ലിബറല്‍ ദാര്‍ശനികതയുടെ അക്കാദമിക ആരോപണങ്ങള്‍

ലിബറല്‍ ദാര്‍ശനികതയുടെ അക്കാദമിക ആരോപണങ്ങള്‍

മുസ്ലിം ധൈഷണിക ചരിത്രത്തില്‍ മോശമല്ലാത്ത സ്ഥാനമുള്ള അവാന്തര വിഭാഗമാണ് മുഅ്തസിലത്. വിശ്വാസപരമായി സുന്നത്ത് ജമാഅത്തുമായി അനേകം സംവാദങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും വൈജ്ഞാനികമായി അവര്‍ എണ്ണമറ്റ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അവയില്‍ സുന്നി വിശ്വാസങ്ങളെ പോറലേല്‍പ്പിക്കാത്തവയെ സുന്നി സമൂഹം ഇരുകരവും നീട്ടി സ്വീകരിച്ച് മുസ്ലിം ധൈഷണികതയുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുണ്ട്. നേരെ തിരിച്ചാണെങ്കില്‍ അതിന് ശക്തിയുക്തം മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. സുന്നി സമൂഹം അത്തരമൊരു പ്രതിരോധം തീര്‍ത്തില്ലായിരുന്നുവെങ്കില്‍ മുഅ്തസിലതിന്റെ വൈജ്ഞാനിക സംഭാവനകള്‍ വഴി അവര്‍ വ്യാപകമായി അംഗീകരിക്കപ്പെട്ടേനെ.
ഇസ്ലാമിക വിശ്വാസ ശാസ്ത്രത്തിന്റെ മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടതിനാല്‍ പാത്തും പതുങ്ങിയും വിശ്വാസത്തിന്റെ കാവലാളുകളായി പ്രത്യക്ഷപ്പെടാന്‍ മുഅ്തസിലത് കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. അക്കാദമിക പഠനങ്ങളും ഇതില്‍ നിന്ന് ഭിന്നമല്ല. വിശ്വാസത്തെ പറ്റിയുള്ള പഠനവിഭാഗങ്ങളില്‍ പ്രതിനിധീകരിക്കപ്പെടുന്നത് ഒരു പരിധി വരെ മുഅ്തസിലീ ആശയങ്ങളാണ്. എന്നാല്‍ പടിഞ്ഞാറന്‍ ആധുനികതയുടെ സങ്കീര്‍ണ പദാവലികളില്‍ അവ ആവിഷ്‌കരിക്കപ്പെടുന്നത് വഴി മുസ്‌ലിം സമൂഹത്തില്‍ അറിഞ്ഞോ അറിയാതെയോ മുഅ്തസിലതിന്റെ സ്വാധീനമുണ്ടാകുന്നുണ്ട്. അക്കാദമിക തലങ്ങളില്‍ അത്തരം മുഅ്തസിലീ പ്രാതിനിധ്യങ്ങളെ തുറന്നുകാട്ടി അവര്‍ക്ക് തക്കതായ മറുപടി നല്‍കാന്‍ ശ്രമിച്ചവരില്‍ പ്രമുഖനാണ് അമേരിക്കന്‍ മുസ്ലിം പണ്ഡിതനായ ഷര്‍മന്‍ അബ്ദുല്‍ ഹകീം ജാക്‌സണ്‍. ഒരേസമയം അക്കാദമിക പണ്ഡിതനും ശരീഅത് പണ്ഡിതനുമായ അദ്ദേഹം അക്കാദമികതലത്തിലെ ശരീഅത്തിന്റെ അപപ്രാതിനിധ്യങ്ങളെ ധൈര്യപൂര്‍വം തുറന്നുകാട്ടുകയും ഇസ്ലാം -പടിഞ്ഞാറ് സംവാദങ്ങള്‍ക്ക് പുതിയൊരു മുഖം നല്‍കുകയും ചെയ്തിട്ടുണ്ട്.

മതാദര്‍ശങ്ങളെ ദാര്‍ശനികവല്‍ക്കരിക്കുക എന്നത് അക്കാദമിക രംഗത്തെ എക്കാലത്തുമുള്ള ഒരു പ്രവണതയാണ്. അടുത്തകാലത്തായി ഈ പ്രവണത വര്‍ധിച്ചുവരികയും ആധുനിക പദാവലികള്‍ ഉപയോഗിച്ച് മുഅ്തസിലീ ആശയങ്ങളെ അക്കാദമിക തലത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആര്‍ എം ഫ്രാങ്ക്, മാജിദ് ഫഖ്രി, ആല്‍ബര്‍ട്ട് ഹൗറാനി എന്നിവരെല്ലാം ഇതിന്റെ വക്താക്കളാണ്. വിശ്വാസ ശാസ്ത്രത്തിലെ ഒരു പ്രധാന ശാഖയാണ് നൈതിക ശാസ്ത്രം (Ethics). അഥവാ, ഹുസ്‌ന് (നന്മ), ഖുബ്ഹ് (തിന്മ) എന്നിവയുടെ മാനദണ്ഡങ്ങളെ പറ്റിയുള്ള ചര്‍ച്ച. ഈ വിഷയത്തില്‍ അശ്അരി അഭിപ്രായത്തെ പിഴച്ച ദാര്‍ശനികവല്‍ക്കരണത്തിലൂടെ അവഹേളിക്കാനുള്ള ശ്രമത്തെ ജാക്‌സണ്‍ നിഷ്ഫലമാക്കുന്നുണ്ട്. പുതുതായി മുളച്ചുപൊങ്ങുന്ന ഇത്തരം പ്രവണതകളെ പാരമ്പര്യ ഇസ്ലാമിന്റെ അടിസ്ഥാനത്തില്‍ എങ്ങനെ പ്രതിരോധിക്കാം എന്നതിനെപ്പറ്റി ഷര്‍മന്‍ ജാക്‌സന്റെ ആലോചനകളാണ് ഈ കുറിപ്പിനാധാരം.

ബ്രസീലിയന്‍ ദാര്‍ശനികനായ റോബര്‍ട്ടോ ഉങ്കര്‍ തന്റെ Knowledge and Politics എന്ന പ്രബന്ധത്തില്‍ പറയുന്നതനുസരിച്ച്, പതിനേഴാം നൂറ്റാണ്ടില്‍ തോമസ് ഹോബ്‌സ് മുതല്‍ തുടങ്ങുന്ന ലിബറല്‍ ദാര്‍ശനികതയുടെ ഏറ്റവും വലിയ വിജയം Intelligible Essence എന്ന ക്ലാസിക്കല്‍ തത്വത്തോടുള്ള അതിന്റെ നിരാകരണമാണ്. വ്യക്തിഗത നിരീക്ഷണങ്ങള്‍ക്കും മോഹങ്ങള്‍ക്കും അപ്പുറത്ത് ലോകത്ത് വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങള്‍ മാത്രമേ ഉള്ളൂവെന്നും അവ മാത്രമാണ് മനസ്സിലാക്കപ്പെടാന്‍ കഴിയുകയുള്ളൂ എന്ന തത്വമാണ് ഇന്റലിജിബ്ള്‍ എസ്സന്‍സ്. ഇക്കാര്യത്തെ അശ്അരി-മുഅ്തസിലി എന്നിവര്‍ക്കിടയിലെ നൈതിക ശാസ്ത്രവുമായി ബന്ധപ്പെട്ട ഹുസ്‌ന്, ഖുബ്ഹ് എന്നീ കാറ്റഗറികളുടെ ചര്‍ച്ചയുമായി ബന്ധപ്പെടുത്തിക്കൊണ്ട് പുതിയൊരു കണ്ടെത്തല്‍ നടത്തിയത് ബ്രിട്ടീഷ് ചരിത്രകാരനായ ആല്‍ബര്‍ട്ട് ഹബീബ് ഹൗറാനിയാണ്. ഇവ്വിഷയകമായി മുഅ്തസിലികളുടെ സമീപനത്തെ Mu’atazilite Objectivism എന്നാണ് ഹൗറാനി വിശേഷിപ്പിക്കുന്നത്. മുഅ്തസിലീ നിലപാടിനോടുള്ള അശ്അരീ പ്രതികരണമാണ് പടിഞ്ഞാറന്‍ ആധുനികതയില്‍ ലിബറല്‍ ദാര്‍ശനികതക്ക് വിജയം നേടിക്കൊടുത്തത് എന്നാണ് ഹൗറാനി തന്റെ The two theories of law in Islam എന്ന പുസ്തകത്തില്‍ വാദിക്കാന്‍ ശ്രമിക്കുന്നത്. അശ്അരികള്‍ Mu’atazilite Objectivism ത്തെ തള്ളിപ്പറയുന്നതിലൂടെ സംഭവിക്കുന്നത് Intelligible Essence ന്റെ നിരാകരണം ആണെന്നും അശ്അരികള്‍ ലിബറല്‍ ദാര്‍ശനികതയുടെ വിജയത്തിന് ഉത്തരവാദികളാണെന്നും വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുരുതരമായ പരിണതി ഉണ്ടാക്കിയേക്കാവുന്ന ഒരു ആരോപണമാണിത്. യുക്തിയുടെയും നിയമത്തിന്റെയും പൊതു ലോകത്തിനും മൂല്യത്തിന്റെയും മോഹത്തിന്റെയും സ്വകാര്യ ലോകത്തിനുമിടയിലെ ധാര്‍മിക ജന്തുക്കളാക്കി നമ്മെ മാറ്റിയത് ലിബറല്‍ ദാര്‍ശനികതയാണ്. ഇതുതന്നെയാണ് വ്യക്തിമാഹാത്മ്യ വാദ (Individualism) ത്തെ ഉത്തേജിപ്പിച്ചതും മനുഷ്യവര്‍ഗ്ഗത്തെ ധാര്‍മിക മൂല്യച്യുതിയില്‍ അകപ്പെടുത്തി മോഹങ്ങള്‍ക്ക് പിറകെ പായാന്‍ പ്രേരിപ്പിച്ചതും. ലിബറല്‍ ദാര്‍ശനിക വ്യവസ്ഥിതിയിലെ മൂല്യത്തെ തോമസ് ഹോബ്‌സ് നിര്‍വചിക്കുന്നത് ഇങ്ങനെയാണ്. ഒരാള്‍ ഇച്ഛിക്കുന്നതെന്തോ അതാണ് അയാള്‍ക്ക് മൂല്യമുള്ളത്. അതായത് ഈ വ്യവസ്ഥയില്‍ ഓരോ വ്യക്തിക്കുമനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന, ആപേക്ഷിക സ്വഭാവമുള്ളതാണ് മൂല്യം. എന്നാല്‍ Intelligible Essence നും ലിബറല്‍ ദാര്‍ശനികതക്കും ഇടയിലെ ബന്ധം കണ്ടെത്തുന്നതില്‍ ഹൗറാനിക്ക് ഭീമാബദ്ധങ്ങള്‍ പിണഞ്ഞിട്ടുണ്ട്. ഇവ രണ്ടിനും ഇടക്ക് ഒരു വിപരീത സ്വഭാവം പ്രവര്‍ത്തിക്കുന്നുണ്ട്. Intelligible Essence കൊണ്ട് വിവക്ഷിക്കപ്പെടുന്നത് ലോകത്തെ എല്ലാ കാര്യങ്ങളും ഗ്രഹിക്കപ്പെടാവുന്നതാണ് അല്ലെങ്കില്‍ ന്യായീകരിക്കപ്പെടാവുന്നതാണ് എന്നാണ്. വ്യക്തിഗത ഊഹങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും അവിടെ യാതൊരു സ്ഥാനവുമില്ല. ഉദാഹരണത്തിന് ഒരു കല്ല് ചെടിയില്‍ നിന്നും വ്യത്യാസപ്പെടുന്നത് അതിന്റെ വസ്തുനിഷ്ഠപരമായ കല്ല് (stoneness) എന്ന വിശേഷണം മൂലമാണ്. അതായത്, വ്യക്ത്യധിഷ്ഠിത നിരീക്ഷണത്തിന് യാതൊരു സ്ഥാനവുമില്ല. എന്നാല്‍ ലിബറല്‍ ദാര്‍ശനികതയുടെ വക്താവായ കാള്‍ പോപ്പര്‍ തന്റെ The open society and its enemies (1945) എന്ന ഗ്രന്ഥത്തില്‍ സമൂഹത്തിലെ ലിബറല്‍ ധാരണകളെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. സമൂഹത്തില്‍ മനുഷ്യന്റെ വ്യക്തിഗത അപഗ്രഥനങ്ങളിലൂടെയാണത്രേ ലിബറലിസം നിലനില്‍ക്കുന്നത്. അതായത്, വ്യക്തിഗത അപഗ്രഥനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന മുഅ്തസിലികള്‍ ലിബറലിസത്തെയാണ് വാദിക്കുന്നതെന്നര്‍ഥം. അതേപ്രകാരം ലിബറലിസത്തിന്റെ ആദ്യകാല വക്താവായ ജോണ്‍ സ്റ്റുവാര്‍ട്ട് മില്ലിനെ ശ്രദ്ധിക്കാതെ പോയത് പോലെ ഹൗറാനിക്ക് മറ്റൊരു അബദ്ധം കൂടി പിണഞ്ഞിട്ടുണ്ട്. ജെ.എസ്.മില്‍ തന്റെ On Liberty എന്ന ഗ്രന്ഥത്തില്‍ മനുഷ്യന് സ്വാതന്ത്ര്യ ഇച്ഛ ഉണ്ടാകാത്തിടത്തോളം ലിബറലിസത്തിന് യാതൊരു വിധത്തിലുള്ള പ്രായോഗിക സാധ്യതയുമില്ലെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. മറ്റാരുടെയും സ്വാധീനമില്ലാതെ തന്റെതായ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സമ്പൂര്‍ണമായ സ്വതന്ത്ര ഇച്ഛയെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. അത്തരമൊരു സമ്പൂര്‍ണ ഇച്ഛ മുഅ്തസിലി അധ്യാപനങ്ങളിലാണുള്ളത്. മനുഷ്യ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ദൈവത്തില്‍ നിന്നുള്ളതാണ് എന്ന് പറയുന്ന ജബാരിയ്യാക്കള്‍ക്കും പൂര്‍ണമായും മനുഷ്യരില്‍നിന്ന് തന്നെയാണെന്ന് വാദിക്കുന്ന മുഅ്തസിലി പക്ഷത്തിനും ഇടയിലാണ് അശ്അരി പക്ഷം. അതായത്, സമ്പൂര്‍ണ ഇച്ഛയെ പ്രഘോഷിക്കുന്നത് മുഅ്തസിലികള്‍ മാത്രമെന്നര്‍ഥം. ചുരുക്കത്തില്‍ ലിബറലിസത്തിന്റെ പ്രായോഗിക സാധ്യത നിലനില്‍ക്കുന്നത് മുഅ്തസിലി അധ്യാപനങ്ങളിലാണ്.

എന്നാല്‍ ഹൗറാനിയുടെ ആരോപണത്തെ ഷര്‍മന്‍ ജാക്‌സണ്‍ നേരിടുന്നതും അശ്അരി വാദത്തെ സമര്‍പ്പിക്കുന്നതും വ്യത്യസ്ത രീതിയിലാണ്. ഇത്തരം സാഹചര്യങ്ങളില്‍ ക്ലാസിക്കല്‍ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി സംവാദങ്ങളില്‍ ഏര്‍പ്പെടുന്ന രീതിയാണ് ജാക്‌സണ്‍ പിന്തുടരാറുള്ളത്. യഥാര്‍ത്ഥത്തില്‍ ഇവിടെ അശ്അരികള്‍ നിരാകരിച്ചത് മുഅ്തസിലി ഭവ ശാസ്ത്രത്തെയോ അവരുടെ അതിഭൗതിക ശാസ്ത്രയോത്തെ അല്ല, മറിച്ച് നൈതികതയെ അതിഭൗതികതയുടെ ഭാഗമാക്കാനുള്ള ശ്രമത്തെയാണ് നിരാകരിച്ചത് എന്നാണ് ജാക്‌സണ്‍ പറയുന്നത്. അതായത്, മൂല്യങ്ങള്‍ക്ക് വസ്തുനിഷ്ഠമായ സ്വഭാവമാണുള്ളത് എന്നും അവര്‍ക്ക് സ്വയം നിലനില്‍പ്പുണ്ട് എന്നുള്ള വാദത്തെ. അശ്അരി പക്ഷമനുസരിച്ച് ഒരു വസ്തുവിന് സ്വയം നിലനില്‍പ്പോ മൂല്യമോ ഇല്ല . എല്ലാം അല്ലാഹു വകവച്ചുകൊടുക്കുന്നത് മാത്രമാണ്.
മുഅ്തസിലി നൈതിക ശാസ്ത്രത്തോട് അശ്അരികള്‍ നടത്തിയ പ്രതികരണം അല്ലാഹുവിന്റെ സര്‍വ്വശക്തിത്വം (Omnipotence) എന്ന തത്വത്തെ സംരക്ഷിക്കുന്നതായിരുന്നു. സര്‍വ്വ പരിമിതികള്‍ക്കുമപ്പുറത്താണ് അല്ലാഹുവിന്റെ കഴിവ്. ഒരു വസ്തുവിന് മൂല്യം ഉണ്ടാക്കുന്നതും മൂല്യത്തെ നിര്‍ണയിക്കുന്നതും അവനാണ്. മനുഷ്യന്‍ വഹ്്യിന് വിധേയനാണെങ്കില്‍ പോലും സഹജമായി അവനില്‍ ഒരു മൂല്യവുമില്ല. ഈ വസ്തുതയാണ് യുക്തിയുടെ പരിസരത്തിനുമപ്പുറത്ത് മൂല്യത്തെ പ്രതിഷ്ഠിക്കപ്പെടാന്‍ കാരണമായത്. മൂല്യത്തിനും യുക്തിക്കുമിടയില്‍ പ്രതിഷ്ഠിക്കപ്പെട്ട നൈതികതയുടെ ചോദ്യത്തിന് അശ്അരി പണ്ഡിതനായ ഇമാം ഗസാലി(റ ), ഇമാം റാസി(റ), ഇമാം ഖറാഫി (റ) എന്നീ മൂന്ന് പേരുടെ നിലപാടുകള്‍ വിശദീകരിച്ചുകൊണ്ട് അശ്അരികള്‍ എങ്ങനെയാണ് Intelligible Essence നെ എതിര്‍ക്കുന്നതെന്നും മുഅ്തസിലികള്‍ എങ്ങനെയാണ് ലിബറല്‍ ദാര്‍ശനികതയുടെ വക്താക്കളാകുന്നതെന്നും ജാക്‌സണ്‍ ചൂണ്ടിക്കാട്ടുന്നത്.
ഹുസ്‌ന്, ഖുബ്ഹ് എന്നിവയുടെ നൈതികതയില്‍ യുക്തിക്കും മൂല്യത്തിനുമിടയിലെ മുഅ്തസിലത്തിന്റെ നിലപാടിനെ ശക്തിയുക്തം എതിര്‍ത്തുകൊണ്ട് ഇമാം ഗസാലി തക്കതായ മറുപടി നല്‍കുന്നുണ്ട്. യുക്തിക്കും മൂല്യത്തിനും അപ്പുറത്ത് പ്രകൃത (ത്വബഅ)മാണ് ഹുസ്‌നിനെയും ഖുബ്ഹിനെയും നിശ്ചയിക്കുന്നത് എന്നാണ് ഗസാലിയുടെ പക്ഷം. മുഅ്തസിലീ നൈതികതക്കെതിരെ ഏറ്റവും ശക്തമായ പ്രതിരോധവും ഇമാം ഗസാലിയുടെതാണ്.
മനുഷ്യ പ്രവര്‍ത്തനങ്ങള്‍ പൊതുവേ രണ്ടു തരത്തിലുള്ളതാണ്. ഹസന് (നല്ലത്), ഖബീഹ് (മോശമായത്). മനുഷ്യ പ്രവര്‍ത്തനങ്ങള്‍ ഓരോന്നും ഈ രണ്ടുകാറ്റഗറിയില്‍ ഏതില്‍ പെടുന്നു എന്ന് തിരിച്ചറിയാന്‍ മൂന്ന് ഉപാധികളുണ്ട് എന്ന് ഇമാം ഗസാലി തന്റെ അല്‍ മുസ്തഫ ഫീ ഇല്‍മി ഉസൂലില്‍ ഫിഖ്ഹ് എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. ഒന്ന്, സ്വാഭാവിക യുക്തി(ളറൂറത്തുല്‍ അഖ്ല്‍). രണ്ട്, ഊഹിക്കാവുന്ന യുക്തി (നള്‌റുല്‍ അഖ്ല്‍). മൂന്ന്, ശറഅ് (വെളിപാട്). വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരാളെ രക്ഷിക്കല്‍ ഒന്നാമത്തെ ഉദാഹരണവും തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടും എന്നത് ഊഹിച്ചാല്‍ മനസ്സിലാകുന്നതും നിസ്‌കാരം നോമ്പ് പോലത്തെ ആരാധനാകര്‍മങ്ങളുടെ പുണ്യം ശറഇലൂടെ മാത്രം അറിയപ്പെടുന്നതുമാണ്. ഹസന്, ഖബീഹ് എന്നിവയെ നിര്‍വചിക്കാന്‍ പൊതുവേ മൂന്ന് രീതികള്‍ ഉണ്ട്. ഒരു പ്രവര്‍ത്തനം ചെയ്യുന്ന വ്യക്തിയുടെ ഉദ്ദേശലക്ഷ്യങ്ങളോട് യോജിക്കുന്നതാണ് ഹസന്, അല്ലാത്തവ ഖബീഹ് എന്നതാണ് ഒന്നാമത്തെ നിര്‍വചനം. അതേസമയം ഉദ്ദേശലക്ഷ്യങ്ങളോട് ഗുണകരമോ ദോഷകരമോ ആയ പ്രതിഫലനങ്ങള്‍ ഉളവാക്കാത്തവ ഈ നിര്‍വചനപ്രകാരം അബസ് (വൃഥാവിലായത് ) എന്ന് പറയും. കര്‍മശാസ്ത്രത്തില്‍ വളരെ പ്രചാരമുള്ള ഒരു നിര്‍വചനമാണെങ്കിലും ഒരു പ്രവര്‍ത്തനത്തിന്റെ സഹജമായ സ്വഭാവത്തെ ഇത് തുറന്നു കാണിക്കുന്നില്ല.
മനുഷ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങളോട് യാതൊരു പരിഗണനയുമില്ലാതെ വഹ് യ് കല്‍പ്പിക്കുന്നതെന്തോ അതാണ് ഹസന്. അത് നിരോധിക്കുന്നത് എന്തോ അതാണ് ഖബീഹും എന്നതാണ് രണ്ടാമത്തെ നിര്‍വചനം. ഈ നിര്‍വചനപ്രകാരം വാജിബ് (അനിവാര്യമായ അഞ്ചുനേരത്തെ നമസ്‌കാരം പോലെ ), സുന്നത്ത് (സുന്നത്ത് നിസ്‌കാരം പോലെ )എന്നിവ മാത്രമേ ഹസന് എന്ന തലക്കെട്ടില്‍ ഉള്‍പ്പെടുന്നുള്ളൂ. മുബാഹ് (പാല്‍ കുടിക്കല്‍ പോലെ) ഈ നിര്‍വചനത്തിന്റെ പരിധിയില്‍ പെടുന്നില്ല. മൂന്നാമത്തെ നിര്‍വചനമനുസരിച്ച് ഒരു വ്യക്തിക്ക് നിയമപരമായി ചെയ്യാവുന്നതെല്ലാം ഹസന് ആണ്. രണ്ടാമത്തെ നിര്‍വചനത്തിലേതു പോലെ എല്ലാത്തിനെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പ്രശ്‌നമോ ഒന്നാമത്തേതുപോലെ പ്രത്യേക ഉപകാരമില്ലാത്തതോ അല്ല ഈ നിര്‍വചനം. അതേസമയം ഇമാം ഗസാലി മൂന്നു നിര്‍വചനത്തെയും സ്വീകാര്യയോഗ്യമായി പരിഗണിക്കുന്നുണ്ട്. കാരണം ഇവ മൂന്നിനും ആപേക്ഷിക സ്വഭാവമുണ്ട്. മൂന്നു നിര്‍വചനമനുസരിച്ചും പ്രവര്‍ത്തനങ്ങളല്ല, അവക്ക് പുറത്തുള്ള ഒരു ഘടകമാണ് ആ പ്രവര്‍ത്തനങ്ങളെ അര്‍ഥമുള്ളതാക്കി മാറ്റുന്നത്. അതായത് ഇവയെല്ലാം Intelligible Essence എന്ന തത്വത്തില്‍ നിന്നും മുക്തമാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ വഹ്യിന്റെ അഭാവത്തില്‍ ഒരു വ്യക്തിയുടെ പ്രവര്‍ത്തനത്തെ ആത്മനിഷ്ഠമായ പക്ഷപാതിത്വത്തിലൂടെയല്ലാതെ വിലയിരുത്താന്‍ കഴിയില്ല. മുഅ്തസിലത് നടത്തുന്ന എല്ലാ ധാര്‍മിക വിലയിരുത്തലുകളും ആത്മനിഷ്ഠമായ പക്ഷപാതിത്വത്തിലേ ചെന്നുപതിക്കുകയുള്ളൂ. ഇതാണ് ഈ മൂന്നു നിര്‍വചനത്തിലും ഇമാം ഗസാലി തെളിയിക്കാന്‍ ശ്രമിക്കുന്നത്. നടേ പറഞ്ഞതുപോലെ Intelligible Essence ല്‍ നിന്നും മനുഷ്യ പ്രവര്‍ത്തനങ്ങള്‍ മുക്തമാണെങ്കില്‍ പിന്നെ അശ്അരി സരണി ഈ തത്വത്തെ എതിര്‍ക്കുന്നില്ല എന്നാണ് വരിക. അതായത് ഹൗറാനിയുടെ ഹൈപോതെസിസ് യാതൊരു അടിസ്ഥാനവുമില്ല എന്നാണ് ജാക്‌സണ്‍ ചൂണ്ടിക്കാട്ടുന്നത്.

Intelligible Essence എന്ന വാദം ഇമാം ഗസാലിയുടെ കാലത്തും ഉണ്ടായിട്ടുണ്ട്. ചില കുറ്റങ്ങള്‍ക്ക് വധശിക്ഷ വിധിക്കല്‍ ഒരു തെറ്റല്ല എന്ന് മുഅ്തസിലികള്‍ തന്നെ സമ്മതിക്കുന്നുണ്ട്. അതേ പ്രകാരം ഒരു പ്രവാചകനെ കൊല്ലാന്‍ ഒരുങ്ങിനില്‍ക്കുന്ന അവിശ്വാസികള്‍ക്ക് മുമ്പില്‍ കളവ് പറയുന്നതിലൂടെ പ്രവാചകനെ രക്ഷിക്കാന്‍ സാധിക്കുമെങ്കില്‍ കളവ് പറയാവുന്നതാണ്. എന്നാല്‍ കളവിനും കൊലപാതകത്തിനും ഒറ്റ സത്ത മാത്രമേ ഉള്ളൂ. തെറ്റാണ് എന്ന സത്ത. അതേസമയം ഉപര്യുക്തമായത് പോലെ ഈ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്ത പദവി അലങ്കരിക്കുന്നവല്ലോ. ഒരു പ്രവര്‍ത്തനത്തിന്റെ ധാര്‍മിക പദവി സഹജമാണെന്നും മാറ്റാവുന്നതല്ലെന്നുമുള്ള മുഅ്തസിലീ വാദത്തെ ദുര്‍ബലമാക്കാന്‍ ഈ കേവല വസ്തുത മാത്രം മതി.
മൂല്യത്തെ കണ്ടെത്താനും മനുഷ്യനെ നൈതിക പ്രവര്‍ത്തനത്തിലേക്ക് വഴിതിരിച്ചുവിടാനും യുക്തിക്ക് സാധിക്കുമെന്നാണ് മുഅ്തസിലത്തിന്റെ വിശ്വാസം. ഇമാം ഗസാലി ഈ വാദത്തെ ശക്തിയുക്തം എതിര്‍ക്കുന്നുണ്ട്. തന്റെ മുസ്ത്വസ്ഫയില്‍ ഇങ്ങനെ പറയുന്നത് കാണാം. യുക്തിയെ പ്രേരകവസ്തുവായി കാണുന്നത് തെറ്റാണ്. ഉള്‍പ്രേരണയും പ്രചോദനവും ഉണ്ടാകുന്നത് ആത്മ ഇച്ഛയില്‍ നിന്നാണ്. യുക്തി കേവലം വഴികാട്ടി മാത്രമാണ്. യുക്തി നല്‍കുന്ന നിര്‍ദേശമനുസരിച്ച് പ്രചോദനങ്ങളത്രയും പ്രവര്‍ത്തിക്കുന്നു (മുസ്തഫ 1/2 ). ഇതേകാര്യം തോമസ് ഹോബ്‌സും പറയുന്നുണ്ട്. യുക്തിക്ക് മൂല്യത്തെ കണ്ടെത്താന്‍ കഴിയില്ല. നിലവിലെ മൂല്യങ്ങളുടെ താല്‍പ്പര്യമനുസരിച്ച് പ്രവര്‍ത്തിക്കാനേ കഴിയൂ. പതിനേഴാം നൂറ്റാണ്ടില്‍ ആധുനികതയുടെ വക്താവായ ദെക്കാര്‍ത്തെയുടെ സിദ്ധാന്തങ്ങളെ രൂപപ്പെടുത്തുന്നതില്‍ ഇമാം ഗസാലിയുടെ ആഴത്തിലുള്ള സ്വാധീനമുള്ളതുപോലെ ഹോബ്‌സിലും ഇമാം ഗസാലിയുടെ സ്വാധീനം ഉണ്ട് എന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.
ഇമാം ഗസാലിയെ പോലെ മുഅതസിലികള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത മറ്റൊരു അശ്അരി പണ്ഡിതനാണ് ഇമാം റാസി (റ). നൈതികതയെ യുക്തിയുടെ പരിസരത്തു നിന്നും നീക്കം ചെയ്ത്, മനുഷ്യ പ്രവര്‍ത്തനങ്ങളുടെ മൂല്യത്തെ നിര്‍ണയിക്കുന്ന ഏക നിയമ അംഗീകൃത സ്രോതസ്സ് പ്രമാണം (ഖുര്‍ആന്‍, സുന്നത്ത്) മാത്രമാണെന്ന് സ്ഥാപിച്ച ദൈവശാസ്ത്ര പണ്ഡിതനാണ് ഇമാം റാസി. മനുഷ്യ പ്രവര്‍ത്തനങ്ങളെല്ലാം ഒന്നുകില്‍ യാദൃച്ഛിക (ഇത്തിഫാഖ് )മായോ അല്ലെങ്കില്‍ അനിവാര്യത (ഇള്തിറാര്‍) മൂലമോ സംഭവിക്കുന്നതാണ് (അല്‍ മഹ്സൂല്‍, ഇമാം റാസി 1/54). എന്നാല്‍ മനുഷ്യ പ്രവര്‍ത്തനത്തില്‍ സ്വതന്ത്ര ഇച്ഛ ( Free will) അഥവാ ഇഖ്തിയാര്‍ ഇല്ലെങ്കില്‍ ഹസനും ഖബീഹും ഏതൊക്കെയാണ് എന്ന് തിരിച്ചറിയാന്‍ സാധിക്കില്ല.ധാര്‍മിക/നൈതിക ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനം സ്വതന്ത്ര ഇച്ഛയാണ് എന്ന് പ്രമുഖ മുഅ്തസിലീ പണ്ഡിതനായ ഖാളി അബ്ദുല്‍ ജബ്ബാര്‍ തന്റെ മുഗ്‌നിയില്‍ രേഖപ്പെടുത്തുന്നുണ്ട്. അപ്പോള്‍ ഇഖ്തിയാര്‍ ഇല്ലാതെ ചെയ്യുന്നവരുടെ പ്രവര്‍ത്തനങ്ങള്‍, ഉദാഹരണത്തിന്, ഉറങ്ങുന്നവന്‍, മറവിക്കാരന്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നൈതികമായ ഉത്തരവാദിത്വമില്ല. അതായത് അവയെ ഹസന് /ഖബീഹ് എന്നീ വേര്‍തിരിവ് നടത്താന്‍ കഴിയില്ല. അബ്ദുല്‍ ജബ്ബാറിന്റെ വാദത്തെ കൂടി മുന്നില്‍കണ്ടുകൊണ്ട് ഇമാം റാസി സ്വതന്ത്ര ഇച്ഛയുടെ അഭാവത്തെ പ്രശ്‌നവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. സ്വതന്ത്ര ഇച്ഛ ഇല്ലെങ്കില്‍ യാദൃച്ഛികതയും അനിവാര്യതയും തമ്മില്‍ പരസ്പര വിരുദ്ധതയുണ്ടാകും. അപ്പോള്‍ ഹസന്, ഖബീഹ് എന്നിവ മനസ്സിലാക്കാന്‍ കഴിയാതെ വരും. ഇത് രണ്ടു മറുപടികളിലേക്കാണ് നമ്മെ എത്തിക്കുന്നത്. ഒന്ന്, ഒരു പ്രവര്‍ത്തനത്തില്‍ പോലും ഹസന് /ഖബീഹ് എന്ന വിശേഷണം സഹജമായി നിലനില്‍ക്കുന്നില്ല. കാരണം സ്വതന്ത്ര ഇച്ഛക്ക് അഭാവം സംഭവിക്കുമ്പോള്‍ ഹസന്, ഖബീഹ് എന്നിവയെ തിരിച്ചറിയാന്‍ കഴിയുന്നില്ലല്ലോ. ഒരു പ്രവൃത്തിയില്‍ സഹജമായി അവ നിലനില്‍ക്കുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.രണ്ട്, സ്വതന്ത്ര ഇച്ഛയെ നിഷേധിക്കുമ്പോള്‍ മനുഷ്യ പ്രവര്‍ത്തനങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വം കൂടി നിഷേധിക്കപ്പെടുന്നു. ഇതും മനുഷ്യ പ്രവര്‍ത്തനത്തില്‍ സഹജസ്വഭാവം ഉള്ളതായി നിലനില്‍ക്കുന്നില്ല എന്ന് തന്നെയാണ് തെളിയിക്കുന്നത്.

‘മനുഷ്യ പ്രവര്‍ത്തനത്തില്‍ പ്രകൃത്യാല്‍ യോജിക്കുന്നത് ഹസന് എന്നും അതിനോട് എതിരാവുന്നത് ഖബീഹ് ‘ എന്നുമാണ് ഹസന്/ ഖബീഹ് എന്നതിന്റെ ഒരു നിര്‍വചനമെന്ന് എന്ന് ഇമാം റാസി തന്റെ അല്‍ മഹ്സൂലില്‍ രേഖപ്പെടുത്തുന്നുണ്ട്. ഈ അര്‍ഥത്തില്‍ അത് യുക്തിപര(അഖ്‌ലിയ്യ് )വുമാണ്. അതായത്, യുക്തികൊണ്ട് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ മനുഷ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ദുനിയാവില്‍ വെച്ച് തന്നെ പ്രകീര്‍ത്തനം /അപകീര്‍ത്തനം ലഭിക്കുന്നതും പരലോകത്ത് പ്രതിഫലം/ ശിക്ഷ ലഭിക്കുന്നതും എന്ന അര്‍ഥത്തില്‍ ഹസന്, ഖബീഹ് എന്നിവ ശറഇയ്യുമാണ്. ശറഇല്‍ നിന്ന് മാത്രമേ അത് മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. മുഅ്തസിലികളെ സംബന്ധിച്ചിടത്തോളം ഹുസ്‌ന് /ഖുബ്ഹ് എന്നാല്‍ യുക്തിപരമാണ്. സ്വാഭാവിക യുക്തികൊണ്ടോ ഊഹിക്കാവുന്ന യുക്തി കൊണ്ടോ മനസ്സിലാക്കാവുന്ന ഒന്ന്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ശറഇനെ(വഹ്യ് ) കൂടാതെ മനസ്സിലാക്കാവുന്ന ഒന്നല്ല ഹസന്/ഖബീഹ്. അതുകൊണ്ടാണ് ഇമാം ഗസാലി അവയെ മനസ്സിലാക്കാനുള്ള ഉപാധികള്‍ മൂന്നെണ്ണമാണെന്ന് (മുകളില്‍ സൂചിപ്പിച്ചതുപോലെ) പറഞ്ഞതും. അതേ പ്രകാരം ശിക്ഷ/ പ്രതിഫലം എന്ന അര്‍ഥത്തില്‍ ഹസന് /ഖബീഹ് എന്നിവ ശറഇയ്യ് ആണെന്ന് ഇമാം റാസി പറഞ്ഞതും.
ഇമാം റാസിയുടെ പാണ്ഡിത്യം ആഴത്തില്‍ സ്വാധീനിക്കപ്പെട്ട മറ്റൊരു അശ്അരി പണ്ഡിതനാണ് ഇമാം ഖറാഫി. മാലികീ മദ്ഹബുകാരനായ ഇമാം ഖറാഫി ഇമാം റാസിയുടെ അല്‍ മഹ്സൂലിന് ശറഹുല്‍ തന്‍ഖീഹുല്‍ ഫുസൂല്‍ എന്ന ഒരു വ്യാഖ്യാനം തന്നെ രചിച്ചിട്ടുണ്ട്. മധ്യകാല ഈജിപ്തിലെ ദൈവശാസ്ത്ര സംവാദങ്ങളില്‍ അശ്അരി അഖീദക്ക് ശക്തമായ പ്രതിരോധം തീര്‍ത്ത പ്രമുഖരില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ നിര്‍വചനപ്രകാരം അല്ലാഹു കല്‍പ്പിച്ചതാണ് ഹസന്. അവന്‍ നിരോധിച്ചവയെല്ലാം ഖബീഹുമാണ്. അതായത്, ഹറാമിന്റെ പരിധിയില്‍ പെടുന്നതും ഉറങ്ങുന്നവന്‍, മറവിക്കാരന്‍, മൃഗങ്ങളും എന്നിവ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും ഹസന് ആണ്.

ഹുസ്‌ന്, ഖുബ്ഹ് എന്നിവക്ക് ഇമാം ഗസാലിയും ഇമാം റാസിയും ഇമാം ഖറാഫിയും വ്യത്യസ്ത നിര്‍വചനങ്ങളാണ് നല്‍കുന്നതെങ്കിലും മൂന്നുപേരും ഊന്നല്‍ നല്‍കുന്നത് ശറഇന്റെ ആവശ്യകതയെയാണ്. ശറഇല്ലാതെ ഹുസ്‌ന് /ഖുബ്ഹ് എന്നിവ തിരിച്ചറിയല്‍ സാധ്യമല്ല. ചില പ്രവര്‍ത്തനങ്ങളുടെ ഔചിത്യവും അനൗചിത്യവും ഒരുപക്ഷേ യുക്തിപരമായി മനസ്സിലാക്കാന്‍ സാധിക്കുമെങ്കിലും പരലോകത്ത് അവയുടെ പരിണതഫലമെന്ത് എന്ന് മനസ്സിലാക്കണമെങ്കില്‍ ശര്‍അ് തന്നെ അനിവാര്യമാണ്. നിസ്‌കാരം, നോമ്പ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ ശറഇല്‍നിന്നു മാത്രമേ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. മുഅ്തസിലതിന്റെ വാദപ്രകാരം സ്വാഭാവിക യുക്തിയോ ഊഹിക്കാവുന്ന യുക്തിയോ വെളിപ്പെടുത്തിത്തരുന്ന കാര്യത്തെ സ്ഥിരപ്പെടുത്തുക എന്ന ധര്‍മം മാത്രമേ ശറഅ് ചെയ്യുന്നുള്ളൂ എന്നാണ്. എന്നാല്‍ ശരീഅതിന്റെ അഭാവത്തില്‍ നിസ്‌കാരം (ഉദാഹരണത്തിന്) നിര്‍ബന്ധമാണോ അല്ലയോ എന്ന് അറിയാന്‍ കഴിയില്ലായിരുന്നല്ലോ. അതുകൊണ്ടാണ് അശ്അരികള്‍ എല്ലാത്തിനും മീതെ ശറഇന് പ്രാധാന്യം കൊടുത്തത്. അതേസമയം, അശ്അരികള്‍ യുക്തിയെ അവഗണിക്കുന്നുമില്ല.

ചുരുക്കത്തില്‍, Intelligible Essence എന്ന തത്വത്തിന്റെ വിവക്ഷ വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ ‘Intelligible Essence എന്ന തത്വത്തിന്റെ സത്തയാണ് മുഅ്തസിലികള്‍ വാദിക്കാന്‍ ശ്രമിക്കുന്നത്’ എന്ന് വിധിക്കുന്ന ഹൗറാനിയുടെ പക്ഷത്താണ് തെറ്റ്. അങ്ങനെ സ്ഥാപിച്ചാല്‍ മാത്രമേ ലിബറല്‍ ദാര്‍ശനികതയുടെ സര്‍വ്വ പാപവും സൈദ്ധാന്തികമായി അശ്അരികളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ഹൗറാനിക്ക് സാധിക്കുകയുള്ളൂ. എന്നാല്‍ വസ്തുക്കള്‍ക്കോ പ്രവൃത്തികള്‍ക്കോ വസ്തുനിഷ്ഠ സ്വഭാവം മാത്രമല്ല ഉള്ളതെന്നും നൈതികത അവയില്‍ സഹജമായി നിലനില്‍ക്കുന്നില്ല എന്നുമാണല്ലോ ഇമാം ഗസാലി, ഇമാം റാസി, ഇമാം ഖറാഫി എന്നിവര്‍ സമര്‍ത്ഥിച്ചത്. മാത്രമല്ല മതത്തെ സ്വകാര്യ ലോകത്തേക്ക് ചുരുക്കുന്നതും വ്യക്തി താല്‍പ്പര്യങ്ങളെ പൊതുരംഗത്തേക്ക് കൊണ്ടുവരുന്നതുമായ ലിബറല്‍ ചിന്തകളുടെ ഉത്തരവാദികള്‍ അശ്അരികളാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഹൗറാനിയുടെ ശ്രമം മുഅ്തസിലതിലേക്ക് തന്നെ തിരിച്ചുവരുന്ന ഒരു ഒളിയമ്പാണ്. ലിബറലിസത്തിന്റെ അടിസ്ഥാനപരമായ ഒരു ഘടകം സ്വതന്ത്ര ഇച്ഛയാണെന്ന വസ്തുത മുഅ്തസിലീ സൈദ്ധാന്തികതയുടെ നിലനില്‍പ്പിനെ ഭീഷണിയിലാക്കുന്നതും ലിബറലിസത്തിന്റെ വക്താക്കള്‍ മുഅ്തസിലികളാണെന്ന വസ്തുതയിലേക്ക് നയിക്കാന്‍ കെല്‍പ്പുള്ളതുമാണ്.

എന്‍ മുഹമ്മദ് ഖലീല്‍

You must be logged in to post a comment Login