പ്രിയപ്പെട്ട സുഹൃത്തുക്കളേ, സഖാക്കളേ, സഹഎഴുത്തുകാരേ! ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധികള്‍ നടത്തിയ പ്രസംഗങ്ങളാല്‍ ജ്വലിച്ചും പൊലീസിന്റെ സഹായത്തോടെയും മാധ്യമങ്ങളുടെ പിന്തുണയോടെയും കോടതി ഒരു ചുക്കും ചെയ്യില്ലെന്ന ആത്മവിശ്വാസത്തോടെയും ഫാഷിസ്റ്റ് ജനക്കൂട്ടം വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ തൊഴിലാളികളായ മുസ്ലിംകള്‍ പാര്‍ക്കുന്ന കോളനികളില്‍ സായുധാക്രമണം നാലുദിവസം മുമ്പ് അഴിച്ചുവിട്ട സ്ഥലത്തിന്റെ തൊട്ടടുത്താണ് നാമിപ്പോള്‍ നില്‍ക്കുന്നത്. ആ ആക്രമണം കുറച്ചു കാലമായി അന്തരീക്ഷത്തിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആളുകള്‍ ഏതാണ്ട് സജ്ജരായിരുന്നു. അവര്‍ സ്വയം പ്രതിരോധിച്ചു. ചന്തകളും കടകളും വീടുകളും പള്ളികളും വാഹനങ്ങളും അക്രമികള്‍ കത്തിച്ചു. നിരത്തുകളിലെല്ലാം കല്ലും അവശിഷ്ടങ്ങളുമാണ്. മോര്‍ച്ചറി നിറയെ മൃതശരീരങ്ങളാണ്. ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും, അതിലൊരു പൊലീസുകാരനും ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി ചെയ്തിരുന്ന ചെറുപ്പക്കാരനുമുണ്ട്.
ജയ്ശ്രീറാം ആരവമുയര്‍ത്തി വന്ന ആള്‍ക്കൂട്ടമാണ് ആക്രമണം തുടങ്ങിയത്. ഇത് ഹിന്ദു-മുസ്ലിം ലഹളയല്ല. ഫാഷിസ്റ്റുകളും ഫാഷിസ്റ്റു വിരുദ്ധരും തമ്മിലുള്ള യുദ്ധമാണ്. ഫാഷിസ്റ്റുകളുടെ ആദ്യത്തെ ‘ശത്രുക്കള്‍’ മുസ്ലിംകളാണ്. അതിനെ ലഹളയെന്നോ ഇടതും വലതും തമ്മിലുള്ള പോരാട്ടമെന്നോ തിന്മയും നന്മയും തമ്മിലുള്ള ഏറ്റുമുട്ടലെന്നു പോലുമോ വിളിക്കരുത്. കൊള്ളിവെപ്പിന് പൊലീസുകാര്‍ നിഷ്‌ക്രിയരായി സാക്ഷികളാകുന്നതും ചിലപ്പോളതില്‍ പങ്കെടുക്കുന്നതും നമ്മളെല്ലാം കണ്ടതാണ്. അവര്‍ ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ ഡിസംബര്‍ 15നുണ്ടായ ആക്രമണത്തിനിടയിലെന്നതു പോലെ സിസി ടിവികള്‍ തകര്‍ക്കുന്നതും നമ്മള്‍ കണ്ടു. മുറിവേറ്റ മുസ്ലിംകളെ കൂട്ടിയിട്ടു തല്ലുന്നതും ദേശീയഗാനം പാടാന്‍ ആവശ്യപ്പെടുന്നതും നമ്മള്‍ കണ്ടു. മുസ്ലിംകളും ഹിന്ദുക്കളും ഒരു പോലെ നരേന്ദ്രമോഡിയുടെ ഭരണത്തിന്റെ ഇരകളാണ്. പതിനെട്ടു വര്‍ഷം മുമ്പു നടന്ന മറ്റൊരു കൂട്ടക്കൊലയുടെ കാലത്ത് അധികാരത്തിന്റെ തലപ്പത്തിരുന്ന് പരിചയമുള്ളയാളാണ് മോഡി.
ഈ അക്രമത്തിന്റെ കാരണങ്ങള്‍ ഇനിയുള്ള നിരവധി വര്‍ഷങ്ങളില്‍ വിശകലനം ചെയ്യപ്പെടും. എന്നാല്‍ ഇപ്പോള്‍ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ കൂടുതല്‍ വിഷം വമിപ്പിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. കാറ്റില്‍ ഇനിയും ചോരയുടെ മണമുണ്ട്. വടക്കന്‍ ഡല്‍ഹിയില്‍ കൂടുതല്‍ കൊലകളുണ്ടായില്ലെങ്കിലും ഇന്നലെയും (ഫെബ്രുവരി 29) മധ്യഡല്‍ഹിയില്‍ ആള്‍ക്കൂട്ടം ‘ദേശ് കേ ഗദ്ദരോം കോ,ഗോലീ മാരോ സാലോം കോ’ എന്ന് ആക്രോശിക്കുന്നതു കേട്ടു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് മുരളീധര്‍, മുന്‍ ബിജെപി എം എല്‍ എ കപില്‍ മിശ്ര ആ ആക്രോശം തിരഞ്ഞെടുപ്പു മുദ്രവാക്യമായി ഉപയോഗിച്ചതിനെതിരെ പൊലീസ് മൗനം പാലിച്ചതിനെ നിശിതമായി വിമര്‍ശിച്ചു. അന്ന് അര്‍ധരാത്രി തന്നെ അദ്ദേഹത്തെ പഞ്ചാബ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയും കപില്‍ മിശ്ര ക്ഷുദ്രമായ അതേ മുദ്രാവാക്യത്തോടെ തെരുവിലേക്ക് വീണ്ടും ഇറങ്ങുകയും ചെയ്തു. ജഡ്ജിമാരുമായുള്ള മല്‍പ്പിടുത്തം പുതിയതല്ല. നമുക്ക് ജസ്റ്റിസ് ലോയയുടെ കഥയറിയാമല്ലോ. നരോദ പാട്യയില്‍ 96 മുസ്ലിംകളെ കൊന്നൊടുക്കിയ കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ബാബു ബജ്റംഗിയെ യൂട്യൂബില്‍ കേട്ടു നോക്കൂ. ‘നരേന്ദ്രഭായി’ ജഡ്ജിമാരെ ‘ഒതുക്കി’ തന്നെ രക്ഷിച്ചതെങ്ങിനെയെന്ന് അയാള്‍ പറയുന്നുണ്ട്.
തിരഞ്ഞെടുപ്പുകള്‍ക്കു മുമ്പ് ഇത്തരം കൂട്ടക്കൊലകള്‍ പ്രതീക്ഷിക്കണമെന്ന് നാം പഠിച്ചുകഴിഞ്ഞിട്ടുണ്ട്. വോട്ടുകള്‍ ധ്രുവീകരിക്കാനും വോട്ടു ബാങ്കുകളുണ്ടാക്കാനും ഉപയോഗിക്കപ്പെടുന്ന പൈശാചികമായ മാര്‍ഗമാണത്. എന്നാല്‍ ഡല്‍ഹിയിലെ കൂട്ടക്കൊല തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണുണ്ടായത്. ബിജെപിയും ആര്‍എസ്എസും തിരഞ്ഞെടുപ്പില്‍ നേരിട്ട ദയനീയമായ പരാജയത്തിനുള്ള ശിക്ഷയും ബീഹാറില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനവുമായിരുന്നു അത്.
എല്ലാം രേഖകളാണ്. എല്ലാവര്‍ക്കും അതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യാം-കപില്‍ മിശ്രയുടെയും പര്‍വേശ് വര്‍മയുടെയും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെയും ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും പ്രധാനമന്ത്രിയുടെ തന്നെയും പ്രകോപനപരമായ പ്രസംഗങ്ങള്‍. എന്നാല്‍ കുറ്റം മുഴുവന്‍ എഴുപത്തഞ്ചു ദിവസങ്ങളായി പൗരത്വഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന മുസ്ലിംകളുടെ മുകളില്‍ ചുമത്തപ്പെട്ടു.
മുസ്ലിമേതര ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വത്തിലേക്ക് അതിവേഗപാത നിര്‍ദേശിക്കുന്ന പൗരത്വഭേദഗതി നിയമം അങ്ങേയറ്റം ഭരണഘടനാവിരുദ്ധവും മുസ്ലിം വിരുദ്ധവുമാണ്. ദേശീയ ജനസംഖ്യാ രജിസ്റ്ററും ദേശീയ പൗരത്വരജിസ്റ്ററും മുസ്ലിംകളെ മാത്രമല്ല, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ രേഖകളില്ലാത്തതിന്റെ പേരില്‍ പൗരത്വത്തില്‍ നിന്ന് വലിച്ചിറക്കാനുള്ള ഗൂഢതന്ത്രമാണ്. പൗരത്വം ചോദ്യം ചെയ്യപ്പെടുമ്പോള്‍ എല്ലാം ചോദ്യം ചെയ്യപ്പെടുകയാണ്-നിങ്ങളുടെ കുട്ടികളുടെ അവകാശങ്ങള്‍, നിങ്ങളുടെ വോട്ടവകാശം, ഭൂമി കൈവശം വെക്കാനുള്ള അവകാശം… പൗരാവകാശം നിങ്ങള്‍ക്കു നല്‍കുന്നത് അവകാശങ്ങളുണ്ടാകാനുള്ള അവകാശമാണ്. അസമില്‍ ഹിന്ദുക്കളും മുസ്ലിംകളും ദളിതുകളും ആദിവാസികളുമടങ്ങുന്ന ഇരുപതുലക്ഷം പേര്‍ക്ക് സംഭവിച്ചതെന്താണെന്നു നോക്കൂ. മേഘാലയയില്‍ ആദിവാസികള്‍ക്കും ആദിവാസികളല്ലാത്ത താമസക്കാര്‍ക്കുമിടയില്‍ സംഘര്‍ഷം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഷില്ലോംഗില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശവാസികളല്ലാത്തവര്‍ക്കു മുമ്പില്‍ സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കപ്പെടാം.
പൗരത്വവുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ മാറ്റങ്ങളുടെയും ഒരേയൊരു ലക്ഷ്യം ഇന്ത്യയില്‍ മാത്രമല്ല, ഉപഭൂഖണ്ഡത്തിലങ്ങോളമിങ്ങോളം ജനതയെ ഭിന്നിപ്പിക്കുകയെന്നതാണ്. ഇന്ത്യയുടെ ആഭ്യന്തരമന്ത്രി ‘ബംഗ്ലാദേശി ചിതലുകളെന്ന്’ വിളിക്കുന്നവരെ (അങ്ങിനെയുള്ളവരുണ്ടെങ്കില്‍) കരുതല്‍ തടങ്കല്‍കേന്ദ്രങ്ങളില്‍ അടക്കുകയോ നാടുകടത്തുകയോ ചെയ്യാനാകില്ല. അത്തരം മോശം ഭാഷ ഉപയോഗിക്കുകയും ക്രൂരമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യുന്നതിലൂടെ സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ബംഗ്ലാദേശിലെ ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ ജീവന്‍ അപകടത്തിലാക്കുകയാണ്. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമെല്ലാമുള്ളവര്‍ ന്യൂഡല്‍ഹിയില്‍ നിന്ന് വമിക്കുന്ന മതഭ്രാന്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കും.
1947 ല്‍ നാം കോളനിഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത് ഇന്നത്തെ ഭരണാധികാരികളൊഴിച്ച് എല്ലാവരുടെയും പ്രയത്നം കൊണ്ടാണ്. അന്നുമുതല്‍ നവോത്ഥാനപ്രസ്ഥാനങ്ങളും ജാതിവിരുദ്ധ പോരാട്ടങ്ങളും സ്ത്രീ അവകാശപ്പോരാട്ടങ്ങളും നമ്മുടെ മുമ്പോട്ടുള്ള യാത്രയിലുണ്ടായി. 1960 കളില്‍ വിപ്ലവത്തിനുള്ള ആഹ്വാനമെന്നാല്‍ നീതിയ്ക്കുള്ള പോരാട്ടമായിരുന്നു, സ്വത്തിന്റെ തുല്യമായ വിതരണത്തിനും അധികാരവര്‍ഗത്തിന്റെ അട്ടിമറിയ്ക്കുമുള്ള ആഗ്രഹമായിരുന്നു.
എന്നാല്‍ 1990 കളില്‍ നമ്മുടെ പോരാട്ടം വികസിത ഇന്ത്യയുടെ കെട്ടിപ്പടുക്കലിനിടയില്‍ സ്വന്തം മണ്ണില്‍ നിന്ന് വേരു പറിച്ചെറിയപ്പെട്ട ദശലക്ഷക്കണക്കിന് ഹതഭാഗ്യര്‍ക്കു വേണ്ടിയായി. 1200 ദശലക്ഷം ജനങ്ങള്‍ക്കുള്ള വാര്‍ഷിക ബജറ്റിനേക്കാള്‍ സമ്പന്നരായ 63 ശതകോടീശ്വരന്മാരുള്ള ഇന്ത്യയുടെ വളര്‍ച്ചയില്‍ അഭയാര്‍ഥികളാക്കപ്പെട്ടവരാണവര്‍.
ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ യാതൊരു പങ്കുമില്ലാത്തവര്‍ ഇപ്പോള്‍ നമ്മളെ പൗരത്വത്തിനു വേണ്ടി കെഞ്ചുന്നവരായി മാറ്റിയിരിക്കുകയാണ്. പൊലീസ് വര്‍ഗീയവല്‍ക്കരിക്കപ്പെടുന്നതും രാഷ്ട്രം പൗരന്മാര്‍ക്കുള്ള സംരക്ഷണം പിന്‍വലിക്കുന്നതും നീതിപീഠം ന്യായം മറക്കുന്നതും മാധ്യമങ്ങള്‍ പക്ഷം പിടിക്കുന്നതും ഉള്‍ക്കിടിലത്തോടെയാണ് നാം കാണുന്നത്.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഭരണഘടനാവിരുദ്ധമായി എടുത്തു മാറ്റപ്പെട്ടിട്ട് 210ദിവസമായി. മൂന്ന് മുന്‍ മുഖ്യമന്ത്രിമാരടക്കം ആയിരക്കണക്കിന് കശ്മീരികള്‍ തടവിലാണ്. ഏഴു ദശലക്ഷം പേര്‍ പുറംലോകത്തു നിന്ന് മുറിച്ചുമാറ്റപ്പെട്ടിരിക്കുന്നു. മനുഷ്യാവകാശലംഘനങ്ങളുടെ മഹാപ്രവാഹമാണവിടെ നടക്കുന്നത്. ഫെബ്രുവരി 26 ന് ഡല്‍ഹിയിലെ തെരുവുകള്‍ ശ്രീനഗറിലെ തെരുവുകളെ പോലെ തോന്നിച്ചു. അന്നാണ് ഏഴു മാസത്തിനു ശേഷം കശ്മീരിലെ കുട്ടികള്‍ സ്‌കൂളിലേക്കു പോയത്. ചുറ്റുമുള്ളതെല്ലാം കഴുത്തു ഞെരിക്കപ്പെടുമ്പോള്‍ സ്‌കൂളിലേക്കു പോകുന്നതില്‍ എന്തു പൊരുളാണുള്ളത്?
നിങ്ങള്‍ക്ക് ഭരണഘടനയോട് മുഴുവനായോ ഭാഗികമായോ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ അങ്ങിനെയൊന്ന് നിലവില്ലാത്തതു പോലെ ഭരണകൂടം മുമ്പോട്ടുപോകുന്നത് ജനാധിപത്യത്തെ പൂര്‍ണമായും അഴിച്ചുകളയുന്നതിനു തുല്യമാണ്. ചിലപ്പോള്‍ അതു തന്നെയായിരിക്കാം അവരുടെ ലക്ഷ്യം. ഇതാണ് കൊറോണ വൈറസിന്റെ ഇന്ത്യന്‍ രൂപം. നാം നിശ്ചയമായും രോഗബാധിതരാണ്.
ചക്രവാളത്തില്‍ പ്രത്യാശയുടെ നാളങ്ങള്‍ തെളിയുന്നില്ല. ഏതെങ്കിലും വിദേശരാജ്യമോ ഐക്യരാഷ്ട്ര സഭയോ സഹായഹസ്തങ്ങള്‍ നീട്ടുന്നില്ല. തിരഞ്ഞെടുപ്പില്‍ ജയിക്കേണ്ട ഒരു രാഷ്ട്രീയപാര്‍ട്ടിക്കും ധാര്‍മികതയുടെ പക്ഷം പിടിക്കാനാകുന്നില്ല. നമ്മുടെ ഭരണവ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുകയാണ്.
ജനകീയത കൊതിക്കാത്തവരാണ് നമുക്കിപ്പോള്‍ വേണ്ടത്. സ്വയം അപകടത്തിലേക്കെറിയാന്‍ മനസ്സുള്ളവര്‍. നേരു പറയാന്‍ ചങ്കൂറ്റമുള്ളവര്‍. ധീരരായ മാധ്യമപ്രവര്‍ത്തകര്‍ക്ക് അതു കഴിയും. ധീരരായ അഭിഭാഷകര്‍ക്ക് അതു കഴിയും. ധീരരായ എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും അതു കഴിയും. കവികള്‍ക്കും സംഗീതകാരന്മാര്‍ക്കും ചലച്ചിത്രകാരന്മാര്‍ക്കും അതു കഴിയും. നമുക്ക് ഏറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഒരു ലോകം നേടിയെടുക്കേണ്ടതുമുണ്ട്.
(മാര്‍ച്ച് ഒന്നിന് ജന്തര്‍ മന്തറില്‍ നടന്ന സി എ എ വിരുദ്ധ പ്രക്ഷോഭത്തില്‍ നടത്തിയ പ്രഭാഷണം)
അരുന്ധതി റോയ്
You must be logged in to post a comment Login