സ്രഷ്ടാവ് ദിവ്യസന്ദേശങ്ങളിലൂടെ സംവദിക്കുന്നത് ചിന്താശേഷിയുള്ള സൃഷ്ടികളോടാണ്. സ്വാഭാവികമായും മനുഷ്യോല്‍പത്തി മുതല്‍ ലോകാന്ത്യം വരെ മനുഷ്യന്‍ കാത്തുസൂക്ഷിക്കേണ്ട സാമൂഹിക മൈത്രിയുടെ(social harmony)ദൃഢീകരണം ദിവ്യസന്ദേശങ്ങളുടെ പ്രമേയമാവുന്നു. പ്രവാചകത്വത്തിലൂടെ(നുബുവ്വത്) ദിവ്യസന്ദേശം സ്വീകരിക്കുവാന്‍ പാകത വന്ന പ്രവാചകന്മാരിലൂടെ ഇന്ദ്രീയാതീത ലോകത്തു നിന്നുള്ള ദിവ്യസന്ദേശങ്ങള്‍ ഇന്ദ്രീയാധിഷ്ഠിത ലോകത്തിനു സ്രഷ്ടാവ് കൈമാറുന്നു. പ്രധാനമായും നാലു ഗ്രന്ഥങ്ങളിലൂടെയും നൂറു ലഘുലേഖകളിലൂടെയുമാണ് സ്രഷ്ടാവ് സൃഷ്ടികളോട് സംവദിച്ചത്. അന്ത്യപ്രവാചകന് അവതരിച്ച ഖുര്‍ആനിലൂടെയാണ് സ്രഷ്ടാവ് അവസാനമായി സൃഷ്ടികളുമായി സംവദിക്കുന്നത്. സാമൂഹ്യജീവിയായ മനുഷ്യന്റെ വ്യത്യസ്ത മേഖലകളിലെ വ്യവഹാരങ്ങള്‍ക്കു കൃത്യമായ മാര്‍ഗരേഖ ഖുര്‍ആനിലൂടെ സ്രഷ്ടാവ് നല്‍കുന്നുണ്ട്.
ഖുര്‍ആനും പ്രതിനിധികളും
മനുഷ്യന്‍ വെറുമൊരു അടിമയല്ല, സ്രഷ്ടാവിന്റെ പ്രതിനിധികൂടിയാണ്. ഭൂമിയില്‍ പ്രതിനിധികളെ നിയോഗിക്കുന്നതിനെ കുറിച്ചു മലക്കുകളോടു സംവദിക്കവേ ആശങ്ക പ്രകടിപ്പിച്ച മലക്കുകളോട് നിങ്ങള്‍ക്കറിയാത്തത് ഞാനറിയും(2:30) എന്ന പ്രഖ്യാപനത്തിലൂടെ മനുഷ്യര്‍ക്കനുകൂലമായി സംസാരിക്കുകയായിരുന്നു സ്രഷ്ടാവ്. മനുഷ്യ സൃഷ്ടിപ്പിന്റെ ദ്വന്ദ മുഖങ്ങള്‍ വ്യക്തമായി പ്രതിപാധിക്കുന്നു. ‘നിന്റെ റബ്ബ് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്, മുട്ടിയാല്‍ മുഴങ്ങുന്ന മിനുത്ത കറുത്ത പാകപ്പെടുത്തിയ മണ്ണില്‍ നിന്നും ഞാനൊരു മനുഷ്യനെ സൃഷ്ടിക്കുകയാണ്. ഞാനവനെ ശരിയായ രൂപത്തിലാക്കുകയും എന്റെ അധികാരപരിധിയിലെ ആത്മാവിനെ അവനില്‍ സന്നിവേശിപ്പിക്കുകയും ചെയ്താല്‍, നിങ്ങള്‍ അവനു സാഷ്ടാഗം പ്രണമിക്കണം.’ (15:28, 29) എന്ന ഖുര്‍ആനിക വചനങ്ങള്‍ മനുഷ്യ സൃഷ്ടിപ്പിന്റെ പ്രഥമഘട്ടം മണ്ണിലൂടെയാണെന്നു വ്യക്തമാക്കുന്നു.
മനുഷ്യ സൃഷ്ടിപ്പിന്റെ രണ്ടാം ഘട്ടവും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.
സന്താനോത്പാദനത്തിലൂടെയുള്ള മനുഷ്യ പരമ്പരയുടെ നിലനില്പിനെയാണ് രണ്ടാം ഘട്ടമായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.1827 ല്‍ സസ്തനികളുടെ അണ്ഡത്തെ(mammalian ovum) നിരീക്ഷിച്ചു കാള്‍ ഏണസ്റ്റ് വോണ്‍ ബെയര്‍ ആധുനിക ഭ്രൂണശാസ്ത്രത്തിനു (modern embryology) പ്രാരംഭം കുറിക്കും വരെ ഭ്രൂണശാസ്ത്രത്തെ കുറിച്ച് ഒരു ധാരണയും ശാസ്ത്രത്തിനുണ്ടായിരുന്നില്ല. ആധുനിക ഭ്രൂണശാസ്ത്രത്തിന്റെ പിറവിയുടെ ആയിരത്തി ഇരുന്നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പേ ഖുര്‍ആന്‍ മനുഷ്യസൃഷ്ടിപ്പിനെ കുറിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ‘നിശ്ചയം മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍ നിന്നു നാം സൃഷ്ടിക്കുകയും പിന്നീട് ശുക്ലമാക്കി ഒരു ഭദ്ര സ്ഥലത്ത് നിക്ഷേപിക്കുകയും ചെയ്തു. അനന്തരം ആ ശുക്ലത്തെ രക്ത പിണ്ഡമായും അതിനെ മാംസ പിണ്ഡമായും തുടര്‍ന്ന് അതിനെ അസ്ഥികൂടമായും രൂപപ്പെടുത്തി. അനന്തരമത് മാംസം കൊണ്ട് ആവരണം ചെയ്തു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാമവന് അസ്തിത്വമേകി. അപ്പോള്‍ ഏറ്റം ഉദാത്തമായി സൃഷ്ടി കര്‍മം നടത്തുന്ന അല്ലാഹു അനുഗ്രഹ പൂര്‍ണനത്രെ.'(23:12,13,14) എന്നാണ് രണ്ടാംഘട്ട മനുഷ്യസൃഷ്ടിപ്പിനെ കുറിച്ചുള്ള ഖുര്‍ആനിക വിശദീകരണം.
ഖുര്‍ആനും സമൂഹവും
സ്രഷ്ടാവിന്റെ സഹായം സാമൂഹികപ്രതിബദ്ധതയോടെ ജീവിക്കുന്നവര്‍ക്കാണെന്നാണ് പ്രവാചകപാഠം. മനുഷ്യോല്പത്തി മുതല്‍ സാമൂഹിക ജീവിതത്തെ സ്രഷ്ടാവ് പരിചയപ്പെടുത്തുന്നുണ്ട്. ആദ്യ മനുഷ്യനെ സൃഷ്ടിച്ചയുടനെ അദ്ദേഹത്തില്‍ നിന്നും ഒരിണയെ സൃഷ്ടിക്കുന്നതിലൂടെ ഈയൊരു പാരസ്പര്യതയാണ് സ്രഷ്ടാവ് പഠിപ്പിക്കുന്നത് സാമൂഹ്യ ജീവിതത്തില്‍ സാമൂഹ്യ താത്പര്യങ്ങള്‍ക്ക് വ്യക്തിതാത്പര്യങ്ങളെക്കാള്‍ പ്രാധാന്യം നല്‍കുവാന്‍ ഖുര്‍ആന്‍ ഉണര്‍ത്തുന്നു. ‘അല്ലാഹുവിന്റെ പാശം ഒന്നിച്ചു മുറുകെ പിടിക്കുക ഭിന്നിക്കരുത്. പരസ്പര ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്കു അല്ലാഹു ചെയ്തു തന്ന അനുഗ്രഹം സ്മരിക്കുക. നിങ്ങളുടെ മനസ്സുകളവന്‍ യോജിപ്പിക്കുകയും അങ്ങനെ ദിവ്യാനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളാവുകയും ചെയ്തു'(3:103). ആരോഗ്യകരമായ സാമൂഹിക നിലനില്‍പ്പ് ലക്ഷ്യമാക്കി ഖുര്‍ആന്റെ ആഹ്വാനമാണിത്. മ്ലേച്ഛമായ സാമൂഹികാന്തരീക്ഷം നിലനിന്നിരുന്ന അറേബ്യന്‍ സമൂഹത്തെ മാതൃകായോഗ്യരായ സമൂഹമാക്കി മാറ്റിയതു സമൂഹത്തിന്റെ നിലനില്പിനാവശ്യമായ നിര്‍ദേശങ്ങള്‍ സന്ദര്‍ഭോചിതമായി ഉണര്‍ത്തിയ ഖുര്‍ആനാണെന്നതില്‍ സംശയമില്ല. ‘സത്യവിശ്വാസികളെ, ഒരു ജനവിഭാഗവും മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. അവര്‍ ഇവരേക്കാള്‍ ശ്രേഷ്ടരായേക്കാം. ഒരു സ്ത്രീ വിഭാഗം മറ്റൊരു സ്ത്രീ വിഭാഗത്തെയും പരിഹസിക്കരുത്. അവര്‍ ഇവരേക്കാള്‍ ഉദാത്തരായേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. വിശ്വാസം കൈക്കൊണ്ടതിനു ശേഷം ചീത്തപ്പേര് വിളി എത്ര മോശം. വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അവര്‍ തന്നെ അക്രമികള്‍'(49:11) എന്ന ഖുര്‍ആനിക വചനം സന്ദര്‍ഭോചിത ഉണര്‍ത്തലിനൊരു ഉദാഹരണമാണ്.
സാമൂഹികബന്ധം അനാരോഗ്യപരമാക്കി തീര്‍ക്കുന്ന പ്രവര്‍ത്തനങ്ങളെ ഖുര്‍ആന്‍ വിലക്കുന്നു. അക്രമപ്രവര്‍ത്തനങ്ങള്‍, വ്യഭിചാരാരോപണം, കൊല, മദ്യപാനം, പിശുക്ക്, പരിഹാസം, അന്യവീടുകളിലേയ്ക്കുള്ള കടന്നുകയറ്റം മുതലായവ നിഷിദ്ധമാക്കിയത് സാമൂഹിക ബന്ധത്തിന്റെ ഭദ്രതയ്ക്കാണ്. സാമൂഹികബന്ധം ആരോഗ്യപരമാക്കുന്ന പ്രവര്‍ത്തനങ്ങളെ ഖുര്‍ആന്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. നന്മകളില്‍ സഹകരിക്കുവാനും കുടുംബബന്ധം പുലര്‍ത്തുവാനും സ്രഷ്ടാവിന്റെ മാര്‍ഗത്തില്‍ സ്നേഹിക്കുവാനും ക്ഷമിക്കുവാനും സാമ്പത്തികമായി സഹായിക്കുവാനും തൊഴിലുകളില്‍ കൃത്യത പുലര്‍ത്തുവാനും ഉണര്‍ത്തിയത് സമൂഹ്യനന്മയ്ക്കാണ്. ‘നിങ്ങള്‍ അളവും തൂക്കവും പൂര്‍ണരൂപത്തിലാക്കുക. കുറവു വരുത്തുന്നവരില്‍ ഉള്‍പ്പെടരുത്. ശരിയായ ത്രാസിലാണ് തൂക്കം കണക്കാക്കേണ്ടത്. ജനങ്ങള്‍ക്ക് ഒന്നും കുറവു വരുത്തരുത്. ഭൂമിയിലെ കുഴപ്പക്കാരാവുകയുമരുത്'(26:180-183). എന്നാണ് ഖുര്‍ആനിക പരാമര്‍ശം. അതിനുപുറമേ ജനങ്ങളെല്ലാം ചീര്‍പ്പിന്റെ പല്ലുപോലെ സമന്മാരാണെന്നു പ്രവാചകന്‍ ഉണര്‍ത്തുകയും ചെയ്യുന്നു.
ഖുര്‍ആനും സുകൃതവ്യാപനവും
ഖുര്‍ആനികാവതരണത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്നാണ് സുകൃതവ്യാപനം. സന്മാര്‍ഗത്തിലേയ്ക്കു ക്ഷണിക്കുന്നതിനായി നന്മ ഉപദേശിക്കുകയും തിന്മ നിരോധിക്കുകയും ചെയ്യുക എന്നതാണ് സുകൃതവ്യാപനം കൊണ്ടു ലക്ഷ്യമാക്കുന്നത്. ‘ഉത്തമമായതിലേക്ക് ക്ഷണിക്കുകയും സത്കാര്യങ്ങള്‍ ഉപദേശിക്കുകയും ചീത്തകാര്യങ്ങള്‍ നിരോധിക്കുകയും ചെയ്യുന്ന ഒരു സംഘം ആളുകള്‍ നിങ്ങളില്‍ ഉണ്ടായിരിക്കണം. അവരാണ് വിജയം പ്രാപിച്ചവര്‍'(3:104) എന്നാണ് ഖുര്‍ആനിക ആശയം. ഖുര്‍ആന്റെ പദപ്രയോഗം സുകൃതവ്യാപനം സാമൂഹിക ബാധ്യതയാണെന്നു വ്യക്തമാക്കുന്നുണ്ട്. സുകൃതവ്യാപനത്തെ കുറിച്ചു പരാമര്‍ശിക്കവെ ‘ഖൗം’ എന്ന പദത്തിനു പകരം ‘ഉമ്മത്’ എന്നാണ് ഖുര്‍ആന്‍ പ്രയോഗിക്കുന്നത്. കൃത്യമായ ലക്ഷ്യവും ഉത്തരവാദിത്തവും മുന്നില്‍ വെച്ചു പ്രവര്‍ത്തിക്കുന്ന സംഘത്തിനാണ് അറബിഭാഷയില്‍ ‘ഉമ്മത്’ എന്നു പ്രയോഗിക്കാറുള്ളത്. അതിനാലാവണം ഇമാം നവവി അടക്കമുള്ള പണ്ഡിതന്മാര്‍ സുകൃതവ്യാപനം സാമൂഹിക ബാധ്യതയില്‍ പെട്ടതാണെന്നു രേഖപ്പെടുത്തിയത്. അതിനു പുറമെ ‘എന്റെ ആത്മാവ് വഹിക്കുന്ന അല്ലാഹുവാണ, നിങ്ങള്‍ നന്മ ഉപദേശിക്കുകയും തിന്മ തടയുകയും ചെയ്യണം. അല്ലാത്തപക്ഷം അല്ലാഹുവിന്റെ ശിക്ഷ വന്നുഭവിക്കും. പിന്നീട് അവനോട് പ്രാര്‍ഥിച്ചതുകൊണ്ട് നിങ്ങള്‍ക്ക് ഉത്തരം ലഭിക്കുകയില്ല’ എന്ന പ്രവാചക വചനം സുകൃതവ്യാപനത്തിന്റെ ഗൗരവം ഉണര്‍ത്തുന്നു.
സുകൃതവ്യാപനത്തിന്റെ വ്യത്യസ്ത രീതികള്‍ വ്യത്യസ്ത പ്രവാചകന്മാരിലൂടെ സ്രഷ്ടാവ് പഠിപ്പിക്കുന്നുണ്ട്. സുലൈമാന്‍(അ), യൂസുഫ് (അ), മൂസ(അ), മുഹമ്മദ് (സ്വ) മുതലായ അനവധി പ്രവാചകമാതൃകള്‍ ചരിത്രങ്ങളിലുണ്ട്. ജീവിതത്തിലെ ഓരോ ചുവടുകളിലൂടെയും നന്മ പ്രചരിപ്പിക്കുവാനും തിന്മ നിരോധിക്കുവാനും മുഹമ്മദ് നബിക്ക് കഴിഞ്ഞിരുന്നു. അതിനാലാണ് മനഃശാസ്ത്രജ്ഞനും തത്വചിന്തകനുമായ ഗിബ്ബണ്‍ ‘മുഹമ്മദിനു പറയുന്നതെന്തോ അതു പ്രതിഫലിപ്പിക്കുവാനും പ്രാവര്‍ത്തികമാക്കുവാനുമുള്ള കഴിവ് അപാരമായിരുന്നു. സത്യസന്ധമായ ജീവിതത്തിലൂടെ പറയുന്നതെന്തും ജനങ്ങളില്‍ വേരുറപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു’ എന്നു പ്രവാചകനെ കുറിച്ചു പറഞ്ഞത്. ‘താങ്കളുടെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് യുക്തിപൂര്‍വവും സദുപദേശം മുഖേനയും ജനങ്ങളെ ക്ഷണിക്കുകയും ഉത്തമരൂപത്തില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തന്റെ മാര്‍ഗത്തില്‍ നിന്നും തെറ്റിയവരെ കുറിച്ചു താങ്കളുടെ നാഥന്‍ അറയുന്നവനാണ്. നേര്‍മാര്‍ഗം പ്രാപിച്ചവരെ കുറിച്ചുമറിയുന്നവനാണവന്‍'(16:125) എന്ന ഖുര്‍ആനിക വചനത്തെ ജീവിതത്തിലൂടെ പ്രവാചകന്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. വ്യഭിചാരത്തിനനുമതി തേടിയ യുവാവിനു നേരെ അനുചരന്മാര്‍ കുപിതരാവുമ്പോള്‍ പ്രവാചകന്‍ പുഞ്ചിരിക്കുകയാണ് ചെയ്തത്. സ്നേഹം നിറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ച പ്രവാചകന്‍ യുവാവിനോടു ചോദിക്കുന്നത് നിന്റെ മാതാവിനെയോ പുത്രിയെയോ സഹോദരിയെയോ അന്യര്‍ വ്യഭിചരിക്കുന്നത് നീ ഇഷ്ടപ്പെടുന്നുവോ എന്നാണ്. ഇല്ലെന്നു മറുപടി ലഭിക്കുമ്പോള്‍ അപ്രകാരമാണ് ഏവരും എന്നു ചോദ്യകര്‍ത്താവിനെ പ്രവാചകന്‍ ബോധ്യപ്പെടുത്തുന്നു. ഇപ്രകാരം യുക്തിഭദ്രമാവണം സുകൃതവ്യാപനം എന്നു പ്രവാചകജീവിതം ഓര്‍മപ്പെടുത്തുന്നു.
ഖുര്‍ആനും ഉണര്‍ത്തലുകളും
പ്രതിനിധികളുടെ പ്രപഞ്ചത്തിലേയ്ക്കുള്ള ആഗമനോദ്ദേശ്യം വിസ്മരിക്കപ്പെടാതിരിക്കുന്നതിനുതകുന്ന ഉണര്‍ത്തലുകള്‍ ഖുര്‍ആന്‍ നല്‍കുന്നുണ്ട്. സുവിശേഷങ്ങള്‍ക്കൊപ്പം അനിവാര്യമായ താക്കീതുകളും പ്രവാചകന്‍ മുഖേന ഖുര്‍ആന്‍ മനുഷ്യരിലേക്കെത്തിക്കുന്നു. അതിനാലാണ് പ്രവാചകനെ ‘ബഷീര്‍'(സുവിശേഷകന്‍) എന്നും ‘നദീര്‍'(താക്കീതുകാരന്‍) എന്നും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ‘നബിയേ, തീര്‍ച്ചയായും താങ്കളെ ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുംഅല്ലാഹുവിലേക്ക് അവന്റെ അനുമതി പ്രകാരം ക്ഷണിക്കുന്നവനും പ്രകാശം പരത്തുന്ന വിളക്കായും നാം നിയോഗിച്ചിരിക്കുന്നു'(33:45,46) എന്നാണ് ഖുര്‍ആനിക പരാമര്‍ശം. ഖുര്‍ആനിക വചനങ്ങള്‍ ശ്രോദ്ധാക്കളില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഇബ്നു മസ്ഊദിന്റെ(റ) പാരായണം പ്രവാചക നയനങ്ങളെ ഈറനണിയിച്ചതും രണ്ടാം ഖലീഫയുടെ ഇസ്ലാമാശ്ലേഷവും ഖുര്‍ആനിക സ്വാധീനത്തിന്റെ തെളിവുകളാണ്. അതുവഴി പ്രതിനിധികളെ ജാഗ്രത്താക്കുവാന്‍ ഖുര്‍ആനിക ഉണര്‍ത്തലുകള്‍ക്കു കഴിയുന്നു. ‘വിശ്വസിക്കുകയും സദ്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ സ്വര്‍ഗത്തോപ്പുകളിലായിരിക്കും. അവര്‍ ഉദ്ദേശിക്കുന്നതെന്തോ അത് അവരുടെ രക്ഷിതാവില്‍ നിന്നും അവര്‍ക്കുണ്ടായിരിക്കും. അതത്രെ മഹത്തായ അനുഗ്രഹം. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത തന്റെ ദാസന്മാര്‍ക്ക് അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നതാണ് അത്'(42:22,23) പോലുള്ള ഖുര്‍ആനിക സുവിശേഷങ്ങള്‍ മനുഷ്യരെ നന്മയില്‍ നിലയുറപ്പിക്കുവാന്‍ ഉത്തേജിപ്പിക്കുന്നു. ‘അവന്‍ ആഹാരം നിര്‍ത്തിക്കളഞ്ഞാല്‍ ആരാണ് നിങ്ങള്‍ക്ക് ആഹാരമേകുക?’, ‘പറയുക, നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ പിന്നെ ഒഴുകുന്ന ശുദ്ധജലം നിങ്ങള്‍ക്ക് തരുവാന്‍ ആരുണ്ടെന്നു നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?'(67:21,30) തുടങ്ങിയ ഖുര്‍ആനിക വചനങ്ങള്‍ മനുഷ്യരെ യഥാര്‍ത്ഥ്യത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ‘സത്യനിഷേധികള്‍ക്ക് അഗ്നിയുടുപ്പുകള്‍ മുറിച്ചു കൊടുക്കപ്പെടും. അവരുടെ ശിരസ്സുകള്‍ക്കു മീതെ തിളയ്ക്കുന്ന ജലം ഒഴിക്കപ്പെടും. അതുനിമിത്തം അവരുടെ ഉദരങ്ങളിലുള്ളതും ചര്‍മങ്ങളും ഉരുക്കപ്പെടും. അവര്‍ക്ക് ഇരുമ്പിന്റെ ദണ്ഡുകളുണ്ട്.’ (22:19) പോലോത്ത ഖുര്‍ആനിക താക്കീതുകള്‍ തിന്മകള്‍ ഉപേക്ഷിക്കുവാനും മനുഷ്യരെ നിര്‍ബന്ധിതരാക്കുന്നു. ചുരുക്കത്തില്‍, ഇത്തരം ഉണര്‍ത്തലുകളിലൂടെ ആത്മസംസ്‌കരണത്തിനു വിധേയരാവുന്ന ചിന്തിക്കുന്ന സൃഷ്ടികള്‍ മനുഷ്യസൃഷ്ടിപ്പില്‍ ആശങ്ക പ്രകടിപ്പിച്ച മലക്കുകളെക്കാള്‍ ഔന്നിത്യത്തിലെത്തുന്നു.
ഫള്ലു റഹ് മാന്‍ തൊടുപുഴ
You must be logged in to post a comment Login