വധിക്കപ്പെട്ടിട്ടും ജീവിക്കുന്ന സ്വര്‍ഗസാക്ഷികള്‍

വധിക്കപ്പെട്ടിട്ടും ജീവിക്കുന്ന സ്വര്‍ഗസാക്ഷികള്‍

‘അല്ലാഹുവിന്റെ സരണിയില്‍ വധിക്കപ്പെട്ടവരെ മരിച്ചുപോയവരെന്നു വിചാരിക്കരുത്. വാസ്തവത്തില്‍ അവര്‍ ജീവിച്ചിരിക്കുന്നവരാകുന്നു, തങ്ങളുടെ രക്ഷിതാവിങ്കല്‍.
അവര്‍ക്ക് വിഭവം ലഭിക്കുന്നുണ്ട്, അല്ലാഹു അനുഗ്രഹങ്ങള്‍ ഏകുന്നതില്‍ അവര്‍ സന്തുഷ്ടരുമായിക്കൊണ്ട്.
തങ്ങള്‍ക്കു പിന്നില്‍ ഇഹലോകത്ത് അവശേഷിച്ചവരും ഇനിയും തങ്ങളോടൊപ്പം എത്തിച്ചേര്‍ന്നിട്ടില്ലാത്തവരുമായ സത്യവിശ്വാസികള്‍ ഒട്ടും ഭയപ്പെടാനോ ദുഃഖിക്കാനോ സംഗതിയാകുന്നതല്ല എന്നോര്‍ത്ത് മനഃസമാധാനമുള്ളവരുമാകുന്നു, അവര്‍'(വി.ഖു. 3:169: 170).
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടി ഇഹലോകം വെടിഞ്ഞവരുടെ മഹത്വം വശ്യസുന്ദരമായി അവതരിപ്പിക്കപ്പെട്ട സൂക്തഭാഗങ്ങളാണ് മുകളില്‍ വായിച്ചത്. ഈ വിവരണം രക്തസാക്ഷികളുടെ വിഷയത്തില്‍ മരണം എന്ന പ്രതിഭാസത്തെ അപ്രസക്തമാക്കുന്നുണ്ട്.വധിക്കപ്പെട്ടിട്ടും മരിച്ചുപോകാതെ ജീവിച്ചിരിക്കുന്നവരാണ് രക്തസാക്ഷികള്‍! സാമാന്യധാരണകളെ തകിടം മറിക്കുന്ന ഈ വിവരണത്തെ എങ്ങനെയാണ് നാം ഗ്രഹിക്കേണ്ടത്? പോരാട്ടഭൂമിയിലെ രക്തസാക്ഷിയുടെ അനക്കമറ്റ ശരീരത്തിന് ചേതനയുടെ ശക്തിയുണ്ടെങ്കില്‍, അവര്‍ ഈ ലോകത്തിന്റെ സഹജമായ നിയമപരിധികളെ എങ്ങനെയൊക്കെയാകും ഉല്ലംഘിക്കുന്നത്? ഈ നിബന്ധം ശ്രമിക്കുന്നത് ഈ സൂക്തികളില്‍ നിന്ന് ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാനും അതുവഴി രക്തസാക്ഷികളുടെ, പലര്‍ക്കും അനുഭവിച്ചറിയാനാകാത്ത അനുഭൂതി മണ്ഡലത്തെ അനാവരണം ചെയ്യാനുമാണ്.

ഈ സൂക്തത്തിന്റെ അവതരണപശ്ചാതലം ചരിത്രഗ്രന്ഥങ്ങളില്‍ കാണാം. ബദ്‌റിലെയും ഉഹ്ദിലെയും രക്തസാക്ഷികളായവരെ മുന്‍നിറുത്തി തത്പരകക്ഷികള്‍ ചില ഉപജാപങ്ങള്‍ മെനെഞ്ഞെടുക്കുകയുണ്ടായി. യുദ്ധത്തിലേര്‍പ്പെടുന്നത് ബുദ്ധിശൂന്യമാണ് എന്നതായിരുന്നു അവരുടെ വാദം. യുദ്ധത്തിലൂടെ ആളുകള്‍ മരിക്കുന്നു. മരണം വെറുക്കപ്പെടേണ്ടതാണ്. മരണത്തിലേക്ക് നയിക്കുന്നതാകയാല്‍ യുദ്ധവും ശരിയല്ല. നബി(സ്വ) യുദ്ധത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്യുന്നതിലൂടെ ആളുകളെ കൊലയ്ക്ക് വിട്ടുകൊടുക്കുകയാണ്. ഈ വാദത്തിലൂടെ, മുസ്‌ലിം മനസ്സുകളില്‍ ആശങ്കകളുണ്ടാക്കാനായിരുന്നു ശ്രമം. ഇലാഹീവിശ്വാസത്തിലും യുദ്ധത്തോടുള്ള ക്രിയാത്മകസമീപനത്തിലും മാറ്റമുണ്ടാക്കാനുള്ള ഈ നീക്കത്തെ അല്ലാഹു തിരുത്തുകയുണ്ടായി. മരണം അല്ലാഹുവിന്റെ കണക്കനുസരിച്ചും അവന്റെ തീരുമാനമനുസരിച്ചുമാണ് ഉണ്ടാകുന്നത്. അത് കണക്കാക്കിയിട്ടുണ്ടെങ്കില്‍ അത് നടക്കുക തന്നെ ചെയ്യും. അതുപോലെ യുദ്ധത്തില്‍ കൊല ചെയ്യപ്പെടണമെന്ന് കണക്കാക്കിയിട്ടുണ്ടെങ്കില്‍ അതും നടക്കുക തന്നെ ചെയ്യും. അങ്ങനെയാണ് തീരുമാനമെങ്കില്‍ യുദ്ധത്തിന് പോകാതിരിക്കാന്‍ എങ്ങനെയാണ് കഴിയുക? യുദ്ധത്തില്‍ പങ്കെടുത്തു എന്നതിനാല്‍ കൊല്ലപ്പെടണമെന്നുമില്ല. പിന്നെ പേടിക്കേണ്ടതുമില്ല.

തത്പരകക്ഷികള്‍ ഉയര്‍ത്തിക്കാട്ടിയ മറ്റൊരു കാര്യം യുദ്ധത്തിലെ മരണമായിരുന്നു. സാധാരണ മരണത്തെ പോലെ യുദ്ധത്തിലെ മരണത്തെ ലളിതമായി സമീകരിച്ചു കൊണ്ടുള്ള ആ കാഴ്ചപ്പാടിനെ നബി(സ്വ) തിരുത്തി. ഒരു സദസ്സില്‍ വെച്ച് അവിടുന്ന് ഇപ്രകാരം പറയുകയുണ്ടായി:
‘രക്തസാക്ഷികളുടെ ആത്മാക്കള്‍ പച്ചക്കിളികളുടെ ഉള്ളിലാണ്. സ്വര്‍ഗത്തിലെ ആറുകളില്‍ നിന്നവ വെള്ളം കുടിക്കും. സ്വര്‍ഗീയ ഫലങ്ങള്‍ ഭുജിച്ച് വിചാരിക്കുന്നിടങ്ങളിലൊക്കെ പാറിക്കളിക്കും. അര്‍ശിന്‍ ചുവട്ടിലെ സുവര്‍ണ്ണ കുപ്പിവിളക്കുകളിലേക്ക് അവ പാറിയടുക്കും.അവര്‍ സുഖാഢംബര പൂര്‍ണമായ പാര്‍പ്പിടങ്ങളും നല്ല അന്നപാനീയങ്ങളും കാണുമ്പോള്‍ ഇങ്ങനെ പറയും: ഞങ്ങളുടെ സഹോദരങ്ങള്‍ ധര്‍മസമര സജ്ജരാകുന്നതിന് വേണ്ടി ഞങ്ങളിപ്പോഴുള്ള ഈ അനുഗ്രഹങ്ങളെപ്പറ്റിയും ഞങ്ങള്‍ക്ക് അല്ലാഹു ചെയ്തു തന്നതിനെപ്പറ്റിയും അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു. ഇതു കേട്ട് അല്ലാഹു അവരോട് മറുപടി പറയും: ഞാന്‍ നിങ്ങളെപ്പറ്റി നിങ്ങളുടെ സഹോദരങ്ങളെ അറിയിക്കുന്നതായിരിക്കും. ഇതു കേട്ടപ്പോള്‍ രക്തസാക്ഷികള്‍ വല്ലാതെ സന്തോഷിക്കുകയുണ്ടായി’. ഈ വിഷയം പറഞ്ഞു തീര്‍ന്നപ്പോഴാണ് അല്ലാഹു നബിക്ക്(സ്വ) ഈ സൂക്തങ്ങള്‍ അവതരിപ്പിച്ചത്. നാം എന്താണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്? രക്തസാക്ഷികളെക്കുറിച്ചുള്ള വിവരണം അല്ലാഹു സൂക്തങ്ങളിറക്കി കൂടുതല്‍ വ്യക്തത വരുത്തുന്നു. മാത്രമല്ല, അവരുടെ ഇഷ്ടവും ഇംഗിതവും നടപ്പില്‍ വരുത്തുകയും ചെയ്യുന്നു. അവരെക്കുറിച്ച് അറിയിക്കാം എന്ന വാഗ്ദാനം അനശ്വരമായ സൂക്തങ്ങളിലൂടെ എല്ലാ കാലത്തേക്കുമായി നല്‍കുകയും ചെയ്യുന്നു.

രണഭൂമിയില്‍ വധിക്കപ്പെട്ടവര്‍ മരിക്കാതിരിക്കുന്നതെങ്ങനെയാണ്? ഈ സൂക്തത്തിന്റെ ഉദ്ദേശ്യം രക്തസാക്ഷികളുടെ വധത്തിന് മരണത്തിന്റെ അര്‍ഥമില്ലെന്ന് സ്ഥാപിക്കലാണ്. രക്തസാക്ഷിയാകാനുള്ള വൈമനസ്യത്തെ മനസ്സുകളില്‍ നിന്ന് തുടച്ചു നീക്കി അതിനോടുള്ള താത്പര്യമുണ്ടാക്കലുമാണ്. ആ നിലയ്ക്ക്, യുദ്ധത്തില്‍ വധിക്കപ്പെട്ടവര്‍ മരിച്ചിട്ടില്ല എന്ന പ്രസ്താവനയെ കൂടുതല്‍ സൂക്ഷ്മതയോടെ സമീപിക്കേണ്ടിവരും. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഈ സൂക്ഷ്മതയോടെയാണ് അത് വിശദീകരിച്ചത്. യുദ്ധത്തില്‍ വധിക്കപ്പെട്ടവരെപ്പറ്റി മരിച്ചവര്‍ എന്നു വിചാരിക്കരുതെന്നും അവര്‍ ജീവിക്കുന്നവരാണെന്നുമുള്ള വസ്തുത ഇപ്പോള്‍ തന്നെ പ്രസക്തമാണ്. എന്തുകൊണ്ടെന്നാല്‍ നാളെ പുനരുത്ഥാനശേഷം പരലോകത്ത് അവര്‍ മരിച്ചവരല്ലെന്നും ജീവിച്ചിരിക്കുന്നവരാണെന്നുമുള്ള പ്രസ്താവനയ്ക്ക് പ്രത്യേകിച്ച് പ്രസക്തിയൊന്നുമില്ല. അന്നേരം അവര്‍ മാത്രമല്ല എല്ലാവരും ജീവിച്ചിരിക്കുന്നവരായിരിക്കും. പിന്നെ ആരും അവരെപ്പറ്റി മരിച്ചവരാണെന്ന് വിചാരിക്കുകയില്ലല്ലോ. അവരെപ്പറ്റി അവര്‍ മരിച്ചവരാണെന്ന ധാരണ മറ്റുള്ളവരില്‍ രൂപപ്പെടുന്നത് യുദ്ധത്തില്‍ കൊലചെയ്യപ്പെടുന്ന സമയത്തും അതിനു ശേഷവുമാണ്. അതുകൊണ്ട് അവരെപ്പറ്റി മരിച്ചവരാണെന്ന വിചാരത്തെ നിരോധിച്ചതും മറിച്ച് അവര്‍ ജീവിച്ചിരിക്കുന്നവര്‍ ആണെന്നറിയിച്ചതും ഇവിടെ ഈ സന്ദര്‍ഭത്തില്‍ തന്നെയാണ് പ്രസക്തമാകുന്നത്.

ഇത്തരമൊരു അര്‍ഥത്തെ സാധൂകരിക്കുന്നതിന് സാധാരണഗതിയില്‍ മരണശേഷം എന്ത് നടക്കുന്നു എന്നറിയേണ്ടതുണ്ട്. ചില ഖുര്‍ആനികസൂക്തങ്ങളില്‍ നിന്നും അത് ഗ്രഹിക്കാന്‍ ശ്രമിക്കാം.

‘അങ്ങനെ നിങ്ങളിലൊരുവന്ന് മരണസമയമായാല്‍, അവന്‍ നിയോഗിച്ച മലക്കുകള്‍ അയാളുടെ ജീവന്‍ പിടിച്ചെടുക്കുന്നു. അവര്‍ സ്വന്തം കര്‍ത്തവ്യനിര്‍വഹണത്തില്‍ ഒട്ടും വീഴ്ചവരുത്തുന്നില്ല. പിന്നീട് സര്‍വരും അവരുടെയഥാര്‍ത്ഥ യജമാനനായ അല്ലാഹുവിങ്കലേക്കു മടക്കെപ്പടുന്നു'(ഖുര്‍ആന്‍ ആശയം 6:62). ശരീരത്തിന്റെ മരണശേഷം സവിശേഷ രീതിയില്‍ ആത്മാവിന് ഒരു നിലനില്‍പുണ്ട് എന്നും അത് സുഖദുഃഖങ്ങള്‍ അനുഭവിക്കുന്ന വിധം ഒരു മാറ്റത്തിന് വിധേയപ്പെടുന്നുണ്ടെന്നും ഇതു കാണിക്കുന്നു. ഇതേ ആശയത്തെ ഉറപ്പിക്കുന്ന രണ്ടു സൂക്തങ്ങള്‍ കൂടി വായിക്കുക.
‘സമാധാനം പ്രാപിച്ച ആത്മാവേ, നിന്റെ നാഥങ്കലേക്ക് മടങ്ങിക്കൊള്ളുക. സംപ്രീതനും റബ്ബിങ്കല്‍ പ്രീതിപ്പെട്ടവനുമായിക്കൊണ്ട്. എന്റെ ഉത്തമദാസന്മാരില്‍ ചേര്‍ന്നുകൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക!'(ഖുര്‍ആന്‍ ആശയം 89:27 -30).

‘നിങ്ങള്‍ ആരാലും നിയന്ത്രിക്കപ്പെടുന്നവരല്ലെന്നാണെങ്കില്‍, ആ വിചാരത്തില്‍ സത്യസന്ധരാണെങ്കില്‍, ആസന്നമരണനായ ഒരുവന്റെ ജീവന്‍ തൊണ്ടക്കുഴിയിലോളം എത്തുകയും അവന്‍ മരിച്ചുകൊണ്ടിരിക്കുന്നത് നോക്കിനില്‍ക്കുകയും ചെയ്യുമ്പോള്‍, അവനില്‍നിന്നു പുറത്തുപോകുന്ന ജീവനെ നിങ്ങള്‍ തിരിച്ചുവരുത്താത്തതെന്ത്? അന്നേരം നിങ്ങളെ അപേക്ഷിച്ച് അവനോട് ഏറെയടുത്തവന്‍ നാമാകുന്നു. പക്ഷേ, നിങ്ങള്‍ക്ക് കാണാനാകുന്നില്ല. ഇനി, ആ മരിച്ചവന്‍ ദൈവസാമീപ്യം സിദ്ധിച്ചവനാണെങ്കില്‍, അവന്ന് സൗഖ്യവും മെച്ചപ്പെട്ട വിഭവവും അനുഗൃഹീതമായ ആരാമവുമുണ്ട്. അവന്‍ വലതുപക്ഷക്കാരനെങ്കില്‍, ‘നിനക്ക് സലാം, നീ വലതുപക്ഷക്കാരനല്ലോ’ എന്നായിരിക്കും സ്വാഗതം ചെയ്യപ്പെടുന്നത്. ദുര്‍മാര്‍ഗിയായ നിഷേധികളില്‍പ്പെട്ടവനെങ്കിലോ, അവനെ സ്വീകരിക്കാന്‍ ചുട്ടുതിളച്ച വെള്ളമുണ്ടാകും. നരകത്തില്‍ എരിയലും. ഇതൊക്കെയും ഉറച്ച സത്യമാകുന്നു. അതിനാല്‍, പ്രവാചകരേ, താങ്കളുടെ മഹനീയനായ നാഥന്റെ നാമം പ്രകീര്‍ത്തിക്കുക ‘ (ഖുര്‍ആന്‍ ആശയം 56:83- 94).
സത്യനിഷേധികളായവരുടെ മരണശേഷം എന്തു സംഭവിക്കുന്നുവെന്ന ഖുര്‍ആന്റെ വിവരണം കൂടി കാണുക
‘അവരുടെ പാപങ്ങള്‍ കാരണമായി അവര്‍ മുക്കിയൊടുക്കപ്പെടുകയും എന്നിട്ട് അഗ്‌നിയില്‍ തള്ളപ്പെടുകയും ചെയ്തു. അപ്പോള്‍ അല്ലാഹുവില്‍നിന്ന് രക്ഷിക്കുന്ന സഹായികളെയാരെയും അവര്‍ കണ്ടെത്തിയില്ല’ (ഖുര്‍ആന്‍ ആശയം 71: 25)
‘അവസാനം അല്ലാഹു ആ വിശ്വാസിയെ അവരവലംബിച്ച നീചമായ അടവുകളില്‍നിന്നെല്ലാം കാത്തുരക്ഷിച്ചു.ഫറവോന്‍ പ്രഭൃതികള്‍ കഠിനമായ ശിക്ഷാവലയത്തിലാവുകയും ചെയ്തു. നരകാഗ്‌നി; രാവിലെയും വൈകുന്നേരവും അവര്‍ അതിനുമുന്നില്‍ ഹാജരാക്കപ്പെടുന്നു. ഉയിര്‍ത്തെഴുന്നേല്‍പു സമയം വന്നെത്തുമ്പോള്‍, ഫറവോന്‍ പ്രഭൃതികളെ അതിഘോരമായ ശിക്ഷയിലേക്ക് തള്ളിവിടുക എന്ന് വിധിയുണ്ടാകും’ (ഖുര്‍ആന്‍ ആശയം 40:45 – 47).
മുകളില്‍ ഉദ്ധരിച്ച സൂക്തങ്ങളില്‍ നിന്നും സാധാരണ മരണശേഷം ആത്മാവിനുണ്ടാകുന്ന അനുഭവങ്ങള്‍ സുവ്യക്തമാണല്ലോ. ശരീരം മരണം വരിച്ചാലും സത്യവിശ്വാസികളുടെയും സത്യനിഷേധികളുടെയും ആത്മാക്കള്‍ സവിശേഷ രീതിയില്‍ നിലനില്‍ക്കുന്നുണ്ട്. അവ പുനരുത്ഥാനത്തിനു മുമ്പായി സുഖദുഃഖങ്ങള്‍ അനുഭവിക്കുന്നുമുണ്ട്. ”ഖബര്‍ പരലോകത്തിന്റെ ഘട്ടങ്ങളില്‍ ആദ്യഘട്ടമാണ്. അത് ഒന്നുകില്‍ സ്വര്‍ഗീയാരാമങ്ങളില്‍ നിന്ന് ഒരാരാമമായിരിക്കും. അതല്ലെങ്കില്‍ നരകത്തീക്കുണ്ടില്‍ നിന്ന് ഒരു തീ കുണ്ടും ‘ എന്ന നബിവചനം ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്.

ഇതാണ് സാധാരണ മരണത്തിന്റെ സ്വഭാവം. രക്തസാക്ഷികളുടെ വിഷയത്തില്‍ ഇത്തരമൊരു മരണത്തെ, അവര്‍ പുല്കിയിട്ടുണ്ട് എന്നു വിചാരിക്കരുത് എന്നാണ് ഖുര്‍ആന്‍ പറയുന്നത്; അതിലുപരി അവര്‍ ജീവിക്കുന്നവര്‍ തന്നെയാണെന്നും തീര്‍ത്തുപറയുന്നു. അതുകൊണ്ട് വധിക്കപ്പെട്ടിട്ടും മരിക്കാതെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളുടെ ഈ അവസ്ഥ നമ്മുടെ സങ്കല്പനങ്ങള്‍ക്കെല്ലാം അതീതവും അതിമഹത്തായ ആത്മിക ഔന്നത്യത്തിന്റെ നെറുകയിലെത്തിയതുമാണെന്നു നാം കാണേണ്ടതുണ്ട്. ബദ്‌റില്‍ കൊല്ലപ്പെട്ട സത്യനിഷേധികളുടെ സമീപത്തുചെന്ന് ‘നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് പറഞ്ഞതെല്ലാം സത്യമാണെന്ന് ഇപ്പോള്‍ ബോധ്യമായില്ലേ’ എന്ന് നബി(സ്വ) ചോദിച്ചപ്പോള്‍ ‘അവര്‍ മരിച്ചുപോയവരല്ലേ? അവര്‍ കേള്‍ക്കുമോ’ എന്നു അനുയായികളിലൊരാള്‍ സംശയമുന്നയിച്ചതും അതിന് നബി (സ്വ) ‘നിങ്ങള്‍ കേള്‍ക്കുന്നതിനേക്കാള്‍ അവര്‍ കേള്‍ക്കുമെന്ന്’ മറുപടി പറഞ്ഞതും അറിയപ്പെട്ട സംഭവമാണല്ലോ. ശിക്ഷയര്‍ഹിക്കുന്ന സത്യനിഷേധികള്‍ക്കു പോലും കേള്‍വിയും ഗ്രാഹ്യശേഷിയുമുണ്ടെന്ന് ഇത് കാണിക്കുന്നു. ബദ്‌റില്‍ കൊല ചെയ്യപ്പെട്ട നിഷേധികളുടെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ അതേ ബദ്റില്‍ രക്തസാക്ഷിത്വം വഹിച്ചവരുടെ അവസ്ഥ എന്തായിരിക്കും? പ്രത്യേകിച്ചും അവര്‍ മരിച്ചിട്ടില്ലെന്നും ജീവിച്ചിരിക്കുന്നു എന്നും പറയുമ്പോള്‍? സുബ്ഹാനല്ലാഹ് രക്തസാക്ഷികള്‍ അല്ലാഹുവിങ്കല്‍ ജീവിച്ചിരിക്കുന്നവരാണ് എന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. ഇവിടെയുള്ള ‘ഇന്‍ദ റബ്ബിഹിം’ ശ്രദ്ധിക്കേണ്ട ഒരു ശബ്ദമാണ്. അല്ലാഹുവിന്റെയടുക്കല്‍ പ്രത്യേക പദവിയുണ്ടെന്നതാണ് അത് കാണിക്കുന്നത്. കാരണം ഈ ‘ഇന്‍ദിയ്യത്ത്’ മലക്കുകള്‍ക്ക് കിട്ടിയ ഒരമൂല്യസ്ഥാനമാണ്.

‘നിന്റെ റബ്ബിങ്കല്‍ സാമീപ്യം നേടിയ മലക്കുകള്‍ രാപ്പകല്‍ അവനെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവര്‍ അശേഷം മുഷിയുന്നില്ല’ (ഖുര്‍ആന്‍ ആശയം 41:38).
‘ആകാശ-ഭൂമികളിലുള്ള സൃഷ്ടിയേതും അല്ലാഹുവിന്റേതാകുന്നു.അവന്റെ സന്നിധിയിലുള്ളവര്‍ (മലക്കുകള്‍) സ്വയം വലിയവരെന്നു കരുതി, അവന്ന് ഇബാദത്ത് ചെയ്യുന്നതില്‍നിന്നു മാറിനില്‍ക്കുന്നില്ല. അവര്‍ക്കു മുഷിയുന്നുമില്ല. അവര്‍ രാപ്പകല്‍ അവിരാമം അവനെ വാഴ്ത്തിക്കൊണ്ടിരിക്കുകയാണ്'(വി.ഖു. 21:19-20). അല്ലാഹുവുമായി ആശയപരമായ പ്രത്യേക അടുപ്പവും സാമീപ്യവും മലക്കുകള്‍ക്കെന്ന പോലെ മറ്റൊരു വിധത്തില്‍ രക്തസാക്ഷികള്‍ക്കും ലഭിച്ചിരിക്കുന്നു എന്ന് നാം മനസ്സിലാക്കേണ്ടതാണ്. ‘അവര്‍ക്ക് വിഭവം ലഭിക്കുന്നുണ്ട്. അല്ലാഹു അനുഗ്രഹങ്ങള്‍ ഏകുന്നതില്‍ അവര്‍ സന്തുഷ്ടരാകുന്നു’ എന്ന സൂക്തഭാഗം ഈ സാമീപ്യത്തെയാണ് വിശദീകരിക്കുന്നത്. വിഭവങ്ങള്‍ എന്നതുകൊണ്ട് സ്ഥൂലമായതും ലഭിച്ചുകൊണ്ടിരിക്കുന്നതുമായ അനുഗ്രഹങ്ങളാണ് അര്‍ഥമാക്കുന്നത് ‘അവര്‍ ആ അനുഗ്രഹങ്ങള്‍ ലഭിക്കുന്നതിനാല്‍ സന്തുഷ്ടരാണ് ‘എന്നത് കൂടി അടിവരയിടേണ്ടതുണ്ട്. അനുഗ്രഹങ്ങളെന്ന വിഭവാസ്വാദനത്തിലല്ല അവരുടെ സംതൃപ്തിയെന്നും മറിച്ച് അവ നല്‍കുന്നതില്‍ അനുഗ്രഹദാതാവായ അല്ലാഹുവെ ധ്യാനിച്ചും സ്മരിച്ചും കിട്ടുന്ന നിര്‍വൃതിയാണ് അവര്‍ക്ക് പ്രധാനമെന്നും ഇത് കാണിക്കുന്നു. അല്ലാഹു നല്‍കുന്ന വിഭവസമൃദ്ധിയില്‍ ശ്രദ്ധയൂന്നുന്നത് ആത്മിക വളര്‍ച്ചയില്ലായ്മയുടെ ലക്ഷണമാണ് എന്ന് ജ്ഞാനികള്‍ നിരീക്ഷിച്ചിട്ടുണ്ട്. അനുഗ്രഹങ്ങള്‍ ഏകുന്നതില്‍ സംതൃപ്തരാവുക എന്നതിന്റെ താത്പര്യമാകട്ടെ ജഡികമായതും അറിവിന്റെ വഴിയില്‍ വരുന്നതുമായ മറകള്‍ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ്. അപ്പോള്‍ ഉണ്ടാവുന്നത്, അത്യുദാരനായ അല്ലാഹുവിനെത്തന്നെ കണ്ടുകൊണ്ടുള്ള ഒരു തരം ഉയര്‍ന്ന ആത്മികബോധത്തിലേക്ക് എത്തിപ്പെടുകയും അതുമുഖേന ലയനത്തില്‍ സായൂജ്യമടയലുമായിരിക്കും. രക്തസാക്ഷികള്‍ ആ അത്യുത്തമമായ ആത്മികപദവിയെ അലങ്കരിക്കുന്നവരത്രെ.
ആത്മിക ഔന്നത്യത്തിന്റെ ഉച്ചാവസ്ഥയില്‍ എത്തുമ്പോള്‍ തന്നെയും രക്തസാക്ഷികള്‍ അവരുടേതായ ലോകത്ത് ഒതുങ്ങിക്കൂടുന്നില്ല. മറിച്ച് തങ്ങളുടെ കൂടെ ഇഹലോകത്തുള്ളവരെക്കുറിച്ചുള്ള ചിന്തയും ഓര്‍മയും അവര്‍ക്കുണ്ട്. തുടര്‍ന്നുവരുന്ന സൂക്തഭാഗങ്ങള്‍ അതാണ് കാണിക്കുന്നത്.

‘തങ്ങള്‍ക്കു പിന്നില്‍ ഇഹലോകത്ത് അവശേഷിച്ചവരും ഇനിയും തങ്ങളോടൊപ്പം എത്തിച്ചേര്‍ന്നിട്ടില്ലാത്തവരുമായ സത്യവിശ്വാസികള്‍ ഒട്ടും ഭയപ്പെടാനോ ദുഃഖിക്കാനോ സംഗതിയാകുന്നതല്ല എന്നോര്‍ത്ത് മനഃസമാധാനമുള്ളവരുമാകുന്നു, അവര്‍.’ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് ഇവിടെ. ഇനിയും അവരോടൊപ്പം ചെന്നുചേര്‍ന്നിട്ടില്ലാത്തവരും ഇഹലോകത്ത് ജീവിച്ചിരിക്കുന്നവരുമായവരെപ്പറ്റിയാണ് അവര്‍ ദുഃഖിക്കാനോ വേദനിക്കാനോ ഇടയാകുന്നതല്ല എന്ന സംഗതിയാല്‍ രക്തസാക്ഷികള്‍ മനഃസമാധാനം കൈകൊള്ളുന്നത് എന്നത് സ്പഷ്ടമാണല്ലോ. അപ്പോള്‍ രക്തസാക്ഷികള്‍ ജീവിച്ചിരിക്കുന്നതും മറ്റും ഇപ്പോള്‍ തന്നെയാണ് എന്ന് സംശയലേശമന്യേ അംഗീകരിക്കേണ്ടി വരും. ഉന്നതാത്മാക്കളായി സ്വര്‍ഗീയാരാമങ്ങളില്‍ പറന്നുല്ലസിക്കുമ്പോഴും തങ്ങള്‍ക്കു പിറകിലുള്ളവരുടെ സുഖ-സന്തോഷങ്ങളില്‍ സംതൃപ്തരാകുന്നവരാണ് രക്തസാക്ഷികള്‍. ഇത് അവരുടെ ജനകീയവും സാമൂഹ്യബന്ധിതവുമായ വ്യക്തിത്വത്തെയാണ് അടയാളപ്പെടുത്തുന്നത് എന്നത് നമ്മെ സംബന്ധിച്ചിടത്തോളം എത്രമേല്‍ സന്തോഷദായകമാണ്! നമുക്ക് സ്വര്‍ഗത്തില്‍ ഒരുക്കപ്പെട്ടത് എന്തെല്ലാമാണെന്ന് നേരത്തെ അറിഞ്ഞ് സന്തോഷിക്കുന്ന അവര്‍ ഒരു കണക്കിന് പറഞ്ഞാല്‍ രക്തസാക്ഷികളല്ല; സ്വര്‍ഗസാക്ഷികളാണ്!

ഇ എം എ ആരിഫ് ബുഖാരി

You must be logged in to post a comment Login