന്ത്യന്‍ മഹാസമുദ്രവും ഇസ്‌ലാമിക് ഏഷ്യയിലേക്കും ഇന്ത്യയിലേക്കും കയറ്റുമതിചെയ്ത കറുത്ത അടിമകളുടെ എണ്ണം വര്‍ഷത്തില്‍ 10,000 ആയിരുന്നു എന്നാണ് കണക്ക്.
മധ്യകാലത്ത് സിജില്‍മാസയാണ് നീഗ്രോ നാട്ടിലെ പ്രധാന വ്യാപാരകേന്ദ്രം. ഇബ്‌നു ബതൂത തഗാസ എന്ന ഗ്രാമത്തിലെ ഉപ്പ് ഖനികളെക്കുറിച്ച് പറയുന്നുണ്ട്. ഉപ്പ് ഇവിടെ പണത്തിന് പകരം ഉപയോഗിച്ചിരുന്നു. സ്വര്‍ണം, വെള്ളി നാണയങ്ങള്‍ പോലെ. നീഗ്രോകളുടെ വടക്കേ അറ്റത്തെ പ്രവിശ്യയായ ഇവാലാതന്‍ നിവാസികള്‍ മരുമക്കത്തായം പിന്തുടര്‍ന്നു. ഘാനയില്‍ നിന്ന് അറബ് കച്ചവടക്കാര്‍ സ്വര്‍ണം കൊണ്ടുവന്നത് സഹാറ മരുഭൂമി മറികടന്നാണ്. അറബ് അള്‍ജീരിയ, ടുണീഷ്യ, മൊറോക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാപാരികളും യാത്രക്കാരും ആഫ്രിക്കയുടെ ഉള്‍പ്രദേശങ്ങളിലൂടെ മാസങ്ങള്‍ യാത്ര ചെയ്ത്, ബുജാ രാജ്യത്തെ അലാഖി, നൈജര്‍ തീരത്തെ കിഴക്കന്‍ അസ്വാന്‍, ഘാന എന്നീ സ്വര്‍ണ ഖനികളിലെ വ്യാപാര കേന്ദ്രങ്ങളിലെത്തിയിരുന്നു. ഒമ്പതാം നൂറ്റാണ്ടോടെ പാശ്ചാത്യ പ്രദേശങ്ങളെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ ഉണ്ടായി. യൂറോപ്യര്‍ക്ക് ഈ ‘ഇരുണ്ട ഭൂഖണ്ഡത്തിന്റെ’ ഉള്‍ഭാഗങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. അറബികളെയാണ് അവര്‍ ആശ്രയിച്ചുവന്നത്. ക്രിസ്തു മതം സ്വീകരിച്ച ലീയോ ആഫ്രിക്കന്‍ (എ ഡി 1526) എഴുതിയ വിവരങ്ങളാണ് ആഫ്രിക്കയെക്കുറിച്ചുള്ള യൂറോപ്യന്മാരുടെ ഒരേയൊരു രേഖ. കിഴക്കന്‍ ആഫ്രിക്കയിലെ അറബികളെ സംബന്ധിച്ചിടത്തോളം ഗുഡ് ഹോപ്പിലൂടെ യൂറോപ്യര്‍ പുതിയ മാര്‍ഗം കണ്ടെത്തിയത് അറബികളെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തം തന്നെയായി എന്നുവേണം കുരുതാന്‍. ഇതുകാരണമായി പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍തന്നെ അറബ് വ്യാപാരത്തിന്റെ ശനിദശ തുടങ്ങി. കിഴക്കെ ആഫ്രിക്കന്‍ തീരത്തുനിന്ന് അറബ് ആധിപത്യത്തിന്റെ അന്ത്യം കുറിക്കുവാന്‍ പോര്‍ച്ചുഗീസുകാരെ തുണച്ചത് ഇബ്‌നു മാജിദ് എന്നൊരു അറബ് നാവികനാണെന്നത് ചരിത്രത്തിന്റെ നിയോഗമായിരുന്നു.

ഹുസൈന്‍ രണ്ടത്താണി

 

You must be logged in to post a comment Login