കൊറോണ വൈറസ് മൂലമുണ്ടാകുന്ന കോവിഡ് 19 എന്ന രോഗം ഏതാണ്ട് അനിയന്ത്രിതമായ അവസ്ഥയിലേക്ക് ലോകത്തെ കൊണ്ടെത്തിക്കുന്നു. ചൈനയില്‍ തുടങ്ങി ഇറാനിലേക്കും ഇറ്റലിയിലേക്കും ദക്ഷിണ കൊറിയയിലേക്കും മരണദൂതുമായി എത്തിയ ഈ വൈറസ് യു എസ് എ, ഫ്രാന്‍സ്, ജര്‍മനി, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളിലും ജീവനെടുത്തുകഴിഞ്ഞു. ഇന്ത്യയില്‍ ആദ്യമായി കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണ്. ചൈനയില്‍ നിന്ന് അസുഖബാധിതരായി എത്തിയ മൂന്നു പേരെ ചികിത്സിച്ച് ഭേദമാക്കാനും അവരില്‍ നിന്ന് പടരുന്നത് തടയാനും കേരളത്തിന് സാധിച്ചു. ഇതിന് ശേഷമാണ് ഇന്ത്യയില്‍ വീണ്ടും കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. തൊട്ടുപിറകെ ഇറ്റലിയില്‍ നിന്ന് കേരളത്തിലെത്തിയ ഒരു കുടുംബത്തിനും അവരില്‍ നിന്ന് ബന്ധുക്കളായ രണ്ടുപേര്‍ക്കും രോഗം ബാധിച്ചുവെന്ന് കണ്ടെത്തി. രാജ്യത്ത് ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.
എബോള, സാര്‍സ്, നിപ തുടങ്ങിയവയെപ്പോലെ അത്ര മാരകമല്ലെങ്കിലും രോഗവ്യാപന സാധ്യത ഇവയേക്കാള്‍ അധികമാണെന്നതാണ് കൊറോണ വൈറസിനെ അപകടകാരിയാക്കുന്നത്. ഇപ്പറഞ്ഞതില്‍ നിപ ആദ്യഘട്ടത്തില്‍ കേരളത്തെ ഭീതിയിലാഴ്ത്തിയിരുന്നു. നിപയുടെ രണ്ടാം വരവ് അത്രത്തോളം ഭീതിദമായിരുന്നില്ല. രണ്ട് കേസുകളിലും രോഗ നിയന്ത്രണത്തിന്, ലോകത്തിന് തന്നെ മാതൃകയാകാവുന്ന പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കേരളത്തിലെ ആരോഗ്യമേഖലക്ക് സാധിച്ചു. ആരോഗ്യ സംവിധാനത്തിന്റെ നിര്‍ദേശങ്ങളോട് സഹകരിക്കാന്‍ തയാറായ ജനം ഒറ്റക്കെട്ടായി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയും ചെയ്തു. കോവിഡ് 19ന്റെ കാര്യത്തിലും അതുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. കേരളത്തിലേത് പോലെ സുഘടിതമായ പൊതു ആരോഗ്യ സംവിധാനമില്ലാത്ത ഇതര സംസ്ഥാനങ്ങളില്‍ രോഗവ്യാപനമുണ്ടായാല്‍ അത് രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടാനുള്ള സാധ്യത ഏറെയാണ്. ഇതര സംസ്ഥാനങ്ങളിലെ രോഗ വ്യാപനം കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുകയും ചെയ്യും.
കോവിഡ് 19ന്റെ വ്യാപനം സമൂഹിക, സാമ്പത്തിക ആരോഗ്യത്തെക്കൂടി ബാധിക്കുന്നുവെന്നതും അതിന്റെ ആഘാതം എത്രത്തോളമുണ്ടാകുമെന്നതും ഏറെ പ്രധാനമാണ്. ആഗോള സമ്പദ്്വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് ഏതാണ്ട് ഒരു വര്‍ഷമായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ചൈനയുള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ വളര്‍ച്ചാവേഗം കുറഞ്ഞതും 2008ലെ ആഗോളമാന്ദ്യത്തില്‍ തകര്‍ന്ന അമേരിക്കന്‍ സമ്പദ്്വ്യവസ്ഥയുടെ തിരിച്ചുവരവിന് പ്രതീക്ഷിച്ച വേഗമില്ലാതെ പോകുന്നതുമാണ് വീണ്ടുമൊരു മാന്ദ്യത്തിലേക്ക് എന്ന മുന്നറിയിപ്പിന് ആധാരമായത്. കോവിഡ് 19 മാന്ദ്യത്തിലേക്കുള്ള യാത്രയുടെ വേഗം കൂട്ടാനുള്ള സാധ്യത ഏറെയാണ്.
രോഗം കൂടുതല്‍ പടരാനുള്ള സാധ്യത ചുരുക്കുന്നതിന് കേരള സര്‍ക്കാര്‍ ഇതിനകം പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ആദ്യമെടുക്കാം. ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ ഉത്സവങ്ങളും പൊതുപരിപാടികളും റദ്ദാക്കി, സിനിമാ തിയറ്ററുകള്‍ അടച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. കേരളത്തില്‍ ക്ഷേത്രോത്സവങ്ങളുടെ സീസണാണ് ഇപ്പോള്‍. അഞ്ച് ലക്ഷം മുതല്‍ ബഹുകോടികള്‍ വരെ ചെലവ് വരുന്ന ഉത്സവങ്ങള്‍. ഇവയാകെ ഇല്ലാതാകുമ്പോള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെടുന്ന പണത്തിന്റെ അളവ് വളരെ വലുതാണ്. ഉത്സവങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്ന ട്രൂപ്പുകള്‍ മാത്രമെടുക്കാം. അവയുടെ വരുമാനം നിലയ്ക്കുക എന്നാല്‍ അതില്‍ അംഗങ്ങളായവരും അവരുടെ കുടുംബവും സാമ്പത്തിക പ്രതിസന്ധിയിലാകുക എന്നാണ് അര്‍ഥം. അവര്‍ ചെലവ് നിയന്ത്രിക്കാന്‍ തുടങ്ങുന്നത് അവരുടെ ചുറ്റുവട്ടത്തെ വിപണിയെ ബാധിക്കും. ഉത്സവത്തിലെ കലാപരിപാടി ഒരിനം മാത്രമാണ്. ഇങ്ങനെ റദ്ദാക്കപ്പെടുന്ന പരിപാടികള്‍ ഏറെയുണ്ട്, അതിലൂടെ ഇല്ലാതാകുന്ന ക്രയവിക്രയവും.
രോഗബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കേരളത്തിലെ വിനോദ സഞ്ചാര മേഖല ആശങ്കയിലായിരുന്നു. പുതിയ കേസുകള്‍ വന്നതോടെ ആ മേഖല നിശ്ചലമായിരിക്കുന്നു. പ്രതിവര്‍ഷം 45,000 കോടി രൂപയുടെ ക്രയിവിക്രയം നടക്കുന്ന ഈ മേഖല, ആഭ്യന്തര വിനോദ സഞ്ചാരം വര്‍ധിക്കുന്ന സീസണില്‍ (മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍) നിശ്ചലമാകുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം ഭീമമാണ്. വിനോദസഞ്ചാരികള്‍ എത്താതാകുമ്പോള്‍ ഈ കേന്ദ്രങ്ങളുടെ ചുറ്റുവട്ടങ്ങളില്‍ നടത്തപ്പെടുന്ന വാണിജ്യസ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാകും. ടൂറിസ്റ്റ് ഹോമുകള്‍, റസ്റ്റോറന്റുകള്‍, വാണിജ്യസ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് തത്കാലത്തേക്കെങ്കിലും പുറത്താക്കപ്പെടുന്ന ജീവനക്കാരുടെ എണ്ണം കൂടും. ഇവരുടെ വരുമാനം നിലയ്ക്കുന്നത്, കുടുംബങ്ങളെ മാത്രമല്ല പ്രാദേശിക സമ്പദ്്വ്യവസ്ഥയെക്കൂടി ബാധിക്കും.
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ചില ഗള്‍ഫ്്രാഷ്ട്രങ്ങളെങ്കിലും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെ നിന്നുള്ള ഉത്പന്നങ്ങളുടെ കയറ്റുമതി തത്കാലത്തേക്ക് നിരോധിക്കാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ വന്നാല്‍ അതുണ്ടാക്കുന്ന നഷ്ടം ചെറുതാകില്ല. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉംറ തീര്‍ഥാടനം നിര്‍ത്തിവെക്കാന്‍ സഊദി അറേബ്യ തീരുമാനിച്ചതോടെ ആയിരക്കണക്കിന് മലയാളികളുടെ യാത്രയാണ് റദ്ദാക്കപ്പെട്ടത്. ഇതുമൂലം വലിയ നഷ്ടം നേരിടേണ്ടി വന്ന ട്രാവല്‍ എജന്‍സികളും അതിന്റെ നടത്തിപ്പുകാരും അവരുടെ ഇതര ചെലവുകള്‍ വെട്ടിക്കുറച്ച് പ്രതിസന്ധിയെ നേരിടാനാകും ശ്രമിക്കുക. ഇതും വിപണിയിലേക്കുള്ള പണമൊഴുക്കിനെ പ്രതികൂലമായി ബാധിക്കും. വിപണിയിലേക്ക് പണമൊഴുകുന്നത് കുറയുകയും ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കുകയും ചെയ്താല്‍ ഉത്പാദനം കുറയ്ക്കാന്‍ ചെറുകിട മുതല്‍ വന്‍കിട വരെയുള്ള ഉത്പാദകര്‍ നിര്‍ബന്ധിതമാകും. അവിടങ്ങളില്‍ നിന്ന് തൊഴിലാളികള്‍ പുറംതള്ളപ്പെടാനുള്ള സാധ്യതയും കാണണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ തന്നെ കേരളം നേരിടാന്‍ ഇടയുള്ള പ്രതിസന്ധിയുടെ ചെറുചിത്രമാണിത്. രോഗം കൂടുതല്‍ വ്യാപിച്ചാല്‍ ആഘാതത്തിന്റെ ആഴം കൂടും.
ഇന്ത്യന്‍ യൂണിയന്റെ അവസ്ഥ ഇതിലും മോശമായിരിക്കും. ആറോ ഏഴോ പാദങ്ങളില്‍ വളര്‍ച്ചാ നിരക്ക് ഇടിഞ്ഞുകൊണ്ടേയിരിക്കുന്ന രാജ്യത്തിന്റെ സമ്പദ്്വ്യവസ്ഥയ്ക്ക് കയറ്റുമതിയിലെ ഇടിവും ഇറക്കുമതി തടസ്സപ്പെടുന്നത് മൂലമുണ്ടാകുന്ന ഉത്പാദന നഷ്ടവും താങ്ങാനാകില്ല. റവന്യു വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കാത്ത നരേന്ദ്ര മോഡി സര്‍ക്കാരിനെ, ബാങ്കുകളുടെയും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും പ്രതിസന്ധി വലിയ പ്രയാസത്തില്‍ ആഴ്ത്തിയിട്ടുണ്ട്. രാജ്യത്തെ 130 കോടി ജനങ്ങളെ കള്ളപ്പണക്കാരെന്ന സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി, നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കിയ നരേന്ദ്ര മോഡി, ബാങ്കുകളും അതിന്റെ തലപ്പത്തുള്ളവരും കാണിച്ച ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ കാണാതിരിക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്തു. അതിന്റെ ബാക്കിയാണ് ദേവന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍, യെസ് ബാങ്ക് തുടങ്ങിയവ നേരിടുന്നത്. അവയുടെ പ്രതിസന്ധി പരിഹരിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലുള്ള പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് നിക്ഷേപം നടത്താനാണ് ഉദ്ദേശിക്കുന്നത്. യെസ് ബാങ്കില്‍ 5,000 കോടിയുടെ നിക്ഷേപം എസ് ബി ഐ നടത്തുമെന്നാണ് വിവരം. കിട്ടാക്കടത്തിന്റെ വലിയ ഭാരം ഇപ്പോള്‍ തന്നെ നേരിടുന്ന എസ് ബി ഐ, പ്രതിസന്ധിയിലായ സ്വകാര്യബാങ്കില്‍ നിക്ഷേപം നടത്തുമ്പോള്‍ പൊതുമേഖലയിലെ ബാങ്കിന്റെ കൂടി സാമ്പത്തിക അടിത്തറ ഇളകുകയാണ്. ഉത്പാദന – കാര്‍ഷിക മേഖലകളിലെ വളര്‍ച്ചാ മുരടിപ്പിനൊപ്പമാണ് ഇത്തരം പുതിയ പ്രശ്നങ്ങള്‍ രാജ്യം നേരിടുന്നത്. അതിനൊപ്പം നിലവില്‍ തന്നെ ശുഷ്‌കമായ വിപണിയിലേക്കുള്ള പണമൊഴുക്കിനെ വീണ്ടും കുറയ്ക്കുന്ന വിധത്തിലേക്ക് കോവിഡ് 19 വളര്‍ന്നാല്‍ അതിഗുരുതരമായ സാമ്പത്തികമാന്ദ്യമാകും ഇന്ത്യന്‍ യൂണിയന്‍ നേരിടേണ്ടിവരിക. സാമ്പത്തിക പ്രതിസന്ധിയ്ക്ക് മുന്നില്‍ പതറി നില്‍ക്കുന്ന, ഭാവനാപൂര്‍ണമായ നടപടികളൊന്നും ആലോചിക്കാന്‍ ത്രാണിയില്ലാത്ത കേന്ദ്രീകൃതാധികാരം കൂടിയാകുമ്പോള്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയും ചെയ്യും.
കേരളത്തിന്റെ സമ്പദ്്വ്യവസ്ഥയെ ദശകങ്ങളായി താങ്ങി നിര്‍ത്തുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്ന പണമാണ്. ഗള്‍ഫ് മേഖലയിലെ എല്ലാ രാജ്യങ്ങളിലും കോവിഡ് 19 സ്ഥിരീകരിക്കുകയും രോഗവ്യാപനം തടയുന്നതിന് വേണ്ട നിയന്ത്രണങ്ങള്‍ അവര്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ മലയാളികളുള്‍പ്പെടെ നിരവധി പേര്‍ തൊഴില്‍ ഭീഷണി നേരിടുന്നുണ്ട്. സ്വദേശിവത്കരണം വ്യാപകമായതോടെയുണ്ടായ തൊഴില്‍ നഷ്ടത്തിന് പുറമെയാണിത്. തൊഴില്‍ നഷ്ടമെന്നത് താരതമ്യേന ചെറിയ പ്രശ്നമാണ്. ഈ രാഷ്ട്രങ്ങളെ രോഗം കൂടുതല്‍ ഗ്രസിച്ചാല്‍ അവിടുത്ത സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലാകും. അതിനെ നേരിടാന്‍ ആ രാജ്യങ്ങള്‍ വരുംകാലത്ത് സ്വീകരിക്കാന്‍ ഇടയുള്ള നടപടികള്‍ പ്രവാസി മലയാളികളെയാകും കൂടുതല്‍ ബാധിക്കുക. അത് കേരളത്തെയും രാജ്യത്തെയും ബാധിക്കാനും സാധ്യതയുണ്ട്.
കൊറോണ വൈറസിന്റെ വ്യാപനം തുടങ്ങിയത് ചൈനയിലാണ്. അവിടെ രോഗബാധ നിയന്ത്രണ വിധേയമായി വരികയാണെന്നാണ് പ്രസിഡന്റ് സി ജിന്‍ പിംഗ് പറയുന്നത്. രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെങ്കിലും വൈറസ് പടരുന്നത് പൂര്‍ണമായി തടയാന്‍ ആയിട്ടില്ല. ആഗോളതലത്തിലെ തന്നെ നിര്‍മാണഹബ്ബാണ് ചൈന ഇപ്പോള്‍. ഏതാണ്ടെല്ലാ കമ്പനികളുടെയും പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത് അവിടെയാണ്. ചൈനയില്‍ നിന്നുള്ള കയറ്റുമതി കുറഞ്ഞത്, ഇന്ത്യയുള്‍പ്പെടെ ഏതാണ്ടെല്ലാ രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട്. നമ്മുടെ ധനമന്ത്രി തോമസ് ഐസക്ക് ചൂണ്ടിക്കാണിക്കുന്ന ഉദാഹരണം മാത്രം മതി അതിന്റെ ആഘാതം മനസ്സിലാക്കാന്‍. കോവിഡ് 19 ബാധിക്കാന്‍ തുടങ്ങിയതോടെ വിപണിയില്‍ മരുന്നുകളുടെ (ഇതര ചികിത്സകള്‍ക്കുള്ളത്) ലഭ്യത കുറഞ്ഞിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞ് കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തില്‍ നിന്ന് കൂടുതല്‍ മരുന്നുത്പാദിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മരുന്നുല്‍പ്പാദനത്തിന് വേണ്ട ഘടകപദാര്‍ഥങ്ങളിലൊന്ന് വരേണ്ടത് ചൈനയില്‍ നിന്നാണ്. അത് വരാത്തതിനാല്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ സാധിക്കുന്നില്ല. കേരളത്തിലെ ഒരു മരുന്നു നിര്‍മാണ ശാലയുടെ സ്ഥിതി ഇതാണെങ്കില്‍ ലോകത്തെ പല മരുന്നുല്‍പ്പാദനശാലകളുടെയും സ്ഥിതി വ്യത്യസ്തമാകാനിടയില്ല.
ഇലക്ട്രോണിക് ഉപകരണങ്ങള്‍, കെട്ടിട നിര്‍മാണ സാമഗ്രികള്‍ തുടങ്ങി കളിപ്പാട്ടം വരെയുള്ളവയുടെ കാര്യത്തില്‍ ചൈനയെ ആശ്രയിക്കുന്ന അവസ്ഥയാണ് ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങള്‍ക്കും. ചൈനയില്‍ നിന്ന് ഇറക്കുന്ന ഘടക പദാര്‍ഥങ്ങള്‍ ഉപയോഗിച്ചുള്ള നിര്‍മാണം തടസ്സപ്പെടുകയോ ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ ഉപയോഗിച്ചുള്ള നിര്‍മാണങ്ങള്‍ സ്തംഭിക്കുകയോ ചെയ്താല്‍ ഉത്പാദന – നിര്‍മാണ മേഖലകള്‍ സ്തംഭിക്കും. ഇതുണ്ടാക്കാന്‍ ഇടയുള്ള സാമ്പത്തിക നഷ്ടവും തൊഴില്‍ നഷ്ടവും രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തെ വലിയ തോതില്‍ പിന്നാക്കം വലിക്കുന്നതായിരിക്കുമെന്ന് ഉറപ്പ്. ഈ അവസ്ഥ വിവിധ രാഷ്ട്രങ്ങളില്‍ ഉണ്ടാകുകയും അത് തുടര്‍ ആഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാനുള്ള സാധ്യത മുന്നില്‍കാണണം. കോവിഡ് 19 നിയന്ത്രണ വിധേയമായാലും ലോകം രോഗഗ്രസ്തമായി തുടരുമെന്ന ഭീഷണമായ സാഹചര്യം നമ്മുടെ മുന്നിലുണ്ട്.
അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ ഇടിവ് സഊദി അറേബ്യ ഉള്‍പ്പെടെ എണ്ണ ഉത്പാദക രാജ്യങ്ങളുടെ വരുമാനത്തെ വലിയ തോതില്‍ ബാധിക്കും. നിര്‍മാണ മേഖല സ്തംഭിച്ചതോടെ ചൈനയുള്‍പ്പെടെ രാജ്യങ്ങള്‍ എണ്ണ വാങ്ങുന്നത് കുറച്ചതാണ് വില വലിയ തോതില്‍ ഇടിയാന്‍ കാരണം. വൈറസ് ബാധയൊഴിഞ്ഞതിന് ശേഷമേ ഈ സാഹചര്യത്തിലൊരു മാറ്റം പ്രതീക്ഷിക്കേണ്ടതുള്ളൂ. ഓഹരിക്കച്ചവടത്തിന്റെ ഊഹവിപണികളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തകര്‍ച്ച, ദശലക്ഷം കോടികളുടെ നഷ്ടമാണ് നിക്ഷേപകര്‍ക്കുണ്ടാക്കിയത്. മുകേഷ് അംബാനിയുടെ കമ്പനികളുടെ ഓഹരിമൂല്യത്തില്‍ മാത്രം 580 കോടി ഡോളറിന്റെ ഇടിവുണ്ടായി.
ഒരു സൂക്ഷ്മാണു മനുഷ്യ ജീവനൊപ്പം ലോകത്തിന്റെ സാമ്പത്തിക ആരോഗ്യത്തെക്കൂടി ഭീഷണിയില്‍ നിര്‍ത്തിയിരിക്കുന്നു. ആഗോളവത്കരണവും കുത്തകവത്കരണവും കൂടിയാണ് സൂക്ഷ്മാണുവിന് സാമ്പത്തിക ആരോഗ്യത്തെ ആക്രമിക്കാന്‍ കൂടുതല്‍ തുറന്ന അവസരം നല്‍കിയിരിക്കുന്നത്.
രാജീവ് ശങ്കരന്‍
You must be logged in to post a comment Login