കൊവിഡിനെ നമ്മള്‍ മടക്കി അയക്കും; രാജ്യം പക്ഷേ, ബാക്കിനിര്‍ത്തണം

കൊവിഡിനെ നമ്മള്‍ മടക്കി അയക്കും; രാജ്യം പക്ഷേ, ബാക്കിനിര്‍ത്തണം

രാജ്യം യുദ്ധത്തെ നേരിടുമ്പോള്‍ സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നത് രാജ്യദ്രോഹമാകും. വളരെ പഴയൊരു വാക്യമാണ്. ലോകം ശീലിച്ചുപോന്ന ഒരു വാക്യം. ആ വാക്യത്തിന്റെ അര്‍ഥം ആത്യന്തികമായി നാം ഒരു രാജ്യത്തെ പൗരന്മാരാണ് എന്നതാണ്. രാജ്യത്തെ പൗരന്മാരായിരിക്കുക എന്ന ഉപാധിയുടെ പുറത്ത് മാത്രമേ നമുക്ക് ലോകത്തെ പൗരന്മാരായിരിക്കാന്‍ കഴിയൂ എന്നും അതിനര്‍ഥമുണ്ട്. അതിനാല്‍ ഒരു മഹാമാരിക്കെതിരെ നമ്മുടെ രാജ്യം അതികഠിനമായ ഒരു യുദ്ധത്തിലൂടെ സഞ്ചരിക്കുമ്പോള്‍ നാം അതിനൊപ്പം നില്‍ക്കേണ്ടതുണ്ട്. ആ പോരാട്ടങ്ങള്‍ക്കായി മനസ്സും ശരീരവും അര്‍പ്പിക്കേണ്ടതുണ്ട്. നാമോരോരുത്തരും അത് ചെയ്യുന്നുണ്ട്. എന്തിന് വേണ്ടിയാണ് നമ്മുടെ ഈ അര്‍പ്പണം? ഒന്നാമതായി മനുഷ്യ ജീവനുകള്‍ അതിപ്രധാനമാണ് എന്ന തിരിച്ചറിവാണ്. മഹാമാരിക്കുമുന്നില്‍ തോറ്റ് മനുഷ്യര്‍ മരണത്തിലേക്ക് വലിച്ചെറിയപ്പെട്ടുകൂട. മരണം പതുങ്ങിനില്‍ക്കുന്ന ആള്‍ക്കൂട്ടങ്ങളെ നാം പിരിച്ചുവിടണം. ൈവറസിന് തൊടാനാവാത്ത വണ്ണം നാം മാറിനില്‍ക്കണം. സൂക്ഷ്മജീവികളോട് ജയിക്കാനുള്ള പടക്കോപ്പുകള്‍ നാം ഇനിയും കണ്ടെത്തിയിട്ടില്ല. അതിനാല്‍ മാറിനില്‍ക്കുക എന്നതാണ് തല്‍ക്കാല തന്ത്രം. നാമതുചെയ്യുന്നു. ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. കഴിഞ്ഞ അന്‍പതിലധികം നാളുകളായി നമ്മുടെ ഭരണകൂടവും ആവശ്യപ്പെടുന്നത് അത് തന്നെയാണ്; മാറിനില്‍ക്കൂ എന്ന്.

നിശ്ചയമായും അനേകവൈവിധ്യങ്ങളാല്‍ വിചിത്ര സ്വഭാവിയായ ഇന്ത്യ എന്ന ദേശരാഷ്ട്രം അതിന്റെ സകല പരിമിതികളേയും മറികടന്ന് കൊവിഡിനോട് ഏറെക്കുറെ വിജയകരമായി പൊരുതുന്നുണ്ട്. അതിതീവ്ര മുതലാളിത്തത്തിന്റെ അതിതീവ്ര ആധുനികതയുടെ പ്രയോക്താക്കളും പ്രചാരകരുമായ വന്‍കിട രാഷ്ട്രങ്ങള്‍ അവരുടെ പൗരന്മാരെ മരണത്തിലേക്കെറിഞ്ഞു കൊടുത്തത് നാം കാണുന്നുണ്ട്. ലോകത്തിന് മുന്നില്‍ അമേരിക്ക ഉള്‍പ്പടെയുള്ള വന്‍ശക്തികള്‍ അവരുടെ ദൗര്‍ബല്യങ്ങള്‍ മറയില്ലാതെ വെളിപ്പെടുത്തി കഴിഞ്ഞു. കുമിഞ്ഞുകൂടുന്ന സമ്പത്ത് ഹിംസയാണ്. അത് പ്രകൃതിയുടെ സാമാന്യ നിയമത്തിന് തീര്‍ത്തും എതിരാണ്. ഇപ്പോള്‍ പ്രകൃതി അതിന്റെ സ്ഫോടനാത്മകമായ ഒരു യാഥാര്‍ത്ഥ്യത്തെ മനുഷ്യര്‍ക്കിടയിലേക്ക് വൈറസിന്റെ രൂപത്തില്‍ തുറന്നു വിട്ടു. കുമിഞ്ഞുകൂടിയ, പരിമിത വൃത്തങ്ങളില്‍ ഘനീഭവിച്ച സമ്പത്ത് എത്ര വ്യര്‍ഥമാണെന്ന് ആ വൈറസ് തെളിയിച്ചു. ഭാഗികമായെങ്കിലും നീതിപൂര്‍വമായി വിതരണം ചെയ്യപ്പെട്ട സമ്പത്തിനേ പ്രപഞ്ച സൗഹാര്‍ദപരമായി പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും തെളിയിച്ചു. അത് മറ്റൊരു വിഷയമാണ്.

ഈ കുറിപ്പ് തയാറാക്കുമ്പോള്‍ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോഡി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. രാജ്യാഭിമാനത്തെ വിജൃംഭിതമാക്കുന്ന പദാവലികളായിരുന്നു ആമുഖമെന്ന് നാം കേട്ടു. അത് ദീര്‍ഘമായ ഒന്നായിരുന്നു. ഒരു പ്രൈമറി സാമൂഹിക ശാസ്ത്രം ക്ലാസിലെന്ന വണ്ണം പ്രധാനമന്ത്രി വാക്കുകള്‍ പ്രയോഗിച്ചു. കൊവിഡ് മഹാമാരിയെ നാം അതിജീവിക്കുമെന്ന് പലഘട്ടങ്ങളില്‍ ഊന്നിപ്പറഞ്ഞു. നല്ലത്. ഒരു രാജ്യം കഠിനനാളുകളിലൂടെ കടന്നുപോകുമ്പോള്‍ ഒരു ഭരണാധികാരി പുറപ്പെടുവിക്കേണ്ടത് ആത്മവിശ്വാസം നിറഞ്ഞ വാക്കുകളാണ്. അങ്ങനെ ചെയ്യാത്ത ഒരു ഭരണാധികാരി ഡൊണാള്‍ഡ് ട്രംപിനെപ്പോലെ മനുഷ്യര്‍ക്കുമുന്നില്‍ അപഹാസ്യനാകും. ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യപിച്ചാണ് മോഡി പ്രസംഗം അവസാനിപ്പിച്ചത്. അതും നല്ലത്. അത്തരം എല്ലാ നടപടികളേയും നാം പിന്തുണക്കേണ്ടതുണ്ട്. മരണവീട്ടിലെ മാന്യത എന്ന് നാട്ടുമൊഴി. നാം മരണമുഖത്താണ്. അവിശ്വാസമല്ല, സഹകരണവും ശുഭാപ്തി നിറഞ്ഞ വിശ്വസിക്കലുമാണ് ഇപ്പോള്‍ വേണ്ടത്. രാജ്യം യുദ്ധത്തെ നേരിടുമ്പോള്‍ സമാധാനത്തെക്കുറിച്ച് സംസാരിക്കരുത്.

എങ്കിലും യുദ്ധാനന്തരം ബാക്കിയാവുന്നത് എന്ത് എന്ന ചിന്ത യുദ്ധമുഖത്തും അനിവാര്യമാണ്. നമ്മുടെ മനുഷ്യര്‍ ബാക്കിയുണ്ടാവണം. പരമാവധി ജീവനുകള്‍ രക്ഷിക്കാനുള്ള ഭരണകൂട ശ്രമങ്ങള്‍ നാം കാണുന്നുണ്ട് എന്നതിനാല്‍ മനുഷ്യര്‍ ബാക്കിയുണ്ടാവും എന്ന് തന്നെ പ്രതീക്ഷിക്കാം. രാജ്യവും പക്ഷേ, ബാക്കിയുണ്ടാവണം. ഇന്ത്യ എന്ന രാജ്യം ഇന്ത്യ എന്ന ആശയത്തിന്റെ പ്രകാശനമാണ്. കൊവിഡ് മഹാമാരിയുടെ താണ്ഡവം തുടങ്ങും മുന്‍പ് ഒരു വര്‍ഷത്തോളം നാം നിരന്തരമായി സംസാരിച്ചത് ഇന്ത്യ എന്ന ആശയത്തെക്കുറിച്ചാണ്. ആ ആശയത്തെ തകര്‍ക്കാനുള്ള നീക്കങ്ങളെ നാം തെരുവില്‍ നേരിട്ടത് മറക്കരുത്.

കൊവിഡ് മടങ്ങിപ്പോകും എന്ന് നമുക്കുറപ്പാണ്. എന്തെന്നാല്‍ മനുഷ്യചരിത്രം അതിജീവനത്തിന്റെ ചരിത്രമാണ്. സുഗമമായ ഒരു യാത്ര ആയിരുന്നില്ല അത്. മഹാമാരികള്‍ എത്രയോ വന്നു. പക്ഷേ, മനുഷ്യവംശം മുച്ചൂടും മുടിഞ്ഞില്ല. ഗംഭീരമായി അതിജീവിച്ചു. ഇനിയൊരിക്കലും നമ്മെ തിരഞ്ഞ് എത്തില്ല എന്നുറപ്പിക്കും വിധം മനുഷ്യരാശി പ്രതിരോധത്തിന്റെ പെരുംകോട്ടകള്‍ പണിതു. അതേ ചരിത്രം ആവര്‍ത്തിക്കപ്പെടും. അപ്പോഴും ബാക്കി ജീവിതത്തിന് നാം ഇതുവരെ പടുത്തുയര്‍ത്തിയ മഹാമാതൃകകള്‍ അതേപടി വേണം. അതിനാലാണ് നമ്മുടെ രാജ്യം നമുക്ക് സംരക്ഷിക്കേണ്ടതുണ്ട് എന്ന് പറഞ്ഞത്.

എന്തായിരുന്നു നാം പേര്‍ത്തും പേര്‍ത്തും പറഞ്ഞുകൊണ്ടിരുന്ന ഇന്ത്യ എന്ന ആശയം. നിശ്ചയമായും അത് ഇന്ത്യ എന്ന മതേതര ജനാധിപത്യ ഫെഡറല്‍ റിപബ്ലിക് എന്ന ആശയമാണ്. അതിനെ സുശക്തമാക്കാന്‍ നാം നിര്‍മിച്ച, അനേകകാലത്തെ ചരിത്രവും എണ്ണമറ്റ പോരാട്ടങ്ങളുടെ ഓര്‍മകളും അടിത്തട്ടില്‍ ഇരമ്പുന്ന നമ്മുടെ ഭരണഘടനയാണ്. ആ ഭരണഘടനയുടെ അടിത്തറക്കും അസ്ഥിവാരത്തിനും മേല്‍ കയ്യേറ്റം ഉണ്ടായപ്പോഴാണ് നാം മാസങ്ങള്‍ മുന്‍പ് തെരുവില്‍ ഇറങ്ങിയത്. ഭരണഘടന വായിച്ചത്. കൊവിഡ് മഹാമാരിയുടെ പ്രകമ്പനത്തില്‍ നാം ആ നാളുകളെ മറന്നുകൂടാ. ജനാധിപത്യം എന്നാല്‍ ഓര്‍മകള്‍ കൊണ്ടുകൂടി നിലനില്‍ക്കുന്ന ഒരു സംവിധാനമാണ്.
അതിനാല്‍ കൊവിഡ് പ്രതിസന്ധിയുടെ പരിഹാര ക്രിയകള്‍ക്കിടയിലൂടെ ഭരണഘടനയുടെ അടിസ്ഥാനശിലയും ഇന്ത്യന്‍ ജനാധിപത്യമെന്ന പ്രയോഗവും കടപുഴകാന്‍ അനുവദിച്ചുകൂടാ. വൈറസ് ബാധിച്ച സമൂഹത്തേക്കാള്‍ ഭീകരമാണ് ജനാധിപത്യം അപഹരിക്കപ്പെട്ട ബഹുസ്വര സമൂഹം. ജനാധിപത്യത്തിന്റെ ഒഴിഞ്ഞുപോകലിലൂടെ ഇന്ത്യയെ ഗ്രസിക്കുക മാരകമായ ഭൂരിപക്ഷ വര്‍ഗീയതയായിരിക്കും എന്നതിനാല്‍ പ്രത്യേകിച്ചും. അതുകൊണ്ടാണ് ഈ കുറിപ്പിന്റെ പശ്ചാത്തലമായി ഇപ്പോഴും മുഴങ്ങുന്ന പ്രധാനമന്ത്രിയുടെ അഭിസംബോധനയോട് വിമര്‍ശനാത്മകമായി മുഖമുയര്‍ത്തേണ്ടി വരുന്നത്. വിമര്‍ശനാത്മകമായിരിക്കുക എന്നതിനേക്കാള്‍ നിര്‍മാണപരമായ, ക്രിയേറ്റീവായ മറ്റൊന്നില്ല എന്ന് നിങ്ങള്‍ക്കറിയാം.

യുദ്ധമുഖങ്ങള്‍ ഏകനായകത്വത്തിന്റെ പണിപ്പുരകളാണ്. അതിപ്രതാപവാനായ നായകത്വത്തെ അത് ആഘോഷപൂര്‍വം അവതരിപ്പിക്കും. അതൊന്നുമാത്രമാണ് രക്ഷയെന്ന് പ്രചരിപ്പിക്കും. യുദ്ധത്തില്‍ അത് പതിവാണ്. അത്തരമൊരു അവതരിപ്പിക്കല്‍ കേന്ദ്രസര്‍ക്കാര്‍, പ്രധാനമന്ത്രി നരേന്ദ്രമോഡി എന്നീ ദ്വന്ദങ്ങളെ മുന്‍നിര്‍ത്തി ഇപ്പോള്‍ സംഭവിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ മഹാധികാരത്തിന്റെ ഉഗ്രരൂപം പൂണ്ട് നിറയുകയാണ്. അതിപ്പോള്‍ എല്ലാ അളവുകളും വിട്ട് ഭീമാകാരമായിരിക്കുന്നു. ഒരേയൊരിന്ത്യ ഒരൊറ്റ സര്‍ക്കാര്‍ എന്ന നില കൈവന്നിരിക്കുന്നു. ഇത് ആത്യന്തികമായി റദ്ദാക്കുക ഫെഡറലിസം എന്ന പ്രയോഗത്തെയാണ്. ഫെഡറലിസം എന്നതാകട്ടെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയും ആത്മാവുമാണ്. ഇന്ത്യ എന്നാല്‍ ഒരു കേന്ദ്രവും അതിന്റെ ഘടകങ്ങള്‍ മാത്രമായ സംസ്ഥാനങ്ങളുമല്ല. മറിച്ച്, സംസ്ഥാനങ്ങളുടെ യൂണിയനാണ്. കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ ഫെഡറലിസം എന്ന ഭരണഘടന അടിവരയിട്ട വ്യവസ്ഥയെ കേന്ദ്രം മറികടക്കുക എന്നാല്‍ ഭരണഘടനയെ തകര്‍ക്കുക എന്നാണര്‍ഥം. അത് സംഭവിക്കുന്നുണ്ട്.

അഭിഭാഷകരായ പ്രശാന്ത് ഭൂഷണും ശ്യാം അഗര്‍വാളും ദ ഹിന്ദു ലേഖനത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത് വായിക്കാം:
The Central government has so far followed a mostly top-down approach in tackling the COVID-19 pandemic. During lockdowns 1.0, 2.0 and 3.0, the Centre has issued guidelines from time to time, ostensibly under the Disaster Management Act of 2005, containing varying restrictions on public activity and commerce which the States are expected to enforce. The Centre directs the State governments to scrupulously enforce every new set of guidelines, with the States only being allowed to increase and not dilute the restrictions. This centralised approach is counterproductive, has put the federal structure of India under strain, and is in fact beyond the powers of the Central government.
2005-ലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമ പ്രകാരം കൊവിഡ് നിയന്ത്രണത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങളിലെ അധികാര കേന്ദ്രിത സ്വഭാവത്തെ ഫെഡറലിസത്തിന്റെ ലംഘനമായി എണ്ണുകയാണ് ഈ മുതിര്‍ന്ന ഭരണഘടനാ വിദഗ്ധര്‍. കേന്ദ്രം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ കൂട്ടാനല്ലാതെ കുറക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയില്ല. അത് ഫെഡറലിസത്തെ എങ്ങനെ ദുര്‍ബലപ്പെടുത്തുമെന്ന് അക്കമിട്ട് ചൂണ്ടിക്കാട്ടുന്നു ഇരുവരും.

സോണ്‍ തിരിക്കുന്നതില്‍ തുടങ്ങുന്നു ഈ അപകടകരമായ ഏകവീക്ഷണം. വൈവിധ്യങ്ങളുടെ സമുച്ചയമായ സംസ്ഥാനങ്ങളെ പരിഗണിക്കാതെ മുകളില്‍ നിന്നുള്ള അടിച്ചേല്‍പ്പിക്കല്‍ പ്രയോഗിക്കപ്പെടുന്നു. ഒരു ജില്ലയിലെ ഒരു ചെറിയ ഭാഗത്ത് കൊവിഡ് ഉണ്ട് എന്നതിനെ മുന്‍നിര്‍ത്തി ജില്ല മുഴുവനായി റെഡ്സോണ്‍ ആണെന്ന് കല്‍പിക്കുമ്പോള്‍ രാജ്യം എങ്ങനെയാണ് ഫെഡറല്‍ രാജ്യം ആവുക? മാത്രവുമല്ല പൊതുജനാരോഗ്യം പൂര്‍ണമായി സംസ്ഥാനത്തിന്റെ നിയമ നിര്‍മാണ അധികാരത്തില്‍ വരുന്ന സംഗതിയാണ്. ഭരണഘടനാ ഭാഷയില്‍ സ്റ്റേറ്റ് ലിസ്റ്റ്. പൂര്‍ണമായി സ്റ്റേറ്റ് ലിസ്റ്റില്‍ വരുന്ന ഒരു കാര്യത്തില്‍ കേന്ദ്രത്തിന് റോളില്ല. അത് ഭരണഘടന വാഗ്ദാനം ചെയ്യുന്ന ഫെഡറല്‍ മൂല്യമാണ്. നിയമങ്ങളുടെ കാര്യത്തില്‍ വിശാലമായ മൂന്ന് പട്ടികാ സംവിധാനങ്ങളാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത്. ഒന്ന് യൂണിയന്‍ ലിസ്റ്റാണ്. അത് ഏതെല്ലാമെന്ന് പൂര്‍വ നിശ്ചിതമാണ്. ആ പട്ടികയില്‍ പെട്ട കാര്യങ്ങളില്‍ നിയമം നിര്‍മിക്കാന്‍ കേന്ദ്രത്തിന് മാത്രമാണ് അധികാരം. രണ്ടാമത്തേത് സ്റ്റേറ്റ് ലിസ്റ്റാണ്. സമ്പൂര്‍ണമായി സംസ്ഥാനങ്ങള്‍ക്ക് അധികാരപ്പെട്ടവ. മൂന്നാമത്തേത് കണ്‍കറന്റാണ്. സംസ്ഥാനത്തിനോ കേന്ദ്രത്തിനോ നിയനിര്‍മാണം നടത്താവുന്ന കാര്യങ്ങള്‍. പട്ടികയില്‍ ഒന്നും പെടാത്ത കാര്യങ്ങളില്‍ പാര്‍ലമെന്റിനാണ് പരമാധികാരം. അപ്പോഴും സൗഹാര്‍ദപരമാവണം ആ വക മുഴുവന്‍ നിയമനിര്‍മാണങ്ങളും. സൗഹാര്‍ദപരമാവണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുമുണ്ട്. സൗഹാര്‍ദപരതയുടെ ആ മൂല്യത്തെ റദ്ദാക്കുക വഴി സ്റ്റേറ്റിന് മേല്‍ കേന്ദ്രം പിടിമുറുക്കുന്ന, സ്റ്റേറ്റിനെ അപ്രസക്തമാക്കുന്ന സാഹചര്യം വന്നു ഭവിക്കും. ഭവിച്ചു കഴിഞ്ഞു. കൊവിഡിനെ ലോകത്തിന് മാതൃകയാം വണ്ണം പിടിച്ചുകെട്ടിയ കേരളത്തിലേക്ക് റെഗുലര്‍ തീവണ്ടി ഓടിക്കാന്‍ എടുത്ത തീരുമാനത്തിന് പിന്നിലെ മനോനിലയും മറ്റൊന്നല്ല.

അവസാനിക്കുന്നില്ല. പൊതുജനാരോഗ്യം സമ്പൂര്‍ണമായി ഒരു സംസ്ഥാന ഉത്തരവാദിത്തം ആണെന്ന് കണ്ടുകഴിഞ്ഞു. രാജ്യമെമ്പാടും ഏറിയും കുറഞ്ഞും അത് നടക്കുന്നുണ്ട്. ഇപ്പോള്‍ കൊവിഡ് മഹാമാരി സംഹാരമാടുന്ന ഗുജറാത്തിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമെല്ലാം സംസ്ഥാനങ്ങള്‍ തന്നെയാണ് പ്രതിരോധവും ജീവന്‍ രക്ഷയും ഉറപ്പാക്കേണ്ടത്. ആ സംസ്ഥാനങ്ങളുടെ കൊവിഡ് പൂര്‍വ രാഷ്ട്രീയ ചരിത്രം നിങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കുക. അസന്തുലിതവും നീതിരഹിതവുമായ ഒരു രാഷ്ട്രീയ സംവിധാനമാണല്ലോ അവിടങ്ങളിലെല്ലാം അധികാരമാളുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ പാളിച്ചകളും അതേ നീതിരാഹിത്യത്തിന്റെ ഫലമാണ്. ജനതയെ ഏറെ പ്രധാനമായി കാണുന്ന ഒരു വ്യവസ്ഥ, അല്ലെങ്കില്‍ തെളിഞ്ഞ രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ അഭാവം, അതുമല്ലെങ്കില്‍ ഭരണകൂടവും ഭരണീയരും തമ്മില്‍ ഉണ്ടാകേണ്ട സ്വാരസ്യത്തിന്റെ അഭാവം തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ അവിടങ്ങളിലെ പാളിച്ചകള്‍ക്ക് കണ്ടെത്താനാവും. കേരളം വിജയകരമായി ചലിച്ചതിന്റെ കാരണം ഇനി വിശദീകരിക്കേണ്ടതില്ലല്ലോ? അപ്പോള്‍ സംസ്ഥാനങ്ങളാണ് പ്രതിരോധത്തിന്റെ ഭാരം കയ്യാളുന്നത് എന്ന് കണ്ടു. ഭരണഘടനാപരമായും അതാണ് ശരി. പക്ഷേ, അപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങളുടെ യൂണിയനായ കേന്ദ്രസര്‍ക്കാര്‍ അപ്പോള്‍ ചെയ്യേണ്ട പണി എന്താണ്?

ഒരു സംശയവുമില്ല. ഈ പണികളില്‍ സംസ്ഥാനങ്ങളെ സഹായിക്കുക. അവര്‍ നടത്തുന്ന ശ്രമങ്ങളെ ദേശീയ തലത്തില്‍ ഏകോപിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ നടത്തുക. അവര്‍ക്കാവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ചെയ്യുക. അന്തര്‍ സംസ്ഥാന സഹകരണം ആവശ്യമായ ഘട്ടങ്ങളില്‍ അതുറപ്പാക്കുക. ഉദാഹരണത്തിന് കുടുങ്ങിക്കിടക്കുന്നവരുടെ അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള തടസ്സങ്ങള്‍ പരിഹരിക്കുക.

ഇതേതെങ്കിലും ചെയ്തുവോ? നിര്‍ഭാഗ്യകരമെന്ന് പറയട്ടേ, ഇല്ല. സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാപരമായി കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട, ഫെഡറലിസത്തിന്റെ അവകാശമായ സാമ്പത്തിക വിഹിതം നാളുകളായി തടഞ്ഞുവെക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ജി എസ് ടി വിഹിതത്തെക്കുറിച്ചാണ് പറയുന്നത്. 30000 കോടി വരും ഈ തുക. ദ ക്വിന്റില്‍ നികുഞ്ജ് ഒഹ്റി റിപ്പോര്‍ട്ട് ചെയ്തതാണിത്. കൊവിഡില്‍ നട്ടം തിരിയുകയാണ് സകല സംസ്ഥാനങ്ങളും. ഈ തുക ഔദാര്യമോ സമ്മാനമോ അല്ല എന്ന് അറിയുമല്ലോ? സംസ്ഥാനങ്ങള്‍ പിരിച്ചെടുത്ത് കേന്ദ്രത്തിന് നല്‍കിയ നികുതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതമാണത്. കൊടുക്കാത്തതിന്റെ കാരണവും കൊവിഡില്‍ ചാരുകയാണ്. കൊവിഡില്‍ പണച്ചിലവ് സംസ്ഥാനങ്ങള്‍ക്കാണെന്ന് നാം കണ്ടുവല്ലോ?

മാത്രമല്ല. അധികമാരും ചര്‍ച്ച ചെയ്യാതെ പോയ ഒന്നാണ് എം പിമാരുടെ പ്രാദേശിക വികസന ഫണ്ട് മരവിപ്പിച്ച വാര്‍ത്ത. അങ്ങനെയൊന്ന് സംഭവിച്ചു രാജ്യത്ത്. സകല മേഖലകളും സ്തംഭിച്ചുനില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പലനിലകളില്‍ ആശ്വാസമേകാന്‍ പോന്ന ഒന്നാണ് ഈ ഫണ്ട്. പ്രാദേശിക വികസനത്തിന്റെ വികേന്ദ്രീകരണം എന്ന ഫെഡറല്‍ തത്വസംഹിതയില്‍ നിന്നാണ് എം പി ഫണ്ടിന്റെ പിറവി. അത് നിര്‍ത്തലാക്കുകയെന്നാല്‍ എല്ലാം മുകളില്‍ നിന്ന് മാത്രം എന്ന വിധ്വംസകമായ അധികാര കേന്ദ്രീകരണത്തിന്റെ പ്രകാശനമല്ലാതെ മറ്റെന്താണ്?

യുദ്ധകാലത്ത് ഭരണകൂടങ്ങള്‍ അതിന്റെ പ്രജകളാല്‍ ചോദ്യം ചെയ്യപ്പെടുകയില്ല എന്ന സൗകര്യത്തെ മുന്‍നിര്‍ത്തി ഭരണഘടനാ മൂല്യങ്ങളെ റദ്ദാക്കുന്ന വഴികളാണ് നാം കാണുന്നത്. ഐ ആം ദ സ്റ്റേറ്റ് എന്ന മുഴക്കം കനപ്പെട്ട് വരുന്നുണ്ട് അന്തരീക്ഷത്തില്‍.

അതിനാലാണ് തുടക്കത്തില്‍ ജാഗ്രതയെക്കുറിച്ച് പറഞ്ഞത്. കൊവിഡിനെതിരില്‍ നാം ജാഗ്രതപ്പെടണം. ആന്തരികമായ അച്ചടക്കം അനിവാര്യമായ ഒരു പോര്‍മുഖമാണത്. വൈറസിന്റെ വഴികളിലൂടെ നാം നടക്കാതിരിക്കും. വൈറസ് ഉള്ളിടങ്ങില്‍ സ്പര്‍ശിക്കാതിരിക്കും. മറ്റുള്ളവര്‍ക്കുവേണ്ടി നാം നമ്മെ നിയന്ത്രിക്കും. അത് നമ്മെ മാത്രം രക്ഷിക്കാനല്ല. സഹജീവികളെ രക്ഷിക്കാനാണ്. രാജ്യത്തെ രക്ഷിക്കാനാണ്. അങ്ങിനെ നാം രാജ്യത്തിന് വേണ്ടികൂടിയാണ് കഠിനമായ ജീവിതത്തെ സ്വീകരിക്കുന്നത്. രാജ്യത്തിന് വേണ്ടി കൂടിയാണ് നാം വൈറസിനെതിരെ മറ്റെല്ലാം മറന്ന് ജാഗ്രതപ്പെടുന്നത്. പക്ഷേ, ൈവറസിനെ അതിജയിച്ച് നാം തിരിച്ചെത്തുമ്പോള്‍ രാജ്യം ബാക്കിയുണ്ടാവണം. നാം മാറിനില്‍ക്കുന്ന മറവില്‍ ഭരണഘടന മോഷ്ടിക്കപ്പെടരുത്, ജനാധിപത്യം റദ്ദാക്കപ്പെടരുത്.

കെ കെ ജോഷി

You must be logged in to post a comment Login