വാങ്കു വിളിക്കാനിരിക്കുന്നു. ഉസ്താദും മുതഅല്ലിമുകളും പളളിക്കുളത്തിന്റെ കല്‍പടവുകള്‍ ഇറങ്ങുകയാണ്. തെളിഞ്ഞ വെള്ളത്തില്‍ നിന്നൊരു കവിള്‍ കോരി തുപ്പി, ചകിരി കൂര്‍പ്പിച്ച മിസ്്വാക് കൊണ്ട് പല്ലുരച്ച് തുടങ്ങുന്ന അംഗസ്‌നാനത്തിനുള്ള(വുളൂഅ്) ഒരുക്കം നാട്ടിന്‍ പുറത്തെ മധുരിക്കുന്ന ഓര്‍മകളാണ്. തലമുറകളായ് കൈമാറ്റം ചെയ്തിങ്ങോളമെത്തിയ ശീലം.
വുളൂഅ് അവയവങ്ങളെ കഴുകി വെളുപ്പിക്കുന്ന പ്രക്രിയ മാത്രമല്ല, ആത്മവിശുദ്ധിയിലേക്കുള്ള ചുവടുവെപ്പാണ്, അഴുകാനിടവരാത്തവണ്ണം സ്വയം പ്രതിജ്ഞാബദ്ധരാവാനുള്ള സന്നദ്ധതയാണ്. പൂര്‍വസൂരികള്‍ അംഗ സ്‌നാനത്തെ അതിപ്രധാനമായി പരിഗണിച്ചിരുന്നത് ഈ അര്‍ഥത്തിലാണ്. ശുദ്ധി ഈമാനിന്റെ പാതിയാണെന്നത് തിരുനബി അരുളിയതോര്‍മ വേണം. ഖുര്‍ആന്‍ ശ്രദ്ധിക്കൂ: വെളിച്ചത്തിനു മേല്‍ വെളിച്ചം, അല്ലാഹു ഇഛിക്കുന്നവരെ ആ പ്രഭാവലയത്തിലേക്കവന്‍ നയിക്കും (സൂറ: അന്നൂര്‍). വെളിച്ചം ഈമാനാണ്. അതിലേക്കെത്തുന്നവന്‍ മുഅ്മിനും (സത്യവിശ്വാസി). അകവും പുറവും വെടുപ്പുള്ളവനെയാണ് മുഅ്മിന്‍ എന്നു വിളിക്കുക. ഇതുവരെയും ഇനിയങ്ങോട്ടും വിശ്വാസിയുടെ വിലാസമതാണ്. ലൂത്വ്(അ)ന്റെ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതില്‍ വിരസതയും അസ്വാരസ്യവുമുള്ള ഭൂരിപക്ഷ ജനവിഭാഗത്തിന്റെ ശ്രദ്ധേയമായൊരു പ്രതിഷേധവാചകം ഖുര്‍ആന്‍ പറയുന്നുണ്ട്. ‘അദ്ദേഹത്തിന്റെ ജനതയുടെ മറുപടി ഇതു മാത്രമായിരുന്നു. ഇവരെ നിങ്ങളുടെ രാജ്യത്തു നിന്ന് പുറത്താക്കുക. തീര്‍ച്ചയായും ഇവര്‍ ശുദ്ധി പാലിക്കുന്ന ആളുകളാണ്’ (അല്‍ അഅറാഫ് 82).
ശുദ്ധി പാലിക്കുകയെന്നത് വിശ്വാസിയുടെ മുദ്രയാണ്. ബാഹ്യശുദ്ധിക്കപ്പുറം വിശ്വാസ ശുദ്ധിയും സ്വഭാവശുദ്ധിയുമടങ്ങുന്ന ആത്മശുദ്ധിക്കാണ് പ്രഥമ പരിഗണന. ഈ വിശുദ്ധിയാണ് ജനതകളുടെ വഴിവെട്ടം.
വുളൂഇന് ശക്തമായ പ്രതിഫലനശേഷിയുണ്ട്.
‘കൂട്ടുകാരേ, പാപങ്ങളെല്ലാം അല്ലാഹു മായ്ച്ചു കളയുന്ന, ഉന്നത പദവികള്‍ക്ക് ഹേതുവാകുന്നൊരു കാര്യമറിയാമോ നിങ്ങള്‍ക്ക്? സ്വഹാബികളോട് മുത്ത് നബിയുടെ ചോദ്യം.
‘ഇല്ല നബിയേ….’
‘നന്നായി വുളൂഅ് ചെയ്യലാണത്’
പാപങ്ങള്‍ ഊര്‍ന്നു പോവുന്ന രംഗം വിശദീകരിക്കുന്നുണ്ട് മറ്റൊരിടത്ത്. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: നബി (സ) പറഞ്ഞു: വിശ്വാസിയായ അടിമ വുളൂഅ് ചെയ്യുമ്പോള്‍ മുഖം കഴുകിക്കൊണ്ടിരിക്കെ അവന്‍ കണ്ട തെറ്റ് മുഴുവന്‍ ഒലിച്ചിറങ്ങിപ്പോവും. കൈ കഴുകുമ്പോള്‍ കൈ ചെയ്ത അതിക്രമങ്ങളുടെ പാപക്കറ ഊര്‍ന്നു പോവും. കാലുകള്‍ കഴുകുമ്പോള്‍ തെറ്റിലേക്കു നടന്ന ഇന്നലെകള്‍ മാഞ്ഞില്ലാതാവും. ഒടുക്കമവന്‍ പാപ സുരക്ഷിതനായി മാറും (മിശ്കാത്ത്). വുളൂഇന്റെ ശേഷിയെ കുറിച്ച് ആത്മാഭിമാനത്തോടെ മുത്ത് നബി പറഞ്ഞു: ‘എന്റെ സമുദായത്തെ അന്ത്യനാളില്‍ വിളിക്കുകയെന്തെന്നോ? കൈകാലുകള്‍ പ്രശോഭിക്കുന്നവരേ… എന്നാണ്. വുളൂഇന്റെ ശേഷിപ്പാണത്. നിങ്ങള്‍ക്ക് കഴിവതും കൈകാലുകളൊന്ന് നീട്ടിക്കഴുകണേ’. വുളൂഅ് നല്‍കിയ ആത്മവിശുദ്ധിയാണ് പുറത്ത് പ്രകാശം പൊഴിക്കുന്നത്.
തെറ്റ് ചെയ്യാന്‍ സാധ്യതയുള്ള അവയവങ്ങളെല്ലാം കഴുകി വൃത്തിയാക്കുമ്പോള്‍ മാനസികമായി വിശ്വാസി വിശുദ്ധി ആവാഹിക്കുന്നുണ്ട്. ശുദ്ധീകരണ വേളകളില്‍ ദൈവിക വിധേയത്വത്തിന്റെ അടിസ്ഥാന ശിലയായ തൗഹീദടങ്ങുന്ന സാക്ഷ്യ വാചകം ഇടവിടാതെ ഉച്ചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഭൗമാന്തര്‍ഭാഗം ഫോസിലുകളും വിഷലവണങ്ങളും ചെളിയും മറ്റവശിഷ്ടങ്ങളും നിറഞ്ഞതെങ്കിലും ശുദ്ധജലമുത്ഭവിപ്പിക്കുന്ന അല്ലാഹുവിനോട് (അതില്‍ നാം ഉറച്ചു നില്‍ക്കുന്ന ഉന്നതങ്ങളായ പര്‍വതങ്ങളെ സ്ഥാപിക്കുകയും സ്വച്ഛന്ദമായ വെള്ളം നിങ്ങള്‍ക്കു കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു -മുര്‍സലാത്ത് 27). നന്ദി പ്രകാശിപ്പിക്കാന്‍ അവസരം കണ്ടെത്തുന്നത് (അഥവാ മുന്‍കൈ കഴുകുമ്പോള്‍ ഈ തെളിനീര്‍ ശുദ്ധമാക്കിയ അല്ലാഹു വിന് സര്‍വ സ്തുതിയും എന്ന് പറയുന്നത്) തെളിഞ്ഞ മനസ്സിനെ രൂപപ്പെടുത്താനുള്ള ആഗ്രഹപ്രകടനമാണ്. ചേറു നിറഞ്ഞ ഭൂഗര്‍ഭാവസ്ഥയില്‍ നിന്ന് സ്ഫടിക ജലമൊഴുക്കാന്‍ കഴിവുള്ളവന് അഴുകിയ ഹൃദയം കഴുകാനെത്ര ലളിതമാണെന്ന ഭാഷയാണതിന്. അടിമക്ക് സൃഷ്ടാവിനോടുള്ള മനോഭാവമനുസരിച്ചാണ് സൃഷ്ടാവില്‍ നിന്നും തിരികെയുണ്ടാകുന്ന പ്രതികരണം എന്നിരിക്കേ ആ ചിന്ത അടിമയുടെ വിമലീകരണ പ്രവര്‍ത്തനം വേഗത്തിലാക്കും. വുളൂഅ് നല്‍കുന്ന സംശുദ്ധിയെ ഹദീസുകളില്‍ ധാരാളം വായിക്കാം. നബി(സ) പഠിപ്പിച്ചു: സമ്പൂര്‍ണമായി അംഗസ്‌നാനം നടത്തിയവന്‍ ഹൃദയ സാന്നിധ്യത്തോടെ രണ്ട് റക്അത്ത് നിസ്‌കരിച്ചാല്‍ അവന് സ്വര്‍ഗീയാരാമം ഉറപ്പാണ്. സ്വര്‍ഗത്തിന്റെ താക്കോല്‍ നിസ്‌കാരമാവുന്നു. നിസ്‌കാരത്തിന്റെ താക്കോല്‍ ശുദ്ധിയും. ചുരുക്കത്തില്‍ സ്വര്‍ഗപ്രാപ്തി ലഭിക്കാനുള്ളതിന്റെ പ്രാഥമിക നടപടി ശുദ്ധീകരണമാണ്. മറ്റൊരു ഹദീസ് : ‘അടിയുറച്ച് നിന്നോളൂ, അലസത ഒഴിവാക്കിയേക്കൂ, നിങ്ങള്‍ക്കുത്തമമായത് നിസ്‌കാരമാണ്. തീര്‍ച്ചയായും വിശ്വാസികള്‍ മാത്രമേ വുളൂഇന്റെ വിഷയത്തില്‍ ജാഗ്രത്താവുകയുള്ളൂ.’ വുളൂഇന്റെ ഗൗരവം ഇങ്ങനെ ഒരുപാടിടങ്ങളില്‍ കാണാം. ശുദ്ധിയുണ്ടെങ്കിലും വുളൂ പുതുക്കല്‍ ശ്ലാഘനീയമാണ്. അതിന് പത്ത് ഹസനാത്ത് പ്രതിഫലവുമുണ്ട്. കോപാകുലതയെ കെടുത്തിക്കളയാനുളള മരുന്നായി നിര്‍ദേശിക്കപ്പെട്ടത് വുളൂഅ് ചെയ്യാനാണ്. തെറ്റായ സാഹചര്യങ്ങള്‍ ഉണ്ടാവുമ്പോള്‍ വുളുഅ് ചെയ്യുന്നത് അത്തരം ചെയ്തികളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ സഹായിക്കും. ഉറങ്ങിയാല്‍ വുളൂഅ് വിഫലമാവുമെങ്കിലും ഉറങ്ങാന്‍ കിടക്കുമ്പോള്‍ വുളൂ ചെയ്യല്‍ സുന്നത്തുണ്ടായത് അതിന്റെ മൂല്യത്തെ വ്യക്തമാക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്‍ ഒന്ന് സ്പര്‍ശിക്കാന്‍ പോലും ഈ ശുദ്ധി പാലിക്കണം. മരിച്ച് മണ്ണോടടുക്കുമ്പോഴും വിശ്വാസിയില്‍ വുളുഅ് അവശേഷിക്കണം. മയ്യിത്തിന് വേണ്ടി അത് നിര്‍വഹിച്ചു കൊടുക്കല്‍ സമൂഹത്തിന്റെ ബാധ്യതയുമാണ്.
ഫള് ലുറഹ് മാന്‍ സുറൈജി തിരുവോട്
You must be logged in to post a comment Login