എല്ലാവര്‍ക്കും അവരുടെ പ്രത്യയശാസ്ത്രമുണ്ട്. സത്യത്തിന്റെ സ്വന്തം ഭാഷ്യം പോലും അവര്‍ക്കുണ്ടാകും. ഹൈന്ദവദേശീയ വാദ വെബ്‌സൈറ്റായ ഓപ് ഇന്ത്യയുടെ നടത്തിപ്പുകാരും ഇതില്‍നിന്ന് വ്യത്യസ്തരല്ല. എന്നാല്‍ പത്രപ്രവര്‍ത്തനം നടത്തുകയാണെന്ന് നിങ്ങള്‍ അവകാശപ്പെടുന്നുവെങ്കില്‍ വസ്തുതകളുടെയും ന്യായത്തിന്റെയും വഴിയില്‍ പ്രത്യയശാസ്ത്രം വിലങ്ങുതടിയായി നില്‍ക്കരുത്. ഓപ് ഇന്ത്യ ഹിന്ദി പത്രാധിപര്‍ അജിത് ഭാരതി ഇതിനോട് വിയോജിക്കുന്നു: ”ഞങ്ങള്‍ ഒളിച്ചുവെക്കുന്നില്ല. കളങ്കമറ്റവരാണ് ഞങ്ങളെന്ന് പറയുന്നില്ല. ഞങ്ങള്‍ പരസ്യമായി വലതുപക്ഷത്താണ്.”
ഒക്ടോബറിലും നവംബറിലും ഭാരതിയുടെ പേര് വെച്ച് ഓപ് ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളുടെ തലക്കെട്ടുകള്‍ക്ക് ഉദാഹരണങ്ങള്‍.
– ക്രമാതീതമായ ഇണചേരല്‍, വിദ്വേഷത്തിന്റെ തടസ്സമില്ലാത്ത ഉല്പാദനം: ഇടതന്മാരുടെയും പുരോഗമനവാദികളുടെയും ഏകീകൃത കാര്യപരിപാടി.
– ബനാറസ് ഹിന്ദു സര്‍വകലാശാല(ബി എച്ച് യു) : ഇടതന്മാര്‍, പുരോഗമനവാദികള്‍, മുസ്ലിംകള്‍ എന്നിവര്‍ യജ്ഞ അനുഷ്ഠാനങ്ങള്‍ പഠിപ്പിക്കില്ല.
– ബി എച്ച് യുവിലെ ഹിന്ദുമത അധ്യയന വിഭാഗത്തില്‍ ഇന്ന് ഫിറോസ് ഖാന്‍ പ്രവേശിച്ചു. നാളെ വിശ്വനാഥ ക്ഷേത്രത്തില്‍ നിന്ന് അല്ലാഹു അക്ബര്‍ വിളിമുഴക്കും.
– പത്രപ്രവര്‍ത്തനത്തിന്റെ അന്ത്യപ്രവാചകന്റ മനസ്സാക്ഷിയുടെ ശബ്ദം; രവീഷ് ജി: സുപ്രീം കോടതിയെ വിശ്വസിക്കാന്‍ കൊള്ളില്ല.
– ജെ എന്‍ യു: ഇവിടെ പ്രതിമാസം പത്തുരൂപക്ക് മുറി ലഭ്യമാണ്. അമ്മാവന്‍ – അമ്മായിയുടെ നിശാപാര്‍ട്ടിയും.
– മോഡിയുടെ എല്ലാ നടപടിയും തട്ടിപ്പാണെന്ന് പറയുന്നവര്‍ക്ക് നാളെ സ്വന്തം അമേദ്യം ഭക്ഷിക്കേണ്ടിവരും.
മേല്പറഞ്ഞ ഭാഷയില്‍ നിങ്ങള്‍ക്ക് പരിഭ്രാന്തിയും അറപ്പും ഉളവാക്കുന്നുവെങ്കില്‍ ഭാരതിയുടെ ബേക്കര്‍ പുരാന്‍ എന്ന പുസ്തകം മറിച്ചുനോക്കുക.
ഓപ് ഇന്ത്യയുടെ ശീര്‍ഷകങ്ങളും പോസ്റ്റുകളും ഉന്നം വെക്കുന്നത് ഒരേ ആളുകളെയാണ്; ഇപ്പോഴത്തെ അധികാരി വര്‍ഗത്തെ എതിര്‍ക്കുന്നവരെ ഇടതുപക്ഷക്കാര്‍, പുരോഗമനവാദികള്‍, ജെ എന്‍ യു വിദ്യാര്‍ഥികള്‍ എന്നിവര്‍ അവരില്‍ പെടുന്നു. നിശ്ചയമായും രവീഷ് കുമാറും(എന്‍ സി ടി വി) ഉണ്ട്. ഭാരതി, പതിവായി രവീഷിനെതിരെ തന്റെ രോഷം പ്രകടിപ്പിക്കുന്നുണ്ട്. ഓപ് ഇന്ത്യ, പ്രത്യയശാസ്ത്രപരമായി ബി ജെ പിയുമായി കൈകോര്‍ക്കുന്നു എന്ന് സ്പഷ്ടമാണ്.
ഓപ് ഇന്ത്യയുടെ കഥ
2014ല്‍ രാഹുല്‍ രാജും കുമാര്‍ കമലുമാണ് ഓപ് ഇന്ത്യ ആരംഭിച്ചത്. നാലു വര്‍ഷം കഴിഞ്ഞ് ഹിന്ദി പതിപ്പും തുടങ്ങി. വലതുപക്ഷ മാഗസിന്‍ സ്വരാജ്യയുടെ ഉടമകളായ കോവൈ മീഡിയ 2016ല്‍ ഓപ് ഇന്ത്യ വാങ്ങിയെന്ന വിവരം പുറത്തുകൊണ്ടുവന്നത് റീഡിഫ് ന്യൂസാണ്. ഇന്‍ഫോസിസിന്റെ മുന്‍ ഡയറക്ടര്‍ മോഹന്‍ ദാസ് പൈയാണ് കോവൈ മീഡിയയിലെ പ്രധാനനിക്ഷേപകന്‍. 2017 മാര്‍ച്ച് 31ലെ കണക്ക് പ്രകാരം കമ്പനിയുടെ മൂന്നു ശതമാനത്തിലേറെ ഓഹരികള്‍ പൈയില്‍ നിക്ഷിപ്തമാണ്. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള കാറ്റമരന്‍ വെഞ്ചേഴ്‌സിന് 2018ല്‍ രണ്ടു ശതമാനത്തോളം ഓഹരിയുമുണ്ട്. ഓപ് ഇന്ത്യ പ്രത്യേക നിയമ- വ്യവഹാര കമ്പനിയാണെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
ഒരു മാധ്യമ സ്ഥാപനത്തിന്റെ പ്രത്യയ ശാസ്ത്രമമത മനസ്സിലാക്കാന്‍ പത്രാധിപരുടെയോ എഡിറ്റേഴ്‌സ് പിക്‌സ് എന്ന പട്ടികയില്‍ പെട്ടവരുടെയോ ലേഖനങ്ങള്‍ പരിശോധിച്ചാല്‍ മതി.
നവംബര്‍ 21ന് ഓപ് ഇന്ത്യ ഹിന്ദിയില്‍ എഡിറ്റേഴ്‌സ് പിക്‌സ് നാലു പോസ്റ്റുകള്‍ പ്രത്യക്ഷമായി. ഇതില്‍ രണ്ടെണ്ണം കോണ്‍ഗ്രസിനെക്കുറിച്ചുള്ളതും മറ്റൊന്ന് ബനാറസ് സര്‍വകലാശാലയില്‍ സംസ്‌കൃതം പഠിപ്പിക്കാന്‍ നിയമിക്കപ്പെട്ട മുസ്ലിം പ്രൊഫസറെക്കുറിച്ചുള്ളതുമായിരുന്നു. മുസ്ലിം പ്രൊഫസറുടെ നിയമനത്തിനെതിരെ വിദ്യാര്‍ഥികളിലൊരു വിഭാഗം പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. മറ്റൊന്ന് രവീഷിനെ(രവീഷ് കുമാര്‍-എന്‍ ഡി ടി വി)ക്കുറിച്ചായിരുന്നു. എല്ലാ പോസ്റ്റുകളും നരേന്ദ്രമോഡി സര്‍ക്കാര്‍ വിമര്‍ശകരെ ഇടവിടാതെ ആക്രമിക്കുന്നു. ഓപ് ഇന്ത്യ നവംബര്‍ 1 മുതല്‍ 29 വരെ പ്രസിദ്ധീകരിച്ച എല്ലാ പോസ്റ്റുകളും ന്യൂസ് ലോണ്ട്രി പരിശോധിച്ചു. അവയെല്ലാം ഒരേ മാതൃകകളിലുള്ളതായിരുന്നു.
ഇസ്ലാമോഫോബിയയുടെ സൂക്ഷിപ്പുകാരന്‍
മുസ്ലിംകള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചതിനാല്‍ ഓപ് ഇന്ത്യയില്‍ നിന്ന് രാജിവച്ച ജീവനക്കാരന്‍ പറയുന്നു: ”മുസ്ലിം സമുദായത്തില്‍ പെട്ട ഒരാള്‍ ഒരു കേസില്‍ പ്രതിയാണെങ്കില്‍ തലക്കെട്ടില്‍ അയാളുടെ പേര് ചേര്‍ക്കണം. വാര്‍ത്ത വായിക്കുന്നത് ഒരു ഹിന്ദുവാണെങ്കില്‍ അയാള്‍ മുസ്ലിംകള്‍ക്കെതിരെ വിദ്വേഷം വര്‍ധിപ്പിക്കുന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്.
നവംബര്‍ 15 മുതല്‍ 19 വരെ ഓപ് ഇന്ത്യ ഹിന്ദി, മുസ്ലിം നാമം തലവാചകമായ 28 പോസ്റ്റുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മോഷണം, കൊലപാതകം, തെമ്മാടിത്തം തുടങ്ങി കുറ്റകൃത്യത്തിന്റെ സ്വഭാവം എന്തായാലും പ്രതികള്‍ മുസ്ലിംകള്‍ ആണെങ്കില്‍ അത് തലക്കെട്ടില്‍ ഇടംപിടിക്കും. ന്യൂസ് ലോണ്ട്രി അത് കണ്ടെത്തിയിട്ടുണ്ട്. രാജിവെച്ച അതേ ഓപ് ഇന്ത്യക്കാരന്‍ പറയുന്നത് നോക്കുക: ”വ്യക്തിപരമായി, ഇത് ധാര്‍മികമാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ഒന്നോ രണ്ടോ തവണ ഞാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഞങ്ങളുടെ പത്രാധിപര്‍ അജിത് ഭാരതി മുത്തലാഖിനെപ്പറ്റി, ‘പ്രിയപ്പെട്ട മുസ്ലിം സ്ത്രീകളെ, നിങ്ങള്‍ ഹലാല, ബഹുഭാര്യത്വം, തലാഖ് എന്നിവ അര്‍ഹിക്കുന്നു. കാരണം നിങ്ങള്‍ നിശബ്ദരാണ്’ എന്ന തലക്കെട്ടില്‍ എഴുതിയതോടെ എല്ലാ പരിധികളും വിട്ടു. പ്രകോപിതനായ ഞാന്‍ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തലും ഭൂരിപക്ഷ സമുദായത്തില്‍ മുസ്ലിംകള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കലുമാണ് അവിടെ നടക്കുന്നത്. വിദ്വേഷം പടര്‍ത്തുന്ന ഒരു പത്രപ്രവര്‍ത്തകനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.”
ഓപ് ഇന്ത്യയില്‍ ഒരു മാസം ജോലി ചെയ്ത മറ്റൊരു പത്രപ്രവര്‍ത്തകന്‍ പറയുന്നു: ”ഞങ്ങള്‍ വാര്‍ത്തകളെഴുതി യോജിച്ച ശീര്‍ഷകങ്ങള്‍ നല്‍കും. എന്നാല്‍ പത്രാധിപര്‍, അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിന് യോജിച്ച വിധം തലക്കെട്ട് മാറ്റും.”
മുസ്ലിം സമുദായം ഓപ് ഇന്ത്യയുടെ ഇഷ്ടപ്പെട്ട ഇടി സഞ്ചിയാണ്. കുറ്റകൃത്യത്തെ വര്‍ഗീയവത്കരിച്ചപ്പോഴുണ്ടായ നടുക്കത്തില്‍നിന്ന് രാജ്യംമോചിതമായിട്ടില്ല. ഹൈദരാബാദ് ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തിന്റെ വാര്‍ത്താ തലക്കെട്ട് നോക്കുക: ‘ദിശയെ ബലാത്സഗം ചെയ്യാനും കൊലപ്പെടുത്താനും പദ്ധതിയിട്ടത് മുഹമ്മദ് പാഷയാണെന്ന് പൊലീസ്.’ ഓപ് ഇന്ത്യ റിപ്പോര്‍ട്ടില്‍ സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് ഇരയുടെ പേരും വെളിപ്പെടുത്തി. പിന്നീട് അത് നീക്കം ചെയ്തു.
ഇവിടെ രണ്ടു വലിയ പ്രശ്‌നങ്ങളുണ്ട്. ഒന്ന് വ്യാജ വാര്‍ത്തയാണ്. മറ്റൊന്ന് വസ്തുതകള്‍ വളച്ചൊടിക്കലും. പ്രതികളുടെ വിവരങ്ങള്‍ പുറത്തറിയിക്കുകയാണ് ഓപ് ഇന്ത്യ ഉന്നം വെച്ചതെങ്കില്‍ മൂന്ന് ഹിന്ദു പ്രതികളുടെ പേര്‍ കൂടി വെളിപ്പെടുത്തുമായിരുന്നു. ഈ വീഴ്ചകള്‍ക്കെതിരെ ഓണ്‍ലൈനില്‍ വലിയ ശബ്ദമുയര്‍ന്നപ്പോഴാണ് ഓപ് ഇന്ത്യ ഹിന്ദു പ്രതികളുടെ പേര്‍ ഉള്‍പ്പെടുത്തിയത്.
ഇത് മാത്രമല്ല ഉദാഹരണം. പ്രതികളുടെ മുസ്ലിം വ്യക്തിത്വം വെളിപ്പെടുത്തുന്ന ചില ഓപ് ഇന്ത്യ ശീര്‍ഷകങ്ങള്‍ നോക്കുക.
– സലീമും ഇസ്ലാമും 17കാരിയെ വീട്ടില്‍ നിന്ന് പൊക്കി, ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. രണ്ടു പ്രതികളും ഒളിവില്‍.
– ഇസ്ലാം സ്വീകരിക്കുക. അല്ലെങ്കില്‍ നിങ്ങളെ തകര്‍ക്കും. പ്രവാചകന്‍ മുഹമ്മദിന്റെ ഈ കത്ത് പേര്‍ഷ്യയിലെ രാജാവ് കീറിക്കളഞ്ഞു.
– വീഡിയോ വൈറല്‍: സര്‍ പാഞ്ച് അസ്ലം ഹിന്ദു വിധവയെ ബീഫ് തീറ്റിച്ചു. ഇസ്ലാം സ്വീകരിച്ച് അക്ബറെ വിവാഹം ചെയ്യാന്‍ അവളെ നിര്‍ബന്ധിച്ചു.
– അര്‍ബാസ്, സിക്കന്ദര്‍, സോര, കലാം എന്നിവര്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ച് കൂട്ട ബലാത്സംഗം ചെയ്ത് പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ വൈറലായി.
സര്‍ പഞ്ച് അസ്ലം ഹിന്ദു വിധവയെ ബീഫ് തീറ്റിച്ചു, ഇസ്ലാം സ്വീകരിച്ച് അക്ബറെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ചു എന്നത് നിര്‍ലജ്ജമായ വര്‍ഗീയ ശീര്‍ഷകമാണ്. ദൈനിക് ഭാസ്‌കറില്‍നിന്നാണ് ഓപ് ഇന്ത്യ ഈ വാര്‍ത്തയെടുത്തത്. കേസില്‍ സര്‍ പഞ്ചിനെ കൂടാതെ ഹിന്ദുക്കളായ മറ്റ് പ്രതികളുമുണ്ടെന്ന് ദൈനിക് ഭാസ്‌കര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓപ് ഇന്ത്യ അത് ഒഴിവാക്കി.
ഇരയുടെ അച്ഛനെ ഉദ്ധരിച്ചുകൊണ്ട് ദൈനിക് ഭാസ്‌കര്‍ ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തിരുന്നു: ”മുഹമ്മദ് അക്ബര്‍ എന്ന ഖോസ്ല സപ്തംബര്‍ 13ന് അയാളുടെ നെല്പാടത്തേക്ക് പോയിരുന്നു. അപ്പോള്‍ അതുവഴി മറാണ്ടി, ബജന്‍ മറാണ്ടി, ദേവ് ഹന്‍സ്ദ, സവല്‍ തുഡു എന്നിവരും മറ്റ് ഇരുപതോളം പേരും ഖോസ്ലയെ ഇരയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ അയാളെ കെട്ടിയിട്ടു.”
ഓപ് ഇന്ത്യയില്‍ ഹിന്ദുക്കളുടെ വക്താവായി സ്വയം അവതരിച്ചുകൊണ്ട് ഭാരതി എഴുതുന്നത്: ”ഹിന്ദു ഉത്സവങ്ങള്‍ക്ക് നേരെ മുസ്ലിം കല്ലെറിയുന്നത് സാധാരണമാണ്. അതിനും ഞാന്‍ മോഡിയെ കുറ്റപ്പെടുത്തണോ!” അദ്ദേഹം തലക്കെട്ടില്‍ ചോദിക്കുന്നു. അദ്ദേഹം തുടര്‍ന്നെഴുതുന്നു. ”ഞങ്ങള്‍ ബാങ്കുവിളി ശ്രദ്ധിക്കുന്നു. കാരണം നിങ്ങള്‍ക്ക് മതം ആവശ്യമാണെന്ന കാര്യം ഞങ്ങള്‍ അംഗീകരിക്കുന്നു. നിങ്ങളത് നിര്‍വഹിക്കുന്നതില്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. സമാധാനപരമായ സഹവര്‍ത്തിത്വം എന്നാണ് അതിനെ വിളിക്കുന്നത്. എന്നാല്‍ പലരും അത് ഇഷ്ടപ്പെടുന്നില്ല. ഗംഗാതടത്തിലെ ആളുകള്‍ ഈ ഭാരം തനിച്ച് പേറുന്നു. യമുനാതടത്തില്‍നിന്ന് ബഹുമാനം പുറത്തുവരുന്നതായി തോന്നുന്നില്ല. മുദ്രാവാക്യം കൊണ്ട് എന്താണ് പ്രശ്‌നം? അത് ആരെയെങ്കിലും അധിക്ഷേപിക്കുന്നുണ്ടോ? ആരെയെങ്കിലും അക്രമിക്കുന്നുണ്ടോ? ദിവസത്തില്‍ അഞ്ച് നേരം നിങ്ങളുടെ ബാങ്ക് വിളികള്‍ ഞങ്ങള്‍ സഹിക്കുന്നതുപോലെ വര്‍ഷത്തില്‍ ഏതാനും നാളത്തെ ഹര്‍ഷാരവം നിങ്ങളും ശ്രദ്ധിക്കുക. അതുകൊണ്ട് എന്താണ് കുഴപ്പം?”
കഴിഞ്ഞ വര്‍ഷം ലഖ്‌നൊവില്‍ ഹിന്ദുത്വ നേതാവ് കമലേഷ് തിവാരി കൊല്ലപ്പെട്ട് ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ഭാരതി ഒരു വീഡിയോ നിര്‍മിച്ചു: ”ഞാന്‍ ഹിന്ദു; ഞാന്‍ ഭയപ്പെടുന്നു” എന്ന ശീര്‍ഷകത്തിലെ വീഡിയോയില്‍ ഇപ്രകാരം പറയുന്നു: ”ഒരു ദിവസം കാലത്ത് വാതില്‍ ബെല്‍ മുഴങ്ങി, ഞാന്‍ വാതിലിനടുത്തേക്ക് ചെന്നു. അവിടെ മൂന്നുപേര്‍ നില്‍പുണ്ടായിരുന്നു. തൊപ്പി ധരിക്കുകയും താടി വളര്‍ത്തുകയും ചെയ്ത അവര്‍ മുസ്ലിംകളെപ്പോലെ തോന്നിച്ചു.
തങ്ങള്‍ക്ക് സംസാരിക്കണമെന്ന് പറഞ്ഞ് അവര്‍ വാതില്‍ തുറക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. എനിക്ക് നിങ്ങളെ അറിയില്ലെന്നും വാതില്‍ തുറക്കില്ലെന്നുമായി ഞാന്‍. അവിടെ അവരില്‍ ഒരാള്‍ എന്റെ കാലുകള്‍ കെട്ടുന്നതും രണ്ടാമന്‍ എന്റെ കൈകള്‍ പിടിക്കുന്നതും മൂന്നാമന്‍ എന്റെ കണ്ഠനാളമകത്ത് അറബിയില്‍ എന്തോ മന്ത്രിക്കുന്നതും ഞാന്‍ സങ്കല്പിച്ചു.”
തലേദിവസം രാത്രി കണ്ട സ്വപ്നത്തില്‍നിന്ന് ഭാരതി ഉല്പാദിപ്പിച്ചതായിരുന്നു അത്. സമൂഹമാധ്യമങ്ങളില്‍ ആ വീഡിയോ നിരവധി തവണ പങ്കുവെച്ചു. താങ്കള്‍ കണ്ട സ്വപ്നത്തെ ആധാരമാക്കി മുസ്ലിം സമുദായത്തെ ഒന്നടങ്കം കൊലയാളികളായി എങ്ങനെ അവതരിപ്പിക്കാനാവുമെന്ന് ഭാരതിയോട് ന്യൂസ് ലോണ്ട്രി ചോദിച്ചു. ”ആരെയെങ്കിലും സ്വാധീനിക്കാന്‍ എന്റെ സ്വപ്നം പരാമര്‍ശിച്ചിട്ടില്ല. കമലേഷ് മിശ്ര കൊല്ലപ്പെട്ട രാത്രിയാണ് ഞാന്‍ സ്വപ്നം കണ്ടത്. എനിക്ക് അടിക്കടി വധഭീഷണി കിട്ടുന്നുണ്ട്. എനിക്ക് കിട്ടിയ വധഭീഷണികളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഞാന്‍ പോസ്റ്റ് ചെയ്തിട്ടില്ല. എന്നെ ബന്ധപ്പെടാനുള്ള നമ്പര്‍ ഞാന്‍ പരസ്യപ്പെടുത്തിയിട്ടില്ല. അതിനാല്‍ എനിക്ക് ഫോണ്‍ വഴി ഭീഷണി ലഭിച്ചിട്ടില്ല. ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തിയാല്‍ അവര്‍ എന്നെ ഫോണ്‍ വഴി ഭീഷണിപ്പെടുത്തും. ഒരുപക്ഷേ ഞാന്‍ കൊല്ലപ്പെടുകയും ചെയ്യാം.” ഇതായിരുന്നു ഭാരതിയുടെ മറുപടി.
കളവുകേസിലോ ബലാത്സംഗ കേസിലോ പ്രതിയാവുന്ന മുസ്ലിമിന്റെ പേര് നിശ്ചയമായും വെളിപ്പെടുത്തുമെന്ന് ഭാരതി വ്യക്തമാക്കുന്നു. മധ്യപ്രദേശിലെ വിധവയുടെ വാര്‍ത്തയില്‍ എന്തുകൊണ്ട് ഹിന്ദു പ്രതികളുെട പേര് പറഞ്ഞില്ല എന്ന ചോദ്യത്തിന് ‘ഞങ്ങള്‍ ഒരു ദിവസം ധാരാളം വാര്‍ത്തകള്‍ അവതരിപ്പിക്കുന്നുണ്ട്, അത് പരിശോധിച്ച് മറുപടി പറയാം’ എന്നായിരുന്നു ഉത്തരം.
രാഹുല്‍ഗാന്ധിക്കെതിരെ
ഓപ് ഇന്ത്യ മുസ്ലിംകളെ കൂടാതെ മോഡിയുടെ വിമര്‍ശകരെയും എതിരാളികളെയും നിരന്തരം അധിക്ഷേപിക്കുന്നുണ്ട്. പ്രത്യേകിച്ചും കോണ്‍ഗ്രസ് പാര്‍ട്ടിയെയും അതിന്റെ നേതാവ് രാഹുല്‍ഗാന്ധിയെയും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍നിന്നുള്ള നിഷേധാത്മക വാര്‍ത്തകള്‍ പൊലിപ്പിച്ച് കാണിക്കുന്നു. എന്നാല്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ക്കുനേരെ കണ്ണടയ്ക്കുന്നു. നവംബര്‍ 14 മുതല്‍ 28 വരെ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട 52 പോസ്റ്റുകള്‍ ഓപ് ഇന്ത്യ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതില്‍ മൂന്നെണ്ണം ഗാന്ധി കുടുംബത്തിന് എസ് പി ജി സുരക്ഷ പിന്‍വലിച്ചതുമായി ബന്ധപ്പെട്ടതായിരുന്നു. സുരക്ഷ പിന്‍വലിച്ചത് മോഡി സര്‍ക്കാറിന്റെ അഭിനന്ദനാര്‍ഹമായ നടപടിയായിട്ടാണ് പോസ്റ്റ് വിശദീകരിക്കുന്നത്.
മറ്റൊരു പോസ്റ്റ് കര്‍ണാടകയില്‍നിന്നുള്ളതാണ്. തലക്കെട്ട് ഇങ്ങനെയാണ്. ”പതിനെട്ട് മാസം കൊണ്ട് എങ്ങനെ എട്ടുകോടി രൂപ സമ്പാദിക്കാം. കോണ്‍ഗ്രസ് എം എല്‍ എയും അദ്ദേഹത്തിന്റെ ഭാര്യയും അത് സാധിച്ചിരിക്കുന്നു. ഉപതിരഞ്ഞെടുപ്പിന് പത്മാവതി സമര്‍പ്പിച്ച നാമനിര്‍ദേശ പട്ടികയില്‍ 18 മാസം കൊണ്ട് തന്റെ ഭര്‍ത്താവും കോണ്‍ഗ്രസ് എം എല്‍ എയുമായ ബി സുരേഷ് കുമാറിന്റെ സ്വത്തില്‍ എട്ടുകോടി രൂപയുടെ വര്‍ധനവുണ്ടായതായി പറയുന്നുണ്ട്.” മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് ഓപ് ഇന്ത്യ ഇക്കാര്യം പറയുന്നത്. കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന എം ടി ബി നാഗരാജിനെതിരെയാണ് പത്മാവതി മത്സരിച്ചത്. നാഗരാജിന്റെ നാമനിര്‍ദേശ പത്രികയില്‍ അദ്ദേഹത്തിന്റെ സ്വത്തില്‍ പതിനെട്ടുമാസം കൊണ്ട് 185 കോടി രൂപയുടെ വര്‍ധനവുണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആജ്തക് ചൂണ്ടിക്കാണിച്ചിരുന്നു. ഈ യാഥാര്‍ത്ഥ്യം ഓപ് ഇന്ത്യ വിഴുങ്ങി. നാഗരാജിന്റെ 185 കോടിയുടെ സ്വത്തില്‍ 25.84 ശതമാനം ആഗസ്തില്‍ വെറും ആറുദിവസം കൊണ്ട് സമ്പാദിച്ചതാണെന്ന് ആജ്തകിന്റെ മറ്റൊരു റിപ്പോര്‍ട്ടിലും വ്യക്തമാക്കി. രണ്ടാഴ്ചക്കുശേഷം എച്ച് ഡി കുമാരസ്വാമി സര്‍ക്കാറിനെ താഴെയിറക്കാനും ബി ജെ പി സര്‍ക്കാറിനെ അധികാരത്തിലേറ്റാനും നാഗരാജ് സഹായിച്ചു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ഓപ് ഇന്ത്യ തമസ്‌കരിച്ചു.
കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ തലക്കെട്ടുകള്‍ അവമതിക്കുന്ന തരത്തിലാണ് ഓപ് ഇന്ത്യ ഉപയോഗിക്കുന്നത്.
എന്നാല്‍ ഓപ് ഇന്ത്യയില്‍ നിങ്ങള്‍ നരേന്ദ്രമോഡിയെ തിരയുന്നുവെങ്കില്‍ മേല്പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായി അദ്ദേഹത്തെ സ്തുതിക്കുന്ന വാര്‍ത്തകള്‍ കാണാം.
ഓപ് ഇന്ത്യ മനഃപൂര്‍വം കോണ്‍ഗ്രസിനെ ഉന്നം വെക്കുകയാണോ? ഒരു മുന്‍ ജീവനക്കാരന്‍ പറയുന്നു: ”കോണ്‍ഗ്രസിനെ പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയെ പരിഹാസ്യ പാത്രമാക്കുന്നതിനുവേണ്ടി മാത്രമാണ് വാര്‍ത്തകള്‍ നിര്‍മിക്കുന്നത്. മൂല്യമില്ലാത്തവനായി രാഹുലിനെ അവതരിപ്പിക്കുന്നതിനാണിത്. കോണ്‍ഗ്രസിനെ മാത്രമല്ല, മറ്റുപ്രതിപക്ഷ പാര്‍ട്ടികളെയും അവയുടെ നേതാക്കളെയും ഇതേ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. അരവിന്ദ് കെജ്്രിവാളുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളും എത്ര പരിഹാസ്യ കഥാപാത്രമായിട്ടാണ് അദ്ദേഹത്തെ ചിത്രീകരിക്കുന്നതെന്ന് വ്യക്തമാകും.”
രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും നിരന്തരം പരിഹസിക്കുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഭാരതി പറയുന്ന മറുപടി നോക്കുക: ”രാഹുല്‍ഗാന്ധി വിഡ്ഢിയാണെന്ന് ഞങ്ങള്‍ക്ക് തെളിയിക്കേണ്ട ആവശ്യമെന്ത്? അദ്ദേഹം എപ്പോഴൊക്കെ വാ തുറന്നുവോ അപ്പോഴൊക്കെ സ്വയം വിഡ്ഢിയാണെന്ന് തെളിയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും നിലപാടുകളും ശ്രദ്ധിച്ചാല്‍ അത് ബോധ്യപ്പെടും. അദ്ദേഹം ഒരു നേതാവാണ്. അതിനാല്‍ ബഹുമാനിക്കപ്പെടണം എന്നത് അടിസ്ഥാനമില്ലാത്ത അകാശവാദമാണ്. പത്രപ്രവര്‍ത്തനത്തിന്റെ ഭാഷ ആളുകള്‍ നിശ്ചയിക്കുന്നത് എപ്രകാരമാണെന്ന് എനിക്കറിയില്ല. ഒരു വിഡ്ഢി എപ്പോഴും വിഡ്ഢി തന്നെയായി വിളിക്കപ്പെടണം. അതില്‍ എന്താണ് കുഴപ്പം?”
എന്നാല്‍ ഓപ് ഇന്ത്യ ബി ജെ പി നേതാക്കള്‍ക്കുമേല്‍ ഇതേ മാനദണ്ഡം ബാധകമാക്കുന്നില്ല. ഉദാഹരണമായി ബാലാക്കോട്ട് ആക്രമണം നടത്തിയ ഇന്ത്യന്‍ െജറ്റുകളെ പാകിസ്ഥാന്‍ റഡാറുകള്‍ കണ്ടെത്തുന്നത് മേഘാവൃതമായ ആകാശം തടഞ്ഞുവെന്ന മോഡിയുടെ പ്രസ്താവനയെ ഓപ് ഇന്ത്യ പരിഹസിച്ചിട്ടില്ല. ഗണപതിയുടെ തല ഉടലുമായി കൂട്ടിച്ചേര്‍ത്തത് പ്ലാസ്റ്റിക് സര്‍ജറി വഴിയാണെന്ന പ്രസ്താവനയെയും പരിഹസിച്ചില്ല. വ്യോമാക്രമണവും മേഘങ്ങളും സംബന്ധിച്ച കാര്യത്തില്‍ ഒരു ഐ ഐ ടി പ്രൊഫസറുടെ പോസ്റ്റ് തങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോടുള്ള ഭാരതിയുടെ പ്രതികരണം.
പരിഭാഷ: കുന്നത്തൂര്‍ രാധാകൃഷ്ണന്‍
ബസന്ത് കുമാര്‍
You must be logged in to post a comment Login