‘ഇസ്ലാം നാലാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടിരിക്കുന്നു’ – വിഭജനത്തിന്റെ വിഹ്വലതയില്‍ ഡല്‍ഹിയുടെ കവാടപട്ടണമായ പാനിപ്പത്തിലെ 20,000ത്തോളം വരുന്ന മുസ്ലിം സമൂഹം പാകിസ്ഥാനിലേക്ക് അഭയാര്‍ഥികളായി വണ്ടി കയറിയതറിഞ്ഞ് ഗാന്ധിജി തന്റെ ദിനസരിക്കുറിപ്പില്‍ കുറിച്ചിട്ടതിങ്ങനെ. 1947ല്‍ പാകിസ്ഥാനില്‍നിന്ന് പാനിപ്പത്ത് സ്റ്റേഷനിലെത്തിയ തീവണ്ടിനിറയെ സിഖുകാരുടെയും ഹിന്ദുക്കളുടെയും ശവശരീരങ്ങളായിരുന്നു. ഇത് കണ്ട് ഞെട്ടിയ സ്റ്റേഷന് മാസ്റ്റര്‍ ദേവി ദത്ത, ആദ്യമായി ചിന്തിച്ചത് തന്റെ മുസ്ലിം സഹായിയെ കുറിച്ചായിരുന്നു. ക്ഷുഭിതരായ ആള്‍ക്കൂട്ടം ആ മുസല്‍മാന്റെ പിറകെ ഊരിപ്പിടിച്ച കൃപാണുമായി ഓടിച്ചെന്നു. ദയവുചെയ്ത് പ്ലാറ്റ്ഫോമില്‍വെച്ച് കൊല നടത്തരുതേ എന്ന സ്റ്റേഷന് മാസ്റ്ററുടെ അഭ്യര്‍ഥന മാനിച്ച അക്രമികള്‍ , ആ പാവത്തെ സ്റ്റേഷനു പിറകെ പിടിച്ചുവലിച്ചുകൊണ്ടുപോയി തലയറുത്തു. പതിനായിരക്കണക്കിന് മനുഷ്യരുടെ തലകളാണ് പിന്നീട് ഉടലറ്റുവീണത്.
രണ്ടുമണിക്കൂര്‍ കഴിഞ്ഞുകാണില്ല; മറ്റൊരു വാഗണ്‍ സ്റ്റേഷന് കവാടത്തില്‍ വന്നുനിര്‍ത്തി. ആ കൃശഗാത്രന്‍ ഊന്നുവടി കുത്തി മെല്ലെ വണ്ടിയില്‍നിന്നിറങ്ങി. മനുഷ്യര്‍ പരസ്പരം അരുകൊല ചെയ്യുന്ന പ്രക്ഷുബ്ധ നിമിഷങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയല്ലാതെ മറ്റാരാണ് ചോരയില്‍ കുതിര്‍ന്ന ഈ പ്ലാറ്റ്ഫോമിലേക്ക് ഈ സന്ദര്‍ഭത്തില്‍ വന്നിറങ്ങേണ്ടത്? അഭയാര്‍ഥികള്‍ തിങ്ങിനിറഞ്ഞ സ്റ്റേഷന് പരിസരത്തേക്ക് ഓടിച്ചെന്ന് ഗാന്ധി പറഞ്ഞു: ”ഓടിച്ചെന്ന് ആ മുസ്ലിംകളെ കെട്ടിപ്പിടിക്ക്. എന്നിട്ടു പറയൂ; ‘നിങ്ങള്‍ പാകിസ്ഥാനിലേക്ക് പോകേണ്ട എന്ന്.” രൗദ്രഭാവം പൂണ്ട കുറെ മനുഷ്യര്‍ ഗാന്ധിജിക്ക്നേരെ തിരിഞ്ഞു: ‘നിങ്ങളുടെ ഭാര്യമാരെയാണ് അവര്‍ ബലാല്‍സംഗം ചെയ്തത്? നിങ്ങളുടെ കുട്ടികളെയാണ് അവര്‍ തുണ്ടം തുണ്ടമാക്കി വലിച്ചെറിഞ്ഞത്?’ മറുപടിയും പരമാവധി ഉച്ചത്തിലായിരുന്നു: അതെ, എന്റെ പത്നിയെയാണ് അവര്‍ മാനഭംഗപ്പെടുത്തിയത്! എന്റെ മക്കളെയാണ് അവര്‍ കൊന്നത്. കാരണം, നിങ്ങളുടെ സ്ത്രീകള്‍ എന്റെയും സ്ത്രീകളാണ്! നിങ്ങളുടെ മക്കള്‍ എന്റെയും മക്കളാണ്! ആള്‍ക്കൂട്ടത്തിനിടയില്‍ തിളങ്ങിനില്‍ക്കുന്നത് കരവാളുകളും തോക്കുകളും കഠാരകളുമാണ്. എന്തും സംഭവിക്കാവുന്ന ഭീകരാവസ്ഥ. ഹിംസയുടെ ആ ആയുധങ്ങള്‍, വിദ്വേഷത്തിന്റെ ആ ഉപകരണങ്ങള്‍ ഒരിക്കലും തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പോകുന്നില്ല.’ നെടുനിശ്വാസത്തോടെ പറഞ്ഞുനിര്‍ത്തിയപ്പോള്‍ വല്ലാത്തൊരു മൂകത പരന്നൊഴുകി. മണിക്കൂറുകള്‍ക്ക് ശേഷം 55 കിലോ മീറ്റര്‍ അകലെ ഡല്‍ഹിയിലേക്ക് വണ്ടി കയറേണ്ട താമസം ഇന്നത്തെ ആര്.എസ്.എസുകാരൂടെ പൂര്‍വീകര്‍ മനുഷ്യരുടെ തല കൊയ്യാന്തുടങ്ങി. ദിവസങ്ങളോളം ആ കൊയ്ത്തു തുടര്‍ന്നപ്പോള്‍, സുല്‍ത്താന്‍ ഭരണകാലത്തും മുഗിള സാമ്രാജ്യത്വകാലത്തും മുസ്ലിംജനസാമാന്യത്തെ കൊണ്ട് നിറഞ്ഞുകവിഞ്ഞ പാനിപ്പത്തില്‍നിന്ന് ആ വിഭാഗം അപ്രത്യക്ഷമാകാന്‍ തുടങ്ങി. ജീവന് ബാക്കിയുള്ളവര്‍ പ്രാണനും കൊണ്ടോടി അതിര്‍ത്തിക്കപ്പുറത്തേക്ക്. ആ കയ്പേറിയ സത്യം ഉള്‍ക്കൊണ്ടാണ് ഗാന്ധിജി പറഞ്ഞത് മുസ്ലിംകള് നാലാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന്.
മുസ്ലിംകള്മാത്രമല്ല; മഹാത്മജിയും തോറ്റത് പാനിപ്പത്തിലാണ്. അഭയാര്‍ഥികളുടെ നിലക്കാത്ത പ്രവാഹം വര്‍ഗീയ വിദ്വേഷം ഊതിക്കത്തിക്കാന്‍ ആര്.എസ്.എസും ഹിന്ദുമഹാസഭയും മറ്റു തീവ്രവലതുപക്ഷ കൂട്ടായ്മകളും ഉപയോഗപ്പെടുത്തിയപ്പോള്‍,രാജ്യം വിഭജിക്കാന്‍ കരാറിലൊപ്പിട്ട രാഷ്ട്രീയമേലാളന്മാരും ബ്രിട്ടീഷ് കോളനിശക്തികളും നിസ്സഹായരായി കൈമലര്‍ത്തി. വിഖ്യാത എഴുത്തുകാരന് സാദാത്ത് ഹസന് മന്റോയും കുശ്്വന്ത്സിങ്ങുമൊക്കെ വരച്ചുകാട്ടിയ വിഭജന നാളുകളിലെ അതിഭീകരമായ അവസ്ഥ അഭയാര്ഥികളാവാന് വിധിക്കപ്പെട്ട മനുഷ്യരുടെ കളരലിയിക്കുന്ന കഥകളാണ്. രണ്ടുകോടിയോളം മനുഷ്യരാണ് അവരുടെ വേരുകളില്‍നിന്ന് പിഴുതെറിയപ്പെട്ടത്. എന്നല്ല, ഹിന്ദുവും മുസ്ലിമും സിഖുകാരനും പരസ്പരം കൊന്നുതീര്‍ത്തു. സാദാത്ത് മന്റോവിന്റെ ‘ഖോല്ദേ’ എന്ന ചെറുകഥ വായിച്ചാല്‍ ആരാണ് ഞെട്ടിവിറക്കാതിരിക്കുക. ആര്.എസ്.എസുകാരാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് അര്‍ധബോധത്തോടെ ഏതോ രക്ഷകന്റെ മുറിയിലെത്തുന്ന മുസ്ലിം യുവതി, അവള്‍ക്ക് കാറ്റും വെളിച്ചവും കിട്ടട്ടെ എന്ന്കരുതി ജനല്പാളികള് തുറക്കാന്‍ ‘ഖോല്ദേ’ എന്ന് പറഞ്ഞപ്പോഴേക്കും താന്‍ ധരിച്ച അവസാനത്തെ അടിവസ്ത്രവും വലിച്ചെറിഞ്ഞ് എല്ലാം തുറന്നുവെക്കാന്‍ ശ്രമിക്കുന്ന ഹതഭാഗ്യയുടെ ഹൃദയം നുറുക്കുന്ന കാഴ്ച ആരെയാണ് കരയിക്കാതിരിക്കുക. അങ്ങനെയാണ് ഗാന്ധിജിക്ക് ഒരുസത്യം ബോധ്യപ്പെട്ടത്. രാജ്യം സ്വാതന്ത്ര്യം നേടിയെടുത്തതോടെ തന്റെ അഹിംസാ സിദ്ധാന്തം കാലഹരണപ്പെട്ടിരിക്കുന്നു. അവസാനത്തെ ആയുധത്തിന്റെ മുനയും ഒടിഞ്ഞിരിക്കുന്നു. ഇന്ത്യക്ക് ഇനി അഹിംസയുടെ ആവശ്യമില്ലെങ്കില്‍ പിന്നെ രാജ്യത്തിന് എന്റെ ആവശ്യമെന്താണ്? രാജ്യത്തിന്റെ കടിഞ്ഞാണ്‍ ഏന്തുന്ന നേതാക്കള്‍ ഈ കിളവനെ കൊണ്ട് നമുക്ക് മതിയായില്ലേ, ഇദ്ദേഹമെന്താണ് നമ്മളെ വിട്ടുപോവാത്തത് എന്ന് ചോദിക്കുകയാണെങ്കില്‍ ഞാനതില്‍ അത്ഭുതപ്പെടുന്നില്ല. കബന്ധങ്ങള്‍ കുന്നുകൂടുകയും ചോരച്ചാലുകള്‍ ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്യന്തം വഷളാവുകയും ചെയ്ത ഒരുഘട്ടത്തില്‍ കറാച്ചിയിലേക്ക് സാന്ത്വനവുമായി വണ്ടി കയറാന്‍ ഗാന്ധിജി ആഗ്രഹിച്ചു. അങ്ങനെ ഒരാഗ്രഹവുമായി ഇറങ്ങിപ്പുറപ്പെടുകയാണെങ്കില്‍ ജീവന് ബാക്കിയുണ്ടാവില്ല എന്ന് അടുത്ത ശിഷ്യന്മാര് ഓര്മപ്പെടുത്തിയപ്പോള്, ആ ധീരപുരുഷന് പറഞ്ഞു: ”ആര്‍ക്കും എന്റെ ജീവന് ഒരു മിനുട്ടുപോലും കുറക്കാന്‍ സാധ്യമല്ല. ദൈവമാണ് അത് തീരുമാനിക്കേണ്ടത്”. ദൈവം എല്ലാം തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടെന്ന് മഹാത്മജിക്ക് വിശ്വാസമുണ്ടായിരുന്നു. അധികം വൈകിയില്ല. സ്വാതന്ത്ര്യത്തിന്റെ പുലരിയില്‍ ഇന്ത്യയുടെ മണ്ണില്‍വെച്ച് തന്നെ അത് സംഭവിച്ചു. നാഥുറാം ഗോഡ്സെ എന്ന ഹിന്ദുഭീകരന്റെ വെടിയേറ്റ്. നമ്മുടെ രാജ്യത്തിന് കണ്ണീര് പൊഴിക്കാനേ സാധിച്ചുള്ളൂ. കാരണം, അത്രക്കും മാരകമായ വിഷധൂളികള്‍ രാജ്യമാകെ പരത്താനും മഹാത്മജിയുടെ കഥ കഴിച്ച് പ്രതികാരം നടപ്പാക്കാനും ഒരുസംഘം നേരത്തെ അതീവരഹസ്യമായി പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. ഗാന്ധിശിഷ്യന്മാര്‍ക്ക് അത് തടയാന്‍ കഴിഞ്ഞില്ല എന്നിടത്തുനിന്ന് തുടങ്ങുന്നു സ്വതന്ത്ര്യ ഇന്ത്യയുടെ അപചയത്തിന്റെ സഞ്ചാരം. ഗാന്ധിയുടെ വധം ലോകത്തെ അറിയിക്കവേ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഗദ്ഗദകണ്ഠനായി പറഞ്ഞു: ”നമ്മൂടെ ജീവിതത്തില്‍നിന്ന് വെളിച്ചം കെട്ട്പോയിരിക്കുന്നു. എല്ലായിടത്തും കൂരിരുട്ടാണ് . നിങ്ങളോട് എങ്ങനെ പറയണമെന്ന് എനിക്കറിയില്ല. നാം ബാപ്പു എന്ന് വിളിക്കുന്ന നമ്മുടെ പ്രിയപ്പെട്ട നേതാവ്, രാഷ്ട്രപിതാവ് വിട പറഞ്ഞിരിക്കുന്നു. വെളിച്ചം അണഞ്ഞിരിക്കുന്നു. അതൊരു സാധാരണ വെളിച്ചമായിരുന്നില്ല. ഈ രാജ്യത്തെ സംവല്സരങ്ങളോളം പ്രകാശപൂരിതമാക്കിയ, എണ്ണമറ്റ മനുഷ്യരുടെ ഹൃദയങ്ങളെ പ്രകാശമാനമാക്കിയ വെളിച്ചം. ഒരു ഭ്രാന്തന് അദ്ദേഹത്തിന്റെ ജീവന് അന്ത്യം കുറിച്ചിരിക്കുന്നു. ഭ്രാന്തന് എന്ന് മാത്രമേ അയാളെക്കുറിച്ച് എനിക്ക് പറയാനാവൂ. പോയ കുറെ വര്‍ഷങ്ങളിലും മാസങ്ങളിലും മനുഷ്യ ഹൃദയങ്ങളില്‍ ഇയാള്‍ വിഷം കുത്തിവെക്കുകയായിരുന്നു. ജനമനസ്സുകളെ അത് സ്വാധീനിച്ചു. നമുക്ക് ഈ വിഷത്തെ നേരിടേണ്ടതുണ്ട്. ഉന്മൂലനം ചെയ്യേണ്ടതുണ്ട്. ഭ്രാന്തമായോ നികൃഷ്ടരീതിയിലോ ആയിരിക്കരുത്, നമ്മുടെ വന്ദ്യഗുരു പഠിപ്പിച്ച മാര്‍ഗത്തിലൂടെയാവണം”.
നെഹ്റു മുറിക്കാതെ വിട്ട വിഷവൃക്ഷം
ഗാന്ധി വധത്തെ അതിന്റെ സമഗ്രതയില്‍ കോണ്‍ഗ്രസ് ഭരണകൂടം കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ഇന്ന് മോഡിയോ അമിത് ഷായോ അധികാരത്തിലുണ്ടാവുമായിരുന്നില്ല. നാഥുറാം ഗോഡ്സെയെയും അയാളുടെ കൂട്ടാളികളെയും കുറ്റവാളികളായി കണ്ട ഭരണകൂടവും കോടതിയും അവരെ കൊലയാളികളും വര്‍ഗീയവാദികളും അധമന്മാരുമാക്കിയ പ്രത്യയശാസ്ത്രത്തെയും അതിന്റെ പ്രഭവകേന്ദ്രത്തെയും ഗൗരവപൂര്‍വം അപഗ്രഥിച്ചില്ല. എന്നല്ല, ഗാന്ധിജിയുടെ ചിതയില്‍ ചാമ്പലാക്കേണ്ട ഭൂരിപക്ഷവര്‍ഗീയതയെയും അതിന്റെ ഉപാസകരെയും ഇവിടെ വെച്ചുപൊറുപ്പിക്കാന്‍ വേണ്ടതൊക്കെ വ്യവസ്ഥിതി ഒരുക്കിവെച്ചപ്പോള്‍, അതിന്റെ ‘പാവനതയില്‍’അഭിരമിക്കുകയായിരുന്നില്ലേ ഭൂരിപക്ഷ മനസ്സ്. ആരാണ് ഗോഡ്സെ എന്നും എന്തിനു ആ ദുഷ്ടനും കുട്ടാളികളും മഹാത്മജിയുടെ ജീവനെടുത്തുവെന്നും സൂക്ഷ്മതലത്തില്‍ മനസ്സിലാക്കുമ്പോഴാണ് ഭരണകൂടവും ധൈഷണികലോകവും ഇവിടുത്തെ മാധ്യമങ്ങളും എത്ര ലാഘവത്തോടെയാണ് വിഷയത്തെ ഇന്നുവരെ സമീപിച്ചതെന്ന് വ്യക്തമാവുന്നത്. ഒന്നാമതായി, ആര്.എസ്.എസ് എന്ന അത്യന്തം അപകടരമായ ഒരു ചിന്താപദ്ധതിയെ തല്ലിയും തലോടിയും വളര്‍ത്തിയതല്ലാതെ, അതിനെ ഉന്മൂലനം ചെയ്യാന്‍ ഫലപ്രദമായ യാതൊന്നും രാഷട്രീയ നേതൃത്വമോ ഭരണകൂടമോ ബുദ്ധിജീവി വര്‍ഗമോ ചെയ്തില്ല. അങ്ങനെയാണ് എണ്‍പതുകളുടെ രണ്ടാം പാദത്തില്‍ ഒരു രാഷ്ട്രീയ ശക്തിയായി ഹിന്ദുത്വ കരുത്താര്‍ജിക്കുന്നതും നിഖില മേഖലകളിലും ആധിപത്യം ഉറപ്പിച്ച് ദേശീയ രാഷ്ട്രീയത്തിന്റെ ദിശ പുനര്‍നിര്‍ണയിക്കുന്നതും.
എന്തിന് താന്‍ മഹാത്മജിയെ കൊന്നുവെന്ന് 1949 മേയ് അഞ്ചിന് ഷിംലയില്‍ ചേര്‍ന്ന പഞ്ചാബ് ഹൈകോടതിയുടെ പ്രത്യേക സിറ്റിങ്ങില്‍ അപ്പീല്‍ കേള്‍ക്കവെ ഗോഡ്സെ വിശദീകരിക്കുന്നുണ്ട്. കുറ്റം സമ്മതിച്ചത് കൊണ്ട് സുപ്രീംകോടതിവരെ കേസ് നീട്ടിക്കൊണ്ടുപോകേണ്ടിവന്നില്ല. താന്‍ ഒരു ബ്രാഹ്മണഹിന്ദുവാണെന്നും ദാദാബായി നവറോജിയുടെയും വിവേകാനന്ദന്റെയും ഗോഖലെയുടെയും തിലകന്റെയും എഴുത്തും പ്രഭാഷണങ്ങളും വായിച്ചുതീര്‍ത്ത താന്‍ ഹിന്ദുമതത്തെയും അതുള്‍ക്കൊള്ളുന്ന രാജ്യത്തെയും സേവിക്കുക എന്നത് ജീവിതനിയോഗമാണെന്ന് കണ്ടെത്തി എന്ന ആമുഖത്തോടെയാണ് ഗോദ്സെ തന്റെ ചെയ്തി മഹത്തരമാണെന്ന് സമര്‍ഥിക്കാന്‍ ശ്രമിച്ചത്. ഇങ്ങനെ മജ്ജയും മാംസവുമുള്ള ഒരു മനുഷ്യന് ഭൂമുഖത്ത് ജീവിച്ചിരുന്നുവെന്ന് വരുംതലമുറ വിശ്വസിക്കാന്‍ പോലും പ്രയാസമാണെന്ന് വിഖ്യാത ശാസ്ത്രജ്ഞന് ഐന്സ്റ്റീന് പറഞ്ഞ ഈ അപൂര്വജന്മത്തെ കൊന്നിട്ടതില് അശേഷം കുറ്റബോധമോ സങ്കടമോ ഇല്ല എന്ന് മനസ്സിലാക്കുന്നിടത്ത്, ഗോദ്സെയുടെ വ്യക്തിപരമായ സത്യസന്ധതയോ പ്രത്യയശാസ്ത്ര പ്രതിബദ്ധതയോ അല്ല, ആ മനുഷ്യനെ ഇമ്മട്ടില്‍ നിഷ്ഠുരനായി വളര്‍ത്തിക്കൊണ്ടുവന്ന ചിന്താഗതിയെയാണ് ആദ്യമായി വിചാരണക്കൂട്ടില്‍ കയറ്റിനിറുത്തേണ്ടിയിരുന്നത്. ഗോദ്സെയെ കൊലയാളിയാക്കുകയും അയാളില്‍ ഇസ്ലാംവിരോധവും ഗാന്ധിയോട് എതിര്‍പ്പും സന്നിവേശിപ്പിച്ച ആശയധാരയുണ്ടല്ലോ, മഹാത്മജിയുടെ രക്തസാക്ഷ്യത്തെ കുറിച്ച് പറയുമ്പോള്‍ അതൊന്നും കയറി വരാറില്ല. ഒരു ‘മതഭ്രാന്തന്’ മഹാത്മജിയെ വെടിയുതിര്‍ത്തു വീഴ്ത്തി എന്ന് പറയുന്നിടത്തെ ലാഘവത്വം ആരെയും ഇതുവരെ അലോസരപ്പെടുത്തിക്കണ്ടില്ല. അവിടെയാണ് നമ്മുടെ രാഷ്ട്രീയം പരാജയപ്പെട്ടതും ആത്മവഞ്ചന തുടരുന്നതും. ഗാന്ധിജിയെ കൊല്ലാന്‍ കെല്പുള്ള വിഷമയമായ മനസ്സ് ആര് രൂപപ്പെടുത്തിയെടുത്തു? ഗോഡ്സെയെ പോലെ ഒരു ചിത്പവന്‍ ബ്രാഹ്മണന് തന്നെ. വിനായക് ദാമോദര്‍ സവര്‍ക്കര്‍ ഗാന്ധിവധത്തിന്റെ ഗൂഢാലോചനയില്‍ മുഖ്യപങ്കാളിയായിരുന്നു. എത്ര സമര്‍ഥമായാണ് അയാള്‍ രക്ഷപ്പെട്ടത്. നെഹ്റുവിന്റെ ഇന്ത്യക്ക് സവര്‍ക്കറെ ശിക്ഷിക്കണമെന്നുണ്ടായിരുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഹിംസയെ പ്രതിഷ്ഠിക്കാനും ഹൈന്ദവസമൂഹത്തെ തീവ്രവാദചിന്താഗതിയിലേക്ക് തള്ളിവിടാനും ഈ ഭീകരവാദിയെപോലെ ആരും അതിനു മുമ്പ് ശ്രമിച്ചിരുന്നില്ല. ആര്യസമാജ് സ്ഥാപകനായ ഡോ. ദയാനന്ദ സരസ്വതി വാസ്തവത്തില്‍ ഹൈന്ദവപുനരുത്ഥാനവാദത്തിന്റെ ആചാര്യനായിരുന്നു. വേദത്തിലേക്ക് മടങ്ങുക എന്ന മുദ്രവാക്യമുയര്‍ത്തി, ആധുനികതയില്‍നിന്ന് പൗരാണികതയിലേക്ക് ഒരു സമൂഹത്തെ തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ച അദ്ദേഹം വര്ഗീയവാദിയായിരുന്നുവെങ്കിലും സവര്‍ക്കറെ പോലെ ഭീകരവാദിയും ആക്രമണോല്സുകനുമായിരുന്നില്ല. ചോര കാണുമ്പോള്‍ മനംപുരട്ടാറുള്ള ഗോഡ്സെയെ കൊണ്ട് മഹാത്മജിയെ വെടിവെക്കാന്‍ പ്രേരിപ്പിച്ച ഒരു മനുഷ്യന്റെ ആസുരചിന്ത എത്ര ഭയാനകം! ഗോഡ്സെ കോടതിയില്‍ നല്കിയ മൊഴി വാസ്തവത്തില്‍ സവര്‍ക്കറുടെ ആശയങ്ങളാണ്. അതുകൊണ്ടാവണം ഈ രണ്ടു ഹൈന്ദവ തീവ്രവാദികളെ വിവരിക്കുന്ന അധ്യായത്തിന് ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന വിഖ്യാത കൃതിയില്‍, ‘പൂനെയില്‍നിന്നുള്ള രണ്ടു ബ്രാഹ്മണന്മാര് ‘ (Two Brahmins from Poona) എന്ന് ഡൊമിനിക് ലാപിയറും ലാറി കോളിന്‍സും ശീര്‍ഷകമെഴുതിയത്. ഇവര്‍ രണ്ടുപേരും ‘ചിത്പവന്‍’ ബ്രാഹ്മണന്മാരാണ്. അതായത് അഗ്നികൊണ്ട് ശുദ്ധീകരിക്കപ്പെട്ടവര്‍. ചിത്പവന്‍ ബ്രാഹ്മണന്മാരുടെ മുന്‍ഗാമികള്‍ ഇസ്രായേലികളാണെന്നും കപ്പല്ചേതത്തില്പെട്ട് കൊങ്കണ്‍ തീരത്തണഞ്ഞ ഇവരുടെ പൂര്‍വീകര്‍ ബ്രാഹ്മണമതം സ്വീകരിക്കുകയായിരുന്നുവെന്നും ഐതിഹ്യമുണ്ട്. ഒരുകാര്യമുറപ്പ്: ഇന്ത്യയിലെ സവര്ണവര്ഗീയവാദികളില് ഉഗ്രവിഷമുള്ള സര്പ്പങ്ങളാണിവര്. മുസ്ലിംകളോടുള്ള അന്ധവും ക്രൂരവുമായ എതിര്‍പ്പാണ് ഇവരുടെ ചിന്തയുടെ അടിത്തറ. 1923ല്‍ വി.ഡി.സവര്‍ക്കര്‍ ‘ഹിന്ദുത്വ’ വര്ഗീയസിദ്ധാന്തങ്ങള്ക്ക് രൂപംനല്കുന്നു. ഗോഡ്സെ പത്രപ്രവര്‍ത്തകനാണ്. പൂണെ കേന്ദ്രമായി ‘ഹിന്ദുരാഷ്ട്ര’എന്ന പത്രത്തിന് തുടക്കം കുറിച്ചപ്പോള്‍ സവര്‍ക്കറുടെ ആശയാഭിലാഷങ്ങള്‍ നടപ്പാക്കുകയായിരുന്നു ലക്ഷ്യം. ഹിന്ദുരാഷ്ട്രയുടെ മാനേജറും ഗോഡ്സെയുടെ വലംകൈയുമായി ഉണ്ടായിരുന്നത് നാരായണ്‍ ആപ്തെ എന്ന മറ്റൊരു ബ്രാഹ്മണനാണ്. 1947 ആഗസ്ത് 15തൊട്ട് പൂണെ സി.ഐ.ഡിക്ക് ഇവരുടെ മേല്‍ കണ്ണുണ്ടായിരുന്നു. പൊലീസ് റിപ്പോര്‍ട്ട് അനുസരിച്ച് ആപ്തെ ‘വളരെ അപകടകാരിയാണ്’ (‘ Potentially Dangerous’).
മൗണ്ട്ബാറ്റണ് വിഭജന പദ്ധതി പ്രഖ്യാപിച്ചതോടെ ഗോഡ്സെയുടെ ശ്രദ്ധ മുഴുവന്‍ ഗാന്ധിജിയിലായി. ” ഗാന്ധിജി പറഞ്ഞു ; എന്റെ ശവശരീരത്തില്‍ ചവിട്ടിയേ ഇന്ത്യ വിഭജിക്കപ്പെടുകയുള്ളൂവെന്ന്. എന്നിട്ടും ഇന്ത്യ വിഭജിക്കപ്പെട്ടു. പക്ഷേ ഗാന്ധിജി ജീവിക്കുന്നു. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തം ശത്രുക്കളുടെ മുന്നില്‍ ഹിന്ദുക്കളെ പ്രതിരോധരഹിതരാക്കി. ഇപ്പോള്‍ ഹിന്ദു അഭയാര്‍ഥികള്‍ വിശന്നുമരിക്കുമ്പോള്‍, ഗാന്ധിജി മുസ്ലിം പീഡിതര്‍ക്ക് വേണ്ടിയാണ് വാദിക്കുന്നത്. ബലാല്‍സംഗം ചെയ്യപ്പെടാതിരിക്കാന്‍ ഹിന്ദുസ്ത്രീകള്‍ കിണറില്‍ ചാടി മരിക്കുകയാണ്. എന്നിട്ട് ഗാന്ധി പറയുന്നു വിജയമാണ് ഇരയെന്ന്. അതിലെ ഇരകളിലൊന്ന് എന്റെ അമ്മയായിരിക്കാം. മാതൃഭൂമി കഷണമാക്കപ്പെട്ടിരിക്കുന്നു. കഴുകന്മാര് അതിന്റെ മാംസം കൊത്തിവലിക്കുകയാണ്. കോണ്‍ഗ്രസ് നപുംസകങ്ങള്‍ നോക്കിനില്‍ക്കേ തെരുവുകളില്‍ ഹിന്ദുസ്ത്രീകള്‍ പിച്ചിച്ചിന്തപ്പെടുകയാണ്.എത്രനാള്‍ ഇത് സഹിക്കണം? ” ഗോഡ്സെയെ കൊണ്ട് ഇത് പറയിപ്പിച്ചത് സവര്‍ക്കറാണ്. ഗാന്ധിജിയുടെ അഹിംസാ പാഠങ്ങളെ ഈ ഭീകരവാദി അടിമുടി എതിര്‍ത്തു. ഗാന്ധിജി പഠിപ്പിച്ച അഹിംസ ബുദ്ധമതവും ജൈനമതവും ഉദ്ഘോഷിച്ച അഹിംസയല്ലെന്ന് സമര്‍ഥിക്കാനാണ് ജീവിതത്തിലുടനീളം സവര്‍ക്കര്‍ ശ്രമിച്ചത്. ശത്രുവിനെ സായുധരായി നേരിടാന്‍ ബുദ്ധന് ആഹ്വാനം ചെയ്തതിന് തെളിവുകള്‍ നിരത്തി. സവര്‍ക്കര്‍ക്ക് അനുയായികളോട് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ: ” സത്യസന്ധമായി പറയട്ടെ, പ്രതിരോധത്തിന്റെ വാളാണ് മനുഷ്യന്റെ ആദ്യരക്ഷകന്.” ആ രക്ഷകനെ തേടിയാണ് ഹൈന്ദവസമൂഹത്തെ ‘ഷണ്ഡീകരിച്ച’ ഗാന്ധിജിയെ കൊല്ലാന്‍ ഇവര്‍ ഗൂഢാലോചന നടത്തിയത്. ആക്രമണോല്സുകത ഹിന്ദുത്വയെ എന്തുമാത്രം സ്വാധീനിച്ചിട്ടുണ്ടെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. നാസികളെയും ഫാഷിസ്റ്റുകളെയും പോലെ ഹൈന്ദവസമാജത്തെ ‘മിലിട്ടറൈസ്’ ചെയ്യുകയായിരുന്നു സവര്‍ക്കറുടെ ആത്യന്തിക ലക്ഷ്യം. ആ ലക്ഷ്യത്തിന്റെ ആദ്യ ഇര ഗാന്ധിജിയായിരുന്നു. രാഷ്ട്രപിതാവിനെ കൊല്ലാന്‍ പ്രേരണ നല്കിയ സവര്‍ക്കറുടെ ചിത്രം പാര്‍ലമെന്റ് മന്ദിരത്തില്‍ തുങ്ങിക്കിടക്കുമ്പോള്, അതില്‍ അപാകത കാണാത്ത മനസ്സാണ് ആര്.എസ്.എസിന് ഇവിടെ മണ്ണൊരുക്കിയത്.
ഇസ്ലാം വിരുദ്ധതയുടെ ഹിന്ദുത്വ ഭാഷ്യം
ഗാന്ധിജിക്ക് പ്രിയപ്പെട്ട വാക്കായിരുന്നു ഹിന്ദു-മുസ്ലിം മൈത്രി എന്നത്. മതേതരത്വം എന്നോ ബഹുസ്വരത എന്നോ എപ്പോഴെങ്കിലും അദ്ദേഹം പ്രയോഗിച്ചതായി കാണാന്‍ സാധിക്കില്ല. മതങ്ങള്‍ അതിന്റെ ജൈവചൈതന്യത്തില് മാനവിക മുഖം പ്രദര്‍ശിപ്പിക്കുകയും മനുഷ്യത്വത്തിന്റെ ഉദാത്ത ഭാവങ്ങള്‍ വിരിയിക്കുകയും ചെയ്യുന്ന മഹത്തരമായൊരു സങ്കല്പമായിരുന്നു മഹാത്മജിയുടേത്. ആധുനിക ഇന്ത്യയുടെ പിറവിയോടെ ഹൈന്ദവ പുനുരുത്ഥാനവാദവുമായി രംഗപ്രവേശം ചെയ്ത ഏതെണ്ടെല്ലാ ‘മഹത്തുക്കളുടെയും ‘ ദര്‍ശനങ്ങള്‍ക്ക് പിന്നില്‍ കടുത്ത ഇസ്ലാംവിരുദ്ധത ലീനമായി കിടപ്പുണ്ടായിരുന്നുവെന്ന് അല്പം ആഴത്തില്‍ അന്വേഷിച്ചാല്‍ മനസ്സിലാകും. സ്വാമി വിവേകാനന്ദന്റേതടക്കം. 20ാം നൂറ്റാണ്ടിന്റെ രാഷ്ട്രീയത്തെ ഹിന്ദു-മുസ്ലിം സങ്കലനത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്താണ് ഗാന്ധിജി രാജ്യത്തിന്റെ മോചനത്തിനായി വര്‍ത്തിച്ചത്. ഖിലാഫത്ത് പ്രസ്ഥാനം അതിന്റെ പ്രോദ്ഘാടനമായിരുന്നു. ഇതിനെതിരെയാണ് ഹൈന്ദവ തീവ്രവലതുപക്ഷം തുടക്കം തൊട്ട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചത്. ആര്.എസ്.എസിന്റെ രൂപീകരണത്തിനു പിന്നില്‍ ഗാന്ധിജിയുടെ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പുണ്ടായിരുന്നു. സവര്‍ക്കറുടെ വര്‍ഗീയ സിദ്ധാന്തങ്ങള്‍ ഉരുവം കൊള്ളുന്ന പശ്ചാത്തലവും ഇതു തന്നെ. മുസ്ലിംകള്ക്ക് ഇവിടെ പൗരത്വത്തിന് അര്‍ഹതയില്ല എന്ന ഫാഷിസ്റ്റ് സിദ്ധാന്തം ഒരു കാലഘട്ടത്തിന്റെ ചിന്താപദ്ധതിയായി വളര്‍ന്നുവന്നതോടെയാണ് മുസ്ലിംകളെ സ്നേഹിക്കുന്ന ഗാന്ധിജിക്കെതിരെ ഒരു ന്യൂനപക്ഷം വില്ല് കുലക്കാന്‍ തുടങ്ങിയത്. പക്ഷേ, സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും വിഷലിപ്ത ആശയങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം ലഭിച്ച 1935നു ശേഷമുള്ള ഇന്ത്യനവസ്ഥയിലാണ് ഗാന്ധിജിയാണ് തങ്ങള്‍ വിഭാവന ചെയ്യുന്ന ഒരു ഹിന്ദുരാഷ്ട്രത്തിന് തടസ്സം സൃഷ്ടിക്കുന്നതെന്ന് ഇവര്‍ മനസ്സിലാക്കിയത്. അതോടെയാണ് ഗാന്ധിജിയുടെ ഉന്മുലനം ലക്ഷ്യത്തിലേക്കുള്ള വലിയ മാര്‍ഗമായി സവര്‍ക്കറും ശിഷ്യന് ഗോഡ്സെയും കാണുന്നത്.
മുസ്ലിംകളോടുള്ള വിരോധം ഒടുവില്‍ പാകിസ്ഥാനോടുള്ള വിരോധമായും മറ്റൊരു വഴിക്ക് സഞ്ചരിച്ചു. അതേസമയം മുസ്ലിംകള് ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രം എന്നതിനപ്പുറം, ഭാവി പാകിസ്ഥാനില്‍ പൗരത്വത്തിന്റെ വിഷയത്തില്‍ മതഭേദം നോക്കാതെയുള്ള വിശാലമായ ഒരു സമീപനമായിരിക്കും മുറുകെ പിടിക്കുക എന്ന് ഭരണഘടന നിര്‍മാണ സഭയില്‍ മുഹമ്മദലി ജിന്ന അര്‍ഥശങ്കക്കിടം നല്‍കാത്തവിധം പ്രഖ്യാപിക്കുകയുണ്ടായി. മതമൗലികവാദികളെ ഞെട്ടിച്ച ആ പ്രഖ്യാപനത്തോടെ ഇസ്ലാമിക പാകിസ്ഥാന് എന്ന സങ്കല്പം തന്നെ ഇല്ലാതാവുകയായിരുന്നു.പക്ഷേ, ആ വക യാഥാര്‍ത്ഥ്യങ്ങളൊന്നും ഉള്‍ക്കൊള്ളാന്‍ ഇന്ത്യയിലെ തീവ്രവലതുപക്ഷം തയാറായില്ല. അതിര്‍ത്തിക്കപ്പുറത്തേക്കും ഇപ്പുറത്തേക്കും ശവവണ്ടികള് ഓടിയിട്ടും ഹിന്ദു അഭയാര്‍ഥികളെക്കുറിച്ച് മാത്രമേ ആര്.എസ്.എസുകാര്‍ മിണ്ടിയുള്ളൂ. സിഖ് പഞ്ചാബില്‍ ഞെരിഞ്ഞമര്‍ന്ന എത്രയോ മുസ്ലിം യുവതികളുടെ ചാരിത്യ്രത്തെക്കുറിച്ച് ഇവിടെ ആരും ചര്‍ച്ച ചെയ്തില്ല. വിഭജനാനന്തം കറാച്ചിയില്‍ വേശ്യാവൃത്തി നിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍, തെരുവില്പ്രക്ഷോഭത്തിനിറങ്ങിയത് ഇന്ത്യയില്‍നിന്ന് ‘പുണ്യഭൂമിയില്‍’സ്വര്‍ഗം സ്വപ്നം കണ്ടുപോയ സഹോദരിമാരായിരുന്നു. പക്ഷേ, വര്‍ഗീയതയില്‍നിന്ന് വെള്ളവും വളവും ഈറ്റിക്കുടിക്കാന് പഠിച്ച ഗോഡ്സെയുടെ ജനുസ്സ് ഗാന്ധിജി പാകിസ്ഥാനില്‍ നടക്കുന്നത് ഒന്നും ഗൗരവമാക്കുന്നില്ല എന്ന കുപ്രചാരണത്തിന് ആക്കം കൂട്ടി. മഹാത്മാജിയെ കൊന്നുതള്ളാന്‍ സവര്‍ക്കറും ഗോഡ്സെയും അതോടെ തന്ത്രങ്ങള്‍ മെനയാന്‍തുടങ്ങി. ഡല്‍ഹിയില്‍ ഹിന്ദു അഭയാര്‍ഥികള്‍ ബലാല്‍ക്കാരമായി പിടിച്ചടക്കിയ മുസ്ലിം പള്ളി അവര്‍ക്ക് വിട്ടുകൊടുക്കണമെന്ന് പറഞ്ഞത് വലിയ പാതകമായി അവതരിപ്പിച്ചു. വിഭജനത്തോടെ ഇരുരാജ്യങ്ങളും സ്വത്ത് ഓഹരിവെച്ചപ്പോള്‍, മൊത്തമുള്ള 4ബില്യന്‍ ഉറപ്പുകയില്നിന്ന് പാകിസ്ഥാന് അടിയരന്തര സഹായമായി 200 ദശലക്ഷം രൂപനല്‍കി. 550 ദശലക്ഷം കൂടി കരാര്‍ അനുസരിച്ച് പാകിസ്ഥാനു നല്‍കാനുണ്ടായിരുന്നു. പക്ഷേ, അങ്ങനെ കൊടുക്കുന്ന പണം കൊണ്ട് ആയുധം വാങ്ങി ഇന്ത്യക്കാരെ കൊല്ലാന്‍ ഉപയോഗിക്കുമെന്നും അതുകൊണ്ട് വാക്ക് പാലിക്കരുതെന്നും ഒരു കൂട്ടര് വാദിച്ചു. ആ വാദത്തിനും വാഗ്ദാന ലംഘനത്തിനും എതിരെ ഗാന്ധിജി നിരാഹാരമിരിക്കാന്‍ തീരുമാനിച്ചു. ആ നിരാഹാരമാണ് ഗാന്ധിജിയെ കൊല്ലാന്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട ഒരവസരമില്ലെന്ന് ഗോഡ്സെയെ കൊണ്ട് ചിന്തിപ്പിച്ചതത്രെ. അങ്ങനെയാണ്, 1948 ജനുവരി 30ന് സായാഹ്നത്തില്‍ ബിര്‍ള മന്ദിരത്തിലെ പുല്‍ത്തകിടിയിലൂടെ നടന്നുപോകുന്ന ഗാന്ധിജിയെ പിടിച്ചുനിറുത്തി മൂന്ന് വെടിയുണ്ടകള്‍ ആ മെലിഞ്ഞുണങ്ങിയ ശരീരത്തിലേക്ക് തൊടുത്തുവിടുന്നത്. അഹിംസയും ഹിംസയും ഏറ്റുമുട്ടിയ ആ നിമിഷത്തിന്റെ ഭയാനകത ഇന്നും ഈ നാടിന്റെ വേദനയായി നീറിപ്പുകയുന്നു.
Kasim Irikkoor
You must be logged in to post a comment Login