വുഹാനില്‍ നോവല്‍ കൊറോണ വൈറസ് പടരാന്‍ തുടങ്ങിയപ്പോള്‍ ആരോഗ്യമേഖലയിലെ വിദഗ്ധര്‍ക്ക് അതേക്കുറിച്ചു മുന്നറിയിപ്പു നല്‍കിയ ഡോക്ടര്‍ ലീ വെന്‍ ലിയാങ്ങിനോട് ചൈന സ്വീകരിച്ച സമീപനം ലോകം കണ്ടതാണ്. ഭരണനിര്‍വഹണ സംവിധാനത്തില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് കുറ്റപ്പെടുത്തി വെന്നിനെതിരേ അന്വേഷണം തുടങ്ങുകയാണ് അവിടത്തെ ഭരണകൂടം ചെയ്തത്. വെന്‍ ആയിരുന്നു ശരി എന്ന് ബോധ്യപ്പെട്ടപ്പോഴേയ്ക്ക് അദ്ദേഹം അതേ മഹാമാരിയുടെ ഇരയായി മരണത്തിന് കീഴടങ്ങിയിരുന്നു.
സ്വന്തം ജീവനുപോലും ഭീഷണിയുണ്ടെന്ന് അറിഞ്ഞുകൊണ്ട്, കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ രാപ്പകല്‍ അണിചേരുന്ന വെന്നിനെപോലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കുമുന്നില്‍ ശിരസ്സുനമിക്കുകയാണിന്ന് ലോകം. അതിനിടെ, കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ആരോഗ്യവകുപ്പ് കഴിഞ്ഞയാഴ്ച ഒരു ഉത്തരവിറക്കി. കൊറോണ മഹാമാരിയെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കുകയോ സര്‍ക്കാര്‍ നടപടികളെ വിമര്‍ശിക്കുകയോ ചെയ്യുന്ന ഡോക്ടര്‍മാര്‍ കര്‍ശന അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നാണ് അതില്‍ പറയുന്നത്. ഇന്റര്‍നെറ്റിനും സമൂഹമാധ്യമങ്ങള്‍ക്കും ഇപ്പോഴും നിയന്ത്രണങ്ങളുള്ള കശ്മീരില്‍ ആരോഗ്യപ്രവര്‍ത്തകരുടെകൂടി വായ മൂടിക്കെട്ടാന്‍ മഹാമാരിയെ ആയുധമാക്കുകയാണ് സര്‍ക്കാര്‍. മഹാമാരികളുടെ കാലത്ത് വിവരങ്ങളുടെ തമസ്‌കരണം എത്രമാത്രം അപകടം ചെയ്യുമെന്നു മനസ്സിലാക്കാന്‍ ചൈനയില്‍ നിന്നു പാഠം പഠിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് ഇതേക്കുറിച്ച് ‘ദ വയറി’ല്‍ എഴുതിയ റിപ്പോര്‍ട്ടില്‍ പൂജ ചാംഗോയ്വാല പറയുന്നു.
കശ്മീരിലേത് ഒറ്റപ്പെട്ട സംഭവമല്ല. ഡല്‍ഹി സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ കഴിഞ്ഞയാഴ്ച ഒരു ഉത്തരവിറങ്ങി. ആശുപത്രിയിലെ വാട്‌സാപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്മാരുടെയും അംഗങ്ങളുടെയും പേരും ഫോണ്‍ നമ്പറും ഇ മെയില്‍ ഐഡിയും നല്‍കാന്‍ എല്ലാ വകുപ്പു തലവന്മാര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പകര്‍ച്ചവ്യാധിയെപ്പറ്റി വ്യാജവാര്‍ത്ത പ്രചരിക്കുന്നത് തടയാനാണിതെന്നാണ് ഡല്‍ഹിയില്‍ കൊറോണ ചികിത്സാരംഗത്തെ ഏറ്റവും വലിയ സ്ഥാപനമായ സഫ്ദര്‍ജംഗ് ഹോസ്പിറ്റല്‍ അധികൃതര്‍ പറയുന്നത്. കൊറോണ വ്യാപനം നേരിടുന്നതിനിടയില്‍ ഇന്ത്യയിലെ മാധ്യമങ്ങളെ ഇരുട്ടില്‍ നിര്‍ത്തുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാരിന്റേത് എന്ന വിമര്‍ശനം വ്യാപകമാണ്. മഹാമാരിയെ നേരിടുന്നതിന്റെ പേരില്‍ ഇന്‍ഫര്‍മേഷന്‍ പൊലീസിങ്ങ് അഥവാ വിവര വിനിമയക്കൈമാറ്റ നിയന്ത്രണമാണ് സര്‍ക്കാര്‍ പിന്തുടരുന്നത് എന്നാണ് പരാതി. രാജ്യമെങ്ങും രോഗം വ്യാപിക്കുന്നുണ്ടെങ്കിലും ഉത്തരവാദിത്തപ്പെട്ടവര്‍ ഒരു പത്രസമ്മേളനം പോലും ഇതുവരെ നടത്തിയിട്ടില്ല. മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കേണ്ട കേന്ദ്ര ആരോഗ്യമന്ത്രി ചിത്രത്തിലില്ല. സര്‍ക്കാരിന്റെ പത്രക്കുറിപ്പ് സ്വീകരിക്കുകയല്ലാതെ സംശയങ്ങള്‍ ചോദിക്കാനുള്ള അവസരംപോലുമില്ല.
മാധ്യമങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കാതിരിക്കുമ്പോഴും വാര്‍ത്തകളില്‍ നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മറന്നില്ല. മഹാമാരിയെപ്പറ്റി സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്ന് മാധ്യമങ്ങള്‍ക്കു നിര്‍ദേശം നല്‍കണം എന്നതായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട ലോക് ഡൗണില്‍ ജീവനോപാധിയും യാത്രാസൗകര്യങ്ങളും നഷ്ടപ്പെട്ട ആയിരക്കണക്കിന് മറുനാടന്‍ തൊഴിലാളികള്‍ ഏതുവിധേയനും നാട്ടിലെത്താനായി ബസ് സ്റ്റേഷനുകളില്‍ തടിച്ചുകൂടിയത് ടെലിവിഷന്‍ ചാനലുകളിലും പത്രങ്ങളിലും വരുന്ന വ്യാജവാര്‍ത്തകള്‍ കാരണമാണെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വാദിച്ചത്. മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തിന് വഴങ്ങിയില്ലെങ്കിലും വ്യാജവാര്‍ത്തകള്‍ തടയുന്നതിന് ഔദ്യോഗിക വിശദീകരണങ്ങളെ ആശ്രയിക്കാന്‍ ശ്രദ്ധിക്കണമെന്ന് മാധ്യമങ്ങളെ ഉപദേശിക്കാന്‍ കോടതി മറന്നില്ല. മറുനാടന്‍ തൊഴിലാളികളുടെ പലായനത്തിന് വഴിവെച്ചത് വ്യാജവാര്‍ത്തകളാണെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെടുകയും ചെയ്തു.
സുപ്രീംകോടതിയില്‍നിന്ന് ആദ്യമായാണ് ഇത്തരമൊരുത്തരവ് ഇറങ്ങുന്നത് എന്ന് കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധാ ഭാസിന്‍ പറയുന്നു. അവ്യക്തമാണത് എന്നതാണ് പ്രധാന പ്രശ്‌നം. സര്‍ക്കാര്‍ നല്‍കുന്ന ഔദ്യോഗിക വിവരങ്ങളാണ് മാധ്യമങ്ങള്‍ നല്‍കേണ്ടത് എന്ന് കോടതി പറയുന്നു. എന്നാല്‍ അതു മാത്രമേ നല്‍കാന്‍ പാടുള്ളൂ എന്ന് നിഷ്‌കര്‍ഷിക്കുന്നുമില്ല. കോടതിയെ മുഖ്യ സെന്‍സറാക്കി മാറ്റാനാണ് സോളിസിറ്റര്‍ ജനറലിന്റെ ശ്രമമെന്ന് ‘ദ ഹിന്ദു ബിസിനസ് ലൈന്‍’ മുഖപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തിന് പൂര്‍ണമായും വഴങ്ങിയില്ലെങ്കിലും സെന്‍സര്‍ഷിപ്പിന് വഴിവെച്ചേക്കാവുന്നതാണ് ഈ വിധിയെന്ന് ‘ദ വയര്‍’ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന്‍ ചൂണ്ടിക്കാണിക്കുന്നു.
അതോടൊപ്പമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നു പറഞ്ഞ് ‘ദ വയര്‍’ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജനെതിരെ പൊലീസ് കേസെടുത്തത്. പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസം അയോധ്യയില്‍ നടന്ന മത ചടങ്ങില്‍ യോഗിയും അനുയായികളും പങ്കെടുത്തെന്നും ലോക്ക് ഡൗണിലെ ചട്ടങ്ങള്‍ ലംഘിച്ച് മുഖ്യമന്ത്രി പല പരിപാടികളും പദ്ധതിയിടുന്നുണ്ടെന്നും ‘വയര്‍’ വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്തയ്‌ക്കൊപ്പം കൊറോണയില്‍ നിന്ന് ഭക്തരെ ശ്രീരാമന്‍ രക്ഷിച്ചുകൊള്ളുമെന്ന് അയോധ്യയിലെ പുരോഹിതനായിരുന്ന പരമഹംസന്‍ പറഞ്ഞതും സിദ്ധാര്‍ഥ് വരദരാജന്‍ തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതിന്റെ പേരിലാണ് കേസു വന്നത്. വിമര്‍ശിക്കുന്ന മാധ്യമങ്ങളെ വേട്ടയാടുന്നതിനു മടി കാണിക്കാത്ത ബി ജെ പി സര്‍ക്കാര്‍ ഇപ്പോള്‍ തങ്ങളുടെ കണ്ണിലെ കരടായ ‘വയര്‍’നെ കുടുക്കാന്‍ പകര്‍ച്ച വ്യാധിയെ കരുവാക്കുകയാണെന്നാണ് കരുതപ്പെടുന്നത്. സുപ്രീംകോടതിയിലെ സര്‍ക്കാര്‍ വാദവും ‘വയര്‍’നെതിരായ നടപടിയും ഒരുപോലെ ആശങ്കാജനകമാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
മഹാമാരിയ്ക്കു പ്രതിരോധം തീര്‍ക്കാനെന്ന പേരില്‍ മോഡി സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പലരും കരുതിയിരുന്നു. ഔപചാരിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും അടിയന്തരാവസ്ഥയ്ക്കു സമാനമായ അവസ്ഥയാണ് രാജ്യത്ത് ഇപ്പോള്‍ എന്ന് ഈ സംഭവങ്ങള്‍ തെളിയിക്കുന്നു. യുദ്ധം, പുറത്തുനിന്നുള്ള ആക്രമണങ്ങള്‍, ആഭ്യന്തര സംഘര്‍ഷങ്ങള്‍ എന്നിവയുണ്ടെങ്കിലേ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാവൂ എന്നാണ് ഭരണഘടനയില്‍ പറയുന്നത്. ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മഹാമാരിയെ നേരിടുന്നതിന് കടുത്ത നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന രണ്ടു നിയമങ്ങള്‍ നിലവിലുണ്ടെന്ന് ‘ദ വയറി’ല്‍ എഴുതിയ ലേഖനത്തില്‍ സഞ്ജയ് ഘോഷ് പറയുന്നു. 1897ലെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം അഥവാ എപിഡെമിക് ഡിസീസ് ആക്ട് (ഇഡിഎ), 2005ലെ ദുരന്ത നിവാരണ നിയമം അഥവാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമം (ഡിഎംഎ) എന്നിവയാണവ.
പത്തൊമ്പതാം നുറ്റാണ്ടില്‍, വ്യക്തികളുടെ മൗലികാവകാശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണഘടന നിലവില്‍ ഇല്ലാതിരുന്ന കാലത്ത്, അതിന്റെ നിയന്ത്രണമില്ലാതെ അന്നത്തെ കൊളോണിയല്‍ ഭരണകൂടം ആവിഷ്‌ക്കരിച്ച നിയമമാണ് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം. പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്നതും അത് പടരുന്നതും തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് അധികാരികള്‍ക്ക് അധികാരം നല്‍കാനുള്ള വ്യവസ്ഥ ഇതിലുണ്ട്. ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതി തയാറാക്കുന്നതിനായി ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളില്‍ അധികാരികളെ നിയമിക്കാന്‍ ദുരന്ത നിവാരണ നിയമത്തില്‍ വകുപ്പുണ്ട്. ദുരന്തങ്ങള്‍ ബാധിച്ചതോ ബാധിക്കാന്‍ സാധ്യതയുള്ളതോ ആയ പ്രദേശത്തിനകത്തോ അവിടെ നിന്നോ ജനങ്ങളുടെയും വാഹനങ്ങളുടെയും ചലനം നിയന്ത്രിക്കാനോ തടയാനോ ഉളള അധികാരം ഇത് അധികൃതര്‍ക്കു നല്‍കുന്നു. സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച് രാജ്യത്തെ അടച്ചുപൂട്ടുന്നതിന് ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ഈ നിയമങ്ങള്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നു.
കൊറോണ വൈറസ് ബാധ നേരിടാനുള്ള ശ്രമങ്ങള്‍ ഏറെക്കുറെ സുതാര്യമായി നടക്കുന്ന, ഓരോ ദിവസത്തെയും വിവരങ്ങള്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് വിശദീകരിക്കുന്ന കേരളത്തില്‍പോലും മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലോക്ഡൗണില്‍ യഥാസമയം ഭക്ഷണം ലഭിക്കാതെ പൈപ്പ് വെള്ളം കുടിക്കുന്നയാളുടെ ചിത്രം പത്രത്തില്‍ പ്രസിദ്ധീകരിച്ചതിന് മാധ്യമം ദിനപത്രം കോഴിക്കോട് ബ്യൂറോയിലെ ഫോട്ടോഗ്രാഫര്‍ ബൈജു കൊടുവള്ളിക്കെതിരെ മുക്കം നഗരസഭാ ചെയര്‍മാന്റെ പരാതിയില്‍ മുക്കം പൊലീസ് കേസെടുത്തതാണ് ഒടുവിലത്തെ സംഭവം. കൊറോണയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ഇടയില്‍ ഭീതി പരത്തി ലഹളയുണ്ടാക്കണമെന്നും മുനിസിപ്പാലിറ്റി അധികൃതരെ അപകീര്‍ത്തിപ്പെടുത്തണമെന്നുമുള്ള ഉദ്ദേശ്യത്തോടെ ഫോട്ടോ എടുത്തു പ്രസിദ്ധീകരിച്ചു എന്നാണു ബൈജുവിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. വര്‍ഷങ്ങളായി മുക്കം ബസ് സ്റ്റാന്‍ഡില്‍ അന്തിയുറങ്ങുന്ന പുതുപ്പാടി സ്വദേശിയുടെ ചിത്രമാണ് പത്രത്തില്‍ വന്നത്. ഈ ചിത്രം പകര്‍ത്തിയത് അദ്ദേഹം പട്ടിണി കിടക്കുന്നു എന്ന അര്‍ഥത്തില്‍ അല്ലെന്നും ദൈനംദിന ജീവിതക്രമത്തില്‍ വന്ന മാറ്റം തെരുവില്‍ കഴിയുന്നവരെ എങ്ങനെ ബാധിക്കുന്നു എന്നു മനസ്സിലാക്കുന്നതിനു വേണ്ടിയാണെന്നും ബൈജു കൊടുവള്ളി വിശദീകരിച്ചിട്ടുണ്ട്. എന്നിട്ടും ഗുരുതര കുറ്റങ്ങള്‍ ചുമത്തി ഫോട്ടോഗ്രാഫറെ പീഡിപ്പിക്കാന്‍ സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ നേതാവായ നഗരസഭാ ചെയര്‍മാന്‍ തുനിഞ്ഞിറങ്ങിയത് ആശങ്കാജനകമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസ്താവനയില്‍ പറയുന്നു.
കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ രക്ഷപ്പെട്ടു എന്ന വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്താന്‍ നിര്‍ബന്ധിച്ചു മാധ്യമപ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മണിക്കൂറുകള്‍ ചോദ്യംചെയ്യുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുവെക്കാന്‍ ശ്രമിക്കുകയും ചെയ്തതു രണ്ടാഴ്ച മുമ്പാണ്. പായിപ്പാട് അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തിന്റെ പേരിലും ഉറവിടം വെളിപ്പെടുത്താനും മാധ്യമപ്രവര്‍ത്തകരെ കുടുക്കാനും ശ്രമമുണ്ടായിരുന്നു. ഇഷ്ടമില്ലാത്ത വാര്‍ത്തകളോടും പ്രതികരണങ്ങളോടും ഇങ്ങനെ അസ്വസ്ഥത കാണിക്കുന്നത് സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ സവിശേഷതയാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസ്താവനയില്‍ പറയുകയുണ്ടായി.
കേരളത്തിലെയോ ഇന്ത്യയിലെയോ മാത്രം സ്ഥിതിയല്ല ഇത്. അമേരിക്കയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഭരണഘടനാ സാധുതയെക്കുറിച്ച് സംശയമുണ്ടെങ്കിലും അതിന് ജനങ്ങളുടെ കൂടി പിന്തുണ ഉണ്ടെന്നാണ് വെര്‍ജീനിയ സര്‍വകലാശാലയില്‍ പ്രൊഫസറായ മിലാ വെര്‍സ്റ്റീഗ് ദി അറ്റ്‌ലാന്റിക്കില്‍ എഴുതിയത്. ഭയം കാരണം ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെടുന്ന ജനങ്ങള്‍ അവരുടെ പൗരാവകാശങ്ങള്‍ വേണ്ടെന്ന് വെക്കാന്‍ സ്വമേധയാ തയാറാവുമെന്ന് അവര്‍ പറയുന്നു. അത് എല്ലാ ഭരണകര്‍ത്താക്കള്‍ക്കും അറിയാം. രാജ്യത്തെ പ്രമുഖ പത്രാധിപന്മാരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. നിഷേധാത്മക വാര്‍ത്തകള്‍ നല്‍കരുതെന്ന സന്ദേശമാണ് അദ്ദേഹം ആ ചര്‍ച്ചയില്‍ നല്‍കിയത്. ഭരണകൂടത്തിന് ഹിതകരമായ വാര്‍ത്തകളേ നല്‍കാവൂ എന്നു തന്നെയാണ് അതിനര്‍ഥം.
എസ് കുമാര്‍
You must be logged in to post a comment Login