പാലത്തായിയിലെ ലൈംഗികാക്രമണക്കേസില്‍ സംഭവിച്ചതെന്ത് എന്ന് എഴുതാനിരിക്കുമ്പോള്‍, അതും ചിരപരിചിതരായ നിങ്ങളോട് അക്കാര്യങ്ങള്‍ പറയാനിരിക്കുമ്പോള്‍ ഒന്‍പതുവയസ്സുകാരനായ എന്റെ മകന്‍ അപ്പുറത്തുണ്ട്. പ്രസവിക്കപ്പെട്ട കുഞ്ഞുങ്ങള്‍ പിറന്നയുടന്‍ മാതാപിതാക്കളെ ഗര്‍ഭം ധരിക്കും എന്ന് പറയാറുണ്ട്. കുഞ്ഞുങ്ങളോടൊപ്പം നമ്മളും വളരുകയാണെന്ന് അര്‍ഥം. അവര്‍ക്കുള്ളിലാണ് നമ്മള്‍ പിന്നീട് ജീവിക്കുന്നത് എന്നുമര്‍ഥം. അവരുടെ കുഞ്ഞുമുഖത്തെ വെട്ടം ഇത്തിരി മങ്ങിയാല്‍ നമ്മളൊന്ന് പിടച്ചുപോവാറില്ലേ? പൊതുജീവിതത്തില്‍ പൊതുവിടത്തില്‍ നാം ജീവിക്കുന്ന മുഴുവന്‍ ജീവിതത്തെയും മറികടക്കുന്ന പിടച്ചില്‍. ലൈംഗികകുറ്റകൃത്യം എന്നൊക്കെ വിരല്‍ ചലിപ്പിച്ച് എഴുതുക എളുപ്പമാണ്. ഒറ്റനിമിഷത്തില്‍ ദൈവമേ എന്ന ഒരാന്തല്‍ നമ്മെ പൊതിയും. എന്താണ് അവരോട് ആ ചെയ്തത് എന്ന് ഓര്‍ക്കുമ്പോഴേ നടുങ്ങും. ഒരു പൂവ് കീറുന്ന നേര്‍ത്ത ഒച്ച. ആ നടുക്കമുണ്ട് കുഞ്ഞുങ്ങളെക്കുറിച്ചുള്ള ഈ എഴുത്തില്‍. അതിനാല്‍ നിര്‍വികാരത പുതപ്പിക്കാനുള്ള വലിയ ശ്രമവും ഈ എഴുത്തിലുടനീളമുണ്ട്. അതിവൈകാരികമായ ഒന്നിനെ നിര്‍വികാരമായി എഴുതുക എന്നത് വേദനാകരമാണ്.
സീറോ ടോളറന്‍സ്. കുട്ടികള്‍ക്കെതിരായ ലൈംഗികാക്രമണങ്ങളില്‍ രാജ്യത്തെ നിയമവ്യവസ്ഥ സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച സുപ്രീംകോടതിയുടെ നിലപാടാണ്. സാധ്യമാകുന്നത്ര ഒച്ചയില്‍ വിട്ടുവീഴ്ചയില്ല എന്ന പ്രഖ്യാപനമാണത്. നിയമത്തിന്റെ ദീര്‍ഘചരിത്രത്തിലെ പല സന്ദര്‍ഭങ്ങളിലുമെന്നതുപോലെ മൂര്‍ത്തമായ സാഹചര്യങ്ങളാണ് അത്തരമൊരു നിലപാടിലേക്ക് സുപ്രീം കോടതിയെ എത്തിച്ചത്. നിര്‍ഭയാനന്തരം ഇന്ത്യയില്‍ ഉരുത്തിരിഞ്ഞ ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ തീവ്രബോധം അതിലൊന്നാണ്. 2019-ല്‍ ജനുവരി മുതല്‍ ജൂണ്‍വരെയുള്ള മാസങ്ങളില്‍ മാത്രം 24212 എഫ് ഐ ആറുകളാണ് കുട്ടികള്‍ക്കെതിരായ ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ചൈല്‍ഡ്‌റേപ്പ് കുറ്റകൃത്യങ്ങളുടെ അപായകരമായ വര്‍ധനയെ സംബന്ധിക്കുന്ന ഒരു റിട്ട് ഹരജിയുടെ നടപടികള്‍ക്കിടെ സുപ്രീംകോടതി നേരിട്ട് വിളിച്ചെടുത്ത കണക്കാണിത്.
കുട്ടികള്‍ക്കുമേലുള്ള ലൈംഗികാക്രമണങ്ങള്‍ക്കെതിരെ മാത്രമായി പോക്‌സോ നിയമം 2012-ല്‍ എഴുതിയുണ്ടാക്കിയ രാജ്യമാണല്ലോ ഇന്ത്യ. ദ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് 2012 എന്ന് തലക്കെട്ട്. ക്രിമിനല്‍ നടപടി ചട്ടപ്രകാരം അക്രമിക്കപ്പെട്ട കുട്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയും അക്രമണം നടന്നതായുള്ള ഒരു മെഡിക്കല്‍ പ്രാക്ടീഷണറുടെ റിപ്പോര്‍ട്ടും മാത്രം മതി ഈ നിയമപ്രകാരം കുറ്റവാളിക്കെതിരില്‍ പോക്‌സോ ചുമത്താന്‍. നിയമത്തിന്റെ ആറാം അധ്യായം കുട്ടിയില്‍ നിന്ന് മൊഴിയെടുക്കേണ്ടതിന്റെ വിശദാംശങ്ങള്‍ നിര്‍ദേശിക്കുന്നുമുണ്ട്. അക്രമിക്കപ്പെട്ട കുട്ടിയുടെ സ്വത്വം വെളിപ്പെടുത്തുന്ന ഒന്നും പൊലീസ് ഓഫീസര്‍ ചെയ്തുകൂടാ. പൊതുമാധ്യമങ്ങളില്‍ നിന്ന് കുട്ടിയുടെ സ്വത്വം മറച്ചുപിടിക്കേണ്ട നിയമപരമായ ബാധ്യത ചട്ടപ്രകാരം പൊലീസിനാണ്. 2019-ല്‍ ശിക്ഷ കടുപ്പിച്ച് പോക്‌സോ ഭേദഗതിയും വന്നു. കടുപ്പിച്ച ഭേദഗതിയുടെ അടിത്തറയാണ് സീറോ ടോളറന്‍സ് പോളിസി.
പോക്‌സോ വന്നിട്ടും ശിക്ഷ കടുപ്പിച്ചിട്ടും അക്രമങ്ങള്‍ കുറഞ്ഞില്ല, നടപടികളുടെ ഇഴച്ചിലും കുറഞ്ഞില്ല. കൊടുംകുറ്റത്തിന്റെ വടുക്കള്‍ ശരീരത്തിലും മനസ്സിലും പേറി, ജീവിച്ചിരിക്കേ മരിച്ചവരായിത്തീര്‍ന്ന അനേകം കുഞ്ഞുങ്ങളുടെ പ്രകാശം വറ്റിയ മുഖങ്ങള്‍ കൂടിയാണ് നമ്മുടെ രാജ്യം. രാജ്യത്തിന്റെ മറ്റിടങ്ങളില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല കുഞ്ഞുങ്ങളോടുള്ള അതിക്രമങ്ങളുടെ കാര്യത്തില്‍ കേരളവും. പോയവര്‍ഷം വെറും നാലുമാസത്തിനിടെ 1156 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. സ്‌കൂള്‍കുഞ്ഞുങ്ങളും തെരുവില്‍ പാര്‍ക്കുന്ന കുഞ്ഞുങ്ങളും അക്രമിക്കപ്പെട്ടു. 2012-ല്‍ പോക്‌സോ വന്നതിന് ശേഷം മാത്രം 11797 കേസുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. വര്‍ഷാവര്‍ഷം കേസുകളുടെ എണ്ണം കൂടിവന്നു. 2013-ല്‍ 1016 ആയിരുന്നത് 2014-ല്‍ 1402 ആയി. 2018-ല്‍ അത് 3174 ആണ്. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അവബോധത്തിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ടാണെന്ന് വാദിക്കാം. അതില്‍ കഴമ്പുണ്ടുതാനും. എന്നാല്‍ അവബോധത്തിന്റെ വളര്‍ച്ച കുറ്റകൃത്യങ്ങളെ കുറയ്ക്കുന്നതിലേക്ക് നയിക്കേണ്ടതല്ലേ എന്നത് നീതിയെ സംബന്ധിച്ച് ഒട്ടും ചെറുതല്ലാത്ത ഒരു ചോദ്യമാണ്.
ഭയാനകമാണ് പോക്‌സോ കേസുകളിലെ ഇഴച്ചിലും കുറ്റവാളികളുടെ രക്ഷപെടലും കാണിക്കുന്ന കണക്കുകള്‍. വെറും പതിനെട്ട് ശതമാനം മാത്രമാണ് കേരളത്തില്‍ പോക്‌സോ കേസുകള്‍ ശിക്ഷിക്കപ്പെട്ടത്. വാളയാറില്‍ ആളിപ്പോയ കുരുന്നുകളെ മറക്കരുത്. ചൈല്‍ഡ് ലൈന്‍ പുറത്തുവിട്ട കണക്കുകള്‍ നോക്കുക. 2013 മുതല്‍ 2018 വരെയുള്ള വിവരങ്ങളാണ്. പോക്‌സോയിലെ അഞ്ചാം വകുപ്പ്, ബലാല്‍സംഗം, ചാര്‍ജ് ചെയ്ത 413 കേസില്‍ ശിക്ഷിക്കപ്പെട്ടത് വെറും 98 പേരാണ്. ലൈംഗിക അതിക്രമം ( ലൈംഗികാവയങ്ങളില്‍ സ്പര്‍ശിക്കല്‍ ഉള്‍പ്പടെ) സെക്ഷ്വല്‍ അസോള്‍ട്ട് വിശദീകരിക്കുന്ന വകുപ്പ് ഏഴ് പ്രകാരം 349 കേസുകളെടുത്തു. 290 ലും പ്രതികളെ വെറുതെവിട്ടു. കണക്കുകള്‍ അങ്ങനെ നീളുകയാണ്. എന്തുകൊണ്ടാണ് കുഞ്ഞുങ്ങള്‍ക്കെതിരായ കൊടുംകുറ്റകൃത്യം തക്കതായ നിയമം നിലവിലുണ്ടായിട്ടും ശിക്ഷിക്കപ്പെടാതെ പോവുന്നത്?
ഉത്തരം കുറ്റകൃത്യവും അധികാരവും എന്ന വിശാലവിഷയത്തിലുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ബഹുഭൂരിപക്ഷത്തിലും, മാരകമായ ബലാല്‍സംഗത്തില്‍ പ്രത്യേകിച്ചും കുട്ടിയുടെ അധികാരനില തുലോം താഴെ ആയിരിക്കും. ബലാല്‍സംഗം ചെയ്യപ്പെട്ടവരില്‍ ( ബലാല്‍സംഗം ദൈവമേ, ആ വാക്ക് പ്രയോഗിക്കുമ്പോള്‍ വിരലുകള്‍ വിറക്കുന്നുണ്ട്. എത്രമേല്‍ നിര്‍വികാരമാകാമോ അത്ര നിര്‍വികാരമായി എഴുതാനുറച്ചതാണ്.) മഹാഭൂരിപക്ഷം പെണ്‍കുഞ്ഞുങ്ങളും സാമ്പത്തിക അധികാര നിലകളില്‍ വളരെ താഴ്ന്ന പടിയില്‍ ഉള്ളവരാണ്. ഏറിയവരും തെരുവില്‍ കഴിഞ്ഞവര്‍. അരക്ഷിതമായ വീടുകളില്‍ ജനിച്ചവര്‍. ദാരിദ്ര്യത്താല്‍ ശിക്ഷിക്കപ്പെട്ടവര്‍. അവരെയാണ് കീറിയെറിയുക. ചോദിക്കാന്‍ ആരുമില്ലാത്തവര്‍. ഗതികെട്ട് ഗതികെട്ട് ഗതികേടിലാണ് തങ്ങളെന്ന് ഓര്‍ക്കാന്‍ പോലും കഴിയാത്ത മനുഷ്യരുടെ മക്കള്‍. വാളയാറില്‍ സംഭവിച്ചത് അതാണ്. കീറിക്കളഞ്ഞവര്‍ക്കൊപ്പം പലരുമുണ്ടായി. അവര്‍ പൊതുജീവികളാണല്ലോ? ഉത്തമ സര്‍വനാമങ്ങള്‍. അവര്‍ വോട്ടുചെയ്യുന്നവരും വോട്ട് ചെയ്യുക എന്ന പ്രക്രിയയയെക്കുറിച്ച് അറിയുന്നവരുമായിരുന്നു. ദരിദ്രര്‍, കീറിപ്പോകുന്നവരുടെ മാതാപിതാക്കള്‍ വോട്ട് ചെയ്യുമായിരിക്കും. പക്ഷേ, വോട്ടു ചെയ്യാന്‍ കഴിവുള്ളവരാണ് തങ്ങളെന്ന ബോധത്തിലേക്ക് ഒരിക്കലും വളര്‍ന്നിട്ടുണ്ടാവില്ല. അതിനാലാണ് വാളയാറില്‍ ആ കുഞ്ഞുങ്ങള്‍, കീറിയെറിയപ്പെട്ട കുഞ്ഞുങ്ങള്‍ തോറ്റുപോയത്. അവര്‍ക്ക് നീതിചെയ്യേണ്ടവര്‍, ഭരണകൂടം അവരെ കണ്ടില്ല. അവരൊരിക്കലും ഭരണകൂടങ്ങളുടെ കാഴ്ചവട്ടത്തുള്ളവര്‍ ആയിരുന്നില്ല.
അവര്‍ക്ക് വേണ്ടി നിയമം ഇല്ലേ എന്ന് ചോദിക്കാം. നിശ്ചയമായും ഉണ്ട്. പക്ഷേ, നിയമത്തിന്റെ പരിരക്ഷകളിലേക്കുള്ള പാലങ്ങള്‍ വളരെ സങ്കീര്‍ണമാണ്. കാലുകള്‍ക്ക് കരുത്തുള്ളവര്‍ക്ക് മാത്രം എത്തിപ്പെടാന്‍ കഴിയുന്ന ഇടമാണത്. വാളയാറിലെ കുഞ്ഞുങ്ങളെക്കാള്‍ അവരെ കീറിയെറിഞ്ഞവര്‍ക്ക് അതിനുള്ള കരുത്തുണ്ടായിരുന്നു. അവര്‍ക്ക് വേണ്ടി ഭരണകൂടമില്ലേ എന്നും ചോദ്യമാവാം. ഭരണകൂടമുണ്ടായില്ല എന്നുതന്നെയാണ് ഉത്തരം. ഭരണകൂടവും അതിന്റെ നടത്തിപ്പുകളും ഒരു രാവണന്‍കോട്ടയാണ്. ലാബ്രിന്‍ത്. വഴികണ്ടുപിടിച്ചു മുന്നേറുന്നവര്‍ക്ക് മാത്രം മറുകര പൂകാന്‍ കഴിയുന്ന ഒന്ന്. വാളയാറില്‍ ഭരണകൂടം പരാജയപ്പെട്ടു. ഭരണകൂടത്തോട് ആ കുഞ്ഞുങ്ങള്‍ പരാജയപ്പെട്ടു. കേരളത്തിലെ പോക്‌സോ കേസുകളുടെ, അല്ലെങ്കില്‍ കുട്ടികള്‍ക്കെതിരായ കയ്യേറ്റങ്ങളുടെ ചരിത്രത്തില്‍ അതിനിര്‍ണായകമാവേണ്ട ഒന്നായിരുന്നു വാളയാര്‍. കേരളത്തിലെ പൗരസമൂഹം ജാഗ്രതയോടെ ഇടപെട്ടിരുന്നു. അതിനെയും മറികടക്കാന്‍ കുറ്റവാളികള്‍ക്ക് കഴിഞ്ഞു. പൗരസമൂഹത്തിന്റെ ജാഗ്രതയോട് അതേനിലയില്‍ പ്രതികരിക്കാന്‍ ഭരണകൂടത്തിനും അതിന് നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തിനും കഴിഞ്ഞില്ല. കേസെടുക്കുന്നതിലും നടത്തിപ്പിലും വീഴ്ചകള്‍ സംഭവിച്ചു. ഓരോ ഘട്ടത്തിലും അത് ചോദ്യം ചെയ്യപ്പെട്ടു. ഭരണകൂടം പരിഗണിച്ചില്ല. അന്ന് പരിഗണിച്ചിരുന്നുവെങ്കില്‍, നിര്‍ണായകമായ ഘട്ടത്തില്‍ കടുത്ത ഇടപെടല്‍ നടത്തിയിരുന്നുവെങ്കില്‍ കുറ്റവാളികള്‍ ഭയന്നേനെ. ഏത് രാവണന്‍ കോട്ടയിലേക്കും ഇരകളെ കൈപിടിച്ച് നടത്താന്‍ പോന്ന ഭരണകൂടം ഇവിടെയുണ്ട് എന്ന ശക്തമായ സന്ദേശം ഉണ്ടായേനെ. പാലക്കാട്ടെ വാളയാറില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുകയും ഇരകള്‍ക്ക് നീതികിട്ടുകയും ചെയ്തിരുന്നെങ്കില്‍ കണ്ണൂരിലെ പാലത്തായിയില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു. അതുണ്ടായില്ല. പാലത്തായിയിലും അതേ വീഴ്ചകള്‍, അതിക്രൂരമായ വീഴ്ചകള്‍ സംഭവിച്ചു.
കണ്ണൂരിലെ പാനൂര്‍, കണ്ണൂരിന് പുറത്ത് ഏറെ പരിചിതം രാഷട്രീയ സംഘര്‍ഷങ്ങളുടെ വിളനിലം എന്ന നിലയിലാണ്. ഒരറ്റത്ത് സംഘപരിവാറും മറ്റേയറ്റത്ത് സി പി എമ്മും നിലയുറപ്പിച്ച് നടന്ന സംഘര്‍ഷങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതേ പാനൂരിനടുത്താണ് പാലത്തായി. പാലത്തായിയിലെ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ലൈംഗികമായി ആക്രമിച്ചു എന്ന പരാതി കുട്ടിയുടെ കുടുംബം പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കുന്നത് 2020 മാര്‍ച്ച് 17-നാണ്. ലോകം കൊവിഡിന്റെ പിടിയില്‍ ആയിട്ടില്ല. ജനുവരി ഫെബ്രുവരി മാസങ്ങളില്‍ മൂന്ന് തവണയായി ആക്രമണം നടന്നു. ബി ജെ പി നേതാവും സംഘപരിവാര്‍ അനുകൂല അധ്യാപക സംഘടനയുടെ ഭാരവാഹിയുമായ പത്മരാജനെതിരെയായിരുന്നു പരാതി. പ്രഥമദൃഷ്ടിയില്‍ പോക്‌സോ ക്ഷണിച്ചുവരുത്തുന്ന കുറ്റകൃത്യം. സുപ്രീം കോടതി വിവിധ സന്ദര്‍ഭങ്ങളില്‍ വ്യക്തമാക്കിയ നോ ടോളറന്‍സ് എന്നത് നയമായി വ്യക്തമാക്കിയ നിരവധി നിര്‍ദേശങ്ങള്‍ ബാധകമായ പരാതി ആയിരുന്നു അത്. പോക്‌സോയില്‍ പ്രാഥമികാന്വേഷണം നടത്തി കേസെടുക്കാനാണ് നിര്‍ദേശമുള്ളത്. പ്രതി അജ്ഞാതനല്ല. നാട്ടില്‍ ഇറങ്ങി നടക്കുന്ന ആളാണ്. പക്ഷേ, പാനൂര്‍ പോലീസ് അക്ഷന്തവ്യമായ കൃത്യവിലോപം നടത്തി. പരാതി ലഭിച്ച് ഒരു മാസം പിന്നിട്ടിട്ടാണ് അറസ്റ്റുണ്ടായത്. ശിഷുക്ഷേമ വകുപ്പുമന്ത്രി കൂടിയായ കെ കെ ശൈലജയുടെ മണ്ഡലത്തിലാണ് കുറ്റകൃത്യം നടന്നത്.
അത്ഭുതകരമായിരുന്നു കണ്ണൂരിനെ സംബന്ധിച്ച് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഈ വീഴ്ച. പാനൂരാണ് ദേശം. ബി ജെ പി പ്രവര്‍ത്തകനാണ് പ്രതി. കുട്ടിയുടെ മൊഴിയും പരാതിയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും മാത്രം മതി പോക്‌സോ ചുമത്താനും അറസ്റ്റ് ചെയ്യാനും. ബലാല്‍സംഗ കേസിലെ പ്രതിക്കെതിരെ ഉടനുടന്‍ നടപടി ഉണ്ടായാല്‍ അതിനെതിരെ ശബ്ദിക്കാന്‍ സംഘപരിവാറിനെന്നല്ല രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കഴിയില്ല. മറ്റേത് കുറ്റവും പോലെ ഒന്നല്ല ബലാല്‍സംഗം. പക്ഷേ, അറസ്റ്റ് വൈകി. ക്രൂരമായി വൈകി. അതിലാഘവത്തോടെ കേസ് കൈകാര്യം ചെയ്യപ്പെട്ടു. സി പി എം നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാര്‍ അധികാരത്തിലിരിക്കേ കണ്ണൂരില്‍ ഇതെങ്ങനെ ഇത്ര ഗുരുതരമായ വീഴ്ച എന്ന അമ്പരപ്പ് പടര്‍ന്നു. അറസ്റ്റ് വൈകുന്നതിനെതിരെ സി പി എം ജില്ലാ കമ്മിറ്റി അംഗം ഹരീന്ദ്രന്‍ പാനൂര്‍ പൊലീസിനെതിരെ രംഗത്തുവന്നു. പൊലീസ് പിന്നെയും അനങ്ങിയില്ല. ഇഴച്ചില്‍ പൂര്‍വാധികം തുടര്‍ന്നു. എന്തുകൊണ്ട് എന്ന ഈ ലേഖകന്റെ അന്വേഷണത്തിന് പഴയ സഹപ്രവര്‍ത്തകനും പാനൂരുകാരനുമായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ നല്‍കിയ മറുപടി ചില സൂചനകള്‍ നല്‍കുന്നുണ്ട്. അത് പാനൂര്‍ പൊലീസിന്റെ കടുത്ത സംഘപരിവാര്‍ അനുകൂലതയാണ്. സംഘപരിവാറിന് നല്ല ഇടപെടല്‍ ശേഷിയുള്ള ഇടമാണ് പാനൂര്‍ പൊലീസ്. ഏറെക്കാലമായി അത് അങ്ങനെയാണ്. ആ ഒറ്റക്കാരണമേ ഈ വീഴ്ചക്ക് അദ്ദേഹത്തിന് ചൂണ്ടിക്കാട്ടാനായുള്ളൂ. സര്‍ക്കാര്‍ പുലര്‍ത്തിയ അലംഭാവം മറ്റൊരു കാരണവും.
പത്മരാജന്‍ അറസ്റ്റിലാവാനെടുത്ത ആ ഒരു മാസം പാലത്തായി കേസിനെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. ഒരു കുഞ്ഞിന്റെ ജീവിതത്തിനുമേല്‍ നടന്ന കയ്യേറ്റം, ആ കുഞ്ഞ് നല്‍കിയ പരാതി, അവള്‍ക്ക് കിട്ടേണ്ട നീതി തുടങ്ങിയ വ്യക്തിയും ഭരണകൂടവും നിയമവ്യവസ്ഥയും മാത്രം ഉള്‍പ്പെട്ട് തീര്‍പ്പാക്കേണ്ട ഒന്നിലേക്ക് പലതാല്‍പര്യങ്ങളുള്ള സംഘടനകള്‍ വന്നു. കുറ്റവും കുറ്റവാളിയും ശിക്ഷയും എന്ന നേര്‍രേഖ മറ്റ് പലതുമായി പിളര്‍ന്നു. കുറ്റകൃത്യത്തിലേക്ക്, അതും ബലാല്‍സംഗം പോലുള്ള ഒരു മാരക കുറ്റകൃത്യത്തിലേക്ക് കക്ഷിരാഷ്ട്രീയവും സമുദായ സംഘാടനങ്ങളും കടന്നുവന്നു. അതില്‍ തെറ്റ് കാണുക വയ്യ. നീതി ലഭിക്കുന്നില്ല എന്ന് തോന്നിയാല്‍ ഇരകള്‍ പൊതുസഹായം തേടും. സംഘാടനങ്ങള്‍ വരും.
പാലത്തായിയില്‍ പക്ഷേ മറ്റൊന്ന് സംഭവിച്ചു. ഇരയുടെ നീതി എന്നതിനപ്പുറം കാര്യങ്ങള്‍ വളര്‍ന്നു. പെണ്‍കുട്ടിക്ക് വേണ്ടി സംഘടിച്ച, സംഘാടനങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരുടെ രാഷ്ട്രീയ സംഘടനാ ജാതകം വേട്ടക്കാരനൊപ്പം അതിനോടകം നിലയുറപ്പിച്ചവര്‍ ആയുധമാക്കി. ഇരയ്ക്ക് വേണ്ടി തുടക്കത്തിലേ ഉണ്ടായിരുന്ന മുസ്ലിം ലീഗിനെ വകഞ്ഞുമാറ്റി പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ കളം പിടിച്ചത് സംഘപരിവാറിന് വളമായി. വര്‍ഗീയലക്ഷ്യം വെച്ചുള്ള ഫാബ്രിക്കേഷനാണ് കേസെന്ന് അവര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി.
ഇതിനിടയില്‍ മറ്റൊന്നുകൂടി സംഭവിച്ചു. കേരളത്തിലെ പൊലീസ് വകുപ്പ് എത്രമേല്‍ ഉദ്യോഗസ്ഥ തന്നിഷ്ടത്തിന്റെ വിളയാട്ടവേദിയാണെന്ന് തെളിയിച്ചുകൊണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ശബ്ദരേഖ പുറത്തിറങ്ങി. ഈ നിമിഷം വരെ അത് നിഷേധിക്കപ്പെട്ടിട്ടില്ല. പോക്‌സോ കേസില്‍, അതല്ല ഏത് ലൈംഗികാക്രമണ കേസിലും ഇരയുടെ സ്വത്വം വെളിപ്പെടുത്തല്‍ കുറ്റകരമാണ്. ആ ഉദ്യോഗസ്ഥന്റെ ശബ്ദരേഖ അതിന്റെ കൊടിയ ലംഘനമായിരുന്നു. ഇര അപമാനിക്കപ്പെട്ടു. കൊവിഡ് മഹാമാരിയോടുള്ള പോരാട്ടത്തില്‍ മാതൃകാപരമായി ഇടപെട്ട് കയ്യടികള്‍ നേടുമ്പോഴും ഒരു ഭരണസംവിധാനമെന്ന നിലയില്‍ പൊലീസ് ഉദ്യോഗസ്ഥരാജിന്റെ പിടിയിലാണ് എന്ന വാളയാര്‍ കാലത്തെ ആരോപണം സാധൂകരിക്കുന്നതായിരുന്നു പാലത്തായിയിലെ പൊലീസ് നില. ഒരു പെണ്‍കുഞ്ഞിനെതിരില്‍ നടന്ന കുറ്റകൃത്യത്തെ സമുദായ സമരമാക്കി മാറ്റുന്നതില്‍ അവര്‍ വിജയിച്ചു. മന്ത്രി കൂടിയായ സ്ഥലം എം എല്‍ എക്ക് പോലും നിസ്സഹായയായി നോക്കിനില്‍ക്കേണ്ടി വന്നു. ആഭ്യന്തരവകുപ്പ് ഭരണപരമായി വീണുകിടക്കുന്ന പടുകുഴിയുടെ കൊടിയടയാളമാണ് പാലത്തായി.
ആ കുഞ്ഞിന് നീതി വൈകരുത്. ഈ രാജ്യം ആ കുഞ്ഞുള്‍പ്പടെയുള്ള കുട്ടികള്‍ക്കായി നടത്തിയ നിയമനിര്‍മാണം പരാജയപ്പെടരുത്. ഇനിയൊരിക്കല്‍ കൂടി ഇത്തരമൊരു കൊടുംകുറ്റകൃത്യം സമുദായവല്‍കരണത്തിനോ സംഘടനകളുടെ മിടുക്കുകാട്ടലിനോ ഉള്ള വേദിയാകരുത്. ആ കുഞ്ഞിനോടുള്ള അനീതിയെന്നാല്‍ കേരളത്തിലെ മുഴുവന്‍ പെണ്‍കുഞ്ഞുങ്ങളോടുമുള്ള അനീതിയാണ്. ആ കുഞ്ഞുങ്ങളുടെ കണ്ണീരില്‍ ആയിരിക്കരുത് ഈ സര്‍ക്കാറിന്റെ പതനം. എന്തെന്നാല്‍ കുഞ്ഞുങ്ങള്‍ കരയുന്ന ലോകം കെട്ട ലോകമാണ്.
KK JOSHI
You must be logged in to post a comment Login