വിയോജിപ്പിനെകുറിച്ച് കോടതിയോടു സംസാരിക്കുന്നത് നിരര്‍ഥകമാണ്. വിയോജിപ്പാണ് നീതി ന്യായ വ്യവസ്ഥയുടെ ആധാരശില എന്നതിനാലാണത്. കോടതിമുറി യാതൊന്നും വിശുദ്ധമല്ലാത്ത ഇടമാണ്. വലിച്ചു കീറാന്‍ കഴിയുന്ന വിധത്തിലുള്ള കുറ്റം ആരോപിക്കാനാകാത്ത സല്‍പ്പേരോ തകര്‍ന്നടിയാന്‍ കഴിയാത്ത വ്യക്തിത്വമോ തുണ്ടുതുണ്ടാക്കാന്‍ അസാദ്ധ്യമായ ആശയമോ അവിടെയില്ല. ഇതാണ് വിയോജിപ്പിന്റെ സത്ത. കോടതിയെന്നാല്‍ വിയോജിപ്പിന്റെ ശ്രീകോവിലാണ്.
വ്യത്യസ്തമായ ഒരഭിപ്രായം എങ്ങനെയാണ് കോടതിമുറിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതെന്ന് എനിക്കറിയാം. ചൂടുപിടിച്ചതും ചിലപ്പോള്‍ അക്രമാസക്തവുമായ വാദപ്രതിവാദങ്ങളുണ്ടായേക്കാം. പക്ഷേ എപ്പോഴും അതെല്ലാം അവസാനിക്കുന്നത് ഒരു കപ്പു കാപ്പിയോ ചായയോ പങ്കിട്ടു കുടിക്കുന്നതിലാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ചിന്താസ്വാതന്ത്ര്യവും ആശയപ്രകടന സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും വിശ്വാസസ്വാതന്ത്ര്യവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭരണഘടനയുടെ അനുഛേദം 19 (1) എ, ബി ഭാഗങ്ങളില്‍ ആശയപ്രകടന, സംസാരസ്വാതന്ത്ര്യവും സമാധാനപരമായും ആയുധങ്ങളില്ലാതെയും സംഘം ചേരാനുള്ള സ്വാതന്ത്ര്യവും സംഘടനകളുണ്ടാക്കാനുള്ള സ്വാതന്ത്ര്യവും ഉറപ്പുവരുത്തിയിട്ടുണ്ട്. ഈ മൂന്നുതരം സ്വാതന്ത്ര്യങ്ങളും വിയോജിപ്പു പ്രകടിപ്പിക്കാനുള്ള മാധ്യമങ്ങളാണ്. അഭിപ്രായസ്വാതന്ത്ര്യത്തിലും മനഃസാക്ഷിസൂക്ഷിപ്പു സ്വാതന്ത്ര്യത്തിലും വിയോജിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വിയോജിക്കാനും വിസമ്മതിക്കാനും വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിക്കാനും ഓരോ പൗരനും അന്തര്‍ലീനമായ അവകാശമുണ്ടായിരിക്കേണ്ടതാണ്. ഭരണഘടന ഉറപ്പുവരുത്തുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യം നിശ്ചയമായും വിയോജിക്കാനുള്ള സ്വാതന്ത്ര്യം തന്നെയാണ്.
സൗജന്യമായ നിയമസഹായം ലഭിക്കാന്‍ ഓരോ പൗരനുമുള്ള അവകാശത്തെയും 1961 ലെ അഡ്വക്കേറ്റ്‌സ് ആക്ട് വഴി അഭിഭാഷകര്‍ക്കുള്ള ഉത്തരവാദിത്വങ്ങളെയും ഹനിക്കുന്ന രീതിയിലുള്ള സംഭവങ്ങള്‍ അടുത്തിടെയുണ്ടായതു കൊണ്ടാണ് ഞാനീ വിഷയം തന്നെ തിരഞ്ഞെടുത്തത്. ചില പ്രത്യേക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് പല ബാര്‍ അസോസിയേഷനുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതാണെന്നെ വിഷമിപ്പിക്കുന്നത്. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്നവരാണ് അഭിഭാഷകര്‍. സിവില്‍ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും അവര്‍ തന്നെ. അവര്‍ ചില കാര്യങ്ങളെ തങ്ങളുടെ പ്രവര്‍ത്തനപരിധിയില്‍ നിന്ന് ഒഴിച്ചു നിര്‍ത്തുന്നതു ശരിയല്ല.
എല്ലാ സമുദായത്തിനും അതിന്റേതായ നിയമങ്ങളുണ്ട്. കാലക്രമേണ ആ നിയമങ്ങള്‍ പഴഞ്ചനാകും.അപ്പോള്‍ പുതിയ തലമുറ പഴയ ചട്ടങ്ങളോട് വിയോജിക്കുകയും പുതിയ നിയമങ്ങളുണ്ടാകുകയും ചെയ്യുന്നു. നടന്നു തേഞ്ഞ വഴികളിലൂടെ എല്ലാവരും എല്ലാക്കാലത്തും നടന്നാല്‍ പുതിയ പാതകള്‍ സൃഷ്ടിക്കപ്പെടുന്നതെങ്ങിനെ? കാലങ്ങളായി നിലവിലുള്ള വ്യവസ്ഥകളെക്കുറിച്ച് ആരും ചോദ്യം ചോദിച്ചില്ലെങ്കില്‍, അവയുമായി ആരും വിയോജിച്ചില്ലെങ്കില്‍ മനസ്സിന്റെ ചക്രവാളം ഒരിക്കലും വികസിക്കില്ല. ബുദ്ധനും മഹാവീരനും ക്രിസ്തുവും മുഹമ്മദ് നബിയും ഗാന്ധിജിയും കാള്‍ മാര്‍ക്‌സുമെല്ലാം തന്നെ പഴഞ്ചന്‍ വ്യവസ്ഥകളെ ചോദ്യം ചെയ്തു മുന്നേറിയവരാണ്.
വിയോജിപ്പ് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. സാമ്പത്തിക അവകാശങ്ങള്‍ മാത്രമല്ല,സിവില്‍ അവകാശങ്ങളും പ്രധാനമായ ഒരു സമൂഹത്തില്‍ വിയോജിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വിയോജിപ്പും സംവാദങ്ങളുമുള്ളിടത്തേ മുമ്പോട്ടു പോകാന്‍ മികച്ച വഴികളുണ്ടാകൂ. ഈയ്യടുത്ത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ഇക്കാര്യം വ്യക്തമായി പറയുകയുണ്ടായി: ‘വിയോജനത്തെ ദേശദ്രോഹമായും ജനാധിപത്യവിരുദ്ധമായും കാണുന്ന നിലപാട് നമ്മുടെ ഭരണഘടനാമൂല്യങ്ങളുടെ സംരക്ഷണത്തെയും ജനാധിപത്യത്തിന്റെ വളര്‍ച്ചയെയുമാണ് അപകടത്തിലാക്കുന്നത്.’
ഭൂരിപക്ഷത്തിന്റെ അഭിപ്രായം ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ്. എന്നാല്‍ ഭൂരിപക്ഷ മേല്‍ക്കോയ്മ ജനാധിപത്യത്തിന്റെ നേര്‍വിപരീതമാണ്. നമ്മുടേതു പോലുള്ള ഒരു ജനാധിപത്യത്തില്‍ പലപ്പോഴും സര്‍ക്കാര്‍ ജനസംഖ്യയുടെ ഭൂരിഭാഗത്തിന്റെയും അഭിപ്രായത്തെ പ്രതിനിധീകരിക്കാറുമില്ല. അധികാരത്തിലേറിയ പാര്‍ട്ടിക്ക് ആകെ ജനസംഖ്യയുടെ അമ്പതു ശതമാനത്തിലധികം വോട്ടു നേടാനായെങ്കില്‍ പോലും ശേഷിച്ച 49 ശതമാനത്തിന് രാജ്യത്തിന്റെ ഭാഗധേയങ്ങളില്‍ ഇടമില്ലെന്ന് പറയാനാകുമോ? അടുത്ത തിരഞ്ഞെടുപ്പു നടത്തുന്നതു വരെ, ശേഷിച്ച 49 ശതമാനം ജനങ്ങളും മൗനം പാലിക്കണമെന്നാണോ? അവരെ എഴുതിത്തള്ളമെന്നാണോ?
നമ്മുടെ ഭരണഘടന ഉറപ്പുവരുത്തുന്ന സുപ്രധാനമായ അവകാശങ്ങളിലൊന്നാണ് വിയോജിക്കാനുള്ള അവകാശം. നിയമം ലംഘിക്കുകയോ സംഘര്‍ഷത്തെ വിളിച്ചു വരുത്തുകയോ ചെയ്യാത്തിടത്തോളം ഒരാള്‍ക്ക് മറ്റുള്ള പൗരന്മാരോടും അധികാരത്തിലിരിക്കുന്നവരോടും വിയോജിക്കാനും അയാളുടെ വിശ്വാസം പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. വിയോജിക്കാനുള്ള അവകാശം അമര്‍ച്ച ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം തീര്‍ച്ചയായും നീതിപീഠത്തിനുണ്ട്. ജനാധിപത്യപ്രക്രിയയില്‍ മാത്രമല്ല,രാജ്യത്തെ മുന്നോട്ടു നയിക്കുന്ന പ്രക്രിയയിലും പങ്കെടുക്കാന്‍ ഒരു പൗരന് അവകാശമുണ്ട്. സര്‍ക്കാരിന്റെ പ്രവൃത്തികളെ വിമര്‍ശിക്കാന്‍ പൗരന് അവകാശമുണ്ടെന്നര്‍ഥം. കാഴ്ചപ്പാടുകള്‍ സമാധാനപരമായ രീതിയില്‍ പ്രകാശിപ്പിക്കപ്പെടണം. സര്‍ക്കാരിന്റെ വഴികള്‍ നേരെയല്ലെന്ന് തോന്നുന്ന പൗരന്മാര്‍ക്ക് കൂട്ടം കൂടി പ്രതിഷേധിക്കാന്‍ കഴിയണം. പ്രതിഷേധപ്രകടനങ്ങള്‍ സമാധാനപൂര്‍ണമായിടത്തോളം കാലം അതിനെ അടിച്ചമര്‍ത്താനുള്ള അവകാശം സര്‍ക്കാരിനില്ല. രാഷ്ട്രപിതാവിന്റെ സമാധാനപൂര്‍ണമായ നിസ്സഹകരണ വഴികള്‍ പൗരന്മാര്‍ക്കും അവകാശപ്പെട്ടതാണല്ലോ.
നിയമവാഴ്ച, ജനാധിപത്യത്തെപ്പോലെത്തന്നെ, രാഷ്ട്രത്തിന്റെ അവിഭാജ്യഘടകമാണ്. അതുകൊണ്ടു തന്നെ നിര്‍ഭയവും സ്വതന്ത്രവുമായ നീതിന്യായവ്യവസ്ഥ അത്യാവശ്യമാണ്. രാഷ്ട്രീയ സ്വാധീനത്തിനതീതമായി തീരുമാനങ്ങളെടുക്കാന്‍ കഴിയുന്ന ന്യായാധിപന്മാര്‍ നമുക്കു വേണം. നിയമവാഴ്ച അസ്തമിക്കുമ്പോഴാണ് ഭരണാധികാരികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ രാജ്യത്തെ ഭരിക്കാന്‍ തുടങ്ങുന്നത്.
നിയമങ്ങള്‍ കാലാനുസൃതമായി പുതുക്കപ്പെടേണ്ടതുണ്ട്. അതിന് വിയോജിക്കാനുള്ള അവകാശം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. എല്ലാവരും ഒരേ അഭിപ്രായം ഉരുവിടുന്ന കാലം രാഷ്ട്രപുരോഗതിക്ക് വിഘാതം സൃഷ്ടിക്കും. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുള്ള ഒരാള്‍ അക്കാരണത്താല്‍ ശ്വാസം മുട്ടിക്കപ്പെടരുത്. ടാഗോര്‍ പാടി: മനസ്സു തുറക്കൂ, തനിയെ നടക്കൂ/പേടി കളയൂ, തനിയെ നടക്കൂ.
വിയോജിപ്പ് വളരെ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കേണ്ട ഒന്നാണ്. വിയോജിക്കാന്‍ വേണ്ടി മാത്രം വിയോജിക്കുന്നത് ആ അവകാശത്തിന്റെ വില കളയും. എ കെ ഗോപാലന്‍ കേസില്‍ ജസ്റ്റിസ് ഫസല്‍ അലി ഇത്തരത്തില്‍ ഉത്തരവാദിത്വത്തോടെ വിയോജിക്കാനുള്ള അവകാശം ഉപയോഗിക്കുകയുണ്ടായി. കരുതല്‍ തടങ്കലിലുള്ള തടവുകാരുടെ അവകാശങ്ങളെ സംബന്ധിച്ചുള്ളതായിരുന്നു ആ വേറിട്ട തീരുമാനം. ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ചരിത്രത്തില്‍ ഇത്തരം വേറിട്ട വിയോജനക്കുറിപ്പുകള്‍ എമ്പാടുമുണ്ടായിട്ടുണ്ട്. ആധാര്‍ കേസില്‍ ജസ്റ്റിസ് ചന്ദ്രചൂഢും അത്തരത്തില്‍ വിധി പറയുകയുണ്ടായി. നമ്മുടെ ഭരണഘടന ഒരു സ്ഥാപനത്തിനും പരമാധികാരം നല്‍കിയിട്ടില്ല എന്നാണ് അദ്ദേഹം കുറിച്ചിട്ടത്. ശബരിമല കേസില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും ഇത്തരത്തില്‍ നിര്‍ഭയമായി വിയോജിപ്പ് രേഖപ്പെടുത്തുകയുണ്ടായി. ശബരിമലയിലേക്ക് സ്ത്രീകള്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം ഭരണഘടനയുടെ പതിനേഴാം അനുഛേദത്തിനുള്ളില്‍ വരുന്നില്ല എന്നാണവര്‍ എഴുതിയത്.
വിയോജിക്കാനുള്ള അവകാശം വിമര്‍ശിക്കാനുള്ള അവകാശമാണ്. നിയമവ്യവസ്ഥ വിമര്‍ശനങ്ങള്‍ക്ക് അതീതമല്ല. വിമര്‍ശനമുണ്ടെങ്കില്‍ മാത്രമേ പുരോഗതിയുള്ളൂ. വിമര്‍ശനത്തോടൊപ്പം ആത്മപരിശോധനയും ആവശ്യമാണ്. നീതിപീഠത്തിന്റെയും ഭരണവര്‍ഗത്തിന്റെയുമെല്ലാം വിമിര്‍ശനത്തെ ദേശദ്രോഹമെന്ന് എഴുതിത്തള്ളാനാകില്ല. വിയോജിപ്പുകളെ അമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ നാമൊരു പൊലീസ് രാഷ്ട്രമായി മാറുകയാണ്. ശിരസ്സുന്നതവും ഹൃദയം ഭയമൊഴിഞ്ഞതുമായ ഒരു രാഷ്ട്രമാണ് നമ്മുടെ പൂര്‍വികന്മാര്‍ വിഭാവനം ചെയ്തിട്ടുള്ളത്. അത്തരമൊരു രാഷ്ട്രം നിലനിര്‍ത്തേണ്ടത് ഓരോ പൗരന്റെയും കടമയാണ്.
(കടപ്പാട് : ദ വയര്‍)
ജസ്റ്റിസ് ദീപക് ഗുപ്ത
You must be logged in to post a comment Login