ആത്മകഥ അതായി എഴുതിയിട്ടില്ല എം പി വീരേന്ദ്രകുമാര്‍. എഴുതിയ അനേകായിരം വാക്കുകള്‍ക്കിടയില്‍ അതിസ്വാഭാവികമായി കടന്നുവരുന്ന ഒന്നുമാത്രമാണ് വീരേന്ദ്രകുമാറിലെ ഞാന്‍. വൈവിധ്യത്താല്‍ സമ്പന്നമെന്ന് അക്ഷരാര്‍ഥത്തില്‍ രേഖപ്പെടുത്താവുന്ന ഒന്നാണ് വീരേന്ദ്രകുമാറിന്റെ എഴുത്തുലോകം. അമ്പരപ്പിക്കുന്ന വിഷയ വൈപുല്യം അതിന്റെ സവിശേഷതയാണ്. എന്നിട്ടും വീരേന്ദ്രകുമാര്‍ ആത്മകഥ അതിന്റെ ചിട്ടവട്ടങ്ങളോടെ എഴുതിയിട്ടില്ല. എഴുതാത്ത ആത്മകഥ വാസ്തവത്തില്‍ സാധ്യതകളുടെ വലിയ ഭൂമികയാണ്. എം പി വീരേന്ദ്രകുമാര്‍ മരണാനന്തരം അവശേഷിപ്പിക്കുന്നതെന്ത് എന്ന എല്ലാ ആലോചനയും ആ അര്‍ഥത്തില്‍ എഴുതപ്പെടാത്ത ആത്മകഥയെ പൂരിപ്പിക്കലാണ്. എന്തായിരുന്നു ആ മനുഷ്യന്‍ എന്ന് സമചിത്തമായി രേഖപ്പെടുത്തലാണ്.
കേരളീയ നവോത്ഥാനത്തിന്റെ ബാക്കിപത്രമായിരുന്നു ഒരര്‍ഥത്തില്‍ വീരേന്ദ്രകുമാറിന്റെ സാമൂഹിക നായകത്വം. അതും നവോത്ഥാനത്തിലെ മറ്റ് നായകത്വങ്ങളില്‍ നിന്ന് അമ്പേ വ്യത്യസ്തമായി സൃഷ്ടിക്കപ്പെട്ട ഒന്ന്. നവോത്ഥാനത്തിന്റെ തുടര്‍ച്ച എന്ന് ഇപ്പോള്‍ പരിഗണിക്കാറുള്ള കേരളീയ ആധുനികത നമ്മുടെ രാഷ്ട്രീയ മണ്ഡലത്തില്‍ നിര്‍മിച്ച മഹാരൂപങ്ങളില്‍ ഒരാള്‍. വിശദീകരണം ആവശ്യമായ ഒന്നാണ് ഈ പ്രസ്താവം. മരണാനന്തര വാഴ്ത്തുകളിലെ പ്രസ്താവങ്ങള്‍ അങ്ങനെ വിശദീകരിക്കപ്പെടാറില്ല. പക്ഷേ, അത്തരം അലസമായ വാഴ്ത്തുകള്‍ വീരേന്ദ്രകുമാര്‍ അര്‍ഹിക്കുന്നില്ല. കാരണം അലസമായ ഒരു സാന്നിധ്യമോ നിര്‍മിതിയോ ആയിരുന്നില്ല അദ്ദേഹം. കണിശവും ഗൃഹപാഠപൂര്‍ണവുമായ ഒരു വികാസപദ്ധതിയായിരുന്നു ചരിത്രത്തിലെ എം പി വീരേന്ദ്രകുമാര്‍.
പ്രസ്താവത്തിന്റെ വിശദീകരണത്തിലേക്ക് പോകാം. എന്താണ് നവോത്ഥാനവും വീരേന്ദ്രകുമാറും തമ്മില്‍? കേരളീയ നവോത്ഥാനമെന്ന് നാം ഇപ്പോള്‍ ഏറെക്കുറെ സ്ഥാനപ്പെടുത്തിക്കഴിഞ്ഞിട്ടുള്ള സന്ദര്‍ഭങ്ങളും എം പി വീരേന്ദ്രകുമാര്‍ എന്ന മഹാരൂപത്തിന്റെ നിര്‍മിതിയും തമ്മിലെ പാരസ്പര്യത്തിന്റെ അടിപ്പടവുകള്‍ നവോത്ഥാനത്തിലേക്കുള്ള സൂക്ഷ്മനോട്ടത്തില്‍ തെളിഞ്ഞുകിട്ടും. പ്രഭുത്വത്തിന്റെ ഉപേക്ഷിക്കല്‍ എന്ന് രേഖപ്പെടുത്താവുന്ന ഒരാശയമാണത്. നമ്മുടെ നവോത്ഥാനം അടിത്തട്ട് ജീവിതങ്ങളുടെ കലാപത്തില്‍ നിന്ന് മാത്രം സംഭവിച്ച ഒന്നല്ല. അത് മേല്‍ത്തട്ടിന്റെ ഇറങ്ങിവരവുകൂടി ഉള്‍പ്പെട്ടതാണ്. ബ്രാഹ്മണ്യം ഉപേക്ഷിച്ചു എന്നുള്ളതാണ്, അഥവാ ബ്രാഹ്മണ്യത്തിന്റെ അതിശക്തിയുള്ള മൂലധനത്തെ ശരീരത്തില്‍ നിന്നും പരസ്യമായി അഴിച്ചു കളഞ്ഞു എന്നുള്ളതാണ് ഇ എം എസ് എന്ന മഹാനിര്‍മിതിയുടെ ആരൂഢങ്ങളില്‍ ഒന്ന്. വലിയ ബംഗ്ലാവുകളില്‍ നിന്ന് ഇറങ്ങി വന്ന്, വലിയ ജാതി ബലത്തില്‍ നിന്ന് ഇറങ്ങി വന്ന് എല്ലാവരുടെയും ക്ഷേമം എന്ന ആശയത്തെ പ്രകാശിപ്പിച്ച മനുഷ്യര്‍ നവോത്ഥാനത്തിന്റെ പ്രത്യേകത ആയിരുന്നു. എങ്ങനെയാണ് ആ പ്രത്യേക മനുഷ്യര്‍ വലിയ സ്വീകാര്യതയും നായകത്വവും നേടിയത് എന്നതിന്റെ ഉത്തരം ചരിത്രത്തെക്കാള്‍ ആധികാരികമായി പറയാനാവുക സാമൂഹിക മനഃശാസ്ത്രത്തിനാണ്. അക്കൂട്ടത്തിലെ മഹാഭൂരിപക്ഷം നായകരും വീടും ജാതിയും തറവാടിത്തവും ഉപേക്ഷിച്ചോ ഉപേക്ഷിച്ചതായി പ്രസ്താവിച്ചോ ആണ് നായകത്വത്തിലേക്ക് വന്നുചേര്‍ന്നത്. എന്നാല്‍ എം പി വീരേന്ദ്രകുമാറാകട്ടെ അത്തരത്തില്‍ ഒന്നും ഉപേക്ഷിക്കുകയോ ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയോ ഉപേക്ഷിച്ചെന്ന് പൊതുമധ്യത്തില്‍ നടിക്കുകയോ ചെയ്തില്ല. പകരമോ ഇതാണ് തന്റെ സ്വത്വം എന്ന് എല്ലായിടത്തും വെളിപ്പെടുത്തി. സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രചാരണങ്ങള്‍ക്കായി കൊടുംവെയിലും മഴയും കൊണ്ട് അലഞ്ഞ് നടക്കുമ്പോഴും താന്‍ പത്മപ്രഭാ ഗൗണ്ടറുടെ മകനാണ് എന്ന് തുറന്നുപറഞ്ഞു. സമ്പന്നതയെ മറച്ചുവെക്കേണ്ട ഒന്നായി വീരേന്ദ്രകുമാര്‍ പരിഗണിച്ചില്ല. മറിച്ച് അതിസമ്പന്നതയില്‍ നിന്ന് വരികയും അത്തരമിടത്ത് തുടരുകയും ചെയ്തുകൊണ്ട് താന്‍ സോഷ്യലിസം സംസാരിക്കുന്നു, സോഷ്യലിസത്തെ സത്യദര്‍ശനമായി വരിക്കുന്നു എന്ന് തുറന്നുപറഞ്ഞു.
ആ പറച്ചില്‍ അവിശ്വസിക്കപ്പെടാന്‍ നല്ല തോതില്‍ സാധ്യത ഉള്ള ഒന്നായിരുന്നു. സമ്പത്തിനെ സംബന്ധിച്ച ഒരു പാപബോധം നമ്മുടെ നവോത്ഥാനവും ആ നവോത്ഥാനത്തിലെ പ്രബലസ്ഥാനമായിത്തീര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളും കേരളത്തില്‍ സൃഷ്ടിച്ചിരുന്നു. അതിനാല്‍ താന്‍ സമ്പത്തിനെ തള്ളിപ്പറയുന്നു എന്ന് എല്ലാ ദിവസവും പ്രസ്താവിക്കുന്ന ആളുകള്‍ മാത്രം വിശ്വസിക്കപ്പെട്ടു. ഒട്ടും പരിചിതമല്ലാത്ത ലളിത ജീവിതം, ചിലപ്പോള്‍ ദരിദ്രം പോലുമായ ലളിത ജീവിതം അവര്‍ക്ക് പരസ്യമായി ജീവിക്കേണ്ടി വന്നു. എങ്കില്‍ മാത്രമേ സമ്പന്നന്റെ പ്രതിബദ്ധത അംഗീകരിക്കപ്പെടൂ എന്ന നില ഉണ്ടായിരുന്നു. ആ പാപബോധത്തെ അടിമുടി അട്ടിമറിക്കുന്ന ഒന്നായിരുന്നു വീരേന്ദ്രകുമാറിന്റെ സാന്നിധ്യവും പടര്‍ച്ചയും. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ തോട്ടമുടമ എന്ന പദവിയില്‍ ജീവിച്ചുകൊണ്ട് കറകളഞ്ഞ ഒരു സോഷ്യലിസ്റ്റിന്റെ പദവിയിലേക്ക് വീരേന്ദ്രകുമാര്‍ പ്രതിഷ്ഠിക്കപ്പെട്ടു. അത്ഭുതകരമായ ആ പരിവര്‍ത്തനം കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതല്ല. മറിച്ച് വീരേന്ദ്രകുമാര്‍ സംസാരിച്ചുറപ്പിച്ച ഒന്നാണ്. പൊതുയിടത്തില്‍ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളില്‍ ജ്ഞാനത്തിന്റെ പ്രകാശം വലിയതോതില്‍ പടര്‍ന്നിരുന്നു. ജ്ഞാനികളെ വിശ്വസിക്കുക എന്നത് ചരിത്രാതീതകാലം മുതലുള്ള മനുഷ്യവാസനയാണ്. പഠനവും മനനവും യാത്രകളും സൗഹൃദങ്ങളും വഴി ലഭിച്ച ജ്ഞാനം വീരേന്ദ്രകുമാറിന്റെ പൊതുസ്വീകാര്യതയെ ഉയര്‍ത്തി. അദ്ദേഹത്തിന്റെ സമ്പത്ത് അവിശ്വസിക്കപ്പെട്ടില്ല. അതേസമയം സമ്പന്നനായ ജ്ഞാനി എന്നത് അത്ഭുതകരവും കൗതുകകരവുമായ ഒരു നിലയായി മാറി. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിലെ വീരേന്ദ്രകുമാറിന്റെ പദവി ഉറച്ച വഴി ഇതാണ്. അതിനാലാണ് നവോത്ഥാനത്തിന്റെ വ്യത്യസ്തമായ ബാക്കിപത്രമായിരുന്നു എം പി വീരേന്ദ്രകുമാറെന്ന് തുടക്കത്തില്‍ പറഞ്ഞത്.
ആധുനികതയുടെ ഗുണാത്മകതയെ ഗംഭീരമായി പ്രയോഗിക്കാന്‍ വീരേന്ദ്രകുമാറിന് കഴിഞ്ഞു. അതില്‍ പ്രധാനം രാഷ്ട്രീയ ആധുനികത സൃഷ്ടിച്ച പാരിസ്ഥിതിക അവബോധമാണ്. സൈലന്റ് വാലി സമരത്തോടെ പ്രബലമാവുകയും പലരൂപങ്ങളില്‍ നിലനില്‍ക്കുകയും ചെയ്ത പാരിസ്ഥിതിക രാഷ്ട്രീയത്തെ തൊണ്ണൂറുകളില്‍ മുന്നോട്ട് കൊണ്ടുപോയവരില്‍ പ്രമുഖനാകാന്‍ വീരേന്ദ്രകുമാറിന് കഴിഞ്ഞു. അതിന്റെയും കാരണം ഇടപെടുന്ന വിഷയങ്ങളില്‍ സാധ്യമാകുന്നത്ര അറിവ് സമ്പാദിക്കാനും അത് കൈമാറാനും കാണിച്ച ഔത്സുക്യമാണ്. പ്ലാച്ചിമടയില്‍ അദ്ദേഹമെത്തുന്നത് കൊക്കോകോള എന്ന പാനീയത്തെ സാമ്രാജ്യത്വം എന്ന വിധ്വംസക ആശയത്തോട് കൂട്ടിക്കെട്ടിയിട്ടാണ്. ജലചൂഷണത്തിനെതിരായ സമരത്തെ ആഗോളതലത്തില്‍ നടക്കുന്ന അധിനിവേശ വിരുദ്ധസമരങ്ങളുമായി അദ്ദേഹം സമര്‍ഥമായി ബന്ധിച്ചു. തന്റെ സമ്പത്തിനെ, മാതൃഭൂമി പ്രസിദ്ധീകരണങ്ങളെ, താന്‍ നേതൃത്വം ഏറ്റെടുത്ത, പങ്കാളിത്തം ഏറ്റെടുത്ത സമരങ്ങളില്‍ ആയുധമായി പ്രയോഗിക്കാനും വീരേന്ദ്രകുമാര്‍ മുതിര്‍ന്നു. സൈലന്റ് വാലി സമരത്തിന് അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പത്രാധിപരായിരുന്ന എന്‍ വി കൃഷ്ണവാരിയരെ പുറത്താക്കിയതായിരുന്നു എഴുപതുകളിലെ മാതൃഭൂമി ചരിത്രം എന്ന് കൂട്ടി വായിക്കണം. വീരേന്ദ്രകുമാര്‍ എന്ന ആധുനികനായ ധിഷണാശാലിയാകട്ടെ പരിസ്ഥിതി രാഷ്ട്രീയത്തെ പത്രനയത്തിന്റെ ഭാഗമാക്കുന്നതില്‍ വിജയം കണ്ടു. മാതൃഭൂമിയോട് മത്സരിച്ചിരുന്ന പത്രങ്ങള്‍ക്ക്, പ്രത്യേകിച്ച് മനോരമക്ക് പരിസ്ഥിതി സമരങ്ങളെ അവഗണിക്കാന്‍ കഴിയാത്ത നില വന്നു. കേരളത്തിലെ പത്രങ്ങള്‍ക്ക് പരിസ്ഥിതി വിഷയത്തില്‍ നിലപാട് എടുക്കേണ്ട സാഹചര്യം സൃഷ്ടിച്ചത് വീരേന്ദ്രകുമാറാണ്. പരിസ്ഥിതി സമരങ്ങളിലെ, അല്ലെങ്കില്‍ പരിസ്ഥിതി വിഷയങ്ങളിലെ വീരേന്ദ്രകുമാറിന്റെ ഇടപെടലുകള്‍ ഓരോന്നും തുടക്കം മുതലുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടര്‍ച്ചയായിരുന്നു. വിഷയങ്ങള്‍ സമഗ്രമായി പഠിക്കാനുള്ള അദ്ദേഹത്തിലെ കൗതുകം ഈ ഒരുമ്പെട്ടിറങ്ങലുകളുടെ കാരണവുമാണ്. വീരേന്ദ്രകുമാറിന്റെ ജ്ഞാനാര്‍ജനം പോലും നടപ്പുവഴികളെ അതിലംഘിക്കുന്ന ഒന്നായിരുന്നു. അതൊരു സംഘപ്രവര്‍ത്തനമായിരുന്നു.
പത്രമുടമ എന്ന നിലയില്‍ വിവിധ വിഷയങ്ങളില്‍ അവഗാഹമുള്ള ഒരു സംഘത്തെ തന്റെ സെക്രട്ടറിയേറ്റില്‍ അദ്ദേഹം നിയമിച്ചിരുന്നു. എഴുതാനോ ഇടപെടാനോ ഒരുങ്ങുന്ന വിഷയങ്ങളില്‍ ഈ സംഘം അദ്ദേഹത്തിന് വിവരങ്ങള്‍ ശേഖരിച്ച് നല്‍കുമായിരുന്നു. ആ വിവരങ്ങള്‍ മുന്‍നിര്‍ത്തി അദ്ദേഹം നിര്‍ദേശിക്കുന്ന, പറയുന്ന കാര്യങ്ങള്‍ ലേഖനരൂപമാക്കാന്‍ ഈ സംഘം ഉണ്ടായിരുന്നു. അതാണ് സുകുമാര്‍ അഴീക്കോട് വരെ ഏറ്റെടുത്ത വ്യാജ എഴുത്ത് വിവാദത്തിന്റെ കാതല്‍. എന്നാല്‍ ഒരഭിമുഖത്തിലും പല സംഭാഷണങ്ങളിലും ഇക്കാര്യത്തിന്റെ നിജസ്ഥിതി വീരേന്ദ്രകുമാര്‍ വിശദീകരിച്ചത് വിമര്‍ശകര്‍ കണ്ടതായി നടിച്ചില്ല. എഴുത്തിന്റെ പരമ്പരാഗതമായ സങ്കല്‍പനത്തെ വീരേന്ദ്രകുമാര്‍ ചോദ്യം ചെയ്തു. കേട്ടെഴുതാന്‍ ആളെ നിയോഗിക്കുന്നത് എങ്ങനെ തെറ്റാവും, എന്റെ പ്രസംഗങ്ങള്‍ മറ്റാരെങ്കിലുമാണോ പറയുന്നത്? ആ പ്രസംഗങ്ങളുടെ ലിഖിതരൂപമല്ലാതെ മറ്റെന്താണ് ഞാന്‍ എഴുതിയത്? ആ യാത്രകളൊന്നും ഞാന്‍ നടത്തിയിട്ടില്ലേ? എന്നിങ്ങനെ നീണ്ടു ആ വിശദീകരണം. പരമ്പരാഗതത്വത്തെ അട്ടിമറിക്കുന്ന ഒരു ഊര്‍ജം എക്കാലവും പ്രവര്‍ത്തിച്ചിരുന്നു വീരേന്ദ്രകുമാറില്‍. വിമര്‍ശകരും വിമര്‍ശനങ്ങളും മങ്ങിപ്പോവുകയും എം പി വീരേന്ദ്രകുമാര്‍ അവശേഷിക്കുകയും ചെയ്തതിന് കാരണവും മറ്റൊന്നല്ല. ഈ വരികള്‍ വായിക്കുക:
”വിശ്വസാഹിത്യത്തിലെ തിളങ്ങുന്ന മഹാപ്രതിഭകളില്‍ പലരും രചനകള്‍ക്ക് കഥാപാത്രങ്ങളെ കണ്ടെത്തിയിരുന്നത് സ്വന്തം ഗ്രാമങ്ങളില്‍നിന്നായിരുന്നുവെന്ന് വായിച്ച് മനസ്സിലാക്കിയിട്ടുണ്ട്. ഞാന്‍ പലപ്പോഴും എന്നിലെ എന്നെ കണ്ടെത്തുന്നത് പാരീസിലും ന്യൂ യോര്‍ക്കിലും വിയന്നയിലും ലണ്ടനിലും ഓസ്ലോവി ലും വെച്ചല്ല. മഹാനഗരങ്ങളില്‍ കാണുന്ന കഥാപാത്രങ്ങളെക്കാള്‍ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ജീവിച്ചു മരിക്കുന്നവരെയാണ് എനിക്കേറെ ഇഷ്ടം. അതുകൊണ്ട് മഹാനഗരങ്ങളില്‍ യഥാര്‍ത്ഥ മനുഷ്യരില്ല എന്നര്‍ഥമാക്കേണ്ടതില്ല. ഞാന്‍ സന്ദര്‍ശിച്ച രാജ്യങ്ങളില്‍ ആകസ്മികമായി കണ്ടുമുട്ടിയവരില്‍ ചിലര്‍ എന്നില്‍ മരിക്കാത്ത ഓര്‍മകളാ യി അവശേഷിക്കുന്നത്, ഞാന്‍ നാട്ടില്‍ കണ്ടെത്തിയ ചില കഥാപാത്രങ്ങളേയും വ്യക്തികളേയും മറന്നുപോകാത്തതുകൊണ്ടായിരിക്കണം.
കൂട്ടുകുടുംബ വ്യവസ്ഥിതി തകര്‍ന്ന പശ്ചാത്തലത്തില്‍ ദാരിദ്ര്യദുഃഖം അനുഭവിക്കേണ്ടിവന്ന പല എഴുത്തുകാരുടെയും കൃതികള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ബ ഷീറിന്റെ ‘പാത്തുമ്മയുടെ ആട്’, കേശവദേവിന്റെ ‘അയല്‍ക്കാര്‍’, എം ടിയുടെ ‘നാലുകെട്ട്’ തുടങ്ങിയവ അതില്‍ ചിലതു മാത്രം. തകര്‍ന്ന തറവാടുകളുടെ ദുരന്തകഥകളാണ് സാഹിത്യത്തിലെ ഉപലബ്ധികളായി നമുക്കധികം ലഭിച്ചിട്ടുള്ളതും. എന്നാല്‍ ധാരാളം സമ്പത്ത് കയ്യാളിയവരുടെ തറവാടുകളില്‍ നടക്കുന്ന അന്തഃസംഘര്‍ഷത്തിന്റേയും ദുഃഖത്തിന്റേയും കഥകള്‍ നമുക്കധികം ലഭിച്ചിട്ടില്ല. സമ്പത്തുള്ളതുകൊണ്ടുമാത്രം ആളുകള്‍ സന്തുഷ്ടരാവില്ല എന്നുള്ളതിന് എത്രയോ ഉദാഹരണങ്ങള്‍ എന്റെ കുടുംബ ത്തില്‍ നിന്നുതന്നെ എനിക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഭൂപ്രഭുക്കന്മാരായ കോടീശ്വരന്മാരുടെ അന്തഃപുരങ്ങളിലെയും മണിമാളികകളിലെയും ദുരന്തങ്ങളും ദുഃഖങ്ങളും വരച്ചുകാട്ടുന്ന ഒരു നോവലെഴുതിയാല്‍ കൊള്ളാമെന്ന് പലപ്പോഴും തോന്നാറുണ്ട്. എന്നാല്‍ എന്തുകൊണ്ടോ ഇതുവരെ സാധിച്ചിട്ടില്ല.” പൂര്‍ണമായും ഒരഭിമുഖത്തില്‍ മുന്നൊരുക്കമില്ലാതെ പറഞ്ഞ വാക്കുകളുടെ ലിഖിതരൂപമാണിത്. ‘തിരിഞ്ഞുനോക്കുമ്പോള്‍’ എന്ന പുസ്തകത്തില്‍ ഇത് വായിക്കാം. ഈ വരികളില്‍ നമ്മെ അമ്പരപ്പിക്കേണ്ട ഒന്ന് നോവലെഴുതിയാല്‍ കൊള്ളാമെന്നുണ്ട് എന്ന വാക്കാണ്. സമയമില്ല, അതിനാല്‍ എഴുതുന്നില്ല എന്ന ഉഗ്രമായ ആത്മവിശ്വാസം. എന്തും സാധ്യമാകും, സാധ്യമാക്കും എന്ന ധൈര്യം. എഴുത്തുജീവിതത്തില്‍ ഉടനീളം എം പി വീരേന്ദ്രകുമാര്‍ നയിക്കപ്പെട്ടത് ഈ ഊര്‍ജത്താലാണ്.
മാതൃഭൂമിക്ക് ലഭിക്കാതെ പോയ പത്രാധിപര്‍ എന്നാണ് മലയാള മനോരമയുടെ എഡിറ്റോറിയല്‍ ഡയറക്ടറായിരുന്ന തോമസ് ജേക്കബ് വീരേന്ദ്രകുമാറിനെ അനുസ്മരിക്കുന്നത്. എല്ലാ അര്‍ഥത്തിലും പത്രാധിപരാകാന്‍ കാമ്പുണ്ടായിരുന്നു വീരേന്ദ്രകുമാറിന്. പക്ഷേ, അതിലുമപ്പുറമായിരുന്നു പത്ര ഉടമസ്ഥന്‍ എന്ന നിലയില്‍ വീരേന്ദ്രകുമാറിന്റെ ഇടപെടല്‍. മലബാറിന്റെ ചൂരുള്ള, അഥവാ അത്തരമൊരു ചൂര് കെട്ടിക്കിടന്നിരുന്ന പത്രത്തെ സംസ്ഥാനത്തെമ്പാടും പടര്‍ത്തിയത് വീരേന്ദ്രനിലെ സാഹസികനായ വ്യാപാരിയാണ്. തത്വശാസ്ത്രത്തിലും ബിസിനസിലും ബിരുദാനന്തര ബിരുദം എന്ന അപൂര്‍വതയുടെ പ്രയോഗരംഗമായി പത്ര വ്യവസായത്തെ വീരേന്ദ്രകുമാര്‍ കണ്ടു. അക്ഷരാര്‍ഥത്തില്‍ അദ്ദേഹമറിയാതെ മാതൃഭൂമിയില്‍ പതിറ്റാണ്ടുകളോളം ഈച്ച പാറിയിരുന്നില്ല എന്ന് ജീവനക്കാര്‍. തിരുവനന്തപുരത്തും കോട്ടയത്തും മാതൃഭൂമി വന്നത് വീരേന്ദ്രകുമാറിന്റെ മുന്‍കൈയിലാണെന്നത് ചരിത്രം. തിരുവനന്തപുരത്തെ പ്രകാശന ലക്കത്തില്‍ അന്ന് ഒളിവിലായിരുന്ന കെ വേണുവിന്റെ അഭിമുഖം നല്‍കി ഞെട്ടിച്ചതിന് പിന്നിലും വീരേന്ദ്രകുമാറിന്റെ ധിഷണയെന്ന് മാതൃഭൂമി. അക്കാലത്ത് വേണുവിനെ നയിച്ചിരുന്ന ദര്‍ശനത്തെ സംബന്ധിച്ച ഒന്നാം നമ്പര്‍ വര്‍ഗശത്രുവാണല്ലോ എം പി വീരേന്ദ്രകുമാര്‍. പക്ഷേ, അത്തരം നിര്‍വചനങ്ങളെ അതിലംഘിക്കുന്ന ഒന്ന് വീരേന്ദ്രകുമാറില്‍ സദാ സജ്ജമായിരുന്നു.
നവോത്ഥാനത്തില്‍ നിന്നാണ് നമ്മള്‍ എം പി വീരേന്ദ്രകുമാറിനെ വായിക്കാന്‍ തുടങ്ങിയത്. കേരളീയ നവോത്ഥാനത്തിന്റെ അടരുകളില്‍ ഒന്നായി പരിഗണിക്കാവുന്ന മതസഹിത മതേതരത്വത്തെ നയമായി സ്വീകരിക്കുകയും തന്റെ ചുറ്റുവട്ടങ്ങളെക്കൊണ്ട് അത് അംഗീകരിപ്പിക്കുകയും ചെയ്തു അദ്ദേഹം. അതിന്റെ ഏറ്റവും കര്‍മനിരതമായ സന്ദര്‍ഭം ബാബരി പള്ളി തകര്‍ത്തതിന് ശേഷമുള്ള കലുഷിത കാലമായിരുന്നു. ഒരു ചാഞ്ചല്യവുമില്ലാതെ വീരേന്ദ്രകുമാറിലെ സോഷ്യലിസ്റ്റ് വര്‍ഗീയ വിരുദ്ധ നിലപാട് സ്വീകരിച്ചു. അരക്ഷിതരായവര്‍ക്ക് അത്താണിയായി നിന്നു. ഇങ്ങേയറ്റത്ത് പൗരത്വ ഭേദഗതിക്കെതിരായ നിലപാട് വരെ അതേ നില തുടര്‍ന്നു. വ്യാപാരപരമായ കാരണങ്ങളാല്‍ മാതൃഭൂമിയില്‍ നിറംമാറ്റം സംഭവിച്ച ഘട്ടങ്ങളില്‍ പോലും വീരേന്ദ്രകുമാര്‍ മതേതരചേരിയില്‍ ഉറച്ചു നിന്നു. ആ ഉറപ്പിനും വേരുള്ളത് നവോത്ഥാനത്തിലാണ്.
നിശ്ചയമായും ഇത് ഒരു കാലത്തിന്റെ അസ്തമയമാണ്. ജ്ഞാനികളുടെ ഒരു തലമുറ അവസാനിക്കുന്നു. സമ്പന്നവും അധികാരനിര്‍ഭരവുമായി അവസാനിക്കാമായിരുന്ന ഒരു ജീവിതത്തെ ഭൂമിയോടും മനുഷ്യരോടുമുള്ള ഐക്യദാര്‍ഢ്യത്താല്‍ പ്രകാശിതമാക്കി മാറ്റിയാണ് വീരേന്ദ്രകുമാര്‍ മടങ്ങുന്നത് . തുടര്‍ച്ചകള്‍ എളുപ്പമല്ലാത്ത ഒന്നായിരുന്നു ആ ജീവിതം.
കെ കെ ജോഷി
You must be logged in to post a comment Login