പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിക്കുന്നവര്‍ അവര്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ‘ഫാഷിസം’ എന്ന് പ്രയോഗിക്കരുതെന്നും ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ അടുത്തിടെ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ താങ്കളുടെ അഭിപ്രായം എന്താണ്?
സംഘപരിവാരം വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത വളര്‍ച്ച രാമചന്ദ്ര ഗുഹ കണക്കിലെടുക്കുന്നില്ല. ആദ്യം ഇറ്റലിയിലെ ഫാഷിസ്റ്റുകളെയും പിന്നെ ജര്‍മനിയിലെ നാസിസ്റ്റുകളെയും ശക്തമായി പിന്തുടര്‍ന്നവരാണ് അവര്‍. ആ പാരമ്പര്യം തുടരുന്നുമുണ്ട്. പാര്‍ട്ടിയോട് കൂറുപുലര്‍ത്തുന്ന അര്‍ധ സൈനിക വിഭാഗങ്ങളെ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അക്രമങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യം മുന്നില്‍ നില്‍ക്കെ നമ്മള്‍ എന്തിനാണ് വാക്കുകളെക്കുറിച്ച് വേവലാതിപ്പെടുന്നത്.
നിര്‍വചനങ്ങളെക്കുറിച്ച് തര്‍ക്കിക്കുന്നതില്‍ അര്‍ഥമില്ല. പൂര്‍ണമായും ഫാഷിസ്റ്റെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കാത്ത തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളെ എതിര്‍ക്കാന്‍ നിരവധി കാരണങ്ങള്‍ എനിക്കു മുന്നിലുണ്ട്. ഈ സംഘം ഫാഷിസ്റ്റല്ലെന്ന് ചിലര്‍ വിചാരിക്കുന്നുണ്ടെന്നത് അംഗീകരിക്കുന്നു. ഫാഷിസ്റ്റല്ലെന്ന വാദത്തെ അംഗീകരിക്കാത്തവരുമുണ്ട്. എന്നാല്‍ ഒരു ഭാഷ, ഒരു വിശ്വാസം എന്നിവ നിലനില്‍ക്കുന്ന സമഗ്രാധിപത്യത്തിനു കീഴില്‍ അമരുന്ന രാജ്യമായി ഇന്ത്യന്‍ യൂണിയനെ മാറ്റാനുള്ള ഇക്കൂട്ടരുടെ ശ്രമങ്ങളെ എതിര്‍ക്കണമെന്നതില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. ഫാഷിസം അതിന്റെ എല്ലാ ലക്ഷണങ്ങളും പ്രകടിപ്പിക്കുമ്പോള്‍ മാത്രമേ ഫാഷിസ്റ്റെന്നു വിശേഷിപ്പിക്കൂ എന്ന് കാത്തിരിക്കരുത്. അപ്പോഴേക്കും അവരെ എതിര്‍ക്കാനുള്ള സാഹചര്യം പോലും ഇല്ലാതായിട്ടുണ്ടാകും. അവര്‍ അധികാരം പിടിച്ചിരിക്കുന്നു. ഭരണകൂടത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ലക്ഷ്യങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു.
രാജ്യാധികാരം പിടിച്ചെടുക്കുക എന്നത് പൂര്‍ണമായെന്നാണോ താങ്കള്‍ കരുതുന്നത്?
അധികാരം ലക്ഷ്യമിടുന്ന ഫാഷിസ്റ്റ് പ്രസ്ഥാനവും അധികാരം പിടിച്ചെടുത്ത ഫാഷിസവും തമ്മില്‍ വ്യത്യാസമുണ്ട്. അത് നമ്മള്‍ മനസ്സിലാക്കണം. സംഘപരിവാരം ഏതാണ്ട് പൂര്‍ണമായും രാജ്യത്തെ ഭരണസംവിധാനം പിടിച്ചെടുത്തിരിക്കുന്നു. ഭരണസംവിധാനത്തിന്റെ ഭാഗമായ സ്ഥാപനങ്ങളെയൊക്കെ വരുതിയിലാക്കുകയും ചെയ്തു. ആ സ്ഥാപനങ്ങളൊക്കെ പാര്‍ട്ടിക്കോ അതിന്റെ നേതാവിനോ വിധേയപ്പെട്ടിരിക്കുകയാണ്. ഭരിക്കുന്ന പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ് പൊലീസ്. സായുധ സേനയിലെ ചില ഉദ്യോഗസ്ഥര്‍ പരസ്യമായി ഭരണകക്ഷിയെ രാഷ്ട്രീയമായി പിന്തുണയ്ക്കുന്നു. ഭരണഘടനാ വ്യവസ്ഥകളുമായി യോജിച്ചുപോകാത്ത നിയമങ്ങള്‍ കൊണ്ടുവരുന്നതിന് പാര്‍ലമെന്റിലെ ഭൂരിപക്ഷം ദുരുപയോഗപ്പെടുത്തുന്നു. കോടതികള്‍ പോലും ഇപ്പോള്‍ സ്വതന്ത്രമല്ല. അവ ഭരണകൂടത്തിന്റെ പിടിയിലാകുമ്പോള്‍, ആര്‍ക്കാണ് മറുത്തുപറയാനുണ്ടാകുക?
ഗ്ലൈഷാല്‍ട്ടൂംഗ് എന്ന ജര്‍മന്‍ വാക്കിനെക്കുറിച്ച് എല്ലാവര്‍ക്കും ധാരണയുണ്ടാകണം. ആ വാക്കിന് ഇംഗ്ലീഷില്‍ അര്‍ഥം ഏകോപനം എന്ന് മാത്രമാണ്. തീര്‍ത്തും നിരുപദ്രവകരം. നാസികള്‍ ഈ വാക്കുപയോഗിച്ചത് എല്ലാ സംഗതികളുടെയും മേലുള്ള നിയന്ത്രണം എന്ന അര്‍ഥത്തിലാണ്. സമ്പദ് വ്യവസ്ഥയില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, വ്യാപാര സംഘടനകളില്‍, മാധ്യമങ്ങളില്‍, സംസ്‌കാരത്തില്‍ ഒക്കെയുള്ള സമ്പൂര്‍ണ നിയന്ത്രണം. ഒന്നും അവരുടെ നിയന്ത്രണത്തിന് പുറത്തല്ലാത്ത അവസ്ഥ. പഴയ ഫാഷിസ്റ്റുകളും ഇക്കാലത്തെ ഫാഷിസ്റ്റുകളും തമ്മില്‍ കാതലായ വ്യത്യാസങ്ങളുണ്ടെന്ന് നമുക്ക് വേണമെങ്കില്‍ വാദിക്കാം.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകത്തിന്റെ മിക്കവാറും ഭാഗങ്ങളില്‍ ഫാഷിസം പുറംതള്ളപ്പെട്ടു. പഴയ ഭാഷയും രീതികളും ജനങ്ങള്‍ക്ക് വിശ്വസനീയമായി തോന്നാത്തതുകൊണ്ടാണ് പിന്നീടവര്‍ നിയോ ഫാഷിസ്റ്റുകളായി രംഗത്തുവന്നത്. ഇപ്പോഴവര്‍ വീണ്ടും സംഘടിച്ചിരിക്കുന്നു. പുതിയത് എന്ന രീതിയില്‍ വ്യവഹരിക്കപ്പെടുന്നതെല്ലാം പഴയ കാര്യങ്ങള്‍ തന്നെയാണ്. പഴയഭാഷ ജനങ്ങള്‍ മറന്നുവെന്നത് കൊണ്ടുതന്നെ അത് വീണ്ടും ഉപയോഗിക്കാന്‍ അവര്‍ക്ക് സാധിക്കും. ഇതിനൊപ്പം പുതിയ സാഹചര്യത്തില്‍ രൂപപ്പെടുത്തിയെടുത്ത ഭാഷയും. ഹിന്ദു എന്നത് ഒരു വംശമാണെന്നും അവര്‍ ആര്യന്‍ വംശജരാണെന്നുമുള്ള ആശയം 1945നുശേഷം വലിയ തോതില്‍ സ്വീകരിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഇന്നത് വലിയ ശക്തിയില്‍ തിരിച്ചുവരികയാണ്. ആരും അതിനെ പരിഹസിക്കുന്നുമില്ല.
ലോകത്തെ ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ഏറ്റവുമധികം കാലമായി നിലനില്‍ക്കുന്ന പ്രസ്ഥാനം ഇന്ത്യയിലാണ്. രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) സ്ഥാപിച്ചത് 1925ലാണ്. ഏതാണ്ടൊരു നൂറ്റാണ്ടാകുന്നു. അവര്‍ അഭ്യന്തരമായി ഉപയോഗിക്കുന്ന ഭാഷ അന്നും ഇന്നും ഒന്നാണ്. സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും ആശയങ്ങളുദ്ധരിച്ചാണ് ഇപ്പോഴും സംഘടനയിലേക്ക് ആളെക്കൂട്ടുന്നത്. ജര്‍മനിയില്‍ നിന്ന് ജൂതന്മാരെ ഉന്‍മൂലനം ചെയ്യാന്‍ നാസികള്‍ ഉപയോഗിച്ച രീതി മുസ്ലിംകളെ ഇല്ലാതാക്കാന്‍ ഇന്ത്യയിലും ഉപയോഗിക്കണമെന്നാണ് ഗോള്‍വാള്‍ക്കര്‍ ചിന്തിച്ചത്.
‘സെമിറ്റിക് വംശമായ ജൂതരെ പുറത്താക്കിക്കൊണ്ട് രാജ്യശുദ്ധിയും സംസ്‌കാര ശുദ്ധിയും സംരക്ഷിക്കാനാണ് ജര്‍മനി ശ്രമിച്ചത്. അത് ലോകത്തെ ഞെട്ടിക്കുകയും ചെയ്തു. ഇതിലൂടെ ദേശീയവികാരത്തെ അതിന്റെ ഔന്നത്യത്തില്‍ അവതരിപ്പിക്കുകയായിരുന്നു ജര്‍മനി. വേരുകള്‍ തന്നെ വ്യത്യസ്തമായ വംശങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും ഒരു കാരണവശാലും യോജിച്ചുനില്‍ക്കാനാകില്ലെന്നാണ് ജര്‍മനി കാണിച്ചുതന്നത്. ഹിന്ദുസ്ഥാന് ഇതില്‍ നിന്ന് നല്ല പാഠം പഠിക്കാനുണ്ട്’ – ഇതാണ് രാജ്യമെന്ന സങ്കല്‍പ്പത്തെ വിശദീകരിക്കുമ്പോള്‍ ഗോള്‍വാള്‍ക്കര്‍ പറഞ്ഞുവെക്കുന്നത്.
സ്വന്തം കരുത്തിനെക്കുറിച്ചും സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യത്തെക്കുറിച്ചുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ തങ്ങളെക്കുറിച്ച് ഭിന്നമായ ചിത്രങ്ങളാണ് ഓരോ കാലത്തും അവര്‍ പുറംലോകത്തിന് നല്‍കുക. ഗാന്ധിയെ കൊലപ്പെടുത്തിയതിനുശേഷമുള്ള കാലഘട്ടത്തില്‍ അവര്‍ പ്രതിരോധത്തിലായിരുന്നു. അതിനുശേഷം അവര്‍ പ്രതിരോധത്തിലായിട്ടില്ല. സാമൂഹിക സേവനം നടത്തുന്ന സംഘടന എന്ന മട്ടില്‍ ആര്‍ എസ് എസ്സിനെ പുനഃപ്രതിഷ്ഠിക്കുകയാണ് ചെയ്തത്. എന്നാല്‍ പിന്നീട് പഴയ ഭാഷ തിരിച്ചെത്തുകയും ചെയ്തു.
ആര്‍ എസ് എസിന്റെ പ്രവര്‍ത്തനങ്ങളില്‍ എന്താണ് ഫാഷിസത്തെ ഓര്‍മിപ്പിക്കുന്നത്?
ചില ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടാണ് ഫാഷിസം പ്രവര്‍ത്തിക്കുക. അത് സംഘപരിവാരത്തിലുണ്ടെന്ന് തിരിച്ചറിയാന്‍ എളുപ്പമാണ്. ഒരേ സംഗതിയാകില്ല അവര്‍ എക്കാലത്തും പ്രചരിപ്പിക്കുക. അത് സാഹചര്യത്തിനും രാഷ്ട്രീയാവസ്ഥയ്ക്കും അനുസരിച്ച് തീരുമാനിക്കപ്പെടുന്നതാണ്. ദേശീയതയെക്കുറിച്ചുള്ള പ്രചാരണം ഉദാഹരണമാണ്. രക്തത്തിലും മണ്ണിലും രാജ്യമെന്ന ആശയമാണൊന്ന്. അതെല്ലാവരും പങ്കുവെക്കണമെന്ന നിര്‍ബന്ധവും. ജനങ്ങള്‍ക്കുമേലുള്ള ഭരണകൂടത്തിന്റെ നിയന്ത്രണമാണ് മറ്റൊന്ന്. ഭരണകൂടം നിശ്ചയിക്കുന്ന അച്ചടക്കം പാലിച്ച് രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് പ്രചരിപ്പിക്കും. പിന്നെ അശുദ്ധി ഒഴിവാക്കി രാജ്യത്തെ സംശുദ്ധമാക്കി സംരക്ഷിക്കുക എന്നും പറയും. ഇതൊക്കെ പരസ്പരബന്ധിതമാണ്.
രാജ്യത്തെ സംശുദ്ധമാക്കാന്‍ സേവനമര്‍പ്പിക്കുന്ന വിഭാഗമാണെന്ന പ്രതിച്ഛായ സൃഷ്ടിക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്. ദേശീയ അച്ചടക്കം പാലിക്കപ്പെടാനെന്ന പേരില്‍ അര്‍ധസൈനിക സ്വഭാവവും അത് സ്വീകരിക്കും. രാജ്യത്തെ പൗരന്മാര്‍ യഥാര്‍ത്ഥ ദേശീയവാദികളായി മാറുന്നുവെന്ന് ഉറപ്പാക്കുകയാണ് അര്‍ധസൈനിക വിഭാഗത്തിന്റെ ഉത്തരവാദിത്തം. അങ്ങനെയല്ലാത്തവരെ അച്ചടക്കം പഠിപ്പിക്കുകയോ ശിക്ഷിക്കുകയോ ചെയ്യും. രാജ്യത്തിന്റെ ഭാഗമല്ലെന്ന് അവര്‍ വിശ്വസിക്കുന്നവരെ ഒഴിവാക്കാനുള്ള ശ്രമങ്ങളും നടത്തും. അത് പലവിധത്തിലുള്ളതായിരിക്കും.
അച്ചടക്കം നിലനിന്നില്ലെങ്കിലും ശുദ്ധി പാലിക്കപ്പെട്ടില്ലെങ്കിലും അത് രാജ്യത്തിന് അപകടം ചെയ്യുമെന്ന പ്രചാരണം അവര്‍ തുടര്‍ച്ചയായി നടത്തും. അത്തരം പ്രതിസന്ധിക്കളെക്കുറിച്ച് നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്യും. രാജ്യത്തെ ശുദ്ധീകരിക്കാന്‍ അവര്‍ക്കുള്ള ഉപാധികളാണ് രാഷ്ട്രീയ അക്രമങ്ങള്‍.
ഇതില്‍ ഏതാണ് സംഘ ദര്‍ശനത്തില്‍ ഇല്ലാത്തത്? എന്തൊക്കെ പ്രതിസന്ധികളാണ് അവര്‍ സൃഷ്ടിക്കുന്നത്? അവരുടെ തന്ത്രങ്ങള്‍ ഫലം കാണുന്നുണ്ടോ? ഉണ്ടെങ്കില്‍ അടുത്തത് എന്തായിരിക്കും?
ഇടത് – കമ്മ്യൂണിസ്റ്റ് – ലിബറല്‍ സഖ്യം രാജ്യത്തിന്റെ ശക്തിചോര്‍ത്തുമെന്നും അത് രാജ്യത്തെ ഭിന്നിപ്പിക്കുമെന്നുമുള്ള ‘ആശയമാണ് ഒന്ന്. രാജ്യത്തെ ‘കഷണം കഷണമാക്കാനുള്ള സംഘമെന്ന’ (ടുക്ഡെ ടുക്ഡെ ഗ്യാംഗ്) മെന്ന ദുരൂഹമായ പ്രയോഗം ശ്രദ്ധിക്കുക. പ്രതിസന്ധി സൃഷ്ടിക്കാനുള്ള ഒരു മാര്‍ഗമാണത്. മുസ്ലിം ജനസംഖ്യ രാജ്യത്ത് വര്‍ധിച്ചുവരികയാണെന്നും വൈകാതെ അവര്‍ ഭൂരിപക്ഷമാകുമെന്നുള്ള പ്രചാരണമാണ് മറ്റൊന്ന്. ഇത് ശരിയല്ലെന്ന് പല ഘട്ടങ്ങളില്‍ വ്യക്തമാക്കപ്പെട്ടതാണെങ്കിലും അവര്‍ ആ പ്രചാരണം തുടരുന്നു. സ്വാതന്ത്ര്യത്തിനുമുമ്പ് തുടങ്ങിയ പ്രചാരണമാണിത്. രാജ്യത്തിന്റെ ശുദ്ധി നഷ്ടപ്പെടുകയാണെന്ന പ്രചാരണത്തിന്റെ മറ്റൊരു മുഖമാണിത്. അതുകൊണ്ടാണ് ”ലവ് ജിഹാദ്’ പോലുള്ള വ്യാജങ്ങള്‍ പ്രചരിപ്പിച്ച് ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിം ആണുങ്ങളില്‍ നിന്ന് രക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചൊക്കെ സംസാരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ ഇന്ത്യക്കാരല്ലാത്തവരാണ് രാജ്യത്തെ മുന്നോട്ടുനയിക്കുന്നത് എന്ന ആശയത്തില്‍ അധിഷ്ഠിതമാണ് ഇതെല്ലാം. അതു തന്നെയാണ് പൗരത്വ നിയമ ഭേദഗതി – ദേശീയ പൗരത്വപ്പട്ടിക എന്ന സംയുക്തത്തിന്റെ അടിസ്ഥാനവും. ഹിന്ദു രാഷ്ട്രമായ ഇന്ത്യയിലെ സ്വാഭാവിക അംഗങ്ങളല്ലാത്തവര്‍ പ്രാഥമികമായി മുസ്ലിംകളാണ്. കാരണം അവരാണ് രാജ്യത്തെ ന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷം. അതുപക്ഷേ വേഗത്തില്‍ മാറാം. മറ്റുള്ളവര്‍ ലക്ഷ്യങ്ങളാകാം. ഇന്ത്യക്കാരോ വിദേശത്ത് ജനിച്ചവരോ ആയ ക്രിസ്ത്യന്‍ വംശജര്‍ ഇടക്കെങ്കിലും ആക്രമിക്കപ്പെടുന്നുവെന്നത് ആരും മറക്കരുത്.
ദളിതുകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും കുറയുന്നില്ല. ഇതെല്ലാം പുറത്തുനിന്നു വന്നവര്‍ക്കെതിരെ ഇന്ത്യ യോജിച്ചുനില്‍ക്കുകയാണ് എന്ന വികാരം ജനിപ്പിച്ചുകൊണ്ടാണ്. ഈ തന്ത്രങ്ങള്‍ കുറച്ചുകാലം കൂടി മുന്നോട്ടുകൊണ്ടുപോകും. സാമൂഹ്യ മാധ്യമങ്ങള്‍ സജീവമായ ഇക്കാലത്ത് ധാര്‍മികതയില്‍ ഊന്നി പരിഭ്രാന്തി സൃഷ്ടിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്.
ഇത്തരം പരിഭ്രാന്തി സൃഷ്ടിക്കല്‍ കുറച്ചുകാലത്തേക്ക് എന്ന് സൂചിപ്പിച്ചു. അത്തരം തന്ത്രങ്ങളുടെ കാലം മാറുകയാണ് എന്നാണോ? ഇപ്പോള്‍ തന്നെ ദിനംതോറും അക്രമങ്ങള്‍ നമ്മള്‍ കാണുന്നുണ്ട്. അത്തരം അക്രമങ്ങളിലേക്ക് നയിക്കാന്‍ പാകത്തില്‍ വിഷം വമിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇതിലും വലുത് വരാനിരിക്കുന്നുവെന്നാണോ?
ധാര്‍മികയിലൂന്നി സൃഷ്ടിക്കപ്പെടുന്ന പരിഭ്രാന്തി കുറച്ചു സമയത്തേക്കേ നീണ്ടുനില്‍ക്കൂ. പിന്നെ അത് സാധാരണനില പ്രാപിക്കും. അതുകൊണ്ടു തന്നെ എപ്പോഴും പുതിയ സംഗതികള്‍ വേണ്ടി വരും. ധാര്‍മികതയിലൂന്നിയുള്ള പ്രശ്നങ്ങളുടെ സൃഷ്ടി തുടര്‍ച്ചയായി നടത്താനാകും. അതിലൂടെ വമിപ്പിക്കപ്പെടുന്ന വിഷം പടരുകയും ചെയ്യും. ആരും ആരെയും വിശ്വസിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. അവിശ്വാസത്തിന്റെ ഈ അന്തരീക്ഷം പരിഭ്രാന്തി വര്‍ധിപ്പിക്കും. ഇതോടെ ജനം പരസ്പരം പോരടിക്കാന്‍ തുടങ്ങും. ആക്രമിക്കപ്പെടുമെന്ന തോന്നലും ആക്രമിക്കണമെന്ന തോന്നലും ജനങ്ങളില്‍ ഉറയ്ക്കുകയാണുണ്ടാവുക. നമുക്ക് എളുപ്പത്തില്‍ മറികടക്കാന്‍ സാധിക്കാത്ത, നമ്മളെ സ്വയം പരാജയപ്പെടുത്തുന്ന സാഹചര്യമാണിത്. അതിന്റെ ആഘാതം തലമുകളിലേക്ക് നീളും. ഇപ്പോഴത്തെ അക്രമങ്ങളേക്കാള്‍ ആഘാതമുണ്ടാക്കുന്നത് അതാണോ എന്ന് ചോദിച്ചാല്‍ എനിക്ക് മറുപടിയില്ല. ഇപ്പോള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന തടങ്കല്‍പ്പാളയങ്ങള്‍, ചരിത്രത്തിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളെപ്പോലെയാകുമോ എന്നറിയില്ല.
സമീപ ഭാവിയില്‍ എന്തു സംഭവിക്കുമെന്നാണ് താങ്കളുടെ വിലയിരുത്തല്‍? കൂടുതല്‍ അപകടമുണ്ടാക്കും മുമ്പ് ഈ ഭരണകൂടത്തെ തടയാനാകുമോ?
ചരിത്രകാരന്മാര്‍ ഭാവിയെക്കുറിച്ച് കൂടുതല്‍ അറിവുള്ളവരല്ല. വലിയ അപകടം ഇതിനകമുണ്ടാക്കിക്കഴിഞ്ഞുവെന്നത് വ്യക്തമാണ്. സമൂഹത്തെ ഭിന്നിപ്പിച്ചിരിക്കുന്നു. അതിനെ കൂടുതല്‍ ഭിന്നിപ്പിക്കുകയാണ്. ഇതിപ്പോള്‍ അവസാനിച്ചാലും കുറച്ചുകാലത്തേക്ക് എന്തുപ്രത്യാഘാതമാണുണ്ടാക്കുക എന്നതില്‍ വ്യക്തതയില്ല. മാറ്റം വരുത്താന്‍ ജനം ശ്രമിക്കുന്നുണ്ട്. വെറുപ്പ് വളര്‍ത്തുന്ന സംവിധാനത്തെ തടയണമെന്ന് ആഗ്രഹിക്കുന്ന ലക്ഷക്കണക്കിനാളുകളാണ് ഇപ്പോള്‍ തെരുവിലുള്ളത്. ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഈ ജനക്കൂട്ടത്തിന് തുടര്‍ന്നും സുസംഘടിതമായി നില്‍ക്കാന്‍ സാധിക്കുമെങ്കില്‍ ജനാധിപത്യ രീതിയില്‍ തന്നെ മാറ്റം കൊണ്ടുവരാന്‍ സാധിക്കും. ഇതാണ് ആദ്യത്തെ ചുവടുവെപ്പ്, ഏറ്റവും പ്രധാനപ്പെട്ടതും.
ജീവന്‍ പോലും പണയംവെച്ച് തെരുവിലിറങ്ങിയ ലക്ഷങ്ങള്‍. ഇതേക്കുറിച്ച് നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്?
മറ്റാരെങ്കിലും മുന്‍കൈ എടുക്കുമെന്ന് പ്രതീക്ഷിക്കാതെ സ്വയം രംഗത്തിറങ്ങാന്‍ എന്തുകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങള്‍ ഇത്രയും വൈകിയത് എന്നതിലാണ് അത്ഭുതം. സ്വയം രംഗത്തിറങ്ങിയില്ലെങ്കില്‍ എല്ലാ സ്വാതന്ത്ര്യങ്ങളും ഭരണകൂടം ഇല്ലാതാക്കുമെന്ന് അവര്‍ നേരത്തെ തിരിച്ചറിയേണ്ടതായിരുന്നു. ഇത് ശുഭപ്രതീക്ഷ പകരുന്ന നിമിഷമാണ്. മിക്കവാറും കേന്ദ്രങ്ങളില്‍ എതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തിലല്ലാതെയാണ് ജനം തെരുവിലിറങ്ങിയിരിക്കുന്നത്. പ്രതിരോധിക്കാനുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ കഴിവില്‍ ഇനിയധികം വിശ്വസിക്കാനും സാധിക്കില്ല.
ഞാന്‍ വളര്‍ന്നത് ഇന്ത്യയിലാണ്. നമ്മുടെ രാഷ്ട്രീയസ്വാതന്ത്ര്യം എക്കാലത്തേക്കുമുള്ളതാണെന്ന മുന്‍വിധിയോടെയാണ് ജീവിച്ചത്. ഭിന്നാഭിപ്രായത്തിനുള്ള ഇടം ചുരുങ്ങിവരുന്നതിനെ അവിശ്വാസത്തോടെയാണെങ്കിലും കണ്ടിരുന്നതിന് അതുകൊണ്ടു തന്നെ ആരെയും കുറ്റപ്പെടുത്തുന്നില്ല. അവിശ്വാസത്തോടെ കണ്ടതുകൊണ്ടാണ്, സ്വയം പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് തിരിച്ചറിയാന്‍ അവര്‍ വൈകിയത്. പൗരത്വ നിയമ ഭേദഗതിയും പൗരത്വപ്പട്ടികയുമാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന് കാരണം. പക്ഷേ, ഇന്ത്യയിലെ ജനങ്ങള്‍ പല കാരണങ്ങളാല്‍ അസംതൃപ്തരാണ്. സമ്പദ് വ്യവസ്ഥ അപകടത്തിലാണ്, സര്‍വകലാശാകളിലേക്ക് കേന്ദ്ര ഭരണകൂടം നിയോഗിച്ച കൊള്ളക്കാര്‍ വിദ്യാര്‍ഥികളെ ആക്രമിക്കുന്നു, രാജ്യത്ത് പലയിടത്തും സാധാരണക്കാരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുന്നു എന്നതൊക്കെ പ്രതിഷേധത്തിന്റെ കാരണങ്ങളാണ്. അതിനെല്ലാമെതിരെയുള്ള വിശാലമായ കൂട്ടായ്മയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
തൊഴില്‍, വര്‍ഗം, ജാതി, മതം എന്നിവയെ മറികടന്ന് ജനം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത് സുഖകരമായ കാഴ്ചയാണ്. തൊഴിലാളി സംഘടനാ പ്രവര്‍ത്തകര്‍, ദളിതുകള്‍, സിഖുകാര്‍, ജാതി വിവേചനം നേരിടുന്ന ഹിന്ദുക്കള്‍, മുസ്ലിംകള്‍ എന്നിവരുമായി വിദ്യാര്‍ഥികള്‍ കൈകോര്‍ക്കുന്നു. സമരത്തിന് സ്ത്രീകള്‍ നേതൃത്വം നല്‍കുന്നു. ഇതൊരു വിചിത്രമായ സഖ്യമാണ്. സമരത്തില്‍ പങ്കെടുക്കുന്ന വിവിധ വിഭാഗങ്ങള്‍ വിവിധ ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ ജനാധിപത്യം അതിന്റെ ജീവനുവേണ്ടി പോരടിക്കുന്നത് ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. ദൗര്‍ഭാഗ്യകരമായത്, അതിനെ അക്രമത്തിലൂടെ അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. അതിനുഭരണത്തിന്റെ വഴികളും ഭരണത്തിനുപുറത്തുള്ള വഴികളും ഉപയോഗിക്കുകയും ചെയ്യുന്നു. വൈദേശികാധിപത്യത്തിനെതിരെ പോരാടിയപ്പോള്‍ അഹിംസയുടെ മാര്‍ഗമാണ് നമ്മള്‍ തിരഞ്ഞെടുത്തത്. അതിനെ അക്രമത്തിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ അതുതന്നെ തങ്ങളുടെ ഭരണത്തിന്റെ സാധുത ഇല്ലാതാക്കുമെന്ന് ബ്രിട്ടീഷ് അധികാരികള്‍ക്ക് തോന്നിയിരുന്നു. എന്നാല്‍ അത്തരമൊരു ചിന്ത ഇന്നത്തെ ഭരണകൂടത്തിനില്ല.
എങ്കിലും നമുക്ക് ജാഗ്രത പുലര്‍ത്തിക്കൊണ്ട് തന്നെ ശുഭാപ്തിവിശ്വാസികളാകാം. സമരത്തിന്റെ മുന്‍നിരയിലുള്ള സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ജീവനെക്കുറിച്ച് ആശങ്കപ്പെട്ടുകൊണ്ടുതന്നെ. ‘നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍’ എന്ന ഭരണഘടന തുടങ്ങുന്ന വാചകം ചരിത്രത്തിലില്ലാത്ത വിധം അര്‍ഥവത്താകുകയാണ്.
ബെഞ്ചമിൻ സഖറിയ
You must be logged in to post a comment Login