കൊവിഡാനന്തര മഹല്ലുകള്‍ക്ക് ഒരു അതിജീവന രേഖ

കൊവിഡാനന്തര മഹല്ലുകള്‍ക്ക് ഒരു അതിജീവന രേഖ

കൊവിഡാനന്തര സാമ്പത്തിക ക്രമത്തെക്കുറിച്ച് ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നുവരികയാണല്ലോ. ലോക് ഡൗണ്‍ കാരണം, ഉല്‍പ്പാദന രംഗം ഇതിനകം നിശ്ചലമായി കഴിഞ്ഞിട്ടുണ്ട്. വലിയ തോതിലുള്ള തൊഴിലില്ലായ്മയും പ്രശ്ങ്ങളുണ്ടാക്കുന്നു. കൊവിഡാനന്തരം പല മേഖലകളിലും നമുക്കാരംഭിക്കേണ്ടിവരിക ശൂന്യതയില്‍ നിന്നാകും. കഴിഞ്ഞതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടും വരാന്‍ പോകുന്ന സാധ്യതകള്‍ മനസ്സിലാക്കിയും കരുതലോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍.

ഓരോ ഭരണകൂടത്തിനും കൊവിഡ് നല്‍കിയ സന്ദേശങ്ങള്‍ നിരവധിയാണ്. പലിശയിലൂടെ ഊതിപ്പെരുപ്പിച്ച സാമ്പത്തിക നേട്ടങ്ങള്‍, വലിയ നഷ്ടങ്ങളുമുണ്ടാക്കുമെന്ന തിരിച്ചറിവാണ് അതില്‍ പ്രധാനം. എങ്കിലും, മുതാളിത്ത താത്പര്യങ്ങളെ പ്രീതിപ്പെടുത്തുന്ന ഒരു സാമ്പത്തിക ക്രമത്തില്‍ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇത്തരം ഘട്ടങ്ങളില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന പ്രായോഗിക മാതൃകകളെ കുറിച്ചാണ് നാം ആലോചിക്കേണ്ടത്. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ സമൂഹത്തിന്റെ താഴേ തട്ടില്‍ നിന്നാണ് പുനരാരംഭിക്കേണ്ടത്. വന്‍കിട വ്യവസായങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനേക്കാള്‍ ചെറുകിട വാണിജ്യ ഇടങ്ങളാണ് ശക്തിപ്പെടേണ്ടതെന്ന് നോബല്‍ ജേതാവ് അഭിജിത് ബാനര്‍ജി ഈയടുത്ത് അഭിപ്രായപ്പെട്ടിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് മഹല്ലുകളുടെ സാധ്യതകള്‍ വര്‍ധിക്കുന്നതും.

മഹല്ലുകളുടെ പ്രാധാന്യം
മഹല്ലുകള്‍ നാടിന്റെ നട്ടെല്ലാണ്. ഓരോ ജമാഅത് കഴിയുമ്പോഴും ആളുകളിലുണ്ടാകുന്ന ഉണര്‍വിനെയും ഐക്യബോധത്തെയും ക്രിയാത്മകയായി ഉപയോഗപ്പെടുത്താന്‍, മറ്റേതു സംവിധാനങ്ങളെക്കാളും മഹല്ലുകള്‍ക്ക് സാധിക്കും. മാത്രവുമല്ല, ഇത്തരം ഇടങ്ങളിലൂടെ സാധ്യമാകുന്ന സാമ്പത്തിക വളര്‍ച്ചയുടെ ശരിയായ ഉപഭോക്താക്കള്‍ മഹല്ല് നിവാസികള്‍ തന്നെയാകും. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ സുസ്ഥിരമായ ഒരു സാമ്പത്തിക സ്ഥിതിയിലേക്ക് നമുക്ക് മഹല്ലുകളെ ഉയര്‍ത്തിക്കൊണ്ടുവരാനും സാധിക്കും. ഇതിനു വേണ്ടി, ഇസ്ലാമിലെ സാമ്പത്തിക ഉപകരണങ്ങള്‍ വ്യവസ്ഥാപിതമായി നടപ്പിലാക്കുകയാണ് വേണ്ടത്.

ഘട്ടം-1
ഒന്നാം ഘട്ടം വിവര ശേഖരണമാണ്. മഹല്ല് പരിധിയിലെ മുഴുവന്‍ വ്യക്തികളുടേയും പേര്, വയസ്സ്, തൊഴില്‍, വിദ്യാഭ്യാസ യോഗ്യത, ആരോഗ്യ നില എന്നിവ ഉള്‍കൊള്ളുന്ന ബൃഹത്തായ ഒരു പട്ടികയാണ് തയാറാക്കേണ്ടത്. ഓരോ കുടുംബത്തിന്റെ കണക്കുകളും വേണം. വീട്, അടിസ്ഥാന സൗകര്യങ്ങള്‍, കടം, സാമ്പത്തിക പരാധീനതകള്‍, എന്നിവ പ്രത്യേകം രേഖപ്പെടുത്തി വെക്കണം. കഴിയുമെങ്കില്‍, വിദ്യാര്‍ഥികളുടെ കഴിവും പഠനമികവും കൂടെ മനസ്സിലാക്കാനുള്ള മാര്‍ഗങ്ങളും ആവിഷ്‌കരിക്കാം. ഇത്, ശേഷം പറയാന്‍ പോകുന്ന പദ്ധതികള്‍ എളുപ്പത്തില്‍ നടപ്പിലാക്കാന്‍ സഹായിക്കും.

ഘട്ടം 2
ലോക് ഡൗണ്‍ നീളുന്നതിനനുസരിച്ച് നാടിന്റെ സാമ്പത്തിക നില കൂടുതല്‍ വഷളായിക്കൊണ്ടിരിക്കും. അതു കൊണ്ട് ആദ്യം നമുക്ക് ലോക് ഡൗണ്‍ അവസാനിപ്പിക്കണം. അഥവാ, കൊവിഡിനെ അതിജയിക്കണം. അതിനു വേണ്ടത് അകമഴിഞ്ഞ പ്രാര്‍ഥനയും അതീവ ജാഗ്രതയുമാണ്. ലോക് ഡൗണ്‍ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് ഗവേഷണ പഠനങ്ങള്‍ വരെ വന്നുകഴിഞ്ഞു. അതുകൊണ്ട് തന്നെ മഹല്ല് അടിസ്ഥാനത്തില്‍ കൃത്യമായ അവബോധം നടത്താന്‍ സാധിക്കണം. നിരീക്ഷണത്തിലുള്ളവര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ടെന്ന് മഹല്ല് അധികാരികള്‍ ഉറപ്പുവരുത്തണം. അവര്‍ക്ക് വേണ്ട പരിചരണവും അടിസ്ഥാന സൗകര്യവും ലഭ്യമാക്കണം. ഒരാളുടെ ജീവന്‍ രക്ഷിക്കുന്നതിനെ ഒരു സമൂഹത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനോട് ഖുര്‍ആന്‍ ഉപമിച്ചതിന്റെ (11/5) ഉള്‍പ്പൊരുള്‍ മനസ്സിലാക്കണം. ആളുകള്‍ക്ക് ആത്മാര്‍ത്ഥതയോടെ നിയന്ത്രണം പാലിച്ച് ജീവിക്കാന്‍ അത് പ്രചോദനം നല്‍കും.

ഘട്ടം 3
റമളാന്‍/പെരുന്നാള്‍ കിറ്റുകള്‍ കൊടുക്കുക. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളെയാണ് നാം കൂടുതല്‍ ഗൗനിക്കേണ്ടത്. ഭക്ഷണമാണ് അക്കൂട്ടത്തില്‍ പരമ പ്രധാനം. ഒരുപാട് പേര്‍ക്ക് ജോലിയില്ലാത്ത സമയമാണ്. ആരും പട്ടിണി കിടക്കരുത്. ഭക്ഷണ വിതരത്തിന് മഹല്ലുകള്‍ മുന്‍കൈയ്യെടുക്കണം. ഭക്ഷണം വാങ്ങാനുള്ള പണം നല്‍കേണ്ട. പകരം ഭക്ഷ്യ പദാര്‍ത്ഥം തന്നെ നേരിട്ടെത്തിക്കുകയാണ് വേണ്ടത്. അതിനു കുറേ ഗുണങ്ങളുണ്ട്.

കൃത്യമായ സാമ്പത്തിക ആസൂത്രണമില്ലാത്തത് കൊണ്ട് തന്നെ പണം നേരിട്ട് നല്‍കുന്ന പക്ഷം, അത് പൂര്‍ണമായും ഉപഭോഗത്തിന് വേണ്ടി ചിലവഴിച്ചുകൊള്ളണമെന്നില്ല. നിലവിലെ സാഹചര്യത്തില്‍ ഉള്ള പണവും വിപണിയിലേക്ക് ഇറങ്ങാതിരിക്കുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കും. ഈയൊരു വിഷയം ഈയടുത്ത് നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ മുന്‍ റിസേര്‍വ് ബാങ്ക് ഗവര്‍ണ്ണറായിരുന്ന ഡോ. രഘുറാം രാജന്‍ സൂചിപ്പിച്ചിരുന്നു.

ഇസ്ലാമിലെ ഫിത്വ് റ് സകാതിലും നാം ഭക്ഷ്യപദാര്‍ത്ഥമാണല്ലോ കൊടുക്കാറുള്ളത്. സൈദ്ധാന്തികമായി അത് ഏറെ ചിന്തനീയമാണ്. ഫിത്വ് റ് സകാതിലൂടെ സമ്പദ് വ്യവസ്ഥയില്‍ Multiplier Effect ഉണ്ടാകുന്നുണ്ട്. (ഒരു നിശ്ചിത വിഹിതം ചിലവഴിക്കുന്നതിലൂടെ അതിന്റെ പതിന്മടങ്ങ് ഗുണങ്ങള്‍ ജനങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക സ്ഥിതിവിശേഷമാണ് മള്‍ട്ടിപ്ലയര്‍ ഇഫക്ട്). ഫിത്വ് റ് സകാതായി നാം നല്‍കുന്നത് ഉപയോഗിക്കാനുള്ള അരിയാണ്. അതിലൂടെ ചിലവഴിച്ച തുകക്ക് സമാനമായ ഉപഭോഗം(Consumption) നമുക്ക് ഉറപ്പുവരുത്താം. കൂടാതെ, ഈ അരി 100 രൂപ കൊടുത്ത് നാം വാങ്ങുമ്പോള്‍ വില്പനക്കാരന്റെ വരുമാനം (Income) വര്‍ധിക്കുന്നു. അത് മുഴുവനായും അദ്ദേഹം ഉപഭോഗത്തിന് വേണ്ടി ചിലവഴിച്ചു കൊള്ളണമെന്നില്ല. ഉദാഹരണത്തിന്, വില്പനക്കാരന്റെ ഉപഭോഗ ക്ഷമത (Marginal Propensity to Consume) 0.65 ആണെന്ന് വെക്കുക. ബാക്കിയുള്ള പണം അയാള്‍ ഈടുവയ്പ്പിനായി നീക്കിവെക്കും. 0.65 ഉപഭോഗത്തിലൂടെ മറ്റൊരാളില്‍ എത്തിച്ചേരും. അയാളും അത് പൂര്‍ണമായി ഉപഭോഗം നടത്തുകയില്ല. ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കും. അതു കൊണ്ടുതന്നെ വിപണിയില്‍ 100 രൂപയുടെ ഫിത്വ് റ് സകാത് കൊണ്ടുണ്ടാകുന്ന മൊത്തം ഉപഭോഗം 100 രൂപയേക്കാള്‍ മേലെയായിരിക്കും. ഇതാണ് Multiplier Effect അര്‍ഥമാക്കുന്നത്.

നിലവില്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രധാന പ്രശ്നം ഉപഭോഗത്തിലെ ഇടിവാണ്. ഇത് വസ്തുക്കള്‍ക്കുള്ള ആവശ്യകത (Demand) കുറക്കാനും കാരണമായി. ഫിത്വ് റ് സകാത് പോലെയുള്ള ഇസ്ലാമിക സാമ്പത്തിക ഉപകരണങ്ങള്‍ കൊണ്ടുവരുന്നതിലൂടെ ഒരു ഗ്രാമത്തില്‍ പതിന്മടങ്ങ് വളര്‍ച്ചയുണ്ടാകുമെന്നാണ് പറഞ്ഞുവരുന്നത്. അതിന്റെ വലുപ്പം മനസ്സിലാക്കി, റമളാന്‍/പെരുന്നാള്‍ കിറ്റുകള്‍ നല്‍കുന്നത് വ്യാപകമാക്കണം. ഇത് ദരിദ്രന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം, വാണിജ്യ രംഗങ്ങള്‍ സജീവമാക്കുകയും ചെയ്യും. ഇത്തരം കിറ്റുകളും ഫിത്വ് റ് സകാതിന്റെ അരിയും മഹല്ലിനകത്തെ വ്യാപാരികളില്‍ നിന്ന് തന്നെ വാങ്ങണം. എങ്കിലേ ഈ ഘട്ടം പൂര്‍ണമാവുകയുള്ളൂ.

ഘട്ടം 4
ചെറുകിട, ഇടത്തര വാണിജ്യ സ്ഥാപനങ്ങളിലൂടെ മാത്രമേ, രാജ്യത്തെ പൂര്‍വ സ്ഥിതിയിലേക്കെത്തിക്കാന്‍ സാധിക്കുകയുള്ളൂ. അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കിയെന്ന് ഉറപ്പുവരുത്തിയതിന് ശേഷം, നാം പരിഗണന നല്‍കേണ്ടത് ഇത്തരം വാണിജ്യ സ്ഥാപനങ്ങളുടെ പുനര്‍ പ്രവര്‍ത്തന നടപടികള്‍ക്കാണ്. വാണിജ്യ രംഗത്തെ ഏറ്റവും പുതിയ സാധ്യതകള്‍ മനസ്സിലാക്കി, അവയെ ക്രിയാത്മകമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ഓരോ മഹല്ലിലും പണ്ഡിതര്‍, ധനികര്‍, സാമ്പത്തിക വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക ടീമുകള്‍ രൂപീകരിക്കണം. അവരുടെ ഉത്തരവാദിത്തം താഴെ പറയുന്ന കാര്യങ്ങളാണ്.

1. കൃത്യമായ പഠനങ്ങളിലൂടെ ഏറ്റവും കൂടുതല്‍ സാധ്യതയും അവസര ഔചിത്യവുമുള്ള ബിസിനസ് ഇടങ്ങളെ മനസ്സിലാക്കുക. മഹല്ലിലെ പ്രമുഖ വാണിജ്യ വ്യവസായികളെ അത് ബോധ്യപ്പെടുത്തുക. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു ഉപദേശക സമിതി കൂടിയായി ഇതിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നമുക്ക് കഴിയും. നിലവിലെ പ്രശ്ന പരിഹാരം മാത്രമല്ല ഇതു കൊണ്ട് സംഭവിക്കുന്നത്. ഇസ്ലാം വിലക്കുന്ന, അപകട സാധ്യതയുള്ള ബിസിനസുകളിലേക്ക് പുതിയ തലമുറ തലവെക്കുന്നതിനെ തടയാന്‍ കൂടെ ഇത്തരം ഉപദേശക സമിതികള്‍ക്ക് സാധിക്കും.
2. സ്വന്തമായി ബിസിനസ് തുടങ്ങാന്‍ സമിതിക്ക് കെല്‍പ്പുണ്ടെങ്കില്‍ മഹല്ലിന്റെ പേരില്‍ തന്നെ കണ്ടെത്തിയ ബിസിനസിന് വേണ്ടിയുള്ള നടപടികള്‍ ആലോചിക്കുക. ഇതിന് വേണ്ടിയുള്ള നിക്ഷേപങ്ങള്‍ ഇസ്ലാം മുന്നോട്ട് വെക്കുന്ന ഖിറാളിലൂടെ സംഭരിക്കാം. പണം ഒരാളുടേതും ജോലി മറ്റൊരാളുടേതുമാകുന്ന കച്ചവടരൂപമാണല്ലോ ഖിറാള്. ഇവിടെ 80-20 എന്ന അനുപാദത്തില്‍ ലാഭവിഹിതം നിശ്ചയിക്കാം. 80 നിക്ഷേപകര്‍ക്കും 20 കച്ചവടം നടത്തുന്ന മഹല്ല് കമ്മിറ്റിക്കും ഓഹരി ചെയ്യുക. അത് നിക്ഷേപകര്‍ക്ക് കൂടുതല്‍ നിക്ഷേപിക്കാന്‍ ഉത്തേജനമാവും. മഹല്ലിന് ഒരു വരുമാനവുമാവും.

3. പണത്തിന്റെ ലഭ്യതക്കുറവ് മൂലം നിലച്ചുപോയ കച്ചവട സ്ഥാപനങ്ങളെ തിരിച്ചുകൊണ്ടുവരലാണ് മറ്റൊരു ദൗത്യം. ഇത്തരം ചെറുകിട, ഇടത്തര സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം മഹല്ല് ഉറപ്പു വരുത്തണം. അതിന് രണ്ടു മാര്‍ഗങ്ങളുണ്ട്. ഖിറാളും പലിശ രഹിത വായ്പ്പകളും. ലാഭത്തിന്റെ ഒരു ചെറിയ വിഹിതം മഹല്ല് കമ്മിറ്റിയിലേക്ക് നിശ്ചയിച്ച് കൊണ്ട് ഖിറാള്‍ ഇടപാട് നടത്തുന്നതാകും ഇരുകൂട്ടര്‍ക്കും കൂടുതല്‍ സഹായകമാവുക. ഇനി അത്തരമൊരു വ്യവസ്ഥാപിതമായ സമിതി നിലവിലില്ലെങ്കില്‍ പലിശരഹിത വായ്പയിലൂടെയെങ്കിലും ഇത്തരം സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പുവരുത്താവുന്നതാണ്.
മഹല്ലുകളില്‍ ഒരു മൈക്രോ ഫൈനാന്‍സിങ് ഏജന്‍സി തുടങ്ങാനുള്ള വഴികള്‍ ആലോചിക്കണം. നിലവില്‍ ഇസ്ലാമിക് ബാങ്കിങ് സംവിധാനം ഇന്ത്യയില്‍ സാധ്യമല്ലാത്തത് കൊണ്ട്, ഇത്തരം ഏജന്‍സികള്‍ ഏറെ ഉപകാരപ്പെടും. പലിശ രഹിത വായ്പകള്‍ നല്‍കാനും, ആളുകളില്‍ നിന്ന് ഡെപ്പോസിറ്റുകള്‍ സ്വീകരിക്കാനും ഇതിലൂടെ സാധിക്കും. ഇസ്ലാമിക് ബാങ്കിങ്ങിന്റെ സാധ്യമായ ഒരു പറിച്ചുനടലാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഘട്ടം 5
ലിക്വിഡിറ്റി വര്‍ധിപ്പിക്കുക. വ്യവസായ സംരംഭങ്ങള്‍ പുനരാരംഭിക്കന്നതോടെ ഉത്പാദിപ്പിക്കപ്പെടുന്ന വസ്തുക്കള്‍ വാങ്ങാന്‍ ആളുകള്‍ വരും. അതിന്, ജനങ്ങളുടെ കയ്യില്‍ പണം വേണം. എല്ലാവരുടെ കൈയ്യിലും പണമുണ്ടോ എന്നു ശ്രദ്ധിക്കണം. സകാതാണ് ഇതിനുള്ള പ്രഥമ പരിഹാരം. നിലവിലുള്ള ഇസ്ലാം വിലക്കിയ സംഘടിത സകാതിന്റെ രൂപത്തിലല്ലാതെ സകാതുകള്‍ മഹല്ലുകള്‍ വഴിയാകുന്ന സംവിധാനമുണ്ടാകണം. ഇതൊരു നിര്‍ബന്ധ രൂപമായി അവതരിപ്പിക്കരുത്. രഹസ്യമായി കൊടുക്കുന്ന ദാനങ്ങള്‍ മഹത്തരമാണല്ലോ. മറിച്ച് താഴെ പറയുന്ന വിധത്തിലുള്ള സൗകര്യങ്ങള്‍ മഹല്ലുകള്‍ ഒരുക്കിയാല്‍ അത് സാധ്യമാകും. ഇന്ന് എല്ലാവരുടെയും കയ്യില്‍ അക്കൗണ്ടുകള്‍ ഉണ്ട്. നേരത്തെ നടത്തിയ വിവര ശേഖരണത്തില്‍ പണം ആവശ്യമുള്ളവരുടെ അക്കൗണ്ട് വിവരങ്ങളും സംഘടിപ്പിച്ചിട്ടുണ്ടാകുമല്ലോ. ഒന്നുകില്‍ സകാത് നല്‍കുന്നവര്‍ക്ക് നേരിട്ട് അക്കൗണ്ട് വിവരങ്ങള്‍ കൈമാറാം. അല്ലെങ്കില്‍ മഹല്ലിലെ ഉത്തരവാദപ്പെട്ട വ്യക്തികളെ വകീലാക്കിയും സകാത് നല്‍കാം. ഒന്നാമത്തെ രൂപമാണ് നല്ലത്. രണ്ടാമത്തെ രൂപമാണെങ്കില്‍, സകാത് വീട്ടിയെന്ന് ഉറപ്പു ലഭിക്കാന്‍, ട്രാന്‍സ്ഫര്‍ വിവരങ്ങള്‍ സകാത് നല്‍കിയവര്‍ക്ക് കൈമാറുന്ന രൂപമുണ്ടാകണം. ഇത് ചൂഷണ രഹിതമായ സംവിധാനത്തിലേക്ക് നയിക്കും. സകാത് വീടിയെന്ന് ഉറപ്പ് ലഭിക്കാന്‍ അത് അത്യാവശ്യവുമാണല്ലോ.

രണ്ട് വിഭാഗം ആളുകളെയാണ് സകാത് കൊണ്ട് കാര്യമായി ലക്ഷ്യമിടേണ്ടത്. ദരിദ്രരും (ഫഖീറും മിസ്‌കീനും) കടബാധിതരും. മഹല്ല് സംവിധാനത്തിലൂടേ ഓരോ ആളുകള്‍ക്കും മതിയായ പണം ലഭിച്ചുവെന്ന് ഉറപ്പുവരുത്തണം. സകാത് പണം ഒരുപാടില്ലെങ്കില്‍ മൂന്നാളുകളില്‍ പരിമിതപ്പെടുത്തി നല്‍കലാണല്ലോ ഉത്തമം. എന്നാല്‍, സകാത് നല്‍കിയതോടെ മഹല്ലുകളുടെ ബാധ്യത കഴിഞ്ഞുവെന്ന് വിചാരിക്കരുത്. ആ പണം കൃത്യമായി ഉപയോഗിക്കുന്നതിന് അവരെ ബോധവല്‍ക്കരിക്കണം. ഓരോ വര്‍ഷം കഴിയുമ്പോഴും ഇത് കൃത്യമായി വിലയിരുത്തി അവരെ സുരക്ഷിതമായ ഒരിടത്ത് കൊണ്ടെത്തിക്കും വരെ മഹല്ലുകളവരെ പിന്തുടരണം. ഇതോടെ സകാത് സ്വീകരിക്കാന്‍ ആളുകളില്ലാതെ വന്ന ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ ഭരണ രീതിയിലേക്ക് നമുക്ക് ചെന്നെത്താന്‍ കഴിയും.

ഘട്ടം 6
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. കൊവിഡ് കാരണം തൊഴില്‍ നഷ്ടപ്പെട്ടവരും കൊവിഡിന് മുന്‍പ് കഴിവുണ്ടായിട്ടും തൊഴില്‍ ലഭിക്കാത്തവരും നമുക്കിടയിലുണ്ട്. അവരുടെ കഴിവിനനുസരിച്ചുള്ള തൊഴില്‍ നാട്ടിലോ പരിചയത്തിലോ ഉണ്ടോയെന്ന് അന്വേഷിക്കണം. ഉണ്ടെങ്കില്‍ അത് ലഭ്യമാക്കണം. നേരത്തെ പറഞ്ഞ വിദഗ്ധ സമിതിക്ക് കീഴിലായി ഇത്തരം തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്തുന്ന ഉപസമിതി കൂടെയുണ്ടായാല്‍ നന്നാകും.

എന്നാല്‍, കഴിവും അവസരവുമുണ്ടെങ്കിലും, അതിന് വേണ്ട സാമഗ്രകികള്‍ കയ്യിലില്ലാത്തവരുണ്ടാകും. അവര്‍ക്ക് വേണ്ടി ഉത്പന്നങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ മഹല്ല് കമ്മിറ്റിക്ക് സാധിക്കണം. രണ്ടുമാര്‍ഗങ്ങള്‍ ഇതിനായി സ്വീകരിക്കാം. ഉത്പന്നങ്ങള്‍ വാങ്ങുകയും അത് വാടകക്ക് കൊടുക്കുകയും ചെയ്യുന്ന രൂപമാണ് ഒന്നാമത്തേത്. രണ്ട് വര്‍ഷത്തെ കരാറിന് ശേഷം ഉത്പന്നത്തിന് ചിലവായ തുക ലഭ്യമായാല്‍, പ്രസ്തുത ഉപഭോക്താവിന്റെ സാമ്പത്തിക സ്ഥിതിയനുസരിച്ച്, പുരോഗതിയുണ്ടെങ്കില്‍ അത് കുറഞ്ഞ വിലക്ക് നല്‍കാനും, ഇല്ലെങ്കില്‍ മറ്റു വഴികളും നോക്കണം. രണ്ടാമതായി ഉത്പന്നങ്ങള്‍ നേരിട്ട് വില്‍ക്കുന്ന രൂപമാണ്. ഇവിടെ, ഒറ്റയടിക്ക് പണം നല്‍കാന്‍ പ്രയാസമുള്ളത് കൊണ്ട് തന്നെ, മഹല്ല് കമ്മിറ്റി ഉത്പന്നം വാങ്ങുന്നു. പിന്നീട്, വാങ്ങിയതിനേക്കാള്‍ കൂടിയ വിലക്ക് ഒരു വര്‍ഷത്തിനുള്ളില്‍ തവണകളായി അടക്കണമെന്ന വ്യവസ്ഥയില്‍ ഉപഭോക്താവിന് വില്‍ക്കുകയും ചെയ്യുന്നു. മുറാബഹഃ എന്ന പേരില്‍ ഇസ്ലാമിക് ബാങ്കിങ് രംഗത്ത് ഇത്തരം ഇടപാടുകള്‍ നടന്നുവരുന്നുണ്ട്. മാസം കഴിയുമ്പോള്‍ അടക്കാനാകാത്ത പക്ഷം സാഹചര്യം വിലയിരുത്തി പുനര്‍ നടപടികള്‍ മഹല്ല് അധികാരികള്‍ക്ക് സ്വീകരിക്കാം. പൂര്‍ണമായും മഹല്ല് കമ്മിറ്റിയില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ മാത്രമേ, ഇത് സാധ്യമാവുകയുള്ളൂ. ആ വിശ്വാസ്യത സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യേണ്ടത് മഹല്ലധികാരികളുടെ ചുമതലയാണ്.

ഘട്ടം 7
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാം. മഹല്ലുകള്‍ ഏറെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ഒന്നാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയൊന്നും വിവരിക്കേണ്ട ആവശ്യമില്ലല്ലോ. വിവരശേഖരണ വേളയില്‍ വിദ്യാഭ്യാസ വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്. വിദ്യാഭ്യാസ മുന്നേറ്റത്തിന് വേണ്ടി താഴെ പറയുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കാം.

1. അടിസ്ഥാനപരമായി ഓരോ വിദ്യാര്‍ഥിക്കും വേണ്ട പഠനോപകരണങ്ങള്‍ ലഭ്യമാക്കുക. ഇതിന് വേണ്ട പണം വഖ്ഫ് സംവിധാനത്തിലൂടെ സമാഹരിക്കാം. തിരുനബിയുടെ (സ്വ) കാലത്ത് സ്വഹാബികളില്‍ ഭൂരിഭാഗം പേര്‍ക്കും വഖ്ഫ് സ്വത്തുക്കളുണ്ടായിരുന്നു. ഇന്ന്, പള്ളികള്‍ക്ക് വേണ്ടി മാത്രം നീക്കിവെക്കുന്ന ഒരു ഇടപാടായി വഖ്ഫ് മാറിയിട്ടുണ്ട്. എന്നാല്‍, രാജ്യത്തെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് വഖ്ഫുകള്‍ക്ക് പലതും ചെയ്യാന്‍ കഴിയും. മഹല്ലിലെ വലിയ വ്യവസായികളും വലിയ ശമ്പളക്കാരുമൊക്കെ, മാസത്തില്‍ തനിക്ക് ലഭിക്കുന്നതിന്റെ ഒരു നിശ്ചിത ശതമാനം (ഉദാ: 2%) നാട്ടിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വഖ്ഫ് സ്വത്തുക്കള്‍ വാങ്ങാന്‍ ചിലവഴിക്കുക. വലിയ കെട്ടിട സമുച്ചയങ്ങളില്‍ നിന്ന് വാടക ലഭിക്കുമ്പോള്‍, അതില്‍ ഒരു മുറിയില്‍ നിന്ന് ലഭിക്കുന്നത് വഖ്ഫിന് വേണ്ടി വിനിയോഗിക്കുക. ഇതിന്റെ മേല്‍നോട്ടം മഹല്ല് കമ്മിറ്റിയെ ഏല്‍പ്പിക്കുന്നതിലൂടെ വലിയ വിദ്യാഭ്യാസ മുന്നേറ്റം മഹല്ലുകളില്‍ കൊണ്ടുവരാന്‍ സാധിക്കും.
2. സ്‌കോളര്‍ഷിപ്പ്: ഉന്നത പഠനം ആഗ്രഹിക്കുന്നവര്‍ക്ക് പലപ്പോഴും പണം ഒരു തടസ്സമാകാറുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ പോലും മതിയാകാതെ വരുന്ന സാഹചര്യത്തില്‍, വിഷയങ്ങള്‍ കൃത്യമായി മനസ്സിലാക്കിയതിന് ശേഷം സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കാം. അതിന്റെ പണം നേരത്തെ പറഞ്ഞ വഖ്ഫ് സംവിധാനത്തിലൂടെയോ ജനങ്ങളില്‍ നിന്നുള്ള സ്വദഖയിലൂടെയോ കണ്ടെത്താം. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു വേണ്ടി എത്ര തരാനും മടിയില്ലാത്തവര്‍, ഒത്തിരി പേരുണ്ട് നമ്മുടെ നാട്ടില്‍.

വിദ്യാഭ്യാസ ആവശ്യക്കാരുണ്ടെങ്കില്‍ കൊടുക്കാമായിരുന്നു എന്നു ചിന്തിക്കുന്നവര്‍ പോലുമുണ്ട്.ഇത് അവര്‍ക്കുള്ള ഒരു അവസര നിര്‍മാണം കൂടെയാവും.
3. കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് ട്യൂഷന്‍ സെന്റര്‍: എസ്.എസ്.എല്‍.സി, പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് നല്‍കാനും, പ്രസ്തുത പരീക്ഷകള്‍ നേരിടുന്നതിന് വേണ്ടി ട്യൂഷന്‍ നല്‍കാനും ഒരു സ്ഥാപനം മഹല്ലിന്റെ അധീനതയിലുണ്ടാവുന്നത് നല്ലതാണ്. കൂടാതെ, പി.എസ്.സി, സിവില്‍ സര്‍വീസ്, Ugc-Net തുടങ്ങിയ എക്സാമുകള്‍ നേരിടാനുള്ള പരിശീലനം നല്‍കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വഴി ലഭ്യമാകുന്ന തൊഴിലവസരങ്ങള്‍ ആഴ്ച്ച തോറും പ്രസിദ്ധീകരിക്കുകയും വേണം. ഇത്തരം സംവിധാനങ്ങളിലൂടെ ചെറിയൊരു വരുമാനവും മഹല്ലുകള്‍ക്ക് ലഭിക്കും. ആത്മീയ ചുറ്റുപാട് നല്‍കുന്നതിനും, നാടിനോട് കടപ്പാടുണ്ടാകുന്നതിനും ഇത്തരം സംവിധാനങ്ങള്‍ കാരണമായേക്കും. കുട്ടികളുടെ സാമൂഹിക ഉത്തരവാദിത്ത ബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന വേവലാതിയും അതിലൂടെ പരിഹരിക്കപ്പെടും.

4. മതപഠനത്തിന് തത്പരരായ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. മഹല്ലില്‍ ദര്‍സ് സംവിധാനം സജീവമാക്കുന്നതോട് കൂടെ ബുദ്ധിശാലികളായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലേക്കും മത ബൗദ്ധിക സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പറഞ്ഞയക്കണം. ഇവര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ് അനുവദിക്കുന്നതും ആലോചിക്കാവുന്നതാണ്. അത് വരും തലമുറക്ക് ഒരു പ്രോത്സാഹനമാകും.
5. പെന്‍ഷന്‍: മഹല്ലില്‍ ഒരുപാട് കാലം സേവനമനുഷ്ഠിച്ച ഇമാമിനും ഖാളിക്കും മുഅദ്ദിനും മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ക്കും വിരമിച്ചതിനു ശേഷം പെന്‍ഷന്‍ അനുവദിക്കണം. ഇത്, പിന്നീട് അത്തരം ജോലി ചെയ്യുന്നവര്‍ക്കൊരു പ്രോത്സാഹനമാകുമെന്ന് ഇമാം ഇബ്‌നു ഹജര്‍ (റ) തുഹ്ഫയില്‍ പറഞ്ഞതായി കാണാം. അത്തരമൊരു സൗകര്യം ഏര്‍പ്പാടാക്കിയാല്‍ തീര്‍ച്ചയായും അവര്‍ക്കത് വലിയൊരു സഹായമായിരിക്കും.

ഘട്ടം 8
സാമ്പത്തിക ആസൂത്രണം. ലോക്ക് ഡൗണ്‍ കാലയളവില്‍ ഒരു പരിധി വരെ സാമ്പത്തിക ആസൂത്രണം നടത്തി കരുതലോടെ ജീവിച്ചവരാണ് നാമെല്ലാവരും. അത് തുടരണം. ലഭിക്കുന്ന സമ്പത്ത് ഏതൊക്കെ ഇടങ്ങളിലേക്ക് ചിലവഴിക്കുന്നുണ്ടെന്ന് ഓരോ ഗൃഹനാഥനും വിലയിരുത്തണം. സമ്പത്തില്‍ നിന്ന് ഒരു നിശ്ചിത ശതമാനം സ്വദഖക്ക് വേണ്ടി ഉപയോഗിക്കുന്ന പതിവുണ്ടാകണം. ഇതിനുള്ള കൃത്യമായ ബോധവല്‍ക്കരണം മഹല്ലുകള്‍ നല്‍കി കൊണ്ടേയിരിക്കണം.
ഏറ്റവും നല്ല ജോലിയായി തിരുനബി(സ്വ) വിശേഷിപ്പിച്ചത് കൃഷിയാണ്. വീട്ടുവളപ്പില്‍ ചെറുതായെങ്കിലും കൃഷി ആരംഭിക്കാന്‍ മഹല്ലിലെ മുഴുവന്‍ വീട്ടുകാരോടും ആവശ്യപ്പെടണം. ഇതിന് വേണ്ട വിത്തുകള്‍ മഹല്ല് കമ്മിറ്റി നല്‍കണം. കുടില്‍വ്യവസായവും കൃഷിയുമൊക്കെ വ്യവസ്ഥാപിതമായി തന്നെ പരിശീലിപ്പിക്കുന്ന രൂപവുമുണ്ടാകണം. സുസ്ഥിരമായ ഒരു സമൂഹത്തെ നിര്‍മിക്കാന്‍ ഇതിലൂടെ സാധിക്കും.

തിരിച്ചറിവുകള്‍ ഉപയോഗപ്പെടുത്തണം
കൊവിഡാനന്തര സാമ്പത്തിക ക്രമത്തില്‍ ഇസ്ലാമിക സാമ്പത്തിക ബദല്‍ നിര്‍ദേശിക്കാനാകുമോ എന്ന് പലരും ചോദിച്ചിരുന്നു. അത്തരത്തില്‍ ഒരു ബദല്‍ സംവിധാനം നിലവില്‍ വരണമെങ്കില്‍, സമ്പദ് ഘടനയില്‍ കാര്യമായ അഴിച്ചുപണി അത്യാവശ്യമാണ്. പലിശ നിരോധനം തന്നെയാണ് അതില്‍ പ്രധാനം. രാജ്യം മുന്നോട്ട് വെക്കുന്ന സാമ്പത്തിക ഉപകരണങ്ങളെല്ലാം പലിശ രഹിതമാകുന്നതിലൂടെ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകും. കൂടാതെ ജനങ്ങള്‍ക്ക് വേണ്ടി പിരിക്കുന്ന പണം കൂടുതലായും ജനങ്ങളിലേക്കു തന്നെ എത്തിക്കാനുള്ള മാര്‍ഗങ്ങളുണ്ടാവണം. കേരള സര്‍ക്കാരിന്റെ വരുമാനത്തില്‍ 70%വും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയാണ് ചിലവഴിക്കുന്നത്. സകാതിന്റെ സ്വത്തില്‍ നിന്ന് എട്ടിലൊന്ന് മാത്രമാണ് അതിന്റെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്. ഇതില്‍ ഒരുപാട് പാഠങ്ങളുണ്ട്. പണം ജനങ്ങള്‍ക്ക് വേണ്ടി സ്വരൂപിക്കുന്നതാകുമ്പോള്‍, കഴിയുന്നതും അത് ജനങ്ങള്‍ക്ക് വേണ്ടി, ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ചിലവഴിക്കുകയാണ് വേണ്ടത്. ക്രിയാത്മകതയും പ്രവര്‍ത്തനപരതയും തുടങ്ങേണ്ടത് സമൂഹത്തിന്റെ ഏറ്റവും താഴെ കിടയില്‍ നിന്നാണ്. സംഘടിതമായ മുന്നേറ്റങ്ങള്‍ക്ക് നാടിന്റെ മാറ്റങ്ങളില്‍ കോളിളക്കങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. മഹല്ലുകളാണ് അതിന്റെ പ്രധാന ഇടം.
നമുക്ക് പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്ന ഇസ്ലാമിക ബദല്‍ മാര്‍ഗങ്ങള്‍ സാധ്യമാകുന്നത് ആ മഹല്ലുകളിലൂടെയാണ്. അതുകൊണ്ടാണ് അത്തരമൊരു ആലോചനക്ക് തിരികൊളുത്തിയത്. പലിശ രഹിതമായ ഇത്തരം സാമ്പത്തിക ഉപകരണങ്ങള്‍ ഗവേഷണപരതയോടെ സമീപിക്കുമ്പോള്‍ കൂടുതല്‍ മാര്‍ഗങ്ങള്‍ തെളിഞ്ഞുവരും. അവ നാടിന്റെ ആണിക്കല്ലായി മഹല്ലുകളെ രൂപപ്പെടുത്തുകയും ചെയ്യും. നമുക്ക് നല്ലൊരു നാടിനെ നിര്‍മിക്കാന്‍ കൂട്ടായി പ്രയത്നിക്കാം.

സി എം ശഫീഖ് നൂറാനി

You must be logged in to post a comment Login