നാട്ടില്‍ എല്ലാവരും ഇപ്പോള്‍ ജര്‍മനിയെ കുറിച്ച് കൂടിയാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. വംശീയ ഉന്മൂലനത്തിന്റെ ദര്‍ശനങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായം എഴുതിയത് ഇവിടെയാണല്ലോ. അതിനാല്‍, ഇന്ത്യയുടെ ഇന്നത്തെ സാഹചര്യത്തില്‍ ജര്‍മ്മനിയെന്ന രാജ്യവും അതിന്റെ ചരിത്രവും ഒരു പ്രേതസാന്നിധ്യം കണക്കെ നമ്മെ ഭീതിപ്പെടുത്തിക്കൊണ്ടിരിക്കുന്നതില്‍ ആശ്ചര്യമില്ല.
ബെര്‍ലിന്‍ തെരുവുകളിലൂടെ നടക്കുമ്പോള്‍ ഫുട്പാത്തുകളില്‍ കാണാം ചെമ്പു തകിടുകള്‍ കൊണ്ട് കൊത്തിവെക്കപ്പെട്ട ചില പേരുകള്‍. ആ തെരുവുകളില്‍ നാസി കാലത്തിനു മുന്‍പ് ജീവിച്ചിരുന്ന ജൂത കുടുംബങ്ങളുടെ പേരുകള്‍. ഓഷ്്വിറ്റ്സിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലോ മറ്റോ കത്തിയെരിഞ്ഞ പേരുകള്‍. അവ ചവിട്ടിനടക്കുമ്പോള്‍ മരിക്കാത്ത, ആവര്‍ത്തനം ജന്മസിദ്ധ ചാപല്യമായ ചരിത്രത്തിന്റെ വ്യാളീമുഖങ്ങള്‍ നമുക്ക് നേരെ പല്ലിളിക്കുന്നത് കാണാം. അധീശത്വ പ്രത്യയശാസ്ത്രങ്ങള്‍ ഇനിയും എഴുതിത്തീരാത്ത ഹിംസയുടെ അധ്യായങ്ങള്‍ അതില്‍ നമുക്ക് വായിക്കാം.
ജര്‍മന്‍ ജനതയുടെ ഇന്നത്തെ പൊതുബോധം നിര്‍ണയിക്കുന്നത് സഞ്ചിതമായ കുറ്റബോധമാണ് (Collective Guilt). ഹോളോകോസ്റ്റ് എന്ന പാപം ഇവരെ ഇപ്പോഴും ഒഴിഞ്ഞു പോയിട്ടില്ല. ഞങ്ങള്‍ തമാശക്ക് പറയാറുണ്ട്, ഇവിടെ കുട്ടികളെ പോലും അത് ബാധിച്ചിരിക്കുന്നു. ചരിത്രത്തിലെ ഇരകളോടും വേട്ടക്കാരോടുമുള്ള ജനിതക ബാന്ധവങ്ങള്‍ വര്‍ത്തമാനത്തിന്റെ സ്വത്വ ബോധങ്ങള്‍ നിര്‍ണ്ണയിക്കുന്ന നിസ്സഹായമായ അവസ്ഥ. ജര്‍മനി എങ്ങനെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ കൈരാതങ്ങളുടെ റഫറന്‍സ് പോയന്റ് ആയി മാറിയത്? ഇനിയും മറ്റൊരു നാസി ജര്‍മനിയുണ്ടാവുമോ? നമ്മളില്‍ ചിലരുടെ മൃഗീയത കാരണം ഇനിയും നമ്മള്‍ ലോകജനതക്ക് മുമ്പില്‍ തല കുനിക്കേണ്ടി വരുമോ? ഇത്തരം ആശങ്കകളില്‍ നിന്നാണ് ‘ഹോളോകോസ്റ്റ് കുറ്റബോധം’ ഇന്നത്തെ ജര്‍മന്‍ ദേശീയ പകര്‍ച്ചവ്യാധിയായി വളര്‍ന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ ഉണര്‍ന്നിരിക്കുന്ന മനുഷ്യര്‍ തങ്ങളുടെ രാജ്യത്തെക്കുറിച്ച് ഇപ്രകാരം തന്നെയാണ് ആശങ്കപ്പെട്ടു കൊണ്ടിരിക്കുന്നത്.
ബെര്‍ലിനിലെ പ്രസിദ്ധമായ ജൂത മ്യൂസിയത്തില്‍ 1920 നു മുന്‍പുള്ള ഒരു ഫിലിം പ്രദര്‍ശിപ്പിക്കുന്നുണ്ട്. നാസികള്‍ക്ക് മുന്‍പ് ഏതോ ഒരു ജൂത കുടുംബം തങ്ങളുടെ വാരാന്ത്യം ഷൂട്ട് ചെയ്തതാണത്. ചിരിയും കളിയുമായി ഒരു സാധാരണ ജര്‍മ്മന്‍ കുടുംബ ജീവിതത്തിന്റെ വാരാന്ത്യ ആഘോഷങ്ങളുടെ നേര്‍ചിത്രം അതിലുണ്ട്. ഞാന്‍ എപ്പോഴും പോയിക്കൊണ്ടിരുന്ന ഗോര്‍ലിറ്റ്‌സര്‍ സ്റ്റേഷനില്‍ നിന്നുള്ള ഫൂട്ടേജ് കണ്ടപ്പോള്‍ കാലത്തിലൂടെ പിറകോട്ട് പോകുന്ന അനുഭവം. എന്നാല്‍, മ്യൂസിയത്തില്‍ ഫിലിം പ്രദര്‍ശിപ്പിച്ചതിനു താഴെയുള്ള വിവരണം വായിച്ചപ്പോള്‍ നട്ടെല്ലിലൂടെ തരിപ്പ് അരിച്ചുകയറിയത് പോലെ. വീഡിയോ ഷൂട്ട് ചെയ്ത് അധികമാവുന്നതിനു മുന്‍പ് തന്നെ ആ ജൂത കുടുംബവും ഹോളോ കോസ്റ്റിലേക്കുള്ള പട്ടികയില്‍ ഇടം പിടിച്ചിരുന്നു എന്നാണ് വിവരണം. ഫിലിമില്‍ നമ്മള്‍ കണ്ട നിഷ്‌കളങ്കമായ കുഞ്ഞു ചിരികള്‍, ആരവങ്ങള്‍, മാതൃ വാത്സല്യങ്ങള്‍ എല്ലാം കത്തിയെരിഞ്ഞു പോയിക്കാണും.
പൗരത്വപ്പട്ടികയെ കുറിച്ച് സംസാരിക്കുമ്പോള്‍ നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി ഈയിടെ പറഞ്ഞത് ചിലരുടെ കയ്യില്‍ അമിതമായ അധികാരം വരുന്നത് എന്നെ പേടിപ്പിക്കുന്നുണ്ട് എന്നാണ്. ചരിത്രം അറിയുന്നവര്‍ക്ക് നന്നായറിയാം ആ പേടിയുടെ ഉറവിടം എവിടെയാണെന്ന്. ആധുനിക ബ്യുറോക്രസി ഘടനാപരമായ ഹിംസയെ അന്തര്‍വഹിച്ചുനില്‍ക്കുന്ന സംവിധാനമാണെന്ന് നരവംശ ശാസ്ത്രജ്ഞന്‍ അഖില്‍ ഗുപ്ത വിശേഷിപ്പിക്കുന്നുണ്ട്. പൗരത്വപ്പട്ടിക അത്തരം ഹിംസയെ ആവിഷ്‌കരിക്കാനുള്ള സുഗമമായ മാധ്യമമായി മാറുമെന്നതില്‍ ഒരു സംശയവും വേണ്ട.
കോമാളിത്തം നിറഞ്ഞ മുറി മീശയും അമ്പത്തിയാറ് ഇഞ്ച് നെഞ്ചും തമ്മിലുള്ള ചരിത്രപരമായ ബന്ധം എന്താണ്? അവ രണ്ടും പ്രതിനിധീകരിക്കുന്ന ‘കരിസ്മ’ വംശീയ ഉന്മൂലനത്തിന്റെ പ്രത്യയശാസ്ത്രത്തിനു മേല്‍ പണിതുയര്‍ത്തിയതാണ്. ഒരു വൈയക്തിക സംഭാഷണത്തിനിടയില്‍ എന്റെ പി എച്ച് ഡി ഉപദേശകന്‍ ജര്‍മ്മന്‍ പ്രൊഫസര്‍ ടോര്‍സ്റ്റന്‍ ഒരിക്കല്‍ പറഞ്ഞു: ‘നാസി കാലത്തിനു ശേഷം ഞങ്ങള്‍ ജര്‍മന്‍കാര്‍ക് ഇപ്പോള്‍ എല്ലാതരം ‘കരിസ്മ’യോടും സംശയമാണ്. അതുകൊണ്ട് ഇനിയൊരു കരിസ്മാറ്റിക് നേതൃത്വം ഇവിടെ ഉണ്ടായി വരും എന്ന് തോന്നുന്നില്ല’. ബെര്‍ലിനില്‍ പോകുന്നതിനു മുന്‍പ് കുറച്ചുകാലം ഞാന്‍ ഗുജറാത്തില്‍ ജോലി ചെയ്തിരുന്നു. മോഡി ഭക്തര്‍ക്കിടയിലാണ് അക്കാലം ചെലവഴിച്ചത്. അന്നൊരിക്കല്‍ ഗുജറാത്തി ഭാഷ പഠിക്കാനുള്ള എന്റെ താല്പര്യം പറഞ്ഞപ്പോള്‍ ഒരു സഹപ്രവര്‍ത്തകന്‍ നിര്‍ദേശിച്ചത് മോഡിയുടെ പ്രസംഗങ്ങള്‍ ആയിരുന്നു. ബെര്‍ലിനില്‍ ആകുമ്പോള്‍ ഇതോര്‍ത്ത് ഞാന്‍ ചിരിക്കാറുണ്ട്. മോഡിയുടെ പ്രസംഗം കേട്ട് ഞാന്‍ ഗുജറാത്തി പഠിച്ചിരുന്നുവെങ്കില്‍ എന്തായിരിക്കും അവസ്ഥ? പ്രശസ്തനായ കൊമേഡിയന്‍ ട്രെവര്‍ നോഹ് യൂട്യൂബിലെ ഹിറ്റ്ലര്‍ പ്രസംഗങ്ങള്‍ കേട്ട് ജര്‍മ്മന്‍ പഠിച്ചതിന്റെ അമളി പറയുന്നുണ്ട്. കാണുന്നവരോടൊക്കെ അട്ടഹസിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ. ഏതായാലും അന്നതിന് ഒരുമ്പെടാതിരുന്നത് നന്നായി.
ഫാഷിസത്തെ കുറിച്ച് ഫ്രോയിഡിയന്‍ മനോവിശ്ലേഷണത്തിന്റെ അടിസ്ഥാനത്തില്‍ ബൃഹത്തായ പഠനങ്ങള്‍ നടത്തിയ അതികായനായ പണ്ഡിതനാണ് ആശിസ് നന്ദി. 2002 ലെ ഗുജറാത്ത് കലാപനന്തരം എഴുതിയ നീണ്ട ലേഖനമുണ്ട്: ‘ഒരു സംസ്‌കാരത്തിന്റെ ചരമക്കുറിപ്പ്’ (Obituary of a culture). ഇന്നത്തെ സാഹചര്യത്തില്‍ വീണ്ടും വീണ്ടും വായിക്കേണ്ട ലേഖനം. അതില്‍ അദ്ദേഹം ഒരനുഭവം പങ്കുവെക്കുന്നുണ്ട്. 1980കളില്‍ അച്യുത് യാഗ്നികുമായി ചേര്‍ന്ന് നടത്തിയ ഗുജറാത്തിലെ ഒരു ഗവേഷണത്തിനിടയില്‍ അന്ന് അപ്രസക്തനായിരുന്ന ഒരു ആര്‍ എസ് എസ് പ്രചാരകിനെ കണ്ടുമുട്ടി. ആര്‍ക്കുമറിയാത്ത ഒരു സാധാരണ സംഘ ഭക്തന്‍: സാക്ഷാല്‍ യുവ നരേന്ദ്ര മോഡി. അയാളുമായുള്ള സംഭാഷണം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ അച്യുത് യാഗ്‌നിക്കിനോട് ആഷിസ് നന്ദി പറയുന്നത് ഇതാണ്: ‘I came out of the interview shaken and told Yagnik that, for the first time, I had met a textbook case of a fascist and a prospective killer, perhaps even a future mass murderer’. ആദ്യമായാണ് ഞാന്‍ ഫാഷിസത്തിന്റെ പാഠപുസ്തകം കണക്കെ ഒരു മനുഷ്യജന്മം കാണുന്നത് എന്ന്. നന്ദി തുടരുന്നു:
‘ഒരു ഫാഷിസ്റ്റ് ഒതോറിറ്ററിയന്‍ വ്യക്തിത്വത്തിന് മനശാസ്ത്രജ്ഞരും മനോരോഗ വിദഗ്ധരും മനോവിശ്ലേഷണ വിദഗ്ധരും വര്‍ഷങ്ങള്‍ നീണ്ട എംപിരിക്കല്‍ പഠനങ്ങളിലൂടെ കണ്ടെത്തിയ എല്ലാ മാനദണ്ഡങ്ങളും ഒരുമിച്ചു ചേര്‍ന്നിരുന്നു അയാളില്‍. മത ഭ്രാന്ത്, ഇടുങ്ങിയ വൈകാരിക ജീവിതം, അഹം ബോധത്തിന്റെ വ്യാപകമായ ഉപയോഗം, നിഷേധം, സ്വന്തം വികാരങ്ങളോടുള്ള ഭയം, അതിനോട് കൂടിച്ചേര്‍ന്ന് നില്‍ക്കുന്ന ഹിംസയുടെ ഭ്രമാത്മകതകള്‍- ഇവയെല്ലാം സംശയരോഗത്തിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്തെടുത്തിരിക്കുന്ന വ്യക്തിത്വം. എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്, അടക്കിപ്പിടിച്ച, തണുത്ത സ്വരത്തില്‍ ഇന്ത്യക്കെതിരെയുള്ള മുസ്ലിം ഉപജാപങ്ങളെക്കുറിച്ചു അന്നെന്നോട് അയാള്‍ സംസാരിച്ചത്. ആ ഉപജാപക കഥയില്‍ മുഴുവന്‍ മുസ്ലിംകളും സംശയിക്കപ്പെടേണ്ട രാജ്യദ്രോഹികളും ഇന്നല്ലെങ്കില്‍ നാളെ ഭീകരവാദികള്‍ ആകേണ്ടവരും ആയിരുന്നു’.
അന്നത്തെ പ്രാദേശിക സംഘ പ്രചാരക് എന്ന നിലയില്‍ നിന്ന് മോഡി ബഹുദൂരം സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍ അയാളുടെ ആ പഴയ ഉപജാപക കഥകള്‍ പുതിയ ആവിഷ്‌കാര സാധ്യതകള്‍ കണ്ടെത്തിയിട്ടുണ്ട്. ഭരണകൂടത്തിന്റെ മെഷിനറി ഉപയോഗിച്ചയാള്‍ ഇന്ന് അവയെ പല രൂപത്തില്‍ വിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു. നാസി ജര്‍മ്മനി കണ്ട പന്ത്രണ്ടുവര്‍ഷങ്ങളുടെ ബീഭത്സമായ കണക്കു പുസ്തകം കണക്കേ മോഡിയുടെ ആപത്പദ്ധതികള്‍ നമ്മെ വേട്ടയാടുന്ന ഇക്കാലത്ത് ‘ഹോളോകോസ്റ്റ് ഗില്‍റ്റ്’ എന്ന ജര്‍മ്മന്‍ ദേശീയ പകര്‍ച്ചവ്യാധിയെക്കുറിച്ച് ഓര്‍ക്കുന്നത് നന്നായിരിക്കും.
ഇ പി എം സ്വാലിഹ് നൂറാനി
You must be logged in to post a comment Login