മഹാമാരിയുടെ കാലത്തെ രാഷ്ട്രീയവ്യാധികള്‍

മഹാമാരിയുടെ കാലത്തെ രാഷ്ട്രീയവ്യാധികള്‍

2020 മെയ് 11. വൈറ്റ് ഹൗസില്‍ കൊവിഡ് രോഗവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനം തുടരവേ സി ബി എസ് വാര്‍ത്താറിപ്പോര്‍ട്ടര്‍ വീജിയാ സാങ് എന്ന ചൈനീസ് വംശജ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേരെ ഒരു ചോദ്യം തൊടുത്തുവിട്ടു: കൂടുതല്‍ അമേരിക്കന്‍ പൗരന്മാര്‍ മരിച്ചുകൊണ്ടിരിക്കെ ലോകത്തെ മറ്റേത് രാജ്യത്തെക്കാളും കൂടുതല്‍ ടെസ്റ്റിങ് നടത്തിയെന്ന് അവകാശപ്പെട്ടുകൊണ്ട് ഈ വിഷയത്തില്‍ ഒരാഗോള മത്സരം എന്തിന് രൂപപ്പെടുത്താന്‍ ശ്രമിക്കുന്നു? ”എല്ലായിടങ്ങളിലും മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നുണ്ടാവാം. ഈ ചോദ്യം താന്‍ ചൈനയോടാണ് ചോദിക്കേണ്ടത്.” ട്രംപിന്റെ രോഷം അണപൊട്ടിയൊഴുകി: ”എന്നോടല്ല ഇത് ചോദിക്കേണ്ടത്. മനസ്സിലായില്ലേ? ചൈനയോട് പോയി ചോദിക്ക്. അപ്പോള്‍ അസാധാരണമായ ഒരു മറുപടി കിട്ടും” ഇത്രയും പറഞ്ഞ് ട്രംപ് വാര്‍ത്താസമ്മേളനം പൊടുന്നനെ നിര്‍ത്തി സ്ഥലം വിട്ടു. ഇതിനു മുമ്പും ഈ ചൈനക്കാരി ട്രംപിന്റെ പരിഹാസം കേള്‍ക്കേണ്ടിവന്നിരുന്നു. ഇത് ട്രംപിന്റെ ഭാഗത്തുനിന്നുള്ള അസാധാരണ പെരുമാറ്റമായി വിലയിരുത്തപ്പെടണമെന്നില്ല. ട്രംപിനെപ്പോലുള്ള രാഷ്ട്രീയ ഭ്രാന്തന്മാരില്‍നിന്ന് സഹപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പലപ്പോഴായി അമാന്യമായ പെരുമാറ്റം ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. എന്നാല്‍, കൊവിഡ് കാലഘട്ടത്തിലെ ഈ അസഹിഷ്ണുതയെ പ്രത്യേകമെടുത്ത് പരിശോധിക്കേണ്ടതുണ്ട്. കാരണം, ട്രംപിനെ മാത്രമല്ല, ഒട്ടനവധി ധിക്കാരികളായ ഭരണാധികാരികളെ ഇത് പോലെ ജനങ്ങളോട് പെരുമാറാന്‍ പ്രേരിപ്പിക്കുന്നുണ്ട്. കൊറോണ വൈറസ് വ്യാപിച്ച് ജനം ഒരുതരം നിസ്സഹായാവസ്ഥയില്‍ അകപ്പെട്ടതോടെ ഭരണാധികാരികളുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും പ്രകടമായ മാറ്റങ്ങള്‍ കാണാനുണ്ട്. അമിതാധികാരപരവും അതികേന്ദ്രീകൃതവുമായ ഭരണകൂട രീതികളിലേക്കുള്ള ചുവടുമാറ്റം നമ്മുടെ രാജ്യത്തടക്കം ജനാധിപത്യസുതാര്യതയെ വെല്ലുവിളിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജനാധിപത്യസംവിധാനവും ഭരണഘടനയും വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങളെ റദ്ദാക്കുന്നതിനും പൗരന്മാരുടെ ജീവിതവ്യവഹാരങ്ങളെ മുഴുവന്‍ കൈക്കലാക്കുന്നതിനും ഒഴികഴിവായി മാറിയിട്ടുണ്ട് എന്ന വസ്തുത മറന്നിട്ട് ഫലമില്ല. ഇന്ത്യയിലടക്കം കൊവിഡ് മറയാക്കി ഏകാധിപത്യം നടപ്പാക്കാനുള്ള കുത്സിത ശ്രമങ്ങള്‍ അണിയറയില്‍ അരങ്ങേറുന്നുണ്ട്. രോഗം പ്രതിരോധിക്കുന്ന വിഷയത്തിലും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിശ്ചയിക്കുന്ന കാര്യത്തിലും എല്ലാ അധികാരങ്ങളും കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണ് എന്ന മട്ടിലാണ് തീരുമാനങ്ങള്‍ നടപ്പാക്കുന്നത്. ഫെഡറല്‍ ഭരണവ്യവസ്ഥയുടെ അടിസ്ഥാന മൂല്യങ്ങളെ പോലും കാറ്റില്‍ പറത്തിയാണ് മോഡിസര്‍ക്കാര്‍ പെരുമാറുന്നത്. പശ്ചിമബംഗാളില്‍ ഗവര്‍ണര്‍ നേരിട്ട് ഉദ്യോഗസ്ഥരെ വിളിപ്പിച്ച് ഭരണം നടത്തുകയാണ്. രാജ്ഭവന്‍ കേന്ദ്രീകരിച്ച് ഒരു സമാന്തര ഭരണം എന്ന് വേണമെങ്കില്‍ പറയാം.

മനുഷ്യത്വം മറക്കുന്ന ഭരണാധികാരികള്‍
അധികാരപ്രമത്തതയില്‍ അഭിരമിക്കുന്ന നരേന്ദ്രമോഡി കൊവിഡ് ഭീഷണി ഉയര്‍ത്തുന്ന പ്രതിസന്ധിയെ സ്വേച്ഛാധിപത്യ ശൈലിയെ പരിപോഷിപ്പിക്കാനും രാജ്യമൊട്ടുക്കും തന്റെ തിട്ടൂരം ഒരേനിലയില്‍ നടപ്പാക്കാനും അവസരമായി എടുത്തപ്പോള്‍ അതിന്റെ പാപഭാരം പേറേണ്ടിവരുന്നത് ജനങ്ങളാണ്. കൊവിഡ് ബാധയില്‍ മുന്നേറുന്ന മഹാരാഷ്ട്രയും ഗുജറാത്തും മധ്യപ്രദേശും ഡല്‍ഹിയും ഏര്‍പ്പെടുത്തുന്ന അതേ കടുത്ത നിയന്ത്രണങ്ങള്‍ രോഗപ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃകയായി കേരളത്തിലും വേണമെന്ന് ശഠിക്കുന്നതിലെ ജനാധിപത്യവിരുദ്ധതയും യുക്തിഹീനതയും ഇതുവരെ വേണ്ടവിധം ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. പ്രവാസികളുടെ മടക്കയാത്ര സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ വാക്കുകള്‍ ആധികാരികവും അന്തിമവുമാണെന്ന മുന്‍വിധിയോടെയാണ് കോടതികള്‍ പോലും വിഷയത്തില്‍ ഇടപെടുന്നത്. അങ്ങനെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ലോകരാജ്യങ്ങള്‍ പൗരന്മാരെ നാട്ടിലത്തെിക്കുന്നതിന് സന്നദ്ധമായപ്പോഴും ഇന്ത്യ അറച്ചുനിന്നത്. ഒടുവില്‍ യു എ ഇ ഭരണകൂടത്തിന് ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കേണ്ടിവന്നു. ഒടുവില്‍, പ്രവാസികളുടെ മടക്കയാത്രയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങിയപ്പോഴാണ് മനസ്സിലാവുന്നത് പണിയും ശമ്പളവുമില്ലാതെ, രണ്ടുമാസം മുറിക്കുള്ളില്‍ കഴിഞ്ഞ നമ്മുടെ നാട്ടുകാരെ എത്തിക്കുന്നതിന് കൊള്ളലാഭം കൊയ്യുന്ന രീതിയിലാണ് വിമാനക്കൂലി നിശ്ചയിച്ചതെന്ന്. 1991ല്‍ വി പി സിങ് സര്‍ക്കാരിന്റെ കാലത്ത് കുവൈത്ത് യുദ്ധം തുടങ്ങിയപ്പോള്‍, അന്നത്തെ വിദേശകാര്യമന്ത്രി ഐ കെ ഗുജ്റാളിന്റെ നേതൃത്വത്തില്‍ ഒന്നര ലക്ഷത്തോളം പ്രവാസികളെ നാട്ടിലെത്തിച്ചത് യാത്രക്കൂലി സര്‍ക്കാര്‍ ഖജനാവില്‍ നിന്നെടുത്തായിരുന്നു. ഐ കെ ഗുജ്റാള്‍ അന്ന് ബാഗ്ദാദില്‍ ചെന്ന് പ്രസിഡന്റ് സദ്ദാം ഹുസൈനെ നേരില്‍ കണ്ട് ഇന്ത്യക്കാരുടെ യാത്രാവഴിയിലെ സര്‍വ തടസ്സങ്ങളും തട്ടിനീക്കിയത് ആരും മറന്നിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള വിദേശമലയാളികളുടെ കാര്യങ്ങള്‍ നോക്കുന്ന ‘നോര്‍ക്ക’ വഴിയാണ് യാത്രയുടെ രജിസ്ട്രേഷനും മറ്റും നടക്കുന്നതെങ്കിലും വിമാനയാത്രക്കാരുടെ പട്ടിക തയാറാക്കുന്ന കാര്യത്തിലും മറ്റും കേന്ദ്രം എല്ലാ അധികാരങ്ങളും കൈയിലൊതുക്കുകയാണ്. അതത് സംസ്ഥാനങ്ങളിലേക്ക് പറക്കുന്ന വിമാനത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങളുമായി അധികാരം പങ്കുവെക്കാന്‍ ബി ജെ പി സര്‍ക്കാരിന്റെ അധികാരപ്രമത്തത അനുവദിക്കുന്നില്ലെങ്കിലും അതിനെതിരെ ചെറുവിരല്‍ അനക്കാന്‍ ശേഷിയുള്ള പ്രതിപക്ഷ കക്ഷികള്‍ ഇല്ലാതായിപ്പോയി.

സുതാര്യതക്ക് പുല്ല് വില കല്‍പിക്കാതെ കൊറോണ വൈറസ് വ്യാപനം മുന്തിയ അവസരമായി എടുത്ത് ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കാനുള്ള തകൃതിയായ ശ്രമങ്ങള്‍ അണിയറയില്‍ തുടരുമ്പോള്‍ അത് ചൂണ്ടിക്കാട്ടാനുള്ള ത്രാണിപോലും പ്രതിപക്ഷകക്ഷികള്‍ പ്രദര്‍ശിപ്പിക്കുന്നില്ല എന്നതാണ് ഏറെ ഖേദകരം. ‘പി എം കെയര്‍’എന്ന പേരില്‍ കൊവിഡ് ദുരന്തത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ആരംഭിച്ച അര്‍ധസര്‍ക്കാര്‍ ഫണ്ടിനെക്കുറിച്ച് ആദ്യമൊക്കെ ചില അപസ്വരങ്ങള്‍ ഉയര്‍ന്നെങ്കിലും ഗൗരവതരമായ ചര്‍ച്ചയോ വിശകലനമോ ഉണ്ടായില്ല എന്നത് ജനാധിപത്യബോധത്തിനും ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പ്രത്യാഘാതമായി വേണം വിലയിരുത്താന്‍. ടാറ്റ 1500കോടിയും റിലയന്‍സ് 500കോടിയും സംഭാവന ചെയ്ത പി എം കെയറിലേക്ക് ദിനേന പരശ്ശതം കോടികളാണ് ഒഴുകിയെത്തുന്നത്. ഇതുവരെ എത്രകോടി ഈ ഫണ്ടിലേക്ക് ഒഴുകിയെത്തി എന്ന് യാതൊരു കണക്കുമില്ല. ഏത് വഴിക്കാണ് ഇത് ചെലവഴിക്കുന്നതെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല. ‘സ്വതന്ത്ര ബോഡി’യാണത്രെ ഇത് ഓഡിറ്റ് ചെയ്യുന്നത്. അതിനര്‍ഥം കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ ഓഡിറ്റിങ്ങില്‍നിന്ന് ട്രസ്റ്റ് കുതറി ഓടും എന്ന് തന്നെയാണ്. ഈ വിഷയത്തിലും പ്രതിപക്ഷത്തിന്റെ കൊള്ളരുതായ്മയും കഴിവുകേടുമാണ് മോഡിയെ പോലുള്ള ഒരേകാധിപതിക്ക് സുരക്ഷിതമായി രക്ഷപ്പെടാന്‍ വഴിയൊരുക്കിക്കൊടുക്കുന്നത്. കേരളത്തിലെ പിണറായി സര്‍ക്കാര്‍ ആറുദിവസത്തെ ശമ്പളം മാറ്റിവെച്ചപ്പോള്‍ പലതവണ ഹൈക്കോടിതിയില്‍ പോയ കോണ്‍ഗ്രസുകാര്‍, മോഡി കെയറിന്റെ ഘടന എന്തെന്ന് ചോദിച്ചറിയാന്‍ വേണ്ടിയെങ്കിലും ന്യായാസനത്തെ ഒന്ന് സമീപിക്കാമായിരുന്നു. അധികാരകേന്ദ്രീകരണം കൊണ്ടോ പൗരാവകാശ ധ്വംസനത്തിലെത്തുന്ന കടുത്ത നടപടികള്‍ കൊണ്ടോ നേരിടാവുന്നതല്ല കൊവിഡ് സമസ്യ എന്നറിഞ്ഞിട്ടും തൊഴില്‍ നിയമങ്ങള്‍ മരവിപ്പിച്ചും കുടിയേറ്റ തൊഴിലാളികളോട് അടിമകളോടെന്ന പോലെ പെരുമാറിയും അവസരം മുതലെടുക്കുന്ന ഭരണകൂട ചെയ്തികള്‍ വേണ്ടവിധം വിലയിരുത്തപ്പെടുന്നില്ല. മഹാരാഷ്ട്രയില്‍നിന്ന് മധ്യപ്രദേശിലേക്ക് പുറപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ നേരിട്ട ദുരിതം നാം വായിച്ചില്ലേ? തളര്‍ന്ന് തീവണ്ടിപ്പാളയത്തില്‍ ഉറങ്ങിപ്പോയ 16 ഹതഭാഗ്യരുടെ മുകളിലൂടെ ഗുഡ്സ് വണ്ടി ചീറിപ്പാഞ്ഞപ്പോള്‍ ലോകം കരഞ്ഞുപോയ വലിയൊരു ദുരന്തത്തിന് നാം മൂകസാക്ഷികളായി. തമിഴ് നാട്ടിലും കര്‍ണാടകത്തിലും സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച മറുനാട്ടുകാരെ നിര്‍മാണ സൈറ്റില്‍ അടച്ചുപൂട്ടിയിരിക്കയാണ് സംസ്ഥാന സര്‍ക്കാരുകള്‍. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായി സര്‍ക്കാരുകള്‍ക്ക് തൊഴിലാളികളുടെ താല്‍പര്യങ്ങളോട് പുല്ല് വിലയല്ലേ? മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഭരണകൂടങ്ങളെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ ‘അതിഥി തൊഴിലാളികള്‍’ എന്ന് പേരിട്ട് ഭക്ഷണവും പാര്‍പ്പിടവും നല്‍കിയ തീവണ്ടികളില്‍ ഭദ്രമായി യാത്രയാക്കുന്ന ഈ വിഭാഗം ‘മുഖമില്ലാത്ത മനുഷ്യരാണ്.’ അതേസമയം, ന്യൂസിലാന്‍ഡ്, തായ്്വാന്‍, ഐസ്ലാന്‍ഡ് തുടങ്ങി സ്ത്രീകള്‍ ഭരണാധികാരികളായിട്ടുള്ള അരഡസനിലേറെ രാജ്യങ്ങളില്‍ കൊവിഡ് ഭീഷണി നേരിടുന്നതില്‍ കൈവരിച്ച വിജയത്തെ സൂക്ഷ്മതലത്തില്‍ പഠിക്കാന്‍ ശ്രമിച്ചാല്‍, സ്വോച്ഛാധിപത്യ ഉപകരണങ്ങളല്ല, മറിച്ച്, മനുഷ്യത്വപൂര്‍ണവും ദീനാനുകമ്പയില്‍ ഊന്നിയുമുള്ള നയനിലപാടുകളാണ് ഈ മഹാമാരിയുടെ കാലത്ത് ഏറ്റവും ഫലപ്രദമെന്ന് തെളിയുന്നു.
ഡിസംബറില്‍ ചൈനയിലെ വുഹാനിലെ ഒരു വവ്വാലില്‍നിന്ന് മനുഷ്യനിലേക്ക് പടര്‍ന്ന കൊറോണ വൈറസ് ലോകജനസംഖ്യയുടെ പകുതിയിലേറെ പേരെയും വീട്ടറസ്റ്റിലാക്കി. ഇതിനകം ലോകത്ത് 4300,000 പേരെ കൊവിഡ് ബാധിച്ചു. മൂന്നുലക്ഷം പേര്‍ മഹാമാരിയില്‍ മരിച്ചു. ഇന്ത്യയില്‍ മാത്രം 2300പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ലോകം മൊത്തമെടുത്താലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെടുത്ത് പരിശോധിച്ചാലും ഒട്ടും പ്രതീക്ഷാനിര്‍ഭരമല്ല ചക്രവാളങ്ങള്‍. ദിവസം കഴിയുന്തോറും മരിച്ചുവീഴുന്നവരുടെ എണ്ണം പെരുകുകയാണ്. ഓരോ ആഴ്ച കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിക്കുന്നു. മാര്‍ച്ച് അഞ്ചിന് ഇന്ത്യയില്‍ മൊത്തം 30പേര്‍ക്കായിരുന്നു രോഗബാധ. മാര്‍ച്ച് 31ആയപ്പോഴേക്കും 1397 കേസുകളായി. ഏപ്രില്‍ 10ന് അത് 7600 ആയി. ഏപ്രില്‍ 30 ആയപ്പോഴേക്കും 34863. മെയ് അഞ്ചിന് 49,400. മെയ് 10 ആകുമ്പോള്‍ 700,000കവിഞ്ഞു. ഇതേ പോക്ക് പോയാല്‍ മെയ് 20ന് 140,000. മെയ് 31ന് പ്രതീക്ഷിക്കേണ്ടത് മൂന്ന് ലക്ഷം രോഗികളെ! ആനുപാതികമായ മരണവും. അംഗുലീപരിമിതമായ രാജ്യങ്ങളിലൊഴികെ പൂര്‍ണമായ രോഗമുക്തിയെ കുറിച്ച് കേള്‍ക്കുന്നില്ല. വന്‍ശക്തി രാഷ്ട്രങ്ങള്‍ നാശത്തിന്റെ വക്കിലാണ്. അമേരിക്കയടക്കം എല്ലാം കൈവിട്ടു എന്ന തീരാഉത്കണ്ഠയിലാണ്. കൊവിഡ് പിടിപെടാത്ത ഒരു രാജ്യമോ സമൂഹമോ ഭൂമുഖത്തില്ല. സാര്‍ക്ക് രാജ്യങ്ങളില്‍ ഇന്ത്യയാണ് രോഗത്തിന്റെയും മരണത്തിന്റെയും കാര്യത്തില്‍ മുന്‍പന്തിയില്‍. ആരോഗ്യമേഖലയിലെ അടിസ്ഥാന കാര്യങ്ങളില്‍ കൊച്ചു ലങ്ക നമ്മെക്കാള്‍ എത്രയോ മുന്നിലാണത്രെ.

കേരളത്തിലെ ‘മ്ലേഛരാഷ്ട്രീയം’
‘പ്രബുദ്ധ കേരളം’ എന്ന പ്രയോഗം നമുക്ക് സ്വയം സായൂജ്യമടയാനുള്ള കേവലമൊരു അഭിമാന ചിന്തയല്ലെന്ന് തെളിയിച്ചതാണ് കൊവിഡ് കാലഘട്ടം ലോകത്തിന് നല്‍കിയ പാഠം. കക്ഷിപക്ഷങ്ങള്‍ക്കതീതമായി ഒരു മഹാവിപത്തിനു മുന്നില്‍ ഒറ്റക്കെട്ടായി പൊരുതാനുള്ള വിശാല മനസ്ഥിതി കേരളത്തിന്റെ മാത്രം സവിശേഷതയാണ്. സാമാന്യജനത്തിന് പോലും ഇത്തരം വിഷയങ്ങളില്‍ സ്വയാര്‍ജിത അവബോധം ഉണ്ട് എന്നത് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. മരുന്ന് കണ്ടുപിടിക്കാത്ത ഒരു മഹാമാരിയെ എങ്ങനെ തളച്ചിടും എന്ന ചോദ്യത്തിനു മുന്നില്‍ ലോകം പകച്ചുനിന്നപ്പോള്‍ സാമൂഹിക അകലം പാലിച്ച് കൊറോണ വൈറസിനെ വരവേല്‍ക്കാതെ നോക്കാനുള്ള ഒരു മഹായജ്ഞത്തിനാണ് നാം ഊന്നല്‍ നല്‍കിയത്. ചൈനയില്‍നിന്ന് വന്ന ഒരു വിദ്യാര്‍ഥിക്ക് ജനുവരി 30ന് കൊവിഡ് ബാധ ഉണ്ട് എന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ പ്രയോഗിച്ചു തുടങ്ങിയ ഈ തന്ത്രം മൂന്നര മാസം ഒരു വിട്ടുവീഴ്ചയുമില്ലാതെ പിന്തുടര്‍ന്നപ്പോള്‍ അതിന്റെ ഫലം നാം കണ്ടു. മൂന്നര കോടി ജനം അധിവസിക്കുന്ന കേരളത്തില്‍ രോഗികളുടെ എണ്ണം അഞ്ഞൂറില്‍ പിടിച്ചുനിറുത്താന്‍ സാധിച്ചുവെന്ന് മാത്രമല്ല മരണം മൂന്നിലൊതുക്കി. സാമൂഹിക വ്യാപനത്തിനുള്ള എല്ലാ സാധ്യതകളും അടച്ചുപൂട്ടി. ആരോഗ്യരംഗത്തെ ‘കേരള മാതൃക’യായി ലോകം അതിനെ വാഴ്ത്തി. അന്താരാഷ്ട്ര വാര്‍ത്താഏജന്‍സികളായ ബി ബി സി, റോയിറ്റര്‍ തുടങ്ങി നൈജീരിയയിലെ പത്രങ്ങള്‍ വരെ കേരളം കൈവരിച്ച നേട്ടത്തിന്റെ മഹത്വം പുകഴ്ത്തിപ്പറഞ്ഞു. ‘വോഗ്’ മാസികയുടെ മുഖചിത്രമായി ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ സ്ഥാനംപിടിച്ചു. സര്‍ക്കാരിന്റെ സക്രിയവും കാര്യക്ഷമവുമായ ഇടപെടലുകളെ മത-സാമൂഹിക-സാമ്പത്തിക മേഖലകളിലുള്ളവര്‍ ആത്മാര്‍ഥമായി പിന്തുണച്ചു. അങ്ങനെയാണ് വിശുദ്ധ റമളാനില്‍ പോലും പള്ളികള്‍ അടഞ്ഞുകിടന്നതും ജുമുഅ നിസ്‌കാരം പോലും വേണ്ടെന്ന് വെച്ചതും . വിശ്വാസിസമൂഹം ഇതുപോലെ മാനസിക പിരിമുറുക്കത്തില്‍ അകപ്പെട്ട ഒരു കാലസന്ധി ചരിത്രത്തില്‍ പോലും വായിക്കാനാവില്ല. റമളാനിലെ നാല് വെള്ളിയാഴ്ചകളും വീട്ടില്‍ കഴിച്ചുകൂട്ടുക, പെരുന്നാള്‍ വേണ്ടെന്ന് വെക്കുക, അതിന്നായി പണ്ഡിതപ്രമുഖര്‍ ഉദ്ബോധനം ചെയ്യുക -ചരിത്രവിദ്യാര്‍ഥികള്‍ക്കായി കുറിച്ചിടപ്പെടേണ്ട സംഭവങ്ങളാണിത്. എന്തുകൊണ്ട് മതവിഷയത്തില്‍ ഇത്തരത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. ഈ മഹാമാരിയില്‍നിന്ന് രക്ഷപ്പെടാന്‍ വേറെ മാര്‍ഗമില്ല. പള്ളിയില്‍ കൂട്ടപ്രാര്‍ഥനക്ക് പോയാല്‍ ഒരു രോഗാണുവാഹി അക്കൂട്ടത്തിലുണ്ടെങ്കില്‍ സാമൂഹിക വ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരമൊരു അവസ്ഥ ഇസ്ലാം അനുവദിക്കുന്നില്ല. ജഗന്നിയന്താവിനെ ആരാധിക്കാന്‍ ഭൂമുഖത്ത് മനുഷ്യര്‍ ജീവിക്കണം. അവരുടെ ജീവസുരക്ഷ ഉറപ്പാക്കാന്‍ മതം എല്ലാതരം വിട്ടുവീഴ്ചക്കും തയാറാണ്. ഇത്തരം വിഷയങ്ങളില്‍ സംഘടനകള്‍ക്കിടയിലോ പണ്ഡിതന്മാര്‍ക്കിടയിലോ രണ്ടഭിപ്രായമോ മുറുമുറുപ്പോ ഉയര്‍ന്നില്ല എന്നതാണ് പ്രധാനം. മതത്തിന്റെ പുരോഗമനമുഖമാണ് അത് കാണിച്ചുകൊടുത്തത്.
എന്തുകൊണ്ട് അസാധാരണവും അത്യപൂര്‍വുമായ ഈ പ്രതിസന്ധിഘട്ടത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് ഇമ്മട്ടില്‍ ഉയര്‍ന്നുചിന്തിക്കാന്‍ സാധിക്കുന്നില്ല എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്. ജനാധിപത്യക്രമത്തിലെ ഭരണപക്ഷ-പ്രതിപക്ഷ ദ്വന്ദം എന്നത് പരസ്പരം തര്‍ക്കിക്കാനും അവസരമൊത്തുവരുമ്പോള്‍ ഏറ്റുമുട്ടാനുമുള്ള ഒരു സംവിധാനമാണെന്ന തെറ്റായ കാഴ്ചപ്പാടിന്റെ പ്രതിഫലനങ്ങള്‍ നമ്മുടെ മുന്‍ജന്മങ്ങള്‍ ഒരിക്കലും അഭിമുഖീകരിക്കാത്ത ഈ മരണവക്രത്തില്‍ നമുക്ക് കാണേണ്ടിവന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചറും മറ്റു മന്ത്രിസഭാംഗങ്ങളും മുഴുവന്‍ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ആരോഗ്യപ്രവര്‍ത്തകരും കലക്ടര്‍മാരും ഐ എ എസ് ഓഫീസര്‍മാരും പൊലിസ് മേധാവികള്‍ തൊട്ട് താഴെ തട്ടിലുള്ള സാദാ പൊലീസുകാരുമെല്ലാം ഈ രണാങ്കണത്തില്‍ രാപ്പകല്‍ പോരാടുകയാണ്. എന്തിനു? കൊവിഡിനെ അകലെ നിറുത്താന്‍ വേണ്ടി. അതുവഴി മരണത്തെ തടുത്തുനിറുത്താന്‍ വേണ്ടി. ഈ അധ്വാനത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട് ആബാലവൃദ്ധം സര്‍ക്കാരിനോട് പൂര്‍ണമായും സഹകരിക്കുന്നു. എന്നാല്‍, കാര്യങ്ങള്‍ ഈ നിലയില്‍ മുന്നോട്ടുപോയാല്‍ തങ്ങളുടെ രാഷ്ട്രീയ നിലനില്‍പ് പോലും അവതാളത്തിലാകുമോ എന്ന ഭീതി പൂണ്ട പ്രതിപക്ഷ കക്ഷികള്‍, പ്രത്യേകിച്ചും കോണ്‍ഗ്രസും മുസ്ലിം ലീഗും കൊവിഡ് പ്രതിരോധ സംവിധാനം എങ്ങനെ തകര്‍ക്കാമെന്നാണ് ചിന്തിക്കുന്നതെന്ന് തോന്നിപ്പോകുന്ന പെരുമാറ്റമാണ് പുറത്തെടുത്തത്. മഹാമാരിയെ നേരിടുന്ന കാര്യത്തില്‍ രാഷ്ട്രീയം മാറ്റിവെച്ച് ഒറ്റക്കെട്ടായി നീങ്ങുന്നതിനു പകരം സര്‍ക്കാരിനെ അനാവശ്യമായി വിമര്‍ശിക്കുകയും പരമാവധി ശല്യം ചെയ്യുകയും അതുവഴി മനോവീര്യം തകര്‍ക്കാന്‍ സാധിക്കുമോ എന്ന് പരീക്ഷിക്കുകയുമാണ്. ഒരുഭാഗത്ത് രോഗികള്‍ക്ക് മതിയായ ചികിത്സ നല്‍കി രോഗമുക്തമാക്കുക, മറ്റൊരു ഭാഗത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം തടഞ്ഞ് രോഗികളുടെ എണ്ണം കുറക്കുക, വിദേശരാജ്യങ്ങളില്‍നിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും വരുന്ന കേരളീയരെ മതിയായ ടെസ്റ്റിങ് നടത്തി ക്വാറന്റയിനിലോ നിരീക്ഷണകേന്ദ്രത്തിലോ വിടുക തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്തമാണ് സര്‍ക്കാരിന് പൂര്‍ത്തിയാക്കാനുള്ളത്. എന്നാല്‍, ഇതിനെയെല്ലാം അട്ടിമറിച്ച് രോഗവ്യാപനത്തിനു വഴിയൊരുക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത് എന്നാണ് ഭരണപക്ഷം ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് പണമൊഴുകുന്നത് തടയാനും സാമ്പത്തികഞെരുക്കത്തില്‍പ്പെട്ട് ദുരിതക്കയത്തിലേക്ക് ചെന്ന് ചാടാനും പ്രതിപക്ഷം ആഗ്രഹിക്കുന്നുവോ എന്ന സംശയം പോലും ഉയര്‍ന്നിരിക്കുന്നു. സമ്പന്നര്‍മുതല്‍ സാധാരണക്കാര്‍ വരെ ചില്ലിക്കാശ് വരുമാനമില്ലാതെ വീട്ടറസ്റ്റില്‍ കഴിയുമ്പോള്‍ ഒരു ജോലിയും ചെയ്യാതെ ശമ്പളം വാങ്ങുന്ന പൊതുമേഖലസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും ശമ്പളത്തില്‍നിന്ന് ആറു ദിവസത്തേത് വായ്പ തരണമെന്നാവശ്യപ്പെട്ടപ്പോള്‍ നമ്മള്‍ കേട്ട ആക്രോശം മ്ലേഛരാഷ്ട്രീയത്തിന്റെതാണ്.

കാസിം ഇരിക്കൂർ

You must be logged in to post a comment Login