”എനിക്കു ശ്വാസം കിട്ടുന്നില്ല.’ അടിച്ചമര്‍ത്തലിനെതിരായ പുതിയ മന്ത്രം ഇതാവണം എന്നാണ് വിഖ്യാത നൈജീരിയന്‍ നോവലിസ്റ്റ് ബെന്‍ ഓക്രി പറയുന്നത്. നമ്മുടെ ലോകത്തെ അനിവാര്യമായ മാറ്റത്തിലേക്ക് നയിക്കുന്ന ബഹുജനമുന്നേറ്റത്തിന് അഗ്‌നിപടരേണ്ട വാക്കുകള്‍.
കുറേ നാളുകളായി അമേരിക്കയിലെ തെരുവുകളില്‍ അലയടിക്കുന്നത് എനിക്കു ശ്വാസം കിട്ടുന്നില്ല എന്ന മുറവിളിയാണ്. ‘ഐ കാണ്ട് ബ്രീത്ത്’ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് കൊവിഡ് മഹാമാരിയെ വകവെക്കാതെ ആയിരങ്ങള്‍ യു.എസ്.നഗരങ്ങളില്‍ പ്രതിഷേധാഗ്‌നി പടര്‍ത്തുന്നത്. നിങ്ങളെന്റെ സ്വാതന്ത്ര്യം അപഹരിച്ചു എന്നല്ല, അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാനുള്ള അവകാശം നിഷേധിച്ചു എന്നല്ല, നിങ്ങളെനിക്ക് നിഷേധിച്ചത് പ്രാണവായു തന്നെയാണ് എന്നാണവര്‍ വിളിച്ചു പറയുന്നത്. ഒരു മഹാ സാഹിത്യകാരനും കഴിഞ്ഞിട്ടില്ലാത്ത ഒതുക്കത്തോടെ അടിച്ചമര്‍ത്തലിന്റെ യഥാര്‍ത്ഥ അവസ്ഥ വെറും മൂന്നു വാക്കുകളില്‍ ആവാഹിക്കാന്‍ ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന കറുത്ത യുവാവിന് സ്വന്തം മരണത്തിലൂടെ കഴിഞ്ഞെന്ന് ജൂണ്‍ എട്ടിന് ഗാര്‍ഡിയന്‍ ദിനപത്രത്തില്‍ എഴുതിയ കുറിപ്പില്‍ ബെന്‍ ഓക്രി ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെയാവണം, അമേരിക്കയിലെ തെരുവുകളില്‍ നിന്ന് ആ മുദ്രാവാക്യം ബ്രിട്ടനിലേക്കും സ്‌പെയിനിലേക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടരുന്നത്.
അടിമക്കച്ചവടത്തിന്റെ നീണ്ട ചരിത്രവും വെളുത്തവര്‍ കറുത്തവരെക്കാള്‍ വംശീയമായി ഉയര്‍ന്നു നില്‍ക്കുന്നു എന്ന പൊതുഭാവവും എത്രയോ കാലം പേറിനടന്ന യുനൈറ്റഡ് സ്റ്റേറ്റ്‌സ് എന്ന രാജ്യം ഭൂതകാലത്തിന്റെ കെട്ടുപാടുകളില്‍നിന്ന് ഇപ്പോഴും മുക്തരായിട്ടില്ലെന്നാണ് കത്തിയെരിയുന്ന തെരുവുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. പൗരസ്വാതന്ത്ര്യത്തില്‍ ആണയിടുകയും പുരോഗതിയുടെ സൂചികകളില്‍ മുകളിലെന്നു നടിക്കുകയും ചെയ്യുമ്പോഴും പുഴുക്കുത്തുകള്‍ നിറഞ്ഞതാണ് അവിടത്തെ സാമൂഹിക ജീവിതമെന്ന വസ്തുത വെളിപ്പെട്ടുകൊണ്ടേയിരിക്കുന്നു. ആഫ്രിക്കന്‍-അമേരിക്കന്‍ ആയി ജനിച്ചുപോയി എന്ന കാരണംകൊണ്ട് മാത്രം നിരായുധരായ യുവാക്കള്‍ ട്രംപിന്റെ അമേരിക്കയില്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു.
മിനസോട്ട സംസ്ഥാനത്തെ മിനിയാപോളിസ് നഗരത്തിലെ കടയില്‍നിന്നു സിഗരറ്റ് വാങ്ങാന്‍ ഇരുപതു ഡോളറിന്റെ കള്ളനോട്ട് നല്‍കിയെന്ന പരാതിയിലാണ് മെയ് 25ന് ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന യുവാവിനെ അറസ്റ്റു ചെയ്യുന്നത്. അറസ്റ്റു ചെറുക്കാന്‍ ശ്രമിച്ച ഫ്‌ളോയ്ഡിനെ തറയില്‍ തള്ളിയിട്ട ഡെറിക് ഷോവിന്‍ എന്ന വെള്ളക്കാരനായ പോലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി. ഏഴുമിനുട്ട് നേരം പോലീസുകാരന്റെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നുകിടന്ന ആ നാല്‍പ്പത്താറുകാരന്‍ ‘എനിക്കു ശ്വാസം കിട്ടുന്നില്ലെ’ന്ന് പലവട്ടം കരഞ്ഞുവിളിച്ചു. ദീനരോദനം ചെവിയില്‍ മുഴങ്ങിയിട്ടും ചവിട്ടിയ കാലെടുക്കാന്‍ വിസമ്മതിച്ച നിയമപാലകര്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്ക് ആ യുവാവിന്റെ ശ്വാസം നിലച്ചിരുന്നു.
‘എനിക്കു ശ്വാസം കിട്ടുന്നില്ല’ എന്നു വിലപിച്ചുകൊണ്ട് അമേരിക്കയുടെ മണ്ണില്‍ മരണത്തിലേക്കു വഴുതിവീണ ആദ്യത്തെയാളല്ല ഫ്ളോയ്ഡ്. ആറു വര്‍ഷം മുമ്പ്, ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു പോലീസുകാരന്റെ കത്രികപ്പൂട്ടില്‍ കഴുത്ത് ഞെരുങ്ങുമ്പോള്‍ എറിക് ഗാര്‍നര്‍ എന്ന നിരായുധനായ യുവാവ് 11 തവണയാണ് ‘എനിക്ക് ശ്വാസം കിട്ടുന്നില്ല,’ എന്ന് വിലപിച്ചത്. ഈ മരണത്തെപ്പറ്റി ‘ഐ കാണ്ട് ബ്രീത്’ (I Can’t Breathe: A Killing on Bay tSreet) എന്ന പേരില്‍ മാറ്റ് ടയ്ബിയെഴുതിയ പുസ്തകം പ്രശസ്തമാണ്. കറുത്തവരുടെ ജീവിത സമരത്തിന്റെ കഥകളുമായി രണ്ടു വര്‍ഷം മുമ്പിറങ്ങിയ ലേഖന സമാഹാരത്തിന് ജബാരി അസിം നല്‍കിയ പേര് വീ കാണ്ട് ബ്രീത്ത് (We Can’t Breathe: On Black LÇs, White Lies, and the Art of Survival) എന്നാണ്.
വെളുത്ത നിയമപാലകരുടെ കൈയാല്‍ കൊല്ലപ്പെടുന്ന കറുത്ത യുവാക്കളുടെ എണ്ണം ഫ്‌ളോയ്ഡിലോ ഗാര്‍നറിലോ ഒതുങ്ങുന്നില്ല. റോഡു യാത്രയില്‍ കാറിന് വേഗം കൂടിപ്പോയതിന്റെ പേരില്‍, കാറിന്റെ പിന്നിലെ ലൈറ്റ് പൊട്ടിയിട്ടുണ്ടെന്നതിന്റെ പേരില്‍, പൊലീസ് കൈ കാണിച്ചിട്ടും വാഹനം നിര്‍ത്താതെ പോയതിന്റെ പേരില്‍ എത്രയോ ആഫ്രിക്കന്‍ അമേരിക്കന്‍ യുവാക്കള്‍ അവിടെ കൊല്ലപ്പെട്ടിരിക്കുന്നു. എറിക് ഗാര്‍നര്‍ കൊല്ലപ്പെട്ട് രണ്ടു വര്‍ഷം തികയുംമുമ്പേ മിനസോട്ടയില്‍ ഫിലാന്‍ഡോ കാസില്‍ എന്ന 32കാരനുനേരെ ട്രാഫിക് സിഗ്‌നലില്‍വെച്ച് ജെറോനിമോ യാനെസ് എന്ന പോലീസുകാരന്‍ ഏഴു തവണയാണ് നിറയൊഴിച്ചത്. കാസിലിന്റെ കൈയില്‍ തോക്കുണ്ടെന്ന് വിവരം കിട്ടിയതിനെത്തുടര്‍ന്നായിരുന്നത്രേ ഈ കൊലപാതകം. പ്രതിയായ പോലീസുകാരന്‍ അടുത്തവര്‍ഷം കുറ്റവിമുക്തനാക്കപ്പെട്ടു. ലൂസിയാനയിലെ കണ്‍വെന്‍ഷന്‍ സെന്ററിനു പുറത്ത് സി.ഡി. വില്‍ക്കുകയായിരുന്ന ആള്‍ട്ടണ്‍ സ്റ്റെര്‍ലിങ് എന്ന 37കാരന്‍ പോലീസിന്റെ കാല്‍ക്കീഴില്‍ ഞെരിഞ്ഞത് അതേ വര്‍ഷമാണ്.
കാറിലിരുന്ന് പുസ്തകം വായിക്കുമ്പോഴാണ് കീത്ത് സ്‌കോട്ടിനെ പോലീസുകാരന്‍ വെടിവെച്ചുകൊന്നത്. വാഹനാപകടത്തില്‍പെട്ട് സഹായമഭ്യര്‍ഥിച്ചപ്പോള്‍ വെടിയേറ്റ ജൊനാതന്‍ ഫെറല്‍, കാറോടിക്കുമ്പോള്‍ പിന്തുടര്‍ന്നെത്തിയ പോലീസ് പിന്നില്‍ നിന്നുതിര്‍ത്ത വെടിയുണ്ടയേറ്റു മരിച്ച ജോര്‍ഡന്‍ എഡ്വാര്‍ഡ്‌സ്, ഫോണ്‍ ചെയ്തുകൊണ്ടു നടന്നുപോകുമ്പോള്‍ എട്ടുവെടിയുണ്ടകള്‍ ഏറ്റുവാങ്ങേണ്ടിവന്ന സ്റ്റീഫന്‍ ക്ലാര്‍ക്ക്, പഴ്‌സ് പുറത്തെടുക്കുമ്പോള്‍ തുരുതുരാ വെടിയേറ്റ അമാഡു ഡിയാലോ, വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പോലീസ് ആളുമാറി വെടിവെച്ചുകൊന്ന ആലിയാന ജോണ്‍സ്, ഷോപ്പിങ് മാളില്‍ വില്‍പനയ്ക്കുവെച്ച എയര്‍ഗണ്‍ കൈയിലെടുത്തു നോക്കുമ്പോള്‍ കൊല്ലപ്പെട്ട ജോണ്‍ ക്രാഫോര്‍ഡ്… നിയമപാലകര്‍ നിയമം പാലിക്കാതെ കൊന്ന കറുത്ത വര്‍ഗക്കാരുടെ പട്ടിക വളരേ നീണ്ടതാണ്. പ്രഭാതനടത്തത്തിനിടെയാണ് അഹമൂദ് ആര്‍ബെറിയെ വെടിവെച്ചുകൊന്നത്. അയാളെ കണ്ടപ്പോള്‍ ഒരു കള്ളനായി തോന്നി എന്നായിരുന്നു വെടിയുതിര്‍ത്ത വെളുത്ത വര്‍ഗക്കാരായ അച്ഛന്റെയും മകന്റെയും ന്യായം. മുന്നില്‍ നില്‍ക്കുന്നയാള്‍ തനിക്ക് ഭീഷണിയാണെന്ന് തോന്നി എന്നതു മാത്രം മതി ഈ കൊലപാതകങ്ങള്‍ നിയമദൃഷ്ട്യാ ന്യായീകരിക്കപ്പെടാന്‍. കറുത്തവര്‍ഗക്കാര്‍ കൊല്ലപ്പെടുന്ന മിക്ക സംഭവങ്ങളിലും വെളുത്ത വര്‍ഗക്കാരായ പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്യുന്നു.
ഇതിനു മുമ്പത്തെ കൊലപാതകങ്ങള്‍പോലെ നിസ്സംഗമായല്ല അമേരിക്കന്‍ സമൂഹം ജോര്‍ജ് ഫ്‌ളോയ്ഡിന്റെ ജീവഹത്യയെ നേരിട്ടത്. ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹം അമേരിക്കയില്‍ നേരിടുന്ന വിവേചനത്തിനെതിരേ രാജ്യമെങ്ങും പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. മിനിയപ്പോളിസില്‍ അത് കലാപമായി മാറി. കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, ഒഹയോ, കൊളറാഡോ എന്നിവിടങ്ങളിലേക്ക് മണിക്കൂറുകള്‍ക്കകം സമരം പടര്‍ന്നു. 40 ഓളം നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടിവന്നു. 15 സംസ്ഥാനങ്ങള്‍ ക്രമസമാധാന പാലനത്തിന് നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചു. കറുത്തവര്‍ മാത്രമല്ല, ജനാധിപത്യ ബോധമുള്ള വെള്ളക്കാരും ന്യൂനപക്ഷങ്ങളും മറ്റു രാജ്യക്കാരും അമേരിക്കയില്‍ താമസമുറപ്പിച്ചിട്ടുള്ള മലയാളികള്‍പോലും തെരുവിലിറങ്ങി. ദേശീയപതാകയും ട്രാഫിക് ബാരിക്കേഡുകളും കൂട്ടിയിട്ടുകത്തിച്ചു. പോലീസ് സ്റ്റേഷനുകളും വൈറ്റ് ഹൗസിന് സമീപമുള്ള കെട്ടിടങ്ങളും അഗ്‌നിക്കിരയായി. ജീവഭയത്താല്‍ പ്രസിഡന്റ് ട്രംപിന് കുറേ നേരം ഭൂഗര്‍ഭ അറയില്‍ അഭയം തേടേണ്ടിവന്നു.
‘കറുത്തവരുടെ ജീവന് വിലയുണ്ട്’, ‘എനിക്കു ശ്വാസം മുട്ടുന്നു’ എന്നീ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് ആയിരങ്ങള്‍ അമേരിക്കയുടെ തെരുവുകളില്‍ ഇറങ്ങിയത്.
ഫ്‌ളോറിഡയില്‍ ടയ്വണ്‍ മാര്‍ട്ടിന്‍ എന്ന ബാലനെ വെടിവെച്ചുകൊന്നയാളെ കോടതി വെറുതെവിട്ടതിനെത്തുടര്‍ന്ന് 2013ലാണ് സമൂഹമാധ്യമങ്ങളില്‍ കറുത്തവരുടെ ജീവന് വിലയുണ്ട് അഥവാ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന ക്യാമ്പയിന്‍ തുടങ്ങുന്നത്. അമേരിക്കയിലെ നീതിന്യായ വ്യവസ്ഥ ന്യൂനപക്ഷ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരോട് കാണിക്കുന്ന വിവേചനം ലോകശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു ഈ ഹാഷ് ടാഗിന്റെ ലക്ഷ്യം. 2014ല്‍ എറിക്ക് ഗാര്‍നര്‍, മിഷെല്‍ ബ്രൗണ്‍ എന്നിവര്‍കൂടി കൊല്ലപ്പെട്ടതോടെ ഈ മുദ്രാവാക്യം ലോകശ്രദ്ധയാകര്‍ഷിച്ചു. കേന്ദ്രീകൃത നേതൃത്വമില്ലാത്ത അതേ പ്രസ്ഥാനമാണ് ഇപ്പോള്‍ ഫ്‌ളോയ്ഡിന്റെ മരണത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയിരിക്കുന്നത്. ട്വിറ്റര്‍ പോലുള്ള സമൂഹമാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളും ഈ പ്രസ്ഥാനത്തിന് പിന്തുണയുമായി രംഗത്തെത്തി. പ്രക്ഷോഭത്തിനുള്ള പിന്തുണ ദിവസംതോറും വര്‍ധിച്ചുവരുന്നതിനിടെ താല്‍ക്കാലികമെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. ഫ്‌ളോയ്ഡ് കൊല്ലപ്പെടുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന നാലു പോലീസുകാരെ പിരിച്ചുവിട്ടു. ഫ്‌ളോയ്ഡിന്റെ കഴുത്ത് കുത്തിപ്പിടിച്ച പോലീസുകാരനെ അറസ്റ്റു ചെയ്ത് കൊലക്കുറ്റം ചുമത്തി. മിനയപ്പൊളിസിലെ പോലീസ് സംവിധാനം ഉടച്ചുവാര്‍ക്കാന്‍ നഗരസഭ തീരുമാനിച്ചു.
പൗരസ്വാതന്ത്ര്യത്തിന്റെ വക്താക്കളായി നടിക്കുന്ന അമേരിക്കന്‍ സമൂഹം നീതിനിര്‍വഹണത്തില്‍പോലും പിന്തുടരുന്ന വിവേചനങ്ങളിലേക്കാണ് ഈ കൊലപാതകങ്ങള്‍ വിരല്‍ചൂണ്ടുന്നത്. ഗാര്‍ഡിയന്‍ ദിനപത്രം 2016ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് അമേരിക്കയില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ അനുപാതം വെള്ളക്കാരെ അപേക്ഷിച്ച് വളരെക്കൂടുതലാണെന്നാണ്. തദ്ദേശീയ അമേരിക്കക്കാരുടെ കാര്യത്തില്‍ അത് പത്തു ലക്ഷത്തില്‍ 10.13 ആണ്. കറുത്തവരുടെ കാര്യം വരുമ്പോള്‍ 6.6. വെള്ളക്കാരുടെ കാര്യത്തില്‍ 2.9 മാത്രം. ആഫ്രിക്കന്‍ അമേരിക്കന്‍ വര്‍ഗത്തില്‍പെട്ട ഒരാള്‍ പോലീസിന്റെ കൈകളാല്‍ കൊല്ലപ്പെടാനുള്ള സാധ്യത വെള്ളക്കാരനെ അപേക്ഷിച്ച് രണ്ടര ഇരട്ടിയാണെന്ന് വാഷിങ്ടണ്‍ പോസ്റ്റിന്റെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കന്‍ ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് 2018ല്‍ നടത്തിയ പഠനത്തിലും സമാനമായിരുന്നു കണ്ടെത്തല്‍. പൊലീസിന്റെ അതിക്രമത്തില്‍ കൊല്ലപ്പെടുന്ന കറുത്ത പുരുഷന്‍മാരുടെ എണ്ണം ലക്ഷത്തിന് 1.9 മുതല്‍ 2.4 വരെയാണ്. വെള്ളക്കാരുടെ കാര്യത്തില്‍ അത് 0.6 മുതല്‍ 0.7 വരെ മാത്രം.
ആഫ്രിക്കന്‍ -അമേരിക്കന്‍ ജനതയെ കുറ്റവാളികളായിക്കാണുന്ന പൊതുബോധത്തിന്റെ വേരുകള്‍ ചെന്നെത്തുന്നത് അമേരിക്കയുടെ അടിമത്തത്തിന്റെ ചരിത്രത്തിലാണ്. തദ്ദേശീയ ജനങ്ങളെ കീഴടക്കി വടക്കേ അമേരിക്ക കൈയടക്കിയ വെള്ളക്കാര്‍ തങ്ങളുടെ കൃഷിയിടങ്ങളില്‍ ജോലി ചെയ്യുന്നതിനായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കറുത്ത വര്‍ഗക്കാരെ കൊണ്ടുവന്നതോടെയാണ് പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളില്‍ അമേരിക്കയില്‍ അടിമത്തം തുടങ്ങുന്നത്. കറുത്തവര്‍ വെളുത്തവരെക്കാള്‍ ഒരു പടി താഴെയാണെന്ന തോന്നല്‍ അതിന്റെ തുടര്‍ച്ചയാണ്. അടിമത്തം അവസാനിപ്പിച്ചതിനു ശേഷവും കറുത്ത വര്‍ഗക്കാരെ നിയമപരമായിത്തന്നെ രണ്ടാം തരം പൗരന്‍മാരായി തരം താഴ്ത്തുന്നതിനും അടിച്ചമര്‍ത്തുന്നതിനും അരികുവല്ക്കരിക്കുന്നതിനും അവിടെ ശ്രമങ്ങളുണ്ടായി. കറുത്തവരെ വെളുത്തവരില്‍ നിന്നു വേര്‍തിരിച്ചു നിര്‍ത്തുന്നതിനുള്ള സെഗ്രഗേഷന്‍ അതിന്റെ ഭാഗമായിരുന്നു. 1964 ല്‍ പൗരാവകാശ നിയമം പ്രാബല്യത്തില്‍ വരുന്നത് വരെ താമസത്തിലും വിദ്യാഭ്യാസത്തിലും പൊതു ശൗചാലയങ്ങളിലുംവരെ കറുത്തവര്‍ക്കും വെളുത്തവര്‍ക്കുമുള്ള വേര്‍തിരിവ് നിയമപരമായിത്തന്നെ നിലനിന്നു. പൗരാവകാശ നിയമം വന്നെങ്കിലും കറുത്തവരേക്കാള്‍ മുകളിലാണ് തങ്ങളെന്നു കരുതുന്ന വെള്ളക്കാരുടെ എണ്ണത്തില്‍ കുറവുവൊന്നുമുണ്ടായില്ല. അതിന്റെ തുടര്‍ച്ചയാണ് ഈ അതിക്രമങ്ങള്‍.
കറുത്തവന് തുല്യാവസരം ലഭിക്കുന്ന നാളു വരുമെന്ന മാര്‍ട്ടിന്‍ലൂതര്‍കിങ്ങിന്റെ സ്വപ്നത്തിന്റെ സാഫല്യമെന്നോണം ബരാക് ഒബാമ എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ പരമോന്നത പദവിയിലെത്തിയിട്ടും അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് അവസര സമത്വം ലഭിച്ചില്ല. ഒബാമയുടെ പ്രസിഡന്റ് പദവി വെള്ളക്കാരന്റെ അപ്രമാദിത്വത്തില്‍ വിശ്വസിക്കുന്നവരുടെ വിദ്വേഷം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഒബാമാ ഭരണകാലത്ത് അല്‍പകാലത്തേക്ക് സ്ഥിതി മെച്ചപ്പെട്ടെങ്കിലും നീണ്ടുനിന്ന സാമ്പത്തിക അസ്ഥിരത സാമൂഹിക സംഘര്‍ഷങ്ങള്‍ക്കു വഴിവെച്ചു. താഴേത്തട്ടില്‍ നിന്ന് പതഞ്ഞുയര്‍ന്ന അപരവിദ്വേഷവും തീവ്ര ദേശീയതയും ഒബാമ ഭരണത്തിന്റെ അവസാനകാലത്തും അതിനു ശേഷവും ശക്തിയാര്‍ജിച്ചു. ഭയം എന്ന അധികാരയുക്തിയെക്കുറിച്ച് നന്നായറിയാവുന്ന വലതുപക്ഷം ദുര്‍ലബമായ സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. ന്യൂനപക്ഷ സമുദായങ്ങളോടുള്ള വിരോധത്തിലൂന്നിയുള്ള അതിക്രമങ്ങള്‍ പലയിടത്തും പടര്‍ന്നു പിടിച്ചു. ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പിനിറങ്ങിയപ്പോള്‍ കുടിയേറ്റം, ദേശരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ കടുത്ത നിലപാടെടുക്കാന്‍ റിപ്പബ്ലിക്കന്‍പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ നിര്‍ബന്ധിതരായി. തീവ്ര ദേശീയതയിലും ന്യൂനപക്ഷ വിരോധത്തിലുമൂന്നി ട്രംപ് നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണ കോലാഹലവും അതിന്റെ ഫലമായുണ്ടായ അധികാരലബ്ധിയും അപരവിദ്വേഷത്തിന്റെ വക്താക്കള്‍ക്ക് കരുത്തു പകര്‍ന്നു.
ഫ്‌ളോയ്ഡിന്റെ മരണത്തെയും അതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തെയും പ്രസിഡന്റ് ട്രംപ് നേരിട്ട രീതി അദ്ദേഹം തെറ്റുതിരുത്താന്‍ തയാറല്ലെന്ന സൂചനയാണ് നല്‍കുന്നത്. പ്രതിഷേധവുമായി തെരുവിലിറങ്ങിയവരെ കൊള്ളക്കാരെന്നാണ് പ്രസിഡന്റ് വിശേഷിപ്പിച്ചത്. കൊള്ള തുടങ്ങുമ്പോള്‍ വെടിവെപ്പും തുടങ്ങുമെന്ന് ഭീഷണി മുഴക്കാനും ട്രംപ് മടിച്ചില്ല. ഇതുവഴി, സമരക്കാരെ എങ്ങനെയാണ് നേരിടേണ്ടത് എന്ന സന്ദേശം സുരക്ഷാഭടന്‍മാര്‍ക്ക് പകരുകയായിരുന്നൂ അദ്ദേഹം. ഗുണമുള്ളതൊന്നും പറയാനില്ലെങ്കില്‍ വായടയ്ക്കുന്നതാണ് നല്ലതെന്ന് ഹൂസ്റ്റണിലെ പോലീസ് മേധാവിക്കുതന്നെ ട്രംപിനോട് തുറന്നടിക്കേണ്ടിവന്നു. കൊവിഡ്-19നെ നേരിടാനുള്ള ലോക്ഡൗണിനെതിരെ തോക്കുകളേന്തി തെരുവിലിറങ്ങി ഭരണ കേന്ദ്രങ്ങള്‍ ഉപരോധിച്ച വെള്ളക്കാരോട് അനുഭാവപൂര്‍ണ സമീപനം സ്വീകരിച്ചയാളാണ് ട്രംപ്. അവരെല്ലാം വളരെ നല്ലവരാണ് എന്നായിരുന്നു ട്രംപിന്റെ അഭിപ്രായം. വെളുത്ത സമരക്കാരെ നല്ലവരെന്നും കറുത്ത സമരക്കാരെ കൊള്ളക്കാരെന്നും വിശേഷിപ്പിക്കുന്ന പ്രസിഡന്റ് ഭരണം നടത്തുമ്പോള്‍ യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ സ്വപ്നത്തില്‍നിന്നും എത്രയോ അകലെയാണ് ഇപ്പോഴുമെന്ന് വ്യക്തമാവുകയാണ്.
എങ്കിലും പ്രതീക്ഷയ്ക്കു വകയുണ്ട്. ദളിതരും ന്യൂനപക്ഷ സമുദായങ്ങളും വേട്ടയാടപ്പെടുമ്പോള്‍ നിസ്സംഗരായി നോക്കി നിന്ന ഇന്ത്യയെക്കാള്‍ ഭേദമാണ് അമേരിക്കയെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. കറുത്തവര്‍ക്കുവേണ്ടി അവിടെ തെരുവിലിറങ്ങുന്നത് കറുത്തവര്‍ മാത്രമല്ല. കറുത്തവരോടുള്ള അനീതിക്കെതിരേ കറുത്തവരും വെളുത്തവരും തോളോടു തോള്‍ ചേര്‍ന്ന് തെരുവിലിറങ്ങിയ ഇതുപോലൊരു സംഭവം തന്റെ ജീവിതത്തില്‍ ആദ്യമായാണെന്ന് കവിതയിലും നോവലിലും കറുത്തവരുടെ ജീവിതം വിഷയമാക്കിയിട്ടുള്ള ബെന്‍ ഓക്രി പറയുന്നു. എനിക്കു ശ്വാസം കിട്ടുന്നില്ല എന്ന വാക്യത്തിന്റെ ശക്തിയും സാര്‍വലൗകികതയുമാവാം അതിനു കാരണമെന്ന് അദ്ദേഹം പറയുന്നു.
എസ് കുമാര്‍
You must be logged in to post a comment Login