1968ല്‍ വിശ്വ ഹിന്ദുപരിഷത്ത് സ്ഥാപിതമായത് മുതല്‍ സംഘ്പരിവാര്‍ പരിപാടികളില്‍ മുഴങ്ങിക്കേള്‍ക്കുന്ന ഒരു മുദ്രാവാക്യമുണ്ട്: ‘പഹലെ കസായി; ഫിര്‍ ഈസായി’- ആദ്യം മുസ്ലിംകള്‍.പിന്നീട് ക്രിസ്ത്യാനികള്‍. ആര്‍.എസ്.എസിനെ സംബന്ധിച്ചിടത്തോളം മുഖ്യശത്രു മുസ്ലിംകളാണെങ്കിലും ഉന്മൂലനം ചെയ്യപ്പെടേണ്ടവരില്‍ രണ്ടാമതായി വരുന്നത് ക്രിസ്ത്യാനികളാണ്. അതിനുശേഷം കമ്യൂണിസ്റ്റുകാരും. ഹിന്ദുത്വ സിദ്ധാന്തത്തിന്റെ ആചാര്യനായ വി.ഡി സവര്‍ക്കര്‍ ഹിന്ദുരാഷ്ട്ര നിര്‍മാണ പദ്ധതിക്ക് ചിന്താപരമായ അടിത്തറ പാകിത്തുടങ്ങിയപ്പോള്‍ പോരാട്ടത്തിന്റെ മുന ആദ്യം തിരിച്ചത് ക്രിസ്ത്യാനികള്‍ക്ക് നേരെയായിരുന്നു. ഇക്കാര്യം ഒരുപക്ഷേ, ഇന്നത്തെ ക്രിസ്ത്യന്‍ പാതിരിമാര്‍ മനസ്സിലാക്കിയിട്ടുണ്ടാവണമെന്നില്ല. സവര്‍ക്കറുടെ ആദ്യരചന തുടങ്ങുന്നത് 1907ലാണ്. ഹിന്ദുക്കളും മുസ്ലിംകളും തോളോട് തോളുരുമ്മി 1857ല്‍ ക്രിസ്ത്യാനികളായ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ ധീരപോരാട്ടത്തെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് പേരിട്ട് , ‘സ്വരാജ്യ’ത്തിനും ‘സ്വധര്‍മ’ത്തിനും വേണ്ടി പടക്കൊരുങ്ങാന്‍ സവര്‍ക്കര്‍ ആഹ്വാനം ചെയ്യുമ്പോള്‍ ഏകീകൃത ഇറ്റലിക്കായി പോരാട്ടകാഹളം മുഴക്കിയ മുസ്സോളിനിയുടെ അധ്യാപനങ്ങളാണ് മുന്നിലുണ്ടായിരുന്നത്. ഈ പോരാട്ടത്തില്‍ മുസ്ലിംകളെ കൂട്ടാളികളായി കാണുന്ന സവര്‍ക്കര്‍, ക്രിസ്ത്യാനികളെയാണ് ‘സ്വാഭാവിക ശത്രുക്ക’ളായി മുന്നില്‍നിരത്തുന്നത്. 1987ലെ ബ്രിട്ടീഷ്വിരുദ്ധ പോരാട്ടത്തിന് നേതൃത്വംകൊടുത്ത മുസ്ലിം പണ്ഡിതന്മാരുടെയും മൗലവിമാരുടെയും സംഭാവനകളെ അനര്‍ഘങ്ങളായി കാണാനും ഹിന്ദുക്കളും മുസ്ലിംകളും ‘രക്തബന്ധമുള്ള സഹോദരങ്ങളാ’ണെന്ന് വിളിച്ചുപറയാനും സവര്‍ക്കര്‍ മടിക്കുന്നില്ല. കോളനിശക്തികള്‍ക്കെതിരെ ധീരോദാത്തമായ പോരാട്ടം നടത്തിയ ‘മഹാനായ ടിപ്പുസൂല്‍ത്താനെ’ കുറിച്ചും ‘ഹൈദരലി സാഹിബിനെകുറിച്ചും’ അദ്ദേഹം പ്രകീര്‍ത്തനങ്ങള്‍ ചൊരിയുന്നുണ്ട്. ഹിന്ദുക്കളും മുസ്ലിംകളും ‘രക്തബന്ധുക്കളാ’ണെന്നാണ് ഒരുവേള സവര്‍ക്കര്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്.. അത് ക്രിസ്ത്യാനികളോട് പോരാടുന്ന വിഷയത്തിലാണെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്.
ഹിന്ദുത്വയുടെ ക്രിസ്ത്യാനികളോടുള്ള സമീപനം ആമുഖമായി പ്രതിപാദിക്കാന്‍ കാരണം ക്രിസ്ത്യന്‍ സമൂഹത്തിലെ ചിലരെങ്കിലും ഹിന്ദുത്വ തങ്ങള്‍ക്ക് നേരെ വെല്ലുവിളി ഉയര്‍ത്തുന്നില്ല എന്നും അവരുടെ എതിര്‍പ്പ് മുസ്ലിംകളോട് മാത്രമാണെന്നുമുള്ള വിചാരഗതി വെച്ചുപുലര്‍ത്തുന്നതു കൊണ്ടാണ്. പൗരത്വനിയമ ഭേദഗതി വിഷയത്തില്‍ രാജ്യമൊട്ടുക്കും കക്ഷിപക്ഷങ്ങള്‍ മറന്ന് മോഡിസര്‍ക്കാരിനെതിരെ ഐക്യത്തോടെ മുന്നോട്ടുപോകുമ്പോള്‍, കേരളത്തിലടക്കം ക്രിസ്ത്യന്‍ സഭയും സമൂഹവും വെച്ചുപുലര്‍ത്തുന്ന വൈമുഖ്യത്തിന്റെ നിലപാട് ആ സമുദായത്തിനകത്ത് തന്നെ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. ബലാല്‍സംഗ വീരനായ ഒരു പാതിരിക്കെതിരെ കന്യാസ്ത്രീകളടക്കം രംഗത്തുവന്നപ്പോള്‍, ആ പാതിരിയെ രക്ഷിക്കാന്‍ തെരുവില്‍ കൂട്ടമായി ഇറങ്ങിയ ൈക്രസ്തവ പുരോഹിതന്മാരും മേലധ്യക്ഷന്മാരും പൗരത്വവിഷയത്തില്‍ കാണിക്കുന്ന അലസ മനോഭാവം, ഇത് നമ്മുടെ സമുദായത്തെ ബാധിക്കുന്ന പ്രശ്നമല്ലല്ലോ എന്ന തെറ്റായ കണുക്കുക്കൂട്ടലിന്റെ തിണ്ണബലത്തിലാണെന്ന് വേണം വിലയിരുത്താന്‍. അതിനപ്പുറം, സ്വന്തം അസ്തിത്വവും നിലനില്‍പും ചോദ്യം ചെയ്യപ്പെടുന്ന മുസ്ലിം സമൂഹത്തോട് ഒരു ന്യൂനപക്ഷമെന്ന നിലക്കെങ്കിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനു പകരം, അവരെ പ്രതിക്കൂട്ടിലാക്കാന്‍ പോകുന്ന തരത്തിലുള്ള കുല്‍സിത ശ്രമങ്ങളിലേര്‍പ്പെടുന്നുവെന്ന വാര്‍ത്ത അത്ഭുതപ്പെടുത്തുന്നതാണ്. സീറോ മലബാര്‍ സഭ അധ്യക്ഷന്‍ , കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പോലുള്ള ഒരു ഉയര്‍ന്ന മതനേതാവ് അതിനു നേതൃത്വം കൊടുക്കുന്നുവെന്നത് ചെറിയ വാര്‍ത്തയല്ല. ജനുവരി 10മുതല്‍ 15വരെ സീറോ മലബാര്‍ കത്തോലിക്ക സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ ചേര്‍ന്ന സിനഡില്‍, രാജ്യമൊട്ടുക്കും പൗരത്വനിയമത്തിന്റെ പേരില്‍ പ്രക്ഷോഭം കത്തിയാളുമ്പോള്‍, ക്രിസ്ത്യന്‍ യുവതിമാരെ മുസ്ലിം യുവാക്കള്‍ വശീകരിച്ചെടുത്ത് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്താന്‍ ശ്രമം നടത്തുന്നുവെന്ന ആരോപണമാണ് വിവാദത്തിന് തിരികൊളുത്തിയത്. സീറോ മലബാര്‍ ചര്‍ച്ച് മീഡിയ കമീഷന്‍ ഫാദര്‍ ആന്റണി തലച്ചല്ലൂര്‍ പുറത്തിറക്കിയ ഔദ്യോഗിക കമ്യൂണിക്കെയില്‍ ലവ് ജിഹാദ് വര്‍ധിച്ചുവരുന്നത് കേരളത്തിലെ മതസാമുദായിക അന്തരീക്ഷം വഷളാക്കുന്നുണ്ടെന്നും ഐ.എസിലേക്ക് റിക്രൂട്ട്ചെയ്യപ്പെട്ട 21 പെണ്‍കുട്ടികളില്‍ പകുതിയും ക്രിസ്ത്യന്‍ സമുദായത്തില്‍നിന്നുള്ളവരാണെന്നും ആരോപിക്കുന്നു. സി.ബി.ഐയും എന്‍.ഐന്‍.എയും രഹസ്യാന്വേഷണ വിഭാഗവും ഇങ്ങനെ മതപരിവര്‍ത്തനത്തിലൂടെയുള്ള വശീകരണം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടും അതിനെ ഫലപ്രദമായി തടയാന്‍ ബന്ധപ്പെട്ടവര്‍ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ല എന്ന് കമ്യുണിക്കെയില്‍ പരാതിപ്പെടുന്നു. ഈ വിഷയത്തില്‍ സിനഡിന്റെ തീരുമാനം പള്ളികളില്‍ വായിക്കാന്‍ കര്‍ദിനാള്‍ ആലഞ്ചേരിയുടെ പേരില്‍ ഇടയലേഖനം പുറത്തിറക്കുക കൂടി ചെയ്തതോടെ, കേന്ദ്രംഭരിക്കുന്ന ഹിന്ദുത്വ സര്‍ക്കാരിന്റെ ഷൂ നക്കുന്ന പ്രവൃത്തി തന്നെയാണിതെന്ന് വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്. ”വര്‍ധിച്ചുവരുന്ന ലൗജിഹാദ്, കേരളത്തിലെ മതസൗഹാര്‍ദത്തെ അപകടപ്പെടുത്തുന്നതാണ്. ഭീകരസംഘടനയായ ഐ.എസ്.എസിലേക്ക് ക്രൈസ്തവ പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യപ്പെടുന്നു. അധികൃതരുടെ അടിയന്തര നടപടിവേണം”. ഇടയലേഖനത്തില്‍ പറയുന്നതിങ്ങനെ. ആസൂത്രിതമായും വ്യാപകമായും ലൗ ജിഹാദ് അരങ്ങേറുന്നുവെന്നാണത്രെ സിനഡ് വിലയിരുത്തിയത്. പ്രണയം നടിച്ച് ക്രൈസ്തവ പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തുകയും ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കി ആ ദൃശ്യങ്ങള്‍ പകര്‍ത്തി മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്ന ഗുരുതരമായ ആരോപണമാണ് മതമേലധ്യക്ഷന്മാരുടെ സമ്മേളനം ഉന്നയിച്ചത്. മാത്രമല്ല, ദേശീയ ന്യൂനപക്ഷ കമീഷന് ഈ വിഷയത്തില്‍ പരാതികളയക്കുകയും ചെയ്തു. തുടര്‍ന്ന് കമീഷന്‍ കേരള പോലിസ് മേധാവിയോട് വിശദീകരണം ആരായുകയും ഡി.ജി.പി അങ്ങനെയൊരു സംഭവം ഇവിടെ നടക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തുവെന്നത് സൂക്ഷ്മമായി പരിശോധിക്കേണ്ട വിഷയമാണ്.
ആലഞ്ചേരി പുണ്യവാളന്‍ ചമയുമ്പോള്‍
സ്വത്ത് ഇടപാട്കേസില്‍പെട്ടയാളാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. ഇദ്ദേഹത്തെ സ്ഥാഭ്രഷ്ഠനാക്കണമെന്ന് സഭക്കുള്ളില്‍നിന്ന് തന്നെ ശബ്ദമുയര്‍ന്നിരുന്നു. ജീര്‍ണതകള്‍ അടിഞ്ഞുകൂടിയ സഭാ നേതൃത്വത്തിനെതിരെ അല്‍മായര്‍പോലും പരസ്യമായി രംഗത്തുവരുകയും കന്യാസ്ത്രീകള്‍ അരമന രഹസ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തപ്പോള്‍, ഒരുതരം ആഭ്യന്തര കലാപം സഭക്കുള്ളില്‍ രൂപം കൊള്ളുന്നുണ്ട്. ഇത്തരമൊരു ഘട്ടത്തില്‍ ഭരണകൂടവുമായി കൂടുതല്‍ അടുത്ത്, വ്യവസ്ഥിതിയുടെ തണലില്‍ പിടിച്ചുനില്‍ക്കാനുള്ള കല്‍പിച്ചുകൂട്ടിയുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇല്ലാത്ത ലവ് ജിഹാദ് ഈ ഘട്ടത്തില്‍ വലിച്ചിഴച്ചുകൊണ്ടുവരുന്നത്. സിനഡ് ഇങ്ങനെയൊരു തീരുമാനമെടുത്തിട്ടുണ്ടെന്നും ഗൂഢലക്ഷ്യമാണ് അതിനുപിന്നിലുള്ളതെന്നും പുറംലോകം അറിയുന്നത് കത്തോലിക്ക സഭയുടെ ജിഹ്വയായ ‘സത്യദീപ’ത്തില്‍ ‘മുണ്ടാടന്‍’എന്ന പേരില്‍ എഴുതിയ ലേഖനത്തിലൂടെയാണ്. പൗരത്വഭേദഗതി നിയമം രാജ്യത്തിന്റെ ബഹുസ്വരതക്കും ന്യൂനപക്ഷങ്ങളുടെ അസ്തിത്വത്തിനും വേരെ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ കത്തോലിക്ക സഭ സ്വീകരിച്ച അഴകൊഴമ്പന്‍ നയമാണ് ലേഖനത്തില്‍ ചോദ്യം ചെയ്യപ്പെടുന്നത്. ആര്‍ച്ച്ബിഷപ്പ് ഡോ. സൂസെപാക്യവും കേരള ലാറ്റിന്‍ കാത്തലിക് സഭയും നിയമഭേദഗതിയെ ശക്തമായും ആത്മാര്‍ത്ഥമായും എതിര്‍ക്കുമ്പോള്‍, സീറോ മലബാര്‍ മെത്രാന്‍ സിനഡിന്റെ നിലപാട് നിയമഭേദഗതിക്ക് അനുകൂലവും മോഡിസര്‍ക്കാരിനെ സുഖിപ്പിക്കുന്നതുമാണ്. കെ.സി.ബി.സി പ്രസിഡന്റും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പുമായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിനഡ് ഈവിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെ ഉപദേശിക്കുക മാത്രമാണ് ചെയ്തത്. അതേസമയം, പൗരത്വനിയമദേഗതിയുടെ യഥാര്‍ത്ഥ ഇരകളായ മുസ്ലിംകളെ പ്രതിക്കൂട്ടില്‍ കയറ്റി കല്ലെറിയാന്‍ ലവ്ജിഹാദ് വിഷയം എടുത്തിടുകയും ചെയ്തു. രാജ്യവിമോചന പോരാട്ടത്തിന്റെ കാലഘട്ടത്തില്‍ ബ്രിട്ടീഷ് കോളനി ൈക്രസ്തവ ശക്തികളുടെ കരങ്ങള്‍ക്ക് കരുത്ത് പകരാന്‍ കേരള കത്തോലിക്ക സഭയുടെ മുമ്പേ നടന്ന തലമുറയുടെ പാത പിന്‍പറ്റി പുതിയ നേതൃത്വം ഹിന്ദുത്വദാസ്യത്തിന് കച്ചകെട്ടി ഇറങ്ങുമ്പോള്‍ അതിലെ അപകടം തിരിച്ചറിയപ്പെടേണ്ടതുണ്ട് എന്ന് മാത്രമല്ല, കേരളീയരുടെ മുന്നില്‍ അത് തുറന്നുകാട്ടേണ്ടതുമുണ്ട് .
ലവ് ജിഹാദ് വിവാദത്തിനു പിന്നില്‍ ഇസ്ലാമോഫോബിയ പിടിപെട്ട ചില ക്രിസ്ത്യന്‍ പാതിരിമാരും ആര്‍.എസ്.എസുകാരും പൊലീസ് ഉദ്യോഗസ്ഥരുമായിരുന്നു. ജേക്കബ് പുന്നൂസ് പോലിസ് മേധാവിയായിരുന്ന കാലത്താണ് ഇത്തരമൊരു വിവാദത്തിന് തുടക്കമിട്ടത്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ്ലിം ചെറുപ്പക്കാര്‍ പ്രേമം ചമഞ്ഞ് തട്ടിക്കൊണ്ടുപോയി വ്യാപകമായി മതം മാറ്റുന്നുവെന്നും ഇസ്ലാമിക് സ്റ്റേറ്റ് ( ഐ.എസ്. ) ഭീകരവാദഗ്രൂപ്പിലേക്ക് റിക്രൂട്ട് ചെയ്യുകയാണ് ഇവരുടെ ലക്ഷ്യമെന്നും 2009-10 കാലത്ത് പ്രചരിപ്പിക്കപ്പെട്ടു. അതിനിടയിലാണ് കാസര്‍കോട് ജില്ലയിലെ പടന്നയില്‍നിന്നും പാലക്കാട് ജില്ലയില്‍നിന്നുമായി 20ലേറെ പേര്‍, സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം കേരളത്തില്‍നിന്ന് പലായനം ചെയ്ത സംഭവം വാര്‍ത്തയാകുന്നത്. ആഗോള മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായിരുന്നു അത്. ഐ.എസിലേക്ക് ആകര്‍ഷിക്കപ്പെട്ട് ഇങ്ങനെ പോയവരുടെ കൂട്ടത്തില്‍ പാലക്കാട്ടെ രണ്ടു ക്രിസ്ത്യന്‍ സഹോദരന്മാരും മതംമാറി ഇസ്ലാമിലേക്ക് പോയ രണ്ടു സ്ത്രീകളുമുണ്ടായിരുന്നു. വാസ്തവത്തില്‍ സൂക്ഷ്മമായ അന്വേഷണം നടക്കേണ്ടിയിരുന്നത്, ജിഹാദിന് പുറപ്പെടാന്‍ വേണ്ടി മാത്രം ഇസ്ലാമിലേക്ക് കടന്നുചെന്ന ഇവരുടെ മതപരിവര്‍ത്തനത്തിനു പിന്നില്‍ ഏത് ശക്തിയാണ്പ്രവര്‍ത്തിച്ചത് എന്നാണ്. ഇതൊന്നും മുസ്ലിം യുവാക്കളില്‍ ആകൃഷ്ടരായി ഇസ്ലാമിലേക്ക് കടന്നുചെന്നവരല്ല; മറിച്ച് ഏതൊക്കെയോ അദൃശ്യ ശക്തികളുടെ പ്രേരണയാല്‍ ഇസ്ലാം ലേബല്‍ സ്വീകരിച്ച് അരുതായ്മകളുടെ താഴ്വരയിലേക്ക് ഓടിപ്പോയവരാണ്. ഹാദിയ എന്ന ആലപ്പുഴയില്‍നിന്നുള്ള ഹിന്ദുയുവതി സഹപാഠികള്‍ മുഖാന്തരം ഇസ്ലാമിനെ മനസ്സിലാക്കി പുതിയ വിശ്വാസവുമായി മുന്നോട്ടുപോയപ്പോള്‍, അവിടെയും ലൗജിഹാദ് കയറിവന്നതും സുപ്രീംകോടതി എന്‍.ഐ.എ.യെ കൊണ്ട് അന്വേഷിപ്പിച്ചതുമെല്ലാം വിചിത്രമായൊരു മനോഘടന രാജ്യത്ത് രൂപപ്പെട്ടതു കൊണ്ടാണ്. 2017 മെയ് 24ന് ഹാദിയയും ഷഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം സംബന്ധിച്ച കേസില്‍ ജസ്റ്റിസ് മോഹന്‍ കുര്യാക്കോസും, അബ്രഹാം മാത്യുവും വിധി പറഞ്ഞപ്പോള്‍ എല്ലാവരും ഞെട്ടി. ഈ വിവാഹം കേവലം തട്ടിപ്പാണെന്നും നിയമപരമായി നിലനില്‍ക്കില്ലെന്നും വിധിച്ചു. പരമോന്നത നീതിപീഠത്തിനുമുന്നില്‍ ഹാദിയ നിശ്ചയദാര്‍ഢ്യത്തോടെ മൊഴികൊടുത്തപ്പോള്‍, എല്ലാ വിവാദങ്ങളും ബാഷ്പീകരിച്ചുപോകുന്നതാണ് നാം കണ്ടത്.
വിവേകത്തിന്റെ ശബ്ദം
സീറോമലബാര്‍ ചര്‍ച്ചിന്റെ ലവ് ജിഹാദ് ആരോപണങ്ങള്‍ക്കെതിരെ ആദ്യമായി രംഗത്തു വന്നത് ആ സഭയിലെ വിവേകമതികളാണെന്നത് ആശ്വാസം പകരുന്ന സംഗതിയാണ്. ആര്‍.എസ്.എസിന്റെ കുടില കെണിവെപ്പിലാണ് കര്‍ദിനാള്‍ ആലഞ്ചേരിയും കൂട്ടരും വീണിരിക്കുന്നത്.മുസ്ലിംകളെയും ക്രിസ്ത്യാനികളെയും മാനസികമായി അകറ്റി, രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ഹീന അജണ്ട തിരിച്ചറിയാന്‍ ഈ വയോധിക മതമേലധ്യക്ഷന്മാര്‍ പരാജയപ്പെടുന്നിടത്താണ് മതേതരചേരി തോല്‍ക്കുന്നത്. ആര്‍.എസ്.എസ് മുസ്ലിംകളെപ്പോലെതന്നെ ക്രിസ്ത്യാനികളെയും വെറുക്കുന്നുണ്ട് എന്ന്മാത്രമല്ല, തരവും സമയവും ഒത്തുവരുമ്പോള്‍ ഉന്മൂലന സിദ്ധാന്തം പ്രയോഗവത്കരിക്കുന്നുമുണ്ട്. വടക്കേ ഇന്ത്യയില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെ അക്രമം അഴിച്ചുവിട്ട് അവരെ ആട്ടിയോടിക്കുന്ന സംഭവം എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രണ്ടുപതിറ്റാണ്ടുകള്‍ക്ക് മുമ്പ്, ഒഡിഷയില്‍ ഓസ്ട്രേലിയന്‍ മതപുരോഹിതന്‍ ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ഒരു വാനില്‍ ചുട്ടുകൊന്ന സംഭവം കര്‍ദിനാള്‍ ആലഞ്ചേരി മറന്നോ എന്നറിയില്ല. കുഷ്ഠരോഗികളെ പരിചരിച്ചും ആദിവാസികളെ സാമൂഹികമായി ഉദ്ധരിച്ചും അധഃസ്ഥിത വര്‍ഗത്തോടൊപ്പം ജീവിതം ഉഴിഞ്ഞുവെച്ച ഗ്രഹാം സ്റ്റെയിന്‍സിന്റെ കുടുബത്തെ ഉന്മൂലനം ചെയ്യാന്‍ ആര്‍ എസ് എസ് ആവിഷ്‌കരിച്ച പദ്ധതി നടപ്പാക്കിയത് ധാരാസിങ് എന്ന വി.എച്ച്.പി ഗുണ്ടയായിരുന്നു. 2008ല്‍ ഒഡീഷയിലെ കാന്തമാന്‍ ജില്ലയില്‍ വ്യാപകമായി ക്രിസ്ത്യന്‍ സമൂഹത്തിനുനേരെ സംഘ്പരിവാര്‍ ആക്രമണം അഴിച്ചുവിട്ടപ്പോള്‍120 പേരാണ് കൊല്ലപ്പെട്ടത്. 320 പള്ളികളും നിരവധി സ്‌കൂളുകളും ആശുപത്രികളും ചുട്ടുചാമ്പലാക്കി. കന്യസ്ത്രീകള്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായി. എന്നെന്നേക്കുമായി പലായനം നടത്തുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ക്രൈസ്തവമിഷനറിമാരുടെ മതപരിവര്‍ത്തന ശ്രമങ്ങളാണ് ആര്‍.എസ്.എസിനെ പ്രകോപിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാറ്. ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ആര്‍ എസ് എസിന്റെ വളര്‍ച്ച ത്വരിതഗതിയിലാക്കുന്നത് ക്രൈസ്തവസഭകളുടെ മതപരിവര്‍ത്തനത്തെ കുറിച്ച് കള്ളക്കഥകള്‍ പ്രചരിപ്പിച്ചാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ മുസ്ലിംവിഭാഗത്തില്‍നിന്ന് ക്രിസ്ത്യാനികള്‍ക്ക് ഏതെങ്കിലും തരത്തിലുളള ഭീഷണിനേരിടേണ്ടിവന്നിട്ടില്ല. എന്നല്ല, ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിനു നേരെ ഉയരുന്ന ഓരോ ഭീഷണിയും തങ്ങള്‍ക്കു നേരെയുള്ളതാണെന്ന് മനസ്സിലാക്കി പ്രതികരിക്കുകയാണ് മുസ്ലിം നേതൃത്വം ചെയ്യാറ്. ഇതൊന്നും കണക്കിലെടുക്കാതെ കേസുകളില്‍നിന്ന് കരകയറാനും ഭരണകൂടത്തിന്റെ ആശീര്‍വാദങ്ങള്‍ സമ്പാദിക്കാനും കര്‍ദിനാള്‍ ആലഞ്ചേരി നടത്തുന്ന ബുദ്ധിശൂന്യമായ നീക്കങ്ങള്‍ക്ക് കാലം മറുപടി പറയാതിരിക്കില്ല.
KASIM IRIKKOOR
You must be logged in to post a comment Login