വിദേശത്താണ് കഴിയുന്നതെങ്കിലും ഇന്ത്യയെ വല്ലാതെ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. സഹിഷ്ണുതയുടെ മഹാപ്രതീകമായി ഇന്ത്യയെ കാണുന്നയാള്‍. ഒരു മതത്തെയും പ്രീണിപ്പിക്കാതെ, മതനിരപേക്ഷ രാജ്യമായിത്തീരാന്‍ ബോധപൂര്‍വം തീരുമാനിച്ചതാണ് ഇന്ത്യ. അതാണ് ഇന്ത്യയുടെ അടിത്തറ. പാകിസ്ഥാനിലെ അമുസ്ലിംകളുടെ എണ്ണം ഒരു ശതമാനം മാത്രമായിരിക്കുമ്പോള്‍ ഇന്ത്യയില്‍ 20 കോടി മുസ്ലിംകളുള്ളത് അതുകൊണ്ടാണ്. നമ്മള്‍ പാകിസ്ഥാനല്ല. മതനിരപേക്ഷതയാണ് ഇന്ത്യയെ വ്യത്യസ്തമാക്കുന്നത്. അങ്ങനെയുള്ള ഇന്ത്യയിലെ 20 കോടി ജനങ്ങളോട് നിങ്ങളുടെ മതത്തിന് മറ്റു മതങ്ങളുടെ പദവിയില്ലെന്ന് പറയുന്നത് തീര്‍ത്തും വിഭജനയുക്തിയാണെന്നാണ് എന്റെ അഭിപ്രായം. ഇന്ത്യ തെറ്റായ വഴിയിലേക്ക് നീങ്ങുകയാണ്. അപലപനീയമാണത്.
ശാസ്ത്രബോധം പ്രോത്സാഹിപ്പിക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. വസ്തുതകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയാണ് അതിന്റെ വഴി. മതംപോലുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ വിവേചനം പാടില്ലെന്നാണ് അതിന്റെയര്‍ഥം. ശാസ്ത്രത്തിനുമേല്‍ പ്രത്യയശാസ്ത്രത്തിന് മേല്‍ക്കൈ നല്‍കിയ രാജ്യങ്ങളിലെല്ലാം ശാസ്ത്ര പുരോഗതി മുരടിക്കുകയാണ് ചെയ്തത്. നാസി ജര്‍മ്മനി ഒരുദാഹരണം. ഹിറ്റ്ലറുടെ പിടിയില്‍നിന്നു രക്ഷപ്പെട്ടുയരാന്‍ ജര്‍മന്‍ സയന്‍സിന് 50 വര്‍ഷം കാത്തിരിക്കേണ്ടിവന്നു. ജനിതക ശാസ്ത്രത്തെ നേരിടാന്‍ കമ്മൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ ഉപയോഗിച്ചതുകാരണമാണ് സോവിയറ്റ് യൂണിയനില്‍ ജീവശാസ്ത്രം മുരടിച്ചത്. ദേശീയതയും അപരവിദ്വേഷവും ഏതെങ്കിലും രാജ്യത്തിന്റെ മാത്രം പ്രശ്നമല്ല. ലോകം മുഴുവന്‍ അതൊരു വ്യാധിയായി പടരുകയാണ്.
ദുഷ്‌കര സാഹചര്യങ്ങളിലാണെങ്കില്‍പോലും എന്തെങ്കിലും ചെയ്യാന്‍ കഠിനമായി പരിശ്രമിക്കുന്നവരാണ് ഇന്ത്യയിലെ ചെറുപ്പക്കാര്‍. വിഭജനത്തിന്റെ വിത്തുവിതച്ച് ദേശനിര്‍മ്മാണത്തിന്റെ ആ പ്രക്രിയയില്‍നിന്ന് അവരുടെ ശ്രദ്ധ തിരിക്കാന്‍ പാടില്ല.
1971ല്‍ ഇന്ത്യവിടുകയും വേറെ പൗരത്വം നേടുകയും ചെയ്തെങ്കിലും ഇന്ത്യയോട് എനിക്ക് വലിയ കടപ്പാടുണ്ട്. അവിടെയാണ് ഞാന്‍ പഠിച്ചത്. അവിടെനിന്നാണെനിക്ക് പഠിക്കാനുള്ള സാമ്പത്തിക സഹായം ലഭിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യ മുന്നേറണം എന്നാണെന്റെ ആഗ്രഹം. എന്നാല്‍ തീവ്രനിലപാടുകളുളള ചിലര്‍ അവരുടെ ആശയം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിച്ച് രാജ്യത്ത് വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. വികാരം ഇളക്കിവിട്ട് ഭിന്നിപ്പിക്കാന്‍ എളുപ്പമാണ്. സ്വരച്ചേര്‍ച്ചയുള്ളൊരു സമൂഹം കെട്ടിപ്പടുക്കുന്നത് അത്ര എളുപ്പമല്ല. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതേ ഗുണം ചെയ്യൂ. അതുകൊണ്ടുതന്നെ, വിവേകമുള്ള ഏതൊരു കോടതിയും ഈ നിയമത്തെ റദ്ദാക്കുമെന്നാണ് നിയമവിദഗ്ധനൊന്നുമല്ലെങ്കിലും ഞാന്‍ പ്രതീക്ഷിക്കുന്നത്.
വെങ്കി രാമകൃഷ്ണന്‍
You must be logged in to post a comment Login