വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള തന്ത്രം അതിന്റെ ഏറ്റവും ഉച്ചസ്ഥായിയില്‍ ബി ജെ പി പയറ്റുന്ന കാഴ്ചയാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്. ആ തന്ത്രം ഇനിയും തിരഞ്ഞെടുപ്പില്‍ വിലപ്പോകില്ലെന്നാണ് ഫലം തെളിയിക്കുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകരില്‍ ഒരു വിഭാഗം കരുതുന്നു. പ്രത്യയശാസ്ത്രത്തേക്കാള്‍ പ്രായോഗികതയ്ക്ക് മുന്‍തൂക്കം നല്‍കുകയാണ് ഡല്‍ഹിയിലെ വോട്ടര്‍മാര്‍ ചെയ്തതെന്നും ഇവര്‍ വിശദീകരിക്കുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ്, ദേശീയതലത്തില്‍ നല്‍കുന്ന പാഠമെന്തെന്ന ആലോചനയും ഇവര്‍ നടത്തുന്നു.
ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം ദേശീയരാഷ്ട്രീയത്തിന് നല്‍കുന്ന സന്ദേശം എന്താണെന്ന നിഗമനത്തിലേക്ക് എത്തുന്നതിന് മുമ്പ് ചില വസ്തുതകള്‍ ഓര്‍മയിലുണ്ടാകണം. 2015ല്‍ മൂന്ന് സീറ്റിലേക്ക് ചുരുങ്ങിയപ്പോള്‍ ബി ജെ പി നേടിയത് 32 ശതമാനം വോട്ടായിരുന്നു. 2019ല്‍ എട്ട് സീറ്റിലേക്ക് ഉയര്‍ന്നപ്പോള്‍ വോട്ട് 40 ശതമാനത്തിലെത്തി. കോണ്‍ഗ്രസിന്റെ വോട്ടിലുണ്ടായ നഷ്ടമാണ് ബി ജെ പിയ്ക്ക് എട്ട് ശതമാനം വളര്‍ച്ച നല്‍കിയത്. ഈ വര്‍ധന ഹിന്ദുത്വ അജണ്ടയില്‍ ആകൃഷ്ടരാകുന്നവരുടെ എണ്ണം കൂടുന്നുവെന്ന സൂചന തന്നെയാണ്.
അധികാരത്തിലിരിക്കേ നടപ്പാക്കിയ വികസന പദ്ധതികളാണ് ആം ആദ്മി പാര്‍ട്ടിയെ വീണ്ടും അധികാരമേല്‍പ്പിക്കാന്‍ ഡല്‍ഹിയിലെ വോട്ടര്‍മാരെ പ്രേരിപ്പിച്ചത് എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. ഇങ്ങനെ വിലയിരുത്തുമ്പോള്‍, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ വോട്ടര്‍മാര്‍ ബി ജെ പിയ്ക്കൊപ്പം നില്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഒരു വിധത്തിലും പൊതുതിരഞ്ഞെടുപ്പില്‍ മറ്റൊരു വിധത്തിലും ഹിതം രേഖപ്പെടുത്തുക എന്നത് ഇന്ത്യയിലൊരു പതിവായി മാറിക്കഴിഞ്ഞിട്ടുമുണ്ട്.
പൗരത്വ നിയമ ഭേദഗതി, പൗരത്വപ്പട്ടിക ദേശവ്യാപകമാക്കല്‍, ഷഹീന്‍ ബാഗിലെ സമരം തുടങ്ങിയവയൊക്കെ വര്‍ഗീയമായി വിഭജിക്കാനുള്ള ആയുധങ്ങളായി ബി ജെ പി ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ക്കൊന്നും നേരിട്ട് മറുപടി പറയാന്‍ ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ തയാറായിരുന്നില്ല. വൈദ്യുതി, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളിലൂന്നിയുള്ള പ്രചാരണമാണ് അവര്‍ നടത്തിയത്. പൗരത്വത്തിന്റെ നിര്‍വചനം വലിയ പ്രശ്നമായി കണക്കാക്കുന്നില്ലെന്ന പ്രതീതി ജനിപ്പിക്കുകയായിരുന്നു അവര്‍.
രാജ്യത്തെ വിഭജിക്കാന്‍ ത്രാണിയുള്ള വിഷയങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുക എന്ന എ എ പിയുടെ തീരുമാനം ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഗുണം ചെയ്തിട്ടുണ്ടാകാം. പ്രത്യയശാസ്ത്രപരമായി എങ്ങനെ വേറിട്ടുനില്‍ക്കുന്നുവെന്നത് ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ടില്ല. ബി ജെ പി മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രസക്തി ചോദ്യംചെയ്യപ്പെട്ടതേയില്ല. അതിനെ അവഗണിക്കുക എന്നതായിരുന്നു എ എ പിയുടെ തന്ത്രം.
ബി ജെ പിയെ നേരിട്ട് എതിര്‍ക്കുക എന്നതില്‍ നിന്ന് മാറിക്കൊണ്ട് വിദ്യാഭ്യാസം, സാമൂഹികക്ഷേമം തുടങ്ങിയവയില്‍ കൈവരിച്ച നേട്ടങ്ങളെ അധികരിച്ച് നടത്തിയ പ്രചാരണത്തിലൂടെ, എതിരാളികളെ ദേശ വിരുദ്ധരും ഭീകരവാദികളുമായി ചിത്രീകരിക്കാനുള്ള ശ്രമത്തിനുമേല്‍ എ എ പി വിജയം നേടി എന്ന നിഗമനത്തിലെത്തുന്നത് പൂര്‍ണമായും തെറ്റാവില്ല. അടുത്തുതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലും ബംഗാളിലും ബി ജെ പിയെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ക്ക് ഇതില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്. സംഘ പരിവാര്‍ അജണ്ടകളെ നേരിട്ട് എതിര്‍ത്തുകൊണ്ടുള്ള പ്രചാരണം കളി ബി ജെ പിയുടെ ഇംഗിതത്തിന് അനുസരിച്ചുള്ളതാക്കി മാറ്റും. ബി ജെ പിയെ എതിര്‍ക്കുക എന്നതിനപ്പുറത്ത് പരിപാടികളോ നയമോ എതിരാളികള്‍ക്കില്ലെന്ന് സ്ഥാപിക്കാന്‍ അവര്‍ക്ക് എളുപ്പവുമാകും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഈ കെണിയിലാണ് വീണുപോയത്. രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് അവരേതാണ്ട് തുടച്ചുനീക്കപ്പെടുകയും ചെയ്തു.
അരവിന്ദ് കെജ്രിവാളിന് ബദലായി, ജനങ്ങള്‍ വിശ്വസിക്കുന്ന ഒരു നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ ബി ജെ പിക്ക് സാധിച്ചില്ല എന്നതും ഡല്‍ഹിയിലെ അവരുടെ തോല്‍വിക്ക് കാരണമാണ്. അരവിന്ദ് കെജ്രിവാളിന്റെയും അമിത് ഷായുടെയും ജനപിന്തുണ അളക്കാനുള്ള വേദിയായി അവര്‍ തിരഞ്ഞെടുപ്പിനെ മാറ്റി. ഇത് തന്ത്രപരമായ പാളിച്ചയായിരുന്നു. നരേന്ദ്ര മോഡിയെ മുഖ്യപ്രചാരകനാക്കുകയാണ് അവര്‍ ചെയ്തത്. തിരഞ്ഞെടുപ്പിന് മുന്നോടിയായും അതിന് ശേഷവും ബി ജെ പിയുടെ പ്രധാന യോഗങ്ങളിലൊക്കെ മോഡിയും അമിത് ഷായുമായിരുന്നു പ്രധാനികള്‍. അതുകൊണ്ടുതന്നെ ഡല്‍ഹിയിലെ തോല്‍വി ഈ നേതാക്കളുടെ പ്രതിച്ഛായ ഇടിയാന്‍ കാരണമാകുകയും ചെയ്തു. മുഖ്യമന്ത്രി എന്ന നിലയില്‍ അരവിന്ദ് കെജ്രിവാളിനുള്ള ജനപിന്തുണ എ എ പിയുടെ വിജയത്തില്‍ വലിയ പങ്ക് വഹിക്കുകയും ചെയ്തു. പരാജയപ്പെടുത്താന്‍ കഴിയാത്ത നേതാക്കളല്ല മോഡിയും അമിത് ഷായുമെന്ന് കൂടിയാണ് ഇതിലൂടെ തെളിയുന്നത്. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ബുദ്ധിപൂര്‍വം ആസൂത്രണം ചെയ്യണമെന്ന് മാത്രം. ബി ജെ പിയുടെ തീവ്ര ദേശീയതയും വിഭജന അജണ്ടയും സംസ്ഥാനങ്ങളിലെങ്കിലും നിര്‍ജീവമാക്കാന്‍ സാധിക്കുമെന്നാണ് എ എ പി തെളിയിച്ചത്. സേവനത്തിന്റെ രാഷ്ട്രീയം എന്ന മുദ്രാവാക്യത്തിലൂടെ വികസനത്തിന്റെ അജണ്ട തിരഞ്ഞെടുപ്പില്‍ മുഖ്യവിഷയമാക്കാന്‍ കെജ്രിവാളിന് സാധിച്ചു. ഇതും ഇതര പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ള പാഠമാണ്.
അടുത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ബംഗാളിനെ സംബന്ധിച്ച് എ എ പി മാതൃക ഏറെ പ്രധാനമാണ്. ബി ജെ പിയുമായി ഏറ്റുമുട്ടുക എന്ന ഒരൊറ്റ അജണ്ടയില്‍ ഊന്നി, വെറും മുദ്രാവാക്യങ്ങളും വികാരമുണര്‍ത്താനുള്ള ശ്രമങ്ങളും മാത്രം മതിയാകില്ല തൃണമൂല്‍ കോണ്‍ഗ്രസിന് അധികാരം നിലനിര്‍ത്താന്‍. ബംഗാളില്‍ തൃണമൂല്‍ വര്‍ഷങ്ങളായി അധികാരത്തിലുണ്ട് എന്നത് കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും. ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചും ഭാവിയിലേക്കുള്ള വികസന പദ്ധതികള്‍ അവതരിപ്പിച്ചും വിശ്വാസമാര്‍ജിക്കാന്‍ തൃണമൂല്‍ ശ്രമിക്കേണ്ടതുണ്ട്.
ദേശീയതലത്തില്‍ മുഖ്യപ്രതിപക്ഷം ഇപ്പോഴും കോണ്‍ഗ്രസാണ്. ദേശീയതലത്തില്‍ സാന്നിധ്യമുള്ള, ഹിന്ദി മേഖലയിലെ ഏതാനും സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയാണത്. കോണ്‍ഗ്രസിന് ഇപ്പോഴാവശ്യം നരേന്ദ്ര മോഡിക്ക് ബദലാകാന്‍ വലുപ്പമുള്ള, പ്രായോഗികരാഷ്ട്രീയം പിന്തുടരാന്‍ ശേഷിയുള്ള ഒരു നേതാവിനെയാണ്. വിശ്വാസ്യത വളര്‍ത്താന്‍ സഹായിക്കുന്ന പുതിയ നേതൃമുഖം. അതിനൊപ്പം സ്വന്തമായ സാമ്പത്തിക – സാമൂഹിക പരിപാടികളും വേണം. വോട്ടര്‍മാര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതും സ്വന്തം ജീവിതവുമായി അവര്‍ക്ക് ബന്ധപ്പെടുത്താന്‍ കഴിയുന്നതുമായ പരിപാടികള്‍. പുതിയൊരു സാമ്പത്തിക – സാമൂഹിക പരിപാടിയെന്നത് ഏറെ പ്രധാനമാണ്. സാമ്പത്തികമേഖല തകര്‍ച്ചയെ നേരിടുകയും അതിനെ ശക്തിപ്പെടുത്താന്‍ പുതിയ തന്ത്രങ്ങള്‍ ആവശ്യമാണെന്ന തോന്നല്‍ ശക്തമായി നിലനില്‍ക്കുകയും ചെയ്യുന്നുവെന്നത് ആ പാര്‍ട്ടി കണക്കിലെടുക്കണം.
കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇത് ചെറുതല്ലാത്ത വെല്ലുവിളിയാണ്. അവര്‍ക്ക് പാര്‍ട്ടിയിലെ അധികാരഘടന പൊളിച്ചെഴുതേണ്ടിവരും. നേതൃത്വം നെഹ്റു കുടുംബാംഗത്തിനെന്ന പതിവ് അവസാനിപ്പിക്കേണ്ടിവരും. പ്രവര്‍ത്തക സമിതി പുനസ്സംഘടിപ്പിക്കേണ്ടി വരും. ഇതല്ലാതെ ബി ജെ പിയെ തടയാന്‍ കോണ്‍ഗ്രസിന് മുന്നില്‍ വഴികളില്ല. അതിന് കോണ്‍ഗ്രസ് തയാറാകുന്നില്ലെങ്കില്‍ ദേശീയതലത്തില്‍ ജനത്തിന് വിശ്വാസമര്‍പ്പിക്കാവുന്ന ഒരു ബദലുണ്ടാകില്ല. സംസ്ഥാനങ്ങളില്‍ ബി ജെ പി അധികാരത്തിന് പുറത്തിരുന്നേക്കാം. എന്നാല്‍ ദേശീയ തലത്തില്‍ അവര്‍ അധികാരത്തില്‍ തുടരുക തന്നെ ചെയ്യും. ദേശീയതലത്തില്‍ ബി ജെ പിയുടെ പ്രത്യയശാസ്ത്രം പ്രാമുഖ്യം നിലനിര്‍ത്തുകയും കേന്ദ്രസര്‍ക്കാറിന്റെ നയങ്ങള്‍ അതിനനുസരിച്ച് തീരുമാനിക്കപ്പെടുകയും ചെയ്യും. പ്രത്യേകിച്ച് ജനത്തെ വര്‍ഗീയമായി വിഭജിക്കാന്‍ സാധ്യതയുള്ള വിഷയങ്ങളില്‍.
നവീകരിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് സ്വയം തുടങ്ങുന്നില്ലെങ്കില്‍, ബി ജെ പിയെ എതിര്‍ക്കുന്ന മറ്റ് പാര്‍ട്ടികള്‍ ബദല്‍ രാഷ്ട്രീയ സംവിധാനത്തെക്കുറിച്ചുള്ള ആലോചന ഗൗരവത്തോടെ ഉടന്‍ ആരംഭിക്കണം. ധിഷണാശക്തിയും രാഷ്ട്രീയ ധാരണയുമുള്ള നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടിട്ടുണ്ട്. നേതൃത്വം നെഹ്റു കുടുംബാംഗങ്ങള്‍ക്ക് മാത്രമുള്ളതായി മാറിയതോടെയാണ് ഇത്തരം നേതാക്കള്‍ മാറിനില്‍ക്കേണ്ടിവന്നത്. ഇവര്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്ന് ബി ജെ പിക്കെതിരായ പുതിയ രാഷ്ട്രീയ സംവിധാനത്തിന്റെ ഊര്‍ജ സ്രോതസ്സായി മാറുന്ന സാഹചര്യവും ഉണ്ടായിക്കൂടെന്നില്ല.
മുഹമ്മദ് അയ്യൂബ്
You must be logged in to post a comment Login