ഒരു മുസ്ലിം പൊലീസ് ഉദ്യോഗസ്ഥനെ ഏതെങ്കിലും തീവ്രവാദിസംഘത്തോടൊപ്പം കാണാനിടയായാല്‍, അല്ലെങ്കില്‍ അക്കൂട്ടത്തില്‍പ്പെട്ട ആരുടെയെങ്കിലും പരോക്ഷ ബാന്ധവത്തെ കുറിച്ച് സൂചന കിട്ടിയാല്‍, നമ്മുടെ മാധ്യമങ്ങള്‍ (വിശിഷ്യാ ചാനലുകള്‍) ‘രാജ്യദ്രോഹികളുടെ’ കുല പരമ്പരയെ കുറിച്ച് എന്തുമാത്രം ചര്‍ച്ചകളും സംവാദങ്ങളും അന്വേഷണങ്ങളും സംഘടിപ്പിച്ച് അന്തരീക്ഷം പ്രക്ഷുബ്ധമാക്കും? എന്നാല്‍ അത്തരമൊരു പൊലീസ് ഉദ്യോഗസ്ഥന്‍ ‘ദേശസ്നേഹി’കളുടെ സന്താനപരമ്പരയില്‍പ്പെട്ട ഒരാളായാലോ? ആരും ചര്‍ച്ച ചെയ്തുപോകരുത്. അത് രാജ്യത്തിന്റെ യശസ്സിനും ആഭ്യന്തര സുരക്ഷാസംവിധാനത്തിന്റെ കാര്യക്ഷമതക്കും പോറലേല്‍പിക്കും. നമ്മുടെ പൊലീസ് സേനയുടെ മനോവീര്യം തന്നെ തകരും. ഇങ്ങനെയായിരിക്കും ചിന്തയും വാദങ്ങളും. എന്നിരുന്നാലും ഭരണകൂടവും മുഖ്യധാര മാധ്യമങ്ങളും തമസ്‌ക്കരിക്കാന്‍ ശ്രമിക്കുന്ന ഒരുവാര്‍ത്ത ഇപ്പോള്‍ ആഴത്തില്‍ പരിശോധിക്കപ്പെടുന്ന കാഴ്ച കൗതുകകരമായി തോന്നുന്നു. ഇക്കഴിഞ്ഞ ജനുവരി 11ന് ശനിയാഴ്ച ശ്രീനഗറില്‍നിന്ന് ജമ്മുവിലേക്കുള്ള ദേശീയപാതയില്‍, കാല്‍നൂറ്റാണ്ടായി ജമ്മു-കശ്മീര്‍ പൊലീസിന്റെ ഭാഗമായ ഡി വൈ എസ് പി ദേവീന്ദര്‍ സിങ് സൗത്ത് കശ്മീര്‍ ഡി ജി പി അതുല്‍ ഗോയലിന്റെ നേതൃത്വത്തില്‍ നടന്ന പൊലീസ് റെയ്ഡില്‍ പിടികൂടപ്പെട്ടത് രണ്ടു ഭീകരവാദികളോടൊപ്പമാണ്. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സയ്യിദ് നവീദ് മുഷ്താഖ്, ലശ്കറെ ത്വയ്യിബ നേതാവ് അല്‍താഫ് എന്നിവരാണ് ദേവീന്ദര്‍ സിങ്ങിനോടൊപ്പം കാറിലുണ്ടായിരുന്നത്. ഇന്ത്യ-പാക് അതിര്‍ത്തി പങ്കിടുന്ന ഒരു മേഖലയില്‍, പട്ടാളത്താവളത്തിനടുത്ത് തന്റെ വസതിയിലാണ് ഭീകരവാദികളെ ഈ പൊലീസ് ഉദ്യോഗസ്ഥന്‍ താമസിപ്പിച്ചിരിക്കുന്നത്. ഡല്‍ഹിയായിരുന്നുവത്രെ യാത്രാസംഘത്തിന്റെ ലക്ഷ്യം.
റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണ സാധ്യതയെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം ചില സൂചനകള്‍ നല്‍കുന്നതിനിടയിലാണ് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ പിടിക്കപ്പെടുന്നത് എന്നത് ഗൗരവമേറ്റുന്നു. ദേവീന്ദര്‍സിങ് പിടികൂടപ്പെട്ടത് വളരെ യാദൃഛികമാവാം. അത് സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനത്തില്‍ വന്‍ സ്ഫോടനമോ കൂട്ടക്കുരുതിയോ സംഭവിച്ചേനെ. പൗരത്വഭേദഗതി നിയമവും എന്‍ ആര്‍ സിയും എന്‍ പി ആറുമൊക്കെ മോഡി-അമിത് ഷാ പ്രഭൃതികള്‍ക്ക് തലവേദന സൃഷ്ടിക്കുകയും ആഞ്ഞടിക്കുന്ന ജനകീയ പ്രക്ഷോഭത്തില്‍പ്പെട്ട് സര്‍ക്കാര്‍ ആടിയുലയുകയും ചെയ്യുമ്പോള്‍ എല്ലാറ്റിനുമുള്ള മറുമരുന്ന് രാജ്യസ്നേഹം തുറന്നുവിടുന്ന ഭീകരാക്രമണമാണെന്ന് സുരക്ഷാ ഉപദേഷ്ടാക്കള്‍ കണക്കുകൂട്ടിയിട്ടുണ്ടാവണം.
ദേവീന്ദര്‍ സിങ്ങിന്റെ കാര്യത്തില്‍ അല്‍പം പിന്നോട്ട് ചലിച്ചാല്‍ ചില ഗൗരവമേറിയ സത്യങ്ങള്‍ അനാവൃതമാകും. പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരു ജയിലില്‍ കിടന്നപ്പോള്‍ തന്റെ അഭിഭാഷകന്‍ മുഖേന, ഒരു സത്യം വിളിച്ചുപറഞ്ഞിരുന്നു. പാര്‍ലമെന്റ് ആക്രമണത്തിനിടയില്‍ കൊല്ലപ്പെട്ട പാകിസ്ഥാന്‍ പൗരന്‍ അല്‍ത്താഫിനെ ഡല്‍ഹിയിലെത്തിക്കാന്‍ തന്നോട് ആവശ്യപ്പെട്ടത് ദേവീന്ദര്‍ സിങ്ങാണെന്ന്. അപ്പോള്‍, ഈ പൊലീസ് ഓഫീസറും ഭീകരവാദികളും തമ്മിലുള്ള ബന്ധം പഴക്കമുള്ളതും ആഴമേറിയതുമാണ്. രാജ്യസുരക്ഷയുടെ മര്‍മസ്ഥാനത്തിരുന്ന്, ഇയാളും ഇദ്ദേഹത്തെ പോലുള്ളവരും ഭീകരവാദികളെ ഉല്‍പാദിപ്പിച്ച് അകത്തുനിന്ന് രാജ്യത്തെ ഒറ്റിക്കൊടുക്കുകയായിരുന്നുവോ? അതോ, പൊലീസും രഹസ്യാന്വേഷണ വിഭാഗവും അദൃശ്യശക്തികളും ചേര്‍ന്നൊരുക്കുന്ന, നിഗൂഢതകളുടെ ഒരു ഡീപ് സ്റ്റേറ്റായി പ്രവര്‍ത്തിക്കുകയായിരുന്നുവോ? രണ്ടാലൊന്ന് തീര്‍ച്ചയാണ്. ഒന്നുകില്‍, ഭീകരവാദികളുടെ പേ റോളിലുള്ള, അതീവരഹസ്യമായി രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന കൊടുംവഞ്ചകനായ രാജ്യദ്രോഹിയാണിയാള്‍. അല്ലെങ്കില്‍ ഭരണകൂടം ആവിഷ്‌കരിച്ചുനടപ്പാക്കുന്ന ഭീകരവാദ കഥയിലെ ഒരു കരുവായിരിക്കണം ദേവീന്ദര്‍ സിങ്. ഭീകരവാദികളുമായി നിരന്തരം സമ്പര്‍ത്തക്കത്തിലേര്‍പ്പെട്ട്, ആവശ്യമായി വരുമ്പോള്‍ ഭീകരാക്രമണം നടത്താനും ചൂണ്ടിക്കാണിച്ചുകൊടുക്കുന്നവരെ കൊന്നൊടുക്കാനുമുള്ള ഒരു സംവിധാനത്തിന്റെ ഭാഗമാണോ ഇതെല്ലാം എന്ന് ആരും സംശയിച്ചുപോകാം. ഇത്തരമൊരു സംവിധാനമാണ് കശ്മീരിനെ ഭീകരവാദ നിബിഢ മേഖലയായി മാറ്റിയെടുത്തതെന്ന് നിഷ്പക്ഷമതികള്‍ എന്നോ പറഞ്ഞതാണ്. പിടിക്കപ്പെട്ടത് ദേവീന്ദര്‍സിങ് എന്ന പത്തരമാറ്റുള്ള ‘ദേശസ്നേഹി’ സിഖുകാരനായത് കൊണ്ട് മുസ്ലിംകള്‍ രക്ഷപ്പെട്ടു. ഏതെങ്കിലും മുസ്ലിം നാമധാരിയായിരുന്നുവെങ്കില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ എത്രവട്ടം പത്രക്കാരെ കണ്ടേനെ! വിശിഷ്ട സേവനത്തിന് കഴിഞ്ഞവര്‍ഷം രാഷ്ട്രപതി പതക്കം മാറിലണിയിച്ച് ആദരിച്ച കേമനാണിയാള്‍. അതിനര്‍ഥം, സംഘ്പരിവാറിന്റെ അജണ്ടകള്‍ നടപ്പാക്കുന്ന വൃത്തികെട്ട ഒരുവനാണെന്നു തന്നെ. ഭീകരവാദികള്‍ക്കൊപ്പം പിടിക്കപ്പെട്ടത് ദേവീന്ദര്‍ സിങ് ആയതോടെ, മോഡിസ്തുതി പാടുന്ന, അല്ലെങ്കില്‍ മോഡിയും കൂട്ടരും അകപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ വേവിച്ചെടുക്കുന്ന, മാധ്യമങ്ങള്‍ക്ക് ഒന്നാന്തരം അവസരം നഷ്ടപ്പെട്ടതിലാണ് സങ്കടം.
ഇവരുടെ കൈയിലാണ് രാജ്യസുരക്ഷ
ദേവീന്ദര്‍സിങ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കരിയറിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചിറങ്ങിയാല്‍ ഞെട്ടിപ്പോകും! ഭീകരവാദികളോടൊപ്പം ഗൂഢലക്ഷ്യവുമായി അവധി എടുത്ത് ഇറങ്ങിപ്പുറപ്പെട്ട ഇയാള്‍ക്കാണത്രെ ശ്രീനഗര്‍ വിമാനത്താവളത്തിന്റെ സുരക്ഷാചുമതല. യു എസ് അംബാസഡര്‍ അടക്കമുള്ള ഉന്നത നയതന്ത്ര പ്രതിനിധികള്‍ കഴിഞ്ഞാഴ്ച താഴ്വര സന്ദര്‍ശിച്ചപ്പോള്‍ സുരക്ഷാവക്താവായി അവരെ അനുഗമിച്ചതും ഇയാള്‍ തന്നെയായിരുന്നു. ജമ്മു-കശ്മീരിന്റെ സവിശേഷ പദവി എടുത്തുകളഞ്ഞ ശേഷം സംജാതമായ സ്ഥിതിവിശേഷങ്ങളെ കുറിച്ച് പഠിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റംഗങ്ങള്‍ അടക്കമുള്ളവരെ താഴ്വരയിലെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയതും ഈ മനുഷ്യനാണ്. രഹസ്യാന്വേഷണ വിഭാഗത്തിന് ദേവീന്ദര്‍സിങിനെ കുറിച്ച് ഒന്നുമറിയില്ല എന്നു കരുതാന്‍ മാത്രം വിഡ്ഡികളാണോ രാജ്യത്തെ ജനങ്ങള്‍! അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന റെയ്ഡില്‍ മൂന്ന് എ കെ 47 റൈഫിളും കുറെ ഗ്രനേഡുകളും കണ്ടെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഡി വൈ എസ് പി ഗ്രേഡിലുള്ള ഒരു ഉദ്യോഗസ്ഥന് സ്വപ്നം കാണാന്‍ പറ്റാത്ത മൂന്നു സ്വത്തുക്കള്‍ ഇയാള്‍ക്ക് ജമ്മുകശ്മീരിലുണ്ടെത്ര. ഈ സ്വത്തുക്കള്‍ വാരിക്കൂട്ടാന്‍ എന്താണ് ഇയാളുടെ വരുമാന മാര്‍ഗം? എപ്പോഴെങ്കിലും ആദായനികുതി വകുപ്പോ രഹസ്യാന്വേഷണ വിഭാഗമോ അന്വേഷിച്ചിട്ടുണ്ടോ? അന്വേഷിക്കില്ല എന്നു മാത്രമല്ല, അഫ്സല്‍ ഗുരുവിന്റെ ‘ഓര്‍മകള്‍’ മരിക്കാതിരിക്കാന്‍ അദ്ദേഹത്തെ തൂക്കിക്കൊന്ന ദിവസം ആഗതമാകുമ്പോഴും മകന്‍ ഗാലിബ് സ്‌കൂള്‍ പരീക്ഷയില്‍ നല്ല മാര്‍ക്കോടെ ജയിക്കുമ്പോഴും മാധ്യമങ്ങള്‍ അത് ദേശീയ വാര്‍ത്തയാക്കിമാറ്റാറുണ്ട്. 2013 ഫെബ്രുവരി ഒമ്പതിനാണ് ഗുരു കഴുമരത്തിലേറ്റപ്പെടുന്നത്. ഏഴുവര്‍ഷം കഴിഞ്ഞിട്ടും അഫ്സല്‍ ഇന്ത്യയിലെ മനഃസാക്ഷി മരിക്കാത്ത മനുഷ്യരോട് ദേവീന്ദര്‍ സിങ്ങിനെ കുറിച്ച് പറഞ്ഞത് ആരും അന്വേഷിച്ചില്ല. ഇപ്പോള്‍ ആ പൊലീസ് ഉദ്യോഗസ്ഥനെ കൈയോടെ പിടികൂടിയപ്പോഴും വിഷയം ചൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ കേസ് (റജിസ്റ്റര്‍ ചെയ്തോ എന്ന് ഉറപ്പില്ല.) ദേശീയ അന്വേഷണ ഏജന്‍സിക്ക് വിട്ടിരിക്കയാണ് ആഭ്യന്തരം കൈയാളുന്ന അമിത് ഷാ. അതോടെ ആ കേസിന്റെ കഥ കഴിഞ്ഞുവെന്ന് വേണം കരുതാന്‍. അമിത് ഷാക്കറിയാം ദേവീന്ദര്‍ സിങ്ങിനെ പോലുള്ള ‘രാജ്യദ്രോഹികള്‍’ ഏതുവിധത്തിലാണ് ‘ദേശസേവനം’ നടത്തുന്നതെന്ന്. സംഘ്പരിവാറിന്റെ വര്‍ഗീയ അജണ്ടകള്‍ നടപ്പാക്കുന്ന ‘ദേശസ്നേഹികളായ ‘ ഇവര്‍ക്കറിയാം ന്യൂനപക്ഷങ്ങളുടെ ചോരയും ചലവും നക്കിക്കുടിക്കുന്ന ഏത് അധമനെയും രക്ഷിക്കാന്‍ ആര്‍ എസ് എസ് ഏതു പരിധിയും ലംഘിക്കുമെന്ന്.
ദേവീന്ദര്‍ സിങ് എല്ലാറ്റിനുമൊടുവില്‍ പിടിയിലാകുമ്പോള്‍, ഏത് സ്വര്‍ണത്തളിക കൊണ്ട് മൂടിവെക്കാന്‍ ശ്രമിച്ചാലും ഒരുനാള്‍ സത്യം തല പുറത്തേക്കിടും എന്ന ആപ്തവാക്യമാണ് ഓര്‍മയിലെത്തുന്നത്. പാര്‍ലമെന്റ് ആക്രമണത്തിന്റെ പേരില്‍ അഫ്സല്‍ ഗുരു എന്ന അഭ്യസ്തവിദ്യനായ കശ്മീരിയുടെ ജീവനെടുത്തത് ഈ ദുഷ്ടന്റെ കിരാതനടപടി മൂലമാണെന്ന് തെളിഞ്ഞുവരുകയാണ്. അല്‍ത്താഫ് എന്ന പാക് ഭീകരനെ ഡല്‍ഹിയില്‍ എത്തിക്കാനും അവന് താമസിക്കാന്‍ സൗകര്യമൊരുക്കിക്കൊടുക്കാനും അഫ്സല്‍ ഗുരുവിനോട് നിര്‍ദേശിച്ചത് ദേവീന്ദര്‍ സിങ്ങാണ്. ഈ സത്യമാണ് തന്റെ അഭിഭാഷകന്‍ മുഖേന, കേസ് വിചാരണക്കിടയില്‍, ജയിലില്‍ നിന്ന് അഫ്സല്‍ ഗുരു പുറംലോകത്തോട് വിളിച്ചുപറഞ്ഞത്. 2006ല്‍ ‘കാരവന്‍’ മാസികയുമായുള്ള അഭിമുഖത്തിലും ഈ സത്യം വെളിപ്പെടുത്തുന്നുണ്ട്. കത്തിലെ പ്രസക്ത ഭാഗമിതാണ്:
”One day Altaf took me to Dravinder Singh (D S P). D S told me that I had to do a small job for him that has to took one man to delhi as I was well aware about Delhi and has to manage a rented house for him. Since I was not knowing the man but I suspected that this man is not Kashmiri as he did not speak in Kashmiri but I was helpless to do what Dravinder told me. I took him to Delhi. One day he told me that he want to purchase a car. Thus I went with him to Karol Bagh. He purchased the car. Then in Delhi he used to meet different persons and both of us he Mohammad and me used to get the different phone calls from Dravinder Singh.”- ഒരുദിവസം അല്‍ത്താഫ് (പാക് തീവ്രവാദികളില്‍ ഒരാള്‍) എന്നെ ഡി എസ് പി രവീന്ദര്‍ സിങ്ങിന്റെ അടുത്ത് കൂട്ടിക്കൊണ്ടുപോയപ്പോള്‍ ഇയാള്‍ക്ക് ചെറിയൊരു സഹായം ചെയ്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ഡല്‍ഹി വരെ എത്തിക്കണമെന്നും ഒരു വാടകവീട് തരപ്പെടുത്തികൊടുക്കണമെന്നും പറഞ്ഞു. എനിക്ക് അയാളെ അറിയില്ലായിരുന്നു. സംസാരത്തില്‍നിന്നും കശ്മീരി അല്ലെന്നു മനസ്സിലായി. എന്നിരുന്നാലും ദേവീന്ദര്‍ സിങ് ആവശ്യപ്പെട്ടത് കൊണ്ട് ചെയ്യാതിരിക്കാന്‍ പറ്റില്ലായിരുന്നു. ഒരുദിവസം അല്‍ത്താഫ് പറഞ്ഞു ഒരു കാര്‍ വാങ്ങാന്‍ സഹായിക്കണമെന്ന്. അപ്രകാരം അയോളോടൊപ്പം കരോള്‍ബാഗില്‍ പോയി കാറ് വാങ്ങി. ഡല്‍ഹിയില്‍ പലരേയും കാണാന്‍ ഈ കാറ് അയാള്‍ ഉപയോഗിച്ചു. ഞങ്ങള്‍ രണ്ടുപേരേയും ദേവീന്ദര്‍സിങ് ഫോണില്‍ സ്ഥിരമായി വിളിക്കുമായിരുന്നു.” -ഡല്‍ഹിയില്‍ അന്ന് ബിസിനസ് നടത്തുന്ന അഫ്സല്‍ ഗുരു പാര്‍ലമെന്റ് ആക്രമണ കേസില്‍ പ്രതി ചേര്‍ക്കപ്പെടുന്നത് ആക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍ത്താഫിന് ഡല്‍ഹിയില്‍ എത്താനും കാറും വീടും വാങ്ങാനും സഹായിച്ചു എന്നതിന്റെ പേരിലാണ്. പാര്‍ലമെന്റാക്രമണത്തില്‍ പങ്കെടുത്ത അഞ്ചുപേരും പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. പിന്നെന്തിന് ഗുരുവിനെ വധശിക്ഷക്കു വിധിച്ചു എന്ന ചോദ്യത്തിന് കോടതി പറഞ്ഞത്, ‘രാജ്യത്തിന്റെ മനഃസാക്ഷിയെ തൃപ്തിപ്പെടുത്താന്‍’ എന്നാണ്.
അഫ്സല്‍ഗുരു യഥാര്‍ത്ഥത്തില്‍ നിരപരാധിയായിരുന്നുവെന്ന് അരുന്ധതി റോയിയെപോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അന്നേ പറയുന്നുണ്ടായിരുന്നു. ”The Hanging of Afsal Guru And the Strange Case of Attack on Indian Parliament with the Introduction by Arundhati Roy” എന്ന പുസ്തകം തന്നെ പിറന്നത് 2006ല്‍ പര്‍വേസ് ബുഖാരി എന്ന മാധ്യമപ്രവര്‍ത്തകന്‍ ദേവീന്ദര്‍ സിങ്ങുമായി നടത്തിയ അഭിമുഖം ഉള്‍ക്കൊള്ളിച്ചാണ്. ഏതു പ്രസിദ്ധീകരണത്തിനു വേണ്ടിയായിരുന്നു അഭിമുഖം നടത്തിയത്, അവര്‍ ആ ദൗത്യം വഴിക്കുവെച്ച് ഉപേക്ഷിച്ചു. കശ്മീരിലെ ഒരു പൊലീസ് ഓഫീസറുടെ കുറ്റസമ്മതം പ്രസിദ്ധീകരിക്കുന്നതിലെ അപകടം അവര്‍ക്കറിയാമായിരുന്നു. ആ അഭിമുഖത്തില്‍ ഈ പൊലീസ് ഓഫീസര്‍ കുറെ സത്യംപറയുന്നുണ്ട്. ഒപ്പം കുറെ പച്ചക്കള്ളവും. അഫ്സല്‍ ഗുരുവിനെ അതിക്രൂരമായി മര്‍ദിച്ചിട്ടും അയാള്‍ കുറ്റസമ്മതം നടത്തിയിട്ടില്ല എന്ന് വ്യക്തമാക്കുന്നുണ്ട്. എന്നല്ല, മറ്റൊരു പൊലീസ് ഓഫീസറും ചെയ്യാന്‍ മടിക്കുന്ന അതിനിഷ്ഠുരത തന്റെ ഭാഗത്തുനിന്നുണ്ടായി എന്ന് പോലും ദുഷ്ടനായ ഈ പൊലീസ് ഓഫീസര്‍ സമ്മതിക്കുന്നുണ്ട്. ഗുദത്തില്‍ പെട്രോള്‍ ഒഴിച്ച് അതില്‍ ഇലക്ട്രിക് ഷോക്ക് കടത്തിവിടുക പോലും ചെയ്തത്രെ. എന്നിട്ടും ഗുരു കുറ്റസമ്മതം നടത്തിയില്ല എന്ന് ദേവീന്ദര്‍ സിങ് പറയുന്നു. ചോദ്യം ചെയ്ത് വസ്തുതകള്‍ പുറത്തെടുക്കുന്ന കാര്യത്തില്‍ താന്‍ അതിക്രൂരനാണെന്നും തന്റെ പക്കല്‍നിന്ന് ക്ലീനായി പോയാല്‍ പിന്നെ ഒരാളും അയാളെ തൊടില്ലെന്നും ഈ സര്‍ദാര്‍ജി വീമ്പ് നിരത്തുന്നുണ്ട് അഭിമുഖത്തില്‍.
കഥമാറുമ്പോള്‍ മനഃസാക്ഷി ഉണരുമോ?
ദേവീന്ദര്‍സിങ് അറസ്റ്റ് ചെയ്യപ്പെട്ടതോടെ, ഒരു ഡെപ്യൂട്ടി സുപ്രണ്ട് ഓഫ് പൊലീസിന്റെ പതനത്തിനപ്പുറം, ഭീകരവിരുദ്ധ വേട്ടയുടെ പേരില്‍ ഇവിടെ നടമാടുന്ന മുസ്ലിം വേട്ടയുടെ കാണാപുറങ്ങളിലേക്കാണ് ലോകശ്രദ്ധ തിരിച്ചുവിടുന്നത്. അഫ്സല്‍ ഗുരുവിന്റെ രക്തസാക്ഷ്യം പൊലീസും രഹസ്യാന്വേഷണ വിഭാഗവും ആസൂത്രണം ചെയ്ത ഒരാക്രമണപദ്ധതിയുടെ പരിണതിയാണ് എന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പലവുരു ചൂണ്ടിക്കാട്ടിയതാണ്. ഇവിടെ ഭീകരാക്രമണങ്ങള്‍, രാജ്യത്തെ മുസ്ലിംകളെ അപരവത്കരിക്കാനും രാജ്യദ്രോഹി മുദ്രയടിച്ച് അപരാധികളുടെ ഗെറ്റോകളിലേക്ക് തള്ളിവിടാനുമുള്ള ആര്‍ എസ് എസ് ആസൂത്രണം ചെയ്യുന്ന ഗൂഢപദ്ധതികളാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതോടൊപ്പം, രാഷ്ട്രീയ മുതലെടുപ്പിനും ഭൂരിപക്ഷവികാരം ഇളക്കിവിട്ട് വോട്ടുബാങ്ക് കൊഴുപ്പിക്കാനുമുള്ള ഹീന അജണ്ടയുടെ ഭാഗമായും ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുന്നു. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നതാവട്ടെ അധികാരത്തിന്റെ കുഞ്ചികസ്ഥാനത്ത് നിലയുറപ്പിച്ച അജിത് ഡോവല്‍ എന്ന നിഗൂഢ വ്യക്തിത്വവും. 2019 ഫെബ്രുവരി 14ന് ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ പുല്‍വാമ ജില്ലയില്‍ 40 സി ആര്‍ പി എഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ ചുരുളഴിയാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ ചോദ്യം ചെയ്താല്‍ മതി എന്ന് അന്ന് ചിലര്‍ വിളിച്ചുപറഞ്ഞത് സംഭവത്തലടങ്ങിയ ദുരൂഹതയും ആ ആക്രമണം നടപ്പാക്കിയതിലുള്ള ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുമായിരുന്നു. 2500 സൈനികരെയും കൊണ്ട് പുലര്‍ച്ചെ മൂന്നിന് പുറപ്പെട്ട 78 ബസുകള്‍ക്കിടയിലേക്ക് ആദില്‍ മുഹമ്മദ് എന്ന തീവ്രവാദിക്ക് 100 കി.ഗ്രാം സ്ഫോടകവസ്തുക്കളുമായി കടന്നുചെന്ന് വിസ്ഫോടനം സൃഷ്ടിക്കാന്‍ ആരാണ് ഒത്താശ ചെയ്തുകൊടുത്തതെന്ന ചോദ്യത്തിന് ഭരണകൂടം ഇതുവരെ തൃപ്തികരമായ മറുപടി നല്‍കിയിരുന്നില്ല. അന്നും ദേവീന്ദര്‍ സിങ്ങിന്റെ പേര് പൊന്തിവന്നിരുന്നു. പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് പാകിസ്ഥാനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത് എന്നു പറഞ്ഞ് ആ വഴിക്കുള്ള സംവാദത്തിനുപോലും തടയിടുകയായിരുന്നു. കശ്മീരില്‍ എന്തു സംഭവിച്ചാലും കുടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയാല്‍ ദേശീയപ്രതിബദ്ധത ചോദ്യം ചെയ്യപ്പെടുമെന്ന ഭയത്താല്‍ ഒരു രാഷ്ട്രീയക്കാരനും സാഹസത്തിന് മുതിരാറില്ല എന്നതാണ് വാസ്തവം. പുല്‍വാമ സംഭവത്തോടെ പൊട്ടിയൊഴുകിയ രാജ്യസ്നേഹവികാരം ആളിക്കത്തിക്കാനാണ് മോഡിസര്‍ക്കാര്‍ പാക്കധീനകശ്മീരില്‍ മിന്നലാക്രമണം നടത്തി പ്രതികാരം തീര്‍ത്തതും അതുവഴി രാജ്യത്തിന്റെ ‘യശസ്സ്’ വീണ്ടെടുത്ത് വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ രണ്ടാമൂഴം ഉറപ്പിച്ചതും. അപ്പോള്‍, ഇന്ത്യനവസ്ഥയില്‍, ഹിന്ദുത്വരാഷ്ട്രീയ ചതുരംഗക്കളിയില്‍ ഓരോ ഭീകരാക്രമണത്തിനുപിന്നിലും വലിയ രാഷ്ട്രീയ ലക്ഷ്യവും അജണ്ടയുമുണ്ടെന്ന് കാണാം. അത്തരം ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചുകൊടുക്കാന്‍ എന്തുവൃത്തികേടും കാട്ടുന്ന പൊലീസ് ഓഫീസര്‍മാരില്‍ ഒരാളാണ് ഭീകരവാദികള്‍ക്കൊപ്പം ഇപ്പോള്‍ പിടിയിലായ ദേവീന്ദര്‍സിങ് എന്ന് മനസ്സിലാക്കേണ്ടി വരുന്നത്.
Kasim Irikkoor
You must be logged in to post a comment Login