മദീനയിലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍

മദീനയിലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍

മദീനയിലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇസ്ലാമിക സാമ്പത്തിക ദര്‍ശനത്തിലെ പ്രാരംഭ ഘട്ടമായിരുന്നു. മദീന ഒരു രാഷ്ട്രമായി പരിണമിച്ചതോടെ സാമ്പത്തിക വ്യവസ്ഥകളെ ക്രമപ്പെടുത്തല്‍ അനിവാര്യമായിത്തീര്‍ന്നു. ഖുര്‍ആനിക കല്പനകളുടെ വെളിച്ചത്തിലായിരുന്നു സാമ്പത്തിക മുന്നേറ്റങ്ങളെ തിരു പ്രവാചകന്‍ സാധ്യമാക്കിയെടുത്തത്. ഒരു വിശ്വാസിയുടെ സാമ്പത്തിക സങ്കല്‍പ്പങ്ങള്‍ എപ്രകാരമാകണമെന്ന് ഇസ്ലാം കൃത്യമായി വരച്ചുകാണിക്കുന്നുണ്ട്. പണത്തെ അല്ലാഹു ഏല്‍പിച്ച സൂക്ഷിപ്പുമുതലായിട്ടാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രമേ അവ വിനിയോഗിക്കാന്‍ പാടുള്ളൂ. ഏതൊരു സ്വത്തില്‍ അല്ലാഹു നിങ്ങളെ പ്രതിനിധി ആക്കിയോ അതില്‍ നിന്ന് ചെലവഴിക്കുക എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയതായി കാണാം. സമ്പത്ത് മനുഷ്യന്റെ ഉപജീവനമാര്‍ഗം മാത്രമാണെന്ന് സൂറത്തുന്നിസാഇലെ അഞ്ചാം അധ്യായത്തില്‍ അല്ലാഹു പരിചയപ്പെടുത്തുന്നുണ്ട്. ധൂര്‍ത്തിന്റെയും അനാവശ്യ ഉപയോഗങ്ങളുടെയും സാധ്യതകള്‍ ഇതിലൂടെ ഇല്ലാതാവുന്നു. ഒരു വിശ്വാസിയുടെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ മതപരമായ നിബന്ധനകള്‍ക്ക് വിധേയപ്പെട്ടിരിക്കുന്നു. ഇസ്ലാമിക സമ്പദ് വ്യവസ്ഥ മറ്റ് സാമ്പ്രദായിക സാമ്പത്തിക ഘടനകളില്‍ നിന്ന് വ്യതിരക്തമാകുന്നതും ഇവിടെയാണ്.

മക്കയിലെ ജനങ്ങളുടെ പ്രധാന തൊഴില്‍ കച്ചവടമായിരുന്നു. എന്നാല്‍ മദീനയില്‍ കൃഷിപ്പണിക്കാരായിരുന്നു കൂടുതല്‍. ധാന്യങ്ങളില്‍ നിന്നും കാരക്കയില്‍ നിന്നുമായിരുന്നു അവര്‍ ജീവിതോപാധി കണ്ടെത്തിയിരുന്നത്.
ലഭ്യമായിരുന്ന കച്ചവട വിപണികളെല്ലാം ജൂതന്മാരുടെ കുത്തകയായിരുന്നു. ജനസംഖ്യാപരമായി ന്യൂനപക്ഷമാണെങ്കിലും സാമ്പത്തിക ഏകാധിപത്യം അവര്‍ക്കായിരുന്നു. കൊള്ളപ്പലിശയും ജന്മികുടിയാന്‍ സംഘര്‍ഷങ്ങളും മദീനയിലെ സാമ്പത്തിക മേഖലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. അസന്തുലിതമായ ഈ സമ്പദ് വ്യവസ്ഥയില്‍ നിന്നും ഒരു ബദല്‍ മാര്‍ഗം അനിവാര്യമായിരുന്നു.
തിരു പ്രവാചകന്റെ കടന്നുവരവോട് കൂടെയാണ് മദീനയില്‍ കച്ചവടത്തിന് പുതിയ സാധ്യതകള്‍ തുറക്കുന്നത്. വിപണികളിലെ കുത്തക അവസാനിപ്പിക്കേണ്ടത് സാമ്പത്തിക ഭദ്രതക്ക് അനിവാര്യമായിരുന്നു. കച്ചവട തല്‍പ്പരരായ മക്കക്കാര്‍ എത്തിയതോടെ തിരു പ്രവാചകന്‍ പുതിയ മാര്‍ക്കറ്റുകള്‍ ആരംഭിച്ചു. അതോടുകൂടി കച്ചവടത്തിന്റെ ഏകാധിപത്യ സ്വഭാവം ഇല്ലായ്മ ചെയ്യുകയും ഉപഭോക്താക്കളെ ചൂഷണത്തില്‍ നിന്ന് കരകയറ്റുകയും ചെയ്തു. തിരു പ്രവാചകന്‍ മദീനയില്‍ എത്തിയ ശേഷം അയല്‍ രാജ്യങ്ങളിലെ രാജാക്കന്മാരെ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ട് കത്തയച്ചിരുന്നു. ഇത് കാരണത്താല്‍ പല രാഷ്ട്രങ്ങളും മദീനയുമായി സൗഹൃദത്തിലായി. ഈ ബന്ധത്തെ നിലനിര്‍ത്തിക്കൊണ്ട് അവരുമായി തിരു പ്രവാചകന്‍ കച്ചവടങ്ങളില്‍ ഏര്‍പ്പെട്ടു. വിദേശ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും വസ്തുക്കളുടെ പരസ്പര കൈമാറ്റത്തിനും ഇത് സഹായിച്ചു. ഇറക്കുമതി ചെയ്തിരുന്ന വസ്തുക്കളില്‍ പ്രത്യേകം തീരുവ ഏര്‍പ്പെടുത്തിയിരുന്നതായി ചരിത്ര പുസ്തകങ്ങളില്‍ കാണാം. മദീനയുടെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ഇത്തരം ഇടപാടുകള്‍ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്.

ഉയര്‍ന്ന പലിശ നിരക്കില്‍ ലോണ്‍ നല്‍കുന്ന സമ്പ്രദായം മദീനയില്‍ ഉണ്ടായിരുന്നു. കൃഷിവേല ചെയ്തിരുന്ന മദീനക്കാരെ കൂടുതല്‍ പ്രയാസത്തിലാക്കുന്ന ഒരു വ്യവസ്ഥിതിയായിരുന്നു ഇത്. പലിശയുടെ ദോഷവശങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് ഖുര്‍ആനിക സൂക്തത്തിലൂടെ പലിശ പൂര്‍ണമായും തിരു പ്രവാചകന്‍ നിരോധിച്ചു. പലിശ മൂലമുണ്ടായിരുന്ന ചൂഷണങ്ങള്‍ക്കും ഇതോടുകൂടി അറുതിയായി. പലിശക്ക് പകരം അധ്വാനത്തിലൂടെ ധനം സമ്പാദിക്കാന്‍ തിരു പ്രവാചകന്‍ ആഹ്വാനം ചെയ്തു. തൊഴിലെടുക്കുന്നത് അല്ലാഹുവിനുള്ള ആരാധനയാണെന്ന് പഠിപ്പിച്ചു. മനുഷ്യന് ചെയ്യാവുന്നതില്‍ വെച്ച് ഏറ്റവും നല്ല തൊഴില്‍ ഏതാണെന്ന് ഒരിക്കല്‍ പ്രവാചകന്റെ മുന്നില്‍ ചോദ്യം വന്നപ്പോള്‍ സ്വന്തം കൈകള്‍ കൊണ്ട് ചെയ്യുന്ന ജോലി എന്നായിരുന്നു മറുപടി. അന്യനെ വഞ്ചിച്ചും കൊള്ളനടത്തിയും നേടുന്ന സമ്പാദ്യത്തില്‍ യാതൊരു വിധത്തിലുള്ള പുരോഗതിയും ഇല്ലെന്ന അധ്യാപനമായിരുന്നു നല്‍കിയത്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഭൂമി കൈവശം വെയ്ക്കുന്നതിന് ഉപാധികള്‍ കൊണ്ടുവരികയും കര്‍ഷക നികുതികള്‍ ലഘൂകരിക്കുകയും ചെയ്തു. ഭൂമികള്‍ തരിശാക്കിയിടാന്‍ അനുവദിച്ചില്ല. പ്രവാചകന് അത് ഇഷ്ടമല്ല. അവിടങ്ങളില്‍ കൃഷിചെയ്ത് ഭൂമിയെ സമ്പന്നമാക്കുന്നവര്‍ക്ക് വലിയ പ്രതിഫലം വാഗ്ദാനം ചെയ്തു. ഇത്തരത്തില്‍ കാര്‍ഷികമേഖലയെയും കച്ചവടത്തെയും ഒരുപോലെ ഉന്നതിയിലേക്ക് കൊണ്ടുവരികയും മദീനക്കാരെ അധ്വാനശീലമുള്ള സമൂഹമാക്കി മാറ്റുകയും ചെയ്തു.
കച്ചവടത്തിന്റെ സദാചാര മൂല്യങ്ങളിലും ഇസ്ലാം നിഷ്‌കര്‍ഷ പുലര്‍ത്തുന്നുണ്ട്. പൂഴ്ത്തിവെപ്പ്, കൊള്ള ലാഭം തുടങ്ങി കച്ചവടത്തിന്റെ സുതാര്യതയെ കളങ്കപ്പെടുത്തുന്ന മുഴുവന്‍ വിഷയങ്ങളും ഇസ്ലാം നിഷിദ്ധമാക്കിയതായി കാണാം. മാര്‍ക്കറ്റിന്റെ ഘടനയെ പോലും ബാധിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ മദീനയില്‍ സര്‍വ സാധാരണമായിരുന്നു. അവ തടയുന്നതിനുവേണ്ടി പ്രത്യേകം ആളുകളെ മാര്‍ക്കറ്റില്‍ നിയമിച്ചിരുന്നു. പല സന്ദര്‍ഭങ്ങളിലും പ്രവാചകന്‍(സ്വ) നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. അത്രമേല്‍ കച്ചവട സദാചാരത്തിന് മുന്‍ഗണന നല്‍കിയിരുന്നു എന്ന് മനസ്സിലാക്കാം. തൊഴിലാളികളോടും ഉപഭോക്താവിനോടുമുള്ള പെരുമാറ്റ രീതിയും ഇസ്ലാം മുന്നോട്ടുവെക്കുന്നുണ്ട്. വിയര്‍പ്പ് വറ്റുന്നതിന് മുമ്പ് തൊഴിലാളിക്ക് വേതനം നല്‍കണമെന്ന നിര്‍ദേശം അവരോടുള്ള പ്രതിബദ്ധതയും പരിഗണനയും ബോധ്യപ്പെടുത്തുന്നതായിരുന്നു. കച്ചവടത്തിന് കൃത്യമായ നിര്‍വചനം നല്‍കുകയും വാങ്ങുന്നവനും വില്‍ക്കുന്നവനും പാലിക്കേണ്ട നിബന്ധനകളും ഇസ്ലാം മുന്നോട്ടു വച്ചു. അനുവദനീയമായതും അല്ലാത്തതുമായ കച്ചവടങ്ങള്‍ പ്രത്യേകം നിര്‍ണയിച്ചു നല്‍കി. ഇസ്ലാം നടപ്പിലാക്കിയ പല കച്ചവട രീതികളും പിന്നീട് പല രാജ്യങ്ങളും മാതൃകയാക്കിയിട്ടുണ്ട്. അമേരിക്കയിലെ ഇല്ലിനോയിസ് എന്ന പ്രദേശത്തുള്ളവര്‍ കൃഷി വിളകളുടെ മുന്‍കൂര്‍ വില്‍പ്പനക്ക് വേണ്ടി ഇസ്ലാമിലെ സലം കച്ചവടരീതി ആവിഷ്‌കരിച്ചതായി കാണാം. ഇത്തരത്തില്‍ കച്ചവടത്തിന്റെ സര്‍വ തലങ്ങളിലും ഇസ്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

രാഷ്ട്രത്തിന്റെ സമ്പദ്്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് വേണ്ടി വ്യത്യസ്ത വരുമാന സ്രോതസ്സുകളായിരുന്നു മദീന സ്വീകരിച്ചിരുന്നത്. അവ ഓരോന്നും നമുക്ക് പരിശോധിക്കാം.

സകാത്
ഹിജ്റ രണ്ടാം വര്‍ഷമാണ് ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ സകാത് നിര്‍ബന്ധമാകുന്നത്. സകാതിന് മുമ്പ് ഐഛിക ദാനങ്ങളായിരുന്നു രാഷ്ട്രത്തിന്റെ സമ്പാദ്യം. സകാതിലേക്ക് പ്രേരിതമാകുന്ന സൂക്തങ്ങള്‍ മക്കയില്‍വെച്ചു തന്നെ അവതീര്‍ണമായിരുന്നെങ്കിലും ഒരു നിര്‍ബന്ധ ബാധ്യതയായി പ്രഖ്യാപിച്ചിരുന്നില്ല. ധനത്തിലും, കൃഷിയിലും, കച്ചവടത്തിലും, കന്നുകാലികളിലും, ഖനികളിലുമെല്ലാം ഇസ്ലാം നിശ്ചിത വിഹിതം സകാത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അവ കൊടുത്തു വീട്ടേണ്ട അവകാശികളെയും ഇസ്ലാം നിര്‍ണയിച്ചിട്ടുണ്ട്. സകാതുകള്‍ സൂക്ഷിക്കുന്നതിന് വേണ്ടി പ്രത്യേകം മുറികള്‍ ഒരുക്കിയിരുന്നു. ബിലാലിനായിരുന്നു (റ) ഇതിന്റെ ചുമതല. അന്നത്തെ ധനകാര്യ മന്ത്രിയും ഇദ്ദേഹമായിരുന്നു.
വൈയക്തികവും സാമൂഹികവുമായ ഒരുപാട് ഗുണങ്ങളെ സകാത് മുന്നോട്ടുവെക്കുന്നുണ്ട്.

സകാതിന്റെ പദാര്‍ഥം സൂചിപ്പിക്കുന്നത് പോലെ തന്നെ വ്യക്തി ശുദ്ധീകരണമാണ് അതിന്റെ പ്രാഥമിക തലം. പിശുക്ക്, അമിതവ്യയം തുടങ്ങിയ സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് സമ്പന്നനെ സകാത് മുക്തമാകുന്നു. അതോടൊപ്പം തന്നെ പാപങ്ങള്‍ പൊറുക്കുകയും ആത്മീയ വിശുദ്ധി കൈവരിക്കുകയും ചെയ്യുന്നു. രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഗണ്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനും സകാത്തിന് സാധിക്കുന്നുണ്ട്. സകാത്തിന്റെ അവകാശികള്‍ പ്രധാനമായും സമൂഹത്തിലെ താഴെകിടയിലുള്ളവരാണ്. അവരിലേക്ക് സമ്പത്ത് എത്തിച്ചേരുന്നതിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനം സാധ്യമാവുന്നു. അതോടൊപ്പം തന്നെ രാജ്യത്തിന്റെ മൊത്തം ഉപഭോഗവും നിക്ഷേപവും വര്‍ദ്ധിക്കുകയും അതുവഴി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യുന്നു.

ആധുനിക നികുതി വ്യവസ്ഥയോട് സകാതിനെ പൂര്‍ണമായും താരതമ്യപ്പെടുത്തുക സാധ്യമല്ല. വര്‍ഷാടിസ്ഥാനത്തിലാണ് ഇസ്ലാമില്‍ സകാത് നിര്‍ബന്ധമാക്കിയിട്ടുള്ളത്. എന്നാല്‍ വരുമാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിലവിലെ നികുതി വ്യവസ്ഥകള്‍ നിലനില്‍ക്കുന്നത്. ഈ വ്യവസ്ഥപ്രകാരം ഒരുലക്ഷം വരുമാനമുള്ള അഞ്ചു മക്കളുള്ള കുടുംബവും രണ്ട് മക്കളുള്ള കുടുംബവും ഒരേ നികുതിയാണ് ഒടുക്കേണ്ടത്. ഇത് ഒരിക്കലും നീതിയുക്തമല്ല. അതേസമയം കയ്യില്‍ മിച്ചം വരുന്ന തുകക്ക് മാത്രമാണ് ഇസ്ലാം നികുതി ചുമത്തുന്നത്. ആരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു എന്നതിനെ അടിസ്ഥാനമാക്കിയും നികുതിയും സകാതും വ്യത്യാസപ്പെടുന്നുണ്ട്. സകാതിന് കൃത്യമായ അവകാശികളെ നിര്‍ണയിച്ചിട്ടുണ്ടെങ്കില്‍ നികുതിയില്‍ അത്തരമൊരു സമ്പ്രദായമില്ല. ഇത്തരം കാരണങ്ങളെല്ലാം സകാതിന്റെ മേന്മ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ജിസ് യ (തലവരിനികുതി)
മദീനയുടെ മറ്റൊരു പ്രധാന വരുമാന സ്രോതസ്സായിരുന്നു ജിസ്്യ. മുസ്ലിം ഭരണ പ്രദേശത്ത് താമസിക്കുന്ന അമുസ്ലിം പൗരന്മാരില്‍ നിന്ന് ഈടാക്കുന്ന സംരക്ഷണ നികുതിയാണിത്. സുരക്ഷയാണ് ജിസ്്യയുടെ പശ്ചാത്തലം. മദീന ഒരു മുസ്ലിം രാഷ്ട്രമായിരുന്നെങ്കിലും അവിടുത്തെ അമുസ്ലിംകളെയും അവരുടെ സ്വത്തും സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയായിരുന്നു. ഈ ബാധ്യത നിറവേറ്റുന്നതിനുള്ള കരം എന്ന നിലയിലാണ് ജിസ്്യ സ്വീകരിച്ചത്. മുസ്ലിംകള്‍ ഒടുക്കിയിരുന്ന സകാത്തും മറ്റ് നികുതികളും അമുസ്ലിംകള്‍ക്ക് ബാധകമായിരുന്നില്ല. അവയെ അപേക്ഷിച്ച് ജിസ്യ വളരെ തുച്ഛവുമായിരുന്നു.

ജിസ്്യ കൈപ്പറ്റുന്നതോടെ ആന്തരികവും ബാഹ്യവുമായ എല്ലാ ആക്രമണങ്ങളില്‍ നിന്നും അവിശ്വാസികളെ സംരക്ഷിക്കേണ്ട ബാധ്യത സ്റ്റേറ്റിനുണ്ടായിരുന്നു. സ്ത്രീകള്‍, കുട്ടികള്‍, ഭ്രാന്തന്‍, അടിമ എന്നിവരില്‍നിന്നും ജിസ്്യ കൈപ്പറ്റിയിരുന്നില്ല. സൈന്യത്തിന്റെയും മറ്റും സേവനങ്ങള്‍ ഇവര്‍ക്ക് ലഭിക്കുകയും ചെയ്തു. ഏതെങ്കിലും സാഹചര്യത്തില്‍ ജിസ്യദായകരുടെ മേലിലുള്ള സ്റ്റേറ്റിന്റെ സംരക്ഷണ ബാധ്യത ഒഴിയുകയാണെങ്കില്‍ പ്രസ്തുത തുക തിരികെ നല്‍കാനും വ്യവസ്ഥയുണ്ടായിരുന്നു.
വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഈ കരം ഈടാക്കിയിരുന്നത്. ഇമാം അബൂഹനീഫയുടെ(റ) അഭിപ്രായപ്രകാരം ധനികനാണെങ്കില്‍ 48 ദിര്‍ഹമും ഇടത്തരക്കാരനാണെങ്കില്‍ 24 ദിര്‍ഹമും ദരിദ്രനാണെങ്കില്‍ 12 ദിര്‍ഹമുമാണ് ജിസ്്യ നല്‍കേണ്ടത്.

ഖറാജ് (ഭൂനികുതി)
സൈനിക നടപടികളിലൂടെ ധാരാളം ഭൂമികള്‍ മദീനയുടെ അധീനതയിലായിത്തീര്‍ന്നിരുന്നു. എന്നാല്‍ അവിടങ്ങളില്‍ നിന്നും അവിശ്വാസികളെ ഒഴിപ്പിക്കാന്‍ മുസ്ലിം ഭരണകൂടം തയാറായിരുന്നില്ല. പകരം നിശ്ചിത നികുതി സ്വീകരിച്ചുകൊണ്ട് ആ പ്രദേശങ്ങളില്‍ തന്നെ പാര്‍ക്കാനുള്ള അനുമതി നല്‍കി. ഈ നികുതിയാണ് ഖറാജ് അഥവാ ഭൂനികുതി എന്ന പേരില്‍ അറിയപ്പെടുന്നത്. കൃഷിയുള്ള ഭൂമികളില്‍ അതിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു നികുതി നിശ്ചയിച്ചിരുന്നത്. പ്രസ്തുത കരം നല്‍കുന്നതോടെ ഭൂമി വില്‍ക്കാനും ഉപയോഗിക്കാനുമുള്ള അവകാശം ഉടമസ്ഥന് തന്നെയായിരുന്നു. കര്‍ഷകര്‍ക്ക് സ്വന്തം അദ്ധ്വാനഫലം ലഭിക്കാനും വിളകളെ വേണ്ടവിധം ഉപയോഗപ്പെടുത്താനും ഇതിലൂടെ സാധിച്ചു.
എല്ലാവരില്‍ നിന്നും ഒരു പോലെയായിരുന്നില്ല കരം സ്വീകരിച്ചിരുന്നത്. ഭൂമിയുടെ ഫലഭൂയിഷ്ഠത, വിളവിന്റെ ഇനം, ഉല്‍പ്പാദനച്ചെലവ് എന്നിവക്കനുസരിച്ച് നികുതിയും വ്യത്യാസപ്പെട്ടിരുന്നു. അപ്പോഴാണല്ലോ അവ നീതിയുക്തമാകുന്നത്. കാര്‍ഷികോല്പന്നമായിട്ടും, പണമായിട്ടും നികുതി അടയ്ക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. ഭൂമി ഏതെങ്കിലും അവസരത്തില്‍ ഒരു മുസ്ലിമിന് വില്‍ക്കുകയാണെങ്കില്‍ പിന്നീട് കരം നല്‍കേണ്ടിയിരുന്നില്ല. പടയോട്ടത്തിലൂടെ ലഭിച്ച സ്ഥലം അമുസ്ലിംകള്‍ക്ക് പാട്ടത്തിനു നല്‍കുന്ന മറ്റൊരു വ്യവസ്ഥയും ഖറാജില്‍ ഉണ്ടായിരുന്നു. ഈ വ്യവസ്ഥിതിയില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്റ്റേറ്റിന് തന്നെയായിരുന്നു. ഖറാജ് പൊതുസ്വത്തില്‍ നിന്നുള്ള വരുമാനമായത് കൊണ്ട് തന്നെ പൊതുനന്മക്ക് വേണ്ടിയായിരുന്നു ഉപയോഗിച്ചിരുന്നത്.

യുദ്ധ സ്വത്തുക്കള്‍
മദീനാ സ്റ്റേറ്റിന്റെ മറ്റൊരു വരുമാന സ്രോതസ്സായിരുന്നു ഗ്വനീമത്ത് അഥവാ യുദ്ധ മുതലുകള്‍. അനിവാര്യമായ ഏറ്റുമുട്ടലിലൂടെ ലഭ്യമാകുന്ന യുദ്ധാര്‍ജ്ജിത സ്വത്തുക്കളായിരുന്നു ഇവ. ഗ്വനീമത്തിന്റെ വിതരണത്തിനും കൃത്യമായ ക്രമം പ്രവാചകന്‍(സ്വ) ഏര്‍പ്പെടുത്തിയിരുന്നു. മൊത്തം യുദ്ധമുതല്‍ അഞ്ചു ഭാഗങ്ങളാക്കിയ ശേഷം അതില്‍ നാലുഭാഗം യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കായിരുന്നു. ബാക്കിയുള്ള ഒരു ഭാഗത്തെ വീണ്ടും അഞ്ചു ഭാഗമാക്കിയ ശേഷം ഒരു വിഹിതം പ്രവാചകന്റെ (സ്വ)കുടുംബത്തിനും മറ്റുള്ളവ ദരിദ്രര്‍, അനാഥര്‍ തുടങ്ങിയവര്‍ക്ക് നല്‍കാനും പ്രവാചകന്‍ നിര്‍ദേശിച്ചു. ഈ ഓഹരിയില്‍ പ്രവാചകന്റെ കുടുംബവും ഉള്‍പ്പെടുന്നത് കൊണ്ട് തന്നെ വളരെ സൂക്ഷ്മതയോടെയായിരുന്നു പ്രവാചകര്‍ കൈകാര്യം ചെയ്തിരുന്നത്. ഖൈബര്‍ യുദ്ധമുതലുകള്‍ വീതിക്കുന്നത് നേരില്‍കണ്ട ശിഷ്യരിലൊരാള്‍ ഇപ്രകാരം പറയുകയുണ്ടായി. ‘നബി തങ്ങളുടെ കൂടെ ഉണ്ടായിരുന്നു ഞങ്ങള്‍. ഒരു സാധാരണക്കാരന്റെ പങ്ക് മാത്രമാണ് പ്രവാചകന്‍ നീക്കിവെച്ചത്’. പ്രവാചകര്‍ക്ക് മുമ്പ് യുദ്ധമുതലുകള്‍ വീതം വെക്കുന്നതില്‍ പ്രത്യേക ക്രമങ്ങളൊന്നുമുണ്ടായിരുന്നില്ല. ലഭിക്കുന്ന വ്യക്തികള്‍ അവ സ്വന്തമാക്കുകയായിരുന്നു പതിവ്. മാത്രവുമല്ല അതിന്റെ നാലില്‍ ഒരു ഭാഗം യുദ്ധ സൈന്യാധിപന് നല്‍കുകയും വേണ്ടിയിരുന്നു. ഇവിടെയാണ് പ്രവാചകന്റെ സാമ്പത്തിക ഇടപാടുകളിലെ സൂക്ഷ്മതയും കൃത്യതയും വ്യക്തമാകുന്നത്.
ഫൈഅ്, ഐച്ഛിക ദാനങ്ങള്‍ തുടങ്ങി മറ്റു വരുമാന സ്രോതസ്സുകളും മദീനയില്‍ ഉണ്ടായിരുന്നു. ദാന ധര്‍മങ്ങള്‍ നല്‍കുന്നതില്‍ മദീനക്കാര്‍ ഏറെ മുന്‍പന്തിയിലായിരുന്നു. പ്രവാചകന്‍ ദാനം ഏറെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ മദീനയിലെ ഏറ്റവും ദൃഢമായ വരുമാനം ദാനധര്‍മങ്ങളിലൂടെയായിരുന്നു. വിശ്വാസികള്‍ക്കിടയില്‍ നിലനിന്നിരുന്ന ദിയ സമ്പ്രദായവും വ്യക്തികളുടെ സാമ്പത്തികനില മെച്ചപ്പെടുത്താന്‍ ഉതകുന്നതായിരുന്നു. സൂറത്തുന്നിസാഇലെ തൊണ്ണൂറ്റി രണ്ടാം അധ്യായം ദിയയെക്കുറിച്ചാണ്. രണ്ടു വിശ്വാസികള്‍ക്കിടയില്‍ അബദ്ധത്തില്‍ വന്നുപോകുന്ന ഹത്യകള്‍, അംഗഭംഗങ്ങള്‍ എന്നിവക്കുള്ള പ്രായശ്ചിത്തമായിരുന്നു ഇത്. സൈനിക സേവനം ചെയ്യാത്തവര്‍ക്ക് വേണ്ടി പ്രത്യേക നികുതിയും (scutage tax)ഏര്‍പ്പെടുത്തിയിരുന്നതായി കാണാം. വഖ്ഫ്, ഫിത്‌റ് സകാത് തുടങ്ങിയവയും പാവപ്പെട്ടവരുടെ ജീവിതത്തിന്റെ അത്താണിയായി മാറി. ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ക്ക് സ്വത്തില്‍ അവകാശം നിര്‍ണയിക്കുന്നതിലൂടെ അവര്‍ക്കും സാമ്പത്തിക അവകാശങ്ങള്‍ ലഭ്യമായി.

പിന്നീട് വന്ന നാല് ഖലീഫമാരും മറ്റു ഭരണാധികാരികളും പ്രവാചകരുടെ സാമ്പത്തിക ക്രമങ്ങള്‍ പിന്തുടര്‍ന്നു. ഉമര്‍ ബ്നു അബ്ദുല്‍ അസീസിന്റെ കാലഘട്ടത്തില്‍ സകാതിന് അവകാശികളില്ലാത്ത തരത്തില്‍ ഇസ്ലാമിക സമ്പദ്്വ്യവസ്ഥ വളര്‍ന്നതായി കാണാം. മുതലാളി വര്‍ഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ക്യാപിറ്റലിസത്തില്‍ നിന്നും ജനങ്ങളുടെ സാമ്പത്തിക അവകാശങ്ങളെ നിരാകരിക്കുന്ന സോഷ്യലിസത്തില്‍ നിന്നും മാറി സാമ്പത്തിക ഇടപാടുകളില്‍ മിതത്വ നിലപാടായിരുന്നു ഇസ്ലാം സ്വീകരിച്ചത്. ഗാന്ധിജിയുടെ ട്രസ്റ്റീഷിപ്പ് തത്വങ്ങള്‍ ഇസ്ലാമിക സാമ്പത്തിക ദര്‍ശനത്തോട് സാമ്യത പുലര്‍ത്തുന്നവയാണ്. ‘സമ്പത്ത് മനുഷ്യന്റെ സേവകനാകണം, യജമാനനാകരുത് ‘എന്ന തത്വമായിരുന്നു പ്രവാചകന്‍(സ്വ) നടപ്പിലാക്കിയത്.

ഫിര്‍ദൗസ് മന്‍സൂര്‍

You must be logged in to post a comment Login