പണിയെടുക്കുന്നവന്റെ കൂലിയെപ്പറ്റി പലരും ഏറെ പറയാറുണ്ട്. തൊഴിലാളികള്‍ക്ക് കൂലി നിഷേധിക്കുന്ന മൂരാച്ചിപ്രമാണികളുടെ ചങ്കുകൊത്തണമെന്ന് പറയുന്ന അതിവിപ്ളവ പാര്‍ട്ടിയെ പറ്റിയും കേട്ടിട്ടുണ്ട്. പക്ഷേ, പണിയെടുക്കാതെ വീട്ടില്‍ പുതച്ചുറങ്ങുന്നവന് അവന്റെ നിര്‍മല മനസ്സ് പരിഗണിച്ച് കൂലി കൊടുക്കണമെന്ന് പറയുന്നത്? ഒരല്പം കൂടിപ്പോവില്ലേ ആ ഉദാരത?
ഫൈസല്‍ അഹ്സനി ഉളിയില്‍
ഇന്നും വിറകുവെട്ട് നടക്കുന്ന മട്ടില്ല. കല്യാണ ദിവസം അടുത്തടുത്ത് ഇങ്ങ് തലയില്‍ കയറി. അതോര്‍ത്ത് ഉമ്മയുടെ ബി പി പരിധി വിട്ടു. ശെല്‍വം എന്ന സുന്ദരമായ പേരുള്ള അണ്ണന് ഇന്നു വരുമെന്നുറപ്പു പറഞ്ഞതാണ്. മിനിഞ്ഞാന്ന് പോവുമ്പോള്‍ മഴു എടുക്കാത്തതിനാല്‍ വരുമെന്നുറപ്പിച്ചതുമാണ്. പക്ഷേ, എന്തോ അയാള്‍ വന്നു കാണുന്നില്ല. ഇനി ഇത്രയായ സ്ഥിതിക്ക് ഒരു സാധ്യതയും കാണുന്നില്ല.
കഴിഞ്ഞ ദിവസത്തെ ആഞ്ഞുവെട്ടലില് കൂര്‍ത്ത ഒരു മരച്ചീള് ലേഹ്യം പോലെ പതുത്ത അവന്റെ തണ്ടംകാലില് തുളച്ചുകയറിയിരുന്നു. അന്നേരം, അറുത്തിട്ട മൂരിച്ചങ്കില് നിന്നെന്ന പോലെ കട്ടിച്ചോര പുറത്തുചാടിയിരുന്നു. കടുത്ത പനിയും വിറയലും വന്ന് പുതച്ചു മൂടി കടക്കുന്നുണ്ടാവും, കക്ഷി.പ്രായോഗികമായി ഇപ്പോള്‍ ചിന്തിക്കേണ്ടത് വിറകില്ലെങ്കിലും കല്യാണം എങ്ങനെ കഴിച്ചുകൂട്ടും, പ്രശ്നം എങ്ങനെ പരിഹരിക്കും എന്നൊക്കെയാണ്. ഇപ്പോള്‍ ആകെക്കൂടി ചിന്തവരുന്നത് ഒരാളെക്കുറിച്ച് മാത്രമാണ്; ശെല്‍വത്തെക്കുറിച്ച്. സുഖമുണ്ടായിരുന്നെങ്കില്‍ അവന് വരുമായിരുന്നു അതുറപ്പ്. അതിനു വേറെ ചില അയല്പക്കപരമായ കാരണങ്ങള്‍ കൂടിയുണ്ട്. പിന്നെ പറയാം. വന്നാലോ, എന്തെങ്കിലുമാക്കി സമയം കൊല്ലുകയൊന്നുമില്ല. മലപോലെ കൂട്ടിയിട്ടിരിക്കുന്ന മരത്തടികള്‍ ആഞ്ഞുകീറി കത്താന്‍ പാകത്തിലാക്കി കലാപരമായി അട്ടിവച്ചു തരും ഈ അണ്ണന്. അതിനു പിന്നിലും ഉണ്ടൊരു കഥ. അതും പിന്നെ പറയാം.
പണിയെടുത്താല്‍ മാത്രം ജീവിക്കാന്‍ പറ്റുന്ന ഒരു തൊഴിലാളിയാണ് മിസ്റര്‍ സുന്ദരന്‍ ശെല്‍വം. ഇന്ന് പണിയെടുക്കാഞ്ഞതിനാല്, ആരും അവന് കൂലികൊടുക്കില്ല. ശരി. പക്ഷേ, സുഖമില്ലാത്തതു കൊണ്ടല്ലേ അവന് പണിയെടുക്കാത്തത്? സുഖമാണെങ്കില്‍ വരുകയും ചെയ്യും. അപ്പോള്‍ ഒരു പോസിറ്റീവ് തലം വിചാരിച്ച് അവനെന്തെങ്കിലും കൊടുക്കണ്ടേ?
പണിയെടുക്കുന്നവന്റെ കൂലിയെപ്പറ്റി പലരും ഏറെ പറയാറുണ്ട്. തൊഴിലാളികള്‍ക്ക് കൂലി നിഷേധിക്കുന്ന മൂരാച്ചിപ്രമാണികളുടെ ചങ്കുകൊത്തണമെന്ന് പറയുന്ന അതിവിപ്ളവ പാര്‍ട്ടിയെ പറ്റിയും കേട്ടിട്ടുണ്ട്. പക്ഷേ, പണിയെടുക്കാതെ വീട്ടില്‍ പുതച്ചുറങ്ങുന്നവന് അവന്റെ നിര്‍മല മനസ്സ് പരിഗണിച്ച് കൂലി കൊടുക്കണമെന്ന് പറയുന്നത്? ഒരല്പം കൂടിപ്പോവില്ലേ ആ ഉദാരത?ഇല്ല, പിന്നെയോ? ഒരു സംഭവം പറയാം: ആരംഭ റസൂലുല്ലയുമായി ബന്ധപ്പെട്ട സംഭവം തന്നെ.റസൂലും(സ) സഹചരരും തബൂക്കില്‍ നിന്ന് തിരിച്ചു വരികയാണ്. വഴിമദ്ധ്യേ റസൂല്‍ (സ) ഒരു കാര്യം പറയുന്നു: “മദീനയില്‍ ചിലര്‍ വീട്ടില്‍ കഴിയുന്നുണ്ട്. യോദ്ധാക്കളായ നിങ്ങള്‍ ഏതെല്ലാം കുന്നും മലയും താണ്ടുന്നുവോ, അവിടെയെല്ലാം നിങ്ങള്‍ക്കൊപ്പം അവരുമുണ്ട്.” രോഗബാധിതരായി, വയ്യാത്തവരായി വീട്ടില്‍ ‘സുഖിച്ചിരിക്കുന്നവര്‍ക്ക്’ ശത്രുക്കളുടെ വാള്‍മുനക്ക് മുന്നിലൂടെ പിടഞ്ഞ് പോവുന്നവരുടെ അതേ കൂലിയുണ്ടത്രെ.
ഒരാളുടെ സന്നദ്ധതക്ക്, നല്ലകാര്യം ചെയ്യണമെന്ന തീര്‍ച്ചക്ക് കൂലി കൊടുക്കുന്ന അല്ലാഹുവിലേക്കാണ് ഈ ഹദീസ് നമ്മെ കൊണ്ടെത്തിക്കുന്നത്. മറ്റൊരു ഹദീസില്‍ അക്കാര്യം സ്പഷ്ടമായി പറഞ്ഞിട്ടു തന്നെയുണ്ട്. “ഒരാള്‍ രോഗിയായി. നല്ല സമയത്ത് ധാരാളം സുകൃതങ്ങള്‍ ചെയ്ത ആളായിരുന്നു അദ്ദേഹം. പക്ഷേ, ഇപ്പോള്‍ കിടപ്പിലായി. ഈയവസ്ഥയില്‍ അയാള്‍ നല്ല കാലത്ത് ചെയ്തിരുന്ന കര്‍മങ്ങളുടെ അതേ കൂലി അയാള്‍ക്ക് കിട്ടുന്നു.” ഒന്നുകൂടി തെളിയിച്ചു പറയാം: നല്ല കാലത്ത് നന്നായി സുകൃതം ചെയ്യാതെ ഒളിച്ചു കളിച്ചവന് കിടപ്പുകാലത്ത് അല്ലാഹുവിന്റെ കയ്യില്‍ നിന്ന് ഉദാരമായി കിട്ടുന്ന കൂലി നന്നെ കുറയും. മുമ്പത്തെ ഒളിച്ചുകളി പോലിരിക്കും ഇപ്പോള്‍ കിട്ടുന്ന കൂലിയും.
അപ്പോള്‍ ചെയ്തതിനല്ല ഇവിടെ കൂലി. കിടപ്പിലല്ലെങ്കില് ചെയ്യുമായിരുന്നു എന്ന ഉറപ്പിലാണ് കൂലി. നല്ലത് ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. വയ്യാത്തതുകൊണ്ടത് ചെയ്യാനാവുന്നില്ല. അപ്പോള്‍ ‘ആഹാ!! കയ്ച്ചിലായിപ്പോയി” എന്നോര്‍ത്ത് ഉള്ളാലെ ചിരിക്കുകയല്ല.
“അയ്യോ പറ്റുന്നില്ലല്ലോ” എന്നോര്‍ത്ത് ഉള്ള് ഉരുകുകയാണ് ചെയ്യുക. ആ നല്ല മനസ്സിനാണ്, ഈ പ്രതിഫലമത്രയും. ‘ഇന്നമല്‍ അഅ്മാലു…’
അല്ലാഹു അങ്ങനെയൊക്കെയാണ്. പൊതു നിര്ണയങ്ങള്ക്കപ്പുറം വാരിവാരിക്കൊടുക്കുമവന്. ജവാദാണവന്; വഹാബും.
ഇതുവ്യക്തമാവാന് ഒരു ഹദീസ് കേള്‍ക്കണം. ഒരാളൊരു നന്മ കരുതി. അത് മുറക്ക് ചെയ്യാന്‍ പറ്റിയില്ല. എങ്കില്‍ അയാള്‍ക്ക് ഒരു പ്രതിഫലം രേഖയായി. ഇനി, കരുതിയ പോലെ ചെയ്യാനൊത്തു. എങ്കില്‍ പത്ത് കൂലി. അത് എഴുനൂറു മുതല്‍ ഇരട്ടിക്കിരട്ടിയായി എത്രയും കൂടാം. ഒരാളൊരു തി•കരുതി. ചെയ്യാന്‍ തുനിഞ്ഞില്ല. ചെയ്തില്ല. എങ്കിലും കൂലി. ഇനി കരുതിയ പോലെ കാര്യമൊപ്പിച്ചു. എങ്കില്‍ ഒരു കുറ്റം മാത്രം. കൂലികൊടുപ്പില് റബ്ബുല്‍ ആലമീന്റെ ഉദാരനയം കണ്ടോ?
അപ്പോളൊരു സംശയം വരുന്നത്, കര്മത്തിനെന്ന പോലെ കര്‍മ്മം ചെയ്യാനുള്ള മാനസിക സന്നദ്ധതയ്ക്കും കൂലിയാണെങ്കില്‍ തി•ക്കെന്ന പോലെ തി•ചെയ്യാനുള്ള വിചാരത്തിനും വേണ്ടേ എന്നാണ്. ശരിക്കങ്ങനെ വേണം. അതങ്ങനെ തന്നെ മറ്റൊരു ഹദീസില്‍ നിന്ന് മനസ്സിലാവുകയും ചെയ്യും. രണ്ടുവിശ്വാസികള് വാളെടുത്ത് പരസ്പരം വെട്ടിനൊരുങ്ങി. ഒരാള്‍ തല്‍ക്ഷണം മരിച്ചു. മറ്റെയാള്‍ രക്ഷപ്പെട്ടു. എങ്കില്‍ രണ്ടു പേര്‍ക്കും നരകമെന്നാണ് തിരുവരുള്‍. ഇതേ പറ്റി സ്വഹാബത്തിനു തന്നെ സംശയം ഉയര്‍ന്നു. ഘാതകന്റെ കാര്യം ഓകെ. പക്ഷേ, കൊല്ലപ്പെട്ട പാവത്താന്റെ കാര്യമോ? അതിന് ത്വാഹാ റസൂല്‍ (സ) നല്കിയ മറുപടി, കൊല്ലപ്പെട്ടയാള്‍ മറ്റവനെ കൊല്ലാന്‍ തുനിഞ്ഞ് നില്ക്കുകയായിരുന്നല്ലോ എന്നാണ്. അപ്പോള്‍ ഇതിനര്‍ത്ഥം, ഒരാള്‍ തെറ്റു ചെയ്യാന്‍ കരുതുകയും അതിനുള്ള സാഹചര്യങ്ങള്‍ ഒത്തുവരികയും ചെയ്തിട്ടും മാറിനിന്നാല്‍ അവന് കൂലിയുണ്ടെന്നാണ്. അല്ലാതെ, ചെയ്യാന്‍ അവസരം കിട്ടാതെ പോയതുകൊണ്ടു മാത്രം ചെയ്യാതിരുന്നാല്‍ കൂലിയില്ല. ശിക്ഷ കിട്ടുകയും ചെയ്യും.
നമ്മള് ഒരാളെക്കൊണ്ട് പണിയെടുപ്പിക്കുന്നത് പണിക്കാരന്റെ കുടുംബം പുലരട്ടെ എന്ന ദയാവായ്പ് കൊണ്ടല്ല. മറിച്ച് നമുക്ക് കാര്യം കിട്ടാനാണ്. വിറക് വെട്ടിക്കിട്ടണം. പറമ്പ് കിളച്ചുകിട്ടണം. താടി മുടി വെട്ടിക്കിട്ടണം. എന്നു പറഞ്ഞാല്‍ ഇവിടെ സേവനങ്ങള്‍ ഉപയുക്തതയുമായി ഒട്ടി നില്ക്കുന്നു. ഒന്നുകൂടി വിശദീകരിച്ചു പറഞ്ഞാല്‍, ഒരാള്‍ ഒരു കാര്യത്തിനു വേണ്ടി എത്രമാത്രം കഷ്ടപ്പെടുന്നു എന്നതിലല്ല കാര്യം, അയാള്‍ ചെയ്തു തീര്‍ത്ത ഉത്പന്നം/ സേവനം എത്രയധികമുണ്ട് എന്നതിലാണ് നമ്മുടെ നോട്ടം. ആയതുകൊണ്ടാണ്, ജോലിക്ക് വൈകിയെത്തുകയും, നാസ്ത കഴിച്ച് ഏറെ നേരം പല്ലുകുത്തിക്കളിക്കുകയും, ഉച്ചച്ചോറടിച്ച് മയങ്ങി വിശ്രമിക്കുകയും നാല് മണിയാവും മുമ്പേ തടിതപ്പുകയും ചെയ്യുന്ന ഉഡായിപ്പ് ജോലിക്കാര്‍ക്ക് കൂലി എണ്ണിക്കൊടുക്കുമ്പോള്‍ സ്വന്തം മേനിയില്‍ നിന്നു പച്ചയിറച്ചി അരിഞ്ഞു കൊടുക്കുമ്പോഴുള്ള എരിവും വേദനയും തോന്നുന്നത്.
ഭൌതികമായ പ്രതിഫലഗണനയുടെ പരിമിതികളിലേക്കാണ് നാം കണ്ണ് തുറക്കുന്നത്. നമ്മള് എന്ത്, എത്രമാത്രം ആത്മാര്‍ത്ഥമായി ചെയ്തു എന്നതിലല്ല കാര്യം – മറിച്ച് കാര്യം കിട്ടാന്‍ എത്രത്തോളമുണ്ട്, അതിനനുസരിച്ചാണ് നമ്മുടെ കാര്യങ്ങള്‍ രൂപപ്പെടുന്നത്.സത്യം പറയട്ടെ, ചെയ്ത ജോലിസമയത്തുള്ള, ഒരാളുടെ ജോലി സാഹചര്യമുള്ള യഥാര്‍ത്ഥമായ മാനസിക നിലപാട് നോക്കി കൂലി കൊടുക്കാന്‍ ഭൌതികലോകത്ത് പക്ഷേ, വയ്യ. അത് സാധിക്കുക അല്ലാഹുവിനു മാത്രമാണ്.അല്ലാഹുവിന് നമ്മുടെ ചുക്കും ചുണ്ണാമ്പുമൊന്നും വേണ്ട. നിങ്ങള്‍ സാധാരണ ചെയ്യുന്ന ഇബാദത്തുകള്ക്കപ്പുറം ഒരു ദിവസം കുറെ ദിക്റും, ഓത്തും സുന്നത്തും സ്വലാത്തും ഒക്കെ അധികമായി ചെയ്തതുകൊണ്ട്, അല്ലാഹുവിന് ഒന്നും ഏറുന്നില്ല. കുറയുന്നുമില്ല. അല്ലാഹു ആഹാരമേ വേണ്ടാത്തവനാണ്. ഒരാശ്രയവും ഇല്ലാത്തവനാണ്. അപ്പോള്‍ ‘ഉപയുക്തതയുടെ’ മാനദണ്ഡത്തിലല്ല അല്ലാഹുവിന്റെ വേതന നിര്‍ണയം.
ഒരുദാഹരണം: നിങ്ങളില്‍ രണ്ടു പേര് ഒരു സാമ്പത്തിക സംരംഭത്തില്‍ പണം നിക്ഷേപിച്ചു എന്നു കരുതുക. മറ്റെയാള്‍ ചെയ്തതിന്റെ ഇരട്ടിത്തുകയാണ് നിങ്ങള്‍ ഇട്ടത്. എങ്കില്‍ ലാഭം കിട്ടുമ്പോള്‍ അയാളുടെ ഇരട്ടി അനുപാതത്തിലാണ് നിങ്ങള്‍ക്ക് കിട്ടുക; അങ്ങനെയാണ് കിട്ടേണ്ടതും.മദ്റസയുടെ രണ്ടാം നില നിര്‍മാണത്തിലേക്ക് കിട്ടിയ സംഭാവനക്കാര്യം പറയുമ്പോള്‍ അല്‍ഹാജ് അബ്ദുറഹിമാന് സേട്ടിന്റെ ആയിരം ചാക്കിനെ പറ്റിയാണ് ഉച്ചത്തില്‍ പറയുക; കൂലിപ്പണിക്കാരന് അന്തുറുമാന്റെ ഒരു ചാക്കിനെ പറ്റിയല്ല. പക്ഷേ, ഒരു വ്യത്യാസമുണ്ട്: റബര്‍ ഷീറ്റ്, ഫ്ളാറ്റ് വാടക, പറമ്പുമറി ആദിയായ വെളുപ്പുകളും പുറത്തുപറയാന്‍ പറ്റാത്ത ചില ബ്ളാക്കുകളും ചേര്‍ന്ന് മാസംപ്രതി രണ്ടര രണ്ടേ മുക്കാല്‍ ലക്ഷങ്ങള്‍ കൈയില്‍ വരുന്നതില്‍ നിന്നാണ് ഈ എണ്ണം പറഞ്ഞ ആയിരം ചാക്ക് സേട്ടുസാഹിബ് ചുരത്തിയത് എന്നതോര്‍ക്കണം. കവലയിലെ ചായ മക്കാനിയില്‍ നാല്പതുവര്ഷത്തിലേറെയായി കാര്യമായ പരിണാമങ്ങളൊന്നുമേല്ക്കാതെ പണ്ടാരി ഉദ്യോഗം കൈയാളുന്ന അന്തുറുമാന്‍ അവര്‍കള്‍, വീടുമേയല്, ഏക്ക ഗുളികകള്‍, പറ്റുപീടിക, ലോണടവ് എന്നിത്യാദികളെ ആദരപൂര്‍വം അവഗണിച്ചതില്‍ പിന്നെ കിട്ടുന്നതിന്റെ നേര്‍പകുതി കൊടുത്താലേ ഒരു ചാക്ക് സിമന്റെങ്കിലും കിട്ടൂ. നിങ്ങളുടെ കണ്ണില്‍ ആയിരം ചാക്കായിരിക്കും വലുത്. പക്ഷേ, അല്ലാഹുവിന്റെ കണക്കില്‍ വിയര്‍പ്പിന്റെ ഉപ്പു പരന്ന, ചന്ദ്രനിലാവ് പോലെ വെളുത്തു പരന്ന സംശുദ്ധ ഹലാലിന്റെ ഒരു ചാക്കായിരിക്കും ബ്ളാക്കിന്റെ വൈറല്‍ ബാധ പതിഞ്ഞ പതിനായിരത്തെക്കാള് ഗുണനീയം. മനസ്സിലാവുന്നുണ്ടോ? അറിഞ്ഞു കൊടുക്കാന്‍ അല്ലാഹുവിന് മാത്രമേ കഴിയൂ.
ശെല്‍വത്തിന്റെ കാര്യം തന്നെയെടുക്കാം. സുന്ദര്‍, ശല്‍വം മൂന്നാമത്തെ വീട്ടിലെ കള്ളടി മാസ്റര്‍ ചന്തുവിന്റെ മൂത്തമകള്‍ സുമതിയുമായി പ്രണയക്കേസുണ്ടെന്നത് നേര്‍ത്ത ഒരു വാര്‍ത്തയാണ്. ആയതുകൊണ്ട് തന്നെ, ഈ വീട്ടില്‍ വന്ന് രാവന്തിയോളം പണിയെടുക്കാന്‍ അവന് പ്രത്യേക ഉത്സാഹമാണ് താനും. കുടിച്ചു കുടിച്ച് കരള്‍ ദ്രവിച്ച ചന്തുവിന് പണവും പണ്ടവുമുണ്ടാക്കി മകളെ പറഞ്ഞയക്കാന്‍ ഈ ജ•ത്തില്‍ സാധ്യമല്ലെന്നത് നാട്ടില്‍ പാട്ടാണ്. ആയതിനാല്‍ ആ ഒരു പരിശത്തില്‍ ആര്‍ക്കും അത്ര ഇഷ്ടക്കേടില്ല താനും. മാത്രവുമല്ല, പേരില്‍ സുന്ദരം ഇല്ലെന്ന ദോഷമൊഴിച്ചാല്‍ സുമതിയും കറുപ്പിന്റെ കാര്യത്തില്‍ ശെല്വത്തെക്കാള് പിന്നിലൊന്നുമല്ല പോല്‍. നമ്മുടെ കണക്ക് കിടക്കുന്നത് സുമതി തന്നെ ഒളിഞ്ഞു നോക്കുന്നുണ്ടാവും എന്ന ധാരണയില്‍ ശെല്‍വം തന്റെ സകല ശേഷികളും ആവുന്നത്ര പ്രകടിപ്പിച്ച് ചില അതിവേഗ വിറകുവെട്ടലുകള് കാഴ്ചവെക്കാറുള്ളതിനാലാണ്. ആ കഴിവു തെളിയിക്കലില്‍ ഡെസ്ഡിമോണയെ മയക്കിക്കളഞ്ഞ ഒഥല്ലോയുടെ ഒരു പ്രണയ മനസ്സുണ്ടായിരിക്കാം. പക്ഷേ, വിറകുവെട്ട് ഇവിടെ തകൃതിയായി നടക്കുകയാണ്. എന്നാല്‍ നിങ്ങള്‍ ശ്രദ്ധിക്കണം. ശെല്‍വം എന്തായിക്കോട്ടെ, വിറകു റെഡിയാണോ എന്നല്ലേ നമ്മുടെ നോട്ടം?
കഴിഞ്ഞ ദിവസങ്ങളില്‍ ഒരിക്കല്‍ പോലും ‘നീ വിറകു വെട്ടിയത് സുമതി കാണാനാണ്. നിന്നെ രിയാഅ് ബാധിച്ചു. നിനക്ക് കൂലിയില്ല; പോ!’ എന്ന് ആരും പറഞ്ഞിട്ടില്ല. ഫലമായി ഉണ്ടായ അധികവെട്ടിന് അഞ്ച് രൂപ അധികം കൊടുക്കാനാണ് തോന്നുക. എന്നാല്‍ അല്ലാഹു അങ്ങനെയല്ല. ബാഹ്യമായി നാം ചെയ്യുന്നത് എന്തുവലിയ ആനക്കാര്യമായാലും- അതിന്റെ വലിപ്പം നോക്കി മാര്‍ക്കിടുന്ന പോയത്തക്കാരനല്ല അല്ലാഹു. ഹദീസില്ലേ – മഹ്ശറയില്‍ ആദ്യം വിളിക്കുക ഒരു ശഹീദിനെയാണെന്ന്. എന്നിട്ട് മലക്കുകളെ വിളിക്കും. അയാളെ നരകത്തിലേക്ക് തള്ളാന്‍ പറയും. അപ്പോള്‍ അയാള്‍ അവകാശ വാദമുന്നയിക്കും. ഞാന്‍ നിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷ്യം വരിച്ചു. എന്നിട്ടിപ്പോള്‍? അല്ല; നീ ‘ഞാനൊരു ധീരയോദ്ധാവാണ്’ എന്ന പ്രശസ്തിപട്ടം കിട്ടാന്‍ യുദ്ധം ചെയ്തു.ആ പേര്, പ്രശസ്തി, ശ്രുതി നിനക്ക് കിട്ടിക്കഴിഞ്ഞു. ഉം, വിട്ടോ നരകത്തിലേക്ക്.’
ഇത് ശഹീദിന്റെ മാത്രം കാര്യമല്ല. അതിനാല്‍ ആത്മീയ വേഷം ധരിച്ച് ഭൌതികതക്കായി പരക്കം പായുന്ന പ്രവര്ത്തകന്, പ്രസംഗകന്, എഴുത്തുകാരന്, അധ്യാപകന്, വിദ്യാര്‍ത്ഥി, നേതാവ്, അനുയായി, ആതിഥേയന്, ധര്മ്മിഷ്ഠന്… എല്ലാവരുമുണ്ടാവും. മാംസത്തിനും രക്തത്തിനും എല്ലുനിര്മിതമായ നെഞ്ചുകൂടിനും അകത്ത് കഴിയുന്ന ഹൃദയപ്പറവകളുടെ ഉടമസ്ഥനായ ഉടയതമ്പുരാനേ, ഞങ്ങളുടെ നിധികുംഭങ്ങളില്‍ നിക്ഷേപിക്കണമേ എന്ന് പകലിരവുകളില്‍ ഇരന്നു യാചിക്കുകയേ നിവൃത്തിയുള്ളൂ അല്ലേ!
You must be logged in to post a comment Login