ഒരുപാട് ആളുകള്‍ മരിച്ചുവീഴുന്ന പ്ലേഗിനെക്കുറിച്ച് ആഇശാബീവി (റ) തിരുനബിയോട്(സ്വ) ചോദിച്ചു. തിരുനബിയുടെ മറുപടി: ‘അല്ലാഹു ലക്ഷ്യം വെച്ചവര്‍ക്ക് അതൊരു ശിക്ഷയാണ്. എന്നാല്‍ സത്യവിശ്വാസികള്‍ക്ക് അനുഗ്രഹവുമാണ് ‘ ബുഖാരിയാണ് ഈ വചനം രേഖപ്പെടുത്തിയിട്ടുള്ളത്. പടര്‍ന്നുപിടിക്കുന്ന ഒരു രോഗം സത്യവിശ്വാസികള്‍ക്ക് എങ്ങനെയാണ് അനുഗ്രഹമായി മാറുന്നതെന്ന് പിന്നീട് വിശദീകരിക്കുന്നുണ്ട്: പ്ലേഗ് പടര്‍ന്ന ഒരു നാട്ടില്‍ ഒരാള്‍, അല്ലാഹു തനിക്ക് നിശ്ചയിച്ചതല്ലാത്ത ഒന്നും ബാധിക്കുകയില്ലെന്ന ദൃഢവിശ്വാസത്തോടെ ക്ഷമയോടെ തന്റെ നാട്ടില്‍ / വീട്ടില്‍ കഴിഞ്ഞുകൂടിയാല്‍ അയാള്‍ക്ക് ഒരു രക്തസാക്ഷിക്ക് തുല്യമായ പ്രതിഫലം നല്‍കുന്നതാണ്. ഈ ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് ഇമാം ഇബ്നു ഹജറുല്‍ അസ്ഖലാനി (റ) രേഖപ്പെടുത്തുന്നത് ശ്രദ്ധിക്കുക: ‘ലോക്ക്ഡൗണ്‍’ കാലത്ത് ശഹീദിന്റെ പ്രതിഫലം ലഭിക്കാന്‍ ചില മാനദണ്ഡങ്ങളുണ്ട്. തന്റെ വീട്ടില്‍ / നാട്ടില്‍ ക്ഷമിച്ച് കഴിയണം. അല്ലാഹുവിന്റെ വിധിയില്‍ സംതൃപ്തനായിരിക്കണം. പ്രതിഫലം കാംക്ഷിക്കണം. ഇവയാണ് മാനദണ്ഡങ്ങള്‍. വിശുദ്ധ റമളാനില്‍ കണക്കറ്റ പ്രതിഫലമാണ് വിശ്വാസിക്കുള്ളത്.
അതിമഹത്തായ ദിനരാത്രങ്ങളിലൂടെയാണ് അയാള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഒരുപാട് പ്രത്യേകതകള്‍ സമ്മേളിച്ച മാസമാണ് റമളാന്‍. വിശുദ്ധ ഖുര്‍ആന്റെ അവതരണമാണ് ഈ പ്രത്യേകതകളില്‍ പ്രധാനം. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം നരകമോചനം സാധ്യമാക്കുകയും സ്വര്‍ഗീയപ്രവേശം ഉറപ്പിക്കുകയും ചെയ്യേണ്ട മാസമാണിത്.
വിശുദ്ധ റമളാനിലെ പ്രധാന ആരാധനകളിലൊന്ന് വ്രതാനുഷ്ടാനമാണ്. നോമ്പുകാരന്‍ സുബഹി മുതല്‍ മഗ് രിബ് വരെ പൂര്‍ണമായും ആരാധനയിലാണ്. ലോക് ഡൗണ്‍ കാലത്ത് ഏകദേശം പതിനാല് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ആരാധനയിലാണ് താനെന്ന് ബോധ്യമുളള ഒരാളില്‍ നിന്ന് ഈ വിശുദ്ധ കര്‍മത്തിന് ഭംഗം വരുത്തുന്ന ഒരു പ്രവര്‍ത്തനവും ഉണ്ടായിക്കൂട. സ്വാഭാവികമായും അനാവശ്യ കാര്യങ്ങള്‍ക്കു വേണ്ടി കണ്ണും നാവും അടക്കമുളള അവയവങ്ങളോ, ചിന്തയോ നാം ഉപയോഗിച്ചുകൂട. ‘നോമ്പ് ഒരു രഹസ്യമായ ആരാധനയും ക്ഷമയുടെ പകുതിയുമാണെന്ന ‘ ഹദീസിന്റെ വിശദീകരണത്തില്‍ ‘ക്ഷമ ഈമാന്റെ പകുതിയാണ്. അങ്ങനെ ഈമാന്റെ നാലിലൊന്നായി വ്രതം മാറുമെന്ന് ഇമാം ഗസ്സാലി (റ) രേഖപ്പെടുത്തുന്നു. നോമ്പുകാരന്റെ ജീവിതത്തില്‍ ക്ഷമക്കുളള പ്രാധാന്യമാണ് ഇത് കാണിക്കുന്നത്.
അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത്
ലോക് ഡൗണ്‍ കാലത്തെ റമളാന്‍ വിശ്വാസിക്കു മുമ്പില്‍ വലിയ അവസരങ്ങളാണ് തുറക്കുന്നത്. നോമ്പു നോറ്റ ശഹീദിന്റെ പ്രതിഫലമാണ് അയാളെ കാത്തിരിക്കുന്നത്. അതോടുകൂടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ചില ക്രമീകരണങ്ങള്‍ കൂടി നടത്തിയാല്‍ കണക്കാക്കാനാകാത്ത പ്രതിഫലം വാരിക്കൂട്ടാന്‍ നമുക്കാകും. കുടുംബത്തോടൊന്നിച്ച് ജമാഅത്തായി നിസ്‌ക്കരിക്കാന്‍ തീരുമാനിക്കുകയും സമയം മുന്‍കൂട്ടി നിശ്ചയിച്ച് അത് നാം നടപ്പാക്കുകയും ചെയ്യണം. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുളള ഓട്ടത്തിനിടയില്‍ പലപ്പോഴും നഷ്ടപ്പെട്ട് പോയിരുന്ന സുന്നത്ത് നിസ്‌ക്കാരങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ഈ റമളാന്‍ നാം ഉപയോഗപ്പെടുത്തണം.
‘ളുഹ്റിന് മുമ്പ് നാല് റക്അത്ത് സുന്നത്ത് നിസ്‌ക്കരിച്ചാല്‍ അവന് അല്ലാഹു സ്വര്‍ഗത്തിലൊരു വീട് പണിതു കൊടുക്കു’മെന്ന് തിരുമൊഴിയുണ്ട്. കഴിയുന്നവര്‍ ഓരോ നിസ്‌കാര സമയത്തുമായി 22 റക്അത്ത് റവാത്തിബ് നിസ്‌കാരവും 11 റക്അത് വിത്റും പതിവാക്കാന്‍ ശ്രമിക്കണം. അത് പ്രയാസമാകുമെങ്കില്‍ 10 റക്അത് റവാതിബും 3 റകഅത്ത് വിത്റും ജീവിതത്തിന്റെ ഭാഗമാക്കണം. സുന്നത്ത് നിസ്‌ക്കാരങ്ങളെപ്പോലെ നാം ജീവിതത്തിന്റെ ഭാഗമാക്കേണ്ട നിരവധി ദിക്റുകളും സൂറത്തുകളും സാത്വികരായ പണ്ഡിതന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്. അത്തരം സല്‍ക്കര്‍മങ്ങള്‍ പരമാവധി കൊണ്ടുവരാനുളള അവസരമാണ് ലോക് ഡൗണ്‍ കാലത്തെ റമളാന്‍ എന്ന തിരിച്ചറിവ് വിശ്വാസിലോകത്തിനുണ്ടാവണം.
തറാവീഹ്
റമളാനിന്റെ മറ്റൊരു പ്രത്യേകതയാണ് തറാവീഹ്. ആദ്യമായി തറാവീഹ് നിര്‍ദേശിക്കപ്പെട്ട ദിവസം അസറിന് സ്വഹാബത്തിന് സൂചന നല്‍കി ഇശാഇന് ശേഷം ജമാഅത്തായി നിസ്‌ക്കരിക്കുകയാണുണ്ടായത്. റമളാന്‍ 23, 25, 27 ദിവസങ്ങളിലാണ് നബിയുടെ (സ്വ)നേതൃത്വത്തില്‍ ജമാഅത്തായി നിസ്‌ക്കരിച്ചത് എന്ന് ഇമാം നസാഇ(റ) രേഖപ്പെടുത്തുന്നുണ്ട്. പിന്നീട് തിരുനബി വീട്ടില്‍ നിന്ന് നിസ്‌ക്കരിക്കാന്‍ കല്‍പിക്കുകയായിരുന്നു. തറാവീഹ് നിസ്‌ക്കാരത്തിന് ജനത്തിന്റെ ആവേശം കണ്ട് അല്ലാഹു നിര്‍ബന്ധമാക്കിയേക്കുമോ എന്ന ഭയമായിരുന്നു ഈയൊരു തീരുമാനത്തിന് പിന്നില്‍. പിന്നീട് ഉമറിന്റെ(റ) കാലത്താണ് തറാവീഹ് ജമാഅത്തായി പുനഃക്രമീകരിക്കുന്നത്. അന്ന് സ്വഹാബത്ത് ഇരുപത് റകഅത്താണ് നിസ്‌ക്കരിച്ചത് എന്ന് ഇമാം ബൈഹഖി (റ) രേഖപ്പെടുത്തുന്നുണ്ട്. തറാവീഹ് നിസ്‌ക്കാരം നാല് മദ്ഹബിലും ഇരുപത് റക്അതാണ്.
നാലു റക്അത്ത് നിസ്‌കാരം പൂര്‍ത്തിയാക്കി ഒരു വിശ്രമമെന്ന നിലയില്‍ സ്വഹാബത്ത് ഏഴ് ത്വവാഫ് ചെയ്യുമായിരുന്നു. ഇരുപത് റക്അത്ത് പൂര്‍ത്തിയാക്കുന്നതിനിടയില്‍ വിശ്രമങ്ങള്‍ വരുന്ന നിസ്‌കാരമായതിനാലാണ് തറാവീഹ് എന്ന പേര് വന്നത്. തറാവീഹ്, വിശ്രമം – തര്‍വിഹത് എന്ന പദത്തിന്റെ ബഹുവചനമാണ്. റമളാനില്‍ മാത്രമുളള നിസ്‌കാരമായതിനാലാണ് ‘ഖിയാമു റമളാന്‍ ‘ എന്ന മറ്റൊരു പേര് വന്നത്. റമളാനിലെ വിത്റില്‍ ജമാഅത്ത് സുന്നത്തുള്ളതു പോലെ തറാവീഹിലും ജമാഅത്ത് സുന്നത്തുള്ളതിനാല്‍ നമ്മുടെ വീടകങ്ങളില്‍ ജമാഅത്തായി തന്നെ ഇവ രണ്ടും നാം നിര്‍വഹിക്കണം.
ദാനധര്‍മം സുരക്ഷയാണ്
ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കേണ്ട മാസമാണ് റമളാന്‍. മനുഷ്യരുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഔദാര്യമുളള (അജ്്വദുന്നാസ്) ആളാണ് തിരുനബി(സ്വ). വിശുദ്ധ റമളാനിലായിരുന്നു തിരുനബി(സ്വ) ഏറ്റവും കൂടുതല്‍ ദാനധര്‍മങ്ങള്‍ ചെയ്തിരുന്നത് എന്ന് ഹദീസുകള്‍ നമ്മെ പഠിപ്പിക്കുന്നു. ഓരോരുത്തരുടെയും സമ്പല്‍സമൃദ്ധിയില്‍ മാത്രം ദാനം ചെയ്യുക എന്നതിലപ്പുറം ഓരോരുത്തരുടെയും ഞെരുക്ക സമയങ്ങളിലും സാധ്യമാകുന്ന രൂപത്തില്‍ അപരരെ സഹായിക്കാന്‍ നമുക്കാകണം. ലോക് ഡൗണ്‍ കാലത്ത് കടന്നുവന്ന വിശുദ്ധ റമളാനെ എങ്ങനെ സ്വീകരിക്കണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന നിരവധി കുടുംബങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. അവരെ പ്രത്യേകം കണ്ടെത്തി ആവുന്ന സഹായങ്ങള്‍ അവരിലേക്കെത്തിക്കാന്‍ വിശ്വാസികള്‍ക്കാകണം. ‘ഖുര്‍ആന്‍ പാരായണം ചെയ്യുകയും നിസ്‌ക്കരിക്കുകയും നല്‍കിയതില്‍ നിന്ന് ധര്‍മം നല്‍കുകയും ചെയ്യുന്നവര്‍ ഒരു നഷ്ടവും സംഭവിക്കാത്ത കച്ചവടം നടത്തുന്നവരാണ്’ (ഖുര്‍ആന്‍ – 35-29) എന്നാശയം വരുന്ന ഖുര്‍ആന്‍ വചനം പ്രസക്തമാണ്. നമ്മുടെ അടുത്ത കുടുംബങ്ങളെത്തന്നെയാണ് ആദ്യം പരിഗണിക്കേണ്ടത്. ലോക് ഡൗണ്‍ കാലത്ത് സാധാരണ പോലെയുളള നോമ്പുതുറ സല്‍ക്കാരങ്ങള്‍ക്ക് അവസരം കിട്ടിക്കൊളളണമെന്നില്ല. നോമ്പുതുറ വിഭവങ്ങളടങ്ങിയ കിറ്റുകള്‍ ആവശ്യക്കാരിലേക്ക് വിതരണം ചെയ്ത് നമുക്കിത് പരിഹരിക്കാം.
ആരാധനകളാവാം അമിതാവേശമരുത്
ആരാധനകളിലും സല്‍ക്കര്‍മങ്ങളിലും വിശ്വാസികള്‍ക്ക് ആവേശം വേണം. എന്നാല്‍ അമിതാവേശം ആപത്താവും. ഓരോരുത്തരുടെയും നിലവാരമനുസരിച്ചുളള കര്‍മങ്ങളിലാണ് ഒരോരുത്തരും ഇടപെടേണ്ടത്. മഹതിയായ നഫീസത്തുല്‍ മിസ്രിയ്യ(റ) തനിയ്ക്കുളള ഖബറ് നേരത്തെ കുഴിച്ച് വെക്കുകയും അതിലിരുന്ന് ഒരുപാട് തവണ ഖുര്‍ആന്‍ പൂര്‍ണമായി പാരായണം നടത്തുകയും ചെയ്തു. പിന്നീടവര്‍ മരണപ്പെട്ടതിന് ശേഷം അതില്‍ തന്നെ മറവ് ചെയ്യപ്പെട്ടു. തന്റെ സമ്പാദ്യം മുഴുവന്‍ ദാനം ചെയ്ത അബൂബക്കറിനെ (റ) നാം കാണുന്നു. ഇത് ഗുരുക്കന്മാരുടെ നിലവാരത്തിനനുസരിച്ച് അവര്‍ക്ക് നല്‍കപ്പെട്ട പ്രത്യേകതയാണെന്ന് നാം മനസ്സിലാക്കണം. സാധാരണ വിശ്വാസികള്‍ കുടുംബം, സാഹചര്യം എന്നിവയൊന്നും പരിഗണിക്കാതെ തന്റെ സമ്പത്ത് മുഴുവന്‍ ദാനം ചെയ്താല്‍ വലിയ അപകടങ്ങളിലേക്കായിരിക്കും ഇത് നയിക്കുക.
റമളാനിലെ ജുമുഅക്ക് പ്രത്യേകം വിധിയില്ല എന്ന തിരിച്ചറിവ് വിശ്വാസിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ലോക് ഡൗണ്‍ കാലത്തെ ശഅബാനിലെ വെള്ളിയാഴ്ച വീട്ടിലിരുന്ന് കൊണ്ട് നാം ളുഹ്റ് നിസ്‌ക്കരിച്ചെങ്കില്‍ റമളാനിലും ഇത് ആവര്‍ത്തിക്കാനുളള മാനസിക വളര്‍ച്ചയിലേക്ക് വിശ്വാസിലോകം എത്തണം. റമളാന്‍ മാസത്തിലെ ജുമുഅയല്ലേ എന്ന് കരുതി നിബന്ധനകളൊക്കാത്ത ജുമുഅ സ്വന്തം വീടുകളില്‍ തട്ടിക്കൂട്ടാനുളള വ്യഗ്രത കാണിക്കാന്‍ പാടില്ല. അത് ഭീമാബദ്ധമാണെന്ന് മാത്രമല്ല, ഭാവിയില്‍ വലിയ അപകടങ്ങളിലേക്കത് നയിക്കുകയും ചെയ്യും. ഹജ്ജിന് വേണ്ടി മക്കയിലെത്തിയ നബിയും(സ്വ) സ്വഹാബത്തും അറഫ ദിനത്തിലെ വെള്ളിയാഴ്ച ജുമുഅ നിസ്‌കരിക്കാതെ ളുഹ്റ് നിസ്‌കരിച്ചത് നമ്മുടെ മുമ്പിലുണ്ട്. ജുമുഅക്കു വേണ്ട നിബന്ധനകള്‍ (നാട്ടുകാരായ 40 ആളുകള്‍) ഒക്കാത്തതായിരുന്നു കാരണം. എന്തെങ്കിലും ഒരു പഴുത് കണ്ടെത്തി ജുമുഅ നിര്‍വഹിക്കാമെങ്കില്‍ നബിയും(സ്വ) സ്വഹാബത്തും അത് ചെയ്യുമായിരുന്നു.
ഒരുമിച്ച് കൂടല്‍ പ്രയാസമാകുമ്പോള്‍ ഒന്നിലധികം ജുമുഅക്ക് ചില പ്രത്യേക സാഹചര്യങ്ങളില്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ അനുമതി നല്‍കുന്നുണ്ടെങ്കിലും വീടുവീടാന്തരമുളള ജുമുഅക്കുളള അനുമതിപത്രമായി നാമതിനെ വായിക്കരുത്. ഒരിക്കല്‍ മഴയും ചെളിയും കാരണം സ്വഹാബത്തിന് പുറത്തിറങ്ങാന്‍ പ്രയാസം ഉണ്ടായപ്പോള്‍ ഇബ്നു അബ്ബാസ്(റ) വീട്ടില്‍ വെച്ച് നിസ്‌ക്കരിക്കാന്‍ നിര്‍ദേശം കൊടുക്കുകയും സ്വഹാബത്ത് വീട്ടില്‍ വെച്ച് ളുഹറ് നിസ്‌ക്കരിക്കുകയും ചെയ്ത സംഭവം ഇമാം നവവി(റ) ശറഹുല്‍ മുഹദ്ദബില്‍ ഉദ്ധരിക്കുന്നുണ്ട്. ചെളിയും മഴയും ഉണ്ടാക്കുന്ന പ്രയാസത്തേക്കാള്‍ വലിയ പ്രയാസമാണ് കൊറോണയുടെ വ്യാപനം സൃഷ്ടിക്കുന്നത് എന്ന് നാം തിരിച്ചറിയണം. ജാഗ്രത അനിവാര്യമാണ്.
കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തുന്നതനുസരിച്ച് മക്കയില്‍ വെച്ചാണ് ജുമുഅ നിര്‍ബന്ധമാവുന്നത്. എന്നാല്‍ മക്കയില്‍ വെച്ച് നബി (സ്വ) ജുമുഅ നിസ്‌ക്കരിക്കുകയുണ്ടായില്ല. ശത്രുക്കളില്‍ നിന്ന് ഒളിഞ്ഞു കഴിയുന്ന കാലമായതുകൊണ്ട് ഇസ്ലാമിന്റെ ഗാംഭീര്യവും അടയാളവും പ്രകടിപ്പിക്കുക എന്ന പ്രധാന ലക്ഷ്യം പ്രാവര്‍ത്തികമാകില്ല എന്നതോടൊപ്പം എണ്ണം തികഞ്ഞില്ല എന്നീ രണ്ടു കാരണങ്ങളാണ് പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നത്. നബി(സ്വ) മദീനയിലെത്തുന്നതിന് മുമ്പേ അസ്അദു ബ്നു സുറാര്‍(റ) ആണ് മദീനയില്‍ ആദ്യ ജുമുഅ സ്ഥാപിക്കുന്നത്.
ലോക് ഡൗണ്‍ കാലത്ത് വിരുന്ന് വന്ന വിശുദ്ധ റമളാന്‍ ഒരു സാധാരണ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അല്‍പം പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഓരോ കാലത്തും ഓരോ സമയത്തും തന്റെ ജീവിതം എങ്ങനെ ക്രമീകരിക്കണമെന്ന് ഇസ്ലാം കൃത്യമായി പഠിപ്പിക്കുന്നുണ്ട്. ഈ അധ്യാപനങ്ങള്‍ പഠിക്കുകയും ആവശ്യമായ ഘട്ടങ്ങളില്‍ പ്രയോഗവല്‍ക്കരിക്കുകയും ചെയ്ത് അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ ഏത് പ്രതിസന്ധിയെയും നേരിടാന്‍ വിശ്വാസികള്‍ക്കാകും. വിശുദ്ധ ഇസ്ലാമിന്റെ പ്രയോഗക്ഷമത പഠിക്കാനുളള ഒരവസരം കൂടിയായി ലോക് ഡൗണ്‍ കാലത്തെ റമളാന്‍ നാം ഉപയോഗപ്പെടുത്തണം.
(എഴുത്ത്: വി പി എം സ്വാദിഖ്)
പേരോട് അബ്ദുറഹ് മാന്‍ സഖാഫി
You must be logged in to post a comment Login