പുണ്യ റമളാന്‍ മാസം വിട ചൊല്ലുകയായി. ഇക്കുറി മഹാമാരി കാലത്തായിരുന്നു നോമ്പ്.നല്ല ചൂട് കാലാവസ്ഥ. പല വീടുകളും അരപ്പട്ടിണിയിലും മറ്റും. എന്നിട്ടും വിശ്വാസികള്‍ പതറിയില്ല. ലോല വികാരങ്ങളുപേക്ഷിച്ച് ഖുര്‍ആനോത്തും, ദൈവ സ്മരണകളും പ്രാര്‍ഥനയുമായി കഴിഞ്ഞുകൂടി.അത്തരം ഒരു കഠിന തപസ്യയുടെ അവസാനത്തില്‍ തീര്‍ച്ചയായും ചില ആലോചനകള്‍ നമുക്ക് അത്യാവശ്യമാണ്.
പ്രധാനമായും, ഈ സദ്ക്കര്‍മങ്ങളെല്ലാം വിശുദ്ധ റമളാനില്‍ മാത്രം നിലനിര്‍ത്തേണ്ടതാണോ? പൂര്‍വഗാമികള്‍ പറയാറുണ്ട്: ‘കുന്‍ റബ്ബാനിയ്യന്‍ ലാതകുന്‍ റമളാനിയ്യന്‍’. റമളാനിലും അല്ലാത്തപ്പോഴും പടച്ച് പരിപാലിക്കുന്നവനെ ഓര്‍മവേണം. ആ ഓര്‍മ റമളാനിലേക്ക് മാത്രമുള്ളതല്ല. അങ്ങനെയാണെങ്കില്‍ ഏതെല്ലാം രൂപത്തിലാണ് റമളാനു ശേഷം വിശ്വാസി സ്വജീവിതം ക്രമപ്പെടുത്തേണ്ടത്? ഭാവിയിലേക്ക് അവനെന്തെല്ലാമാണ് കരുതിവെക്കേണ്ടത്, അനുവര്‍ത്തിക്കേണ്ടത്? ആ വഴിക്കുള്ള ചില നിര്‍ദേശങ്ങളാണ് താഴെ:
1. തഖ്‌വ – ഭക്തി പുലര്‍ത്തുക
എന്താണ് തഖ്്വ/ ഭക്തി? ‘അല്ലാഹു കല്‍പ്പിച്ച കാര്യങ്ങള്‍ വിടാതെ നിര്‍വഹിക്കുക, നിരോധിച്ച കാര്യങ്ങള്‍ വെടിയുക. ഇതാണ് തഖ്്വ. ഭക്തിയുടെ ആകത്തുക. നോമ്പ് നിര്‍ബന്ധമാണെന്ന് അറിയിക്കുന്ന ദൈവവചനം അവസാനിക്കുന്നത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്: നിങ്ങള്‍ ഭക്തരാകുവാന്‍ വേണ്ടി. ഇതാണ് നോമ്പിന്റെ പ്രധാന ഉദ്ദേശ്യം. എല്ലാ വിജയങ്ങളുടെയും നാരായ വേര് തഖ്്വയാണെന്ന് മഹത്തുക്കള്‍ പറഞ്ഞിട്ടുണ്ട്. റമളാന് ശേഷം ജീവിതത്തില്‍ തഖ്്വ വേണം. അത് കാണുന്നുണ്ടെങ്കില്‍ അല്ലാഹുവിന്റെ മഹത്തായ ഔദാര്യം കൊണ്ട് നമ്മുടെ റമളാന്‍ തപസ്യ സ്വീകാര്യമായിരിക്കുന്നുവെന്ന് ആശ്വസിക്കാം. ദൈവത്തിന് സ്തുതി. അല്ലാത്തപക്ഷം ആ പട്ടിണി വൃഥാവിലാണ്.
2. സദ്കര്‍മങ്ങള്‍ തുടരുക .
ആഇശ ബീവിയോടൊരിക്കല്‍ തിരുനബിയുടെ സദ്കര്‍മങ്ങളെ പറ്റി ചോദിക്കുകയുണ്ടായി. മഹതി പറഞ്ഞു: അവിടുന്ന് ചെയ്യുന്നതെല്ലാം നിത്യകര്‍മങ്ങളായിരുന്നു. മുസ്‌ലിം ഉദ്ധരിച്ച മറ്റൊരു ഹദീസ്: തിരുനബി പറയുന്നു: എത്ര കുറഞ്ഞതാണെങ്കിലും അല്ലാഹുവിനിഷ്ടം നിത്യമായി ചെയ്യുന്ന സദ്കര്‍മങ്ങളാണ്. റമളാനില്‍ നാം ചെയ്ത സദ്കര്‍മങ്ങള്‍ എത്ര കുറവാണെങ്കിലും അവ തുടര്‍ന്നും ജീവിതത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുക.
3. പൊതുശത്രുവിനെ കരുതിയിരിക്കുക.
റമളാന്‍ കഴിയുന്നതോടെ പിശാച് മോചിതനാകും. റമളാനിലൂടെയും മറ്റും വിശുദ്ധരായ മനുഷ്യരെ കളങ്കപ്പെടുത്താന്‍ അവന്‍ തുനിഞ്ഞിറങ്ങും. അല്ലാഹു പറഞ്ഞു: ആരെങ്കിലും എന്റെ വാക്കുകള്‍ മുറുകെ പിടിച്ചാല്‍ പിശാചിന്റെ കുതന്ത്രങ്ങളില്‍ നിന്ന് ഞാനവനെ അകറ്റുന്നതാണ്. ദേഹേഛയെ വിവേകം കൊണ്ട് മറികടക്കാന്‍ റമളാനില്‍ നാം പരിശീലിച്ചിട്ടുണ്ട്. ആ വിവേകം തുടര്‍ന്നും നമ്മെ നയിക്കട്ടെ.
4. സുബ്ഹിയടക്കം അഞ്ച് നേരം സംഘടിതമായി നിസ്‌കരിക്കാന്‍ ശ്രദ്ധിക്കുക.
മൂന്നു മാസക്കാലമായി നാം പള്ളിയില്‍ പോയി നിസ്‌കരിച്ചിട്ട്. റമളാനില്‍ പള്ളിയില്‍ ആരാധനാനിരതമായതും സംഘടിത നിസ്‌കരവുമൊക്കെ പള്ളിയില്‍ സാധിച്ചിട്ട് ഏറെയായി. ഒരു ജുമുഅ പോലും നിര്‍വ്വഹിക്കാന്‍ കഴിഞ്ഞില്ല.
വീട്ടില്‍ നിന്ന് നാം ഒരുമിച്ച് നിസ്‌കരിച്ചു. വീട്ടിലെ ദീനി ഒരുമയുടെ മെക്കാനിസത്തെപ്പറ്റി നാം കൂടുതല്‍ ബോധ്യമുള്ളവരായി. പളളികള്‍ തുറക്കപ്പെടുമ്പോള്‍ പള്ളിയില്‍ പോയി നിസ്‌കരിക്കാന്‍ നാം ശ്രമിക്കണം. സ്ത്രീകള്‍ വീട്ടില്‍ നിസ്‌കരത്തിലെ ആ ഒരുമ തുടരട്ടെ.
ഉറക്കിനെ വകവെക്കാതെ സുബ്ഹി നിസ്‌കരിക്കാന്‍ നമ്മുടെ ശരീരത്തിനാകുമെന്ന് റമളാനില്‍ നാം കണ്ടു. ഈ ശീലം റമളാന് ശേഷവും തുടരുക. പള്ളികള്‍ തുറന്നാല്‍ നമുക്കങ്ങനെയാകാം, അല്ലെങ്കില്‍ വീട്ടില്‍വെച്ച് നിര്‍വഹിക്കാം.
നിസ്‌കാരം നമ്മുടെ ജീവിതത്തിലും, ഖബറിലും, സ്വിറാത്തിലും പ്രകാശം തൂവുന്ന വിളക്കാണ്. അത് കുടുംബത്തിലും സമ്പത്തിലുമുള്ള ധന്യതയാണ്.
5. ഖുര്‍ആന്‍ പാരായണം തുടരുക.
ഖുര്‍ആന്‍ റമളാനില്‍ മാത്രമാവരുത്. റമളാനിലും അല്ലാത്തപ്പോഴും പാരായണം ചെയ്യപ്പെടാന്‍ വേണ്ടി അവതരിച്ച ഗ്രന്ഥമാണല്ലോ വിശുദ്ധ ഖുര്‍ആന്‍. ഓരോ ദിവസവും കഴിയുന്നത്ര ഓതാന്‍ ശ്രമിക്കണം. പ്രത്യേക സമയം നിശ്ചയിക്കാം. നാല്‍പ്പത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു ഖത്മ് തീര്‍ക്കാന്‍ പ്രത്യേകശ്രദ്ധ വേണം.
6. ദിക്ര്‍- ദൈവസ്മരണ വര്‍ധിപ്പിക്കുക.
റമളാന് ശേഷവും അല്ലാഹുവിനെ ഓര്‍ത്തുകൊണ്ടിരിക്കാം. മനസ്സിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ദിക്‌റിനാകുമെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.അത് നമ്മെ എല്ലാ കുറ്റങ്ങളില്‍ നിന്നും അകറ്റുന്നതോടൊപ്പം ധാരാളം പ്രതിഫലവും നല്‍കും. പ്രഭാതത്തിലും പ്രദോഷത്തിലും ഉറങ്ങുന്ന സമയത്തും മറ്റുമൊക്കെയുള്ള സ്മരണാവാക്യങ്ങള്‍ നമ്മുടെ ശീലമാകട്ടെ.
7. നല്ല കൂട്ടുകെട്ട്.
ദൈവമാര്‍ഗത്തിലുള്ളവരെ നാം കൂട്ടുകാരായി തിരഞ്ഞെടുക്കുക. ഒരു മതില്‍കല്ല് ചുറ്റും വെച്ച കല്ലുകള്‍ക്ക് താങ്ങായപോലെ നമ്മളും മറ്റുള്ളവര്‍ക്ക് താങ്ങാവുക. നാമൊരു തെറ്റ് ചെയ്യാന്‍ തുനിഞ്ഞാല്‍ അതില്‍ നിന്ന് നമ്മെ സദുപദേശത്തോടെ അകറ്റുന്ന നല്ല കൂട്ടുകാര്‍ നന്മ നിറഞ്ഞ ഭാവിജീവിതത്തിന് അനിവാര്യമാണ്.
8. ആറുനോമ്പ് പിടിക്കാം.
റമളാന് ശേഷം നമുക്ക് വിധിക്കപ്പെട്ട ഒരു സദ്ക്കര്‍മമാണ് ആറുനോമ്പ്. അബൂഅയ്യൂബില്‍ നിന്ന്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ തിരുനബി പറയുന്നു: റമളാനിലും തുടര്‍ന്ന് ശവ്വാലിലെ ആറു ദിവസവും നോമ്പനുഷ്ഠിച്ചാല്‍ അതൊരു വര്‍ഷത്തെ നോമ്പാണ്. റമളാന്‍ പത്ത് മാസമായും ശവ്വാലിലെ ആറു ദിവസം രണ്ട് മാസമായും കണക്കാക്കാം. ഒരാള്‍ റമളാന്‍ പൂര്‍ണ്ണമായും തുടര്‍ന്ന് ശവ്വാലില്‍ നിന്ന് ആറു ദിവസവും നോമ്പനുഷ്ഠിച്ചാല്‍ ഒരു വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചതു പോലെയായി.
സ്വീകാര്യതയുടെ ലക്ഷണം
രണ്ടുമാസക്കാലം നാം നാഥനോട് ഇരന്നുതേടിയ അതിഥിയാണല്ലോ വിശുദ്ധ റമളാന്‍. അത്തരമൊരു അതിഥിയെ കേമമായി സല്‍ക്കരിക്കാന്‍ സാധിച്ചുവോ നമുക്ക്? പരമാവധി ആരാധനാദി കര്‍മങ്ങള്‍ വര്‍ധിപ്പിക്കാന്‍ നാം ശ്രമിച്ചിട്ടുണ്ടാവാം. പ്രത്യേകിച്ച് കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്ന ഈ റമളാനില്‍ ജീവിത മാര്‍ഗങ്ങള്‍ ആരാധനകള്‍ക്ക് തടസ്സം നിന്നിട്ടുണ്ടാകില്ല.എന്നാല്‍ നാം ചെയ്തു കൂട്ടിയ സദ്ക്കര്‍മങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് നമുക്കെങ്ങനെ ഉറപ്പിക്കാനാവും. ഏറെക്കുറേ അതറിയാന്‍ മഹത്തുക്കള്‍ പഠിപ്പിച്ച ചില മാര്‍ഗങ്ങളുണ്ട്.
അതത്രെ റമളാന് ശേഷം നാം ചെയ്യുന്ന സദ്കര്‍മത്തുടര്‍ച്ചകള്‍. റമളാന്റെ കൂട്ടുകാര്‍ റമളാനില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ തുടര്‍ജീവിതത്തിലും കൊണ്ടുനടക്കും. റമളാന്‍ ആരോട് കോപിച്ചോ അവര്‍ക്ക് റമളാനിനെ തുടര്‍ന്നും പിന്തുടരാനാവില്ല. റമളാന്‍ ഇഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍പ്പെടാന്‍ ഭാഗ്യമുണ്ടായോ എന്ന് ഓരോരുത്തരും പരിശോധിക്കുക. ഖുര്‍ആന്‍ പാരായണവും ദാനശീലവും തെറ്റുകളോടുള്ള അകല്‍ച്ചയും തുടങ്ങി എല്ലാ നന്മകളും വിശുദ്ധ റമളാന് ശേഷവും നിലനിര്‍ത്താനായോ?
കൊറോണ വൈറസും ലോക് ഡൗണുമൊക്കെ നമ്മുടെ ജീവിത ശൈലി ക്രമീകരിക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. റമളാനില്‍ ആത്മീയോന്മേഷവും നാം നേടി. ആത്മീയവും മാനസികവും ശാരീരികവുമായി നവോന്മേഷം നേടിയ ഒരു മുസ്ലിമാണ് റമളാനിലൂടെ പിറക്കുന്നത്.
ശബീബ് മുഹമ്മദ്
You must be logged in to post a comment Login