ഇസ്ലാമിക പാഠ്യപദ്ധതികള്‍ എന്നും കാലത്തിനൊപ്പമാണ് സഞ്ചരിച്ചത്. സമൂഹം, ദേശം, സംസ്‌കാരം തുടങ്ങിയ ഘടകങ്ങള്‍ക്കനുസൃതമായി ധാരാളം മാറ്റങ്ങളും മേഖലയില്‍ സംഭവിച്ചിട്ടുണ്ട്. മാറ്റത്തെ ഉള്‍ക്കൊള്ളുകയും കാലഘട്ടത്തോട് സംവദിക്കുകയും ചെയ്യുക എന്നത് ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന അതിമഹത്തായ മൂല്യങ്ങളിലൊന്നാണ്. ഒരു മുസ്ലിമിന്റെ വിശ്വാസം, പ്രമാണം, ആരാധനകള്‍ തുടങ്ങിയവയില്‍ മാറ്റങ്ങള്‍ ആവശ്യമില്ലാത്ത വിധം സമൂഹത്തിനു മുമ്പില്‍ സമര്‍പ്പിച്ച ഇസ്ലാം ഇവയെ അതാതു കാലങ്ങളിലും ദേശങ്ങളിലും സംസ്‌കൃതികളിലും ഏറ്റവും ഫലപ്രദമായി അവതരിപ്പിക്കാനുള്ള ഉത്തരവാദിത്തം സമൂഹത്തിനാണ് നല്‍കിയത്. ചിലതൊക്കെ ഫര്‍ള് ഐന്‍ അഥവാ വൈയക്തിക ഉത്തരവാദിത്തവും മറ്റുചിലത് ഫര്‍ള് കിഫായ അഥവാ സാമൂഹിക ഉത്തരവാദിത്തവുമാണ്. ഇത്തരം ഫലപ്രദമായ അവതരണത്തിന് ഓരോ മനുഷ്യനും സമൂഹത്തിനും ലഭിക്കുന്ന പക്വതയും സിദ്ധിയും ‘ഹിക്മത്’ എന്ന ഒറ്റവാക്കില്‍ ഖുര്‍ആന്‍ പല സ്ഥലങ്ങളിലും പരിചയപ്പെടുത്തി. ഹിക്മത് സിദ്ധിച്ചവര്‍ അതീവ ഭാഗ്യവാന്മാരാണെന്നും ഖുര്‍ആന്‍ ഓര്‍മപ്പെടുത്തി. ദീന്‍ ഓരോ വ്യക്തിയുടെ മുമ്പിലും മൊത്തം ജനതയുടെ മുമ്പിലും പരിചയപ്പെടുത്താനുപയോഗിക്കേണ്ട ആദ്യ രീതികളിലൊന്ന് ഈ ഹിക്മത് തന്നെയാണ്.
പ്രവാചകരുടെ (സ) മക്കാജീവിതവും മദീന ജീവിതവും തമ്മിലുള്ള അടിസ്ഥാന വ്യത്യാസങ്ങളിലൊന്ന് ദീന്‍ അവതരിപ്പിക്കുന്നതിലും അതിനുവേണ്ടിയുള്ള പാഠ്യപദ്ധതിയിലുമുള്ള മാറ്റങ്ങളായിരുന്നു. ഖുര്‍ആന്റെ അവതരണങ്ങളില്‍ വരെ ഈ മാറ്റം പ്രകടമായി. മക്കജീവിതം ഓരോ വ്യക്തിയുടെയും വിശ്വാസ സംരക്ഷണത്തിനും അതിനുവേണ്ട ചെറുതും വലുതുമായ ദര്‍ശനങ്ങളുടെ വിശകലനത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കിയപ്പോള്‍ മദീന ജീവിതം കൂടുതല്‍ ഇടം നല്‍കിയത് സമൂഹ രൂപീകരണം, രാഷ്ട്ര നിര്‍മാണം, വിജ്ഞാന പ്രസരണം, ശാസ്ത്ര, സാങ്കേതികവിദ്യക്കു പ്രചോദനം, വിധിവിലക്കുകളിലൂടെ വ്യക്തി ജീവിതത്തിന്റെ ആന്തരിക അര്‍ത്ഥതലങ്ങള്‍ കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ തുടങ്ങിയ ഒട്ടനേകം കാര്യങ്ങള്‍ക്കായിരുന്നു. കാരണം നീണ്ട പതിമൂന്നു വര്‍ഷത്തെ മക്കാവാസത്തിനു ശേഷമാണു മദീനയിലെത്തുന്നത്. മദീനയിലെ ജനങ്ങളും സംസ്‌കൃതിയും പൂര്‍ണമായും മക്കയുമായി വ്യത്യാസപ്പെട്ടിരുന്നു. ശേഷം വന്ന ഖലീഫമാരുടെ കാലത്തും അതിനുശേഷവും ധാരാളം മാറ്റങ്ങള്‍ പാഠ്യക്രമത്തിലും പദ്ധതിയിലും രീതിയിലും വന്നു. മുസ്ലിംലോകം ഒറ്റക്കെട്ടായി അവ സ്വീകരിക്കുകയും ചെയ്തു. ഖുര്‍ആന്‍ ക്രോഡീകരണം, അറബി അക്ഷരങ്ങള്‍ക്ക് കൊണ്ടുവന്ന പരിഷ്‌കരണങ്ങള്‍, മദ്‌റസകളുടെയും മക്തബകളുടെയും സംസ്ഥാപനം തുടങ്ങിയ ധാരാളം കാര്യങ്ങള്‍ ഈ ഗണത്തിലാണ് ഉള്‍പ്പെടുന്നത്. യുനെസ്‌കോയുടെ കണക്കു പ്രകാരം ലോകത്തെ ആദ്യത്തെയും രണ്ടാമത്തെയും സര്‍വ്വകലാശാലകള്‍ ആയിരം വര്‍ഷങ്ങള്‍ക്കപ്പുറം മുസ്ലിംകളാണ് നിര്‍മിച്ചത്. അവ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
കേരളത്തിലെ മതവിദ്യാഭ്യാസ പരിസരങ്ങളിലും ഈ മാറ്റങ്ങള്‍ ദൃശ്യമാണ്. പൊന്നാനി ശൈലിയും ചാലിലകത്ത് ശൈലിയും കേരളത്തിലെ ഇസ്ലാമിക പാഠ്യപദ്ധതിയുടെ രണ്ടു ദൃഷ്ടാന്തങ്ങളാണ്. കാലത്തോട് സംവദിക്കാന്‍ അതാതു കാലത്തെ ബുദ്ധിജീവികള്‍ കാണിച്ച ഔല്‍സുക്യത്തിന്റെ അടയാളങ്ങള്‍ കൂടിയാണ് അവ. ദര്‍സുകളില്‍ നിന്ന് അറബിക് കോളേജുകളിലേക്കും ശേഷം ശരീഅത്ത് കോളേജുകളിലേക്കും ഏറ്റവും അവസാനം ദഅവാ കോളേജുകളിലേക്കുമുള്ള നമ്മുടെ പ്രയാണവും ഇതാണ് വ്യക്തമാക്കുന്നത്. ഓത്തുപള്ളികളില്‍നിന്നും മദ്‌റസയിലേക്കുള്ള മാറ്റവും ഈ ഗണത്തില്‍ വേണം പെടുത്താന്‍. കാരണം സമൂഹത്തിന്റെ വളര്‍ച്ചയെ കണ്ടുകൊണ്ടാണ് പരിഷ്‌കരണങ്ങള്‍ രൂപപ്പെട്ടത്.
എന്നാല്‍ എല്ലാ മാറ്റങ്ങളും പരിഷ്‌കരണങ്ങളാണെന്നോ മുഴുവന്‍ പരിഷ്‌കരണങ്ങളും കാലത്തോട് സംവദിക്കാന്‍ വേണ്ടി രൂപപ്പെട്ടതാണെന്നോ പറയാനാവില്ല. ചിലതൊക്കെ അനിവാര്യതകളുടെ സൃഷ്ടികളായിരുന്നു. പ്രതിസന്ധികള്‍ക്കു പിന്നിലുള്ള തത്വശാസ്ത്രം തന്നെ മനുഷ്യനെ അനിവാര്യമായ മാറ്റത്തിലേക്ക് നയിക്കുക എന്നതാണ്. പ്രതിസന്ധികളാണ് എപ്പോഴും ആവശ്യങ്ങളെ സൃഷ്ടിക്കുന്നത്. ആവശ്യങ്ങളാണ് മനുഷ്യനെ വളര്‍ത്തുന്നതും വികസിപ്പിക്കുന്നതും. മാറാനുള്ള മനുഷ്യസന്നദ്ധതയാണ് സമൂഹവികാസത്തിന്റെ അടിപ്പടവ്.
രോഗങ്ങളും പ്രകൃതി ദുരന്തങ്ങളും മനുഷ്യന് മുമ്പില്‍ പുതിയ സാധ്യതകള്‍ തുറന്നിടുകയാണ്. മനുഷ്യന് കൂടുതല്‍ വളരാനുള്ള ഹേതുവായിത്തീരുകയാണ് ഇത്തരം സന്ദര്‍ഭങ്ങള്‍. അഥവാ പ്രതിസന്ധികളിലാണ് അവസരങ്ങളുള്ളത്. കൊവിഡ് പ്രതിസന്ധിഘട്ടത്തില്‍ മുസ്ലിം ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ മതപഠന സംവിധാനങ്ങളെ ഈ കോണിലൂടെയാണ് നോക്കേണ്ടത്. ഇസ്ലാം മാറ്റങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്നില്ല. എന്നല്ല, മാറ്റങ്ങളെയും പരിഷ്‌കാരങ്ങളെയും പ്രോത്സാഹിപ്പിക്കുകയും മതത്തെ പുതിയ കാലത്തിനൊത്ത് സംവേദനം ചെയ്യണമെന്ന നിഷ്‌കര്‍ഷയും വ്യക്തമാക്കുന്നു. മുസ്ലിം മതപാഠശാലകള്‍ മാറ്റത്തോട് വേണ്ടതുപോലെ പ്രതികരിക്കാത്ത ദുരവസ്ഥയുണ്ടായിരുന്നുവെന്നത് സത്യമാണ്. സിലബസ്, അധ്യാപന ശൈലി, സംവേദന രീതി തുടങ്ങിയ ധാരാളം കാര്യങ്ങളില്‍ മറ്റു പഠനരംഗങ്ങളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചെങ്കിലും അവയെ പലതിന്റെയും പേരില്‍ പകര്‍ത്താന്‍ നമുക്ക് സാധിച്ചിരുന്നില്ല. മാറ്റങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കേണ്ടവരായിരുന്നിട്ടും നമ്മള്‍ ഉള്‍വലിഞ്ഞു. മാറിവരുന്ന സര്‍ക്കാരുകള്‍ സ്‌കൂളുകളിലും കോളേജുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ പാഠ്യപദ്ധതിയില്‍ വരെ കാതലായ മാറ്റം വരുത്തിയപ്പോഴും തൊട്ടടുത്തുകിടക്കുന്ന മദ്റസകള്‍ പഴയ നിലപാടുമായി മുന്നോട്ടുപോകുന്നതാണ് നാം കണ്ടത്. ഒരേ മാനേജ്‌മെന്റിന് കീഴില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളും തൊട്ടടുത്ത് തന്നെ മദ്‌റസയും സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലെ കാഴ്ചയാണ് കൂടുതല്‍ പരിതാപകരം. ഇംഗ്ലീഷ് സ്‌കൂള്‍ കമനീയവും ആകര്‍ഷകവുമായി അണിഞ്ഞൊരുങ്ങിയപ്പോള്‍ മദ്റസകള്‍ ‘മാറ്റമില്ലാതെ’ തുടരുന്നത് ഉമ്മത്തില്‍ പലരെയും വേദനിപ്പിച്ചു. രണ്ടും കൈകാര്യം ചെയ്യുന്നത് ഒരേ കമ്മിറ്റിയാണ്; എന്നിട്ടും പുരോഗതിയും വികസനവും മദ്‌റസയുടെ പടി കയറിയില്ല. അടിസ്ഥാനപരമായി ദീനിനോടുള്ള ആഭിമുഖ്യക്കുറവായി ഇതിനെ വിലയിരുത്താനാവില്ലെങ്കിലും മതവിദ്യാഭ്യാസത്തോട് ഇങ്ങനെയൊക്കെ മതിയെന്ന ധാരണ നമ്മെ വിട്ടുപോയിരുന്നില്ല!
ഇസ്ലാമിക ദര്‍ശനങ്ങളോടു ചെയ്യുന്ന ഏറ്റവും വലിയ പാതകമാണ് മതം പഠിക്കുന്നവരോടും പഠിപ്പിക്കുന്നവരോടും പഠനാന്തരീക്ഷത്തോടും നാം കാണിക്കുന്ന ഈ മനോഭാവമെന്നത് സമുദായത്തെ നയിക്കുന്നവര്‍ക്ക് പോലും തോന്നിയില്ല. അതുകൊണ്ടുതന്നെ ഓരോ നാട്ടിലും സ്ഥാപനങ്ങളിലും രണ്ടു വിഭാഗങ്ങള്‍ അറിയാതെ സൃഷ്ടിക്കപ്പെട്ടു. ഒന്ന് പുരോഗതി തൊട്ടുതീണ്ടാത്ത മതപാഠശാലകള്‍; രണ്ട് എപ്പോഴും പുരോഗതിയെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഭൗതിക കലാലയങ്ങള്‍. ഒരു വിഭാഗം ജീവിതത്തില്‍ ഉയരങ്ങള്‍ താണ്ടാന്‍ പഠിക്കുന്നവര്‍, മറ്റൊരു വിഭാഗം തുച്ഛം ശമ്പളത്തിനോ മറ്റോ ജീവിച്ചുമരിച്ചു പോകാന്‍ നിയോഗിക്കപ്പെട്ടവര്‍. നമ്മുടെ സ്ഥാപനങ്ങളെയും ഈ വിചാരധാര രണ്ടായി പകുത്തിട്ടുണ്ടെന്ന് പറയുമ്പോള്‍ ആരും വിഷമിക്കരുത്; ഭൗതിക വിദ്യാഭ്യാസം ഒരു ഭാഗത്തും മത വിദ്യാഭ്യാസം മറ്റൊരു ഭാഗത്തും നല്‍കുന്ന ദശക്കണക്കിനു സ്ഥാപനങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാല്‍ തന്നെ നാം സൃഷ്ടിച്ചെടുത്ത വേര്‍തിരിവ് മനസ്സിലാക്കാം. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ ഒന്നാം ക്ലാസ്സില്‍ നാം നല്‍കിയ സൗകര്യം പോലും ഇരുപതും ഇരുപത്തിയഞ്ചും വയസ്സ് പ്രായമായ, മതം പഠിപ്പിക്കുന്ന കെട്ടിടത്തിനില്ലെന്നത് സത്യമല്ലേ!
ഇങ്ങനെയൊരു സന്നിഗ്ദ്ധ ഘട്ടത്തിലാണ് കൊറോണ കാലം നമ്മെ പുനരാലോചനകളിലേക്ക് നയിച്ചത്. ലക്ഷക്കണക്കിന് ജനങ്ങളുടെ മതവിദ്യാഭ്യാസ ദാഹം അകറ്റാന്‍ ഏറ്റവും കാലോചിതമായ മാര്‍ഗങ്ങള്‍തന്നെ നാം തിരഞ്ഞെടുത്തു. ലോകം മൊത്തം ഓണ്‍ലൈന്‍ മേഖലയിലേക്ക് ജീവിതം തന്നെ പറിച്ചുനട്ടപ്പോള്‍ നമ്മളും അറച്ചുനിന്നില്ല. ലോകം മാറുന്നതിനനുസരിച്ച് നാം മാറാന്‍ പര്യാപ്തമാണെന്നതിന്റെ വ്യക്തമായ സൂചനയാണിത്. പക്ഷെ മാറ്റങ്ങള്‍ക്ക് വേണ്ടി പ്രതിസന്ധികള്‍ വരും വരേയ്ക്കും കാത്തിരിക്കുന്ന മനോഭാവം മാറണം. പരിഷ്‌കാരങ്ങള്‍ ഇസ്ലാം പ്രോത്സാഹിപ്പിച്ച കാര്യമാണെന്ന ബോധ്യത്തോടെ മാറ്റങ്ങളുടെ മുമ്പേ നടക്കണം.
പരിഷ്‌കാരങ്ങള്‍ എപ്പോഴും സംഭവിക്കുന്നത് ആന്തരിക സംവാദങ്ങളുടെ (Internal Dialogues) വാതില്‍ തുറക്കുമ്പോഴാണ്. പോസിറ്റീവ് സംവാദാത്മകത പ്രവാചകരും (സ) ഖുര്‍ആനും ധാരാളം സ്ഥലങ്ങളില്‍ പരിചയപ്പെടുത്തിയതും പ്രോത്സാഹിപ്പിച്ചതും ദീനീ വിരോധികളെ അതിജയിക്കാനും ഇല്ലായ്മചെയ്യാനും മാത്രമല്ല, അവ ആന്തരിക മാറ്റങ്ങള്‍ക്ക് തിരികൊളുത്താന്‍ കൂടിയായിരുന്നു. ഇസ്ലാമിക ചരിത്രത്തില്‍ പരിഷ്‌കാരങ്ങളൊക്കെയും വന്നത് ഇത്തരം സംവാദാത്മക ചര്‍ച്ചകളിലൂടെയായിരുന്നുവെന്നതിനു ധാരാളം ഉദാഹരണങ്ങളുണ്ട്. ചില മാറ്റങ്ങള്‍ ദിവസങ്ങളോളം നീണ്ടുനിന്ന ആഭ്യന്തര സംവാദങ്ങളുടെ പരിതിയുമായിരുന്നു. ഞാന്‍ പറഞ്ഞതേ ശരിയുള്ളൂവെന്നും ഞാന്‍ വിമര്‍ശനാതീതനാണെന്നുമുള്ള നയം ഇസ്ലാമിലില്ല. തെറ്റുസംഭവിക്കാതെ സംരക്ഷണം നല്‍കപ്പെട്ടവര്‍ പ്രവാചകന്മാരാണല്ലോ. വിമര്‍ശനങ്ങളും പോസിറ്റീവ് നിര്‍ദേശങ്ങളുമാണ് നമ്മെ മുന്നോട്ടു നയിക്കുകയെന്ന സിദ്ധാന്തമാണ് ഇസ്ലാമിന്റെ ആദ്യകാല നേതാക്കള്‍ കാണിച്ചുതന്നത്. തെറ്റുകള്‍ കണ്ടെത്താനും തന്നെ വിമര്‍ശനവിധേയമാക്കാനും ഉമര്‍ (റ) ഒരാളെത്തന്നെ നിയമിച്ചിരുന്നു. ആധുനിക ലീഡര്‍ഷിപ് സയന്‍സിലും സോഷ്യല്‍ ഓഡിറ്റിംഗ് എന്ന പ്രത്യേക വിഷയം കടന്നുവരുന്നത് ഈയര്‍ഥത്തിലാണ്. മദ്‌റസകളിലും സോഷ്യല്‍ ഓഡിറ്റിംഗ് നടക്കണം. അപ്പോഴാണ് നമ്മുടെ അബദ്ധങ്ങളെ നമ്മള്‍ തിരിച്ചറിയുക.
പറഞ്ഞുവന്നത്, ഓണ്‍ലൈന്‍ മദ്‌റസ ക്ളാസ്സുകളും മറ്റുമതപഠന ക്ലാസ്സുകളും മതവിദ്യാഭ്യാസ രംഗത്ത് വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് തന്നെയാണ്. പ്രശസ്ത ജര്‍മന്‍ വിദ്യാഭ്യാസ ശാസ്ത്രജ്ഞനായ John Hattie യുടെ Visible Learning എന്ന പുസ്തകം 1200 പഠനങ്ങളുടെ സംക്ഷിപ്തമാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഫലപ്രാപ്തി ഈ പുസ്തകം വളരെ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. വിദ്യാഭ്യാസരംഗത്ത് സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍വത്കരണം വന്‍ പരാജയമാണെന്ന് സമര്‍ത്ഥിക്കുന്ന പുസ്തകമാണിത്. ഈ രംഗത്തെ മാനിഫെസ്റ്റോ. വിദ്യാഭ്യാസത്തിലെ ഓണ്‍ലൈന്‍വത്കരണം പൂര്‍ണമായി ഫലവത്താകുമെന്നു കരുതാനാകില്ലെങ്കിലും കൊവിഡാനന്തരം നമ്മുടെ മതപഠനശാലകളില്‍ മാറ്റങ്ങള്‍ എളുപ്പമാണെന്ന് മനസ്സിലാക്കിത്തരുന്ന വഴിത്തിരിവാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഡിജിറ്റല്‍ ക്ലാസ് റൂമുകള്‍ മുതല്‍ ധാരാളം കാര്യങ്ങളില്‍ ഇപ്പോഴുണ്ടായ മുന്നേറ്റങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകണം.
ബ്ലെന്‍ഡഡ് ലേണിംഗ് ഇന്ന് വളരെ സാര്‍വത്രികമായി പ്രോത്സാഹിപ്പിക്കപ്പെടുന്നതാണ്. ഓണ്‍ലൈന്‍ -ഡയറക്റ്റ് പഠന രീതികളെ നിശ്ചിത അനുപാതത്തില്‍ സമ്മേളിപ്പിച്ചതാണ് ബ്ലെന്‍ഡഡ് ലേണിംഗ്. ഈ മേഖലയിലേക്ക് ഇതുവരെ ചിന്തിക്കാത്ത നമ്മുടെ മതവിദ്യാഭ്യാസ രംഗം ഇനി മടിച്ചുനില്‍ക്കേണ്ടതില്ല. എല്ലാം ടെക്സ്റ്റ് ബുക്കുകളിലൂടെ മാത്രമേ നടക്കൂവെന്ന ധാരണയും കൊവിഡ് കാലം തിരുത്തിയല്ലോ. ഇതുനല്‍കിയ പാഠം കൊവിഡിന് ശേഷവും നമ്മള്‍ പിന്തുടരുമോ എന്നിടത്താണ് നമ്മുടെ ഭാവി. അധ്യാപക ട്രെയിനിങ്, വിദ്യാര്‍ത്ഥികളുടെ നാനോന്മുഖമായ വികാസം തുടങ്ങിയ ധാരാളം കാര്യങ്ങള്‍ക്ക് നവസാങ്കേതിക വിദ്യകളും മതിയാകും എന്ന തിരിച്ചറിവ് നല്‍കുന്ന സാധ്യതകള്‍ ചെറുതല്ല.
വീടാണ് ആദ്യ മദ്റസ, ഉമ്മയാണ് ആദ്യ അധ്യാപിക. ഇപ്പോള്‍ ഓരോ വീടും മദ്‌റസയും ഓരോ ഉമ്മയും അധ്യാപികയുമാകേണ്ട സന്ദര്‍ഭമാണ്. ഇതുതന്നെയാണ് ഇസ്ലാം മുന്നോട്ടുവെച്ച ആദ്യ അധ്യാപന രീതിയും. ഈ രീതി ഇതേയര്‍ത്ഥത്തില്‍ തുടരണമെന്ന് ആരും പറയില്ല. അതേസമയം മദ്‌റസ വിദ്യാഭ്യാസം വിജയിക്കണമെങ്കില്‍ അധ്യാപനത്തില്‍ ഉസ്താദിനൊപ്പം മാതാവിന് റോള്‍ വരേണ്ടിയിരിക്കുന്നു. ഉസ്താദ്‌പേടിയില്‍ ചിലതൊക്കെ കാണാതെപഠിച്ച് മാര്‍ക്ക് വാങ്ങിയാല്‍ മതിയെന്ന ചിന്താഗതി മാറ്റിയെടുത്ത് സദ്‌സ്വഭാവിയായ സമ്പൂര്‍ണ്ണ മുസ്ലിമിനെ സൃഷ്ടിക്കാന്‍ ഓരോ ഉമ്മയുടെയും പങ്കാളിത്തം വളരെ പ്രധാനമാണ്. ഉപ്പയുടെ പ്രാധാന്യവും കുറച്ചുകാണാനാവില്ല. പക്ഷെ കെട്ടിടത്തിനുള്ളില്‍ നടക്കുന്ന മദ്‌റസ സംവിധാനങ്ങള്‍ക്ക് ഇത്തരം പാരന്റിങ് എഡ്യൂക്കേഷന്‍ നല്‍കാന്‍ പരിമിതികളുണ്ടെങ്കില്‍ തീര്‍ച്ചയായും കൊവിഡ് കാലം ആ പരിമിതികളെ ഇല്ലായ്മചെയ്യേണ്ട രീതി നമ്മെ പഠിപ്പിച്ചിരിക്കുന്നു.
മതവിദ്യാഭ്യാസരംഗത്ത് പുതിയ വഴികള്‍ തിരഞ്ഞുകണ്ടെത്താനുള്ള സുവര്‍ണ്ണാവസരം കൂടിയായി ഈ കാലം ഉപയോഗപ്പെടുത്തണം. വയോജന-റിട്ടയര്‍മെന്റ് മദ്റസകള്‍, ഗള്‍ഫില്‍ നിന്നും മടങ്ങിവരുന്ന കുട്ടികള്‍ക്കുള്ള മദ്റസകള്‍, സ്ത്രീകളുടെ മാത്രം കാര്യങ്ങള്‍ അവര്‍ക്ക് പ്രായപൂര്‍ത്തിയായതിനു ശേഷം പഠിപ്പിക്കപ്പെടുന്ന മദ്റസകള്‍, പ്രത്യേക വിഭാഗത്തിന് മാത്രമുള്ള മദ്റസകള്‍ (ഉദാഹരണത്തിന് കച്ചവടക്കാര്‍ക്ക് കച്ചവടത്തിലെ സകാതും കച്ചവട നിയമങ്ങളും പഠിപ്പിക്കുന്ന മദ്‌റസ, കല്യാണം നിശ്ചയിച്ചവര്‍ക്ക് പ്രീ മാരിറ്റല്‍ മദ്‌റസ), സമൂഹത്തിന്റെ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്ന ഭിന്ന കഴിവുകളുള്ള കുട്ടികള്‍ക്കുള്ള പ്രത്യേക മദ്റസകള്‍ തുടങ്ങിയവ ആരംഭിക്കാന്‍ ഇനിയും വൈകിക്കൂടാ. എല്ലാത്തിനും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം നമ്മെ സഹായിക്കും. കൂടാതെ മാനേജ്മെന്റിനെയും മുഅല്ലിമുകളെയും ഉന്നത കാഴ്ചപ്പാടുള്ളവരാക്കി മാറ്റാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം. ഇപ്പോഴുള്ള ഓണ്‍ലൈന്‍ തരംഗത്തില്‍ മികച്ച പരിശീലനത്തിന് കൂടി അവസരം കണ്ടെത്തണം.
മതപഠനശാലകളിലെ നട്ടെല്ല് ഉസ്താദുമാര്‍ തന്നെയാണ്. എങ്കിലും മാനേജ്‌മെന്റും രക്ഷിതാക്കളും ഒരുപോലെ ഉണര്‍ന്നുപ്രവര്‍ത്തിച്ചാലേ മതവിദ്യാര്‍ഥികളില്‍ നിന്നു നമുക്ക് റിസള്‍ട് പ്രതീക്ഷിക്കാനാവൂ. അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പോരാ. നമ്മുക്കെല്ലാവര്‍ക്കുമാണ് വേണ്ടത്. ഓരോരുത്തരുടെയും കഴിവും കഴിവുകേടും വിലയിരുത്താനും അതനുസരിച്ച് കൊവിഡ് കാലത്ത് വന്‍മാറ്റങ്ങള്‍ സൃഷ്ടിക്കാനും സാധിക്കും പ്രധാനമന്ത്രി മുതല്‍ എല്‍ കെ ജി വിദ്യാര്‍ത്ഥി വരെ ട്രെയിനിങ് സ്വീകരിക്കുന്ന ആധുനിക യുഗത്തില്‍ ട്രെയിനിങ് ലഭിക്കാത്ത ആരെങ്കിലും നമുക്കിടയിലുണ്ടോയെന്ന് നാം പരിശോധിക്കണം. ട്രെയിനിങ് എനിക്കാവശ്യമില്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ ട്രെയിനിംഗിന് വിധേയമാവേണ്ടതെന്നും നാം ഓര്‍ക്കണം.
ലോകത്ത് പല നാടുകളിലും ഹോം മദ്റസകള്‍, അയല്‍ക്കൂട്ട മദ്റസകള്‍, ഫ്‌ലാറ്റ് മദ്റസകള്‍ തുടങ്ങിയ ധാരാളം മദ്റസകള്‍ നടക്കുന്നുണ്ട്. ഖുര്‍ആന്‍ ഹിഫ്‌ള് ചെയ്യുന്ന രീതിയും ഇങ്ങനെത്തന്നെ. നമ്മുക്കെല്ലാത്തിനും സ്ഥാപനങ്ങളും കെട്ടിടങ്ങളും വേണമെന്ന ചിന്ത ബാധിച്ചിരിക്കുന്നു. ഇതില്‍നിന്നെല്ലാം ഒരുതിരിച്ചുപോക്ക് ഇപ്പോഴെങ്കിലും സാധ്യമാകണം. മതം പഠിച്ച ഓരോരുത്തരുടെയും വീട് മദ്‌റസയാവണം. അയല്‍വാസികള്‍ അവിടെനിന്നും പഠിക്കട്ടെ. ഖുര്‍ആന്‍ ഹിഫ്‌ള് ചെയ്ത ഓരോരുത്തരുടെയും വീട് ഒഴിവുസമയത്ത് ഹിഫ്‌ള് കേന്ദ്രങ്ങളായി മാറണം. പഴയകാലത്ത് നമ്മുടെ നാട്ടിലെ സമ്പ്രദായവും ഇങ്ങനെയായിരുന്നു. ഇതാണ് വേണ്ടിയതെന്നല്ല പറയുന്നത്; എന്നും എക്കാലവും സൗകര്യങ്ങളെ കാത്തിരിക്കുകയല്ല വേണ്ടത്. മതം പഠിക്കാന്‍ ഇത്തരം ചെറിയ സംവിധാനങ്ങളെയെങ്കിലും നാം ഉപയോഗിക്കണം. ഇത്തരം സംവിധാനങ്ങള്‍ക്ക് കൂട്ടമായ ഓണ്‍ലൈന്‍ സംവിധാനങ്ങളും ആവശ്യമാണ്.
ചുരുക്കത്തില്‍ കൊവിഡ് കാലം നമ്മെ മതവിദ്യാഭ്യാസ രംഗത്ത് ഉണര്‍ത്തിയിരിക്കുന്നു. ഇതൊരു തുടക്കമായി കണ്ട് കൂടുതല്‍ മാറ്റങ്ങള്‍ക്ക് നാം വിധേയരാകണം. വിദ്യാഭ്യാസ പ്രക്രിയയില്‍ നിരന്തരം മാറ്റങ്ങള്‍ ആവശ്യമാണല്ലോ. അതിനു വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണ്. അത്തരമൊരു ചര്‍ച്ചയുടെ തുടക്കമാവട്ടെ ഈ കുറിപ്പ്.
ഡോ. ഉമറുല്‍ഫാറൂഖ് സഖാഫി കോട്ടുമല
You must be logged in to post a comment Login