വെട്ടുകിളികളെ കരുതിയിരിക്കണം. എന്തെന്നാല്‍ അവ കാഴ്ചയില്‍ അക്രമികളല്ല. ചാരനിറം ഏറിയ ഒരു പച്ചത്തുള്ളന്‍. ഓമനിക്കാന്‍ തോന്നുന്നത്ര വിനീത ഭാവം. ഒരിക്കല്‍ ഒരിടത്ത് പറന്നിറങ്ങിയാല്‍ പക്ഷേ, അവിടം മുടിയും. ഹരിതാഭയാണ് ശത്രു. അതിവേഗം പെരുകും. നാനൂറ് മടങ്ങോളം വരും വംശവര്‍ധന. അരലക്ഷം മനുഷ്യര്‍ക്ക് വേണ്ട ഭക്ഷണം ഒറ്റദിവസം കൊണ്ട് തിന്നുമുടിപ്പിക്കും. സ്വന്തം ശരീരഭാരത്തിന്റെ അത്ര അവ ഭക്ഷിച്ചുകളയും. അതീവ ശാന്തമായി വന്നിറങ്ങി അതിവേഗം പടര്‍ന്ന് അവ മടങ്ങുമ്പോഴേക്കും പച്ചപ്പിന്റെ അവസാന കണികയും ചാമ്പലാകും. അതിനാല്‍ വെട്ടുകിളികളെ മനുഷ്യര്‍ ഭയക്കണം. കുഞ്ഞന്‍ കിളികളാണല്ലോ എന്ന് സമാധാനിക്കാന്‍ തുടങ്ങുമ്പോഴേക്കും വന്നിടവും നിന്നിടവും തുരന്ന് അവര്‍ മരണനൃത്തം ചവിട്ടും.
വെട്ടുകിളികള്‍ ഇന്ത്യയെ സംബന്ധിച്ച് ഒരു രാഷ്ട്രീയ ഓര്‍മകൂടിയാണ്. അടിയന്തരാവസ്ഥയാണ് ആ ഓര്‍മകളുടെ പ്രഭവം. അടിയന്തരാവസ്ഥയുടെ 45-ാം വാര്‍ഷികമാണല്ലോ ഇത്. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥക്കൊപ്പം പത്രമാരണവും കൊണ്ടുവന്നു. പത്രമരണം എന്നും വായിക്കാം. വ്യാപകമായി സെന്‍സര്‍ഷിപ്പ് ഉണ്ടായി. ചെറുക്കാന്‍ ശ്രമിച്ചവരെ പൂട്ടിക്കെട്ടി. പത്രങ്ങള്‍ സെന്‍സറിംഗിനെ അന്തരാ വരിച്ചു. അക്കാലം വെട്ടുകിളികള്‍ വരവറിയിച്ച കാലം കൂടി ആയിരുന്നു. പത്രങ്ങള്‍ വെട്ടുകിളികളെക്കുറിച്ച് പരമ്പരകളും മുഖപ്രസംഗങ്ങളും എഴുതി. അങ്ങനെ വെട്ടുകിളികള്‍ അടിയന്തരാവസ്ഥയുടെ ഓര്‍മ കൂടിയായി.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്തായ ജൈവികത അതിന്റെ വിശ്വരൂപം കാട്ടിയ ചരിത്രസന്ദര്‍ഭമായിരുന്നു അടിയന്തരാവസ്ഥാനന്തരം നടന്ന പൊതുതിരഞ്ഞെടുപ്പ്. ഉത്തരേന്ത്യയില്‍ ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ് തോറ്റമ്പി. ജനാധിപത്യത്തോട് ഇന്ദിര കാട്ടിയ അനീതിക്ക് ജനം ബാലറ്റിലൂടെ മറുപടി നല്‍കി. കേരളത്തില്‍ പക്ഷേ, അടിയന്തരാവസ്ഥക്ക് അനുകൂലമായിരുന്നു വിധി. ജനങ്ങള്‍ കോണ്‍ഗ്രസിനെ തിരഞ്ഞെടുത്തു. പോയ നാല് പതിറ്റാണ്ടിനിടെ എന്തുകൊണ്ടാവണം അവ്വിധം കേരളം വോട്ട് ചെയ്തത് എന്നതിനെ സംബന്ധിച്ച് നിരവധി ആലോചനകള്‍ സംഭവിച്ചിട്ടുണ്ട്. തീര്‍പ്പുകള്‍ ഉണ്ടായിട്ടില്ല. ജനാധിപത്യത്തോട് അനീതി ചെയ്ത ഒരു ഭരണകൂടത്തോട് ജനാധിപത്യാവബോധത്തില്‍ പലനിലകളില്‍ മുന്നിലുള്ള ഒരു സംസ്ഥാനത്തെ ഭൂരിപക്ഷം ജനത എന്തിന് ഐക്യദാര്‍ഡ്യം കാണിച്ചു എന്നതാണ് ചോദ്യം. ഉത്തരങ്ങളില്‍ ഒന്ന് കേരളത്തില്‍ ആ തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ മുന്നണിയുടെ സവിശേഷത എന്നായിരുന്നു. ആ ഉത്തരത്തെക്കുറിച്ച് അല്‍പം പറയാം.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസായിരുന്നു ഐക്യമുന്നണിയുടെ തലപ്പത്ത്. 38 സീറ്റില്‍ അവര്‍ വിജയിച്ചു. അതും എണ്ണം പറഞ്ഞ ഭൂരിപക്ഷത്തില്‍. കോണ്‍ഗ്രസിന്റെ വിപരീതപദമെന്ന് മാത്രം എന്നും മനസിലാക്കപ്പെട്ടിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ രണ്ടാം കക്ഷി. 23 സീറ്റുകളില്‍ സി.പി.ഐ വെന്നിക്കൊടി നാട്ടി. മലയോര കര്‍ഷകരും ക്രൈസ്തവ പുരോഹിതരും മധ്യതിരുവിതാംകൂറിലെ ഭൂരിപക്ഷം കത്തോലിക്കരും മുന്നിലും പിന്നിലുമുള്ള കേരള കോണ്‍ഗ്രസ് മൂന്നാം കക്ഷി. 20 സീറ്റുകള്‍ അവര്‍ നേടി. മുസ്ലിം ലീഗ് 13 സീറ്റുകളില്‍ ജയിച്ചു. മുസ്ലിം മതവിശ്വാസികള്‍ ഭൂരിപക്ഷമുള്ള മേഖലയിലായിരുന്നു മുഴുവന്‍ വിജയവും. വിപ്ലവം പേരില്‍ തന്നെയുള്ള, ചവറക്കാരുടെ സ്വന്തം ആര്‍.എസ്.പി ഒന്‍പത് സീറ്റുകള്‍ നേടി. ആകെ 140-ല്‍ 103 സീറ്റുകള്‍. കേരളാ കോണ്‍ഗ്രസിനും പിന്നിലായി പോയി പ്രതിപക്ഷത്തെ കരുത്തരായ സി.പി.എം; വെറും പതിനേഴ് സീറ്റ്. കൂത്തുപറമ്പില്‍ നിന്ന് ജയിച്ചത് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിച്ച മറ്റൊരാള്‍ തളിപ്പറമ്പില്‍ നിന്ന് എം.വി രാഘവനും. വി.എസ് അച്യുതാനന്ദന്‍ അമ്പലപ്പുഴയില്‍ ആര്‍.എസ്.പിയുടെ കുമാരപിള്ളയോട് തോറ്റു. സി.പി.എം നേതൃത്വം നല്‍കിയ മുന്നണിയിലും ഒരു മുസ്ലിം ലീഗ് ഉണ്ടായിരുന്നു; ബാഫഖി തങ്ങളുടെ ലീഗ്. അടിയന്തരാവസ്ഥയെ അതിജീവിച്ച കോണ്‍ഗ്രസ് മുന്നണിയിലേക്ക് നോക്കാം. മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും നിറഞ്ഞുനില്‍ക്കുന്ന ഒരിടമാണല്ലോ അത്. അടിയന്തരാവസ്ഥയെ അതിജീവിക്കാന്‍ ആ മുന്നണിയെ പ്രാപ്തമാക്കിയ ഘടകവും അതുതന്നെ എന്നും വായനയുണ്ട്.
ക്രമമില്ലായ്മയിലെ ക്രമം എന്നൊരു പരികല്പനയുണ്ട് സമൂഹശാസ്ത്ര പഠനത്തില്‍. ക്രമമില്ലായ്മകള്‍ സ്വയം ഒരു ക്രമമായി മാറും എന്നതാണത്. മറ്റൊരു സന്ദര്‍ഭത്തില്‍ മറ്റൊരു സവിശേഷതയെ വിശദീകരിക്കാനാണ് ആ പരികല്പന എങ്കിലും യു.ഡി.എഫ് എന്ന വിശാലമുന്നണിയുടെ ജനിതകത്തിന് നന്നേ ഇണങ്ങും ആ പദം. രൂപീകരിക്കപ്പെട്ട കാലം മുതല്‍ ഇങ്ങോട്ട് യു.ഡി.എഫ് ഉള്‍വഹിക്കുന്നത് ആ ക്രമമില്ലായ്മയുടെ ക്രമത്തെ ആണ്. അയഞ്ഞതും ബഹുസ്വരവുമായ ഒരു ഘടന. അതിനകത്തെ പാര്‍ട്ടി പ്രാതിനിധ്യങ്ങളില്‍ ഒട്ടാകെ ഇത് ദൃശ്യവുമാണ്. അഴിമതിയില്‍ മുങ്ങിത്താഴുന്നതിലോ തരാതരം പോലെ കക്ഷികളെ കൂട്ടുന്നതിലോ പ്രത്യേകിച്ചൊരു ദാര്‍ഢ്യം കാണിക്കാത്ത സംഘാടനം. അത് മതവിശ്വാസികളോടും മതനിരാസകരോടും ഒരേയളവില്‍ ഇടപെടും. തിരഞ്ഞെടുപ്പ് മാത്രം അജണ്ടയാവും. എഴുപതുകള്‍ മുതല്‍ ഇങ്ങോട്ട് ഭരണത്തിലിരുന്ന ഓരോ ഘട്ടത്തിലും ഇനിയൊരിക്കലും ഒരു തിരിച്ചുവരവില്ല എന്ന വിധത്തില്‍ ആരോപണങ്ങളുടെ നടുക്കടലില്‍ ഉലഞ്ഞിട്ടുണ്ട് ആ സംവിധാനം. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ ഓര്‍ക്കുക. പലഘട്ടങ്ങളില്‍ വന്ന കെ. കരുണാകരന്‍ സര്‍ക്കാറുകളെ ഓര്‍ക്കുക. അപ്പോഴൊക്കെ കേരളം അഞ്ചുവര്‍ഷത്തേക്ക് മാത്രമാണ് അവരെ ശിക്ഷിച്ചത്. സാധ്യമാകുന്നത്ര ആരോപണരഹിത ഭരണം സമ്മാനിച്ചിട്ടും പലപ്പോഴും മികച്ച ഭരണം കാഴ്ചവെച്ചിട്ടും അഞ്ചുവര്‍ഷത്തിലേറെ ഇടതുമുന്നണിക്ക് കേരളം അവസരം നല്‍കിയിട്ടില്ല. അതിനും കാരണം നമ്മളാദ്യം പറഞ്ഞ ക്രമമില്ലായ്മ നല്‍കുന്ന, ബഹുസ്വരതയും അയവും നല്‍കുന്ന സവിശേഷ രാഷ്ട്രീയാനുഭവമാണ്. ആ അനുഭവത്തിന്റെ പേരാണ് കേരളത്തില്‍ യു.ഡി.എഫ്. സുതാര്യമായ രാഷ്ട്രീയവും നേതാക്കളുമാണ് ആ അയഞ്ഞ വ്യവസ്ഥയുടെ അടിത്തറ. സര്‍വ മതപ്രീണനം പലയാവര്‍ത്തി നടത്തിയിട്ടുണ്ട് യു.ഡി.എഫ്. ശബരിമല മുതല്‍ എത്രയോ അനുഭവങ്ങള്‍. അപ്പോഴെല്ലാം അടിത്തട്ടില്‍ ദൃശ്യപ്പെടുന്ന ഒന്നുണ്ട്. അത് നിശ്ചയമായും മതനിരപേക്ഷതയും ഇന്ത്യ എന്ന മതേതര ആശയത്തോടുള്ള ചേര്‍ന്നുനില്‍പുമാണ്. ഇത് യു.ഡി.എഫിലെ ഏതെങ്കിലും നേതാക്കള്‍ അറിഞ്ഞുകൊണ്ട് എടുക്കുന്ന നിലപാടായി കാണേണ്ടതില്ല. പക്ഷേ, സംവിധാനത്തിന്റെ അടിത്തറ സ്വഭാവം മൂലം അത് മതസഹിത മതേതരവും ബഹുസ്വരവുമാണ്. യു.ഡി.എഫിന് ഒരിക്കലും ഒരു സംഘപരിവാര്‍ സഹയാത്രികരെ, തീവ്രഹിന്ദുത്വത്തിന്റെ അടയാളവാഹകരെ ആ സംവിധാനത്തില്‍ ചേര്‍ക്കാന്‍ കഴിയില്ല. യു.ഡി.എഫിലെ, പ്രത്യേകിച്ചും പല നേതാക്കളും കടുത്ത ഹിന്ദുത്വ നിലപാടുകള്‍ സ്വീകരിച്ച സന്ദര്‍ഭങ്ങള്‍ നിരവധി ഉണ്ട്. ഇവര്‍ ഏതാ പാര്‍ട്ടി എന്നുപോലും ജനങ്ങള്‍ അമ്പരന്ന ഘട്ടങ്ങള്‍. അപ്പോഴും സംവിധാനമെന്ന നിലയില്‍ യു.ഡി.എഫിന് മതേതരമായിരിക്കേണ്ടി വന്നു. അതാകട്ടെ മുഴുവന്‍ മതവിശ്വാസങ്ങളെയും പിന്തുണക്കുന്ന പ്രതിനിധീകരിക്കുന്ന മതേതരത്വമായിരുന്നു. യു.ഡി.എഫിന് അങ്ങനെ നിലയെടുക്കേണ്ടി വന്നതിന്റെ ഒരു കാരണം മുസ്ലിം ലീഗിന്റെയും കേരള കോണ്‍ഗ്രസിന്‍േറയും സജീവ സാന്നിധ്യമാണ്.
ബഹുസ്വരതയെ, ദേശീയ പ്രസ്ഥാനത്തെ, മതേതരത്വത്തെ അംഗീകരിക്കാതെ നിലനില്‍ക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് കേരളത്തിലെ മുസ്ലിം ലീഗ്. തീവ്രനിലപാടുകള്‍ അവര്‍ക്ക് സാധ്യമല്ല. അത്തരം ഏതൊരു നീക്കവും ആ പാര്‍ട്ടിയെ ജനാധിപത്യത്തില്‍ നിന്ന് പുറത്താക്കും. കാരണം ലളിതമാണ്. മുസ്ലിം എന്ന മതസംജ്ഞയെ അത് ശരീരത്തില്‍ വഹിക്കുന്നുണ്ട്. ഒരു മതവിഭാഗത്തെ പ്രതിനിധീകരിച്ചുകൊണ്ടുള്ളതാണ് അതിന്റെ നില. അവരെടുക്കുന്ന നിലപാടുകള്‍ അതിനാല്‍ തന്നെ അവരില്‍ പെടാത്തവരായ ബഹുഭൂരിപക്ഷം മുസ്ലിമിന്റെയും ജീവിതത്തെ ബാധിക്കുന്നതാണ്. വിശ്വാസി മുസ്ലിം അവരുടെ ജീവിതം കൊണ്ട് സാധ്യമാക്കിയ അന്തരീക്ഷത്തെക്കൂടി ഉപയോഗിച്ചാണ് ഏഴ് പതിറ്റാണ്ടായി അവര്‍ നിലനില്‍ക്കുന്നത്.
മലയാളി മുസ്ലിമിനോട് മുസ്ലിം ലീഗിന് രാഷ്ട്രീയ ബാധ്യതയുണ്ട്. ബാബരിക്കാലത്തെ അവരുടെ നിലപാടിന് പിന്നില്‍ ആ ബാധ്യതയല്ലാതെ മറ്റൊന്നുമില്ല.
അതീവ ജാഗ്രത ആവശ്യപ്പെടുന്നതാണ് ലീഗിന്റെ ഓരോ ചലനവും എന്ന് ചുരുക്കം. ജനാധിപത്യത്തില്‍, ഒരു മതേതര സമൂഹത്തില്‍ അത് അനിവാര്യമായ ജാഗ്രതയാണ് താനും. ഈ ജാഗ്രത ഒരിക്കലും മുസ്ലിമല്ല എന്ന് വരുത്തിയുള്ള കാപട്യമല്ല. ദേശത്തോട് കൂറുള്ളവരാണെന്ന സ്ാക്ഷ്യപത്രം നെറ്റിയിലൊട്ടിക്കല്‍ അല്ല. മറിച്ച് ദേശീയപ്രസ്ഥാനത്തിന്റെ അടിത്തറ ആയിരുന്ന മതേതരത്വത്തെയും മതസൗഹാര്‍ദത്തെ യും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു നിലയാണ്. വിഭജനത്തിന്റെ അവശേഷിക്കുന്ന മുറിവുകള്‍ ഉണക്കാനുള്ള പരിശ്രമം കൂടിയാണത്. ഇന്ത്യ എന്ന ആശയത്തിലേക്കുള്ള ആത്മാഭിമാനത്തോടെയുള്ള അലിഞ്ഞു ചേരലാണത്. വീഴ്ചകള്‍ ഉണ്ടെങ്കിലും ലീഗ് അത് സാധ്യമാക്കിയിട്ടുണ്ട്. സംഘപരിവാരത്തിനെതിരെ യു.ഡി.എഫിന് നിലയെടുക്കാന്‍ കഴിയുന്നത് ലീഗിന്റെ ആ നിലപാടിന്റെ ബലത്തിലാണ്. മറിച്ച് മുസ്ലിം സ്വത്വരാഷ്ട്രീയത്തിന്റെ മൊത്തക്കച്ചവടത്തിനാണ് ലീഗ് മുന്നിട്ടിറങ്ങുന്നതെങ്കില്‍ സംഘപരിവാരത്തോട് യു.ഡി.എഫിന് എന്നേ സന്ധിചെയ്യേണ്ടി വന്നേനെ. ആ അര്‍ഥത്തില്‍ യു.ഡി.എഫിനെ മതേതരചേരിയില്‍, ജനാധിപത്യ ചേരിയില്‍, സംഘപരിവാര്‍ വിരുദ്ധതയില്‍ ഉറപ്പിച്ചുനിര്‍ത്തുന്ന ഹരിതശാദ്വലം മുസ്ലിം ലീഗാണ്.
ഏറെക്കാലമായി ലീഗിന്റെ ആ നിലയെ തകര്‍ക്കാന്‍ പലതരം ശ്രമങ്ങള്‍ നടന്നിരുന്നു. 2012 ഏപ്രിലില്‍ പി.കെ കുഞ്ഞാലിക്കുട്ടി നടത്തിയ ഒരു പ്രസ്താവന നിങ്ങള്‍ ഓര്‍ക്കണം. മുസ്ലിം ലീഗില്‍ എന്‍.ഡി.എഫുകാര്‍ നുഴഞ്ഞു കയറുന്നു എന്നതായിരുന്നു അത്. അഞ്ചാം മന്ത്രി വിഷയത്തില്‍ ലീഗിനെയും കോണ്‍ഗ്രസിനെയും തമ്മിലടിപ്പിക്കുന്നത് ഈ നുഴഞ്ഞു കയറ്റക്കാരാണെന്നും പറഞ്ഞു കുഞ്ഞാലിക്കുട്ടി. ആ പറച്ചില്‍ പോലും വലിയ പ്രതിരോധമാണ്. ഞങ്ങള്‍ ആ വഴിയല്ല എന്ന പ്രഖ്യാപനം. ആ വഴി മുസ്ലിം ലീഗിന്റെ ഖബറിലേക്കുള്ള വഴിയാണെന്നുള്ള തിരിച്ചറിവുകൂടിയായിരുന്നു അത്.
എല്ലാം മാറ്റിമറിക്കുന്ന കാലമാണ് കൊവിഡ്. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ യു.ഡി.എഫിലുണ്ട്. കൊവിഡ് ഇടതുപക്ഷത്തെ, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കൂടുതല്‍ ബലവാനാക്കിയിരിക്കുന്നു. പ്രതിപക്ഷം അപഹാസ്യതയിലേക്ക് കൂപ്പുകുത്തുന്നു. ആ അപഹാസ്യത പരിഭ്രാന്തിയിലേക്ക് വഴിമാറുന്നു. തിരഞ്ഞെടുപ്പ് അടുക്കുകയാണ്. ഈ നിലയില്‍ വലിയ ശ്രമങ്ങള്‍ വേണ്ടി വരും യു.ഡി.എഫിന് പച്ച തൊടാന്‍. ആ പരിഭ്രാന്തി ലീഗിനുമുണ്ട്. പ്രതിപക്ഷ ഉപനേതൃത്വമെന്ന നിലയിലെ അവരുടെ പ്രകടനം ദയനീയമാണ്. എം.കെ മുനീര്‍ മുതല്‍ കെ. എം ഷാജി വരെയുള്ളവര്‍ക്ക് ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിയുന്നില്ല. ആ പരിഭ്രാന്തിയിലേക്കാണ് ജമാഅത്തെ ഇസ്ലാമി വെട്ടുകിളികളായി പറന്നിറങ്ങിയത്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍പാര്‍ട്ടിയുമായി കൂട്ടുകൂടാനുള്ള നീക്കം അതിന്റെ പാരമ്യത്തിലാണ്. ജമാഅത്തിന്റെ കേരള മുഖംമൂടിയായ മാധ്യമം ദിനപത്രം യു.ഡി.എഫ് ഘടക ജിഹ്വയായി കുഴലൂത്ത് തുടങ്ങിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ സജീവമായ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ നാഴികക്ക് നാല്‍പത് വട്ടമെന്ന നിലയില്‍ യു.എഡി.എഫിനെയും കോണ്‍ഗ്രസിനെയും രാഷ്ട്രീയം പഠിപ്പിക്കുന്നുണ്ട്, പിന്തുണക്കുന്നുണ്ട്. ഒരു തീരുമാനത്തിന്റെ അപ്പുറത്ത് ജമാ അത്തെ ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടി യു.ഡി.എഫിന്റെ ഘടകകക്ഷിയാണ്. ആ തീരുമാനത്തിന്റെ അപ്പുറത്ത് മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയുടെ മരണവുമുണ്ട്. ഒന്‍പത് വര്‍ഷമായി കേരളീയ പൊതുമണ്ഡലത്തില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിയാതിരുന്ന വെല്‍ഫയര്‍ പാര്‍ട്ടിക്ക് യു.ഡി.എഫ് ബാന്ധവം നിലനില്‍പിന്റെ അവസാന വള്ളിയാണ്. പലതരം പ്രതിസന്ധികളില്‍ വീണ് ആടിയുലയുന്ന മാധ്യമം ദിനപത്രത്തിനും അതിജീവനത്തിന് അനിവാര്യമായ ഒരു രാഷ്ട്രീയബലമാണത്. എട്ട് വര്‍ഷം മുന്‍പ് പി.കെ കുഞ്ഞാലിക്കുട്ടി ഭയപ്പെട്ട ആ നുഴഞ്ഞുകയറ്റക്കാര്‍ ലീഗിനെ വിഴുങ്ങുന്നതിന്റെ സൂചനകൂടിയാണ് വെല്‍ഫയര്‍ പാര്‍ട്ടിക്കുള്ള അവരുടെ പച്ചക്കൊടി. സ്വന്തം രാഷ്ട്രീയ യാത്രക്ക് ലീഗ് അറിഞ്ഞുകൊണ്ട് നല്‍കിയ ചുവപ്പ് കൊടിയായി അത് മാറുമോ എന്നാണ് കണ്ടറിയേണ്ടത്.
വ്യാജമാവുക എന്നതിനെ നിലനില്‍ക്കുക എന്നതിന്റെ ദര്‍ശനമാക്കിയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. ഇഖാമത്തുദ്ദീനാണ് അഥവാ ദീന്‍ സാക്ഷാത്കരിക്കലാണ് അവരുടെ ലക്ഷ്യം. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെ അവര്‍ അംഗീകരിച്ചിട്ടില്ല. അത് അംഗീകരിക്കുക അവര്‍ക്ക് സാധ്യമല്ല. പാര്‍ലമെന്ററി ജനാധിപത്യത്തെ അംഗീകരിക്കുക എന്നാല്‍ ജമാഅത്തെ ഇസ്ലാമി അതല്ലാതാവുക എന്നാണ് അര്‍ഥം. ഹുകുമത്തെ ഇലാഹിയില്‍ കുറഞ്ഞ ഒന്നും അവര്‍ ആഗ്രഹിക്കുന്നില്ല. അപ്പോള്‍ കമ്യൂണിസ്റ്റുകളോ എന്ന വാട്ടെബൗട്ടറിയാണ് ഇത്തരം ചര്‍ച്ചകളില്‍ അവര്‍ പതിവായി തൊടുക്കുന്നത്. ഇന്ത്യയിലെ മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍; സി.പി.എമ്മും സി.പി.ഐയും ഇന്ത്യന്‍ ജനാധിപത്യത്തെ അംഗീകരിക്കുന്ന തിരുത്തുകള്‍ എത്രയോ കാലം മുന്‍പ് വരുത്തിയിട്ടുണ്ട്. ഒരു ബഹുസ്വരതയെയും അംഗീകരിക്കാത്ത വിധം അടഞ്ഞ ഒരു മുസ്ലിം ലോകത്തെ പ്രാക്ടീസ് ചെയ്യുന്നവരാണ് ജമാഅത്തുകാര്‍. പേര് നോക്കി മതം ചാപ്പകുത്തുന്നവര്‍. പൊതു ചര്‍ച്ചകളിലേക്ക് മതവിശ്വാസത്തെ നിരന്തരം വലിച്ചിഴക്കുക വഴി വിശ്വാസി ആശയ ജീവിതത്തിന് അവരുണ്ടാക്കിയ പരിക്കുകള്‍ എണ്ണമറ്റതാണ്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന ഒറ്റ പോസ്റ്ററിന് ഇന്ത്യന്‍ മുസ്ലിം കൊടുക്കേണ്ടി വന്ന വില ഊഹിക്കാനാവില്ല. ജനാധിപത്യ വ്യവസ്ഥയില്‍ ഇടകലര്‍ന്നും സഹകരിച്ചും വിശ്വാസജീവിതത്തെ സമൂഹജീവിതത്തോട് സംഗീതാത്മകമായി ഇഴചേര്‍ത്തും വിശ്വാസി മുസ്ലിം നയിച്ചുപോന്ന ജീവിതത്തിലേക്ക് പറ്റമായെത്തിയ വെട്ടുകിളികളായിരുന്നല്ലോ പലപേരില്‍ വന്ന മൗദൂദിസ്റ്റുകള്‍. അവരാണ് യു.ഡി.എഫ് എന്ന അയഞ്ഞതും ബഹുസ്വരമായതും ബഹുവിശ്വാസങ്ങളുടെ സംഗമസഥാനവുമായ ഒരിടത്തേക്ക് പുതിയ വേഷത്തില്‍ ഇപ്പോള്‍ ഇരച്ചെത്താന്‍ ഒരുങ്ങുന്നത്.
ആ ഒരുക്കത്തിന്റെ ഒരടയാളമായിരുന്നു കൊവിഡ് കാലത്ത് ഗള്‍ഫില്‍ മരിച്ച മനുഷ്യരുടെ പടങ്ങള്‍ നിരത്തി പുറത്തുവന്ന മാധ്യമം ദിനപത്രം. സമ്പൂര്‍ണ ലോക്ഡൗണ്‍ കാലത്ത്, ലോകം നിശ്ചലമായിരുന്ന കാലത്ത് മരിച്ച മനുഷ്യരടക്കം രാഷ്ട്രീയ ഉപകരണങ്ങളായി, അതിനായുള്ള പടങ്ങളായി മാറി. നാട്ടില്‍ വരാന്‍ കഴിയാത്തതിനാല്‍, കേരളത്തിലേക്ക് എത്തിക്കാത്തതിനാല്‍ അവര്‍ മരിച്ചുപോയി എന്നായിരുന്നു വാദം. ഗള്‍ഫില്‍ ഇറങ്ങിയ പത്രത്തില്‍ പതിവ് കാപട്യത്തോടെ അത് മറച്ചുവെച്ചു. കൊവിഡിനോട് സമര്‍ഥമായി പൊരുതുന്ന, ദേശ-മത വ്യത്യാസമില്ലാതെ രോഗികള്‍ക്ക് ചികില്‍സ നല്‍കുന്ന ഗള്‍ഫ് മേഖലയിലെ ഭരണകൂടങ്ങളുടെ മുഖത്തടിക്കുന്നതായിരുന്നു ആ നിലപാട്. മുന്നണി പ്രവേശനമെന്ന രാഷ്ട്രീയനാടകത്തിന് പ്രവാസികളെ പടമാക്കിയതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടതാകട്ടെ മുഴുവന്‍ പ്രവാസി മലയാളികളുമാണ്.
ഈ കാപട്യങ്ങളും നാടകങ്ങളും മതവെറിയുമാണ് യു.ഡി.എഫിലേക്ക് പറന്നു വരുന്നത്. കാലുറപ്പിച്ച് നില്‍ക്കുന്ന പച്ചപ്പിനെ ഊറ്റിയെടുത്ത് അത് മടങ്ങിപ്പോകും. കാരണം അവരുടെ അന്തിമലക്ഷ്യം തിരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല. ജനാധിപത്യമല്ല. പക്ഷേ, അവര്‍ മടങ്ങുമ്പോഴേക്കും യു.ഡി.എഫ് ബാക്കി കാണില്ല.
കെ കെ ജോഷി
You must be logged in to post a comment Login