പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് നഷ്ടപ്പെടുന്നത് അതിന്റെ ആത്മാവാണ്. ഇന്ത്യ റിപ്പബ്ലിക് ആയതിനു ശേഷം അതിന്റെ മതനിരപേക്ഷ, ജനാധിപത്യ ഭരണഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വപ്പട്ടികയും. രാജ്യവ്യാപകമായ നിസ്സഹകരണ സമരത്തിലൂടെയാവണം അതിനെ നേരിടേണ്ടത്. ഈ പോരാട്ടത്തിന്റെ രൂപഭാവങ്ങള്‍ എന്തായിരിക്കണമെന്ന് നമ്മള്‍, ഇന്നാട്ടിലെ ജനങ്ങള്‍ നിശ്ചയിക്കണം.
നിതാന്തഭീഷണികള്‍ക്കു നടുവിലായിരുന്നെങ്കിലും ഇന്ത്യന്‍ ഭരണഘടനയെന്ന മഹാസൗധം ഇത്രനാളും തലയയുര്‍ത്തി നില്‍ക്കുകയായിരുന്നു. വര്‍ധിച്ച ഭൂരിപക്ഷത്തോടെ നരേന്ദ്ര മോഡി സര്‍ക്കാര്‍ മേയ് മാസത്തില്‍ വീണ്ടും അധികാരത്തില്‍ വന്നതോടെയാണ് അതിനു നേരെയുള്ള കടന്നാക്രമണങ്ങള്‍ക്ക് ശക്തിയേറിയത്. പൗരത്വഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കുകയാണെങ്കില്‍ ഇന്ത്യയുടെ ഭരണഘടനാ സൗധം ഇടിഞ്ഞുവീഴുക തന്നെ ചെയ്യും. അതിന് ഭരണഘടന മാറ്റിയെഴുതുകയൊന്നുംവേണ്ട. അതിന്റെ ആത്മാവാണ് ഉന്‍മൂലനം ചെയ്യപ്പെടുന്നത്. തകര്‍ന്ന ഭരണഘടനയുടെ അവശിഷ്ടങ്ങളില്‍ നിന്ന് പുതിയൊരു രാജ്യം ഉദയം ചെയ്യും. കലുഷമായ, ഭൂരിപക്ഷ ഹിതത്തിലും പേശീബലത്തിലും അധിഷ്ഠിതമായ, ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്നൊരു രാജ്യം.
ഉള്‍ക്കൊള്ളലിന്റെയും അവകാശങ്ങളുടെയും സങ്കീര്‍ണമായ പ്രതിദ്വന്ദങ്ങളെയാണ് ഈ ബില്‍ അഭിസംബോധന ചെയ്യുന്നത്. ആരൊക്കെയാണ് ഇന്ത്യയുടേത്? അതു നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്? അതോടൊപ്പം ആരുടേതാണ് ഇന്ത്യ എന്ന ചോദ്യവുമുണ്ട്. ബംഗാളി വേരുകളുള്ള യുവ അസമിസ് കവി കാസി നീല്‍ വിലപിച്ചു: ‘ഇത് എന്റെ രാജ്യമാണ്. പക്ഷേ ഞാന്‍ ഈ രാജ്യത്തിന്റേതല്ല’. അദ്ദേഹത്തിന് ഇന്ത്യയോട് സ്നേഹമാണ്. പക്ഷേ, ഇന്ത്യ അദ്ദേഹത്തെ ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നു.
അവകാശങ്ങള്‍ക്ക് ഉടമയാകാനുള്ള അവകാശത്തെയാണ് ആത്യന്തികമായി പൗരത്വം എന്നു വിളിക്കുന്നത്. ആര്‍ക്കാണ് ഈ രാജ്യത്ത് അവകാശങ്ങളുള്ളത്? ആര്‍ക്കൊക്കെയാണത് നിഷേധിക്കേണ്ടത്? മനുഷ്യത്വത്തിലും ഉള്‍ക്കൊള്ളലിന്റെ ആശയത്തിലും ഊന്നിയ ചട്ടക്കൂടുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. മഴവില്‍ നിറങ്ങളുള്ള അതിന്റെ കേന്ദ്രബിന്ദുതന്നെ ഇന്ത്യന്‍ പൗരത്വം ലഭിക്കാനുള്ള അര്‍ഹതയ്ക്ക് മതം ഒരു ഘടകമാകാന്‍ പാടില്ല എന്നതായിരുന്നു. ഹിന്ദുവിനും സിഖുകാരനും ബുദ്ധനും ജൈനനും എന്നതുപോലെത്തന്നെ ഇന്ത്യയില്‍ ഇവിടത്തെ മുസ്ലിംകള്‍ക്കും ക്രൈസ്തവര്‍ക്കും പാഴ്സികള്‍ക്കും തുല്യാവകാശമുണ്ട്.
ആരുടേതാണ് ഇന്ത്യ എന്ന ചോദ്യത്തില്‍ രാഷ്ട്രീയവും മതവും കലര്‍ന്നപ്പോഴാണ് ഇന്ത്യ വിഭജിക്കപ്പെട്ടത്. പൗരത്വത്തിന്റെ അടിസ്ഥാനം മതമായിരിക്കണമെന്നുപറഞ്ഞ മുസ്ലിം ലീഗ് ഇന്ത്യ ഒന്നല്ലെന്നും ഹിന്ദു ഇന്ത്യയും മുസ്ലിം പാകിസ്ഥാനുമായി രണ്ടാണെന്നും കരുതി. സവര്‍ക്കര്‍ അതിനോട് യോജിച്ചു. എന്നാല്‍ ഭൂരിപക്ഷ ഹിന്ദു ജനതയുടേതുമാത്രമാണ് ഇന്ത്യ എന്ന ആശയം ഇന്ത്യയുടെ ഭരഘടനാനിര്‍മ്മാണ സഭ അസന്ദിഗ്ധമായി തള്ളി: ‘ഇന്ത്യന്‍ പൗരനാണെന്ന് സ്വയം പറയുന്ന ഏതൊരാളെയും ഇന്ത്യ പൗരനായി സ്വീകരിക്കും’ എന്ന് ജവഹര്‍ലാല്‍ നെഹ്‌റു പ്രഖ്യാപിച്ചു.
പൗരത്വഭേദഗതി ബില്‍ കൊണ്ടുവരിക വഴി ബി.ജെ.പി സര്‍ക്കാര്‍ പഴയ മുറിവുകള്‍ ബോധപൂര്‍വം വീണ്ടും തുറക്കുകയാണ്. വിഭജനത്തിന്റെ ഭീതികളും ആശങ്കകളും വിദ്വേഷവും വീണ്ടും കൊണ്ടുവരികയാണ്. മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വത്തില്‍ സ്ഥാനഭേദം സൃഷ്ടിക്കുകയും അതില്‍ നിന്ന് മുസ്ലിംകളെ പിന്തള്ളുകയും ചെയ്തുകൊണ്ട് ഫലത്തില്‍ പഴയ ദ്വിരാഷ്ട്രവാദം ശരിവെക്കുകയാണ് ഈ ബില്‍.
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങളില്‍ മതപീഡനം നേരിടുന്നവര്‍ക്ക് അഭയം നല്‍കാനാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവരുന്നത് എന്നാണ് അവകാശവാദം. മതത്തിന്റെ പേരിലുള്ള പീഡനമാണ് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള അളവുകോലെങ്കില്‍ അതിന് ഏറ്റവും അര്‍ഹര്‍ പാകിസ്താനിലെ അഹമ്മദീയരും മ്യാന്‍മറിലെ റോഹിംഗ്യകളും ചൈനയിലെ ഉയ്ഗൂറുകളും അല്ലേ. മ്യാന്‍മറില്‍ വംശഹത്യയോടു പോരാടുന്നവരാണ് റോഹിംഗ്യകള്‍. ഉയ്ഗൂറുകളാകട്ടെ ചൈനയുടെ തടങ്കല്‍പാളയങ്ങളിലാണ്. ഇവരെക്കാളും പീഡിപ്പിക്കപ്പെടുന്നവര്‍ വേറെ ആരുണ്ട്?
ജനിച്ചത് ഇന്ത്യയിലാണെങ്കില്‍ ഇന്ത്യന്‍ പൗരത്വത്തിന് അവകാശമുണ്ട് എന്നതായിരുന്നു, 1987 വരെയുള്ള നിയമം. ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റത്തിനെതിരായ പ്രക്ഷോഭങ്ങള്‍ കണക്കിലെടുത്ത് അതിനുശേഷമാണത് ഭേദഗതി ചെയ്തത്. ഇന്ത്യയില്‍ ജനിച്ചാല്‍ മാത്രം പോരാ, മാതാപിതാക്കളില്‍ ഒരാള്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉണ്ടായിരിക്കണം എന്നതായി പിന്നത്തെ വ്യവസ്ഥ. 2004ല്‍ ഇതു പിന്നെയും ഭേദഗതി ചെയ്തു. ഇതനുസരിച്ച്, മാതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരനായിരിക്കണം, മറ്റേയാള്‍ അനധികൃത കുടിയേറ്റക്കാരന്‍ ആവാതിരിക്കുകയും വേണം.
ദേശീയ പൗരത്വപ്പട്ടിക തയാറാക്കിയപ്പോള്‍ ഒഴിവാക്കപ്പെട്ടവരില്‍ മുസ്ലിംകളെക്കാള്‍ കൂടുതലുള്ളത് ബംഗാളി ഹിന്ദുക്കളായിരുന്നു എന്നത് കേന്ദ്രത്തിലെയും അസമിലെയും ബി.ജെ.പി. മന്ത്രിസഭകളെ രാഷ്ട്രീയപ്രതിസന്ധിയിലാഴ്ത്തി. ഇവര്‍ അനധികൃത കുടിയേറ്റക്കാരാണെന്നു വിധിച്ചാല്‍ 2004ലെ ഭേദഗതിയനുസരിച്ച് ഇവരുടെ മക്കള്‍ക്കും പൗരത്വം നിഷേധിക്കപ്പെടും. ഈ പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാനാണ് പൗരത്വഭേദഗതി ബില്‍ കൊണ്ടുവന്നത്. അതനുസരിച്ച് പൗരത്വപ്പട്ടികയില്‍നിന്നു പുറന്തള്ളപ്പെട്ട ബംഗാളി ഹിന്ദുക്കളെ അഭയാര്‍ഥികളായി പരിഗണിക്കാം. ഇന്ത്യയില്‍ ജനിച്ചവരാണെങ്കിലും, സ്വന്തം നാടെന്നുപറയാന്‍ വേറൊരു രാജ്യവും ഇല്ലെങ്കിലും, ബംഗാളി മുസ്ലിംകള്‍ അനധികൃത കുടിയേറ്റക്കാരായി മാറും.
പൗരത്വപ്പട്ടികയില്‍നിന്ന് പുറന്തള്ളപ്പെട്ട ബംഗാളി ഹിന്ദുക്കളെ ബംഗ്ലാദേശില്‍നിന്ന് മതപീഡനം കാരണം വന്ന അഭയാര്‍ഥികളായി പരിഗണിക്കണമെങ്കില്‍ ചില അസാധാരണ നടപടിക്രമങ്ങള്‍ വേണ്ടിവരും. ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ് തങ്ങളെന്ന് ഇതിനു മുമ്പ് ഒരുദ്യോഗസ്ഥനോടും അവര്‍ പറഞ്ഞിട്ടുണ്ടാവില്ല. നേരേ മറിച്ച് തങ്ങള്‍ ഇവിടത്തുകാര്‍ തന്നെയാണെന്ന് സ്ഥാപിക്കാനാവും അവര്‍ ശ്രമിച്ചിട്ടുണ്ടാവുക. എന്നാല്‍ പൗരത്വ നിയമ ഭേദഗതിപ്രകാരം ഇന്ത്യന്‍ പൗരത്വത്തിന് അവകാശം ലഭിക്കണമെങ്കില്‍ തങ്ങള്‍ വിദേശികളാണെന്ന് അവര്‍ക്ക് അവകാശപ്പേടേണ്ടിവരും. അതിനുള്ള തെളിവുകള്‍ എങ്ങനെ ഹാജരാക്കും എന്ന പ്രശ്നം അപ്പോളുയരും. അയല്‍രാജ്യത്തെ പൗരന്‍മാരായിരുന്നു എന്നും അവിടെ മതപീഡനം നേരിട്ടവരാണെന്നും അവര്‍ എങ്ങനെ തെളിയിക്കും? ഇവരില്‍ മിക്കവരും അതിര്‍ത്തികടന്നുവന്നവരല്ല എന്നതാണ് വസ്തുത. ഇന്ത്യന്‍ പൗരന്മാരാണ് തങ്ങളെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താന്‍വേണ്ട രേഖകള്‍ ഹാജരാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല എന്നേയുള്ളൂ.
ദേശവ്യാപകമായി വരാനിരിക്കുന്ന പൗരത്വ രജിസ്റ്ററിനു മുന്നോടിയാണ് പൗരത്വ നിയമഭേദഗതി. ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്ത മുസ്ലിംകള്‍ ഒഴികെയുള്ള ആരെയും അഭയാര്‍ഥികളായി സ്വീകരിക്കുമെന്നും അവര്‍ക്ക് പൗരത്വം നല്‍കുമെന്നുമുളള സന്ദേശമാണ് ഈ ഭേദഗതിയിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. അതിന്റെയര്‍ഥം ദേശീയ പൗരത്വപ്പട്ടികയും പൗരത്വനിയമവും പ്രാബല്യത്തിലാകുമ്പോള്‍ തങ്ങള്‍ ഇന്ത്യക്കാരാണെന്ന് തെളിയിക്കാനുള്ള ബാധ്യത മുസ്ലിംകള്‍ക്കു മാത്രമായിരിക്കും എന്നാണ്. രാജ്യമില്ലാത്തവരായിത്തീരുമെന്ന ഭീഷണി കാത്തിരിക്കുന്നത് അവരെ മാത്രമാണ്. പൗരത്വം തെളിയിക്കാനാവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ ശേഷിയില്ലാത്തവരായിരിക്കും ഇന്ത്യക്കാരിലേറെയും. പക്ഷേ, അതുകാരണം തടങ്കല്‍പാളയം ലഭിക്കുന്നതും പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതും മുസ്ലിംകള്‍ക്കു മാത്രമായിരിക്കും.
പൗരത്വം എന്ന സങ്കല്‍പം രേഖകളുടെ അടിസ്ഥാനത്തിലാണല്ലോ. അങ്ങനെയാണെങ്കില്‍ എന്തു രേഖയാണ് തന്റെ മതം ഏതെന്ന് തെളിയിക്കാന്‍ ഒരാള്‍ ഹാജരാക്കുക? പത്തുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന സെന്‍സസില്‍ നല്‍കുന്ന മൊഴി മാത്രമാണ് നിലവില്‍ അയാളുടെ മതവിശ്വാസം ഏതെന്നതിന് തെളിവ്. ഞാന്‍ പിറന്നുവീണത് ഒരു പ്രത്യേക മതത്തിലാവാം. എന്നാല്‍ പ്രായപൂര്‍ത്തിയാവുമ്പോള്‍ വേണമെങ്കില്‍ ആ മതം നിരസിക്കാം. മതമില്ലെന്ന് അവകാശപ്പെടുന്ന മാതാപിതാക്കളുടെ മകനായി എനിക്ക് ജന്‍മമെടുക്കാം. എന്നാല്‍ ഒരാള്‍ക്ക് പൗരത്വം ഉണ്ടോ ഇല്ലേ എന്ന് തെളിയിക്കുന്നതിനുള്ള ആധാരം മതമാണെന്ന് വരുമ്പോള്‍ ഏത് രേഖയെ അടിസ്ഥാനമാക്കിയാണ് അയാളെ അഭയാര്‍ഥിയായി സ്വീകരിക്കണോ തടങ്കല്‍പാളയത്തില്‍ അടയ്ക്കണോ എന്ന് ഭരണകൂടം തീരുമാനിക്കുക?
മതവിവേചനം ഒഴിവാക്കി, തുല്യത ഉറപ്പാക്കി രൂപംകൊടുത്ത ഒരു റിപ്പബ്ലിക്കില്‍ മതം മാത്രം കാരണം രാജ്യമില്ലാത്തവരായിത്തീരുന്ന ഒരു ജനവിഭാഗം രൂപപ്പെടുക എന്നു പറഞ്ഞാല്‍ അത് മതനിരപേക്ഷ റിപ്പബ്ലിക് എന്ന നിലയില്‍ ഇന്ത്യയുടെ നാശത്തിന്റെ തുടക്കമായിരിക്കും. മഹാവിപത്തിനു വഴിവെച്ചുകൊണ്ട് ഭരണഘടനയുടെ മഹാസൗധം നിലംപൊത്തുന്നതിന്റെ ഉത്തരവാദിത്വം ധാര്‍മികതയും രാഷ്ട്രീയനൈതികതയും കൈമോശം വന്ന രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കേണ്ടിവരും.
മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്ക് ആയി മാറിയതിനു ശേഷം ഇന്ത്യനേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെ ദേശവ്യാപകമായ നിസ്സഹകരണപ്രസ്ഥാനംകൊണ്ടാണ് നേരിടേണ്ടത്. അതെങ്ങനെ വേണമെന്ന് നമ്മള്‍ ഇന്നാട്ടിലെ ജനങ്ങളാണ് തീരുമാനിക്കേണ്ട്. എന്നാല്‍, നിസ്സഹകരണ പ്രസ്ഥാനത്തിന് എന്റെ വഴി ഞാന്‍ തിരഞ്ഞെടുത്തു കഴിഞ്ഞു. പൗരത്വ ഭേദഗതി ബില്‍ നിയമമായാല്‍ അതുവഴി പൗരത്വത്തിന് ഭീഷണി നേരിടുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഞാന്‍ സ്വയം ഒരു മുസ്ലിമായി പ്രഖ്യാപിക്കും. ദേശവ്യാപകമായി പൗരത്വപ്പട്ടിക തയാറാക്കാന്‍ തുടങ്ങിയാല്‍ ഞാനത് ബഹിഷ്‌കരിക്കും, പൗരത്വം തെളിയിക്കുന്നതിന് ഒരു രേഖയും ഹാജരാക്കാന്‍ തയാറാവില്ല. എന്നിട്ട് രേഖകളില്ലാത്തിന്റെ പേരില്‍ എന്റെ മുസ്ലിം സഹോദരന്‍മാര്‍ക്കും സഹോദരിമാര്‍ക്കും കിട്ടാന്‍പോകുന്ന ശിക്ഷ എനിക്കും നല്‍കണമെന്ന് ആവശ്യപ്പെടും. അത് തടങ്കലായാലും പൗരാവകാശ നിഷേധമായാലും ഞാനത് ഏറ്റുവാങ്ങും.
ഹര്‍ഷ് മന്ദര്‍
You must be logged in to post a comment Login