തുര്‍ക്കി ഖിലാഫത്തും ഇന്ത്യന്‍ മുസ്ലിംകളും

തുര്‍ക്കി ഖിലാഫത്തും ഇന്ത്യന്‍ മുസ്ലിംകളും

പത്തൊമ്പതാം നൂറ്റാണ്ടിലെ അന്താരാഷ്ട്ര സംഭവവികാസങ്ങള്‍ മുസ്ലിംകളുടെ സര്‍വലോക സാഹോദര്യത്തിന് പുനര്‍ജീവന്‍ നല്‍കി. ബ്രിട്ടനടക്കമുളള യൂറോപ്യന്‍ ശക്തികള്‍ മുസ്ലിം ലോകത്തിന്റെ കേന്ദ്രബിന്ദുവായ തുര്‍ക്കി സുല്‍ത്താനെതിരെ കരുനീക്കങ്ങളാരംഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ബ്രിട്ടീഷാധിപത്യത്തിലായിരുന്ന ഇന്ത്യന്‍ മുസ്ലിംകളെ ഈ നീക്കം നന്നായി ചൊടിപ്പിച്ചു. ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം വിശ്രമത്തിലായിരുന്ന മുസ്ലിം ഇന്ത്യയെ ഒന്നുകൂടി സമരരംഗത്തിറക്കാന്‍ ഇതു കാരണമാകുകയും ചെയ്തു.
ഇന്ത്യന്‍ മുസ്ലിംകളും തുര്‍ക്കി ഖലീഫ (സുല്‍ത്താന്‍)യുമായുളള ബന്ധം ചൂഷണം ചെയ്യാന്‍ മുമ്പ് ബ്രിട്ടീഷുകാര്‍ തന്നെ ശ്രമിച്ചതാണ്. ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ നിന്നു മുസ്ലിംകളെ പിന്തിരിപ്പിക്കാനും ബ്രിട്ടീഷ് ഭരണത്തോടു കൂറുപുലര്‍ത്താനും വേണ്ടി തുര്‍ക്കി സുല്‍ത്താനില്‍ നിന്ന് വാങ്ങിയ ഒരഭ്യര്‍ഥന ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ പ്രചരിപ്പിച്ചിരുന്നു. അന്നു സുല്‍ത്താനും ബ്രിട്ടീഷ് ഗവര്‍ണ്‍മെന്റും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നു (Sayyid Mohammed, Khilafat and England,p 58-80).
തുര്‍ക്കി സാമ്രാജ്യത്തെ യൂറോപ്പിലെ രോഗിയാക്കാനുളള ശ്രമം ക്രിസ്തീയ യൂറോപ്യന്‍ ശക്തികള്‍ നേരത്തെ തുടങ്ങിയിരുന്നു. ഉസ്മാനി സാമ്രാജ്യത്തിനകത്തെ ക്രിസ്തീയ ന്യൂനപക്ഷത്തെയാണ് ഇതിനുപയോഗപ്പെടുത്തിയത്. ഖലീഫയുടെ അധീശത്വം അംഗീകരിച്ചുകൊണ്ട് ഏറെക്കാലം സുരക്ഷിതമായി കഴിഞ്ഞ ഈ ന്യൂനപക്ഷം പുതിയ സാമ്രാജ്യത്വശക്തികളുടെ വലയില്‍ വീഴുകയായിരുന്നു. ഇതിനുവേണ്ടി മതപരമായ ബന്ധമാണ് ആയുധമാക്കിയത്. മുസ്ലിം അധീശത്വം സ്വീകരിക്കുന്നതിലും നല്ലതു സ്വന്തം മതക്കാരുടെ മേധാവിത്തമാണെന്നു തുര്‍ക്കി സാമ്രാജ്യത്തിലെ ക്രിസ്തീയരും കരുതി. ക്രിസ്തീയ ഭൂരിപക്ഷ പ്രവിശ്യയായിരുന്ന ഗ്രീസില്‍ നിന്നാണ് ആദ്യം കലാപക്കൊടി ഉയര്‍ന്നത്. റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയായിരുന്ന അലക്‌സാണ്ടര്‍ ഒന്നാമനാണു ഗ്രീക്ക് ക്രിസ്ത്യാനികള്‍ക്ക് ഇതിനുവേണ്ട സഹായം ചെയ്തത്. പിന്നീട് എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും ഗ്രീക്കു പക്ഷത്തുവന്നു. കലാപത്തെ സുല്‍ത്താന്‍ അടിച്ചമര്‍ത്തിയെങ്കിലും ബ്രിട്ടനും ഫ്രാന്‍സുമൊക്കെ ഗ്രീസിന്റെ പക്ഷത്തുവരികയും ആ രാജ്യത്തിന്റെ സ്വാതന്ത്ര്യം അംഗീകരിക്കുകയും ചെയ്തു. ഗ്രീസിനുശേഷം ക്രിസ്ത്യന്‍ ദേശമായ ബാള്‍ക്കന്‍ സ്റ്റേറ്റുകളിലും കലാപം തുടങ്ങി.താമസിയാതെ യൂറോപ്യന്‍ സാമ്രാജ്യത്വശക്തികള്‍ തുര്‍ക്കി സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളും യുദ്ധം ചെയ്തു കീഴടക്കി. 1830ല്‍ ഫ്രാന്‍സ് അള്‍ജീരിയ കീഴടക്കി. താമസംവിനാ ഉത്തരാഫ്രിക്കയിലെ മുസ്ലിംഭൂരിപക്ഷ ദേശങ്ങള്‍ അവര്‍ സ്വന്തമാക്കി. 1911ല്‍ ലിബിയയും സമീപപ്രദേശങ്ങളും ഇറ്റലി കൈയടക്കി. മോണ്‍ഡിനെഗ്രോ, െസര്‍ബിയ, ബള്‍ഗേറിയ തുടങ്ങിയ ബാള്‍ക്കന്‍ സ്റ്റേറ്റുകളും ഗ്രീസും കൂടി യൂറോപ്യരുടെ സഹായത്തോടെ സുല്‍ത്താനെ ആക്രമിച്ചു. അതോടെ തുര്‍ക്കി രോഗിയായി. കോണ്‍സ്റ്റാന്റിനോപ്പിളൊഴികെയുളള മിക്ക ദേശങ്ങളും സുല്‍ത്താന് നഷ്ടപ്പെട്ടു.
1880-ല്‍ ഈജിപ്തിന്റെ ഗവര്‍ണര്‍ (കേദീവ്) തൗഫീഖ് പാഷയെ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് അടിമപ്പെടുത്തി. ആ പ്രദേശത്തിന്റെ നിയന്ത്രണം കൈയിലൊതുക്കി. ഏറെ കഴിഞ്ഞില്ല; സുഡാനിലെ മഹ്ദിയും വെട്ടില്‍ വീണു. 1908-ലെ ആഗ്ലോ-റഷ്യന്‍ കണ്‍വെന്‍ഷനെ തുടര്‍ന്ന് ഇറാനെ റഷ്യയും ഇംഗ്ലണ്ടും വീതിച്ചെടുത്തു. കലഹ പ്രിയരായ അഫ്ഗാനിസ്ഥാനിലെ ഗോത്രവര്‍ക്കാരെ മാത്രം പാട്ടിനു വിട്ടു.
അറബി പ്രദേശങ്ങളെ സുല്‍ത്താനെതിരെ തിരിച്ചുവിടാന്‍ യൂറോപ്യന്മാര്‍ മറ്റൊരായുധം കൂടി കൊണ്ടുവന്നു, അറബ് ദേശീയത. ബേറുത്തിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഇതിനുളള ശ്രമമാരംഭിച്ചത്. അവിടെ പഠിക്കുന്ന ക്രിസ്തീയരായ അറബികളെയാണ് ഇതിനു ചട്ടം കെട്ടിയത്. ക്രമേണ അഭ്യസ്തവിദ്യരായ മുസ്ലിം അറബികളും അറബ് ദേശീയതയില്‍ ആകൃഷ്ടരായി. പ്രവാചകരും അനുചരന്മാരും അറബികളായിരുന്നെന്നും ശാസ്ത്ര-സാങ്കേതിക മണ്ഡലങ്ങളില്‍ മുസ്ലിംകള്‍ കൈവരിച്ച നേട്ടങ്ങള്‍ അറബികളുടെതാണെന്നും വരുത്തി. മുസ്ലിംലോകം ആക്രമിച്ച മംഗോളിയക്കാരെക്കാളും ദുഷ്ടന്മാരാണു തുര്‍ക്കികളെന്നും അവരുടെ മേല്‍ക്കോയ്മ അംഗീകരിക്കരുതെന്നും അറബികള്‍ക്കിടയില്‍ നിരന്തരം പ്രചരിപ്പിച്ചു. അതനുസരിച്ച് ചരിത്രം ദുര്‍വ്യാഖ്യാനം ചെയ്തു. യൂറോപ്യന്‍ സഹായത്തോടെ തുര്‍ക്കി സുല്‍ത്താനില്‍ നിന്ന് സ്വാതന്ത്ര്യം നേടാനുളള ശ്രമം അറബ് ദേശീയവാദികള്‍ ആരംഭിച്ചു.
ആഗോള മുസ്ലിം ഐക്യദാര്‍ഢ്യം തകര്‍ക്കാനുളള കൊണ്ടുപിടിച്ച ശ്രമത്തിനു വേണ്ടി മുസ്ലിംവിരുദ്ധ ശക്തികള്‍ ഭിന്നത മറന്ന് കൈകോര്‍ത്തു. മിഷനറിമാരും സയണിസ്റ്റ്- കൊളോണിയലിസ്റ്റുകളും അറബ് ലോകത്ത് നിരന്തരം വിഹരിച്ചു. അവര്‍ പാശ്ചാത്യ വിദ്യാഭ്യാസം സിദ്ധിച്ച മുസ്ലിം അറബികളുമായി അടുത്ത ബന്ധം പുലര്‍ത്തി. ‘യൂറോപ്പിലെ രോഗിയെ കഴുകന്മാര്‍ക്ക് എപ്പോഴും വധിക്കാമായിരുന്നു. പക്ഷേ പെട്ടെന്ന് കൊന്നു കളഞ്ഞാല്‍ ശവം വിഭജിക്കുന്ന കാര്യത്തില്‍ തമ്മില്‍ തല്ലേണ്ടി വരുമോ എന്നു ഭയന്നാണ് അത് ചെയ്യാതിരുന്നത്’ (See I.H Qureshi, Ulema in politics, p. 241)
വാസ്‌കോഡിഗാമയുടെ വരവോടെ തകരാന്‍ തുടങ്ങിയ മുസ്ലിംഅന്തസ്സ് ഇരുപതാം നൂറ്റാണ്ടായപ്പോഴേക്ക് പാരമ്യത്തിലെത്തിക്കഴിഞ്ഞിരുന്നു. ഖലീഫയുടെ ശക്തി ക്ഷയിച്ചതോടെ മുസ്ലിംലോകമപ്പാടെ ഛിന്നഭിന്നമായി. ഈ ദുരവസ്ഥ മുസ്ലിം പണ്ഡിതനേതൃത്വത്തെ ഏറെ വിഷമിപ്പിച്ചു. പ്രയോഗികമായ ഒരു പരിഹാരത്തിനു വേണ്ടി അവര്‍ തലപുകഞ്ഞാലോചിച്ചു. അവസാനം പ്രതീക്ഷയുടെ പിറ ഉദിച്ചത് ഇന്ത്യയിലായിരുന്നു.
ഇന്ത്യ തുര്‍ക്കി ഖലീഫ (സുല്‍ത്താന്‍)യുടെ നേരിട്ടുളള ഭരണത്തില്‍ വന്നിട്ടില്ലെങ്കിലും ഇവിടെയുളള മുസ്ലിംകളും മുസ്ലിം ഭരണാധികാരികളും ഖലീഫയോടുളള ഐക്യദാര്‍ഢ്യം മതപരമായ ഒരു ബാധ്യതയായി തന്നെ സ്വീകരിച്ചു വന്നു. സുല്‍ത്താന്മാരുടെ ഭരണകാലത്തു നാണയങ്ങളില്‍ ബാഗ്ദാദിലെ ഖലീഫയുടെ നാമം അച്ചടിച്ചിരുന്നു. വെള്ളിയാഴ്ച പ്രസംഗത്തില്‍ (ഖുത്വുബ) ഖലീഫക്കു വേണ്ടി പ്രാര്‍ഥിച്ചിരുന്നു. ഖലീഫാ സ്ഥാനം ഉസ്മാനിയ (ഓട്ടോമന്‍) സുല്‍ത്താനു വന്നപ്പോള്‍ മുഗളരും ഇന്ത്യയിലെ മുസ്ലിം നാട്ടുരാജാക്കന്മാരും സുല്‍ത്താന്റെ നേതൃത്വം അംഗീകരിച്ചു. 1785-ല്‍ ടിപ്പുസുല്‍ത്താന്‍ ഒരു ദൗത്യസംഘത്തെ അയച്ച് സുല്‍ത്താന്റെ ആശീര്‍വാദം വാങ്ങി. 1877-78-ലെ റൂസ്സോ -ടര്‍കിഷ് യുദ്ധത്തിലും ഇന്ത്യന്‍ മുസ്ലിംകള്‍ തുര്‍ക്കിയുടെ വിജയത്തിനായി യത്‌നിച്ചു. ‘ലോകമുസ്ലിംകളെ മനുഷ്യശരീരത്തോടുപമിക്കുകയാണെങ്കില്‍ സുല്‍ത്താന്‍ അതിന്റെ മസ്തിഷ്‌കവും ഹൃദയവുമാണെന്ന’ ‘അഖ്ബാറേ ആമി’ (ഉറുദു പത്രം) ന്റെ വരികള്‍ ഇതിനു സാക്ഷിയാണ്. (Mushirul Hasan, pan islam versus. Indian Nationalism, Role of Minorities in the freedom sruggledited, by Asgar Ali Engineer, p 20) അമീറുല്‍ മുഅ്മിനീന്‍ (വിശ്വാസികളുടെ നേതാവ്), പാദുഷായേ മുസല്‍മാന്‍ എന്നൊക്കെയാണു തുര്‍ക്കി സുല്‍ത്താനെ മുസ്ലിം മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. മുസ്ലിംകള്‍ തുര്‍ക്കിതൊപ്പി ധരിച്ചുതുടങ്ങിയത് സുല്‍ത്താനോടുളള സ്‌നേഹം കൊണ്ടാണെന്നു യു പിയിലെ ലഫ് . ഗവര്‍ണര്‍ അന്തോണി മാക് ഡൊണെല്‍ പറഞ്ഞകാര്യം പി ഹാര്‍ഡി രേഖപ്പെടുത്തിയിട്ടുണ്ട്. (Peter Hardy, The Muslims of Brtish India,. p 177). ബ്രിട്ടീഷ് ഗവണ്‍മെന്റ് തുര്‍ക്കിക്കെതിരെ തിരിയുംതോറും ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് സുല്‍ത്താനോടുളള അനുഭാവം വര്‍ധിച്ചുവന്നു. ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ കലാപത്തെ അടിച്ചമര്‍ത്താന്‍ വേണ്ടി ഇന്ത്യന്‍ മുസ്ലിംകളുടെസഹായം സ്വീകരിക്കാന്‍ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് (1842-1918) പ്രതിനിധികളെ ഇന്ത്യയിലേക്കയച്ചത് മേല്‍ബന്ധത്തിനു കൂടുതല്‍ ശക്തി നല്‍കി. സുല്‍ത്താന്റെ നാമം ഇന്ത്യയിലെ പളളികളില്‍ വെളളിയാഴ്ചപ്രസംഗത്തില്‍ ഉള്‍പ്പെടുത്തി. സുല്‍ത്താന്റെ വിജയത്തിനുവേണ്ടിയുളള പ്രാര്‍ഥന ഇന്ത്യയിലെ പള്ളികളിലെങ്ങും നടന്നു. ഹജ്ജ് വേളകളില്‍ സുല്‍ത്താന്റെ നേതൃത്വത്തില്‍ സര്‍വലോക മുസ്ലിം ഐക്യത്തിനു (പാന്‍ ഇസ്ലാമിസം) വേണ്ടി യത്‌നിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു. അഭ്യസ്തവിദ്യരായ മുസ്ലിംകള്‍പോലും പാന്‍ ഇസ്ലാമിസത്തിന്റെ വക്താക്കളായി. ഫിറങ്കി മഹലിലെയും ദയൂബന്ദിലെയും പണ്ഡിതന്മാര്‍ സുല്‍ത്താനുവേണ്ടി രംഗത്തിറങ്ങി.
സര്‍വലോക മുസ്ലിം ഐക്യ (പാന്‍ ഇസ്ലാമിസ)ത്തിന് ആദ്യം രംഗത്തുവന്ന പണ്ഡിതന്‍ ജമാലുദ്ദീന്‍ അഫ്ഗാനിയായിരുന്നു. യൂറോപ്യന്‍ സാമ്രാജ്യത്വത്തിന്റെ ഹസ്തത്തില്‍ നിന്നു മുസ്ലിം ലോകത്തെ രക്ഷപ്പെടുത്താനുളള ഏകമാര്‍ഗം പാന്‍ ഇസ്ലാമിസമാണെന്ന് അഫ്ഗാനി കരുതി. സര്‍വലോക മുസ്ലിംകളെ ഒന്നിപ്പിക്കുന്നതിനു വേണ്ടി അദ്ദേഹം രംഗത്തിറങ്ങി. രണ്ടു തവണ അദ്ദേഹം ഇന്ത്യയില്‍ വന്നു. 1857-ല്‍ ആദ്യം വന്നപ്പോള്‍ ഇവിടെ എട്ടുകൊല്ലം താമസിച്ചു. പിന്നീട് 1879-ലും വന്നു. ഭോപ്പാല്‍, ഹൈദരബാദ്, ബോംബെ, കല്‍ക്കത്ത എന്നിവിടങ്ങളിലായി മൂന്നുവര്‍ഷം തങ്ങി. ഇവിടെയുളള നവാബുമാരെയും രാജകുമാരന്മാരെയും ഉലമകളെയും കാണുകയും അവരോടു സര്‍വലോക മുസ്ലിംസാഹോദര്യത്തിന്റെ പ്രസക്തിയെക്കുറിച്ചു സംസാരിക്കുകയും ചെയ്തു. തന്റെ മതപഠന ക്ലാസുകളില്‍ മുസ്ലിം ഐക്യദാര്‍ഢ്യത്തിന് ഊന്നല്‍ നല്‍കി. മുസ്ലിം രാജ്യങ്ങളിലൊക്കെ അദ്ദേഹം സഞ്ചരിച്ച് മുസ്ലിംകള്‍ക്ക് പാന്‍ ഇസ്ലാമിസ്റ്റ് ആശയങ്ങള്‍ പകര്‍ന്നു കൊടുത്തു.
രാജ്യസംബന്ധമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടി ഹിന്ദുക്കളുമായി യോജിച്ചുനില്‍ക്കാന്‍ അദ്ദേഹം മുസ്ലിംകളെ ഉണര്‍ത്തി. ഹൈദരാബാദ് പത്രമായ മുഅല്ലിമേ ശഫീഖില്‍എഴുതിയ ലേഖനത്തില്‍ പൊതുവായ താല്‍പര്യത്തിനു വേണ്ടി ഹിന്ദുക്കളുമായി യോജിക്കണമെന്ന് അഫ്ഗാനി അഭ്യര്‍ഥിച്ചു. ഒരു മുസ്ലിം സദസ്സില്‍ വച്ച് ഇന്ത്യയുടെ പ്രാക്തന സംസ്‌കാരത്തെ വാഴ്ത്താനും അദ്ദേഹം മറന്നില്ല.
പാന്‍ ഇസ്ലാമിസത്തെ തകര്‍ക്കാന്‍ യൂറോപ്യന്‍ ഭരണാധികളും മാധ്യമങ്ങളും ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചു. രാജഭക്തന്മാരും അഭ്യസ്തവിദ്യരുമായ കുറെ മുസ്ലിംകളെങ്കിലും പാന്‍ ഇസ്ലാമിസത്തിനെതിരെ രംഗത്തു വന്നു. പാശ്ചത്യന്‍ സംസ്‌കാരത്തിന്റെ മേന്മയെ പറ്റിയാണ് ഇവര്‍ക്ക് പറയാനുണ്ടായിരുന്നത്.
ഇന്ത്യയില്‍ നിന്ന് സര്‍ സയ്യിദ് അഹമദ്ഖാന്‍ ബ്രിട്ടീഷുകാരുടെ ഇംഗിതത്തിനൊത്ത് പ്രവര്‍ത്തിക്കുകയാണ് ചെയ്തത്.
മുസ്ലിം ബഹുജനത്തിന്റെയോ ഉലമാക്കളുടെയോ വികാരങ്ങള്‍ മാനിക്കാതെയുളള തന്റെ പ്രസ്താവനകള്‍ അദ്ദേഹത്തെ എല്ലാ വിഭാഗങ്ങളുടെയും ശത്രുവാക്കിത്തീര്‍ത്തു. തുര്‍ക്കി സുല്‍ത്താനെ അംഗീകരിക്കേണ്ട ബാധ്യത മുസ്ലിംകള്‍ക്കില്ലെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. ഇന്ത്യ ഭരിക്കുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റിനെ വിട്ട് എന്തിന് ഇന്ത്യക്ക് പുറത്തുളള ഖലീഫയെ അംഗീകരിക്കണമെന്നായിരുന്നു സര്‍ സയ്യിദ് ചോദിച്ചത്. ഒപ്പം ബ്രിട്ടീഷു ഭരണത്തെ വാഴ്ത്താനും അദ്ദേഹം മറന്നില്ല.
യൂറോപ്യന്‍ സംസ്‌കാരത്തെ അങ്ങേയറ്റം വെറുത്ത പണ്ഡിതന്മാരും മുസ്ലിം ബഹുജനവും യൂറോപ്യന്‍ പ്രചാരണങ്ങള്‍ക്ക് വശംവദരായില്ല. മുസ്ലിംലോകത്തെ നാമാവശേഷമാക്കാനുളള ഗൂഢശ്രമങ്ങള്‍ കാണാതിരിക്കാനും കഴിഞ്ഞില്ല. അഫ്ഗാനിയുടെ സന്ദേശങ്ങളില്‍ ആകൃഷ്ടരായി ഇന്ത്യയിലെ പല മുസ്ലിം നേതാക്കളും ‘പാന്‍ ഇസ്ലാമിസ’ത്തിന്റെ വക്താക്കളായി. കോണ്‍സ്റ്റാന്റിനോപ്പിളും ഉസ്മാനിയ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളും സന്ദര്‍ശിച്ച പണ്ഡിതനും കവിയുമായ അല്ലാമാ ശിബിലി നുഅ്മാനിക്കു യൂറോപ്യന്‍ വഞ്ചനയുടെ കറുത്തമുഖം നേരില്‍ കാണാന്‍ കഴിഞ്ഞു. സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് അദ്ദേഹത്തിന് ഒരു മെഡല്‍ സമ്മാനിച്ചു. ബാള്‍ക്കന്‍ യുദ്ധവേളയില്‍ അദ്ദേഹമെഴുതിയ ശഹര്‍ ആശുവേ ഇസ്ലാം എന്ന കവിത മുസ്ലിംകള്‍ക്ക് ആവേശം പകര്‍ന്നു. ഡോ. മുഖ്താര്‍ അഹമ്മദ് അന്‍സാരിയുടെ നേതൃത്വത്തില്‍ തുര്‍ക്കികളെ സഹായിക്കാന്‍ ഒരു ഇന്ത്യന്‍ മെഡിക്കല്‍ സംഘം തുര്‍ക്കിയിലേക്ക് പുറപ്പെട്ടിരുന്നു. സംഘം ലക്‌നോ വഴിയാണ് പോയത്. റെയില്‍വേസ്റ്റേഷനില്‍ ചെന്ന് വയോധികനായ ശിബിലി, അന്‍സാരിയെ ആലിംഗനം ചെയ്തു. അദ്ദേഹത്തിന്റെ പാദരക്ഷകളില്‍ ചുംബനമര്‍പ്പിച്ചു. പാദരക്ഷകള്‍ കണ്ണീരാല്‍ നനഞ്ഞു.

(തുടരും)

ഹുസൈന്‍ രണ്ടത്താണി

You must be logged in to post a comment Login