ഇന്ത്യയുടെ സുഹൃത്തുക്കളെ ചൈന വലവീശിപ്പിടിക്കുമ്പോള്‍

ഇന്ത്യയുടെ സുഹൃത്തുക്കളെ ചൈന വലവീശിപ്പിടിക്കുമ്പോള്‍

1947 മാര്‍ച്ച് അവസാനവാരം ഡല്‍ഹിയിലെ പുരാന ഖിലയില്‍ അതിരുകള്‍ ഭേദിച്ച അസാധാരണമായ ഒരു സമ്മേളനം അരങ്ങേറുകയുണ്ടായി. 28 രാജ്യങ്ങളാണ് സമ്മേളനത്തിലേക്ക് പ്രതിനിധികളെ അയച്ചത്. കോളനിവാഴ്ചയില്‍ കഴിയുന്ന ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്‌നാം തുടങ്ങി അറബ് ലീഗും ഫലസ്തീനിലെ ജൂതരും വരെ ദ്വിദിന സമ്മേളനത്തില്‍ ഭാഗവാക്കായി. ചൈനയും തിബറ്റും പ്രത്യേക പ്രതിനിധി സംഘങ്ങളെ അയച്ചു. സോവിയറ്റ് യൂണിയനിലെ ഏഴു ഏഷ്യന്‍ ‘റിബ്ലിക്കു’കളും കൊറിയയും ഈ അപൂര്‍വ രാഷ്ട്രസംഗമത്തില്‍ പങ്കാളികളായി. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയായിരുന്നു അന്ന്. ഒരു ശാക്തിക ചേരിക്കുപിന്നിലും അണിനിരക്കാതെ, ചേരിചേരാനയവുമായി ആഗോളസമൂഹത്തിന്റെ അംഗീകാരവും ആദരവും പിടിച്ചുപറ്റുന്ന നിഷ്പക്ഷ നിലപാടായിരിക്കണം ഭാവി ഇന്ത്യയുടെ വിദേശനയമെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സ്വപ്നം കാണുന്ന ദിനങ്ങളായിരുന്നു അത്. സ്വാതന്ത്ര്യത്തിന്റെ ഉണര്‍വില്‍ പുതിയൊരു ഏഷ്യ കെട്ടിപ്പടുക്കാനുള്ള അടിത്തറ പാകാനാണ് രാഷ്ട്രപ്രതിനിധികളെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചത്. ഷേര്‍സാ സൂരി നിര്‍മിച്ച പുരാന ഖിലയുടെ അസ്തിവാരങ്ങള്‍ക്കിടയില്‍ പുതിയൊരു ലോകത്തെ കിനാവ് കണ്ട് ഭൂഖണ്ഡത്തിന്റെ നാനാഭാഗത്തുനിന്നുള്ള നേതാക്കള്‍ ഒത്തുകൂടിയപ്പോള്‍ ലോകത്തിനു തന്നെ അത് കൗതുകമായി. വിവിധ വേഷങ്ങളണിഞ്ഞ, പല ഭാഷകള്‍ സംസാരിക്കുന്ന, പല നിറങ്ങളിലുള്ള പ്രതിനിധികള്‍ ഒരാഴ്ച ഡല്‍ഹിയുടെ തെരുവുകളില്‍ നിറഞ്ഞുനിന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ആഘോഷാരവങ്ങള്‍ വര്‍ണങ്ങളില്‍ ചാലിച്ചു. ദേശീയ വിമോചന സമരങ്ങള്‍, വംശീയ പ്രശ്‌നങ്ങളും ഏഷ്യയിയെ കുടിയേറ്റങ്ങളും സാമ്പത്തിക വളര്‍ച്ചയും സാമൂഹിക പദ്ധതികളും സ്ത്രീകളുടെ പ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളുമെല്ലാം ചര്‍ച്ച ചെയ്ത സമ്മേളനത്തില്‍ തിളങ്ങിനിന്നത് ഒരാളാണ്; ജവഹര്‍ലാല്‍ നെഹ്‌റു തന്നെ. പുതിയ ഏഷ്യയുടെ മുഖം നെഹ്‌റുവിലൂടെയായിരിക്കും ലോകം കാണാന്‍ പോകുന്നതെന്ന് നിരീക്ഷകര്‍ പ്രവചിച്ചു. ഗാന്ധിജിയായിരുന്നു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. പടിഞ്ഞാറിന്റെ സ്വാധീനമുള്ള നഗരത്തിലായിരുന്നില്ല, യഥാര്‍ത്ഥ ഇന്ത്യ കുടികൊളളുന്ന ഗ്രാമത്തിലായിരുന്നു ഈ രാഷ്ട്രാന്തരീയ സംഗമം നടക്കേണ്ടിയിരുന്നതെന്ന് മഹാത്മജി പറഞ്ഞപ്പോള്‍ ഹസ്താടനങ്ങള്‍ കൊണ്ട് 20,000 പേര്‍ പങ്കെടുത്ത മഹാചടങ്ങ് ശബ്ദമുഖരിതമായി. ഏഷ്യയുടെ സന്ദേശം പഠിക്കേണ്ടത് പടിഞ്ഞാറന്‍ കാഴ്ചപ്പാടിലൂടെയോ ആറ്റംബോംബിനെ അനുഗമിച്ചോ അല്ലെന്നും സ്‌നേഹവും സത്യവും കൊണ്ട് ഏഷ്യ ലോകത്തെ കീഴടക്കുമെന്ന ചിന്തയോടെയാവണം നിങ്ങള്‍ ഇവിടെനിന്ന് പോകേണ്ടതെന്നും പ്രതിനിധികളെ ഗാന്ധിജി ഉദ്‌ബോധിച്ചത് ലോകം സാകൂതം കേട്ടു.

ഇന്ന്, 2020ല്‍ അങ്ങനെയൊരു അന്താരാഷ്ട്രസമ്മേളനം ഇന്ത്യ വിളച്ചുകൂട്ടിയാല്‍ എത്ര രാജ്യങ്ങള്‍ പ്രതിനിധികളെ അയക്കും? എന്തായിരിക്കും അങ്ങനെയൊരു സമ്മേളനം നടക്കുകയാണെങ്കില്‍ യഥാര്‍ത്ഥ അജണ്ട? ഏകകണ്ഠമായ ഒരു കാര്യപരിപാടി ഉണ്ടാക്കാന്‍ ഇന്ത്യ ശ്രമിച്ചാല്‍ വിജയിക്കുമെന്ന് തോന്നുന്നുണ്ടോ? ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ഇന്ത്യയെ അയല്‍രാജ്യങ്ങളും മറ്റു ഏഷ്യന്‍ രാജ്യങ്ങളും ഏത് വീക്ഷണകോണിലൂടെയാവും ഇന്ന് നിരീക്ഷിക്കുക? 75വര്‍ഷത്തെ പ്രയാണം ഇന്ത്യക്ക് എത്ര മിത്രങ്ങളെ നേടിത്തന്നു? എത്ര ശത്രുക്കളെ നാം സൃഷ്ടിച്ചു. 45 വര്‍ഷത്തിനു ശേഷം ഇന്ത്യയുടെയും ചൈനയുടെയും പട്ടാളങ്ങള്‍ ഇക്കഴിഞ്ഞ ജൂണ്‍ 15ന് ലഡാക്കിലെ ഗാല്‍വന്‍ താഴ്്വരയില്‍ ഏറ്റുമുട്ടിയ ശേഷം നിലനില്‍ക്കുന്ന പ്രക്ഷുബ്ധാവസ്ഥ ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ നമ്മുടെ പദവിയും നിലയുമെന്തെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ്. ഇന്ത്യക്കും ചൈനക്കുമിടയില്‍ യഥാര്‍ത്ഥ നിയന്ത്രണരേഖയിലാണ് അയല്‍രാജ്യങ്ങളുടെ പട്ടാളം ഏറ്റുമുട്ടിയതും ഇരുപക്ഷത്തും ആള്‍നാശം വിതച്ചതും. ഇന്ത്യയുടെ 20 സൈനികര്‍ക്കാണ് വീരമൃത്യു വരിക്കേണ്ടിവന്നത്. 1972ലെ ഇന്ത്യ-ചീന യുദ്ധത്തിനുശേഷമുള്ള ആദ്യത്തെ ഈ ഏറ്റുമുട്ടലും ആള്‍നാശവും യഥാര്‍ത്ഥ രാജ്യസ്‌നേഹികളെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതുണ്ട്. ഘടികാരം ആരാണ് പിറകോട്ട് പിടിച്ചുവലിക്കുന്നത്? ഇന്ത്യ-ചൈന ശാക്തിക ബലാബലം സൂക്ഷ്മമായി അപഗ്രഥിക്കപ്പെടുന്നതിനു മുമ്പ് മേഖലയിലെ കൊച്ചുകൊച്ചു രാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യ പതറുന്നതിനെ കുറിച്ച് നമുക്ക് എന്തുവിശദീകരണം നല്‍കാനാവും? ദേശഭക്തിയുടെ അപ്പോസ്തലന്മാര്‍ നാട് വാഴുമ്പോള്‍ രാജ്യത്തിന്റെ നടുവൊടിയുന്നതും ഇതുവരെ ഇന്ത്യ കനിഞ്ഞുനല്‍കിയ സഹായത്തിന്മേല്‍ ജീവന്‍ നിലനിര്‍ത്തിയ നേപ്പാള്‍ പോലുള്ള രാജ്യങ്ങള്‍ പോലും വെല്ലുവിളിയുമായി രംഗത്തുവരുന്നതും എങ്ങനെയാണ് വിശദീകരിക്കേണ്ടത്? ഇന്ത്യ നമ്മുടെ രാജ്യത്തിന്റെ ഭാഗമായി കണക്കാക്കുന്ന കാലാപാനി, ലിപുലേഖ്, ലിമ്പിയാധുര എന്നീ പ്രദേശങ്ങള്‍ സ്വന്തം ഭുപടത്തില്‍ ഉള്‍പ്പെടുത്തി പാര്‍ലമെന്റിന്റെ അംഗീകാരം വാങ്ങിയ നേപ്പാളിന്റെ പ്രകോപനപരമായ നീക്കം ലോകം അദ്ഭുതത്തോടെയല്ലേ നോക്കിക്കണ്ടത്. നേപ്പാളിലെ കമ്യൂണിസ്റ്റ് മന്ത്രിസഭ നേരത്തെ അംഗീകരിച്ച ഒരു തീരുമാനത്തിന് എത്ര പെട്ടെന്നാണ് പാര്‍ലമെന്റിന്റെ അംഗീകാരം കിട്ടിയത്? ഉഭയകക്ഷി ബന്ധം ആപദ്ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണെന്നാണ് 2008-2011 കാലഘട്ടത്തില്‍ നേപ്പാളില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായിരുന്ന രാകേഷ് സൂദ് അഭിപ്രായപ്പെട്ടത്. ഇതുവരെ ഇന്ത്യയുടെ സഹായത്തില്‍ ജീവിച്ച നേപ്പാള്‍ കഴിഞ്ഞ 75വര്‍ഷത്തെ ഉറ്റബന്ധം തച്ചുടച്ചുകൊണ്ട് ചൈന വാഗ്ദാനം ചെയ്യുന്ന പുതിയ രാഷ്ട്രീയക്രമത്തിലേക്ക് കുതികാല്‍ വെട്ടുമ്പോള്‍ ലോകത്തിലെ ഏക ഹിന്ദുരാജ്യമായിരുന്ന നേപ്പാളിനെ പോലും ബി ജെ പി സര്‍ക്കാരിന് നമ്മോടൊപ്പം ചേര്‍ത്തുപിടിക്കാന്‍ സാധിക്കുന്നില്ല എന്നത് വിരോധാഭാസമായി തോന്നാം. 2015ല്‍ നേപ്പാളിനെതിരെ ഇന്ത്യ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തിയപ്പോള്‍ കമ്യൂണിസ്റ്റ് ചൈന നേപ്പാളിന് സഹായങ്ങള്‍ വാരിക്കോരി നല്‍കാന്‍ മുന്നോട്ടുവന്നത് കഴിഞ്ഞത് മുഴുവനും മറക്കാന്‍ കാഠ്മണ്ഡുവിനെ പ്രേരിപ്പിച്ചു. മേഖലയിലെ ഏറ്റവും വിശ്വസ്തരായ പങ്കാളികളായി കണ്ട ഇന്ത്യ 2014-2015, 2017-18 വര്‍ഷങ്ങളില്‍ മൊത്തം 1322. 53കോടി രൂപയാണ് നേപ്പാളിലേക്ക് ഒഴുക്കിയത്. ശരാശരി പ്രതിവര്‍ഷം 330.6 കോടി രൂപ. പക്ഷേ, പരസ്പര വിശ്വാസം തകരുകയും ഇന്ത്യന്‍ സ്വാധീനവലയം കുടഞ്ഞുമാറ്റുകയും ചെയ്തപ്പോള്‍ ചൈനയോടായി അടുപ്പം. പെട്രോളിയം എത്തിക്കുന്നതിന് നേപ്പാളിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന റോഡ് പദ്ധതി ആവിഷ്‌കരിച്ചു. നേപ്പാളിനെ തിബറ്റിലെ ഷിഗാറ്റ്‌സെയുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിക്ക് തുടക്കമിട്ടു. അവിടെനിന്ന് തിബറ്റിന്റെ തലസ്ഥാനമായ ലാസയിലേക്ക് റെയില്‍പാളം നിലവിലുള്ളതുകൊണ്ട് കാഠ്മണ്ഡു ചൈനയും നേരിട്ട് റെയില്‍മാര്‍ഗം ബന്ധിപ്പിക്കപ്പെടുകയും ബന്ധം രൂഢമൂലമാവുകയും ചെയ്തു.

ചുറ്റും ശത്രുക്കളോ?
ബി ജെ പിയുടെ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ ഈന്നല്‍ തന്നെ മുസ്‌ലിം ഭൂരിപക്ഷ പാകിസ്ഥാനെ തകര്‍ത്തു ഇന്ത്യയോട് കൂട്ടിച്ചേര്‍ത്ത് ആര്‍.എസ്.എസിന്റെ അഖണ്ഠ ഭാരത സങ്കല്‍പത്തിന്റെ സാക്ഷാത്കാരമാണ്. പാകിസ്ഥാനെ സ്വാഭാവിക വൈരിയായി കാണുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജമ്മു-കശ്മീര്‍ സമസ്യ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന ഘടകം താഴ്്വരയിലെ പുതിയ സംഭവവികാസങ്ങളാണ്. കഴിഞ്ഞ വര്‍ഷം ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനം വിഭജിച്ച് കേന്ദ്രഭരണ പ്രദേശമായി മാറ്റുകയും ചെയ്തതോടെ വിഭജനം തൊട്ട് നിലനില്‍ക്കുന്ന അസ്വാസ്ഥ്യങ്ങള്‍ പതിന്മടങ്ങ് വര്‍ധിച്ചിരിക്കയാണ്. അന്താരാഷ്ട്രവേദികളില്‍ കീരിയും പാമ്പും കളിക്കുന്ന അയല്‍ക്കാര്‍ക്ക് ഒരിക്കലും നല്ല ബന്ധത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്തവിധം ശത്രുത ഊട്ടിയുറപ്പിച്ചിരിക്കുന്നു. എ.ബി വാജ്‌പേയിയുടെ ഭരണകാലത്ത് ലാഹോര്‍ യാത്രയും ആഗ്ര ഉച്ചകോടിയും പാക്കധീന കാശ്മീരിലൂടെയുള്ള ബസ് സര്‍വീസുമെല്ലാം മഞ്ഞുരുക്കുന്ന സാഹചര്യമെങ്കിലും ഒരുക്കിയിരുന്നുവെങ്കില്‍ ഇന്ന് അതിര്‍ത്തി സദാ തപിക്കുന്ന വിധം സൈനികര്‍ ജാഗരൂഗരായിരിക്കേണ്ട സ്ഥിതിവിശേഷമാണ്. ഈ കുറിപ്പെഴുതാന്‍ ഇരുന്നപ്പോള്‍ ചാനലില്‍ ബ്രേക്കിങ്‌ന്യൂസായി തെളിയുന്നത് ഇരുരാജ്യങ്ങളിലെയും നയതന്ത്രാലയത്തിലെ അംഗബലം പകുതിയാക്കി ചുരുക്കി പരസ്പരം പഴിചാരുകയും ചാരപ്പണി ആരോപിക്കുകയും ചെയ്യുന്ന കാഴ്ചയാണ്. ഇന്ത്യയുടെ സാമ്പത്തികസഹായം പറ്റുന്ന അയല്‍രാജ്യങ്ങളിലൊന്നാണ് ബംഗ്ലാദേശ്. 2009ല്‍ ഇന്ത്യന്‍ അനുകൂല അവാമി ലീഗിന്റെ ശൈഖ് ഹസീന ഭരണത്തില്‍ എത്തിയത് മുതല്‍ ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്തുന്നതില്‍ ഇന്ത്യ മുമ്പില്ലാത്ത താല്‍പര്യം കാണിച്ചിരുന്നു. 2013-14കാലത്ത്, യു.പി.എ ഭരണത്തില്‍ 604.66 കോടി രൂപ ഇന്ത്യ ആ രാജ്യത്ത് ചെലവഴിച്ചെങ്കില്‍ മോഡികാലഘട്ടത്തില്‍ 2014-15ല്‍ അത് 197.88കോടി, 2017-18ല്‍ 78.02 കോടിയായി കുറഞ്ഞെങ്കിലും നയതന്ത്രതലത്തില്‍ കാര്യമായ മാറ്റങ്ങള്‍ക്കൊന്നും വഴിവെച്ചില്ല. മാറിയ ലോകത്ത് പണമാണ് എല്ലാം എന്നതുകൊണ്ട് തന്നെ, വന്‍നിക്ഷേപങ്ങളും സഹായവാഗ്ദാനങ്ങളും നല്‍കി ചൈന ബംഗ്ലാദേശില്‍ ഇറങ്ങിക്കളിക്കുന്നുണ്ട് എന്നാണ് ഏറ്റവുമൊടുവിലത്തെ സംഭവവികാസങ്ങള്‍ വെളിപ്പെടുത്തുന്നത്. 31ബില്യന്‍ ഡോളറിന്റെ വികസന പദ്ധതികളാണ് ബെയ്ജിങ് ഭരണകൂടം ധാക്കക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. റോഡ്, റെയില്‍വേ വികസനം മുതല്‍ വൈദ്യുതോല്‍പാദന പദ്ധതികള്‍വരെ ആസൂത്രണം കഴിഞ്ഞ് പ്രായോഗിക ഘട്ടത്തിലാണ്. ആ രാജ്യത്തെ നിസ്സാരമായ രാഷ്ട്രീയമാറ്റം പോലും സ്റ്റാറ്റസ്‌കോ തെറ്റിക്കുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. ഗംഗാജലം പങ്കിട്ടെടുക്കുന്ന വിഷയത്തിലടക്കം ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചിട്ട് ഫലമില്ല.

സ്വതന്ത്ര മാലദ്വീപിനെ അംഗീകരിച്ച ആദ്യരാജ്യമാണ് ഇന്ത്യ. ഇന്ത്യാ മഹാസമുദ്രത്തില്‍ ലക്ഷദ്വീപില്‍നിന്ന്700 കി.മീറ്റര്‍ അകലെ, ഇന്ത്യയുടെ കരയില്‍നിന്ന് 12,00 കി.മീറ്റര്‍ അകലെയും സ്ഥിതി ചെയ്യുന്ന ഈ കൊച്ചുരാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും തന്ത്രപരമായ പ്രാധാന്യവും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരിക്കലും അവഗണിക്കാന്‍ പറ്റാത്തതാണ്. ആ രാജ്യത്തിന്റെ രാഷ്ട്രീയ അസ്ഥിരത ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുത്തിയത് നമ്മളെയാണ്. 2013ല്‍ അബ്ദുല്ല യമീന്‍ ഭരണത്തിലേറിയതോടെ പ്രകടമാക്കിയ ചൈനയോടുള്ള ചായ്്വ് എന്‍.ഡി.എയുടെ ‘സാഗര്‍ ‘ (SAGAR ) പദ്ധതിക്ക് കനത്ത തിരിച്ചടിയായി. മറ്റു അയല്‍രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തുച്ഛമായ സാമ്പത്തിക സഹായമാണ് ഇന്ത്യ കൈമാറുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ചൈന നടത്തുന്ന സജീവമായ ഇടപെടലുകളും സഹായഹസ്തങ്ങളും ‘ഇന്ത്യ ആദ്യം’ എന്ന മാലദ്വീപിന്റെ പ്രഖ്യാപിതനയത്തില്‍ വ്യതിയാനം വരുത്തിയിട്ടുണ്ട്. ചൈനയുമായി വ്യാപാരക്കരാര്‍ ഉണ്ടാക്കിക്കഴിഞ്ഞു. ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ സന്ദര്‍ശിച്ചതിന്റെ പേരില്‍ പ്രാദേശികകൗണ്‍സിലര്‍മാര്‍ക്ക് എതിരെ നടപടി സ്വീകരിച്ച വിചിത്രവാര്‍ത്തയും നമ്മെ തേടിയെത്തുകയുണ്ടായി. രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ആ ദ്വീപ് രാഷ്ട്രത്തില്‍ കലാപമുണ്ടായപ്പോള്‍ രായ്ക്കുരാമാനം ബോട്ടുകളില്‍ സൈനികരെ വിട്ട് കലാപം ഒതുക്കി നമ്മുടെ കരുത്തും സ്വാധീനശേഷിയും തെളിയിച്ച ഇന്ത്യ, ഇന്ന് അനഭിമതരുടെ ഗണത്തിലാണ് എന്ന് കേള്‍ക്കുമ്പോള്‍ എവിടെയാണ് നമുക്ക് പിഴക്കുന്നതെന്ന് അന്വേഷിച്ചുകണ്ടെത്തേണ്ടിയിരിക്കുന്നു. മറ്റൊരു അയല്‍രാജ്യമായ ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിന്റെ കാര്യം പരിശോധിച്ചാലും പ്രതീക്ഷക്കു വകനല്‍കുന്നതല്ല പുതിയ സംഭവവികാസങ്ങളെന്ന് നിസ്സംശയം പറയാം. രാജീവ് ഗാന്ധിയുടെ കാലത്ത് നടത്തിയ സൈനിക ഇടപെടല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വങ്കത്തമാണെന്ന് തെളിയിച്ചു. ഭരണമാറ്റത്തോടെ ഇന്ത്യയോടുള്ള നയനിലപാടുകളില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടേയിരുന്നുവെങ്കിലും ചൈനയുടെ ഇടപെടല്‍ നയതന്ത്രതലത്തില്‍ കനത്ത തിരിച്ചടിയാണ് നമുക്ക് സമ്മാനിച്ചത്. തുറമുഖങ്ങളുടെ നവീകരണത്തിനും വികസനത്തിനും ചൈന വാദഗ്ദാനം ചെയ്ത ബില്യന്‍ കണക്കിന് ഡോളറുകള്‍ മേലില്‍ ഒന്നിനും ഇന്ത്യയെ ആശ്രയിക്കേണ്ടതില്ല എന്ന വിചാരം ഒരുവേള നമ്മുടെ ഉറ്റസൃഹൃത്തുക്കളായ ആ രാജ്യത്ത് വളര്‍ത്തിയതിന് ഉത്തരവാദികള്‍ നാം തന്നെയാണ്. യു പി എ കാലത്ത് നല്‍കിക്കൊണ്ടിരുന്ന വന്‍ സഹായം മോഡിസര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെ ആശ്രിതത്വമനോഭാവം മാറ്റിയെടുക്കാനും പുതിയ ചങ്ങാത്തത്തെ പുണരാനും ലങ്കന്‍ രാഷ്ട്രീയ നേതൃത്വത്തെ പ്രേരിപ്പിച്ചുവെന്ന് വേണം വിലയിരുത്താന്‍. ഇന്ത്യയുടെ പരമ്പരാഗത മിത്രങ്ങളായ അറബ് രാജ്യങ്ങളുമായി ഇക്കാലമത്രയും നിലനിന്ന ഊഷ്മളബന്ധത്തിന് കോട്ടം തട്ടിയത് ഈയടുത്ത കാലത്താണ്. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചുനടപ്പാക്കുന്ന ആര്‍ എസ് എസ് അജണ്ടകളില്‍ നിറഞ്ഞുനില്‍ക്കുന്ന മുസ്‌ലിം വിരുദ്ധതയും പൗരാവകാശ ധ്വംസനങ്ങളും പീഡനങ്ങളും പരസ്യമായി പ്രതികരിക്കാന്‍ അറബ് രാജ്യങ്ങളെ നിര്‍ബന്ധിതരാക്കിയിരിക്കുന്നു.

ഭായ്മാര്‍ തമ്മിലുള്ള യുദ്ധം
ഒരുവേള ഇന്ത്യന്‍ തെരുവുകളില്‍ പോലും പ്രതിധ്വനിച്ച മുദ്രാവാക്യമായിരുന്നു ഇന്ത്യ-ചൈന ഭായ് ഭായ് എന്നത്. ലോകത്തിലെ പൗരാണികമായ രണ്ടു നാഗരികതകളെ പ്രതിനിധാനം ചെയ്യുന്ന അയല്‍ രാജ്യങ്ങള്‍ വിഭിന്നമായ രാഷ്ട്രീയ ചിന്താധാരകളാല്‍ നയിക്കപ്പെടുന്നവരാണ്. 1950ല്‍ തന്നെ ചൈന നടത്തിയ തിബറ്റ് അധിനിവേശം ഇന്ത്യയെ ഞെട്ടിച്ചിരുന്നു. ‘പുതിയ അപകടത്തെ കുറിച്ച് ജാഗ്രത പാലിക്കണ’മെന്ന് ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേല്‍ നെഹ്‌റുവിനെ ഉണര്‍ത്തിക്കൊണ്ടിരുന്നു. ഇന്ത്യയെയും അയല്‍രാജ്യങ്ങളെയും വേര്‍തിരിക്കുന്ന മക്‌മോഹന്‍ രേഖ ഒരു സാമ്രാജ്യത്വ സൃഷ്ടിയാണെന്ന അടിസ്ഥാന കാഴ്ചപ്പാടായിരുന്നു ചൈനയുടേത്. എങ്കിലും പുതിയ സ്വതന്ത്രരാജ്യവുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ മുന്നോട്ടുവന്നു. ദലൈലാമക്കും പഞ്ചന്‍ലാമക്കും ഇന്ത്യയില്‍ അഭയം നല്‍കിയത് മേഖല ശ്വാസം അടക്കിപ്പിടിച്ചാണ് നോക്കിക്കണ്ടത്. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള ത്വരയും സഹൃദയത്വവും നെഹ്‌റുവിലേക്ക് അന്നത്തെ ഭരണാധികാരി ചൗ അന്‍ ലായിയെ അടുപ്പിച്ചു. ഇന്ത്യ-ചൈന ഭായ് ഭായ് എന്ന മുദ്രാവാക്യം മുഴങ്ങിക്കേട്ട ചരിത്ര നിമിഷമായിരുന്നു അത്. പക്ഷേ ചൈനീസ് ഭരണകൂടം 1962ല്‍ യുദ്ധത്തിലേക്ക് ചാടിവീണു. ഇന്ത്യയുടെ അധീനതയിലുള്ള കശ്മീരിനോട് ചേര്‍ന്നുകിടക്കുന്ന അക്‌സായി ചൈന എന്ന് വിളിക്കപ്പെടുന്ന പ്രദേശത്തിന്മേല്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു കമ്യൂണിസ്റ്റ് രാജ്യത്തിന്റെ ലക്ഷ്യം. അതില്‍ അവര്‍ എളുപ്പത്തില്‍ വിജയം കാണുകയും ചെയ്തു. 1967ല്‍ വീണ്ടും യുദ്ധമുഖം തുറന്നു. അതിര്‍ത്തിത്തര്‍ക്കം തന്നെയായിരുന്നു കാരണം. അതിനുശേഷം അരനൂറ്റാണ്ടായി തുടരുന്ന ശാന്തതക്ക് ഭംഗം വരുത്തിയാണ് ലഡാക്കിലെ ഗല്‍വാര്‍ താഴ്്വരയില്‍ ഇരുസൈന്യവും കായികമായി ഏറ്റുമുട്ടിയത്. പെട്ടെന്നുണ്ടായ എന്തെങ്കിലും പ്രകോപനമായിരുന്നില്ല സംഘര്‍ഷത്തിന് കാരണം. അപ്രതീക്ഷിതമായിരുന്നില്ല ഈ ഏറ്റുമുട്ടല്‍. ചീനപ്പട്ടാളം അതിര്‍ത്തിയില്‍ യുദ്ധകാലഘട്ടത്തിലെന്ന പോലെ സൈനികമായി മുന്നൊരുക്കങ്ങള്‍ നടത്തുന്നതായി മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷേ ഡല്‍ഹി ഭരണകൂടം അത് ഗൗവരത്തിലെടുത്തില്ല. എല്ലാറ്റിനുമൊടുവില്‍ ഉഭയകക്ഷി ചര്‍ച്ചകളിലുടെ ഇരുസൈന്യങ്ങളും തര്‍ക്കപ്രദേശത്തുനിന്ന് പിന്മാറ്റം നടത്തിയിട്ടുണ്ടെങ്കിലും ശാശ്വതപരിഹാരമായി എന്ന് കരുതാനാകില്ല. കാരണം അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കയാണ്. സാമ്പത്തികവും വാണിജ്യപരവുമായ ഒട്ടേറെ താല്‍പര്യങ്ങള്‍ കുടികൊള്ളുന്നത് ഇന്ന് തര്‍ക്കമേഖലകളിലാണ്. ഉദാഹരണത്തിന് പാക്കധീന കശ്മീരിലും ഗില്‍ഗിത്, ബല്‍തിസ്താന്‍ മേഖലയിലും കൂടിയാണ് പാക്- ചൈന സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത്. ആ മേഖലയുടെ ഭദ്രത കാത്തുസൂക്ഷിക്കേണ്ട ബാധ്യത ബെയ്ജിങ് ഭരണകൂടത്തിനുണ്ട്. ആ നീക്കം തുറന്നഏറ്റുമുട്ടലില്‍ കലാശിക്കാനാണ് സാധ്യത.

Kasim Irikkoor

You must be logged in to post a comment Login