ജോര്‍ജ് ഫ്ളോയിഡിന്റെ മരണരോദനം കൊണ്ട് ലോകം വിറങ്ങലിച്ച നേരത്ത് ചരിത്രകാരന്‍മാര്‍ വെളിച്ചംകെട്ട കാലം എന്ന് അടയാളപ്പെടുത്തിയ ഒരു കാലത്തെ നമുക്കോര്‍ക്കാം. വംശവെറിയും അടിമച്ചന്തയും ഗോത്രമഹിമയും അധീശത്വ വ്യവസ്ഥയുമെല്ലാം ഉറഞ്ഞ് തുള്ളിയ ഒരു യുഗം. അക്കാലത്തെ അറേബ്യ. എന്തൊരു വര്‍ഗവൈരമായിരുന്നു അറേബ്യയിലൊന്നാകെ, അല്ല ലോകമാകെ. തൊലി ഇരുണ്ടയാളുകളെ നിര്‍ദ്ദയം കൊല്ലാന്‍ കൊച്ചുകൊച്ചു കാരണങ്ങള്‍ മതി.ഗോത്രങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളോളം പൊരുതാനും ചെറിയൊരു തീപ്പൊരി മതി.അടിമകളായിപ്പോയവര്‍ക്ക് മനുഷ്യാവകാശങ്ങള്‍ നില്‍ക്കട്ടെ, മൃഗാവകാശങ്ങള്‍ തന്നെയില്ല. അതിന് അനുവദിച്ചിരുന്നില്ല; അവര്‍ വെറും മാംസപ്പാവകള്‍ മാത്രം. കാലിത്തൊഴുത്തുകളില്‍, വസ്ത്രമോ ആവശ്യത്തിന് ഭക്ഷണമോ ഇല്ലാതെ തൊഴിയും പഴിയും ഏറ്റ് യജമാനന്മാര്‍ക്ക് വേണ്ടി അവര്‍ കുനിയുകയും നിവരുകയും ചെയ്തു. പാടുകയും പറയുകയും ചെയ്തു. കൊല്ലുകയും ചാവുകയും ചെയ്തു. സ്വപ്നങ്ങള്‍ പോലും കൊള്ളയടിക്കപ്പെട്ട ഹതഭാഗ്യര്‍.
ആ ഇരുണ്ട യുഗത്തിലാണ് വംശവെറിയുടെയും അടിമ പീഡനങ്ങളുടെയും കടയ്ക്ക് കത്തി വെച്ചുകൊണ്ട് ഇസ്ലാമിക വെളിച്ചം പരക്കുന്നത്. മുഹമ്മദ് നബിയിലൂടെ(സ) മനുഷ്യര്‍ വേര്‍തിരിവില്ലാതെ ശ്വാസമെടുക്കാമെന്നായി. ജാതീയതയുടെ/ വംശീയതയുടെ/ വര്‍ണ വര്‍ഗ ലിംഗ ദേശ വൈജാത്യങ്ങളുടെ പേരില്‍ നിലനിന്നിരുന്ന എല്ലാ ദുഷ്ടതകളും നീക്കി. എല്ലാറ്റിനും അന്ത്യം കുറിച്ചത് അല്ലാഹു അല്ലാതെ ആരാധ്യനില്ല എന്ന വാക്ക് മാത്രം. സര്‍വചരാചരങ്ങളും ആരാധ്യനായ ആ ഉടമയുടെ വിനീത ദാസന്മാരാണ് എന്ന ഉറച്ച വാക്ക്.
ആവാക്കിന്റെ പൊരുളുകളാല്‍ സമൃദ്ധമാണ് ഖുര്‍ആന്‍ എന്ന അന്ത്യവേദം.
”ഓ ജനങ്ങളേ, നിങ്ങളെ ഒരു പുരുഷനില്‍ നിന്നും സ്ത്രീയില്‍ നിന്നുമാണ് ഞാന്‍ സൃഷ്ടിച്ചത്. നിങ്ങളെ വിവിധ ഗോത്രങ്ങളും വര്‍ഗങ്ങളുമാക്കിയത് ഒരു മേല്‍വിലാസമുണ്ടാകാന്‍ മാത്രമാണ്; അല്ലാഹുവിന്റെ അടുത്ത് ഏറെ ആദരവുള്ളര്‍ ഭക്തിയുള്ളവരത്രെ.” ഒരു ഉമ്മയുടെയും ഉപ്പയുടെയും മക്കളായ ഏകോദര സഹോദരന്മാരാണ് മനുഷ്യര്‍. വര്‍ണ വര്‍ഗ ദേശഭാഷകള്‍ മതിലുകള്‍പടുക്കാനുള്ള ഉപാധികളല്ല. നബി ഇക്കാര്യം കൃത്യമായി സഹചരെ പഠിപ്പിച്ചു. അല്ല, നബിയുടെ ജീവിതം കണ്ട് അവര്‍ പഠിച്ചു.
ദുല്‍ഹിജ്ജ മാസത്തിലെ പവിത്ര ദിവസം. ഒരൊട്ടകപ്പുറത്ത് കയറിനിന്നുകൊണ്ട് ജനങ്ങളോടായി തിരുനബി പ്രസംഗിച്ചു. ‘അറിയുക, നിങ്ങളുടെ നാഥന്‍ ഒന്നാണ്; നിങ്ങളുടെ പിതാവും ഒന്നുതന്നെ. അറബിക്ക് അനറബിയെക്കാള്‍ ശ്രേഷ്ഠതയില്ല. അനറബിക്ക് അറബിയെക്കാളും. കറുത്തവന് വെളുത്തവനെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ പ്രാധാന്യമില്ല. ദൈവഭയം കൊണ്ടല്ലാതെ’. ‘മനുഷ്യര്‍ ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ തുല്യരാണ്.’ ‘നിങ്ങളെല്ലാം ആദമിന്റെ മക്കള്‍; ആദമാകട്ടെ മണ്ണില്‍ നിന്നും.’
മണ്ണും വെള്ളവും ചേര്‍ന്ന ചെളിയാണ് ‘ത്വീന്‍’. എന്താണ് ചെളിയുടെ പ്രത്യേകത. അത് ഒട്ടിപ്പിടിച്ചുനില്‍ക്കും. എത്രയും ഒതുങ്ങി നില്‍ക്കും. മണ്ണില്‍നിന്ന് പിറന്നവന്‍ ഈ ഒതുക്കം ആര്‍ജിക്കണം. പാറക്കഷ്ണങ്ങള്‍ പരസ്പരം ഒട്ടിച്ചേരുകയോ ഒതുങ്ങിക്കൊടുക്കുകയോ ചെയ്യില്ല. പാരസ്പര്യത്തിന്റെ മഹാപാഠങ്ങള്‍ മനുഷ്യന്‍ ചെളിയില്‍ നോക്കി പഠിക്കണം. അപ്പോഴവന് സദസ്സില്‍ ഒതുങ്ങിക്കൊടുക്കാന്‍ കഴിയും. രണ്ടാളുടെ ഭക്ഷണം മൂന്നാള്‍ക്ക് തികയും. ഞാന്‍ സ്വര്‍ണവും അവന്‍ മണ്ണാങ്കട്ടയുമാണെന്ന വരേണ്യബോധം മായും.
വെളുത്തു തുടുത്ത സല്‍മാനെയും കറുത്തിരുണ്ട ബിലാലിനെയും ഒപ്പമിരുത്താന്‍ തിരുനബിക്ക് ഒരു പ്രയാസവും തോന്നിയില്ല. ദരിദ്രനായ അബൂഹുറയ്റയും ധനികനായ അബ്ദുറഹ്മാന്‍ ഔഫും(റ) ഒരേ അണിയില്‍ മടമ്പൊത്ത്‌നിന്നത് അങ്ങനെയാണ്. അന്ധനായ അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂമിന് മുതലാളി പ്രമുഖരെക്കാള്‍ ഖുര്‍ആന്‍ വില കല്‍പ്പിച്ചതും മറ്റൊന്നുകൊണ്ടുമല്ല. വെറുതെയല്ല തിരുനബി പഠിപ്പിച്ചത്: ‘നിങ്ങളുടെ ഈ കുടുംബമഹിമ മറ്റുള്ളവരെ ചീത്തവിളിക്കാനാകരുത്. നിങ്ങളൊക്കെ മനുഷ്യരാണ്. നിറയാത്ത അളവു പാത്രങ്ങള്‍ പോലെ. ആര്‍ക്കും ആരെക്കാളും, വിശ്വാസവും കര്‍മവും കൊണ്ടല്ലാതെ ഒരു മികവുമില്ല’.
ഗ്രാമവാസിയായ സാഹിര്‍ബിന്‍ ഹറാമിനെ അറിയുമോ? പ്രവാചക ശിഷ്യനാണ്. പ്രവാചക നഗരത്തിന്റെ ചുറ്റുവട്ടത്ത് നിന്ന് കിട്ടുന്ന പ്രകൃതിവിഭവങ്ങള്‍ തെരുവില്‍ വില്‍ക്കണം. വരുമ്പോഴും പോകുമ്പോഴും നബിയെ കാണണം. വരുമ്പോള്‍ നബിക്ക് ചില ഹദ്യകള്‍ നല്‍കും. പോരുമ്പോള്‍ നബി(സ) അദ്ദേഹത്തെ നല്ല വിഭവങ്ങള്‍ നല്‍കി യാാത്രയാക്കും. ഒരു ദിവസം സാഹിര്‍ വന്നപ്പോള്‍ തിരുനബി വീട്ടിലില്ല. അദ്ദേഹം നേരെ ചന്തയിലേക്ക് നടന്നു. മുഖം ഏറെ വിരൂപമായിരുന്നു. മുഷിഞ്ഞ വസ്ത്രം. കുളിക്കാത്ത ശരീരം. ചുട്ടുപൊള്ളുന്ന വെയില്‍. സാഹിര്‍ വിയര്‍ത്തൊലിച്ച് കച്ചവടത്തില്‍ നിരതനായിരുന്നു. മുത്തുനബി പിറകിലൂടെ വന്ന് സാഹിറിനെ ആലിംഗനം ചെയ്തു. കൈ രണ്ടും സാഹിറിന്റെ കക്ഷത്തിലൂടെയിട്ട് കണ്ണ് പൊത്തിപ്പിച്ചു. സാഹിറിന് ആളെ മനസ്സിലായില്ല. അദ്ദേഹം കണ്ണ് പൊത്തിയ ആളിന്റെ ശരീരം തപ്പിനോക്കി;
മുഹമ്മദ് റസൂലുല്ലാഹ്…
മുത്തുനബി എന്നെ ആലിംഗനം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ മുതുക് അവിടുത്തെ നെഞ്ചില്‍ ആവോളം ഉരസി. ജീവിതത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യം. പിടിച്ച പിടുത്തത്തില്‍ തിരുനബി തമാശ രൂപേണ അവിടെയുള്ളവരോട് ചോദിച്ചു: ‘ആരാണ് ഈ അടിമയെ വാങ്ങുന്നത്?’ ഉടന്‍ അദ്ദേഹം പ്രതികരിച്ചു: ‘എന്നെ വിറ്റാല്‍ തുഛം വില മാത്രമേ കിട്ടൂ. ഞാാനൊരു വിലയുമില്ലാത്തവനാണ്.’ നബിയുടെ മറുപടി: ‘അല്ല, നീ അല്ലാഹുവിന് ഏറെ വിലയുള്ളവനാണ്.’
ഉമയ്യ എന്ന മുതലാളിക്ക് അടിമവേല ചെയ്തിരുന്ന എത്യോപ്യക്കാരനായ ബിലാലിനെ(റ) അറിയാത്തവരില്ല. വേണ്ടത്ര ഉറക്കമോ ഭക്ഷണമോ വസ്ത്രമോ താമസ സൗകര്യമോ ഇല്ലാതെ മൃഗങ്ങളെപ്പോലെ ഭാരിച്ച ജോലികള്‍ ചെയ്ത ബിലാല്‍. മുടി ചുരുണ്ട, ചുണ്ട് തടിച്ച കറുകറുത്ത ബിലാലിന്റെ കണ്ണുകളില്‍ സ്വത്വബോധത്തിന്റെ തീക്കനല്‍ കത്തിയതെങ്ങനെയാണെന്നറിയുമോ?
അല്ലാഹു മാത്രമാണ് പ്രപഞ്ചത്തിന്റെ ഉടമ! മറ്റുള്ളവരെല്ലാം അവന്റെ അടിമകള്‍ മാത്രം! അത് പറയാന്‍ വന്നയാളാണ് മുഹമ്മദ് നബി.
ഇത് മനസാക്ഷിയെ പരിരംഭണം ചെയ്തു. ഉമയ്യതിന്റെയും ശിങ്കിടികളുടെയും ക്രൂരമായ ആക്രമണങ്ങള്‍ക്ക് ബിലാലിനെ പിന്തിരിപ്പിക്കാനായില്ല. ചുട്ടുപൊള്ളുന്ന മണലില്‍ വിവസ്ത്രനായിക്കിടത്തി. അടിയും തൊഴിയും മാത്രമാക്കി പട്ടിണിക്കിട്ടു. ശരീരത്തില്‍ മുറിവുകളും വ്രണങ്ങളുമുണ്ടായി. പഴുത്തു, നീരൊലിച്ചു. ‘I Can’t breath’- ചരിത്രത്തിലെ ആദ്യത്തെ രോദനമല്ല; ലോകം കേട്ട ഒരുപാട് ആര്‍ത്തനാദങ്ങളുടെ തുടര്‍ച്ചയാണ്. എന്നാല്‍ ബിലാലിന് ആ താഡനങ്ങള്‍ക്ക് നടുവിലും സഹനത്തിന്റെ ചങ്കുറപ്പുണ്ടായിരുന്നു; ആദര്‍ശത്തിന്റെ ശക്തിയായിരുന്നു അത്; സാമൂഹ്യവിപ്ലവമായിരുന്നു ആ ലക്ഷ്യം! ഒരുവന്‍ മാത്രമാണ് ഉടമ! അഹദ്! മറ്റുള്ളവരെല്ലാം അടിമകള്‍. റളിയല്ലാഹു അന്‍ഹു.
ബിലാലിനെ അബൂബക്കര്‍(റ) ഉയര്‍ന്ന വില നല്‍കി യജമാനന്റെ കയ്യില്‍ നിന്ന് മോചിപ്പിച്ചു. സ്വതന്ത്രനാക്കി. തിരുസവിധത്തിലേക്ക് ബിലാല്‍ കടന്നുവന്നു. തിരുനബിയുടെ ആശ്ലേഷം! ബിലാലിന്റെ മനസ്സ് കുളിരണിഞ്ഞു. പീഡനപരമ്പരകളുടെ ദുരനുഭവങ്ങള്‍ ബാഷ്പീകരിക്കപ്പെട്ടു. ഇനിയും എന്തുവേണം! തൊട്ടുകൂടായ്മയോ തീണ്ടിക്കൂടായ്മയോ ഇല്ലാത്ത പ്രവാചക പാഠശാലയില്‍ ബിലാലിന് ഉന്നതമായ ഇടം നല്‍കപ്പെട്ടു. ബദ്‌റിന്റെ രണഭൂമിയില്‍ അക്രമിയായ പഴയ മുതലാളിയോട് ബിലാല്‍ പകരം വീട്ടി! ദുര്‍ബലന്റെ ഉയിര്‍പ്പായിരുന്നു ഇസ്ലാം. എന്നെ ദുര്‍ബലര്‍ക്കിടയില്‍ അന്വേഷിക്കുവിന്‍ എന്നാണല്ലോ തിരുനബി പറഞ്ഞത്. മക്കയില്‍ ഇസ്ലാം വിജയം നേടിയപ്പോള്‍ പുണ്യ ഗേഹത്തില്‍ കയറി ബാങ്ക് വിളിച്ചതാരായിരുന്നു? ബിലാല്‍!
നീതിയുടെ മുന്നില്‍ വര്‍ണ വ്യത്യാസമില്ല, വര്‍ഗ വ്യത്യാസമില്ല, ദേശവ്യത്യാസമില്ല, മതവ്യത്യാസമില്ല. തിരുനബിയുടെ പ്രഖ്യാപനം നോക്കൂ. ‘വംശീയതയിലേക്ക് ക്ഷണിച്ചവന്‍ നമ്മില്‍പെട്ടവനല്ല; വംശീയമായി പോരടിച്ചവനും നമ്മില്‍ പെട്ടവനല്ല. അതിനുവേണ്ടി മരിച്ചവനും നമ്മില്‍ പെട്ടവനല്ല!’ ശിഷ്യന്‍ ചോദിച്ചു: എന്താണ് ഈ വംശീയത? -അസ്വബിയ്യത്!.
അവിടുന്ന് പ്രതികരിച്ചു: സ്വന്തക്കാര്‍ ചെയ്യുന്ന അരുതായ്മകള്‍ക്കൊപ്പം നില്‍ക്കുന്നതാണ് വംശീയത!
നീതിയുടെ പക്ഷത്താണ് നിലയുറപ്പിക്കേണ്ടത്. മഖ്‌സൂമിയ ഗോത്രത്തില്‍ പെട്ട ഒരു സ്ത്രീ മോഷ്ടിച്ചപ്പോള്‍ ചിലര്‍ തിരുനബിയോട് ശിപാര്‍ശക്ക് വന്നു. ശിക്ഷ ലഘൂകരിക്കാന്‍.ഉയര്‍ന്ന കുലമാണ് അവരുടേത്. രോഷാകുലനായ തിരുനബിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു:
‘ നിങ്ങളുടെ മുന്‍ഗാമികള്‍ക്ക് പറ്റിയ അബദ്ധമെന്തായിരുന്നുവെന്നോ? ദുര്‍ബലന്‍ മോഷ്ടിച്ചാല്‍ ശിക്ഷ നടപ്പിലാക്കും. പ്രമുഖര്‍ കുറ്റം ചെയ്താല്‍ വെറുതെ വിടും. മുഹമ്മദിന്റെ മകള്‍ ഫാത്വിമ തന്നെ കട്ടാലും ആ കൈ ഞാന്‍ വെട്ടും. അല്ലാഹുവാണ.’
ഇസ്ലാമിന്റെ നീതിബോധം കൊണ്ടാണ് ഖലീഫ അലിയുടെ(റ) പടയങ്കി കട്ടെടുത്ത ജൂതനില്‍നിന്ന് അത് തിരിച്ചുകിട്ടാന്‍ കോടതിയില്‍ പോകേണ്ടിവന്നത്. തെളിവായി രണ്ട് സാക്ഷികളെ ഹാജരാക്കേണ്ടിവന്നത്! സാക്ഷികള്‍ സ്വന്തക്കാരായതിനാല്‍ ഇസ്ലാമിക കോടതി ഖലീഫയുടെ സാക്ഷികളെ നിരസിച്ചത്! അവസാനം സാക്ഷിയില്ലാത്തതിനാല്‍ പ്രതികൂലമായി ജഡ്ജി വിധി പറഞ്ഞത്! വിധികേട്ട് ഞെട്ടിയ ജൂതന്‍ ഇസ്ലാം സ്വീകരിച്ചത്! ഇതില്‍ സന്തുഷ്ടനായ ഖലീഫ പടയങ്കി തിരികെ നല്‍കിയത്. ഒപ്പം ഒന്നാന്തരം കുതിരയെ സമ്മാനമായി നല്‍കിയത്.
എവിടെയാണ് ഇത്തരം സുവര്‍ണ ഏടുകള്‍ കണ്ടെടുക്കാനാവുക? മുതലാളിത്തം അടിമവ്യവസ്ഥയില്‍നിന്ന് സുഖശീതളിമയുടെ സൗധങ്ങള്‍ പണിയുകയും മനുഷ്യാന്തസ്സ് ചവിട്ടിയരക്കുകയും ചെയ്ത കാലത്ത് മുത്തുനബി പറഞ്ഞു: ‘അവര്‍ നിങ്ങളുടെ സഹോദരന്മാരാണ്; നിങ്ങള്‍ക്ക് കീഴില്‍ അവരെ അല്ലാഹു ആക്കിത്തന്നു എന്നേയുള്ളൂ. തിരിച്ചും സംഭവിക്കാം. നിങ്ങളെന്താണോ ഭക്ഷിക്കുന്നത് അതവര്‍ക്കും ഭക്ഷിപ്പിക്കൂ, നിങ്ങള്‍ ധരിക്കുന്നത് ധരിപ്പിക്കൂ- അവര്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ കല്‍പിക്കരുത്. എന്റെ യുവാവ്, എന്റെ യുവതി എന്നേ പറയാവൂ!’
ചരിത്രത്തിലേക്ക് വരൂ.
തിരുനബിയുടെ അടുത്ത് വെച്ച് അബൂദര്‍റ്(റ) തന്റെ ഭൃത്യനെ ‘കറുത്തവന്റെ മകനേ!’ എന്ന് വിളിക്കുന്നു. ഈ വിളികേട്ട് തിരുനബി അബൂദര്‍റിനെ ശാസിച്ചു.
‘ഉമ്മയുടെ വംശം പറഞ്ഞ് നീ അവനെ അപമാനിച്ചുവോ? ജാഹിലിയ്യത്തിന്റെ -അജ്ഞാന കാലത്തിന്റെ അംശങ്ങള്‍ ഇനിയും നിന്നില്‍ ബാക്കിയുണ്ട്!’
തിരുനബിയുടെ ഭാവമാറ്റം ശിഷ്യന് സഹിക്കാവുന്നതിലപ്പുറമായിരുന്നു. അവിടുന്ന് കുറ്റബോധത്തോടെ ഭൃത്യനെ നോക്കി. പിന്നെ അവിടെ മലര്‍ന്ന് കിടന്നു. താന്‍ അപമാനിച്ച മനുഷ്യനോട് പറഞ്ഞു:
‘എന്റെ കവിളില്‍ ചവിട്ടൂ. അങ്ങനെ ഞാനെന്റെ പാപം പൊറുപ്പിക്കട്ടെ.
‘ചരിത്രത്തിലിപ്പോള്‍ രണ്ട് കാലുകള്‍ നാം കാണുന്നു: ഒന്ന് പ്രവാചകന്റെ മുന്നിലാണ്. കറുത്തവന്റെ കാല്. അത് വെളുത്തവന്റെ കവിളിന് നേരെ ഉയരുന്നു. വെളുപ്പിനുള്ളിലെ ഇരുട്ട് മാറ്റാന്‍ വെളുത്തവന്‍ സ്വയം തിരഞ്ഞെടുത്ത പ്രായശ്ചിത്തമായിരുന്നു അത്. ഇപ്പോഴിതാ ഒരു വെളുത്ത കാല്‍ കറുത്തവന്റെ കഴുത്തിലമരുന്നു!.
പ്രവാചകന് ശേഷം പതിനാല് നൂറ്റാണ്ട് പിന്നിട്ടു. എനിക്ക് ശ്വാസം മുട്ടുന്നു എന്നവന് യാചിക്കേണ്ടി വരുന്നു!.
കാല്‍ ചോട്ടില്‍ ഞെരിഞ്ഞമരുന്ന മനുഷ്യന്റെ അനുഭവം മനസ്സിലാക്കാന്‍ വെളുവെളുത്ത് ചെമ്പിച്ചവന് കഴിയുന്നില്ല.
ശ്വാസം മുട്ടിപ്പോയ വ്യവസ്ഥകളെ പാലൂട്ടുന്ന നാനാതരം സൈദ്ധാന്തിക ജാടകള്‍ക്ക് മനുഷ്യന് ശ്വാസം നല്‍കാന്‍ പോലുമാകില്ല, എന്നിട്ടല്ലേ ജീവിതം.
ഫൈസല്‍ അഹ്‌സനി രണ്ടത്താണി
You must be logged in to post a comment Login