ജനാധിപത്യ മുന്നേറ്റങ്ങളിലൂടെ നമുക്കവരെ മുട്ടുകുത്തിക്കാം

ജനാധിപത്യ മുന്നേറ്റങ്ങളിലൂടെ നമുക്കവരെ മുട്ടുകുത്തിക്കാം

നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കുന്നതിന് മറ്റെന്തിനെക്കാളും പ്രാധാന്യം കൊടുത്തുകൊണ്ട് ഇവിടെ എത്തിച്ചേര്‍ന്ന വിവിധ മേഖലയിലുള്ള നേതാക്കളേ, സഹോദരീ, സഹോദരന്മാരേ..

നമ്മുടെ രാജ്യം അതീവ ഗൗരവതരമായ ഒരു പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. ഇത് ബോധപൂര്‍വം കേന്ദ്ര ഗവണ്‍മെന്റ് സൃഷ്ടിച്ചതാണ്. കേന്ദ്രഗവണ്‍മെന്റിനെ നയിക്കുന്ന ആര്‍ എസ് സിന്റെ അജണ്ട മതനിരപേക്ഷത നമ്മുടെ രാജ്യത്തിന് പാടില്ലെന്നും ഈ രാജ്യത്തെ ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റുക എന്നുമുള്ളതാണ്. അവരുടെ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഗൗരവതരമായ സാഹചര്യം രാജ്യത്താകെ ഉയര്‍ന്നുവന്നിട്ടുള്ളത്. സ്ഫോടനാത്മകമായ അന്തരീക്ഷമാണ് രാജ്യത്താകെ നിലനില്‍ക്കുന്നത്. സ്വാതന്ത്ര്യമാണ് ഏതൊരു മനുഷ്യനും വിലമതിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും നേടിയെടുക്കുന്നതിനു വേണ്ടി ത്യാഗപൂര്‍ണമായ ദീര്‍ഘകാല സമരമാണ് നമ്മുടെ രാജ്യത്ത് നടന്നിരുന്നത്. അതില്‍ വിവിധ കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കേണ്ടി വന്നവരുണ്ട്. ജീവന്‍ നഷ്ടപ്പെട്ടവരുമുണ്ട്. അത്തരത്തിലുള്ള നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം കൂടി ഇല്ലാതാക്കാനും ഒരു പ്രത്യേക മാര്‍ഗത്തിലേക്ക് തിരിച്ചുവിടാനുമുള്ള ശ്രമമാണ് നടക്കുന്നത്. നമ്മുടെ രാജ്യത്ത് ദീര്‍ഘകാലം നിലനിന്ന പ്രക്ഷോഭ സമരങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ഉജ്ജ്വലമായ പ്രഖ്യാപനം രാജ്യത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ഈ രാഷ്ട്രം ഏതെങ്കിലുമൊരു മതാധിഷ്ഠിത രാഷ്ട്രമായിരിക്കില്ല. ഒരു മതനിരപേക്ഷ രാഷ്ട്രമാവും. എല്ലാ മതവിശ്വാസികള്‍ക്കും ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും ജീവിക്കാനുള്ള ഒരു ഇടമാണ് മതനിരപേക്ഷ ഇന്ത്യ എന്ന് അര്‍ഥശങ്കക്കിടമില്ലാതെ വ്യക്തമാക്കുകയുണ്ടായി. അത്തരമൊരു രാജ്യത്താണ് ഈ കഴിഞ്ഞ ഡിസംബര്‍ 9ന് ലോകസഭയും 11ന് രാജ്യസഭയും പൗരത്വ നിയമം പാസാക്കിയിരിക്കുന്നത്. ഇതിനെതിരായാണ് രാജ്യത്താകെ പ്രതിഷേധത്തിന്റെ അലമാലകള്‍ ശക്തമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. രാജ്യമാകെ ഉയര്‍ന്നുവന്ന ആ പ്രതിഷേധത്തില്‍ കേരളം ഒറ്റക്കെട്ടായി അണിനിരക്കുന്നുവെന്ന സന്ദേശം ലോകത്തിനു മുമ്പാകെ നല്‍കുന്നതാണ് ഈ കൂട്ടായ്മ. നാം കേരളീയര്‍ ഇത്തരം കാര്യങ്ങളില്‍ എല്ലാ ഘട്ടത്തിലും മാതൃക കാണിച്ചവരാണ്. ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന നാട്; അതാണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ പ്രത്യേകത.
നമ്മുടെ രാജ്യം ഉയര്‍ത്തിപ്പിടിച്ച ഭരണഘടന ഉറപ്പുനല്‍കുന്ന മതനിരപേക്ഷതയുടെ പിന്നിലാണ് കേരളം എന്നാണ് നാം എല്ലാവരും കൂടി പ്രഖ്യാപിക്കുന്നത്. എല്ലാവര്‍ക്കും ഒരേ സ്വരം. മതനിരപേക്ഷത സംരക്ഷിക്കുക എന്ന സ്വരമാണ് കേരളത്തില്‍ നിന്ന് ഉയരുന്നത്. നമ്മുടെ രാജ്യം എത്രയോ നൂറ്റാണ്ടുകളുടെ ചരിത്രപരമായ പ്രക്രിയയിലൂടെ വികസിച്ചുവന്നതാണ്. 2500 വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്തെ സംബന്ധിച്ച അവ്യക്തമായ ധാരണയെ നമ്മുടെ പൂര്‍വികര്‍ക്കുണ്ടായിരുന്നുള്ളൂ. എന്നാല്‍ ചരിത്രത്തിന്റെ വികാസത്തിന്റെ ഭാഗമായി രാഷ്ട്രം എന്ന സങ്കല്‍പവും വികസിച്ചു വരികയാണുണ്ടായത്. മതങ്ങളുടെയും ഭാഷകളുടെയും വ്യത്യസ്ത ജാതികളുടെയും വൈവിധ്യങ്ങള്‍ക്കിടയിലും തങ്ങള്‍ക്ക് പൊതുവായ സാംസ്‌കാരിക സവിശേഷതകളുണ്ട് എന്ന തിരിച്ചറിവില്‍ നിന്നാണ് ആധുനിക ഇന്ത്യ രൂപപ്പെടുന്നത്. അതായത് ഇന്ത്യ എന്ന രാജ്യസങ്കല്‍പം ജനങ്ങള്‍ സൃഷ്ടിച്ചതാണ്. നാം ഒന്നാണ് എന്ന ബോധം കൂടിയാണത്. ഇത്തരം കാഴ്ചപ്പാടുകള്‍ വളര്‍ന്നുവന്നത് വിവിധ സംസ്‌കാരങ്ങളുടെ സങ്കല്‍പത്തിലൂടെയാണ്. എത്രയോ ജനവിഭാഗങ്ങള്‍ ഈ സംസ്‌കാരത്തിന്റെ ധാരയില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. അതുകൊണ്ടാണ് സംസ്‌കാരങ്ങളുടെ സംഗമഭൂമിയായി നമ്മുടെ നാട് മാറിയത്. റോമാക്കാര്‍, ഗ്രീക്കുകാര്‍, ചീനക്കാര്‍, ആര്യന്മാര്‍, പേര്‍ഷ്യക്കാര്‍, തുര്‍ക്കികള്‍, മുഗിളന്മാര്‍ എന്നിങ്ങനെ എത്രയെത്ര ധാരകളെ അകമേ പേറിയാണ് നമ്മുടെ രാജ്യം വളര്‍ന്നുവന്നത് എന്നത് നാം ആലോചിക്കണം. ഭാഷയും വസ്ത്രവും ഭക്ഷണവും സംസ്‌കാരവുമെല്ലാം ഇത്തരത്തിലുള്ള സംഗമങ്ങളുടെ മൂശകളിലൂടെയാണ് രൂപപ്പെട്ടുവന്നത്.
ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കുകയും ഇവിടുത്തെ ജനതയെ വ്യത്യസ്ത തലങ്ങളിലൂടെ ചൂഷണത്തിന് വിധേയമാക്കുകയും ചെയ്തപ്പോള്‍ അവയ്ക്കെതിരായ പ്രതിരോധ മുന്നേറ്റങ്ങള്‍ രാജ്യത്താകെ വളര്‍ന്നുവന്നു. നാടിന്റെ വൈവിധ്യങ്ങളുടെ പ്രതിഫലനമെന്നോണം ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം വ്യത്യസ്ത ധാരകളുടെ മഹാ പ്രവാഹമായിരുന്നു. മതനിരപേക്ഷതയുടെയും സോഷ്യലിസ്റ്റ് ആശയങ്ങളുടെയും സാമൂഹ്യ നീതിയുടെയുമെല്ലാം പ്രശ്നങ്ങള്‍ അകമേ സ്വീകരിച്ചുകൊണ്ടുള്ള മഹത്തായ ദേശീയ പ്രസ്ഥാനമായിരുന്നു നമ്മുടെത്. കാഴ്ചപ്പാടുകള്‍ പലതായിരുന്നെങ്കിലും സാമ്രാജ്യത്വ നേതൃത്വത്തില്‍ നിന്ന് രാജ്യത്തിന്റെ വിമോചനമായിരുന്നു സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരെല്ലാം സ്വപ്നം കണ്ടത്. ആ സമര പോരാട്ടങ്ങളിലൂടെ ആധുനിക ഇന്ത്യ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണുണ്ടായത്. ഈ ജനകീയ മുന്നേറ്റത്തെ വര്‍ഗീയമായും വംശീയമായും തരംതിരിക്കാന്‍ ഒരുപാട് പരിശ്രമങ്ങള്‍ ബ്രിട്ടീഷ് ഭരണാധികാരികളുടെ നേതൃത്തില്‍ ആ കാലത്ത് നടന്നിരുന്നു. സാമ്രാജ്യത്വത്തിനെതിരായ സമരത്തെ ഭിന്നിപ്പിച്ച് ശിഥിലമാക്കുക, അതിലൂടെ സ്വാതന്ത്ര്യത്തെ ദുര്‍ബലമാക്കുക എന്നതായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്വം ലക്ഷ്യമിട്ടത്. പക്ഷേ അതിനെയെല്ലാം അതിജീവിക്കാന്‍ നമുക്കായി; നമ്മുടെ രാജ്യത്തിനായി. അങ്ങനെയാണ് നമ്മുടെ രാജ്യം മതനിരപേക്ഷതയുടെ ആശയങ്ങളുയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രമായി രൂപപ്പെട്ടത്.
ബ്രിട്ടീഷ് വിരുദ്ധ സമരത്തിലൂടെ വളര്‍ന്നുവന്ന ജനകീയസമരത്തിന്റെ ബോധമായാണ് ആധുനിക ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമായി ഉയര്‍ന്നുവന്നത്. അതിന്റെ തുടര്‍ച്ച പല രീതിയില്‍ നാം കണ്ടു. ചേരിചേരാ പ്രസ്ഥാനം പോലെ ലോകരാജ്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംവിധാനത്തിലേക്ക് അതുയര്‍ന്നുവന്നത് നാം കണ്ടു. ഇന്ത്യയുടെ ശബ്ദം ലോകമാകെ ആ ഘട്ടത്തില്‍ ശ്രവിക്കയുണ്ടായി. അത് ആയുധബലത്തിന്റെയോ സമ്പദ് ബലത്തിന്റെയോ ആയിരുന്നില്ല. മൂല്യങ്ങളുടെ, ഇത്തരം നിലപാടുകളുടെ ഭാഗമായിട്ടാണ് ലോകം ശ്രദ്ധിക്കുന്ന അവസ്ഥയിലേക്കുയര്‍ന്നത്. അത്തരം മൂല്യങ്ങള്‍ എപ്പോള്‍ കൈയൊഴിയുന്നുവോ ആ ഘട്ടങ്ങളിലാണ് ലോകരാഷ്ട്രീയ രംഗങ്ങളില്‍ നാം പാര്‍ശ്വവത്കരിക്കപ്പെടുന്നത് എന്നത് നാം ഓര്‍ക്കേണ്ടതാണ്. നമ്മുടെ ഭരണഘടന എങ്ങനെ രൂപപ്പെട്ടു എന്നതും നമുക്ക് കൃത്യമായ ധാരണയുണ്ടാകേണ്ടതാണ്. ഇക്കാലത്ത് അതിനേറെ പ്രസക്തിയുണ്ട്.
സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ ഉയര്‍ന്നു വന്ന ജനാധിപത്യ മൂല്യങ്ങളെയും സോഷ്യലിസ്റ്റ് ആശയങ്ങളെയും സാമൂഹ്യനീതിക്ക് വേണ്ടിയുള്ള കാഴ്ചപ്പാടുകളെയും സ്വാംശീകരിച്ചുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന രൂപപ്പെട്ടത്. അതായത് ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങളാണ് ഭരണഘടന സ്വാംശീകരിച്ചിട്ടുള്ളത്. അതിനെ തകര്‍ക്കുന്നതിനുള്ള ഒരു പരിശ്രമത്തെയും അംഗീകരിക്കാനാവില്ല. എല്ലാ മതവിശ്വാസികള്‍ക്കും വിശ്വാസമില്ലാത്തവര്‍ക്കും യോജിച്ചു പ്രവര്‍ത്തിക്കുവാനുള്ള അടിത്തറയാണ് നമ്മുടെ ഭരണഘടന. ഏതെങ്കിലും തരത്തിലുള്ള ഒരു മതാധിഷ്ഠിത രാഷ്ട്രമാകാന്‍ പാടില്ല എന്ന സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടാണ് നമ്മുടെ യോജിപ്പിന്റെ അടിത്തറ. മതം, ലിംഗം, ഭാഷ, സംസ്‌കാരം, പ്രദേശം ഇങ്ങനെയെല്ലാമുള്ള വിവേചനങ്ങളെയും അത് എതിര്‍ക്കുകയാണ്. വ്യത്യസ്ത നാടുകളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നും കടന്നുവരുന്ന അംഗങ്ങളാണ് പാര്‍ലമെന്റിനകത്തുള്ളത്. ആ പാര്‍ലമെന്റിന് പരമാധികാരം ഭരണഘടന നല്‍കുന്നതും ഈ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതിന്റെ ഭാഗമായാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന പാര്‍ലിമെന്ററി ജനാധിപത്യവും ഇതിന്റെ തുടര്‍ച്ചയാണ്. ഇതിനെ മാറ്റി പ്രസിഡന്‍ഷ്യല്‍ ഭരണരീതി കൊണ്ടുവരാന്‍ ശ്രമിക്കുന്നതും ഭരണഘടനയുടെ നാനാത്വത്തില്‍ ഏകത്വം എന്ന കാഴ്ചപ്പാടിനെ അട്ടിമറിക്കാനുള്ളതാണ്. ഭരണഘടനാമൂല്യങ്ങളെ സംരക്ഷിക്കുക എന്ന കാഴ്ചപ്പാടാണ് ഇവിടെ കൂടിയിരിക്കുന്ന വൈവിധ്യമാര്‍ന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും സാമൂഹ്യ സാംസ്‌കാരിക സംഘടനകളെയും മനുഷ്യസ്നേഹികളെയും ജനാധിപത്യ വിശ്വാസികളെയും കൂട്ടിയോജിപ്പിക്കുന്നത്. ഇവിടെ ഒഴുകിയെത്തുന്ന ജനങ്ങളുടെ ചോതോവികാരവും മറ്റൊന്നല്ല എന്നതും നാം കാണേണ്ടതുണ്ട്.
ഭരണഘടന രൂപീകരിക്കപ്പെടുന്ന ഘട്ടത്തില്‍ തന്നെ പൗരത്വം എന്ന പ്രശ്നം ഗൗരവമായി ചര്‍ച്ച ചെയ്തിരുന്നു. ഭരണഘടനയുടെ 5, 6 അനുഛേദത്തിലാണ് ഭരണഘടനാ നിര്‍മാതാക്കള്‍ പൗരത്വപ്രശ്നം ചര്‍ച്ച ചെയ്തത്. കോണ്‍സ്റ്റിറ്റിയൂഷണല്‍ അസംബ്ലിയിലെ ചര്‍ച്ചയില്‍ ഇക്കാര്യം വിശദമാക്കുന്നുമുണ്ട്. അതിലെവിടെയും മതപരമായ വിവേചനത്തെപ്പറ്റിയുള്ള സൂചന പോലും നല്‍കുന്നില്ല. രാജ്യത്തിനോട് കൂറുപുലര്‍ത്താന്‍ തയാറുള്ള ജനങ്ങളെ പൗരത്വത്തിലേക്ക് കൊണ്ടുവരാനുള്ള കാഴ്ചപ്പാടാണ് അവിടെ ചര്‍ച്ച ചെയ്തത്. അതിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനയില്‍ ആവശ്യമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്തത്. ഇതിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് കൊണ്ട് 1955ലെ പൗരത്വനിയമവും രാജ്യത്തുണ്ടായി. ചുരുക്കത്തില്‍ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം മുന്നോട്ടു വെച്ച ആശയങ്ങള്‍ ഭരണഘടന സ്വാംശീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പൗരത്വ നിയമമുള്‍പ്പെടെ രാജ്യത്ത് നിലവില്‍ വരികയുമാണ് ചെയ്തത്. പില്‍ക്കാലത്ത് 1985ലും, 2004ലും, 2005ലും ചില ഭേദഗതികളുണ്ടായിട്ടുണ്ട്. 1985ല്‍ അസാം മെക്കോഡിന് അനുസൃതമായ മാറ്റങ്ങള്‍ വരുത്താനാണ് ഭേദഗതിയുണ്ടായത്. 2004ല്‍ ഭേദഗതി ചെയ്തത് വിദേശികള്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട കാലാവധി പുതുക്കി നിശ്ചയിക്കുന്നതിന് ആയിരുന്നു. 2005ലെ ഭേദഗതി ഇന്ത്യന്‍ വംശജരായ വിദേശികള്‍ക്ക് ഇന്ത്യന്‍ പൗരത്വം(ഓവര്‍സീസ് സിറ്റിസെന്‍ഷിപ്പ് ഓഫ് ഇന്ത്യ) നല്‍കുന്നതിനുമായിരുന്നു. ഇതില്‍ നാം ഓര്‍ക്കേണ്ട കാര്യം, ഈ ഭേദഗതികളില്‍ ഒന്നും തന്നെ മതപരമായ വിവേചനത്തിന്റെ ലാഞ്ചനയോ മൗലികാവകാശം ലംഘിക്കുന്നതായ യാതൊരു കാഴ്ചപ്പാടോ ഉണ്ടായിരുന്നില്ല. അതിനാല്‍ ഈ ഭേദഗതികള്‍ക്കൊന്നും ഇന്ന് രാജ്യവ്യാപകമായി കാണുന്ന തരത്തിലുള്ള പ്രതിഷേധം ഉണ്ടായില്ല എന്നത് നാം കാണേണ്ടതാണ്. ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമം ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുള്ളത്. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയെയും വ്യക്തിയുടെ മൗലികാവകാശങ്ങളെയും ചോദ്യം ചെയ്യുന്നത് കൊണ്ടാണ് ഈ പ്രതിഷേധം ഉയര്‍ന്നുവന്നിരിക്കുന്നത്.

ഭരണഘടനാ കാഴ്ചപ്പാട് ഉള്‍ക്കൊണ്ടുകൊണ്ട് രൂപപ്പെടുത്തിയ പൗരത്വനിയമത്തെ അട്ടിമറിക്കുന്ന പ്രശ്നമാണ് ഇവിടെ ഉയര്‍ന്നുവന്നിരിക്കുന്നത്. പുതിയ പൗരത്വ ഭേദഗതി നിയമം പരിശോധിച്ചാല്‍ ഇത് പൂര്‍ണമായും വ്യക്തമാവും. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിലുള്ള ഒരു വേര്‍തിരിവും ഭരണഘടന അനുവദിക്കില്ലെന്ന് സുപ്രീം കോടതി പലതവണ വ്യക്തമാക്കിയതാണ്. അതുകൊണ്ടു തന്നെ മതത്തിന്റെയും രാഷ്ട്രത്തിന്റെയും അടിസ്ഥാനത്തിലുള്ള യുക്തിരഹിതമായ ഈ വേര്‍തിരിക്കല്‍ ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാനശിലക്കെതിരായി അതില്‍ ഭേദഗതി ചെയ്യുന്നതിന് പാര്‍ലമെന്റിന് അധികാരമില്ല എന്ന് കേശവാനന്ദ ഭാരതി കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് നേരത്തെ തന്നെ വിധിച്ചിട്ടുള്ളതാണ്. ഇതാണ് വസ്തുത എന്നിരിക്കേ ഇപ്പോള്‍ പുറപ്പെടുവിച്ച ഭേദഗതി നിയമം പൂര്‍ണമായും ഭരണഘടനാവിരുദ്ധമാണ്. പൗരന്മാരും അല്ലാത്തവരുമായി ഇന്ത്യയില്‍ താമസിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും തുല്യത ഉറപ്പുവരുത്തുന്നതാണ് ഭരണഘടനയുടെ അനുഛേദം 14. ഇതും നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനശിലയാണ്. ഭരണഘടനയുടെ അനുഛേദം 13 പ്രകാരം മൗലികാവകാശങ്ങള്‍ക്കെതിരായ ഏതു നിയമവും അസാധുവാണ്. പൗരത്വത്തിന്റെ അടിസ്ഥാനം മതമായിത്തീരുമ്പോഴാണ് ആ രാജ്യം മതരാഷ്ട്രമായി മാറുന്നത്. പൗരത്വം എല്ലാ മതവിശ്വാസികള്‍ക്കും വിശ്വാസമില്ലാത്തവര്‍ക്കുമായി നല്‍കുമ്പോഴാണ് മതനിരപേക്ഷ രാഷ്ട്രമായി ഒരു രാഷ്ട്രം മാറുന്നത്. മതനിരപേക്ഷത സംരക്ഷിക്കണമെങ്കില്‍ മതത്തിന്റെ പേരിലുള്ള പൗരത്വ നിശ്ചയത്തെ ഇല്ലാതാക്കിയേ പറ്റൂ. ലോകത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉന്നതാവസ്ഥയിലേക്കെത്തി നില്‍ക്കുന്നത് മതേതര രാഷ്ട്രങ്ങളിലാണ് എന്ന യാഥാര്‍ത്ഥ്യവും നമ്മുടെ മുന്നിലുണ്ട്.

അടിച്ചമര്‍ത്തലിന്റെ പേരു പറഞ്ഞാണ് ഈ നിയമം അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഏറ്റവും വലിയ അടിച്ചമര്‍ത്തലിന് വിധേയമായ ജനവിഭാഗങ്ങളെ ഇവര്‍ ബോധപൂര്‍വം വിസ്മരിച്ചിരിക്കുന്നു, വിട്ടു കളഞ്ഞിരിക്കുന്നു. ശ്രീലങ്ക പോലുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ എഴുപത്തിമൂവായിരത്തോളം പേരുണ്ട്. അവരെപ്പറ്റി മിണ്ടാട്ടമേയില്ല. മ്യാന്‍മറില്‍ നിന്ന് പുറത്താക്കപ്പെട്ട റോഹിങ്ക്യന്‍ മുസ്‌ലിംകളെപ്പോലുള്ള വിഭാഗങ്ങളുടെ പ്രശ്നങ്ങളും എന്തുകൊണ്ട് പരിഗണിച്ചില്ല എന്നത് ഗൗരവമായി ഉയര്‍ന്നുവരികയാണ്. അടിച്ചമര്‍ത്തപ്പെട്ടത് എന്ന പുറംമോടി പ്രദര്‍ശിപ്പിച്ചുകൊണ്ട് ആര്‍ എസ് എസിന്റെ അജണ്ട നടപ്പാക്കാനുള്ള ആദ്യചുവടുവെപ്പാണിത്. നേരത്തെ നടത്തിയ ഇടപെടലുകള്‍ നാം ഓര്‍ക്കണം. അപ്പോഴാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരിക. മുത്വലാഖിന്റെ പ്രശ്നം വന്നപ്പോള്‍ മുസ്‌ലിം വിഭാഗത്തിന്റെ മാത്രം വിവാഹമോചനം ക്രമിനല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് വിവേചനം കാണിക്കുകയുണ്ടായി. ഇന്ത്യയിലെ 13 സംസ്ഥാനങ്ങള്‍ക്ക് സവിശേഷ നിയമം നിലനില്‍ക്കുന്നുണ്ട്. പക്ഷേ ജമ്മു കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യഘടകമാക്കി മാറ്റിയ 370-ാം വകുപ്പ് എടുത്തുമാറ്റുകയുണ്ടായി. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് പൗരത്വപ്രശ്നം എന്ന് തിരിച്ചറിയുമ്പോഴാണ് ദൂരവ്യാപകമായ ഒരജണ്ടയുടെ ഭാഗമാണ്, തുടര്‍ച്ചയാണ് ഇത് എന്ന് വ്യക്തമാവുക. 1951ലെ അഭയാര്‍ഥികള്‍ക്കായുള്ള യു എന്‍ കണ്‍വെന്‍ഷനും 1967ലെ പ്രോട്ടോകോളിനും എതിരായുള്ള നിയമമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഐക്യരാഷ്ട്ര സഭ ഈ നിയമത്തിനെതിരെ ഇപ്പോള്‍ തന്നെ രംഗത്തുവന്നു കഴിഞ്ഞു. അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും അതേ പാതയിലാണ്. ലോകജനതയില്‍ നിന്ന് ആധുനിക ജീവിതമൂല്യങ്ങള്‍ മാറി നില്‍ക്കുന്ന ഇത്തരം നയങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ വികസനത്തെത്തന്നെ ദുര്‍ബലപ്പെടുത്തും.

പൗരത്വ നിയമത്തിനെതിരെ നമ്മുടെ പാരമ്പര്യം മുറുകെ പിടിച്ചുകൊണ്ട് നമ്മുടെ നാട്, കേരളം ശക്തമായി പ്രതികരിക്കുകയാണ്. മനുഷ്യരെല്ലാം ഒന്നാണെന്ന് പ്രഖ്യാപിച്ച നവോത്ഥാന മുന്നേറ്റത്തിന്റെ മഹത്തായ പാരമ്പര്യം നമുക്കുണ്ട്. ദേശീയ പ്രസ്ഥാനം മുന്നോട്ടുവെച്ച ആശയങ്ങള്‍ നമ്മുടെ കാഴ്ചകളില്‍ വെളിച്ചമായും ഉണ്ട്. കര്‍ഷക തൊഴിലാളി പ്രസ്ഥാനം നടത്തിയ ഇടപെടലുകളിലൂടെ പാവപ്പെട്ട ജനതയുടെ ഉള്‍ക്കനമേറിയ രാഷ്ട്രീയവും കൈമുതലായ സംസ്ഥാനമാണ് നമ്മുടേത്. വ്യത്യസ്തമായ കാഴ്ചപ്പാടുകളെയും സംസ്‌കാരത്തെയും ഇരുകൈയും കൂട്ടി സ്വീകരിച്ചതാണ് നമ്മുടെ പാരമ്പര്യം. ഇന്ത്യയിലെ ആദ്യകാല മുസ്‌ലിം, ക്രിസ്ത്യന്‍ പള്ളികളുണ്ടായത് ഈ കേരളത്തിലാണ്. വ്യത്യസ്ത മതത്തെയും സംസ്‌കാരത്തെയും ഇരു കൈയും കൂട്ടി നമ്മുടെ സംസ്‌കാരത്തിലേക്ക് അകമേ സ്വീകരിച്ചവരാണ് കേരളീയര്‍. വൈദേശിക ശക്തികള്‍ക്കെതിരായുള്ള പോരാട്ടത്തിന് കൈ മെയ് മറന്ന് പൊരുതിയതും ഇത്തരം ഐക്യനിര തന്നെ. കുഞ്ഞാലി മരയ്ക്കാരും പഴശ്ശിരാജാവും പൊരുതിയ ചരിത്രം കേരളത്തിന് അവകാശപ്പെട്ടതാണ്. ഈ കേരളത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ പൗരന്മാരായി കണക്കാക്കാന്‍ പറ്റില്ലെന്ന് ആര് പ്രഖ്യാപിച്ചാലും അത് നടപ്പാക്കാന്‍ സൗകര്യപ്പെടില്ല എന്ന പ്രഖ്യാപനം നമ്മുടെ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കലാണ്. ഇത് പറയുമ്പോള്‍ സംസ്ഥാന സര്‍ക്കാറിന് ഇത്തരമൊരു തീരുമാനമെടുക്കാമോ എന്ന് പലരും ആശങ്കപ്പെടുന്നുണ്ട്. കേന്ദ്രസര്‍ക്കാറും സംസ്ഥാന സര്‍ക്കാറുമെല്ലാം രൂപീകരിക്കുന്നതും നിലനില്‍ക്കുന്നതും പൗരത്വ നിയമങ്ങളെല്ലാം ഉണ്ടായതും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. ആ ഭരണഘടനയുടെ അടിസ്ഥാന നിലപാടുകളോടാണ് സര്‍ക്കാറിന്റെ പ്രതിബദ്ധത. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തതും അതിന്റെ അടിസ്ഥാനത്തിലാണ്. അത് അട്ടിമറിക്കാന്‍ ആര് മുന്നോട്ടുവന്നാലും ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പൊരുതുന്നത് സത്യപ്രതിജ്ഞാ ലംഘനമല്ല. അതിനോടുള്ള കൂറു പുലര്‍ത്തലാണ്. സംസ്ഥാന സര്‍ക്കാറിന്റെ പ്രതിബദ്ധത ഭരണഘടനയോടാണ്. അല്ലാതെ ആര്‍ എസ് എസിനെപ്പോലുള്ളവര്‍ സൃഷ്ടിക്കുന്ന അജണ്ടകളോടല്ല എന്ന് വ്യക്തമാക്കാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. പൗരത്വഭേദഗതിയുടെ തുടര്‍ച്ചയായി പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പറയുന്നത്. പൗരത്വരജിസ്റ്റര്‍ പൂരിപ്പിക്കുമ്പോള്‍ ഇന്ത്യക്കാര്‍ തന്നെ അവരുടെ ഇന്ത്യന്‍ പൗരത്വം തെളിയിക്കണമെന്ന നിലവരും. അതിന് ഇപ്പോഴുള്ള രേഖകള്‍ പോരാ. മാതാപിതാക്കളുടെയും അതിന് മുമ്പുണ്ടായിരുന്നവരുടെയും ജനന സര്‍ട്ടിഫിക്കറ്റുകള്‍ വേണമെന്ന് പറയുന്നു. അത് വമ്പിച്ച സാമൂഹ്യ പ്രശ്നങ്ങളായിരിക്കും സൃഷ്ടിക്കുക. അതുകൊണ്ടു തന്നെ അത്തരം രീതികള്‍ നടപ്പിലാക്കാനുമാകില്ല. പൗരത്വപ്രശ്നം ഏതെങ്കിലും മതവിഭാഗത്തിന്റെ പ്രശ്നമായി ചുരുക്കിക്കാണുന്നവര്‍ മഹത്തായ മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിന് സഹായകമാകുന്ന മുദ്രാവാക്യങ്ങളാണൊരുക്കുന്നത്. വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള സംഘപരിവാറിന്റെ അജണ്ടക്ക് പരവതാനി വിരിക്കുന്ന ഒന്നും നടക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ടു തന്നെ ഇത്തരം ആശയക്കാരെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും കഴിയേണ്ടതുണ്ട്.

നാം ഇന്ത്യക്കാരാണ് എന്ന പ്രാഥമിക പൗരബോധം ഉറപ്പിക്കാനുതകുന്ന ഘടകം രൂപപ്പെടുത്തുക എന്നതാണ് പൗരത്വനിയമത്തിന്റെ അടിസ്ഥാനമായിത്തീരേണ്ടത്. അതിനു പകരം ഞാന്‍ ഹിന്ദുവാണോ മുസ്‌ലിമാണോ എന്നു ചിന്തിപ്പിക്കാനുതകുന്ന പൗരത്വ നിയമങ്ങള്‍ രാഷ്ട്രത്തെ ദുര്‍ബലപ്പെടുത്താനേ സഹായിക്കൂ. മതനിരപേക്ഷതയെയും ഫെഡറല്‍ ഘടനയെയും സംരക്ഷിച്ചു കൊണ്ടു മാത്രമേ രാജ്യത്തെ ഒറ്റക്കെട്ടായി നിര്‍ത്താനാവുകയുള്ളൂ. അതിനെ തകര്‍ക്കുന്ന ഏതൊരു നീക്കവും രാഷ്ട്രത്തെ തന്നെ ദുര്‍ബലമാക്കുമെന്ന് നാം തിരിച്ചറിയണം. അതുകൊണ്ട് ഈ കൂട്ടായ്മ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനുള്ളതാണ്.

രാജ്യത്തെ ജനങ്ങളുടെ ജീവിതം ഏറെ ദുരിതപൂര്‍ണമായി മാറിയ ഘട്ടമാണിത്. വിലക്കയറ്റം രൂക്ഷമായിരിക്കുന്നു. കര്‍ഷക ആത്മഹത്യ പെരുകുന്നു. വ്യവസായ വളര്‍ച്ച കൂപ്പു കുത്തിയിരിക്കുന്നു. ആഭ്യന്തര വരുമാനത്തിന്റെ വളര്‍ച്ചയും പിറകോട്ടാണ്. തൊഴിലില്ലായ്മ മുമ്പൊരുകാലത്തും ഇല്ലാത്ത തോതില്‍ വര്‍ധിച്ചിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലച്ചും, റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ കയ്യിട്ടുവാരുകയും ചെയ്യുന്ന സ്ഥിതി വരെ നമ്മുടെ സാമ്പത്തിക രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടെത്തിച്ചിരിക്കുന്നു. നമ്മുടെ നാട് വമ്പിച്ച സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന് ലോക ഏജന്‍സികള്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നു. 70 വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത് എന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ച് ജനങ്ങള്‍ക്കാശ്വാസം പകരുകയാണ് യഥാര്‍ഥത്തില്‍ ചെയ്യേണ്ടത്. അതിനു പകരം ജനങ്ങളെ ഭിന്നിപ്പിച്ച് കോര്‍പറേറ്റ് അജണ്ടകള്‍ കൊണ്ടുവരാനുള്ള നീക്കമാണ് ഇതിനു പിന്നിലുള്ളത് എന്ന് നാം കാണണം. ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളുയര്‍ത്തിക്കൊണ്ടും ഇവയ്‌ക്കെതിരായി ബദല്‍നിയമങ്ങള്‍ മുന്നോട്ടു വെച്ചുകൊണ്ടുമുള്ള പോരാട്ടവും നടത്തിക്കൊണ്ടു മാത്രമേ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാനാവൂ. ജനകീയ മുന്നേറ്റങ്ങളുടെ അലമാലകള്‍ സൃഷ്ടിച്ച് മതനിരപേക്ഷ മൂല്യങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കാനാവുമെന്ന് ലോകത്തെ അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. ജനാധിപത്യ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ ഇത്തരം ശക്തികള്‍ മുട്ടുകുത്തിയ ചരിത്രമാണ് ലോകം നമ്മെ പഠിപ്പിക്കുന്നത്. നമ്മുടെ പോരാട്ടങ്ങള്‍ക്ക് ആ ചിത്രം കരുത്തു പകരുകയാണ്. ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള ഈ ഇടപെടല്‍ ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്താനും ദേശീയ ഐക്യത്തെ സംരക്ഷിക്കാനുമുള്ളതാണ്. രാജ്യസംരക്ഷണത്തിനായുള്ള ഈയൊരു സമരത്തില്‍ പങ്കെടുത്ത എല്ലാവരെയും ഹാര്‍ദ്ദമായി അഭിവാദ്യം ചെയ്യുന്നു. രാജ്യമാകെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങള്‍ക്ക് നാം, കേരളം പൂര്‍ണമായും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. നമ്മുടെ ഈ ഐക്യം, ഈ യോജിപ്പ് മാതൃകാപരമാണ്. അത് നമുക്ക് ഇത്തരം കാര്യങ്ങളില്‍ ശരിയായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനാവണം എന്നുകൂടി അഭ്യര്‍ഥിച്ചുകൊണ്ട് മറ്റു കൂടുതല്‍ കാര്യങ്ങളിലേക്ക് കടക്കാതെ എല്ലാവരെയും ഒന്നു കൂടി അഭിവാദ്യം ചെയ്തുകൊണ്ട് അവസാനിപ്പിക്കുന്നു.

പിണറായി വിജയന്‍

You must be logged in to post a comment Login