വര്‍ഗീയ വിസ്‌ഫോടനത്തിന്റെ ബാലന്‍സ് ഷീറ്റ്

വര്‍ഗീയ വിസ്‌ഫോടനത്തിന്റെ ബാലന്‍സ് ഷീറ്റ്

‘The communalism is a long-term problem which requires intense and complex struggle on the political front and in the field of ideas. This is becuase commnunalism is basically and above all an ideology, and politics based on that ideology, and not, in the main, communal rioting or communal violence, including its latest version, terrorism. The two are linked but basically the latter are episodic or conjectural consequences of the former, they are the concrete manfifestations and products of the spread of communal idealogy. Communal ideaolgy can prevail without violence but communal violence cannot exist without communal idealogy. A person can be a believer in, and even a propagator of, communalism even while opposing and condemning communal violence, rioting and terrorism’.

വര്‍ഗീയതയുടെ അടിവേര് കണ്ട പ്രതിഭാധനനായ ചരിത്രകാരനാണ് ബിപന്‍ ചന്ദ്ര (27 മെയ് 1928 -30 ആഗസ്റ്റ് 2014 ). ആധുനിക ഇന്ത്യയുടെ രാഷ്ട്രീയത്തെയും ദേശീയബോധത്തെയും വര്‍ഗീയ സ്വഭാവത്തെയും ഇത്ര ആഴത്തില്‍ ഇറങ്ങിപ്പരിശോധിച്ചവര്‍ കുറയും. അക്രമമോ ഹിംസയോ പുറത്ത് കാണിക്കാതെ തന്നെ വര്‍ഗീയതക്ക് ഒരാളുടെ മനസ്സില്‍ കൂട് കൂട്ടാന്‍ കഴിയുമെങ്കിലും വര്‍ഗീയാതിക്രമങ്ങള്‍ക്ക് വര്‍ഗീയമായ ഒരു പ്രത്യയശാസ്ത്രം അനിവാര്യമാണ് എന്നത് അദ്ദേഹത്തിന്റെ വിലപ്പെട്ട ഒരു നിരീക്ഷണമാണ്. അക്രമത്തെയും കലാപത്തെയും ഭീകരവാദത്തെയും എതിര്‍ത്തുകൊണ്ടു തന്നെ ഒരാള്‍ക്ക് വര്‍ഗീയതയില്‍ വിശ്വസിക്കുകയോ അതിന്റെ പ്രചാരകനാകുകയോ ചെയ്യാം. വര്‍ഗീയതയുടെ പ്രചാരകനാകുന്നതോടൊപ്പം അക്രമത്തെയും കലാപത്തെയും പ്രോല്‍സാഹിപ്പിക്കുമ്പോള്‍ ചിത്രം മാറുന്നു. അതോടെ, സമൂഹത്തിന്റെ സ്വസ്ഥത നഷ്ടപ്പെടുന്നു. ജനാധിപത്യ സ്ഥാപനങ്ങള്‍ നോക്കുകുത്തിയാകുന്നു. പൊലീസും നീതിന്യായ ക്രമവും ബീഭല്‍സരൂപം പ്രാപിക്കുന്നു. രാജ്യതലസ്ഥാനത്ത് ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് ശേഷം മൂന്നാലുദിവസം നടമാടിയ വര്‍ഗീയലഹളയുടെ ( അങ്ങനെ പറയാന്‍ പാടുണ്ടോ ? ) ബാക്കിപത്രം മറിച്ചുനോക്കുമ്പോള്‍ ബിപന്‍ ചന്ദ്ര നല്‍കിയ മുന്നറിയിപ്പുകളാണ് പുലര്‍ന്നുകാണുന്നത്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യത്ത് നടമാടിയ എണ്ണമറ്റ വര്‍ഗീയകലാപങ്ങളില്‍ ഒന്നുമാത്രമാണ് ഫെബ്രുവരി 23ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ താണ്ഡവമാടിയത്. ഈ കലാപം ആ നിലയില്‍ തന്നെ ഇന്ത്യയുടെ ചരിത്രത്തില്‍ ചേര്‍ക്കും മുമ്പ് അതേക്കുറിച്ച് ഒരു സവിശേഷ പഠനം നടത്തേണ്ടതുണ്ട്. ഒന്നാമതായി, സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത ഏകപക്ഷീയ അക്രമപരമ്പരകളുടെ ഉന്നം സാമുദായികമായ ഉന്മൂലനമായിരുന്നു. പരമാവധി ന്യൂനപക്ഷാംഗങ്ങളെ കൊന്ന് തള്ളുക. അവര്‍ കൊല്ലപ്പെടേണ്ടവരാണെന്ന ഉറച്ച വിശ്വാസത്തിലാണീ നികൃഷ്ടതയൊക്കെയും. മുസ്ലിംകളുടെ പൂര്‍ണമായ അന്യവത്കരണമാണ് മറ്റൊന്ന്. ആര്‍.എസ്.എസ് ‘ശാഖ’യിലൂടെ പഠിപ്പിക്കുന്ന മുസ്ലിംകളെ കുറിച്ചുള്ള വെറുപ്പും വിദ്വേഷവും വൈരവും അതിന്റെ സത്തയില്‍ പ്രായോഗികതലത്തില്‍ കൊണ്ടുവരുമ്പോള്‍ എന്തു സംഭവിക്കുന്നുവെന്ന് പൊലീസ് കോടതികളില്‍ സമര്‍പ്പിച്ച കുറ്റപത്രവും ന്യൂനപക്ഷ കമീഷന്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടും സാംസ്‌കാരിക നായകര്‍ മുന്നോട്ടുവെക്കുന്ന നിരീക്ഷണങ്ങളും തെളിയിക്കുന്നു. 53പേര്‍ കൊല്ലപ്പെട്ടതില്‍ 38ഉം മുസ്ലിംകളാണ്. ജാഫറാബാദിലെയും ശിവ് വിഹാരിലെയും ഗല്ലികളില്‍ കത്തിച്ചാമ്പലാക്കപ്പെട്ടതും ഇടിച്ചുപൊളിച്ചു ധൂമപടലങ്ങളാക്കിയതും ന്യുനപക്ഷാംഗങ്ങളുടെ വീടുകളും കടകളും ചെറിയ ചെറിയ തൊഴില്‍ശാലകളുമാണ്. പക്ഷേ പൊലീസ് എഫ്.ഐ.ആര്‍ തയാറാക്കിയപ്പോള്‍ കലാപം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് മുസ്ലിംകളാണെന്നും പൗരത്വഭേദഗതിനിയമം കൊണ്ടുവന്ന മോഡി സര്‍ക്കാരിനെ അട്ടിമറിക്കാനാണെന്നും കുറ്റം ചുമത്തിയിരിക്കയാണ്. അതേസമയം, നാസി ജര്‍മനിയില്‍ യഹൂദ വിഭാഗത്തെ തിരഞ്ഞുപിടിച്ച് കൊല്ലാനും ഗ്യാസ് ചേംബറിലേക്ക് ആനയിക്കാനും ഉപയോഗിച്ച മാനദണ്ഡങ്ങളും ഉപാധികളും ഇവര്‍ വിപുലമായി സ്വീകരിച്ചുവെന്ന് അന്വേഷണ സമിതി സാക്ഷ്യപ്പെടുത്തുന്നു. പര്‍ദ ഇത്രമാത്രം മതചിഹ്നമായി ഗണിക്കപ്പെട്ട വര്‍ഗീയ ലഹള ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. പ്രാണനും കൊണ്ട് ഓടുന്നതിനിടയിലും പര്‍ദ വലിച്ചുകീറി മുസ്ലിം സ്ത്രീകളുടെ സ്വത്വത്തെ വെല്ലുവിളിച്ചു. മുഖമറ പിച്ചിച്ചീന്തിയത് സാംസ്‌കാരിക സ്വത്വത്തിന് ഇവിടെ രക്ഷയില്ല എന്ന മുന്നറിയിപ്പ് നല്‍കാനാണ്. മുസ്ലിമിന്റെ എല്ലാ ചിഹ്നങ്ങളെയും ആക്രമകാരികള്‍ ഉപയോഗപ്പെടുത്തിയത് അവരുടെ കലാപ പദ്ധതി വിജയപ്രദമായി നടപ്പാക്കാനാണ്. തൊപ്പിയും താടിയും കുപ്പായവും കുര്‍ത്തയും പൈജാമയുമൊക്കെ ആര്‍.എസ്.എസിന്റെ വര്‍ഗീയ പദ്ധതികളിലെ തിരിച്ചറിയല്‍ ചിഹ്നമായി മാറിയത് ഗല്ലികളിലെ പുതിയ അനുഭവമായിരുന്നു. 2002ലെ ഗുജറാത്ത് മുസ്ലിം ഹത്യക്ക് ശേഷം വിജയപ്രദമായി പരീക്ഷിച്ചതുപോലെ തങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന പ്രോസിക്യൂട്ടര്‍മാരെ ഇറക്കുമതി ചെയ്ത് നീതിന്യായവ്യവസ്ഥ അട്ടിമറിക്കാനാണ് അമിത് ഷായുടെ പൊലീസ് കരുക്കള്‍ നീക്കിയത്. ബി.ജെ.പി നല്‍കിയ ലിസ്റ്റില്‍നിന്നേ പ്രോസിക്യുട്ടര്‍മാരെ നിയമിക്കാനാവൂവെന്ന് ശഠിച്ചത് ലഫ്. ഗവര്‍ണര്‍ അനില്‍ ബെയ്ജാലാണ്. സംഘ്പരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെട്ട കേസുകള്‍ സ്വന്തം ആള്‍ക്കാരെ പ്രോസിക്യുട്ടറായി വെച്ച് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോഡി എങ്ങനെയാണ് അട്ടിമറിച്ചതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ അഷിഷ് ഖേതാന്‍ വിവരിക്കുന്നുണ്ട്. പൊലീസ് സേനയുടെ മനസ്സറിഞ്ഞുള്ള സഹായം കലാപകാരികള്‍ക്ക് എല്ലാം എളുപ്പമാക്കിക്കൊടുത്തു. സഹായമഭ്യര്‍ഥിച്ച നിസ്സഹായരോട് നിങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് ആജ്ഞയില്ല എന്ന് പറഞ്ഞ് ഇരുന്ന സീറ്റില്‍ ഉറച്ചിരിക്കുകയായിരുന്നു നിയമപാലകള്‍.

സ്ത്രീകളോടുള്ള പരാക്രമം
ബ്രാഹ്മണാധിപത്യ സമൂഹ വ്യവസ്ഥയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ജോലി നീക്കിവെച്ചിട്ടുണ്ട്. അതിനു പുറത്തുള്ളവര്‍ മുഴുവന്‍ ക്ഷുദ്രജീവികളാണ്. ഡല്‍ഹി കലാപനാളുകളില്‍ ഏറ്റവും ക്രൂരമായി പെരുമാറിയത് സ്ത്രീകളോടാണ്. ‘മുല്ലോംഗൊ മാറോം- മുസ്ലിംകളെ കൊല്ലൂ’ എന്ന ആക്രോശം കേട്ട് ഞെട്ടിവിറച്ച മുസ്ലിം സ്ത്രീകളെ നേരിട്ടത് കേട്ടാലറക്കുന്ന തെറിയഭഷേകം കൊണ്ടാണ്. സായുധരായ അക്രമിസംഘം ജയ്ശ്രീറാം വിളിച്ചാണ് പെണ്ണുങ്ങളുടെ നേര്‍ക്ക് അലറിയടുത്തത്. പൗരത്വപ്രക്ഷോഭ കാലത്ത് ശഹീന്‍ ബാഗുകളില്‍ ഉയര്‍ന്ന മുദ്രാവാക്യമായിരുന്നു ‘ആസാദി’എന്നത്. ആര്‍.എസ്.എസിനെ അങ്ങേയറ്റം പ്രകോപിപ്പിച്ചിരുന്നു ആ പദം. അതുകൊണ്ട്തന്നെ, ‘നിങ്ങള്‍ക്ക് ആസാദി വേണമല്ലേ’ എന്ന് കുരച്ചുചാടിയാണ് വീടകങ്ങളിലേക്ക് സംഘ്പരിവാര്‍ ഗുണ്ടകള്‍ പാഞ്ഞുകയറിയത്. സ്ത്രീകളുടെ മുന്നില്‍വെച്ച് പാന്റ്‌സ് അഴിച്ച് ‘നിങ്ങള്‍ക്ക് ആസാദി’ തരാം എന്ന് പറഞ്ഞ് സ്ത്രീകളെ അപമാനിച്ച എത്രയോ സംഭവങ്ങളുണ്ടായതായി കമ്മീഷന്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് പിഞ്ചുമക്കളുടെ കൈ പിടിച്ച് കയറിയ യുവതികളെ തേടി അക്രമികള്‍ ഇരുട്ടിന്റെ മറവില്‍ അവിടെയുമെത്തി. കുഞ്ഞുങ്ങളുടെ കണ്‍മുമ്പില്‍ വെച്ച് ലൈംഗികമായി പീഢിപ്പിച്ചു. ചെറുത്തുനിന്നാല്‍, കുഞ്ഞുങ്ങളെ താഴേക്ക് വലിച്ചെറിയുമെന്ന് ഭീഷണിപ്പെടുത്തി. ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്ന ശിവ് വിഹാറില്‍ മാര്‍ച്ച് 15ന് ചെന്നപ്പോള്‍ കണ്ട ഭീതിദമായ കാഴ്ച മറക്കാനാവില്ല. റിപ്പോര്‍ട്ടില്‍ ഇതൊക്കെ ആവര്‍ത്തിക്കുന്നുണ്ട്. ഇവിടെ രണ്ടുസ്‌കൂളുകളില്‍- രാജധാനി പബ്ലിക് സ്‌കൂള്‍, വി.പി.ആര്‍ കോണ്‍വെന്റ് സ്‌കൂള്‍- രണ്ടായിരത്തോളം പേര്‍ 24 മണിക്കൂര്‍ തമ്പടിച്ചാണ് അക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഹെല്‍മറ്റോ മുഖംമൂടിയോ ധരിച്ചാണത്രെ അക്രമികള്‍ പുറത്തിറങ്ങി നടന്നത്. ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്ന ശിവ് വിഹാറിലെ ഗല്ലികളില്‍ ഹിന്ദുക്കളും മുസ്ലിംകളും ഇടകലര്‍ന്നാണ് ഇതുവരെ ജീവിച്ചുപോന്നിരുന്നത്. റോഡരികില്‍ സ്ഥിതിചെയ്യുന്ന പത്ത് വീടുകളില്‍ മുസ്ലിംകള്‍ താമസിക്കുന്ന രണ്ടു വീട് മാത്രം ലക്ഷ്യമിട്ട് അക്രമം നടത്തണമെങ്കില്‍ പ്രദേശത്തുകാരുടെ സജീവപങ്കാളിത്തം ഉണ്ടാവണം. മുസ്ലിംകളുടെ കടകള്‍ തിരഞ്ഞുപിടിച്ച് കത്തിച്ചാമ്പലാക്കിയ കാഴ്ച ഞെട്ടിക്കുന്നതാണ്. ഇവിടെ രണ്ടു പള്ളികളാണ് അഗ്‌നിക്കിരയാക്കിയത്- മദീന മസ്ജിദും ഔലിയ മസ്ജിദും. വര്‍ഗീയവാദികളുടെ കൈകളില്‍ ഗ്യാസ് സിലിണ്ടറുകള്‍ എങ്ങനെ മാരകായുധമായി മാറുന്നുവെന്നതിന്റെ തെളിവുകള്‍ സന്ദര്‍ശിച്ച എല്ലായിടങ്ങളിലും കാണാന്‍ സാധിച്ചു. ഗ്യാസ് സിലിണ്ടര്‍ പള്ളിക്കകത്തേക്കും വീടുകളിലേക്കും ഷോപ്പുകളിലേക്കും വലിച്ചെറിഞ്ഞ് പെട്രോള്‍ബോംബുകള്‍ ഉപയോഗിച്ച് സ്‌ഫോടനം സൃഷ്ടിക്കുകയായിരുന്നു. തുണ്ടം തുണ്ടമായ സിലിണ്ടറുകള്‍ പറഞ്ഞുതരുന്നുണ്ട് പൊട്ടിത്തെറിയുടെ ആഘാതം. പള്ളിക്കകത്ത് മദ്യപിച്ച അക്രമികള്‍ ഇമാമിനെ ആസിഡ് കൊണ്ടാണ് ആക്രമിച്ചത്. സമീപത്തെ മുഴുവന്‍ മുസ്ലിം വീടുകള്‍ക്കും തീവെച്ചു. രണ്ടുവീടുകള്‍ മാത്രം പോറലേല്‍ക്കാതെ ബാക്കിയായിട്ടുണ്ട്. എല്ലാം കത്തിച്ചാമ്പലാക്കുമ്പോഴും സ്വന്തം ആളുകള്‍ക്ക് ഒരു നഷ്ടവും സംഭവിക്കാന്‍ പാടില്ലെന്ന് വി.എച്ച്.പി ഗുണ്ടകള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
‘ഭീകരവാദികള്‍, രാജ്യദ്രോഹികള്‍, പരദേശികള്‍’ തുടങ്ങിയ അന്യവത്കരണ പ്രയോഗങ്ങളാണത്രെ കലാപത്തിലുടനീളം മുസ്ലിംകള്‍ കേള്‍ക്കേണ്ടിവന്നത്. പൊലീസ് അക്രമികള്‍ക്കൊപ്പം ഇത്രമാത്രം ഇതിനു മുമ്പ് അഴിഞ്ഞാടിയത് ഗുജറാത്തില്‍ മാത്രമായിരിക്കാം. സ്ത്രീകളെ പോലും അവര്‍ തല്ലിച്ചതച്ചു. ഒരു ഗര്‍ഭിണി തലക്ക് ലാത്തികൊണ്ട് അടിയേറ്റ് ബോധരഹിതയായി. ചാന്ദ്ബാഗ് ആശുപത്രിയിലെത്തിച്ചപ്പോള്‍ മുപ്പത്തഞ്ച് തുന്നുണ്ടായിരുന്നു. അല്‍പം ബോധം തെളിഞ്ഞപ്പോള്‍ തൊട്ടരികിലുള്ള പൊലീസുകാരന്‍ പറയുന്നത് കേട്ടത്രെ: ‘ഹിന്ദുസ്ഥാന്‍ ഹമാരാ ഹായ്, ഏക് ഭീ മുസല്‍മാന്‍ ഇതര്‍ നഹീം രഹേഗാ’ -ഇന്ത്യ ഞങ്ങളുടേതാണ് ; ഒരൊറ്റ മുസ്ലിമിനെയും ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ല’. ഒരു യുവതിയുടെ നേരെ ആസിഡ് എറിഞ്ഞത് പൊലീസാണ്. ഒരു ബാലികയെ മര്‍ദിക്കുന്നത് കണ്ട് തടയാന്‍ ചെന്നപ്പോള്‍ പര്‍ദാധാരിണിയെ ചവിട്ടിവീഴ്ത്തി. ഖജൂരി ഖാസില്‍ അക്രമികളെ ഭയന്ന് കുട്ടികളുമായി മൂന്നാമത്തെ നിലയില്‍ അഭയം തേടിയ വീട്ടമ്മക്ക് നേരെ അക്രമികളും പൊലീസും തുരുതുരാ കല്ലെറിയാന്‍ തുടങ്ങിപ്പോള്‍ ആ സ്ത്രീക്ക് രണ്ടും കല്‍പിച്ച് കുഞ്ഞുങ്ങളെ താഴേക്ക് എറിയേണ്ടിവന്നു. കലാപം കഴിഞ്ഞിട്ടും ചകിതരായി കഴിഞ്ഞ സ്ത്രീകളെ മാസങ്ങളോളം ഭയവിഭ്രാന്തി വേട്ടയാടി. ഞങ്ങള്‍ മാര്‍ച്ച് 15ന് മൂന്നാല് മരണവീട്ടില്‍ പോയപ്പോള്‍ സ്ത്രീകളുടെ ആളനക്കം കേള്‍ക്കാനില്ല. ചോദിച്ചപ്പോള്‍ പറഞ്ഞു; ഇതുവരെ അക്രമകാരികള്‍ കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ സൃഷ്ടിച്ച ഷോക്കില്‍നിന്ന് അവര്‍ മോചിതരായിട്ടില്ല എന്ന്. മോചിതരാവരുതെന്ന് മോഡി ഭരണകൂടത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ലോക്ഡൗണിന്റെ മറവില്‍ വ്യാപകമായ അറസ്റ്റും പീഢനങ്ങളും തടവറയും അടിച്ചേല്പിച്ചത്. യു.എ.പി.എ വ്യാപകമായി ചുമത്തപ്പെട്ടപ്പോള്‍, അടുത്തിടെ കൊണ്ടുവന്ന ഭേദഗതികള്‍ പോലും ഡല്‍ഹികലാപം മുന്‍കൂട്ടി കണ്ടായിരുന്നോ എന്ന് സംശയിച്ചു.

വിഘടനവാദ സിദ്ധാന്തങ്ങള്‍
പൗരത്വദേഭഗതി നിയമത്തിന് എതിരെ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭങ്ങളാണ് കലാപത്തിലേക്ക് നയിച്ചതെന്നും ഇരുസമുദായങ്ങളെയും തമ്മില്‍ തല്ലിച്ച് മോഡി സര്‍ക്കാരിനെതിരെ സായുധകലാപം അഴിച്ചുവിടാനുള്ള വിഘടനവാദികളുടെ പദ്ധതിയാണ് കലാപമെന്നുമാണ് പൊലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ വിശദീകരിക്കുന്നത്. കുറ്റപത്രത്തിലെ മര്‍മം ഈ വാചകത്തില്‍നിന്ന് വായിച്ചെടുക്കാം: ‘to go to any extent possible, be it a small scuffle with the police during blockade or instigation of riots between two communities or to advocate and execute a secessionist movement in the country by propagating an armed rebellion against the lawfully constituted government of the day.’രാജ്യത്തുടനീളം പൗരത്വപ്രക്ഷോഭം ആളിക്കത്തിയത് ലോകം കണ്ടതാണ്. പൗരത്വനിര്‍ണയത്തില്‍ മതം മാനദണ്ഡമാക്കിയതാണ് രോഷത്തിന്റെ നിദാനം. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് അഭയം തേടി ഇവിടെ എത്തിയവര്‍ക്ക് പൗരത്വം നല്‍കുമ്പോള്‍ മുസ്ലിംകളെ മാത്രം അതില്‍നിന്ന് ഒഴിവാക്കിനിറുത്തിയതാണ് സി.എ.എ പ്രക്ഷോഭങ്ങളുടെ മുഖ്യനിദാനം. ഭരണഘടന മുന്നില്‍വെച്ചാണ് പൗരത്വസമരങ്ങളത്രയും മുന്നോട്ടുപോയത്. ലോകം മുഴുവനും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഹിന്ദു-മുസ്ലിം കലാപമുണ്ടാക്കി മോഡി ഭരണകൂടത്തെ അട്ടിമറിക്കാനും അതുവഴി വിഘടനവാദത്തിലേക്ക് ജനങ്ങളെ ആനയിക്കാനുമാണ് ഗൂഢാലോചന നടത്തിയതെന്ന പൊലീസ് ഭാഷ്യം ആര്‍ എസ് എസ് വകയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ കലാപം അഴിച്ചുവിടാന്‍ പൊലീസ് ഓഫീസറുടെ മുന്നില്‍ വെച്ച് പരസ്യമായി ആഹ്വാനം നടത്തിയ ബി.ജെ.പി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേശ് വര്‍മ, അഭയ വര്‍മ തുടങ്ങിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജൂണ്‍ മാസം മനുഷ്യാവകാശ പ്രവര്‍ത്തകനായ ഹര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിക്ക് മറുപടിയായി നല്‍കിയ സത്യവാങ്മൂലത്തിലാണ് കേട്ടാല്‍ ഞെട്ടുന്ന ആരോപണം ഉന്നയിച്ചത്. എന്നാല്‍, സ്വന്തം വാദത്തിന് ഉപോല്‍ബലകമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് സമ്മതിക്കുന്നുണ്ട്. ജൂലൈ 11വരെ 1430പേരെയാണ് കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. 750എഫ്.ഐ. ആര്‍ സമര്‍പ്പിച്ചു. 200 കുറ്റപത്രങ്ങളും. എല്ലാ കുറ്റപത്രങ്ങളിലും പറയുന്നത് സി.എ.എ വിരുദ്ധ പ്രക്ഷോഭകരാണ് കലാപം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നാണ്. ആടിനെ പട്ടിയാക്കുന്ന നിയമപാലകര്‍! ഹിന്ദുക്കളെയും മുസ്ലിംകളെയും ഇരുധ്രുവങ്ങളിലേക്ക് അകറ്റുക എന്ന ലക്ഷ്യത്തോടെയാണത്രെ ഡിസംബര്‍ 15തൊട്ട് ജാമിഅ മില്ലിയ സര്‍വകലാശാലയിലും പരിസരത്തും പൗരത്വപ്രക്ഷോഭം സംഘടിപ്പിച്ചത്. ഭീം സേന നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ ഭാഗമായി ജഅഫറാബാദ് മെട്രോ സ്റ്റേഷന്‍ വളയാനും അതുവഴി ഹിന്ദുക്കളായ യാത്രക്കാരുടെ സഞ്ചാരം തടസ്സപ്പെടുത്താനും സമരക്കാര്‍ പദ്ധതി ആസൂത്രണം ചെയ്തതാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിലേക്ക് വഴിവെച്ചതെന്നുമാണ് പൊലീസ് വാദിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തലസ്ഥാന നഗരി സന്ദര്‍ശിക്കുന്ന ഫെബ്രുവരി 22 നു പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചത് തന്നെ , അന്താരാഷ്ട്ര തലത്തില്‍ മോഡിസര്‍ക്കാര്‍ ‘മുസ്ലിം വിരുദ്ധര്‍’ ആണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ളതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെട്ടെന്നുള്ള ഒരു വര്‍ഗീയ പൊട്ടിത്തെറിയുടെ അനന്തരഫലമായല്ല കലാപം ഉടലെടുത്തതെന്നും പ്രത്യേക അജണ്ട മുന്നില്‍വെച്ച് ചില തീവ്രവാദ ശക്തികള്‍ നടത്തിയ ആസൂത്രിമായ നീക്കമാണ് എല്ലാറ്റിനും കാരണമെന്നും ഏതോ തല്‍പര കക്ഷികള്‍ ഫണ്ട് നല്‍കുന്നുണ്ടെന്നുവരെ എഴുതിവെച്ചിരിക്കയാണ്:

” a holistic view of all the three phases and the investigations which have been conducted so far in individual FIRs and the leads which the Delhi Police have been able to ascertain, clearly demonstrates that the present incidents of violence were not instigated in a spur of moment or because of any tensions between two communities for an obvious religious cause, but were carefully engineered and funded by mischievous elements and fringe groups, who, in pursuit of their motivated hidden agendas, instilled a false fear and panic in the minds of a section of society and provoked/ instigated them to take law and order in their hands and resort to violence. ”

വംശഹത്യയുടെ അനുഭവ പാഠങ്ങള്‍
ഡല്‍ഹിയില്‍ നടന്ന ഏകപക്ഷീയ മുസ്ലിം വിരുദ്ധ കൂട്ടക്കൊലയും നശീകരണവും ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടി. രാജ്യതലസ്ഥാനഗരിയില്‍, പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും മൂക്കിനു താഴെ ഇങ്ങനെയൊക്കെ സംഭവിക്കാമെങ്കില്‍ വിദൂര ദേശങ്ങളിലെ അവസ്ഥ എന്തായിരിക്കുമെന്ന് ആഗോളസമൂഹത്തെ കൊണ്ട് പറയിപ്പിച്ചു. രാജ്യത്ത് വര്‍ഗീയത പാരമ്യതയിലാണ്. എല്ലാ ജനാധിപത്യ സ്ഥാപനങ്ങളും ഹിന്ദുത്വവത്കരിക്കപ്പെടുകയോ വര്‍ഗീയവത്കരിക്കപ്പെടുകയോ ചെയ്ത്കഴിഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് ആശ്രയിക്കാന്‍ പറ്റുന്ന ഭരണഘടനാ സ്ഥാപനം ഇല്ലെന്ന് തന്നെ പറയാം. ഡല്‍ഹി ന്യൂനപക്ഷകമീഷന്‍ കലാപത്തിന്റെ വിപദ്മാനങ്ങളിലേക്ക് വെളിച്ചം വീശിയപ്പോള്‍ അദ്ദേഹത്തെയും ബി.ജെ.പി ഭരണകൂടം വെറുതെവിട്ടില്ല. കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ നീക്കങ്ങള്‍ നടത്തി. വ്രതമാസത്തില്‍ 65കഴിഞ്ഞ ഒരു പണ്ഡിതനെ തുറുങ്കലടക്കുന്നതിലെ ക്രൂരത ലോകം ചര്‍ച്ച ചെയ്തപ്പോഴാണ് അമിത് ഷാ തല്‍ക്കാലം ആ നടപടിയില്‍നിന്ന് പിന്മാറിയത്. പൗരത്വത്തിന്റെ പേരില്‍ മേലില്‍ ആരും തെരുവിലിറങ്ങിപ്പോകരുത് എന്ന താക്കീതായിരുന്നു കലാപത്തിന്റെ മുഖ്യസന്ദേശം. നിങ്ങള്‍ എത്ര കണ്ട് ജനാധിപത്യമാര്‍ഗത്തിലൂടെ പോരാടും അത്രകണ്ട് ഭരണകൂട ഭീകരതയിലുടെ നേരിടാന്‍ ഒരുക്കമാണ് എന്ന സന്ദേശമാണ് കലാപം കൈമാറിയത്. വരുംകാല രാഷ്ട്രീയ നയരൂപീകരണപ്രക്രിയ ഏത് ദിശയിലുടെയാവണം എന്ന മുന്നറിയിപ്പ് ഇതിലുണ്ട്.

KASIM IRIKKOOR

You must be logged in to post a comment Login