വര്‍ത്തമാന കാല ഇന്ത്യ കടന്നു പോയിക്കൊണ്ടിരിക്കുന്നത് സാമൂഹികവും സാമ്പത്തികവുമായ ഒരുപാട് സംഘര്‍ഷങ്ങളിലൂടെയാണ്.
സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഏറ്റവും ഗൗരവമായി ഇതു ബാധിച്ചത് സമൂഹത്തിലെ താഴെ തട്ടിലുള്ള ദളിത്-പിന്നാക്ക വിഭാഗങ്ങളെയും മറ്റു പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെയുമാണ്. ജനങ്ങള്‍ ഇതിനെ കുറിച്ച് നല്ലപോലെ ബോധവാന്മാരാണ്. പക്ഷേ ഒരു പ്രത്യയശാസ്ത്രത്തിന്റെയും കൃത്യമായ നേതൃത്വത്തിന്റെയും അഭാവം നിലനില്‍ക്കുന്നത് കാരണം ഇതിനൊക്കെയെതിരെ ഒരു മുന്നേറ്റമോ പ്രക്ഷോഭമോ സാധ്യമാകുന്നില്ല. കഴിഞ്ഞ കുറച്ചു നാളുകള്‍ മുന്‍പ് സാമ്പത്തിക സംവരണ നയങ്ങളെ സംബന്ധിച്ച ചില വിഷയങ്ങളുണ്ടായി.
ബിജെപി ഗവണ്‍മെന്റ് കൊണ്ടുവന്ന സംവരണ വിരുദ്ധ ബില്ലിനെ വാസ്തവത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ക്കുകയായിരുന്നില്ല, മറിച്ച് അനുകൂലിക്കുകയാണ് ചെയ്തത്. അതായത് നമ്മുടെ രാജ്യത്തെ ദളിതരും ന്യൂനപക്ഷ ജനവിഭാഗവും മറ്റു പിന്നാക്ക വിഭാഗങ്ങളുമടങ്ങുന്ന ബഹുഭൂരിപക്ഷം വിഭാഗം ജനങ്ങളുടെ ജനാധിപത്യവകാശത്തെ ഹനിക്കുന്ന ബില്ലിനെ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണക്കുകയായിരുന്നു. ഇതോടുകൂടി ഭൂരിഭാഗം ജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളോട് നിലനില്‍ക്കുന്ന അസംതൃപ്തി പാര്‍ട്ടികളോടുള്ള അവിശ്വാസമായും മാറിയിട്ടുണ്ട്. ഇങ്ങനെയൊരു രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ഭൂരിഭാഗം ജനങ്ങളും സാമൂഹികവും സാമ്പത്തികവുമായി വലിയ പ്രശ്‌നങ്ങളനുഭവിക്കുന്ന ഇത്തരമൊരു സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യത്തെ അഭിമുഖീകരിക്കാനോ പരിഹരിക്കാനോ കഴിയുന്നില്ല. അതിനാല്‍ തന്നെ ജനങ്ങളില്‍ നിന്നും ഏതു സമയത്തും ഒരു പൊട്ടിത്തെറി നേരിടാം. അത്തരമൊരു സാഹചര്യത്തെ മറികടക്കാന്‍ സംഘപരിവാറിനു മുന്നിലുള്ള ഏകമാര്‍ഗം ശക്തമായ മുസ്‌ലിം വിരോധം സൃഷ്ടിച്ച് പ്രചരിപ്പിക്കുക എന്നതാണ്.
സ്ത്രീകളും കുട്ടികളുമടങ്ങിയ വലിയൊരു വിഭാഗം ജനങ്ങളാണ് ഇതിന്റെ ഇരകളാക്കപ്പെടുന്നവരും അടിച്ചമര്‍ത്തപ്പെടുന്നവരും. ഈയൊരു സംഘര്‍ഷവും പ്രശ്‌നങ്ങളും നിലനില്‍ക്കുന്ന ഘട്ടത്തില്‍ ഹിന്ദു സമുദായം ജാതീയമായ പിളര്‍പ്പെന്ന വലിയൊരു പ്രതിസന്ധി നേരിടുകയാണ്. ഇവിടെയാണ് മുസ്‌ലിം വിരുദ്ധത കയറി വരുന്നത്.
ചരിത്രപരമായ രണ്ട് സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനു ശേഷമാണ് പിന്നാക്ക സമുദായങ്ങള്‍ക്കിടയില്‍ വലിയൊരു പ്രതിസന്ധി രൂപപ്പെടുന്നത്. പരമ്പരാഗതമായി അവര്‍ നിലനിന്നിരുന്ന ഹിന്ദു സമുദായത്തില്‍ നിന്നും പുറത്തു കടക്കേണ്ടി വന്നു. അതിനെ മറികടക്കാനായിട്ടാണ് ബാബരി മസ്ജിദ് തകര്‍ക്കുന്നത്. അതോടുകൂടി മുസ്‌ലിം വിരുദ്ധത സൃഷ്ടിച്ച് വ്യത്യസ്ത പിന്നാക്ക ജാതികളെ ഹിന്ദു സമുദായത്തോട് ഐക്യപ്പെടുത്തി നിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു.
ഇപ്പോഴത്തെ അയോധ്യ പ്രശ്‌നവും ശബരിമല വിഷയവുമൊക്കെ നോക്കൂ, ജുഡീഷ്യറി വരെ ഈ പുതിയ മാറ്റം ഉള്‍ക്കൊള്ളുന്നുണ്ട്. ഇതുപോലുള്ള വിഷയങ്ങള്‍ ഇന്ത്യയില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എണ്‍പതുകളിലെ ഷാബാനു കേസ് വിധിയുമായി ബന്ധപ്പെട്ടാണ് കോടതി ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ജുഡീഷ്യറിയും ഹൈന്ദവവല്‍ക്കരണത്തിനു കൂട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍, ഒരു ജാതീയ ശത്രുത സൃഷ്ടിക്കുക എന്ന ഉദ്ദേശത്തിലാണ് യഥാര്‍ത്ഥത്തില്‍ ഈ പൗരത്വ ബില്ല് കൊണ്ടുവരുന്നത്.
രണ്ടു കാര്യങ്ങളാണ് പൗരത്വ ബില്ലില്‍, ഏറ്റവും പ്രധാനപ്പെട്ടത്. രാജ്യത്തെ രണ്ടായി വിഭജിക്കുന്നു. അതിനോടൊപ്പം ജാതീയമായി ബ്രാഹ്മണ മൂല്യങ്ങള്‍ ഇന്ത്യന്‍ ദളിത് വിഭാഗങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയും അതിന്റെ പേരിലുണ്ടാവുന്ന എതിര്‍പ്പുകളെ സൈനികമായി അടിച്ചമര്‍ത്തുകയും ചെയ്യുന്നു.
ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നം അത് വളര്‍ന്നു വന്നത് ഹിന്ദുയിസത്തിന്റെ അടിത്തറയിലാണ് എന്നതാണ്. ആര്യനിസം അവരിലടിച്ചേല്‍പ്പിച്ചാണ് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം രൂപീകരിക്കുന്നത്. ഇവിടെയുള്ള വ്യത്യസ്ത ജനവിഭാഗങ്ങള്‍ സാംസ്‌കാരികമായും രാഷ്ട്രീയമായും വ്യത്യസ്ത ചരിത്രമുള്ളവരാണ്. അവര്‍ക്ക് ഇവിടെ വ്യക്തമായ പ്രാതിനിധ്യമുണ്ട്, അതിനംഗീകാരമായിട്ടാണ് നമ്മള്‍ 1930കളില്‍ വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്ക് കമ്മ്യൂണല്‍ അവാര്‍ഡ് നടപ്പിലാക്കിയത്. ഇതിനെതിരായാണ് ആര്യന്‍ മേധാവിത്തത്തിന്റെ വക്താക്കള്‍ എന്ന നിലയ്ക്ക് ആര്‍എസ്എസ് ശക്തമാകുന്നത്.
അതേപോലെ മദന്‍ മോഹന്‍ മാളവ്യ, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പോലുള്ള നേതാക്കളെല്ലാം വാസ്തവത്തില്‍ വലിയ ഹിന്ദു ബിംബങ്ങളായിരുന്നു. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിനു ഹിന്ദുധാരയുടെ കൃത്യമായ സ്വാധീനമുണ്ട്. അതിനിടയില്‍ നെഹ്‌റുവിനെ പോലുള്ളവരുടെ നയങ്ങള്‍കൊണ്ട് അതിനെ അടക്കി വെക്കുകയാണുണ്ടായിട്ടുള്ളത്. പക്ഷേ പിന്നീട് കോണ്‍ഗ്രസ് പ്രസ്ഥാനം ദുര്‍ബലമായി. അപ്പോള്‍ അതിനു സമാന്തരമായ ഒരു ദേശീയ കാഴ്ചപ്പാടോ സാമ്പത്തിക കാഴ്ചപ്പാടോ മുന്നോട്ടു വെക്കാന്‍ കമ്മ്യൂണിസത്തിനു കഴിഞ്ഞിട്ടില്ല.
പൗരത്വ ബില്ലിനെ കുറിച്ച് സിപിഎം പറഞ്ഞത് ‘ഇത് ജിന്നയുടെയും സവര്‍ക്കറുടെയും അജണ്ടയാണെന്നും സമുദായിക വര്‍ഗീയത വളര്‍ത്തുകയാണെ’ന്നുമാണ്. ശശി തരൂരും ഇതുപോലൊരു അഭിപ്രായമാണ് പറഞ്ഞത്. അങ്ങനെയൊരു ആരോപണത്തിന് യാതൊരു പ്രസക്തിയുമില്ല. ജിന്നയുടെ പാരമ്പര്യം ഇന്ത്യയില്‍ ഒരു മുസ്‌ലിം സംഘടനയും പിന്തുടരുന്നില്ല. വിഭജന സമയത്ത് സ്വാഭാവികമായി അതില്‍ പങ്കുചേര്‍ന്നു എന്നല്ലാതെ പിന്നീട് അവരൊരിക്കലും ജനാധിപത്യ ഇന്ത്യയില്‍ നിന്ന് വിട്ടുനില്‍ക്കുകയോ മറ്റൊരു വിഭജനത്തിനു വേണ്ടി വാദിക്കുകയോ ചെയ്തിട്ടില്ല. അതേസമയം ഒരു ചരിത്ര പുരുഷന്‍ എന്ന നിലയില്‍ ജിന്നയെ പഠിക്കേണ്ടതുണ്ടായിരുന്നു. പ്രശ്‌നം ജിന്നയുടെ പ്രത്യയശാസ്ത്രത്തെ വീണ്ടെടുക്കുന്നുണ്ടോ എന്നതാണ്. അങ്ങനെയൊരു വീണ്ടെടുപ്പ് നടക്കുന്നില്ല. ഇവിടെയുള്ള മുസ്‌ലിം സംഘടനകളൊക്കെയും ജനാധിപത്യ രീതികള്‍ പിന്തുടരുന്നവരാണ്. പ്രതിരോധം എന്ന നിലയ്ക്കല്ലാതെ അവര്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. കൊളോണിയല്‍ കാലത്ത് അബുല്‍ അഅ്‌ലാ മൗദൂദിക്ക് ഒരു രാഷ്ട്രവാദ കാഴ്ചപ്പാട് ഉണ്ടായിരുന്നെങ്കില്‍ പോലും, ജമാഅത്തെ ഇസ്‌ലാമി വരെ ജനാധിപത്യം പിന്തുടരുന്നവരാണ്.
ജര്‍മനിയില്‍ അന്നു നടന്ന എല്ലാ കാര്യങ്ങളും ഇന്നിവിടെ നടക്കുന്നു. മറ്റൊരു ജര്‍മനിയായി ഇന്ത്യ മാറിയിട്ടുണ്ട്. ഇത്രയും കാലം പൗരത്വ സമീപനങ്ങളില്‍ വിവേചനം നിലനിന്നിട്ടുണ്ട്. എന്നാല്‍ ഇനി പൂര്‍ണമായും പൗരത്വമേ ഇല്ലാതാക്കാനാണ് പോകുന്നത്. ഇതിനെതിരായ വലിയ ദളിത് ബഹുജന്‍ പിന്നാക്ക ന്യൂനപക്ഷ സമരങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.
കെ കെ കൊച്ച്
You must be logged in to post a comment Login