അതിവേഗം പടര്‍ന്നു പിടിക്കുന്ന കോവിഡ് 19 ബാധിച്ച രോഗികളെ പരിചരിച്ചിരുന്ന നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പലരും ഈ നോമ്പുകാലത്ത് ക്വാറന്റൈനില്‍ ഏകാന്തവാസത്തിലാണ്. കോവിഡ് പോസിറ്റീവ് രോഗികളുമായുള്ള നിരന്തരമായ സമ്പര്‍ക്കത്തെ തുടര്‍ന്നാണ് ഇവര്‍ക്കും ക്വാറന്റൈനില്‍ കഴിയേണ്ടി വന്നത്. അപരിചിതമായ ഈ ലോകത്തിരുന്നാണ് ഇവര്‍ ഇത്തവണ നോമ്പെടുക്കുന്നത്. ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ നിന്നിറങ്ങുകയും വീട്ടിലേക്ക് പോകാന്‍ സാധിക്കാതിരിക്കുകയും ചെയ്തതോടെ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ പ്രത്യേക കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാണ് ഇവരും. കണ്ണൂര്‍ ഗ്രീന്‍ പാലസ് റെസിഡന്‍സിയില്‍ ക്വാറന്റൈനില്‍ ഉള്ളത് 34 പേരാണ്. ഇവരില്‍ 14 പേര്‍ നഴ്സുമാരാണ്. നോമ്പുള്ള മൂന്ന് നഴ്സുമാരും ഇവരുടെ കൂട്ടത്തിലുണ്ട്. കണ്ണൂര്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ജംഷീനത്, പാനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ലെ ജിഷാന്‍, കണ്ണൂര്‍ ജില്ല ആശുപത്രിയിലെ അജ്മല്‍.
ഏപ്രില്‍ 13 മുതല്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിനായി നിയോഗിക്കപ്പെട്ടവരായിരുന്നു മൂവരും. തുടര്‍ച്ചയായി ജോലി ചെയ്ത ഇവര്‍ക്ക് ഒടുവില്‍ ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടി വന്നു. വൃദ്ധരും കുട്ടികളും ഉള്‍പ്പെടെ 32 പോസിറ്റീവ് കേസുകളാണ് ഇവിടെയുണ്ടായിരുന്നത്. ജീവന്‍ രക്ഷിച്ചെടുക്കാനുള്ള പോരാട്ടത്തില്‍ ഇവരും സര്‍വം മറന്നു രോഗികളെ പരിചരിച്ചു. ഇതിനു ഫലമുണ്ടാവുകയും ചെയ്തു. സുഖം പ്രാപിച്ചു ഓരോരുത്തരായി ആശുപത്രിയില്‍ നിന്ന് മടങ്ങുന്നത് ഹൃദയം നിറഞ്ഞ് കാണാനായി.
വയനാട് ജില്ലക്കാരിയായ ജംഷീനത് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്സായി ജോലിയില്‍ പ്രവേശിക്കുന്നത്. കുടുംബത്തെ പിരിഞ്ഞു വിദൂരദിക്കില്‍ തൊഴിലെടുക്കുമ്പോഴും വേദനിക്കുന്നവര്‍ക്ക് ആശ്വാസം പകരാന്‍ കഴിയുന്നതിന്റെ സംതൃപ്തിയില്‍ എല്ലാം മറക്കുകയായിരുന്നു അവര്‍. ഇതിനിടയിലാണ് കോവിഡ് 19 കേരളത്തിലും റിപ്പോര്‍ട്ട് ചെയ്യപെട്ടത്. കൊവിഡ് ചികിത്സ കേന്ദ്രമായ അഞ്ചരക്കണ്ടി ആശുപത്രിയില്‍ ഡ്യൂട്ടിയെടുക്കാനായിരുന്നു ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ഇവിടെ എത്തുന്നതിനു മുമ്പുതന്നെ ആശുപത്രിയില്‍ സ്വീകരിക്കേണ്ട സുരക്ഷ മുന്‍കരുതലുകളെയും പരിചരണ രീതികളെ കുറിച്ചുമെല്ലാം വിശദമായ ക്ലാസ് ലഭിച്ചിരുന്നു. ഇതനുസരിച്ചായിരുന്നു കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നത്. ഡ്യൂട്ടിയിലിരിക്കെ ഓരോ പതിനഞ്ചുമിനുട്ടിലും സോപ്പിട്ട് കൈ കഴുകണം. മാസ്‌കും കൈയുറയും ധരിക്കണം.
പി പി ഇ കിറ്റ് ധരിച്ചു വേണം രോഗികള്‍ കിടക്കുന്ന മുറിയില്‍ പ്രവേശിക്കാന്‍. പോകുന്നതിനു മുമ്പ് ഫോണില്‍ വിളിച്ച് ആവശ്യങ്ങള്‍ ഉണ്ടോ എന്ന് ചോദിച്ചറിയണം. എങ്കിലും രോഗിയുടെ നിശ്ചിത അകലത്തില്‍ നിന്നാണ് സംസാരിക്കുക. ഭക്ഷണം, മരുന്ന് എന്നിവ കൊടുക്കാനാണ് കൂടുതലായി രോഗിയുടെ അരികിലേക്ക് പോകേണ്ടി വരിക. ശരീരം മുഴുവന്‍ മറയുന്നതിനാല്‍ ഡോക്ടര്‍ ആണോ നേഴ്സ് ആണോ വന്നിരിക്കുന്നതെന്ന് രോഗിക്ക് പോലും തിരിച്ചറിയാന്‍ കഴിയില്ല. പി പി ഇ കിറ്റ് ധരിക്കുന്നത് തന്നെ ഒരു പരീക്ഷണമാണ്: ശക്തമായ ചൂട് അനുഭവപ്പെടും.
രോഗിയുടെ കൈവശം മൊബൈലുള്ളതിനാല്‍ പുറംലോകത്തെ വാര്‍ത്തകളെല്ലാം യഥാസമയം അവരറിയും. ഒന്നും മറച്ചു വെക്കാനാകില്ല. ഓരോ ദിവസവും റിസള്‍ട്ട് അറിയാനുള്ള ആകാംക്ഷയായിരിക്കും ഓരോ മുഖത്തും. എന്ന് പുറത്തിറങ്ങാനാകുമെന്ന നിരന്തരമായ ചോദ്യങ്ങളും സംശയങ്ങളും ചോദിച്ചു കൊണ്ടിരിക്കും. രോഗികള്‍ക്ക് ഡോക്ടര്‍മാരുടെയും പരിചരിക്കുന്ന സിസ്റ്റര്‍മാരുടെയും നമ്പര്‍ നല്കി എപ്പോഴും വിളിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരുന്നു. രോഗം ഭേദമായി പോയവരുടെ വിവരങ്ങള്‍ അറിയുമ്പോള്‍, എനിക്ക് എന്ന് പോകാനാകുമെന്ന അന്വേഷണങ്ങളാകും.
മെയ് 11 വരെയാണ് ക്വാറന്റൈന്‍ കാലാവധി. മൂന്നാം നോമ്പ് മുതല്‍ ഇവിടെയുണ്ട് ഇവര്‍. നിസ്‌കരിച്ചും പരമാവധി സമയങ്ങളില്‍ ഖുര്‍ആന്‍ പാരായണം ചെയ്തും ഒറ്റപ്പെടലിനെ മറികടക്കുകയാണ്. ഡ്യൂട്ടിക്കിടെ കഷ്ടിച്ച് മാത്രമാണ് നിസ്‌കാരത്തിനു സമയം ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ധാരാളം സമയം ലഭിക്കുന്നു. വായിക്കാന്‍ പുസ്തകം എടുക്കാന്‍ പോലും അവസരം ലഭിച്ചിരുന്നില്ല. പെട്ടെന്നാണ് ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടി വന്നത്. ഇവിടെയെത്തുമ്പോള്‍ നോമ്പ് തുറക്കാനും അത്താഴത്തിനുമെല്ലാം എന്ത് ചെയ്യുമെന്ന ആശങ്കയുണ്ടായിരുന്നു. ആശങ്ക സന്തോഷത്തിന് വഴിമാറി. ഇവിടത്തെ എസ് വൈ എസ് കമ്മിറ്റി വൈകുന്നേരം അഞ്ചര മണിയാകുമ്പോഴേക്ക് ഇഫ്താര്‍വിഭവമെത്തിക്കും. അത്താഴത്തിനുള്ളത് രാത്രി എട്ടുമണിക്കു മുമ്പേ അവര്‍ തന്നെ എത്തിച്ചു തരുന്നതിനാല്‍ ആധിയില്ലാതെ നോമ്പെടുക്കാനാകുന്നു. പടച്ചവന്‍ അവര്‍ക്കതിനുള്ള പ്രതിഫലം നല്‍കട്ടെ എന്ന പ്രാര്‍ഥനയോടെയാണ് ജംഷീനത് സംസാരം അവസാനിപ്പി ച്ചത്.
ജലീല്‍ കല്ലേങ്ങല്‍പടി
You must be logged in to post a comment Login