അഖണ്ഡഭാരതം എന്നു പറഞ്ഞ് സംഘപരിവാറിലെ ചില സംഘടനകള്‍ പ്രചരിപ്പിക്കുന്ന ഭൂപടത്തിലെ ഇന്ത്യ ഇന്നത്തെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയും ടിബറ്റും എല്ലാം അടങ്ങുന്നതാണ്. എന്നാല്‍, സംഘപരിവാറിനു പ്രിയങ്കരനായ നരേന്ദ്രമോഡി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനു ശേഷം അതിര്‍ത്തികള്‍ വിശാലമാവുകയല്ല, അവിടെയെല്ലാം സംഘര്‍ഷം വര്‍ധിക്കുകയാണ് ചെയ്തത്. ശത്രുരാജ്യമായ പാകിസ്ഥാനും ഇണങ്ങിയും പിണങ്ങിയും നിന്നിരുന്ന ചൈനയും മാത്രമല്ല, ഉറ്റസുഹൃത്തായി, സാമന്തരെപ്പോലെ കഴിഞ്ഞിരുന്ന നേപ്പാളുപോലും ഇന്ത്യക്കു നേരെ പത്തിവിടര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. സമുദ്രാതിര്‍ത്തി പങ്കിടുന്ന ശ്രീലങ്കയും മാലദ്വീപും ഇന്ത്യയെ വിട്ട് ചൈനയോട് അടുക്കാന്‍ ശ്രമിക്കുന്നു. എക്കാലവും ഇന്ത്യക്കൊപ്പമായിരുന്ന ബംഗ്ലാദേശും അഭിപ്രായഭിന്നതകള്‍ പ്രകടിപ്പിക്കുന്നു.
ഇന്ത്യയിലെ ഭരണകൂടം പൗരാണിക ചരിത്രത്തിനും സംസ്‌കാരത്തിനും ഊന്നല്‍ നല്‍കുമ്പോള്‍ തങ്ങളുടെ നിലനില്‍പും പരമാധികാരവും അപകടത്തിലാവുമോ എന്ന് അയല്‍പ്പക്കത്തെ ചെറുരാജ്യങ്ങളില്‍ ആശങ്ക പടരുന്നതും ഇന്ത്യയെ വളഞ്ഞുപിടിക്കാന്‍ ശ്രമിക്കുന്ന ചൈന ഈ ആശങ്കയെ മുതലെടുക്കുന്നതുമാണ് ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്കു കാരണമെന്ന് വാഷിങ്ടണില്‍ ഹഡ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷകയായ അപര്‍ണ പാണ്ഡേ ‘ദ പ്രിന്റി’ല്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. അയല്‍പക്കത്ത് തീവ്രദേശീയവാദികള്‍ക്കു മുന്‍തൂക്കം നല്‍കുന്ന കക്ഷികള്‍ക്കു പ്രാമുഖ്യം ലഭിക്കാനും അവര്‍ ഭരണത്തിലെത്താനും ഈ ആശങ്ക വഴിയൊരുക്കും. യൂറോപ്യന്‍ യൂണിയനെതിരെ അംഗരാജ്യങ്ങളിലുണ്ടായ വികാരത്തിന് സമാനമാണിത്. നേപ്പാളിന്റെ കാര്യത്തില്‍ സംഭവിച്ചത് അതാണ്.
അതിര്‍ത്തി മാതമല്ല, ഇന്ത്യയുമായി ചരിത്ര, മത, സാംസ്‌കാരിക സവിശേഷതകള്‍കൂടി പങ്കുവെക്കുന്ന രാജ്യമാണ് നേപ്പാള്‍. 1950ല്‍ ചൈന ടിബറ്റിനെ കീഴ്പ്പെടുത്തിയതുമുതല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുരക്ഷാ പ്രാധാന്യമുള്ള ഭൂപ്രദേശമാണത്. ഇന്ത്യയുടെ കരസേനാ മേധാവിക്ക് നേപ്പാള്‍ സേനയില്‍ ഓണററി ജനറല്‍ സ്ഥാനമുണ്ട്. നേപ്പാളിലെ ഗൂര്‍ഖകള്‍ക്കായി ഇന്ത്യന്‍ സൈന്യത്തില്‍ ഒരു റെജിമെന്റുമുണ്ട്. ഇന്ത്യക്കാര്‍ക്കും നേപ്പാളുകാര്‍ക്കും ഇരു രാജ്യങ്ങളിലും താമസിക്കാനും ജോലി ചെയ്യാനും വേണമെങ്കില്‍ പൗരത്വം സ്വീകരിക്കാനും അനുമതിയുണ്ട്. മേല്‍ക്കോയ്മ അംഗീകരിച്ച്, സൗജന്യങ്ങള്‍ സ്വീകരിച്ച് എത്രയോ കാലം ഇന്ത്യയുടെ മിത്രമായി കഴിഞ്ഞ നേപ്പാള്‍ അതിര്‍ത്തിത്തര്‍ക്കമുന്നയിച്ച് ഇന്ത്യക്കെതിരെ തിരിഞ്ഞിരിക്കുകയാണിപ്പോള്‍.
സുരക്ഷാ വിഷയത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുന്നതിന് പകരമായി അടിസ്ഥാന മേഖലകളില്‍ നേപ്പാളിനും ഭൂട്ടാനും സഹായം നല്‍കുക എന്നത് ഇന്ത്യയുടെ വിദേശനയത്തിന്റെ ഭാഗമായിരുന്നു. നരേന്ദ്ര മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘നെയ്ബര്‍ഹുഡ് ഫസ്റ്റ്’ എന്ന നയത്തിന്റെ കാതലും അതു തന്നെയായിരുന്നു. എന്നാല്‍ പ്രായോഗികതലത്തില്‍ അതല്ല നടപ്പായത്. ലോകത്തെ ഏക ഹിന്ദു രാഷ്ട്രമായിരുന്ന നേപ്പാള്‍ 240 വര്‍ഷത്തെ രാജഭരണത്തിനു ശേഷം മതനിരപേക്ഷ, ജനാധിപത്യത്തിലേക്ക് നീങ്ങിയപ്പോള്‍ ആ അവസരം ഉപയോഗപ്പെടുത്താന്‍ ഇന്ത്യക്കു കഴിഞ്ഞില്ല. നേപ്പാളിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്ര ശ്രമം നടത്തിയ രാജ്യമാണ് ഇന്ത്യ. 2015ലെ ഭൂകമ്പത്തില്‍ സഹായവുമായി ആദ്യമെത്തിയതും ഇന്ത്യയാണ്. എന്നാല്‍ മാധേസി പ്രക്ഷോഭത്തിനും അതേത്തുടര്‍ന്നുള്ള ഉപരോധത്തിനും ഇന്ത്യ നല്‍കിയ പിന്തുണ നേപ്പാളില്‍ ഇന്ത്യാവിരുദ്ധ വികാരം വളര്‍ത്തി.
നേപ്പാളില്‍ പുതിയ ഭരണഘടനവന്നപ്പോള്‍, താഴ്വരയിലെ മാധേസികള്‍ക്ക് തങ്ങള്‍ അവഗണിക്കപ്പെട്ടതായി തോന്നി. ഇന്ത്യയുടെ പരോക്ഷ പിന്തുണയോടെ അവര്‍ പ്രക്ഷോഭം തുടങ്ങി. ഇന്ത്യയില്‍ നിന്നുള്ള ചരക്കുനീക്കം ഉപരോധിക്കപ്പെട്ടു. അഞ്ചുമാസം നീണ്ട ഉപരോധം നേപ്പാളിനെ വറുതിയിലാഴ്ത്തി. ഇന്ത്യയിലെ നരേന്ദ്രമോഡി സര്‍ക്കാരിന്റെ മൗനാനുവാദത്തോടെയാണീ പ്രക്ഷോഭമെന്ന് സ്വാഭാവികമായും ആരോപണം ഉയര്‍ന്നു. ഇന്ത്യാവിരുദ്ധ മനോഭാവം പടര്‍ന്നപ്പോള്‍ അവിടത്തെ ഇടതുകക്ഷികള്‍ ഭിന്നത മറന്ന് സഖ്യമുണ്ടാക്കി. കമ്യൂണിസ്റ്റ് നേതാവ് കെ പി ഒലി ദേശീയ നേതാവായി ഉയര്‍ന്നു. തിരഞ്ഞെടുപ്പില്‍ ജയിച്ച് പ്രധാനമന്ത്രിയായി. തുല്യപങ്കാളികള്‍ എന്നതിലുപരി തങ്ങളെ സാമന്ത രാജ്യമായാണ് ഇന്ത്യ പരിഗണിക്കുന്നത് എന്ന പരാതി നേപ്പാളിലെ ദേശീയവാദികള്‍ക്കിടയില്‍ നേരത്തേയുണ്ട്. ഇന്ത്യാവിരുദ്ധനായ കെ പി ഒലി പ്രധാനമന്ത്രിയായതോടെ ഈ വികാരം ചൈന മുതലെടുത്തു. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കൈയയച്ച് പണം നല്‍കി ചൈന നേപ്പാളിലേക്ക് നുഴഞ്ഞുകയറി. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഭൂപടവിവാദം.
കാലാപാനി, ലിംപിയാഹുര, മേച്ചി, തനക്പുര്‍ പ്രദേശങ്ങളിലായി 60,000 ഹെക്ടര്‍ സ്ഥലത്തെച്ചൊല്ലി ഇന്ത്യയും നേപ്പാളും തമ്മില്‍ മുന്‍പേ തര്‍ക്കമുണ്ട്. 1816ല്‍ നേപ്പാളിലെ രാജാവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും ഒപ്പുവെച്ച കരാറിന്റെ കാലം മുതലേയുള്ള പ്രശ്നമാണിത്. ഈ പ്രദേശങ്ങള്‍ ഇന്ത്യയുടേതാണെന്ന് വ്യക്തമാക്കുന്ന ഭൂപടം 2019 നവംബറില്‍ ഇന്ത്യ പ്രസിദ്ധീകരിച്ചു. നേപ്പാള്‍ കടുത്ത പ്രതിഷേധമുയര്‍ത്തി. ഇത് തങ്ങളുടെ ഭൂഭാഗമാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഈ മേയ് 20ന് നേപ്പാള്‍ ഭൂപടം പ്രസിദ്ധീകരിച്ചു. ജൂണ്‍ 18ന് അതിന് നേപ്പാള്‍പാര്‍ലമെന്റ് അംഗീകാരം നല്‍കി. ഭൂപടം മാറ്റിയതിനു പിന്നാലെ ഇവിടത്തെ അതിര്‍ത്തിലെ തൂണുകള്‍ നേപ്പാള്‍ നീക്കിയെന്നും പുതിയ പൊലീസ് ഔട്പോസ്റ്റുകള്‍ പണിയാന്‍ തുടങ്ങിയെന്നും ഇന്ത്യയുടെ അതിര്‍ത്തി സേനയായ സശസ്ത്ര സീമാ ബല്‍ ജൂണ്‍ 15ന് വെളിപ്പെടുത്തി. തന്റെ ഭരണം അട്ടിമറിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നുവെന്ന ഗുരുതരമായ ആരോപണവുമായാണ് കെ പി ഒലി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.
നേപ്പാളുമായുള്ള അതിര്‍ത്തിത്തര്‍ക്കംപോലെ ചെറുതല്ല, ഇന്ത്യ-ചൈന നിയന്ത്രണ രേഖയില്‍ ഗാല്‍വനിലുണ്ടായ ചോരക്കളി. കാര്‍ഗിലില്‍ 1999ല്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ കടന്നുകയറ്റത്തിന് സമാനമാണ് ഗാല്‍വനില്‍ ചൈന നടത്തിയ അതിക്രമമെന്ന് ‘ദ ട്രിബ്യൂണില്‍’ പത്രാധിപര്‍ രാജേഷ് രാമചന്ദ്രന്‍ എഴുതിയ ലേഖനത്തില്‍ അഭിപ്രായപ്പെടുന്നു. ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയതിനു പിന്നാലെ ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു പ്രസ്താവന നടത്തിയിരുന്നു. പാക് അധീന കശ്മീരും അക്സായി ചിന്നും ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളാണെന്നും അവ നിലനിര്‍ത്താന്‍ സ്വന്തം ജീവന്‍പോലും ബലി നല്‍കുമെന്നും. വോട്ടും കൈയടിയും നേടാന്‍ സങ്കീര്‍ണമായ നയതന്ത്രവിഷയങ്ങളെപ്പറ്റി വാചകക്കസര്‍ത്തു നടത്തുന്ന സ്വഭാവം ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്കുണ്ടെന്നും എന്നാല്‍ അക്സായി ചിന്‍ കൈവശം വെച്ചിരിക്കുന്ന ചൈന ഇതിനെ പ്രകോപനമായിക്കണ്ട് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുകയായിരുന്നു എന്നും രാജേഷ് രാമചന്ദ്രന്‍ എഴുതുന്നു. പ്രത്യേകാധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനാ വകുപ്പ് എടുത്തുകളഞ്ഞ് ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമായി മാറ്റിയ ശേഷം കശ്മീര്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം കുറയുകയല്ല ചെയ്തത്. ഔദ്യോഗിക കണക്കനുസരിച്ച് ഇന്ത്യ-പാക് അതിര്‍ത്തിയില്‍ 2019ല്‍ 3200ല്‍ ഏറെ വെടിനിര്‍ത്തല്‍ ലംഘനമാണ് റിപ്പോര്‍ട്ട് ചെയ്തത്. 16 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
മോഡിയുടെ വിദേശനയത്തില്‍ രണ്ടാം സ്ഥാനം മാത്രമേ ഇന്ത്യക്കുള്ളൂ എന്ന് നന്നായറിയുന്ന രാജ്യമാണ് ചൈനയെന്ന് ‘ദ പ്രിന്റി’ല്‍ എഴുതിയ ലേഖനത്തില്‍ ശിവം വിജ് പറയുന്നു. 2014ല്‍ അധികാരത്തില്‍ വന്നശേഷം നരേന്ദ്ര മോഡി 18 തവണയാണ് ചൈനയുടെ ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയത്. അഞ്ചു തവണ അദ്ദേഹം ചൈന സന്ദര്‍ശിച്ചു. എല്ലായ്പോഴും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് മനോഹരമായ ഫോട്ടോയെടുക്കാനുള്ള അവസരം ചൈന ഒരുക്കിക്കൊടുത്തു. കിട്ടുന്ന അവസരത്തിലെല്ലാം അവര്‍ ഇന്ത്യയെ പിന്നില്‍ നിന്നു കുത്തുകയും ചെയ്തു. ശ്രീലങ്കയിലും മാലദ്വീപിലും തുറമുഖങ്ങളുണ്ടാക്കുകയും പാകിസ്താനിലും നേപ്പാളിലും ബംഗ്ലാദേശിലും റോഡു നിര്‍മിക്കുകയും ഭൂട്ടാനുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുകയും ചെയ്ത് ഇന്ത്യയെ നാലുപാടുനിന്നും വളയാനാണ് ചൈന ശ്രമിക്കുന്നത്. അയല്‍ രാജ്യങ്ങള്‍ ഇന്ത്യയില്‍നിന്നകലുകയാണ് എന്നതാണ് അതിന്റെ ഫലം.
ഇന്ത്യയുടെ സഹായത്തോടെ, പാകിസ്ഥാനില്‍നിന്ന് സ്വതന്ത്രമായി രൂപപ്പെട്ട ബംഗ്ലാദേശ് എക്കാലവും ഇന്ത്യയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. എന്നാല്‍ പതുക്കെപ്പതുക്കെ അവരും ചൈനയുടെ പാളയത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചനകള്‍. ബംഗ്ലാദേശിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളിയെന്ന സ്ഥാനം 2015ല്‍ ചൈന സ്വന്തമാക്കി. 40 വര്‍ഷമായി ഇന്ത്യ നിലനിര്‍ത്തിപ്പോന്ന സ്ഥാനമാണിത്. റോഡുകളായും പാലങ്ങളായും അടിസ്ഥാനമേഖലാ വികസനത്തിന് 3100 കോടി ഡോളറാണ് ബംഗ്ലാദേശില്‍ ചൈന മുതല്‍മുടക്കിയത്. ഇന്ത്യയുടെ പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വപ്പട്ടികയുമാണ് ബംഗ്ലാദേശുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയത്. പ്രതിഷേധ സൂചനയായി രണ്ടു ബംഗ്ലാദേശ് മന്ത്രിമാരാണ് ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയത്. ചൈനയുമായി കൂടുതല്‍ അടുക്കുകയാണെന്ന സൂചന നല്‍കിക്കൊണ്ട് ജൂലായ് മാസത്തില്‍ അവിടം സന്ദര്‍ശിക്കാനൊരുങ്ങുകയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന.
ഇന്ത്യാമഹാസമുദ്രത്തിലെ ദ്വീപുകളായ ശ്രീലങ്കയും മാലദ്വീപും ഇന്ത്യയുടെ സൈനിക സഹായം സ്വീകരിച്ചിട്ടുള്ളവരാണ്. ആഭ്യന്തരയുദ്ധത്തില്‍പ്പെട്ട ശ്രീലങ്കയിലേക്ക് സമാധാനപാലനസേനയെ അയച്ചതിന് വലിയ വില കൊടുക്കേണ്ടിവന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍, തമിഴ് പ്രശ്നവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ഇണങ്ങിയും പിണങ്ങിയും നിന്നവരാണ് അന്നാട്ടിലെ ഭരണനേതൃത്വങ്ങള്‍. തമിഴ് വംശജരുടെ രാഷ്ട്രീയ അവകാശങ്ങള്‍ക്കായി രൂപപ്പെട്ട എല്‍ ടി ടി ഇ 1983ല്‍ ശ്രീലങ്കന്‍ സര്‍ക്കാരിനോട് തുറന്ന യുദ്ധം പ്രഖ്യാപിച്ചു. സംഭാഷണത്തിന്റെയും സമവായത്തിന്റെയും സമാധാനത്തിന്റെയും വഴികളോട് മുഖംതിരിച്ചുനിന്ന തമിഴ് പുലികളെ കിരാതമുഷ്ടി പ്രയോഗിച്ച് നശിപ്പിക്കുകയെന്ന നയമാണ് പിന്നീട് അധികാരത്തില്‍ വന്ന മഹീന്ദ രാജപക്സെ ഭരണകൂടം സ്വീകരിച്ചത്. വേലുപ്പിള്ള പ്രഭാകരനെ വധിച്ച് തമിഴ് വിമോചനപ്പോരാട്ടം അടിച്ചമര്‍ത്തിയ മഹീന്ദ രാജപക്സേയ്ക്ക് ശ്രീലങ്കയില്‍ അപ്രമാദിത്വം ലഭിച്ചതോടെയാണ് ആ രാജ്യം ഇന്ത്യയെ വിട്ട് ചൈനയോട് അടുക്കാന്‍ തുടങ്ങിയത്.
പ്രസിഡന്റായിരുന്ന മഹീന്ദ രാജപക്സെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുകയും സഹോദരന്‍ ഗോട്ടബായ രാജപക്സെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെ ശ്രീലങ്കയില്‍ ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റാന്‍ തുടങ്ങി. നേരത്തേ തന്നെ ശ്രീലങ്കയെ ചൈനയുടെ പാളയത്തില്‍ കെട്ടാന്‍ ശ്രമിച്ച രാജപക്സെ ആ രാജ്യവുമായുള്ള ബന്ധം ദൃഢമാക്കി. റോഡും പാലവും തുറമുഖങ്ങളും നിര്‍മിക്കാന്‍ ചൈന ശ്രീലങ്കയില്‍ പണമൊഴുക്കി. സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് വായ്പാ തിരിച്ചടവ് കാലപരിധി മരവിപ്പിക്കണമെന്ന ശ്രീലങ്കയുടെ ആവശ്യത്തോട് ഇന്ത്യ മുഖം തിരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കൂടുതല്‍ സഹായത്തിനായി ചൈനയെ സമീപിക്കാനൊരുങ്ങുകയാണ് രാജപക്സേ ഭരണകൂടം.
സമുദ്രാതിര്‍ത്തി പങ്കിടുന്ന മാലദ്വീപിന് സുരക്ഷാ സഹായം നല്‍കിയിരുന്ന രാജ്യമാണ് ഇന്ത്യ. 1966ല്‍ സ്വാതന്ത്ര്യം നേടിയ മാലദ്വീപിനെ ആദ്യം അംഗീകരിച്ച രാജ്യങ്ങളിലൊന്നാണിത്. 1988ല്‍ പ്രസിഡന്റ് മഅ്മൂന്‍ അബ്ദുള്‍ ഖയൂമിനെതിരേ പട്ടാള അട്ടിമറിയുണ്ടായപ്പോള്‍ സൈനിക സഹായം നല്‍കിയത് ഇന്ത്യയാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദിനെ തീവ്രവാദക്കുറ്റം ചുമത്തി 2015ല്‍ അറസ്റ്റു ചെയ്തതോടെ ഇന്ത്യയുമായുള്ള ബന്ധം മോശമായി. അബ്ദുള്ള യമീന്‍ പ്രസിഡന്റായപ്പോള്‍ ഇന്ത്യയുമായി ഇടഞ്ഞു. സൈനികരെ പിന്‍വലിക്കണമെന്നുപോലും ആവശ്യപ്പെട്ടു. ചൈനയുമായി അടുത്തു. 2018ലെ തിരഞ്ഞെടുപ്പില്‍ നഷീദിന്റെ പിന്തുണയോടെ ഇബ്രാഹിം മുഹമ്മദ് സാലിഹ് അധികാരത്തില്‍ വന്നതോടെ ഇന്ത്യയ്ക്കനുകൂലമായ നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും പലതും പ്രഖ്യാപനം മാത്രമായി തുടരുകയാണ്.
സാമ്പത്തിക സഹായം നല്‍കിയും ഊരിപ്പോകാനാവാത്തവിധം കടക്കെണിയില്‍പെടുത്തിയും രാഷ്ട്രീയ നേതൃത്വത്തിന് സൗജന്യങ്ങള്‍ വാരിക്കോരി നല്‍കിയും ചെറുരാജ്യങ്ങളെ തങ്ങള്‍ക്കൊപ്പം നിര്‍ത്തി ഇന്ത്യയെ വലയം ചെയ്യുകയെന്ന നയമാണ് ചൈന സ്വീകരിക്കുന്നതെന്ന് ‘കൗണ്ടര്‍വ്യൂ’ വെബ്സൈറ്റില്‍ എഴുതിയ ലേഖനത്തില്‍ എന്‍ എസ് വെങ്കട്ടരാമന്‍ പറയുന്നു. എന്നാല്‍ സമീപ ഭാവിയില്‍ത്തന്നെ ഈ നീക്കം ചൈനക്ക് തിരിച്ചടിയാവും എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കളെ വിലയ്ക്കുവാങ്ങാനും സമ്പദ്മേഖലയെ കൈപ്പിടിയിലൊതുക്കാനും കഴിഞ്ഞേക്കാമെങ്കിലും ഇവിടത്തെ ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ ചൈനക്ക് കഴിയില്ലെന്ന് അദ്ദേഹം പറയുന്നു. സര്‍ക്കാര്‍ ചൈനക്കു കീഴടങ്ങുന്നതിനെതിരേ ശ്രീലങ്കയിലും പാകിസ്ഥനിലും ഉയരുന്ന പ്രതിഷേധങ്ങള്‍ അതിന്റെ സൂചനയാണെന്ന് അദ്ദേഹം കരുതുന്നു.
എസ് കുമാര്‍
You must be logged in to post a comment Login