ഇസ്ലാം സംസ്‌കാരങ്ങളോട് ഇടപെട്ടത്

ഇസ്ലാം സംസ്‌കാരങ്ങളോട് ഇടപെട്ടത്

നൂറ്റാണ്ടുകളായി ഇസ്ലാമിക നാഗരികത പരമ്പരാഗത സാംസ്‌കാരിക ആവിഷ്‌കാരങ്ങളെ ഏകീകരിച്ചുകൊണ്ടിരിക്കുന്നു. വിശുദ്ധ നിയമങ്ങളാല്‍ രൂപപ്പെട്ട സാര്‍വലൗകിമായ ഒരു ആദര്‍ശം കൊണ്ടാണ് ഇസ്ലാം ഇത് സാധിച്ചെടുക്കുന്നത്. നശ്വരമായ സൗന്ദര്യത്തെയും അനശ്വരമായ സത്യത്തെയും ഇസ്ലാം ചേര്‍ത്തുവെച്ചു. വൈവിധ്യാത്മകതയിലെ ഏകത്വമായ ഇസ്ലാം ഒരു മയില്‍പ്പീലി കണക്കെ ചൈന മുതല്‍ അറ്റ്ലാന്റിക് തീരങ്ങള്‍ അടക്കമുള്ള സര്‍വദേശങ്ങളെയും തഴുകിയുണര്‍ത്തി. ഇസ്ലാമിക കര്‍മശാസ്ത്രമാണ് ഈ സര്‍ഗാത്മകോല്‍കൃഷ്ടതക്ക് സുഗമമായ വഴിയൊരുക്കിയത്. ചരിത്രത്തില്‍ ഇസ്ലാം സാംസ്‌കാരികസൗഹൃദമുള്ള ഒരു മതമാണ്. അക്കാരണത്താല്‍ തന്നെ ഒരു തെളിഞ്ഞ അരുവി കണക്കെ ഇസ്ലാം സ്നേഹിക്കപ്പെടുകയും ചെയ്തു. ശുദ്ധവും മധുരവും ജീവാമൃതുമായ അതിന്റെ ജലം സുതാര്യമായി, തനത് സംസ്‌കാരമാകുന്ന അടിത്തട്ടുകളെ പ്രതിഫലിപ്പിച്ചുകൊണ്ട് ഒഴുകിക്കൊണ്ടേയിരിക്കുന്നു. ചൈനയിലെ ഇസ്ലാമിനെ നോക്കൂ, അത് ചൈനീസ് ആകാം. ആഫ്രിക്കയിലേത് ആഫ്രിക്കനുമായിരിക്കും. വ്യത്യസ്തങ്ങളായ ജനങ്ങള്‍ക്കും വ്യതിരിക്തങ്ങളായ ഇടങ്ങള്‍ക്കും വിഭിന്നങ്ങളായ കാലങ്ങള്‍ക്കും ഇടയില്‍ സാംസ്‌കരികമായൊരു സാംഗത്യം സ്ഥാപിച്ചു എന്നതാണ് ഒരു ആഗോള നാഗരികത എന്ന നിലക്ക് ഇസ്ലാം നേടിയ ഏറ്റവും വലിയ വിജയം. കേവലം പ്രാദേശിക തലത്തില്‍ മാത്രം ആചരിക്കപ്പെടുകയോ അറിയപ്പെടുകയോ ചെയ്യുന്ന ആദര്‍ശമല്ല ഇസ്ലാം. പ്രത്യുത, മുസ്ലിംകള്‍ ചെല്ലുന്നിടങ്ങളിലൊക്കെ സസ്നേഹം അനുഷ്ഠിക്കപ്പെടുകയും തനത് സ്വത്വം പരിപോഷിക്കപ്പെടുകയും ചെയ്ത് അവിടങ്ങളിലൊക്കെ വേരാഴ്ത്തുന്ന ഒരു മതമാണത്.

വൈപരീത്യമെന്ന് പറയട്ടെ, ഇന്നത്തെ ചില ഇസ്ലാമിസ്റ്റുകള്‍ ഇസ്ലാമിന്റെ പഴക്കമേറിയ സാംസ്‌കാരിക സാമര്‍ഥ്യത്തെ(cultural wisdom) സംസ്‌കാരങ്ങളെ ധാര്‍ഷ്ട്യത്തോടെ നോക്കിക്കാണുന്ന ഒരു തരം കാഠിന്യത്തിന്റെ മതം എന്നതിലേക്ക് വെട്ടിച്ചുരുക്കുന്നു. പടിഞ്ഞാറ് ഇസ്ലാമിന്റെ തിരുവെഴുത്തുകളായ പ്രമാണങ്ങള്‍ക്ക് അപകടകരമായ പുനരാഖ്യാനങ്ങള്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്നതില്‍ ഇത്തരം കൃത്രിമത്തങ്ങള്‍ക്കും അതുമായി നടക്കുന്ന പ്രസ്ഥാനങ്ങള്‍ക്കും വലിയ പങ്കുണ്ട്. സമകാലിക മുസ്ലിം ലോകത്തിന്റെ ചില അപഭ്രംശങ്ങളും മറ്റുമൊക്കെത്തന്നെയാണ് ചെറുതല്ലാത്ത വിധത്തില്‍ ഈ ഇസ്ലാമിസ്റ്റ് പ്രതിഭാസത്തെ ഒരു ഉപോല്പന്നമായി നിര്‍മിച്ചെടുത്തതും. സംസ്‌കാരങ്ങള്‍- ഇസ്ലാമികമോ അല്ലാത്തതോ ആകട്ടെ- അവ സാമൂഹികമായൊരു സ്ഥിരതക്ക് അടിത്തറയിടാറുണ്ട്. സ്ഥിരതയുള്ള സമൂഹങ്ങളിലേ അത് വളരൂ എന്നും വേണമെങ്കില്‍ മറ്റൊരു ഭാഷയില്‍ പറയാം. സമൂഹത്തിലെ അസ്വാസ്ഥ്യങ്ങളും കാലുഷ്യങ്ങളും കാരണം പല സംസ്‌കാരങ്ങളും വീണുപോകാറുമുണ്ടല്ലോ. ഇന്നും മുസ്ലിംകള്‍ ഇസ്ലാമിന്റെ അമൂല്യമായ സാംസ്‌കാരിക പ്രൗഢിയുടെ ശേഷിപ്പുകള്‍ സൂക്ഷിച്ചു പോരുന്നുണ്ട്. പക്ഷേ ഇന്നത്തെ ചില സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഭൂതകാല ഇസ്ലാമിന്റെ സംസ്‌ക്കാരിക മൂല്യം വിസ്മൃതിയായിലാവുകയോ അവയുടെ മൂല്യം മുസ്ലിംകള്‍ മനസ്സിലാക്കാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയുണ്ട്. എങ്കിലും നാം നേരത്തെ പറഞ്ഞ മയില്‍പ്പീലി പൂര്‍ണമായും നശിച്ചിട്ടില്ല, ചെറിയൊരു ഭാഗമെങ്കിലും അതിന്റെ സൗന്ദര്യം കാണിക്കുന്നുണ്ട്. ആ അരുവി പൂര്‍ണമായും വരണ്ടുപോയിട്ടില്ല. അതില്‍ നിന്നും തെളിഞ്ഞ ജലം ഇപ്പോഴും ഒഴുകിക്കൊണ്ടേയിരിക്കുന്നു.
ചിലന്തി വല നെയ്യുന്നത്രയും സ്വാഭാവികതയോടെ മനുഷ്യര്‍ സംസ്‌കാരങ്ങള്‍ നിര്‍മിക്കുന്നു. പക്ഷേ മനുഷ്യന്‍ നെയ്യുന്ന സംസ്‌കാരങ്ങള്‍ ചിലപ്പോഴെങ്കിലും ചിലന്തിവല പോലെ മികച്ചതാകാറില്ല. കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം ഇല്ലാത്തതിനാലോ മറ്റോ അവ അപര്യാപ്തമാകാറുണ്ട്. അമേരിക്ക പോലുള്ള ഇടങ്ങളിലേക്ക് കുടിയേറി വന്ന മുസ്ലിംകള്‍ അവരുപേക്ഷിച്ചു പോന്ന നാടിനോടുള്ള മമത നിലനിര്‍ത്തുകയും അവരുടെ ഭൂതകാലത്തിലെ ആരോഗ്യകരമായ സംസ്‌കാരങ്ങളെ കൂടെകൂട്ടുകയും ചെയ്തു. അവയില്‍ അത്തരത്തിലുള്ളത് അല്ലാത്തതൊന്നുമില്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് നാട്ടില്‍ നിന്നും കുടിയേറാന്‍ തോന്നുകയുമില്ലായിരുന്നുവല്ലോ. ആഫ്രിക്കന്‍ അമേരിക്കക്കാര്‍ തങ്ങളുടെ ആഴത്തിലുള്ള പരമ്പരാഗത വേരുകളില്‍ നിന്നും സ്വന്തം സംസ്‌കാരിക ബോധങ്ങളില്‍ നിന്നു പോലും അന്യരാക്കപ്പെടുകയാണുണ്ടായത്. വിനാശകരമായ, സംസ്‌കാരങ്ങളെ പരിഗണിക്കാത്ത ഇസ്ലാമിസ്റ്റ് ആശയധാരയാണ് അവരെ ഈ ഗതിയില്‍ എത്തിച്ചത്.

അമേരിക്കന്‍ മുസ്ലിംകള്‍ കഴിഞ്ഞ ഏതാനും ദശകങ്ങളായി നിശബ്ദം ചില ഉപസംസ്‌കാര സ്വത്വങ്ങള്‍ നെയ്തെടുക്കുന്നുണ്ട്. പള്ളികള്‍, ഇസ്ലാമിക പാഠശാലകള്‍, വീടുകള്‍, കലാലയങ്ങള്‍ എല്ലാം അവര്‍ അതിനായി ഉപയോഗപ്പെടുത്തുന്നു. ഇത്തരം ചില പുരോഗതികള്‍ പ്രതീക്ഷക്ക് വക നല്‍കുന്നുമുണ്ട്. പുതുതലമുറ ശ്രദ്ധേയരായ എത്രയോ മുസ്ലിം കവികളെയും എഴുത്തുകാരെയും ഗായകരെയുമെല്ലാം സമ്മാനിച്ചിട്ടുണ്ട്. പ്രത്യേക വസ്ത്രങ്ങള്‍( ഉദാഹരണത്തിന് ഡെനിം വസ്ത്രങ്ങള്‍), പ്രത്യേകമായി കോയിന്‍ ചെയ്തെടുത്ത വാക്കുകള്‍ എന്നിവ നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുന്നു. സംസ്‌കാര, വംശാന്തരീയ വിവാഹങ്ങള്‍ ഇവിടെ വര്‍ധിക്കുന്നു. അമേരിക്കന്‍ മുസ്ലിം, ഇന്ത്യന്‍ മുസ്ലിം, പാക് മുസ്ലിം, സിറിയന്‍ മുസ്ലിം, ഈജിപ്ഷ്യന്‍ മുസ്ലിം എന്നതിനൊക്കെ ഉപരിയായി മുസ്ലിം എന്നതിനെയവര്‍ സ്വയം പരിഗണിക്കുന്നുണ്ട് എന്നാണ് ഇത് തെളിയിക്കുന്നത്. മാത്രമല്ല, യുവതലമുറ തങ്ങളുടെ മാതാപിതാക്കളേക്കാള്‍ നന്നായി സാംസ്‌കാരിക പക്വത കാണിക്കുന്നു. അവരൊക്കെ ഭൂതകാലത്തെ കുറിച്ച് അഭിമാനം തോന്നിക്കുന്ന, വര്‍ത്തമാനത്തിലേക്ക് തങ്ങളെ ബന്ധിപ്പിക്കുന്ന, ഭാവിയെക്കുറിച്ച് ഉറപ്പു നല്‍കുന്ന തങ്ങളുടെ മതത്തെ കുറിച്ച് നന്നായി മനസ്സിലാക്കുമ്പോള്‍ തന്നെ, തങ്ങളുടെ അമേരിക്കന്‍ എന്ന സ്വത്വവുമായി ഇണങ്ങിചേരുന്നുമുണ്ട്.

പക്ഷേ ഇത്തരം പ്രതീക്ഷയുടെ അടയാളങ്ങള്‍ക്കിടയിലും നമ്മെ വിഷമിപ്പിക്കുന്ന ചിലതുണ്ട്. നേരത്തെ സൂചിപ്പിച്ച ഇടങ്ങളില്‍ നിന്നും കൃത്യമായ ഡയറക്ഷന്‍ ഇല്ലാതെ രൂപപ്പെട്ടുവരുന്ന ചില ശീലങ്ങളാണത്. ഇവ പൊള്ളയായ അധീശത്വ സംസ്‌കാരത്തിന്റെ ഇരുട്ടുകളിലേക്കാണ് എത്തുന്നത്. ഇത് ഇസ്ലാമിനെ ഒരു പ്രതിസാംസ്‌കാരികതയുടെ മതം എന്ന സങ്കുചിതത്വത്തിലേക്ക് എത്തിക്കുന്നു.
ഇത് ഇസ്ലാമിസ്റ്റു പ്രത്യയ ശാസ്ത്രത്തോട് ചേരുക കൂടിചെയ്യുന്നതോടെ തനത് മുസ്ലിം സ്വത്വത്തെ നിര്‍മിക്കുന്നതിന് പകരം ഒരു സാംസ്‌കാരിക ശൂന്യതയാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്.

നല്ല ഒരു മുസ്ലിം സ്വത്വം നിര്‍മിച്ചെടുക്കുക എന്ന പ്രശ്നത്തെ പരിഹാരാത്മകമായി സമുദായം മുന്‍ഗണനക്കെടുക്കേണ്ടതുണ്ട്. സ്വയം പരിഹൃതമാകുകയോ വികസിക്കുകയോ ചെയ്യുന്ന ഒന്നല്ല അത്. അമേരിക്കയിലും അതുപോലെയുള്ള സ്ഥലങ്ങളിലും ഒരു തനത് സംസ്‌കാരം രൂപപ്പെടുത്തലും അതിനെ വളര്‍ത്തിയെടുക്കലും ഇസ്ലാമിന്റെ ആവശ്യമാണ്. ഈയൊരു വെല്ലുവിളി ഏറ്റെടുക്കണമെങ്കില്‍ നാം തീര്‍ച്ചയായും ഇസ്ലാമിന്റെ ദൈവിക നിയമങ്ങളും ദീര്‍ഘകാലത്തെ അതിന്റെ ചരിത്രവും കൂടി മനസ്സിലാക്കേണ്ടതുണ്ട്.

എന്താണ് സംസ്‌കാരം?
പൊതുവെ സംസ്‌കാരത്തെ നിര്‍വചിക്കുന്നത് ‘ഉല്‍കൃഷ്ടമായ ഒരു അഭിരുചി’ ആയും ‘ഉന്നത സ്വഭാവം’ ആയുമൊക്കെയാണ് . മാത്യു അര്‍ണോള്‍ഡ് സംസ്‌കാരത്തെ നിര്‍വചിച്ചത് മനുഷ്യ ചരിത്രത്തിലും ലോകത്തും അറിയപ്പെട്ടതും പറയപ്പെട്ടതുമായവയില്‍ ഏറ്റവും മികച്ചത് എന്തോ അതാണ് സംസ്‌കാരം എന്നാണ്.
ഏതായിരുന്നാലും ആധുനിക നരവംശ ശാസ്ത്രം നോക്കിക്കാണുന്നതു പോലെ ‘മൊത്തം മാനുഷിക വ്യവഹാരങ്ങളുടെ ഏകീകൃത മാതൃക’എന്ന നിലക്കാണ് ഈ പഠനം സംസ്‌കാരത്തെ പരിഗണിക്കുന്നത്. അത് മനുഷ്യന്റെ ഉയര്‍ന്ന ആവിഷ്‌കാരങ്ങളെക്കാളും എത്രയോ ഉന്നതവും അതിവിശാലവുമാണ് താനും. നമ്മുടെ നൈസര്‍ഗികതക്കും പ്രകൃതത്തിനുമെല്ലാം അപ്പുറം നമ്മെ നിയന്ത്രിക്കുന്ന ഒന്നാണ് സംസ്‌കാരം. പലപ്പൊഴും നമ്മുടെ നൈസര്‍ഗികതയെയും സ്വാഭാവികതകളെയും പരുവപ്പെടുത്തുന്നതും നമ്മുടെ സംസ്‌കാരം തന്നെ. നമ്മെ യഥാര്‍ത്ഥ മനുഷ്യനാക്കുന്നത്, മൃഗങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നത്, എല്ലാം നമ്മള്‍ ഉള്‍ക്കൊണ്ട സ്വഭാവത്തെ വെളിവാക്കുന്ന നമ്മുടെ സംസ്‌കാരം തന്നെയാണ്. സംസാരിക്കുന്ന ജീവി, രാഷ്ട്രീയ ജീവി, മത ജീവി എന്നൊക്കെ മനുഷ്യരെ വിശേഷിപ്പിക്കാറുണ്ട്. ഈ സംസാരവും രാഷ്ട്രീയവും മതവും മറ്റു സത്താപരമായ ഗുണങ്ങള്‍ എല്ലാം സംസ്‌കാരത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്. അതിനാല്‍ തന്നെ, എന്തൊക്കെ പേരിട്ടു വിളിച്ചാലും, നാം മനുഷ്യര്‍ പ്രഥമവും പ്രധാനവുമായി സാംസ്‌കാരിക ജീവികളാണ്.

വിശ്വാസം, ധാര്‍മികത, പ്രതീക്ഷകള്‍, കഴിവുകള്‍, അറിവുകള്‍ തുടങ്ങി നാം ആവശ്യമുള്ളതായി കാണുന്ന എന്തൊക്കെയുണ്ടോ അവക്കൊപ്പമാണ് സംസ്‌കാരവും നെയ്യപ്പെടുന്നത്. ഇവയാണ് സാര്‍ത്ഥകമായ ഒരു ശീലത്തിലേക്ക് ഏകീകരിക്കുന്നതിലൂടെ സംസ്‌കാരത്തിന് നിര്‍വഹണപരമായ ആവിഷ്‌കാരങ്ങള്‍(Functional expressions) നല്‍കുന്നത്. ഭാഷയിലും ചിഹ്നങ്ങളിലും പ്രകടനങ്ങളിലുമെല്ലാം സംസ്‌കാരം വേരാഴ്ത്തി നില്‍ക്കുന്നു. അതുപോലെ നമ്മുടെ വസ്ത്രം, പാചകം പോലുള്ള ശീലങ്ങളുമായും അവക്ക് ബന്ധമുണ്ട്. ഇത്തരം ഭൗമികതകള്‍ക്കുമപ്പുറത്തേക്ക് മതം, ആത്മീയത, മനസിന്റെ ആന്തരിക തലങ്ങള്‍ എന്നിവയിലേക്കും സംസ്‌കാരം അതിന്റെ ചില്ലകള്‍ നീട്ടുന്നു. ഭക്ഷണത്തിന്റെയും ചരക്കു-സേവനങ്ങളുടെയും വിതരണം, കച്ചവടം, ബാങ്കിങ്, ശാസ്ത്ര-സാങ്കേതികതകളുടെ വളര്‍ച്ച, പഠനം, അറിവ്, ചിന്ത തുടങ്ങി സമൂഹത്തിലെ അടിസ്ഥാനകാര്യങ്ങളെല്ലാം സംസ്‌കാരത്തിന് അകത്തു തന്നെയാണ്. കുടുംബ ജീവിതം, ജനന-മരണ സംബന്ധിയായ ആചാരങ്ങള്‍, ബന്ധങ്ങള്‍, ശീലങ്ങള്‍, കഴിവുകള്‍, സഹകരണ സഹിഷ്ണുതാ മനോഭാവങ്ങളും അവയുടെ ഇല്ലായ്മയും, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പോലെയുള്ള സമൂഹത്തിലെ ഉപരി ഘടനകള്‍ എന്നിവയെല്ലാം സംസ്‌കാരത്തില്‍ പെട്ടത് തന്നെയാണ്. ഒരുദാഹരണം പറയാം, സചേതനമായ ഒരു ജനാധിപത്യവ്യവസ്ഥ സാംസ്‌കാരിക മൂല്യങ്ങളുടെയും നാഗരിക ശീലങ്ങളുടെയും ഫലമെന്നതിനൊപ്പം തന്നെ അത് ഭരണ ഘടനയുടെയോ ഭരണീയരുടെയോ പ്രവര്‍ത്തനഫലം കൂടിയാണല്ലോ.

നമ്മുടെ ചില പള്ളികള്‍, സ്‌കൂളുകള്‍, വീടുകള്‍, എങ്കിലും നമ്മുടെ സാംസ്‌കാരിക താളം തെറ്റലുകളുടെ ഉദാഹരണങ്ങളാകുന്നുണ്ട്. പലപ്പോഴും അവക്ക് ഇസ്ലാമിക സ്വത്വം എന്ന നിലക്ക് കുറച്ചേ പ്രവര്‍ത്തിക്കാന്‍ കഴിയുന്നുള്ളൂ. മാനുഷിക സങ്കീര്‍ണതകളുമായും യാഥാര്‍ഥ്യങ്ങളുമായും സമൂഹികാവശ്യങ്ങളുമായുമൊക്കെയുള്ള പഴയ ലോക മനോഭാവത്തോടുകൂടെയുള്ള സംഘട്ടനങ്ങളുമായും മറ്റുമാണ് അവക്ക് കൂടുതല്‍ ഇടപെടേണ്ടിവരുന്നത്.
സംസ്‌കാരത്തെ വിലയിരുത്താനുള്ള ഒരു പ്രധാന അളവുകോലാണ് സ്വത്വത്തെയും സമൂഹത്തെയും അതിന്റെ സ്ഥിരം ശീലങ്ങളെ കുറിച്ചുമെല്ലാം ഒരു ഏകീകൃത ബോധം ഉണ്ടായിരിക്കുക എന്നത്. ഒരു സംസ്‌കാരം വിജയം വരിക്കുന്നത് കാര്യക്ഷമമായ ഒരു സ്വത്വത്തെ അത് രൂപപ്പെടുത്തിയെടുക്കുകയും സാമൂഹിക പാരസ്പര്യം നിര്‍മിക്കുകയും അതിലെ അംഗങ്ങള്‍ക് അവരുടെ വൈയക്തികവും സാമൂഹികവുമായ ബാധ്യതകളെ മനസ്സിലാക്കാന്‍ മാത്രമുള്ള വിവരം ഉണ്ടാക്കിക്കൊടുക്കുകയുമെല്ലാം ചെയ്യുമ്പോഴാണ്. സാമൂഹിക, സ്വത്വ നിര്‍ണയങ്ങളും സംസ്‌കാരത്തെ വിജയിപ്പിക്കുന്നതില്‍ പങ്കു വഹിക്കുന്നുണ്ട്. ഏകീകൃതവും ഉജ്വലവുമായ ഒരു സ്വത്വം രൂപപ്പെടുത്തിയെടുക്കാത്ത കാലത്തോളം – നമ്മുടെ അംഗബലമോ കഴിവുകളോ എന്തുണ്ടെങ്കിലും ശരി- നമ്മള്‍ ഒരു സമൂഹത്തെ നിര്‍മ്മിക്കുകയാണെന്നോ നമുക്ക് രാഷ്ട്രീയ നാഗരിക മേഖലയില്‍ പങ്കുണ്ട് എന്നോ പറയുന്നതെല്ലാം കേവലം ആലങ്കാരികവും ആഗ്രഹങ്ങളും മാത്രമാണ്.
മികച്ച ഒരു ഏകീകൃത സ്വത്വബോധം ഉണ്ടാക്കിയെടുക്കുന്നതിലൂടെ നമ്മളോട് തന്നെയും ചുറ്റുമുള്ള ലോകത്തോടും സാര്‍ജ്ജവം ഇടപെടലുകള്‍ നടത്താന്‍ നമുക്ക് സാധിക്കും. സങ്കീര്‍ണമായ സാമൂഹിക യാഥാര്‍ഥ്യങ്ങളോട് ധാരണയാകാനും ആധുനിക സമൂഹം നമ്മോട് ആവശ്യപ്പെടുന്ന പങ്കാളിത്തത്തില്‍ നിന്ന് കൊണ്ട് ഇടപാടുകള്‍ നടത്താന്‍ കൂടി നമ്മെയത് പ്രാപ്തരാക്കും. നമ്മളാരാണ്, നാം നിലകൊള്ളുന്ന മൂല്യങ്ങളോട് നമുക്കുള്ള കടപ്പാടുകള്‍ എന്തൊക്കെയാണ് എന്നിവയെക്കുറിച്ചൊക്കെയുള്ള ഏകീകൃതവും മഹിതവുമായ ബോധ്യങ്ങള്‍ നമുക്കുണ്ടെങ്കിലെ ഇതൊക്കെ സാധ്യമാകൂ. തകര്‍ന്നടിഞ്ഞ നിയമ വ്യവസ്ഥിതികളില്‍ നിന്ന് മനുഷ്യര്‍ക്ക് തിരിച്ച് വരാന്‍ കഴിയും. എന്നാല്‍ തകര്‍ന്നുപോയ മാനസികാവസ്ഥകളില്‍(psyche) നിന്ന് കഴിയില്ല. ആരോഗ്യകരമായ ഒരു മുസ്ലിം മാനസികാവസ്ഥ രൂപപ്പെടുത്തുക എന്നത് വിജയകരമായ ഒരു തനത് സംസ്‌കാരം രൂപപ്പെടുത്തിയെടുക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ഇത്തരത്തിലുള്ള മനവും സ്വത്വബോധവുമെല്ലാം നമുക്ക് അമേരിക്കയടക്കമുള്ള ഇടങ്ങളിലെ സാഹചര്യങ്ങള്‍ക്കകത്തു തന്നെ ഇസ്ലാമിക മതാത്മകതയും ആത്മീയതയുമെല്ലാം രൂപപ്പെടുത്തിയെടുക്കാനുള്ള പ്രാപ്തി നല്‍കും.

ഡോ. ഉമറുല്‍ ഫാറൂഖ് അബ്ദുല്ല
വിവര്‍ത്തനം: മുഹമ്മദ് എ ത്വാഹിര്‍, പയ്യനടം

You must be logged in to post a comment Login