ചുവന്ന ഭൂപടം

ചുവന്ന ഭൂപടം

ഭൂപടത്തില്‍

നിന്‍റെ  രാജ്യം
രക്തം കൊണ്ട് വരച്ച ഒരു ഛായാപടം.
ജീവനൂറ്റിവെളുപ്പിച്ച പകല്‍ച്ചിറകുകള്‍
നിന്റെ ആകാശത്തിനു മീതെ
ഒരു കഴുകനായ് പറന്ന്
അതിരുകളെ വരയ്ക്കുന്നു.

ഗോതമ്പും, ഒലീവും പൂത്ത വയലുകളെ
പലതായ് മുറിച്ച്
കെട്ടിയുയര്‍ത്തുന്ന വിലക്കിന്റെ മതിലുകള്‍.
രാത്രിയുടെ നിശ്ശബ്ദതയ്ക്കു പോലും
നാവുകള്‍ മുളച്ച്
തീ തുപ്പിപ്പായുന്ന അവരുടെ പീരങ്കികള്‍
വെടിയുണ്ടകള്‍
മഴയായ് വര്‍ഷിച്ചും
മിന്നല്‍വാളായ് തിളങ്ങിയും
ആക്രോശങ്ങള്‍ ഇടിനാദമായ് വിറപ്പിച്ചും
നൃത്തം ചെയ്യുന്ന ജൂതക്കഴുകന്മാര്‍.
ഉണ്ടാവില്ലിനി,
ഒന്നു നിലവിളിച്ചുകരയാന്‍ പോലും
നിങ്ങളുടെ ഉമ്മമാര്‍.
സ്ളേറ്റില്‍,
കുഞ്ഞുപൂമ്പാറ്റകളെ വരച്ചുചിരിക്കാന്‍
ഒരു ചെറുബാല്യവും.
എന്നാലും,
നിങ്ങള്‍ പെറുക്കിയെറിയുന്ന പാറച്ചീളുകള്‍ക്ക്
ചിറകുകള്‍ മുളയ്ക്കുന്നത് കാണുന്നുണ്ട് ഞങ്ങള്‍.
നിന്റെ കണ്ണുനീരൊരിക്കല്‍
മഹാപ്രളയമായ് വന്ന്
അവരുടെ കോട്ടകൊത്തളങ്ങള്‍
നിലം പരിശാക്കാതിരിക്കില്ല.
അതുവരെ,
ഉറങ്ങാതിരിക്കുക നിങ്ങള്‍.

You must be logged in to post a comment Login