ഒരു മുസ് ലിം കൃഷി ചെയ്തു. അതല്ലെങ്കില്‍ ഒരു വൃക്ഷം നട്ടുപിടിപ്പിച്ചു. അതില്‍ നിന്ന് വല്ല പക്ഷിയോ, മനുഷ്യനോ, മൃഗമോ ഭക്ഷിച്ചാല്‍ അത് അവനുള്ള സ്വദഖയാവും (മുസ്‌ലിമിന്റെ സമാഹാരത്തില്‍ ഈ നബിവചനം കാണാം. അടുത്ത സഹചാരി അനസ്(റ) ആണ് ഉദ്ധരിക്കുന്നത്). പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന മനുഷ്യന്‍ തന്നെയാണ് പ്രകൃതി സംരക്ഷിക്കുന്നതും, മലിനപ്പെടുത്തുന്നതും. സംരക്ഷണത്തെ ഇസ്ലാം പ്രോത്സാഹിപ്പിക്കുകയും മലിനീകരണത്തെയും നശീകരണത്തെയും നിരുത്സാഹപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രവാചകപാഠങ്ങളില്‍ ഇവ രണ്ടിനെയും സവിസ്തരം വിശകലനം നടത്തിയിട്ടുണ്ട്. കാര്‍ഷികവൃത്തി ഏറ്റവും നല്ല തൊഴിലാണ്. സ്വന്തം കൈ കൊണ്ട് അദ്ധ്വാനിച്ച് ഫലം കണ്ടെത്താനുള്ള വഴിയാണ് കൃഷി. ഏറ്റവും ഉത്തമസമ്പാദ്യങ്ങളില്‍ കൈതൊഴിലിനും കച്ചവടത്തിനുമൊപ്പം കൃഷിയുമുണ്ട്. ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) രേഖപ്പെടുത്തുന്നു: ‘ഈ ഹദീസില്‍ വൃക്ഷം നട്ടുപിടിപ്പിക്കുന്നതിന്റെയും കൃഷി ചെയ്യുന്നതിന്റെയും മഹത്വമുണ്ട്. അന്ത്യദിനം വരെ ഈ കൃഷിയും വൃക്ഷവും അതില്‍ നിന്ന് ഉത്ഭവിക്കുന്നതും നിലനില്‍ക്കുന്ന കാലത്തോളം അവന് അതിന്റെ പ്രതിഫലം നിലനില്‍ക്കും’. ഏറ്റവും നല്ല സമ്പാദ്യം കൃഷിയിലൂടെ ലഭിക്കുന്നതാണെന്നന്നും നവവി ഇമാം അഭിപ്രായപ്പെടുന്നു.
കൃഷിയിടത്തില്‍ നിന്ന് തിന്നു പോവുന്നത് കര്‍ഷകന്റെ ദാനമാണ്. മനുഷ്യന്റെ സ്ഥായിയായ ജീവതത്തില്‍ ഉപകരിക്കപ്പെടുന്നതാണ് സ്വദഖയുടെ ഫലം. ഭൗതിക ജീവിതത്തില്‍ നല്‍കുന്ന സ്വദഖകള്‍ പാരത്രിക ജീവിതത്തിലെ മോക്ഷത്തിനുള്ള ഹേതുകങ്ങളാണന്നാണ് ഇസ്ലാമിക അധ്യാപനങ്ങള്‍ . പൊതുവില്‍ ദാനധര്‍മ്മങ്ങളെയാണല്ലോ സ്വദഖ എന്ന് പറയാറുള്ളത്. ഇത് നാണയ കൈമാറ്റം മാത്രമല്ല, എല്ലാ നല്ലകാര്യങ്ങളും സ്വദഖ തന്നെയാണ്. ജാബിര്‍(റ) വില്‍ നിന്ന് നിവേദനം. നബി(സ) പറയുന്നു: എല്ലാ സദ്കര്‍മ്മങ്ങളും സ്വദഖയാണ്.( ബുഖാരി). ഇതേവാചകം ഹുദൈഫത്തുബ്നുല്‍ യമാനി (റ) വില്‍ നിന്ന് മുസ്ലിം (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘കാര്‍ഷികവൃത്തിയും സദ്കര്‍മ്മം തന്നെയാണ്. അതില്‍ നിന്നും പ്രതിഫലം ലഭ്യമാവും’. ഭക്ഷിച്ചാല്‍ മാത്രമല്ല നശിച്ചുപോവുന്നതും മോഷ്ടിക്കപ്പെടുന്നതും സ്വദഖയായി പരിണമിക്കുമെന്ന് തിരുദൂതര്‍ (സ) പഠിപ്പിക്കുന്നു. ജാബിര്‍(റ) നിവേദനം ചെയ്യുന്നു- നബി (സ്വ) പറഞ്ഞു: ഒരു മുസ്ലിം ഒരു ചെടി നട്ടുപിടിപ്പിക്കുകയും അതില്‍ നിന്ന് ഭക്ഷിക്കുന്നതിലും മോഷ്ടിക്കപ്പെടുന്നതിലും മറ്റു രൂപത്തില്‍ നശിപ്പിക്കപ്പെടുന്നതിലുമെല്ലാം അവന്‍ ദാനം ചെയ്തതിന്റെ പ്രതിഫലമുണ്ട് (മുസ്ലിം).
മറ്റൊരു റിപ്പോര്‍ട്ടില്‍ കാണാം: ‘മുസ് ലിമായ ഒരാള്‍ ഒരു ചെടി നട്ടുപിടിപ്പിച്ചു. അതില്‍ നിന്ന് മനുഷ്യനോ, മൃഗമോ, പക്ഷിയോ ഭുജിക്കുകയാണങ്കില്‍ അന്ത്യനാള്‍ വരെ സ്വദഖ ചെയ്ത പ്രതിഫലം ലഭിക്കും’. മേല്‍ ഹദീസുകളില്‍ മോഷ്ടിക്കലിനെ അനുവദനീയമാക്കുകയല്ല. മറിച്ച് കാര്‍ഷികവൃത്തിയെയും പ്രകൃതി സംരക്ഷണത്തെയും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. അന്യന്റെ വസ്തുക്കള്‍ സമ്മതത്തോടെയേ എടുക്കാന്‍ പാടുള്ളൂ എന്നത് ഇസ്ലാമിന്റെ കണിശമായ നിര്‍ദേശമാണ്.
കേരളം ഒരു കാര്‍ഷികസംസ്ഥാനമാണ്. ഇടയ്ക്കിടക്ക് പ്രകൃതിക്ഷോഭങ്ങളും ശക്തമായ കാറ്റും മഴയും നമ്മുടെ കൃഷികള്‍ക്ക് മേല്‍ നാശം വിതക്കാറുണ്ട്. ഇതില്‍ സാമ്പത്തികമായ നഷ്ടങ്ങള്‍ വന്നുഭവിക്കുമെങ്കിലും വിശ്വാസികള്‍ക്ക് സ്വദഖയുടെ കൂലി ലഭിക്കുമെന്നു പ്രത്യാശിക്കാന്‍ വകയുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഒരു ഭാഗം മാത്രമാണ് വൃക്ഷതൈ നട്ടുപിടിപ്പിക്കലും കൃഷിയും. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന വചനങ്ങള്‍ ഇനിയുമുണ്ട് ഒട്ടനേകം.
അനസ് (റ) പറയുന്നു, നബി (സ) പറയുന്നതായി കേട്ടു: ലോകാവസാനം സംഭവിക്കുമ്പോള്‍ നിങ്ങളുടെ കയ്യില്‍ ഒരു ചെറിയ ഈന്തപ്പന തൈയുണ്ടെങ്കില്‍ അത് നട്ടുപിടിപ്പിക്കാന്‍ കഴിയുമെങ്കില്‍ അവനത് ചെയ്യട്ടെ (അഹ്മദ്). ഒരിക്കല്‍ അമ്മാറത് ബ്നു ഖുസൈമയുടെ(റ) പിതാവിനോട് ഉമര്‍ (റ) ചോദിച്ചു: നിങ്ങള്‍ എന്തുകൊണ്ടാണ് നിങ്ങളുടെ ഭൂമി കൃഷി ചെയ്യാതെ ഒഴിച്ചിട്ടിരിക്കുന്നത്? അദേഹത്തിന്റെ മറുപടി: മരണമടുത്ത വയോധികനാണ് ഞാന്‍. ഉമര്‍(റ) പറഞ്ഞു: നിങ്ങള്‍ എന്തായാലും കൃഷി ചെയ്യണം. പിന്നീടുണ്ടായ അനുഭവം അമ്മാറത്(റ) പറയുന്നുണ്ട്: എന്റെ പിതാവിന്റെ കൂടെ ഉമര്‍(റ) കൃഷി ചെയ്യുന്നതായി ഞാന്‍ കണ്ടു ( ജാമിഉല്‍ കബീര്‍ .) പ്രായമെത്രയായാലും കൃഷിക്ക് തടസ്സമല്ലെന്നും വിലപ്പെട്ട സമയം പാഴാക്കരുതെന്നുമാണ് ഉമര്‍(റ) ദ്യോതിപ്പിക്കുന്നത്. നമ്മുടെ ഭൂമി ഒഴിച്ചിടരുതെന്ന സന്ദേശവും ഇവിടെ നല്‍കപ്പെടുന്നു. അബ്ദുല്ലാഹിബ്നു സലാം (റ) പറയുന്നതായി ഉദ്ധരിക്കപ്പെടുന്നു: നിങ്ങള്‍ ഒരു മലഞ്ചെരുവില്‍ കൃഷി ചെയ്തു കൊണ്ടിരിക്കുന്നതിനിടയില്‍ ദജ്ജാല്‍ പുറപ്പെട്ടുവെന്ന് കേട്ടാലും ധൃതി കാണിക്കരുത്. തീര്‍ച്ച, ജനങ്ങള്‍ക്ക് അതിന് ശേഷവും ജീവിതമുണ്ട് (അദബുല്‍ മുഫ്റദ്.)
ഭൂമിയുടെ സൗന്ദര്യാലങ്കാരത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു ഓര്‍മ്മപ്പെടുത്തുന്നു: ‘ഭൂമിയില്‍ തൊട്ടുതൊട്ടു കിടക്കുന്ന ഖണ്ഡങ്ങളുണ്ട്. മുന്തിരിത്തോട്ടങ്ങളും കൃഷികളും, ഒരു മുരട്ടില്‍ നിന്ന് പല ശാഖകളായി വളരുന്നതും, വേറെ വേറെ മുരടുകളില്‍ നിന്ന് വളരുന്നതുമായ ഈന്തപ്പനകളും ഉണ്ട്. ഒരേ വെള്ളം കൊണ്ടാണ് അത് നനയ്ക്കപ്പെടുന്നത്. ഫലങ്ങളുടെ കാര്യത്തില്‍ അവയില്‍ ചിലതിനെ മറ്റു ചിലതിനെക്കാള്‍ നാം മെച്ചപ്പെടുത്തുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്’ (സൂറത്തുറഅദ്: 4). നാം നട്ടുപിടിപ്പിക്കുന്ന വൃക്ഷത്തിലെ പഴമോ കൃഷിയുടെ വിളവോ കുഴിച്ച കിണര്‍ കാരണമോ മരണശേഷവും ഖബറിലായിരിക്കെ കൂലി ലഭിക്കുന്നതാണെന്ന് മിര്‍ഖാത്തില്‍ രേഖപ്പെടുത്തുന്നു.
ഫലം കായ്ക്കുന്ന വൃക്ഷങ്ങളുടെ ചുവട്ടിലും വഴിവക്കിലും വിസര്‍ജിക്കുന്നത് ഇസ്ലാം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മുസ്‌ലിമിന്റെ(റ) സമാഹാരത്തില്‍ കാണുന്ന ഒരുനബിവചനം ഓര്‍മയിലിരിക്കട്ടേ: ശാപം കിട്ടുന്ന രണ്ട് കാര്യങ്ങള്‍ കരുതിയിരിക്കുക എന്ന് റസൂല്‍(സ്വ) പറഞ്ഞപ്പോള്‍ ആകാംക്ഷയോടെ സഹചാരികള്‍ ചോദിച്ചു: ഏതൊക്കെയാണവ? വഴിയിലുംതണലിലും വിസര്‍ജിക്കല്‍ തന്നെ. റസൂലിന്റെ മറുപടി ഇങ്ങനെയായിരുന്നു(ഉദ്ധരണം: അബൂഹുറയ്‌റ(റ).
പരിസര ശുചീകരണം മാത്രമല്ല പ്രകൃതിയെ മലിനപ്പെടുത്തുന്നതില്‍ നിന്നും തടയുക കൂടിയാണ് ഇസ്ലാം ചെയ്യുന്നത്. ജനങ്ങള്‍ക്ക് തണലേകുന്ന വൃക്ഷങ്ങളെ വെട്ടിനശിപ്പിക്കാന്‍ സമ്മതിക്കുന്നില്ല. എന്നാല്‍ ജീവന് ഭീഷണിയായി നില്‍ക്കുന്ന, അപകടം വിളിച്ചുവരുത്തുന്ന വൃക്ഷം മുറിച്ചുനീക്കം ചെയ്താല്‍ സല്‍കര്‍മ്മമായി ഗണിക്കപ്പെടും. നബി(സ) പറയുന്നു: ഒരാള്‍ വഴിയോരത്ത് കൂടെ നടന്നുപോയപ്പോള്‍ അവന്‍ പറഞ്ഞു: അല്ലാഹുവിനെ തന്നെ സത്യം, മുസ്ലിംകള്‍ക്ക് ശല്യം ചെയ്യുന്ന ഈ മരക്കൊമ്പ് ഞാന്‍ മുറിച്ച് മാറ്റുക തന്നെ ചെയ്യും. അവന്‍ അത് മുറിച്ചു. അതു കാരണം അയാള്‍ സ്വര്‍ഗാവകാശിയായി (മുസ്ലിം).
ജലം പാരിസ്ഥിതിക ചര്‍ച്ചകളില്‍ ഒഴിച്ചുകൂടാനാകാത്ത പ്രകൃതിവിഭവമാണ്. വെള്ളം അമൂല്യമാണ്, പാഴാക്കി കളയരുത്. നദിയും പുഴയും കനാലുകളുമെല്ലാം പ്രകൃതിയുടെ വരദാനങ്ങളാണ്. അവ നശിപ്പിക്കരുത്. ജനങ്ങള്‍ക്ക് കുടിക്കാന്‍ വേണ്ടി കിണറുകളും ജലസംഭരണികളും സ്ഥാപിക്കുന്നതിനെ പുണ്യകര്‍മ്മമായി ഇസ്ലാം കാണുന്നു. സഅദ് ബിന്‍ ഉബാദത് (റ)വിന്റെ ഉമ്മ മരണപ്പെട്ടപ്പോള്‍ അവര്‍ക്ക് വേണ്ടി എന്ത് സ്വദഖയാണ് ചെയ്യാന്‍ ഉത്തമമായതെന്ന് ചോദിച്ചപ്പോള്‍ നബി (സ) മറുപടി പറഞ്ഞത് പൊതുകിണര്‍ കുഴിച്ച് നല്‍കാനായിരുന്നു. ആരാധനക്ക് പോലും വെള്ളം ഉപയോഗിക്കുമ്പോള്‍ മിതത്വം പാലിക്കാന്‍ തിരുനബി(സ) പഠിപ്പിച്ചെങ്കില്‍ ഇസ്ലാം ജലസംരക്ഷണത്തിന് കല്പിക്കുന്ന പ്രാധാന്യം ചെറുതല്ല. പ്രകൃതിയുടെ സൗന്ദര്യത്തിന് മങ്ങലേല്‍ക്കുന്ന മലിനീകരണങ്ങള്‍ തടയുന്നതില്‍ ഇസ്ലാം പ്രതിജ്ഞാബദ്ധമാണ്.
മനുഷ്യന്‍ ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധിയാണ്. ഈ ഉത്തരവാദിത്വ ബോധത്തോടെയാവണം ഭൂമിയില്‍ കഴിയേണ്ടത്. നശീകരണവും ചൂഷണവും ഇസ്ലാമികമല്ല. പ്രകൃതിക്ക് ക്ഷതമേല്‍പിക്കുന്നത് മതദൃഷ്ട്യാ തെറ്റും കുറ്റവുമാണ്. അത് ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തും. മനുഷ്യരുടെ കൈകടത്തലുകളിലെ അപാകതകള്‍ കാരണമാണ് കടലിലും കരയിലും പ്രശ്നങ്ങളുണ്ടാവുന്നതെന്ന ഖുര്‍ആന്‍ പാഠം ഇവിടെ പ്രസ്താവ്യമാണ്. പ്രകൃതിയില്‍ മുളയ്ക്കുന്നതും വിളയുന്നതും ഉറവയായി പൊട്ടുന്നതും, എല്ലാമെല്ലാം അല്ലാഹുവിന്റെ അനുഗ്രഹമാണ്. അതിന്റെ സംരക്ഷകരായിക്കൊണ്ട് അല്ലാഹുവോട് നന്ദിയുള്ളവരാകണം നമ്മള്‍.എല്ലാത്തിന്റെയും ഉടമ അല്ലാഹുവാണെന്ന ഉത്തമ ബോധ്യത്തോടെ പരസ്പരം സഹകരിച്ചും പ്രകൃതിയോടിണങ്ങിയും ജീവിക്കണം. ഉപജീവനമാര്‍ഗങ്ങളെ അധീനപ്പെടുത്തിവെക്കരുതെന്ന പ്രവാചകപാഠം ഓര്‍ക്കുക.
മുനീര്‍ അഹ്സനി ഒമ്മല
You must be logged in to post a comment Login