ജോര്‍ജ് ഫ്‌ളോയ്ഡിന്റെ ദാരുണാന്ത്യം അമേരിക്കയിലും ലോകത്തിന്റെ മറ്റു ദിക്കുകളിലും ജനരോഷം ആളിക്കത്തിക്കുന്നത് കണ്ടപ്പോള്‍ മുന്‍ യു.എസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ പറഞ്ഞു: ”95വയസ്സുള്ള ഞാനും 92വയസ്സുള്ള എന്റെ പത്‌നി റൊസാലിനും നീണ്ട ജീവിതത്തിനിടയില്‍ ഒരു യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു. അനീതിയുടെ കാലത്ത് മൗനം ദീക്ഷിക്കുന്നത് അക്രമംപോലെത്തന്നെ അതിമാരകമായ അപരാധമാണ്. ആറ് ദശലക്ഷം ജര്‍മന്‍ പൗരന്മാര്‍ മാത്രമേ ഔപചാരികമായി നാസികളായിട്ടുണ്ടായിരുന്നുള്ളൂ. പിന്നെങ്ങനെ ആറ് ദശലക്ഷം ജര്‍മന്‍കാരെ അവര്‍ക്ക് ഗ്യാസ്‌ചേംബറില്‍ കൊല്ലാന്‍ സാധിച്ചു? ശേഷിക്കുന്ന 60 ദശലക്ഷം പൗരന്മാരും നിശ്ശബ്ദരായതാണ് കാരണം.” അത്തരം നിശ്ശബ്ദത ജനാധിപത്യവ്യവസ്ഥയില്‍ ഏറ്റവും വലിയ അപരാധമാണ്. പൗരാവകാശങ്ങളുടെ ശത്രുവും അതുതന്നെ. സഫൂറ സര്‍ഗര്‍ എന്ന ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥിനിയുടെ തിഹാര്‍ ജയിലിലെ കാരാഗൃഹവാസം ഇന്ന് ആഗോളതലത്തില്‍ മനുഷ്യാവകാശപ്രവര്‍ത്തകരുടെയും നിയമ പോരാളികളുടെയും മുന്നില്‍ സുപ്രധാന വിഷയമായി മാറിയിട്ടും ഇന്ത്യ നിശ്ശബ്ദതയിലാണ്. സഫൂറക്ക് വേണ്ടി ശബ്ദിക്കേണ്ടവരും നിശ്ശബ്ദതയിലാണ്. മതേതരചേരി എന്ന് വിളിക്കപ്പെടുന്ന, സംഘ്പരിവാറിന്റെ എതിര്‍പക്ഷത്ത് നിലയുറപ്പിച്ച പാര്‍ട്ടിക്കാരും ചിന്താഗതിക്കാരും നിശബ്ദതയിലാണ്. അമേരിക്കന്‍ ബാര്‍ അസോസിയേഷന്‍ (Centre for Human Rights At the American Bar Asosciation) സഫൂറയുടെ അറസ്റ്റും തുറുങ്കലും രാഷ്ട്രാന്തരീയ നിയമങ്ങള്‍ക്കും ഇന്ത്യ ഒപ്പുവെച്ച അന്താരാഷ്ട്ര ഉടമ്പടികള്‍ക്കും വിരുദ്ധമാണെന്ന ശക്തമായ വാദവുമായി രംഗത്തുവന്നിരിക്കുന്നു. സഫൂറക്ക് ജാമ്യം നിഷേധിക്കുന്നത് രാഷ്ട്രീയ, സിവില്‍ അവകാശങ്ങള്‍ക്കായുള്ള രാഷ്ട്രാന്തരീയ കരാറിലെ വ്യവസ്ഥകളുമായി ഒത്തുപോവുന്നതല്ലെന്നാണ് ലോകത്തിലെ പഴക്കം ചെന്ന നിയമവേദിയായ യു.എസ് ബാര്‍ അസോസിയേഷന്‍ വാദിക്കുന്നത്. ഓടിരക്ഷപ്പെടുക, തെളിവുകളില്‍ ഇടങ്കോലിടുക, കുറ്റകൃത്യം ആവര്‍ത്തിക്കുക എന്നിവ തടയേണ്ടിവരുമ്പോള്‍ മാത്രമാണ് വിചാരണക്കു മുമ്പുള്ള തടവിന് വ്യവസ്ഥയുള്ളൂവെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. കുറ്റകൃത്യവുമായി സഫൂറയെ ബന്ധിപ്പിക്കുന്ന ഉറച്ച തെളിവുകളുടെ അഭാവത്തില്‍ തടവിന് പകരം മറ്റ് പോംവഴി തേടേണ്ടതാണ്. ‘Given the lack of evidence in the FIR linking Ms. Zargar to acts of violence, it is unclear why alternatives to pretrial detention were not considered adequate by the court in this case, ‘ (എഫ്.ഐ.ആറില്‍ സഫൂറയെ അക്രമവുമായി ബന്ധിപ്പിക്കുന്ന തെളിവുകളുടെ അഭാവത്തില്‍ വിചാരണക്കു മുമ്പുള്ള തടവിന് പകരം ബദല്‍മാര്‍ഗം എന്തുകൊണ്ട് പരിഗണിച്ചില്ല)- മനുഷ്യാവകാശ വേദി ചോദിക്കുന്നു. സഫൂറ ഗര്‍ഭിണിയും രക്തസമ്മര്‍ദമുള്ള രോഗിയുമാണ്. കൊവിഡ്-19 മഹാമാരി തലസ്ഥാനനഗരിയെ മുള്‍മുനയില്‍ നിറുത്തിയ ഒരുഘട്ടത്തിലാണ് രോഗവ്യാപനത്തിന് നല്ല സാധ്യതകളുള്ള, ഇതിനകം അഞ്ചുപേര്‍ക്ക് രോഗം പിടിപെട്ട തിഹാര്‍ ജയിലില്‍ ഈ യുവതിയെ തടങ്കലിലാക്കിയിരിക്കുന്നത്. അതിന് അവര്‍ ചെയ്ത കുറ്റമെന്താണെന്ന് ചോദിക്കാന്‍ ആരും ധൈര്യപ്പെട്ട് മുന്നോട്ടുവരുന്നില്ല. പൗരത്വഭേദഗതി നിയമത്തിനെതിരെ ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ നടന്ന പ്രക്ഷോഭത്തിന്റെ മാധ്യമ കോര്‍ഡിനേറ്ററായി സജീവമായി രംഗത്തുണ്ടായിരുന്ന സഫൂറ എന്ന 27കാരിയെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരി അവസാനവാരം നടമാടിയ വര്‍ഗീയകലാപത്തിന്റെ പേരിലാണ് ഏപ്രില്‍ 10ന് അറസ്റ്റ് ചെയ്യുന്നത്.13ന് ജാമ്യം നല്‍കുകയും ചെയ്തു. എന്നാല്‍, താമസിയാതെ കരിനിയമമായ യു.എ.പി.എ കുറ്റം ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തു ജയിലിയടക്കുകയായിരുന്നു. റോഡ് തടയാനും ജഅഫറാബാദിലും സമീപപ്രദേശത്തും ഷഹീന്‍ ബാഗുകള്‍ തുറക്കാനും അവര്‍ പ്രേരിപ്പിച്ചു എന്നാണ് മോഡി ഭരണകൂടം അവരുടെമേല്‍ ചുമത്തിയ കുറ്റം. ആളുകളോട് പ്രക്ഷോഭത്തിനിറങ്ങാന്‍ ആഹ്വാനം ചെയ്യുന്നത് എപ്പോള്‍ മുതലാണ് ഇന്ത്യയില്‍ കുറ്റകൃത്യമായി ഗണിക്കപ്പെട്ടത്? . അവര്‍ക്ക് ജാമ്യം നിഷേധിക്കാന്‍ ഇല്ലാത്ത കാരണങ്ങള്‍ കണ്ടെത്തിയ ഡല്‍ഹി ഹൈക്കോടതി പറഞ്ഞതിങ്ങനെ: ‘തീപ്പൊരി കൊണ്ട് കളിക്കുമ്പോള്‍ അങ്ങകലെ തീ ആളിക്കത്തുകയാണെങ്കില്‍ കാറ്റിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.’
ഇനി പറയാനുള്ളത് സഫൂറയോടാണ്
സഫൂറാ, നിന്റെ അവസ്ഥ ഇത്ര പരിതാപകരമാണെന്നറിഞ്ഞിട്ടും, മാതൃത്വത്തെ അങ്ങേയറ്റം മാനിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന് മുന്നില്‍പോലും ഈ ധിക്കാരം ചോദ്യം ചെയ്യപ്പെടാതെ പോകുന്നുവെന്ന നഗ്‌നസത്യത്തിനു മുന്നില്‍ നിസ്സഹായനായി കൈകൂപ്പുകയാണ്. പുരുഷാധിപത്യത്തിന്റെ എല്ലാ ജീര്‍ണമുഖങ്ങളും തുറന്നുകാട്ടപ്പെടുന്ന ഇന്ത്യന്‍ ജീവിതപരിസരത്തു നിന്ന് പൊതുജീവിതത്തിലേക്ക്, പൗരാവകാശ പ്രക്ഷോഭ മുഖത്തേക്ക് കയറിവന്ന സഹോദരി കൊണ്ടുനടക്കുന്ന എണ്ണമറ്റ സ്വത്വങ്ങള്‍ എങ്ങനെ സഹോദരിയെ സ്വയം ദുര്‍ബലയാക്കുന്നുവെന്ന് ഈ താരുണ്യ കാലത്ത് തിരിച്ചറിഞ്ഞുകൊണ്ടിരിക്കയാണല്ലോ. ഒന്നാമതായി നീയൊരു സ്ത്രീയാണ്. രണ്ടാമതായി ഒരു മുസ്‌ലിമാണ്. മൂന്നാമതായി ഒരു കശ്മീരിയാണ്! സവര്‍ണാധിപത്യത്തിന്റെ കൊടി ഹിമാലയത്തില്‍പോലും പാറിപ്പറപ്പിക്കുന്ന മോഡി-അമിത് ഷാ യുഗത്തില്‍, കശ്മീരിലെ കിഷ്ത്തറില്‍നിന്നുള്ള ഒരു മുസ്‌ലിം യുവതിയെ വിരലനക്കാന്‍ അവര്‍ അനുവദിക്കില്ല. അത് വന്‍ അപരാധമായും വെല്ലുവിളിയായും കാണുന്ന ഒരു സവര്‍ണ സംവിധാനമാണ് ഇന്ത്യയിലുള്ളത്. കശ്മീര്‍ താഴ് വരയില്‍നിന്ന് ഇന്ദ്രപ്രസ്ഥത്തിനു സമീപം ഫരീദാബാദിലേക്ക് ജീവിതം പറിച്ചു നടപ്പെട്ടപ്പോള്‍ അനുഭവിച്ച അന്യതാബോധം കേവലം വ്യക്തിപരമായിരുന്നില്ല എന്നോര്‍ക്കുക. സ്‌കൂള്‍ ക്ലാസിലെ ഏക മുസ്‌ലിംകുട്ടിയായ സഫൂറയോട് എത്രതവണയാണ് ‘കശ്മീരിലേക്ക് പോകൂ; പാകിസ്ഥാനിലേക്ക് മടങ്ങൂ’ എന്നൊക്കെ സഹപാഠികള്‍ ദയാദാക്ഷിണ്യമില്ലാതെ പറഞ്ഞുകൊണ്ടിരുന്നത്? സ്വത്വം തേടിയുള്ള അതിജീവനത്തിന്നായുള്ള പരക്കം പാച്ചിലിലാവാം മുസ്‌ലിം ഭൂരിപക്ഷപ്രദേശമായ ഓഖ്‌ലയിലെ ജാമിയമില്ലിയയില്‍ എത്തുന്നത്. ഈ കലാശാല, അലീഗര്‍ മൂവ്‌മെന്റിനെതിരായ വലിയൊരു സ്വാതന്ത്ര്യസമര സംരംഭമായിരുന്നുവെങ്കിലും വര്‍ത്തമാനകാല ഇന്ത്യ അതിനെ നോക്കിക്കാണുന്നത് മറ്റൊരു തരത്തിലാണ്. ഭരണകൂടനിലപാടിനെതിരായ ഒരു പ്രക്ഷോഭത്തിന്റെ മുഖം ജാമിഅ പോലുള്ള ഒരു കാമ്പസില്‍ തുറക്കപ്പെടുമ്പോള്‍ അത് ഏത് വിധത്തിലെല്ലാം വ്യാഖ്യാനിക്കപ്പെടുമെന്ന് സഫൂറാ, നിന്റെ ഹ്രസ്വ ജീവിതാനുഭവങ്ങള്‍ പറഞ്ഞുതരാതിരിക്കില്ല.അല്ലെങ്കില്‍, സഫൂറയെ പോരാട്ടവീഥിയിലിറക്കിയവര്‍ മനപൂര്‍വം മറച്ചുവെച്ചിട്ടുണ്ടാവാം. മുസ്‌ലിം ഭൂരിപക്ഷമേഖലകളില്‍ തുറക്കപ്പെട്ട ഷഹീന്‍ബാഗുകളുടെ കവാടങ്ങളിലൂടെ പ്രവഹിച്ച ചിന്താപരവും കലാപരവുമായ പുതിയ വിചാരഗതികള്‍ , അതും സംശയിക്കപ്പെടുന്ന ചില കൂട്ടായ്മകളുടെ ബാനറുകളില്‍ അനാവൃതമാകുമ്പോള്‍ വ്യവസ്ഥിതി അതിനെതിരെ യുദ്ധം പ്രഖ്യാപിക്കുക സ്വാഭാവികമാണ്. ഒന്നാമതായി, സമീപകാല ഇന്ത്യന്‍ ചരിത്രത്തില്‍ സഹിക്കുക എന്നതല്ലാതെ പ്രതികരിക്കുക എന്ന ശീലം ന്യൂനപക്ഷ, ദലിത്, ദുര്‍ബലവിഭാഗങ്ങളില്‍നിന്ന് ഉണ്ടായിട്ടില്ല എന്നതിനാല്‍ സഫൂറയുടേത് പോലുള്ള അപൂര്‍വ അഗ്‌നിസ്ഫുലിംഗങ്ങള്‍ വകവെച്ചുതരാന്‍ ഭരണകൂടമോ രാഷ്ട്രീയ വ്യവസ്ഥിതിയോ തയാറാകില്ലെന്നുറപ്പാണ്. കേരളത്തില്‍ അബ്ദുന്നാസര്‍ മഅ്ദനി എന്ന ഒരു പണ്ഡിതന്റെ അനുഭവങ്ങള്‍ മതി, ദുര്‍ബലവിഭാഗത്തില്‍നിന്ന് രാഷ്ട്രീയമായി ബദല്‍മാര്‍ഗമോ ചിന്താപരമായി ഒറ്റപ്പെട്ട പാതയോ തിരഞ്ഞെടുത്താല്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളികള്‍ എന്തുമാത്രമായിരിക്കുമെന്ന് ഊഹിച്ചെടുക്കാന്‍. സത്യം തുറന്നുപറയാന്‍ സധൈര്യം മുന്നോട്ടുവന്നാല്‍, മഹാപാപിയായി മുദ്രകുത്തി കുരിശിലേറ്റുമെന്നതിന്റെ അനുഭവയാഥാര്‍ത്ഥ്യങ്ങള്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി മഅ്ദനിയുടെ ജീവിതം നമുക്ക് കാട്ടിത്തരുന്നു. ചില നിസാര രാഷ്ട്രീയ വിരോധങ്ങളുടെ പേരില്‍ സമുദായത്തിലെ തന്നെ ചിലരുടെ ഒത്താശയോടെ നടന്ന രാഷ്ട്രീയ പകപോക്കലായിരുന്നു തുടക്കത്തില്‍ മഅ്ദനിക്കെതിരെ ഉണ്ടായിരുന്നത്. അത് പിന്നീട് സംഘപരിവാര്‍ ബുദ്ധി സ്വന്തം രാഷ്ട്രീയ നീള്‍ച്ചക്ക് വളമാക്കുകയായിരുന്നു. ഇന്ന് കുതറി മാറാനാവാത്ത വിധം അദ്ദേഹം പ്രതിക്കൂട്ടിലായി. ഭീകരവാദിയാണെന്ന് പൊതുഇടങ്ങള്‍ക്ക് മാത്രമല്ല, അദ്ദേഹത്തിന്റെ സ്വന്തക്കാര്‍ക്കു പോലും തോന്നുംവിധം കാര്യങ്ങള്‍ വഷളായി. ചരിത്രത്തില്‍ മഅ്ദനിയുടെ ഇടം എന്തായിരിക്കുമെന്ന് ഇന്ന് നമുക്ക് കൃത്യമായി പ്രവചിക്കാന്‍ കഴിയും. പത്തുവര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം കോയമ്പത്തൂര്‍ കോടതി വെറുതെ വിട്ടിട്ടും വ്യവസ്ഥിതി അദ്ദേഹത്തെ വെറുതെ വിട്ടില്ല. അങ്ങനെയാണ് ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നത്. എന്താണ് ആ കേസ് എന്ന് രാജ്യം മറന്നിട്ടും മഅ്ദനിയെ വെറുതെവിടാന്‍ നീതിപീഠം ഇതുവരെ ദയാദാക്ഷിണ്യം കാട്ടിയില്ല. എന്നല്ല ഒരു മനുഷ്യന്റെ യുവത്വവും മജ്ജയും മാംസവും കവര്‍ന്നെടുത്ത വ്യവസ്ഥിതി വിസ്മൃതിയുടെ ഗര്‍ത്തത്തിലേക്ക് അദ്ദേഹത്തെ തള്ളിവിട്ടപ്പോള്‍, ഇന്ന് ആ പേര് കേള്‍ക്കുന്നത് ഏതെങ്കിലും പിരിവുകാരുടെ വായില്‍നിന്ന് മാത്രമാണ്!
വിവേചനത്തിന്റെ പാപഭാണ്ഡം
ലോകത്താകമാനം വംശീയതക്കും വര്‍ഗീയതക്കും എതിരെ പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുമ്പോഴും ഇന്ത്യ ശാന്തമാണ്. അമേരിക്കയില്‍ കറുത്തവര്‍ഗക്കാരാണെങ്കില്‍ ഇന്ത്യയില്‍ 20കോടിയോളം വരുന്ന മുസ്‌ലിംകളും 18കോടിയോളം വരുന്ന ദളിതുകളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭരണകൂട- രാഷ്ട്രീയ വിവേചനം ചര്‍ച്ച ചെയ്യപ്പെടുന്നില്ല. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ വാസ്തവത്തില്‍ ഇവിടുത്തെ മുസ്‌ലിംകളോട് സ്വതന്ത്ര ഇന്ത്യയിലെ സര്‍ക്കാരുകള്‍ കാണിച്ച വിവേചനത്തിന്റെ നഖചിത്രം മാത്രമാണ്. ആഴത്തില്‍ ഇറങ്ങിച്ചെന്നാല്‍ അടിമകളുടെ പിന്‍തലമുറക്കാര്‍ ഇന്ത്യയിലെ മുസ്‌ലിംകളെക്കാള്‍ എത്രയോ മുന്നോട്ട് ചലിച്ചിട്ടുണ്ടെന്നും മേല്‍ഗതി നേടിയിട്ടുണ്ടെന്നും കാണാന്‍ സാധിക്കും. എന്നാല്‍ 1200മുതല്‍ 1857വരെ രാജ്യം ഭരിച്ചവരും ആരാലും മായ്ക്കപ്പെടാത്ത പൈതൃകങ്ങളുടെ ഉടമാവകാശികളുമാണ് ഇവിടുത്തെ മുസ്‌ലിംകള്‍ എന്നതിന് ചരിത്രവും വര്‍ത്തമാനവും സാക്ഷിയാണ്. പക്ഷേ, വര്‍ഗീയ ക്രൂരതകള്‍ക്കോ ഭരണപരമായ വിവേചനങ്ങള്‍ക്കോ ഇരകളാവേണ്ടവരല്ല ഇക്കൂട്ടരെന്ന് ആരും ഇന്ത്യക്കാരെ പഠിപ്പിക്കാതെ പോയതാണ് ചാതുര്‍വര്‍ണവ്യവസ്ഥിതി വിഭാവന ചെയ്യുന്ന ഉച്ചനീചത്വങ്ങളുടെ ബലിയാടുകളാവാന്‍ സാഹചര്യമൊരുക്കപ്പെട്ടത്. അപ്പോള്‍, സഫൂറയും അവളുടെ സമുദായവും അനുഭവിക്കുന്ന തമസ്സ് ഇന്നലെകളില്‍നിന്ന് ദാനം കിട്ടിയതാണെന്ന് രേഖപ്പെടുത്തേണ്ടിവരുന്നു. ഇന്ത്യനവസ്ഥയില്‍ വംശീയതയുടെയും വര്‍ഗീയതയുടെയും മൂലകാരണങ്ങള്‍ തേടിപ്പോകേണ്ടതില്ല. ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയുടെ ഡി.എന്‍.എ പരിശോധിച്ചാല്‍ ജനിതക സവിശേഷതയായി മനുഷ്യര്‍ തമ്മിലുള്ള വേര്‍തിരിവുകളും അതിന്റെ പേരിലുള്ള ചൂഷണങ്ങളും ക്രൂരതകളും കാണാന്‍ സാധിക്കും. ജാതിവ്യവസ്ഥ വിവേചനങ്ങളെ രൂഢമൂലമാക്കി. നിയമം പോലും പരോക്ഷമായി അതിനെ പാലൂട്ടിവളര്‍ത്തി. സമത്വം കാംക്ഷിക്കാത്ത ഒരു ജനത എന്നാണ് ബാബാസാഹിബ് അംബേദ്കര്‍ ഹിന്ദുക്കളെക്കുറിച്ച് പറഞ്ഞത്. ജാതിവ്യവസ്ഥയുടെ എല്ലാ ആസുരഭാവങ്ങളും അനുഭവിച്ചുതീര്‍ത്ത അംബേദ്കറുടെ രോഷം തുളുമ്പുന്ന വചനങ്ങള്‍ ഉദ്ധരിക്കുകയാണ് :” ഹിന്ദുക്കള്‍ക്ക് സഹജവും രൂഢമൂലവുമായ ഒരു വ്യവസ്ഥിതിയുണ്ട്. അവര്‍ക്ക് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുമായി, അതായത് ജനാധിപത്യവുമായി, സഹവര്‍ത്തിത്വം സാധ്യമല്ലാതാക്കുന്ന ഒരു മതമുണ്ട്. അസമത്വം ലോകത്തെല്ലായിടത്തുമുണ്ട്. അത് ഏറിയകൂറും സ്ഥിതിഗതികളും സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ അതിന് മതത്തിന്റെ പിന്തുണ ഉണ്ടായിട്ടില്ല. ഹിന്ദുക്കളുടെ കാര്യം വ്യത്യസ്തമാണ്. ഹിന്ദുസമൂഹത്തില്‍ അസമത്വമുണ്ടെന്ന് മാത്രമല്ല, ഹിന്ദുമതത്തിന്റെ ഔദ്യോഗിക സിദ്ധാന്തം തന്നെയാണ് അസമത്വം. ഹിന്ദുക്കള്‍ സമത്വം ആഗ്രഹിക്കുന്നില്ല. അവരുടെ ചായ് വും മനോഭാവവും ഒരു മനുഷ്യന്‍, ഒറ്റ മൂല്യം എന്ന ജനാധിപത്യസിദ്ധാന്തത്തിനെതിരാണ്.” ഈ മനോഭാവത്തില്‍നിന്നുള്ള വിടുതല്‍പ്രമാണവും ആധുനിക സാമൂഹികവ്യവസ്ഥയിലേക്കുള്ള പ്രയാണവുമായിരുന്നു ലിഖിത ഭരണഘടന കൈയില്‍പിടിച്ചുള്ള ജനാധിപത്യ മുന്നേറ്റം. ആ ജനാധിപത്യ മുന്നേറ്റത്തെ തകര്‍ക്കുന്ന ശക്തികളുടെ കൈകളില്‍ രാജ്യത്തിന്റെ കടിഞ്ഞാന്‍ എത്തിപ്പെട്ടതോടെയാണ് മതം, ജാതി, ഭാഷ എന്നിവ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങള്‍ സ്ഥാപനവത്കരിക്കപ്പെടുന്നത്. അങ്ങനെയാണ് അമേരിക്കയിലെ കറുത്തവര്‍ഗക്കാര്‍ കഴിഞ്ഞ നാലു നൂറ്റാണ്ടായി അനുഭവിക്കുന്ന ആള്‍ക്കൂട്ടക്കൊല ഇവിടുത്തെ മുസ്‌ലിംകളെ തേടിയെത്തുന്നത്. ജോര്‍ജ് ഫ്‌ളോയ്ഡിനെ ശ്വാസം മുട്ടിച്ചുകൊന്ന അതേ ക്രൂര പൊലിസിന്റെ മുഖം ഉത്തരേന്ത്യയിലെ ഓരോ പോലിസുകാരനിലും നാം ദര്‍ശിക്കുന്നത്. ഈ ഭയാനകമായ അവസ്ഥയില്‍ സഫൂറമാര്‍ ഒട്ടനവധി ജനിക്കാനിരിക്കുന്നതേയുള്ളൂ.
വംശവെറിക്കെതിരെ ലോകം ഒന്നിച്ചുശബ്ദിച്ചപ്പോള്‍ ഹോളിവുഡില്‍ സാന്നിധ്യമറിയിച്ച ഇന്ത്യന്‍ സിനിമാതാരം പ്രിയങ്ക ചോപ്ര അക്കൂട്ടത്തിലുണ്ടായിരുന്നു. അവരുടെ പ്രതിഷേധത്തെക്കാള്‍ ഉയര്‍ന്നുകേട്ടത് മാതൃരാജ്യത്ത് അരങ്ങേറുന്ന ന്യൂനപക്ഷങ്ങളോടുള്ള വിവേചനങ്ങള്‍ക്കും പീഢനങ്ങള്‍ക്കുമെതിരെ എന്തുകൊണ്ട് അവര്‍ ഉരിയാടുന്നില്ല എന്ന ചോദ്യമാണ്. യഥാര്‍ത്ഥത്തില്‍ ഇ മെയിലിലൂടെ രാജ്യസ്‌നേഹം ഉരുവിടുന്ന മോഡിഭക്തന്മാരെല്ലാം ഡൊണാള്‍ഡ് ട്രംപിന്റെ പക്ഷത്തായിരുന്നു. അതോടെ മഹാത്മാഗാന്ധിയും കറുത്തവര്‍ഗക്കാരുടെ എതിര്‍ചേരിയില്‍ നിറുത്തപ്പെട്ട ദാരുണ കാഴ്ചക്ക് നാം സാക്ഷിയാവേണ്ടിവന്നു. വാഷിങ്ടണിലും ലണ്ടനിലും ഗാന്ധി പ്രതിമ അക്രമിക്കപ്പെടാന്‍ കാരണം മറ്റൊന്നല്ല. വംശീയതക്കും വര്‍ണവെറിക്കുമെതിരെ ശബ്ദിക്കാനുള്ള ഇന്ത്യയുടെ ധാര്‍മികാവകാശം നാം ഹിന്ദുത്വ ഫാഷിസത്തിനു പണയം വെച്ചിരിക്കുന്നു. അതുകൊണ്ടാണ് ‘ബ്‌ളാക് ലൈവ്‌സ് മാറ്റര്‍'(കറുത്തവര്‍ഗത്തിന്റെ ജീവിതവും പ്രധാനമാണ്) എന്ന പുതിയ മുദ്രാവാക്യം ഏറ്റുചൊല്ലാന്‍ ഇവിടെ ആരുമില്ലാതെപോയത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ‘മുസ്‌ലിം ലൈവ്‌സ് മാറ്റര്‍’എന്ന പ്‌ളക്കാര്‍ഡുകള്‍ പ്രതിഷേധകരുടെ കൈയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഇന്ത്യയിലെവിടെയും അതുയര്‍ന്നില്ല. എല്ലാതരം വിവേചനങ്ങളും ദൈവദത്തമാണ്, പൈതൃകമാണ് എന്ന് പുതുതലമുറ പോലും വിശ്വസിച്ചുറപ്പിച്ചത് പോലെ. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വര്‍ണവിവേചനത്തിന് എതിരെ വരുംതലമുറയെ പഠിപ്പിക്കുന്നതിന് മാസങ്ങളോളം ക്ലാസുകള്‍ നടത്തുന്നുണ്ടത്രെ. നമ്മുടെ രാജ്യത്ത് അത്തരം ക്ലാസുകള്‍ നടത്തിയാല്‍ സമൂഹത്തില്‍ അന്തച്ഛിദ്രത വളര്‍ത്താനും മതമൈത്രി തകര്‍ക്കാനും ശ്രമിച്ചുവെന്ന കുറ്റം ചാര്‍ത്തി യു.എ.പി.എ പ്രകാരം തുറുങ്കിലടക്കുകയാണുണ്ടാവുക. പ്രശസ്ത അഭിഭാഷകനും എഴുത്തുകാരനുമായ അഷിസ് ഖേതന്‍ എടുത്തുകാട്ടിയ ചില സത്യങ്ങളുണ്ട്. 2002ലെ ഗുജറാത്ത് കലാപത്തിനുശേഷം കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുവാനും ചിലര്‍ക്കെങ്കിലും ശിക്ഷ വാങ്ങിക്കൊടുക്കാനും സാധിച്ചത് ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും നിയമജ്ഞരും മാധ്യമപ്രവര്‍ത്തകരും എന്തിനു സത്യം പറയാന്‍ മുന്നോട്ടുവന്ന ഉയര്‍ന്ന ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുമെല്ലാം അടങ്ങുന്ന ‘ജസ്റ്റിസ് സീക്കേഴ്‌സ് ( നീതി തേടുന്നവര്‍ ) വര്‍ഷങ്ങളോളം ആത്മാര്‍ത്ഥമായി പ്രയത്‌നിച്ചത് കൊണ്ടാണ്. മിഹര്‍ ദേശായി, ടീസ്റ്റ സെതല്‍വാദ്, ശബ്‌നം ഹശ്മി, അപര്‍ണസെന്‍, സുഹൈല്‍ തിര്‍മിസി, മുകുള്‍ സിന്‍ഹ, സോംനാഥ് വാട്‌സ്, രജനീഷ് റായ്, സതീഷ് ശര്‍മ, കുല്‍ദീപ് ശര്‍മ, കാമിനി ജയ്‌സ്വാള്‍ തുടങ്ങി ഒരുകൂട്ടം പോരാളികള്‍ ഹൈകോടതിയില്‍നിന്ന് സുപ്രീംകോടതിയിലേക്കും ഗുജറാത്തില്‍നിന്ന് മുംബൈയിലേക്കും മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്കും രാപ്പകല്‍ പറന്നാണ് കുറ്റവാളികളില്‍ ചിലരെയെങ്കിലും അങ്ങേയറ്റത്തെ പ്രതികൂല സാഹചര്യത്തിലും നിയമത്തിന്റെ കൈകളില്‍ ഏല്‍പിച്ചുകൊടുത്തത്. എന്നാല്‍ ഡല്‍ഹിയില്‍ നടമാടിയ ന്യൂനപക്ഷവിരുദ്ധ കലാപത്തിന്റെ പ്രശ്‌നം വന്നപ്പോള്‍ കേസ് നടത്താനും നീതി വാങ്ങിക്കൊടുക്കാനും എണ്ണപ്പെട്ട, പരിചയ സമ്പന്നരായ ഒരാളും മുന്നോട്ടുവന്നില്ല എന്നത് അമിത് ഷായുടെ പൊലീസിന് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനും മതമൈത്രിയുടെ ഉപാസകനുമായ ഹര്‍ഷ് മന്ദര്‍ കലാപത്തിന്റെ ഭയാനകമായ ചിത്രം ലോകത്തിനു മുന്നില്‍ തുറന്നുകാട്ടാനും ഇരകള്‍ക്ക് നീതി കിട്ടാനും വേണ്ടി രംഗത്തുവന്നപ്പോള്‍, വിദ്വേഷപ്രസംഗം നടത്തി എന്ന കുറ്റംചുമത്തി അദ്ദേഹത്തെ നിശ്ശബ്ദനാക്കാനാണ് മോഡി ഭരണകൂടം ശ്രമിച്ചത്.
കൊവിഡ് ജനാധിപത്യ കൂട്ടായ്മകള്‍
പൗരത്വപ്രക്ഷോഭത്തിലൂടെ രൂപംകൊണ്ട ജനാധിപത്യ കൂട്ടായ്മകള്‍ക്ക് കൊറോണ വൈറസ് വ്യാപനത്തിനിടയില്‍ കൊവിഡ് ബാധിച്ചുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സഫൂറക്ക് വേണ്ടിയോ പൗരത്വപ്രക്ഷോഭത്തിന്റെ പേരില്‍ അറസ്റ്റിലായ മറ്റുള്ളവര്‍ക്ക് വേണ്ടിയോ കാര്യമായ ശബ്ദം ഉയര്‍ന്നുകേള്‍ക്കുന്നില്ല. ഗുജറാത്തിലേത് പോലെ എന്‍.ജി.ഒ കൂട്ടായ്മകള്‍ ഡല്‍ഹിയില്‍ സഹായത്തിന് എത്തിയിട്ടില്ല. കൊവിഡ് ഭീഷണിയിലകപ്പെട്ട മനുഷ്യരുടെ ശ്രദ്ധ ചിതറിപ്പോയിട്ടുണ്ട്. പൗരത്വവിഷയത്തില്‍ മോഡിസര്‍ക്കാര്‍ കൊണ്ടുവന്ന മനുഷ്യാവകാശങ്ങള്‍ ഉല്ലംഘിക്കുന്ന നിയമനിര്‍മാണങ്ങളും പൗരത്വപട്ടികയും ജനസംഖ്യ റജിസ്റ്റുമെല്ലാം ന്യൂനപക്ഷങ്ങളോടുള്ള വിവേചനത്തിന്റെ അടയാളങ്ങളാണെന്നും ഇന്ത്യയിലെ മതസ്വാതന്ത്ര്യം വെല്ലുവിളി നേരിടുകയാണെന്നുമാണ് അമേരിക്കയുടെ 2010ലെ മത സ്വാതന്ത്ര്യ റിപ്പോര്‍ട്ടില്‍ (International Religious Freedom Report ) പറയുന്നത്. വിദേശകാര്യസെക്രട്ടറി മൈക് പോംപിയോ റിപ്പോര്‍ട്ട് പുറത്തുവിടേണ്ട താമസം വിദേശകാര്യമന്ത്രി ജയശങ്കറിന് ഹാലിളകി. യു.എസ് മനുഷ്യാവകാശ കമീഷന്‍ അംഗങ്ങള്‍ മതസ്വാതന്ത്ര്യത്തെക്കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യയിലേക്ക് വരാന്‍ തയാറായപ്പോള്‍ അവര്‍ക്ക് വിസ നിഷേധിച്ച കാര്യം ജയശങ്കര്‍ വെളിപ്പെടുത്തുകയുണ്ടായി. ഇവിടെ എല്ലാം ഭദ്രമാണെന്നും ഭരണഘടനാനുസൃതമായി കാര്യങ്ങള്‍ നല്ല നിലയില്‍ മുന്നോട്ടുപോവുകയാണെന്നുമാണ് മന്ത്രിയുടെ അവകാശവാദം. ഇത്തരം അവകാശവാദങ്ങള്‍ മുമ്പും പെരുത്ത് കേട്ടതാണ്. സഫൂറ മറ്റൊരു മഅ്ദനിയായി മാറുമോ എന്നാണ് ഭയപ്പെടേണ്ടത്. കശ്മീര്‍ താഴ് വരയിലെ സുരക്ഷിതത്വം പോലും അധികാരികളുടെ മൂക്കിന് താഴെ ലഭിക്കാതെ വരുമ്പോള്‍, ലോകം എന്നും മൂകസാക്ഷിയായി നില്‍ക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. സഹോദരീ, തിഹാര്‍ ജയിലിലെ ഒറ്റപ്പെട്ട മുറിയില്‍, പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ കുഞ്ഞനക്കങ്ങള്‍ കേട്ട് ഇരുളുറഞ്ഞ ഭാവിയെ കുറിച്ചോര്‍ത്ത് കരയരുത്! നിന്നെ വലയം ചെയ്ത കൂരിരുട്ട് സൂര്യന്‍ അസ്തമിച്ചുണ്ടായതല്ല. ഉദിക്കാന്‍ വൈകിയ സത്യത്തിന്റെ സൂര്യനെ കാത്തിരിക്കുന്ന ഇരുട്ടാണ്. ഗോവിന്ദ് നിഹലേനിയുടെ സാക്ഷാത്കാരമായ ‘തമസ് ‘ എന്ന ടെലിഫിലിം 1988ല്‍ ദൂരദര്‍ശനിലുടെ പ്രേക്ഷകരിലെത്തിയപ്പോള്‍ ഇന്ത്യാ വിഭജനത്തിന്റെ കൂരിരുട്ടില്‍ പലായനം ചെയ്യേണ്ടിവന്ന സിഖ്, മുസ്‌ലിം കുടുംബങ്ങളിലെ ഗര്‍ഭിണികള്‍ അനുഭവിച്ച കഷ്ടപ്പാടുകളുടെ കരളലയിക്കുന്ന കുറെ ദൃശ്യങ്ങള്‍ ഓര്‍മയിലുടെ മിന്നിമറിയുകയാണ്. അതുപോലൊരു പലായനം വിധിക്കപ്പെടാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയാണ്!
കാസിം ഇരിക്കൂർ
You must be logged in to post a comment Login