‘നീ പാകിസ്ഥാനിയാണോ അതോ ഭീകരവാദിയോ?’ രാജ്യത്തെ വിഭജന രാഷ്ട്രീയത്തിന്റെ വിഷപ്പുക ക്ലാസ് മുറികളിലേക്കും വമിക്കുമ്പോള്‍ മുസ്ലിം കുട്ടികള്‍ സ്‌കൂളുകളില്‍ ഇത്തരം ചോദ്യങ്ങള്‍ നേരിടുന്നതും വര്‍ധിച്ചുവരികയാണ്.
ഒന്‍പതുകാരി ‘സോയ’ ഈയടുത്ത് ഡല്‍ഹിയിലെ അവള്‍ പഠിക്കുന്ന സ്‌കൂളില്‍ നിന്നും അപ്രതീക്ഷിതവും അതിശയിപ്പിക്കുന്നതുമായൊരു ചോദ്യം നേരിട്ടു. അവളുടെ ഉപ്പ വീട്ടില്‍ വെച്ച് ബോംബുണ്ടാക്കാറുണ്ടോ എന്ന്. ഈ ചോദ്യത്തിലേക്കെത്തിച്ചത് ഒരു ചിത്രമാണ്, അവളുടെ സ്‌കൂള്‍ ഡയറിയിലുള്ള താടിയുള്ള ഉപ്പയുടെ ചിത്രം. കാര്യങ്ങളൊക്കെ പതിയെ മോശമായി കഴിഞ്ഞിട്ടുണ്ട്. സോയയുടെ സഹപാഠികളാരും അവള്‍ക്കൊപ്പം ഭക്ഷണം കഴിക്കാറില്ലത്രെ. കാരണം അവള്‍ എപ്പോഴും മാംസം മാത്രമേ കഴിക്കൂ എന്നാണവര്‍ കരുതുന്നത്. ‘ദാലും ചപ്പാത്തിയുമൊന്നും ഒരിക്കലും മുസ്ലിം ആഹാരക്രമത്തില്‍ വരില്ലെന്നാണ് അവര്‍ ധരിച്ചുവെച്ചിരിക്കുന്നത്’. പത്ര പ്രവര്‍ത്തകനായ അവളുടെ ഉപ്പ ഇര്‍ഫാന്‍ അഹ്മദാണിത് പറഞ്ഞത്. ‘മുസ്ലിംകളെപ്പോഴും ബീഫും മട്ടനും വാരി വിഴുങ്ങിക്കൊണ്ടിരിക്കുകയാണെന്ന മണ്ടന്‍ സ്റ്റീരിയോടൈപ്പാണിത്’. അദ്ദേഹം രോഷം കൊണ്ടു. സമാന സംഭവങ്ങള്‍ സാധാരണയായിക്കൊണ്ടിരിക്കേ ഇത്തരം മുറിവേല്‍പ്പിക്കുന്ന അധിക്ഷേപങ്ങളെ എങ്ങനെ ധൈര്യപൂര്‍വം നേരിടാമെന്ന് തന്റെ പെണ്‍മക്കളെ പഠിപ്പിക്കുന്ന തിരക്കിലാണിപ്പോള്‍ അഹ്മദ്.
പതിനൊന്നുകാരന്‍ അബ്ദുലിന്റെ മാതാവ് ഫാത്തിമ ഓര്‍ക്കുന്നത് ഒരു ദിവസം സ്‌കൂളില്‍ നിന്നും കരഞ്ഞുകൊണ്ട് വരുന്ന മകനെയാണ്. മുസ്ലിമാവല്‍ അത്ര മോശമായ കാര്യമാണോ എന്നായിരുന്നു അവന്‍ നിഷ്‌കളങ്കമായി ചോദിച്ചത്. ഞാനിനി സ്‌കൂളിലേക്കേ പോകുന്നില്ലെന്നും കൂടി പറഞ്ഞപ്പോള്‍ ഫാത്തിമ കാര്യം തിരക്കി. ഒരുപാട് പ്രാവശ്യം അവനോട് ചോദിച്ചപ്പോള്‍ അവന്‍ തിരിച്ചുചോദിച്ചത് എന്തുകൊണ്ടാണ് മുസ്ലിംകളെ ഭീകരവാദികള്‍ എന്ന് വിളിക്കുന്നതെന്നായിരുന്നു. ‘ഈ മറുപടി എന്നെ ഞെട്ടിച്ചുകളഞ്ഞു.’ ഫാത്തിമ പറഞ്ഞു. ബാംഗ്ലൂരിലെ ഉയര്‍ന്നൊരു സ്‌കൂളില്‍ പഠിക്കുന്ന അബ്ദുല്‍ രണ്ടുവര്‍ഷമായി കുറച്ച് ആണ്‍കുട്ടികളില്‍നിന്നും ഇത്തരം അധിക്ഷേപങ്ങളും പരിഹാസങ്ങളും നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ഫാത്തിമ പതിയെ മനസ്സിലാക്കി. ‘എന്റെ മകനോടവര്‍ പറഞ്ഞത് ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് ഒരു സ്ഥാനവുമില്ലെന്നും പാകിസ്ഥാനിലേക്ക് പോകാനുമാണ്. അതുമാത്രമല്ല, ഇടയ്ക്കിടക്ക് മുസ്ലിംകളെല്ലാം തീവ്രവാദികളാണെന്നും അവനോട് പറഞ്ഞുകൊണ്ടേയിരുന്നു. ആ കുഞ്ഞുമനസ്സിനത് താങ്ങാവുന്നതിനപ്പുറമായിരുന്നു.’ ഫാത്തിമ വികാരാധീനയായി.
അവസാനം ഇതിനൊരറുതി വന്നത് ഫാത്തിമ സ്‌കൂളില്‍ പരാതിപ്പെട്ടപ്പോഴാണ്. വേണ്ട അച്ചടക്ക നടപടികള്‍ സ്‌കൂളധികൃതര്‍ സ്വീകരിക്കുകയും ഫാത്തിമയോടും അബ്ദുലിനോടും മാപ്പ് ചോദിക്കുകയുമുണ്ടായി. ഫാത്തിമ പറയുന്നത് അതും നടന്നത് പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ മാത്രമാണെന്നാണ്.
‘എന്റെ മകന്‍ മുസ്ലിമായി എന്നൊരൊറ്റ കാരണത്താല്‍ മാത്രമാണ് അവനിത്രയും പീഡനങ്ങളിലൂടെ കടന്നുപോവേണ്ടി വന്നത്.’ ഫാത്തിമ സങ്കടപ്പെട്ടു. ‘തല്‍ഫലമായി അവന് വിഷാദരോഗം വരെ ബാധിച്ചതായി കണ്ടെത്തി.’
‘കഴിഞ്ഞ വര്‍ഷവും അബ്ദുലിന് ഇത്തരം അതിക്രമങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. അവന്റെ കൂടെ സ്‌കൂള്‍ ബസിലുണ്ടായിരുന്ന ഒരു കുട്ടി അവനെ നിരന്തരമായി പാകിസ്ഥാനി എന്ന് വിളിച്ച് കളിയാക്കാറുണ്ടായിരുന്നു. ആദ്യം അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും അവനത് കൂടുതല്‍ സഹിക്കാന്‍ കഴിയുമായിരുന്നില്ല. അങ്ങനെ ഈ വിവരം അവനെന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ സ്‌കൂള്‍ ബസിന്റെ ഡ്യൂട്ടിയിലുള്ള അധ്യാപകനോട് പരാതിപ്പെട്ടു. അപ്പോഴാണ് ആ കുട്ടി അത് നിര്‍ത്തിയത്.’ ഫാത്തിമ പറഞ്ഞുനിര്‍ത്തി.
ധ്രുവീകരണമുണ്ടാക്കുന്ന പൊതുബോധ നിര്‍മിതികള്‍
സോയയുടെയും അബ്ദുലിന്റെയും കഥകള്‍ നമ്മുടെ രാജ്യത്ത് ഇന്ന് അസാധരണ സംഭവങ്ങളൊന്നുമല്ല. രാഷ്ട്രീയത്തിന്റെയും സമൂഹത്തിന്റെയും ബഹുജനമാധ്യമങ്ങളുടെയും സമൂഹ മാധ്യമങ്ങളുടെയുമെല്ലാം വിശാല ലോകത്ത് മാത്രം ഒതുങ്ങിനിന്നിരുന്ന വര്‍ഗീയത ചുരത്തുന്ന മുസ്ലിം സംബന്ധിയായ പൊതുബോധ നിര്‍മിതികള്‍ ഇപ്പോള്‍ ക്ലാസ് മുറികളിലേക്കും കളിസ്ഥലങ്ങളിലേക്കുമെല്ലാം ചേക്കേറി തുടങ്ങിയിട്ടുണ്ട്. എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ നടാശ ബദ്വാര്‍ പറയുന്നു: ‘ഇന്ന് മുസ്ലിം, രാജ്യത്തിനൊരു ഭീഷണിയും രാഷ്ട്രത്തില്‍ നിന്ന് പുറന്തള്ളപ്പെടേണ്ടവരുമായിരിക്കുന്നു. തീര്‍ച്ചയായും കുട്ടികളില്‍ നിന്നുള്ള ഒരു തലമുറയെയൊന്നാകെ വലിയതോതില്‍ ഇത് ബാധിക്കാനിടയുണ്ട്.’ ബദ്വാറിന്റെ ഭര്‍ത്താവ് ഒരു മുസ്ലിമായതുകൊണ്ട് അവരുടെ മക്കള്‍ക്ക് തങ്ങളുടെ അര്‍ധ മുസ്‌ലിം ഐഡന്റിറ്റി കാരണം അത്ര സുഖകരമല്ലാത്ത പല ചോദ്യങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ‘എന്റെ അനുഭവത്തില്‍ രാജ്യത്തെ ഏകദേശം എല്ലാ മുസ്ലിംകള്‍ക്കും കുട്ടിയായിരിക്കേ നേരിട്ട ഒറ്റപ്പെടലിന്റെ ധാരാളം കഥകള്‍ പറയാനുണ്ടാകും. അഭിമാനക്ഷതമേറ്റ ഓര്‍മകള്‍പോലെ പിന്തുണയുടെയും ചേര്‍ത്തുപിടിക്കലിന്റെയും ഓര്‍മകള്‍ ഉള്ളില്‍ മായാതെ കിടക്കുന്നുണ്ടാകും. പക്ഷേ, നിര്‍ഭാഗ്യവശാല്‍ മാറ്റിനിര്‍ത്തപ്പെടലിന്റെ കഥകളാണിന്ന് മേല്‍ക്കൈ നേടിയിരിക്കുന്നത്. ഇതേ കാരണങ്ങള്‍ കൊണ്ടാണ് എന്റെ പെണ്‍മക്കള്‍ക്ക് കുത്തുവാക്കുകള്‍ ഏല്‍ക്കേണ്ടി വരുന്നതും.’
‘മതറിംഗ് എ മുസ്ലിം’ എന്ന പുസ്തകത്തിന്റെ രചയിതാവ് നാസിയ ഇറം പറയുന്നത്, ഇന്ത്യയില്‍ ഒരു ശരാശരി മുസ്ലിമിന് കാര്യങ്ങള്‍ ഇത്രമേല്‍ ബീഭത്സമായതിന്റെ മുഖ്യകാരണം മീഡിയകളാണെന്നാണ്. ദിവസം തോറും വാര്‍ത്താ ചാനലുകളുടെ ഡിബേറ്റ് സര്‍ക്കിളുകളില്‍ ചികഞ്ഞുകൊണ്ടിരിക്കുന്നത് മുസ്ലിമിനെക്കുറിച്ച് എന്തെങ്കിലും ഒരു നെഗറ്റീവാണ്. അതൊരിക്കല്‍ ദേശീയ പതാകയെ ചൊല്ലിയാവാം, ചിലപ്പോള്‍ പാകിസ്ഥാനെക്കുറിച്ചോ വന്ദേമാതരെത്തെക്കുറിച്ചോ ഒക്കെ ആകാം. നിങ്ങള്‍ക്കൊരിക്കലും നിങ്ങളുടെ കുട്ടികളെ ഈ ഗൂഢലക്ഷ്യങ്ങളില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കഴിയില്ല. അതേ സമയം കുട്ടികള്‍ മുതിര്‍ന്നവരെ അനുകരിച്ച് സഹപാഠികളായ മുസ്ലിം വിദ്യാര്‍ഥികളോടും മോശമായ രീതിയില്‍ പെരുമാറാന്‍ തുടങ്ങുന്നു. മുസ്ലിമാവല്‍ തെറ്റോ മോശമായൊരു കാര്യമോ ആയി കരുതുന്നൊരിടത്തു നിന്ന് വരുന്ന കുട്ടികള്‍ തങ്ങളുടെ സഹപാഠികളിലൊരാള്‍ മുസ്ലിമാണെന്നറിയുേമ്പാള്‍ അവരില്‍ നിന്ന് വരുന്ന സംശയങ്ങളും ചോദ്യങ്ങളും തികച്ചും നിഷ്‌കളങ്കമായിട്ടേ കാണാന്‍ പറ്റൂ. ‘തന്റെ കുട്ടികളുടെ അനുഭവം പങ്കുവെച്ച് കൊണ്ടുള്ള ബദ്വാറിന്റെ വിശദീകരണമാണിത്. നീയൊരു പാകിസ്ഥാനിയാണോ എന്ന് സഹപാഠികള്‍ ചോദിക്കുമ്പോള്‍ ബദ്വാറിന്റെ മകള്‍ സഹര്‍ രണ്ടാം ക്ലാസിലായിരുന്നു. പാകിസ്ഥാനില്‍ ബന്ധുവുള്ള സഹര്‍ പറയുന്നു, ‘നഴ്‌സറി മുതല്‍ ഒരേ സ്‌കൂളില്‍ അവരോടൊന്നിച്ച് പഠിക്കുന്ന എന്നോടുള്ള ഈ ചോദ്യം എനിക്കപ്പോള്‍ വളരെ വിചിത്രമായി തോന്നി. അതെനിക്കൊരു നിന്ദയായി പോലും തോന്നിയില്ല. അവര്‍ക്ക് പോലും അവരെന്താണെന്നോട് ചോദിച്ചതെന്തന്നറിയുമോ എന്നെനിക്കുറപ്പില്ല. അവര്‍ വീട്ടിലും വാര്‍ത്തകളിലും കേട്ടത് ആവര്‍ത്തിക്കുക മാത്രമായിരിക്കും ചെയ്തിട്ടുണ്ടാവുക.’
ഭയവും അന്യവത്കരണവും
പതിനാറുകാരിയായ സഹര്‍ വിശ്വസിക്കുന്നത് ചാനലുകള്‍ പാകിസ്ഥാനെ അവതരിപ്പിക്കുന്ന ശൈലി വളരെ വിചിത്രമാണെന്നാണ്. ഏതോ അന്യഗ്രഹജീവികളോടെന്ന പോലെയാണ് പാകിസ്ഥാനെക്കുറിച്ച് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. നമുക്കൊക്കെ ദുര്‍ഗ്രാഹ്യമായ എന്തോ ചില പ്രത്യേകതകള്‍ അവര്‍ക്കുള്ളത് പോലെ. സ്വാഭാവികമായും എന്റെ സഹപാഠികളെ സംബന്ധിച്ച് വര്‍ഷങ്ങളായി പാകിസ്ഥാനില്‍ ബന്ധുക്കളുള്ള ഒരു പെണ്‍കുട്ടിയായതുകൊണ്ട്, ആ വിചിത്ര ലോകവുമായി കൂടുതല്‍ അടുപ്പമുണ്ടാകുന്നത് അവര്‍ക്കെന്നോട് പ്രത്യേകതരം കൗതുകവും ജിജ്ഞാസയും തോന്നിയിരിക്കാം. ഈയൊരു പാകിസ്ഥാന്‍ വിരുദ്ധ, മുസ്ലിം വിരുദ്ധ കഥകളുടെ സ്വാധീനം കുട്ടികളില്‍ മാത്രം ഒതുങ്ങണമെന്നില്ല.
ഡല്‍ഹിയില്‍ കുട്ടികളുടെ മനഃശാസ്ത്രജ്ഞയായ ഡി. പൈവ ഒരു പത്തുവയസ്സുകാരിയുടെ അനുഭവം പങ്കുവെക്കുന്നുണ്ട്. കശ്മീരിലെ സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തന്റെ സഹപാഠികളെ തെര്യപ്പെടുത്താന്‍ ശ്രമിച്ചൊരു പെണ്‍കുട്ടി. ‘അവളൊരു മുസ്ലിമായിരുന്നില്ല. ഒരു ദിവസം അവള്‍ ചെറിയ ചീട്ടുകളെടുത്ത് കശ്മീര്‍ എന്നെഴുതി തന്റെ ക്ലാസിലെ ഓരോരുത്തര്‍ക്കും നേരെയെറിഞ്ഞു. എഴുത്ത് കണ്ട് അവരെല്ലാം കശ്മീരിനെക്കുറിച്ച് സംസാരിക്കാന്‍ മുന്നോട്ടുവരുമെന്ന കുഞ്ഞുമനസ്സിലെ പ്രത്യാശയായിരുന്നു ഇതിനു പിന്നില്‍. കുറച്ച് ദിവസങ്ങള്‍ക്കു ശേഷം ആരൊക്കെയോ അവളെ ആക്രമിക്കാന്‍ വരുന്നതായി സ്വപ്നം കാണാന്‍ തുടങ്ങി. അങ്ങനെയാണവളെ എന്റടുത്തേക്ക് കൊണ്ടുവരുന്നതും ഈ ഭയത്തിന്റെ ഉറവിടത്തെ കുറിച്ച് സംസാരിക്കുന്നതും. ആ ചീട്ടുകള്‍ നിയമ വിരുദ്ധമാണോ എന്നാണ് അവള്‍ക്കറിയേണ്ടിയിരുന്നത്. അപകടകരമായൊരു കാര്യമാണവര്‍ ചെയ്തതെന്ന് എവിടെ നിന്നോ കേട്ടിരുന്നു. ആ ഭീതിയാണവളെ രാത്രികാലങ്ങളില്‍ പേക്കിനാവുകളായി വന്ന് ഉറക്കം കെടുത്തിയിരുന്നത്.’
സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ചരിത്രങ്ങള്‍ മാറ്റിയെഴുതപ്പെട്ടുകൊണ്ടിരിക്കുന്നതും കുട്ടികളുടെ സ്വഭാവ സമീപനങ്ങളില്‍ നിഴലിച്ചുകാണും. കര്‍ണാടകയില്‍ ബിജെപി എംഎല്‍എ അപ്പാച്ചു രഞ്ജന്റെ ശിപാര്‍ശ പ്രകാരം സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്നും ടിപ്പുവിനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ എടുത്തുമാറ്റുന്നതിനെക്കുറിച്ച് ബിജെപി ആലോചനയിലാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ഭരണാധികാരിയായ ടിപ്പുവിനെ അപ്പാച്ചു, മതഭ്രാന്തന്‍ എന്നാണ് വിശേഷിപ്പിച്ചത്.
‘സ്റ്റേറ്റിനെതിരില്‍ മുദ്രകുത്തപ്പെടാന്‍ താത്പര്യപ്പെടാത്തതിനാല്‍ അധ്യാപകരാരും ഇതിനെതിരെ ഒരു ചെറുവിരലെങ്കിലുമനക്കാന്‍ പോകുന്നില്ല’. ബദ്വാര്‍ പറയുന്നു, ‘രാജസ്ഥാനില്‍ പാഠപുസ്തകങ്ങളില്‍ ഹിന്ദു രാജാക്കന്മാരെ മഹത്വവത്കരിക്കുകയും ഗോഡ്‌സെയും സവര്‍ക്കറുമെല്ലാം ആഘോഷിക്കപ്പെടുകയും ചെയ്യുമ്പോള്‍ തങ്ങളുടെ സുരക്ഷ മൗനമാണെന്ന് മനസ്സിലാക്കിയ ഒരുതരം നിശബ്ദത കൊണ്ടാണ് തലമുതിര്‍ന്നവര്‍ ഇതിനോടെല്ലാം പ്രതികരിക്കുന്നത്. ആരും ടാര്‍ഗറ്റ് ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. ഇതൊക്കെ ശരിയല്ലെന്ന് ബോധ്യമുള്ള അധ്യാപകര്‍ക്ക് പോലും തങ്ങള്‍ക്ക് ശബ്ദിക്കാനുള്ള വേദിയെക്കുറിച്ച് യാതൊരു തിട്ടവുമില്ല. കാരണം അവരും ആഗ്രഹിക്കുന്നത് സുരക്ഷിതമായൊരിടമാണ്. തെക്കന്‍ ഡല്‍ഹിയിലെ ഒരധ്യാപകന്‍ പ്രസംഗ പരിശീലന ക്ലാസില്‍ പന്ത്രണ്ടാം ക്ലാസുകാരനോട് വിഷയമെടുത്ത് പ്രസംഗിക്കാന്‍ പറഞ്ഞു. അവന്‍ പ്രസംഗിച്ചത് മുസ്ലിംകള്‍ ഭീകരരാണെന്നും എങ്ങനെയാണവരുടെ മതം ആളെ കൊല്ലാന്‍ പഠിപ്പിക്കുന്നത് എന്നുമൊക്കെയായിരുന്നു. ഞാനൊരു മുസ്‌ലിമാണെന്നവന്‍ അറിഞ്ഞിരുന്നോ, എന്തോ? എന്റെ ഐഡന്റിറ്റി അതിലേക്ക് വലിച്ചിടുന്നതിനെ കുറിച്ചൊരു സൂചനയും ഇല്ലായിരുന്നു. ഞാന്‍ അവനെ തടസ്സപ്പെടുത്തിയില്ല. പകരം മറ്റു മതങ്ങളില്‍ നിന്നുള്ള അക്രമികളെപ്പറ്റി അവരും ഭീകരവാദികളെന്ന് വിളിക്കപ്പെടില്ലേ എന്ന് ചോദിച്ച് അവനോട് വാദിച്ച് ബോധ്യപ്പെടുത്താനാണ് ശ്രമിച്ചത്. അല്ലെങ്കിലും വിദ്യാര്‍ഥികളോട് വാദങ്ങളുന്നയിച്ച് ബോധ്യപ്പെടുത്താനല്ലാതെ ഒരധ്യാപകന് എന്തുചെയ്യാന്‍ സാധിക്കും?’
ഇന്ന് കുട്ടികള്‍ക്കിടയില്‍ വിഭജനം വര്‍ധിച്ചുവരുന്നു. പൈവ പറയുന്നു ‘മതം മാത്രമല്ല, സാമൂഹിക സാമ്പത്തിക ഘടകങ്ങളും ഇതിനൊരു ഹേതുവാണ്. വിദ്യഭ്യാസ അവകാശ നിയമത്തിന്റെ കീഴില്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ എത്താന്‍ തുടങ്ങിയതിന് ശേഷം ഇത് വര്‍ധിച്ചു. സ്‌കൂളില്‍ ഒറ്റ സമൂഹമെന്ന ബോധവും പരസ്പര സഹകരണവും വ്യത്യസ്തതകളെ അനുഭാവപൂര്‍വം സമീപിക്കാനും അവയെ പുണരാനുള്ള പ്രാപ്തിയുമെല്ലാം കൈമോശം വന്നിരിക്കുന്നു.’
തലമുറകളായി കൊണ്ടുനടക്കുന്ന മുറിവും വെറുപ്പും പ്രത്യേകിച്ച് വിഭജനവുമായി ബന്ധപ്പെട്ട് നമുക്ക് മുന്നില്‍ ഇന്നും പരിഹരിക്കപ്പെടാതെ കിടപ്പുണ്ടെന്ന് പൈവ കൂട്ടിച്ചേര്‍ത്തു. അവര്‍ തുടരുന്നു. ‘ഒരാള്‍ യുദ്ധാനന്തര ജര്‍മനിയുടെ മനഃശാസ്ത്രപരവും വൈകാരികവുമായ പ്രവര്‍ത്തനത്തെ നോക്കിക്കാണുന്നത് ആരാധനാപൂര്‍വമാണ്. വര്‍ഷങ്ങളോളം അവര്‍ക്കിടയില്‍ എരിഞ്ഞിരുന്ന കുറ്റങ്ങളും മുറിവുകളും വിദ്വേഷവും നഷ്ടങ്ങളുമെല്ലാം സംഘങ്ങളായി വന്ന് ഒരുമിച്ചിരുന്ന് ഓര്‍ത്തെടുത്ത് പശ്ചാതാപ മനസ്സോടെ അവര്‍ ഒത്തുകൂടി പരിഹരിച്ചു. പരസ്പരം ക്ഷമിക്കാനും ഒരു സമൂഹമെന്ന നിലയില്‍ ഒരുമിച്ചിരിക്കാനുമെല്ലാം അപ്പോഴാണവര്‍ക്ക് സാധ്യമായത്. പരിഹരിക്കുക, മുന്നോട്ട് ഗമിക്കുക എന്ന പ്രായോഗിക സമീപനം നമ്മളുമെടുത്തിട്ടുണ്ട്. പക്ഷേ നമുക്കിപ്പോള്‍ വേണ്ടത് അതിര്‍ത്തിക്കിരുവശത്ത് നിന്നുമുള്ള വേദനകളും നഷ്ടങ്ങളുമെല്ലാം കേട്ട് മനസ്സിലാക്കി മുറിവുണങ്ങാന്‍ നമുക്ക് തന്നെ സമയം നല്‍കലാണ്.’
അതേസമയം, നമ്മുടെ കുട്ടികളെ നമുക്കെങ്ങനെ സഹായിക്കാന്‍ പറ്റും? ഈ രാജ്യത്തെ ബഹുസ്വരാദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവര്‍ അതുറക്കെ വിളിച്ചുപറയല്‍ അനിവാര്യമായ ഘട്ടമാണിത്. അഹ്മദ് പറയുന്നു: ‘ഒരുമിച്ച് നിന്നൊരു ഭൂതകാലമായിരുന്നു നമുക്ക്. ഇന്ന് നിങ്ങള്‍ നിശബ്ദരാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ തെറ്റുകാരാണ്.’ കൂട്ടത്തില്‍ അദ്ദേഹം ഒരുപദേശവും നല്‍കി. ‘ഒരല്‍പ സമയം പോലും നിങ്ങള്‍ ചാനല്‍ വാര്‍ത്തകളൊന്നും കാണാന്‍ മിനക്കെടരുതെന്ന്’.
(കടപ്പാട്: ദി ഹിന്ദു)
അര്‍ച്ചന നാഥന്‍
You must be logged in to post a comment Login