സര്‍ഗവേദി

നഷ്ടപ്പെട്ടുപോകുന്ന  സൃഷ്ടികള്‍

      എന്തുകൊണ്ടാണ് പലരുടെയും രചനകള്‍ പ്രസിദ്ധീകരിക്കാതെ പോകുന്നത്? പ്രസിദ്ധീകരിച്ചാല്‍ തന്നെ ശ്രദ്ധിക്കപ്പെടാതെ പോകുന്നത്? എഴുതുമ്പോള്‍ തുടക്കക്കാര്‍ക്കു സംഭവിക്കുന്ന വീഴ്ചകള്‍ എന്തൊക്കെയാണെന്ന് നോക്കാം. നമുക്ക് വിശകലനം ചെയ്തു നോക്കാം.

1. ലക്ഷ്യമില്ലാത്ത എഴുത്ത്.
എഴുത്ത് എന്നത് ചിന്ത, ബുദ്ധി, വീക്ഷണം, ഭാഷ എന്നിവയെല്ലാം ചേര്‍ന്ന സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്. ശാരീരികമായും മാനസികമായും ഉള്ള അനേകം തലങ്ങളെ ഉണര്‍ത്തുമ്പോഴാണ് എഴുത്ത് സാധ്യമാകുന്നത്. എഴുതാന്‍ വേണ്ടി എന്തെങ്കിലും എഴുതുന്ന ആള്‍ക്ക് ഇത്തരം ആന്തരിക പ്രക്രിയകളെയൊന്നും ഉണര്‍ത്താനാവില്ല. ആരുടെയെങ്കിലും മരണമുണ്ടാക്കിയ കേവല ദുഃഖം, പ്രകൃതി വര്‍ണ്ണന, വേര്‍പാട് തുടങ്ങിയ സ്ഥിരം വിഷയങ്ങളില്‍ മാത്രമായി ചിലര്‍ ചുരുങ്ങിപ്പോകുന്നത് എഴുത്തിന് ലക്ഷ്യമില്ലാതെ പോയതുകൊണ്ടാണ്.

2. വീക്ഷണമില്ലാത്ത വിശാല വിഷയങ്ങള്‍
പഠന വിഷയങ്ങളോടാണ് തുടക്കക്കാര്‍ക്ക് പ്രിയം. എന്നാല്‍ പരന്ന വിഷയത്തെ സമീപിക്കാനുള്ള വീക്ഷണമില്ലാതെ തുടക്കക്കാരുടെ സൃഷ്ടികള്‍ നഷ്ടപ്പെട്ടു പോകുന്നു. സാമ്രാജ്യത്വമെന്നത് വിശാലമായ ഒരു വിഷയമാണ്. അതിനെ ഏതെങ്കിലും വീക്ഷണകോണിലൂടെ നോക്കിക്കണ്ടെങ്കില്‍ മാത്രമേ അത് കൈപിടിയിലൊതുങ്ങൂ. നിങ്ങള്‍ക്ക് സാംസ്കാരികമായ ഒരു വീക്ഷണ കോണുണ്ടാക്കി അതിനെ സമീപിക്കാം. അത് സാമ്പത്തികമാവാം, മതപരമാവാം, അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ കണ്ണിലൂടെയാവാം. അവിടെ നിന്നും ഇവിടെ നിന്നും വായിച്ചതു കോര്‍ത്തും ചേര്‍ത്തും വച്ചാല്‍ സൃഷ്ടിയാവില്ല.

3. ആഴത്തില്‍ കുഴിക്കാനുള്ള മടി
കാടും പൊന്തയും മേല്‍മണ്ണും മാത്രമേ പല തുടക്കക്കാരും കാണുന്നുള്ളൂ. താഴെ പാറയുണ്ടെന്നും പാറ തുരന്നാല്‍ ഉറവകളുണ്ടെന്നും അപ്രതീക്ഷിതമായി കരിമ്പാറകള്‍ കണ്ടേക്കുമെന്നുമൊക്കെ അവര്‍ അറിയാതെ പോകുന്നു; അറിഞ്ഞാല്‍ തന്നെ മനസ്സറിഞ്ഞ് കുഴിക്കാന്‍ അവര്‍ക്ക് മടിയാണ്.

4. ജീവനില്ലാത്ത എഴുത്ത്
ചിന്തകള്‍ക്കും ആശയങ്ങള്‍ക്കുമൊക്കെ ജീവനുണ്ടെങ്കിലേ എഴുത്തിനും ജീവനുണ്ടാകൂ. പ്ളാസ്റിക്ക്പൂക്കള്‍ മുറിയില്‍ സൂക്ഷിക്കുന്ന ഒരാള്‍ക്ക് പരിമളം കിട്ടുകയില്ല.
ഓര്‍മ്മയിലൂടെ, മിടിപ്പിലൂടെ, പ്രാണന്റെ പിടിച്ചിലിലൂടെ, അടങ്ങാത്ത പ്രാര്‍ത്ഥനയിലൂടെ ജീവിതത്തെ കണ്ടെത്താനുള്ള ചില എഴുത്തുവഴികളിലൂടെയാണ് സര്‍ഗവേദിയുടെ ഈ ലക്കത്തെ സഞ്ചാരം.
കാത്തിരിക്കുകയാണ്,

സ്വന്തം ചങ്ങാതി.

ഖലീല്‍ ഇന്ത്യനൂര്‍

പാഠം ഒന്ന്   തറ

ഒന്നാം ക്ളാസിലെ
ബേക്ക് ബെഞ്ചിലിരുന്ന്
ഞാനെന്റെ പൊട്ടസ്ളേറ്റില്‍
ചെത്തിമിനുക്കുമ്പോള്‍
ഓര്‍ത്തിരുന്നില്ലൊരിക്കലും
ഈ രണ്ടക്ഷരങ്ങള്‍
ഒരു നാളെനിക്കുമേല്‍
വിലാസമെഴുതുമെന്ന്.

പാഠം രണ്ട് വര

ഒന്നാം ക്ളാസിലെ
കുട്ടിപ്പെന്‍സിലുകള്‍ക്ക്
ഓത്തുപള്ളീലെന്നപോലെ
സ്കൂളിലുമുണ്ട്
നേരായൊരു രേഖ

പൊട്ടസ്ളേറ്റിലെ
ഇരുള്‍ പരപ്പില്‍
ആദ്യമരിച്ച
വെള്ളക്കീറ്

നാവിന്‍ തുഞ്ചത്ത്
രുചി നീറ്റാത്ത
എല്‍കെജിക്കാരന്
ഒന്നായ ഈ പൊരുള്‍
ഞാനെന്നായി
ചുരുങ്ങുന്നുവെങ്കിലും.

അല്ലാമ മുഹമ്മദ് ഇഖ്ബാല്‍
വിവ. അസ്ഹര്‍ പി എച്ച്. മുല്ലശ്ശേരി.

കുരുന്നുപ്രാര്‍ത്ഥന

ആഗ്രഹസാഫല്യത്തിനായ്
എന്നധരത്തില്‍ പ്രാര്‍ത്ഥന വിരിയുന്നു,
ഓ നാഥാ! എന്‍ ജീവിതം
മെഴുകുതിരിക്ക് സമാനമായ്
ലോകം മുഴുക്കെ ‘ഞാന്‍’ കാരണം
തമസ്സ് നീങ്ങട്ടെ,
എന്‍ തേജസ്സിനാല്‍
ലോകം പ്രകാശ പൂരിതമാവട്ടെ!
‘ഞാന്‍’ കാരണമാണ്-
എന്‍ രാജ്യത്തിന്‍ പ്രതാപം.
പൂങ്കാവനത്തിന്‍ പ്രതാപം
പൂഷ്പങ്ങളിലെന്ന പോല്‍
എന്‍ നാഥാ! എന്‍ ജീവിതം
മിന്നാമിനുങ്ങിന്‍ സമാനമായ്
ഓ നാഥാ! എന്‍ പ്രിയം
ദ്വീപജ്ഞാനത്തോടാണ്.
എന്റെ കര്‍മമോ-
നിരാലംബര്‍ക്ക് ആശ്രയവും
ആലംബഹീനരില്‍- ഹതാശരില്‍
പ്രിയം നല്‍കലും
എന്റെ നാഥാ, എന്നില്‍ രക്ഷ നല്‍കിയാലും
തിന്‍മയാം തമസ്സില്‍ നിന്ന്
നന്‍മയാം തേജസ്സില്‍-
എന്നെ വഴിനടത്തൂ- നാഥാ…
മുഹമ്മദ് ആഷിഖ് ആര്‍ എം
ഉള്ളടക്കങ്ങള്‍
നിന്റെ ഹൃദയ മിടിപ്പറിയാന്‍
ഇടതു നെഞ്ചില്‍ നിന്ന്
എന്റെ ചെവിയിലേക്കെന്തിനാണ്
ഒരു സ്റെതസ്കോപ്പ്?

താജുദ്ദീന്‍, ബല്ലാകടപ്പുറം

കവി

അതിര്‍ത്തിയില്‍
സ്വാതന്ത്യ്രം സ്വപ്നം കാണുന്ന
അഭയാര്‍ത്ഥിയെ
ഞാന്‍ കണ്ടു.

ട്രക്കുകള്‍ക്കിടയില്‍
റൊട്ടിക്കഷ്ണത്തിനായി
മുറവിളികൂട്ടുന്ന ബാലനെ
ഞാന്‍ കണ്ടു.

ഒലീവിന്റെ തണല്‍ തേടി
പരക്കം പായുന്ന
പ്രാണനെ
ഞാന്‍ കണ്ടു.

ആരാണ് ഞങ്ങളെന്നു-
പറഞ്ഞലറുന്ന
1ഹാറൂനിനെ
ഞാന്‍ കണ്ടു.

2സയ്യാദിന്റെ വിണ്ടുകീറിയ പാദ-
ങ്ങളില്‍ ഭ്രഷ്ടിന്റെ
മരുഭൂമിയെ
ഞാന്‍ കണ്ടു.

അഭയാര്‍ത്ഥിയുടെ
രോദനം കണ്ടയെന്റെ
അശ്രു പ്രവാഹത്തെ
ആരും കണ്ടില്ല.

1. ഹാറൂന്‍ ഹാഷിം റഷീദ്
(അഭയാര്‍ത്ഥിയുടെ ശബ്ദം)
2. തൌഫീഖ് സയ്യാദ് (1932-1971)
ഫലസ്തീന്‍ കവികള്‍

You must be logged in to post a comment Login