അമേരിക്കന്‍ റേഡിയോ പ്രക്ഷേപണ ചരിത്രത്തില്‍ വിസ്മരിക്കാനാവാത്തതും ലോകമെമ്പാടുമുള്ള ബഹുജന മാധ്യമവിദ്യാര്‍ഥികള്‍ കേട്ടുപരിചയിച്ചതുമായ ഒരു സംഭവമാണ് ഓര്‍സോണ്‍ വെല്‍സിന്റെ വിഖ്യാതമായ റേഡിയോ നാടക പരിപാടി. പ്രശസ്ത അമേരിക്കന്‍ നടനും സംവിധായകനുമായ ഓര്‍സണ്‍ വെല്‍സ് 19-ാം നൂറ്റാണ്ടില്‍ എച്ച് ജി വെല്‍സ് എഴുതിയ സയന്‍സ് ഫിക്ഷന്‍ നോവലായ വാര്‍ ഓഫ് ദി വേള്‍ഡ്‌സിനെ അമേരിക്കന്‍ ദേശീയ റേഡിയോയില്‍ നാടക രൂപത്തില്‍ അവതരിപ്പിച്ച സംഭവമാണ് പില്‍ക്കാലത്ത് ചരിത്രത്തില്‍ ഇടംപിടിക്കത്തക്ക വിധം സംഭവബഹുലമായി മാറിയത്. 1938 ഒക്ടോബര്‍ 30ന് രാത്രി എട്ട് മണിക്ക് കൊളംബിയ ബ്രോഡ്കാസ്റ്റിങ് റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്ത പ്രസ്തുത പരിപാടിയില്‍ ചൊവ്വാഗ്രഹ വാസികള്‍ ഭൂമിയിലിറങ്ങിയ ഭാഗം വിവരിച്ച വെല്‍സ്, തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ അതിഭാവുകമായി നാടകം അവതരിപ്പിച്ചു. അപരിചിത രൂപത്തിലുള്ള പേടകങ്ങള്‍ ഭൂമിയിലിറങ്ങി എന്നും പേടകത്തില്‍ ചൊവ്വാഗ്രഹത്തില്‍ നിന്നെത്തിയവര്‍ വിഷവാതകം തുറന്നുവിട്ടുവെന്നുമുള്ള നോവലിലെ അതേ വിവരണങ്ങള്‍ വെല്‍സ് നാടകീയമായി അവതരിപ്പിച്ചതിന് പിന്നാലെ പരിപാടി കേട്ടിരുന്ന ആയിരക്കണക്കിന് അമേരിക്കക്കാര്‍ പരിഭ്രാന്തരായെന്നും വീടുകളില്‍ നിന്നും ഭയപ്പെട്ട് ഇറങ്ങിയോടിയെന്നും പറയപ്പെടുന്നു. അമേരിക്കന്‍ റേഡിയോയുടെ സുവര്‍ണ കാലഘട്ടത്തില്‍ നടന്ന സംഭവമാണിത്. ഏറ്റവും കൂടുതല്‍ പേര്‍ റേഡിയോ ട്യൂണ്‍ ചെയ്യാറുള്ള പ്രൈം ടൈമായ രാത്രി എട്ട് മണിക്ക് പ്രക്ഷേപണം ചെയ്ത പരിപാടിയാണ് ഇത്തരത്തില്‍ പരിഭ്രാന്തി ഉണ്ടാക്കിയത്.
ബഹുജനമാധ്യമങ്ങളിലൂടെ അഥവാ മാസ് മീഡിയയിലൂടെ പുറത്തേക്ക് വരുന്ന വാര്‍ത്തകളും വിവരങ്ങളും പൊതുജനങ്ങളെ എത്രയേറെ സ്വാധീനിച്ചിരുന്നു എന്നതിന് ഉത്തമ ഉദാഹരണമായി മുകളില്‍ വിവരിച്ച സംഭവത്തെ കണക്കാക്കാനാവും. താന്‍ കേള്‍ക്കുന്നത് ഒരു റേഡിയോ നാടകമാണെന്ന് അറിയാതെ പോയവരോ അറിഞ്ഞിട്ടും അതിന്റെ അവതരണ ശൈലിയില്‍ സ്വയം മറന്നവരോ ആവാം പരിഭ്രാന്തരായതെന്ന് അനുമാനിക്കുന്നു. ഇന്നാണ് ഇത് സംഭവിച്ചതെങ്കില്‍ എത്ര പേര്‍ പരിപാടി വിശ്വസിക്കുമായിരുന്നു എന്ന ചോദ്യം ചോദിക്കാനാണ് ഇത്രയും വിവരിച്ചത്. ആരും വിശ്വസിക്കില്ലെന്ന് ഉറപ്പിച്ച് പറയാന്‍ വരട്ടെ, രാത്രി 12 മണിക്ക് ശേഷം ഫോണ്‍ ഉപയോഗിച്ചാല്‍ കോസ്മിക് രശ്മികളുടെ ഫലമായി ഫോണ്‍ പൊട്ടിത്തെറിക്കുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ മുന്നറിയിപ്പ് നല്‍കി എന്ന തരത്തിലൊക്കെയുള്ള വ്യാജ വാട്‌സാപ്പ് ഫോര്‍വേഡുകള്‍ കണ്ണും പൂട്ടി ഗ്രൂപ്പുകളിലേക്ക് അയക്കുന്നവരുടെ എണ്ണം തീരെ ന്യൂനപക്ഷമല്ലാത്ത ഒരു നാട്ടിലാണ് നാം ജീവിക്കുന്നത്.
വാര്‍ത്താ മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണുകളാണെന്ന വിശ്വാസം പരക്കെ ചോദ്യം ചെയ്യപ്പെടുന്നൊരു കാലത്ത്, വാര്‍ത്തകളുടെ ആധികാരകിത, അത് ജനങ്ങളെ അറിയിക്കുന്ന മാധ്യമത്തിന്റെ രാഷ്ട്രീയം, വാര്‍ത്ത പുറത്തുവന്ന സമയത്തിന്റെ പ്രസക്തി എന്നു തുടങ്ങി പലതും മുഖവിലക്കെടുക്കേണ്ടി വരുന്നുണ്ട്. ദിനപത്രം മുതല്‍ വിരല്‍ത്തുമ്പിലെ വെബ്‌സൈറ്റ് ലിങ്ക് വരെ പല മാധ്യമങ്ങള്‍ക്കും ബഹുജന സ്വഭാവമുള്ളപ്പോഴും, കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സജീവ ചര്‍ച്ചയായ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളെ കൂടുതല്‍ കേന്ദ്രീകരിച്ചുള്ളതാണ് ഈ ലേഖനം. ചാനല്‍ റേറ്റിങ്, സ്ത്രീകേന്ദ്രീകൃത വാര്‍ത്തകളിലെ പ്രദര്‍ശനപരത, രാഷ്ട്രീയ വാര്‍ത്തകളിലെ വിവേചനം എന്നു തുടങ്ങി നിരവധി തലങ്ങളിലാണ് മലയാളം വാര്‍ത്താചാനലുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ഓഡിറ്റിങിന് വിധേയമായത്. ചാനല്‍ റേറ്റിങിന്റെ പേരില്‍ ഇതിന് മുന്‍പ് വലിയ ചര്‍ച്ചകളുണ്ടായത് ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. വിധിയെ പ്രതികൂലിച്ച തീവ്ര ഹിന്ദുത്വ നിലപാടുകളുള്ളവര്‍ അന്ന് കേരളത്തിലെ മുന്‍നിര ചാനലായ ഏഷ്യാനെറ്റ് ന്യൂസിനെതിരെ പ്രചാരണം നടത്തിയതും ചാനലിന്റെ റേറ്റിങ്ങില്‍ നേരിയ തോതിലെങ്കിലും ഇടിവ് ഉണ്ടായതും പലരും മറന്നിട്ടുണ്ടാവില്ല. കോടതിവിധിയെ അനുകൂലിച്ചുള്ള നിലപാട് എടുത്തതിന്റെ പേരിലാണ് അന്ന് ആ ചാനലിനെതിരെ മുറവിളികളുണ്ടായത്. ഏഷ്യാനെറ്റിന്റെ ന്യൂസ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ ഓഫീസ് കത്തിക്കുമെന്ന ഭീഷണികളും റിപ്പോര്‍ട്ടര്‍മാരെ ആക്രമിക്കാനുള്ള ശ്രമങ്ങളും ആര്‍എസ്എസ് സംഘടനകളുടെ ഭാഗത്ത് നിന്നുണ്ടായി.
ഇന്ന് വീണ്ടും ഏഷ്യാനെറ്റിനെതിരെ രാഷ്ട്രീയവും അല്ലാത്തതുമായ നിരവധി പരാതികള്‍ ഉയരുന്ന സാഹചര്യമുണ്ടായിരിക്കുകയാണ്. ഏഷ്യാനെറ്റിന്റെ ന്യൂസ് അവര്‍ ചര്‍ച്ചകള്‍ ജനാധിപത്യ മര്യാദയുടെ സകല അതിരുകളും ലംഘിക്കുന്നെന്നും ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തുന്ന സിപിഐ (എം) പ്രതിനിധികള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കാതെ പല തവണ അവതാരകര്‍ ഇടപെടുകയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിപിഎം പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ പറയുന്നതനുസരിച്ച്, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.രാജീവ് പങ്കെടുത്ത ചര്‍ച്ചയ്ക്കിടെ 13 തവണയും സംസ്ഥാന കമ്മിറ്റി അംഗം എം.ബി. രാജേഷ് പങ്കെടുത്ത ചര്‍ച്ചയില്‍ 17 തവണയും എം.സ്വരാജ് എംഎല്‍എ സംസാരിക്കുന്നതിനിടെ 18 തവണയും ഏഷ്യാനെറ്റ് അവതാരകന്‍ ചര്‍ച്ച തടസ്സപ്പെടുത്തിയെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് ഇനിമുതല്‍ ഏഷ്യാനെറ്റിന്റെ ചര്‍ച്ചകളില്‍ സിപിഎമ്മിനെ പ്രതിനിധീകരിച്ച് ആരും പങ്കെടുക്കില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. സിപിഎമ്മിന്റെ നിലപാട് തീര്‍ത്തും നിര്‍ഭാഗ്യകരമായിപ്പോയി എന്നാണ് ഇതിനുള്ള മറുപടിയായി ഏഷ്യാനെറ്റിന്റെ ചീഫ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ പ്രതികരിച്ചത്. ഏഷ്യാനെറ്റില്‍ മാത്രമല്ല, മറ്റൊരു പ്രമുഖ മലയാള വാര്‍ത്താ ചാനലായ മനോരമയ്‌ക്കെതിരെയും അടുത്തിടെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മനോരമയില്‍ വന്ന ഒരു വാര്‍ത്തയില്‍ കളമശ്ശേരിയിലെ എറണാകുളം മെഡിക്കല്‍ കോളേജിലേതായി കാണിച്ച ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റേതായിരുന്നുവെന്നും ഇതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് നല്‍കിയ വാര്‍ത്തയ്ക്കിടെ കാണിച്ച ദൃശ്യങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതുമായിരുന്നു എന്നാണ് ആക്ഷേപം.
അടുത്ത കാലത്ത്, കൃത്യമായി പറഞ്ഞാല്‍ ലോക്ഡൗണിന് പിന്നാലെ ജനങ്ങള്‍ വീട്ടിലിരിക്കാന്‍ തുടങ്ങിയതിന് ശേഷം മലയാളം വാര്‍ത്താചാനലുകളും അതിലെ പ്രവര്‍ത്തകരെയും സൂക്ഷ്മമായി നിരീക്ഷിച്ചതില്‍ നിന്നും മനസ്സിലാക്കാനാവുന്ന ചില കാര്യങ്ങളുണ്ട്. റേറ്റിങിന്റെ പേരില്‍ മുന്‍പെങ്ങുമില്ലാത്ത വിധം കടുത്ത മത്സരം ചാനലുകള്‍ തമ്മില്‍ ഉണ്ടാവുന്നുണ്ട്. 24 ന്യൂസ് ചാനലിന്റെ ജനപ്രിയത ഏറിയതോടെ വര്‍ഷങ്ങളായി ഏറ്റവുമധികം മലയാളികള്‍ കാണുന്ന വാര്‍ത്താ ചാനല്‍ എന്ന ഏഷ്യാനെറ്റിന്റെ പദവിക്ക് കോട്ടം തട്ടാന്‍ തുടങ്ങിയിരുന്നു. അതുവരെ മനോരമ, മാതൃഭൂമി എന്നീ ചാനലുകളാണ് ഏഷ്യാനെറ്റിന് പുറകെ രണ്ടാം സ്ഥാനത്തിനായി മത്സരിച്ചിരുന്നതെങ്കില്‍ 24 കളം നിറഞ്ഞതോടെ ആ പതിവ് മാറി. 24 ന്യൂസിന് കിട്ടിയ ജനപ്രീതിക്ക് ഒരു പരിധി വരെ പറയാവുന്ന കാരണം ആ ചാനല്‍ സ്വീകരിച്ച ഭരണപക്ഷ അനുകൂല നിലപാടാണ്. പൊതുവേ ഇടതുപക്ഷ വിരുദ്ധരെന്ന ആക്ഷേപം കേള്‍ക്കുന്ന കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ പലതും നിരന്തരമായ വിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മേല്‍ ഉന്നയിച്ചുകൊണ്ടിരുന്നപ്പോഴും വാര്‍ത്തകള്‍ക്കിടയിലെ കൗതുകങ്ങളിലും വളരെ ഉപരിപ്ലവപരമായ വിഷയങ്ങളിലും ഊന്നിനില്‍ക്കാനാണ് 24 ശ്രമിച്ചത്. കൊവിഡ് കാലത്ത് വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരായി തീര്‍ന്ന ജനങ്ങള്‍ക്ക് നയനമനോഹരമായ ദൃശ്യാനുഭവം നല്‍കാനും 24 മുന്‍പിലുണ്ടായിരുന്നു എന്ന വാസ്തവം കൂടി ഇവിടെ പ്രസക്തമാണ്. പ്രതീതിയാഥാര്‍ത്ഥ്യം അഥവാ ഓഗ്‌മെന്റഡ് റിയാലിറ്റിയില്‍ കാര്യമായി പരീക്ഷണങ്ങള്‍ നടത്തിയതോടെ ന്യൂസ് തളങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന യാന്ത്രികസ്വഭാവത്തിന് അറുതി വരുത്താല്‍ 24 ന്യൂസിന് സാധിച്ചു. സാങ്കേതികതയിലൂന്നിയ വാര്‍ത്താ അവതരണത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ ഇന്നുള്ള ഏതൊരു വാര്‍ത്താചാനലിനെക്കാളും മികച്ച സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ തന്നെയാണ് 24ന്യൂസ് എന്നതില്‍ തര്‍ക്കമില്ല. മെച്ചപ്പെട്ട നിലവാരമുള്ള ഉല്‍പന്നം ലഭ്യമാവുമ്പോള്‍ ഉപഭോക്താക്കള്‍ അഥവാ പ്രേക്ഷകര്‍ അത് തേടിപ്പോവുക തന്നെ ചെയ്യും. എന്നാല്‍ സാങ്കേതികവിദ്യയിലുള്ള ഈ മേല്‍ക്കൈ വാര്‍ത്തയുടെ ആധികാരികതയിലും സമഗ്രതയിലും പുലര്‍ത്താന്‍ 24നാവുന്നുണ്ടോയെന്ന് സംശയമാണ്. ഏറ്റവും വേഗം വാര്‍ത്ത നല്‍കുക, അതും ആളുകള്‍ക്കിഷ്ടമുള്ള രൂപത്തിലും ഭാവത്തിലും നല്‍കുക എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാധ്യമങ്ങള്‍ എല്ലായ്‌പോഴും മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന മര്യാദകള്‍ പാലിക്കണമെന്ന് നിര്‍ബന്ധമില്ല.
മാധ്യമങ്ങള്‍ എല്ലായ്‌പോഴും സംവിധാനത്തോട് കലഹിച്ചുകൊണ്ടേയിരിക്കേണ്ടവരാണ്. സര്‍ക്കാരും അതിന്റെ നിര്‍ണായക ഘടകമായ ഉദ്യോഗസ്ഥവൃന്ദവും മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിന് മുന്നില്‍ ഓഡിറ്റിങിന് വിധേയരാക്കപ്പെടുന്നതില്‍ അതുകൊണ്ടുതന്നെ അസ്വാഭാവികത കാണാനാവില്ല. മാധ്യമങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും അതിന്റെ പ്രവര്‍ത്തകരുടെയും ചെയ്തികള്‍ക്ക് പിന്നാലെ ഭൂതക്കണ്ണാടിയുമായി നടക്കുന്നവരാണെന്ന് ആക്ഷേപിച്ച് അവഗണിക്കുന്നതില്‍ അതുകൊണ്ടൊക്കെ തന്നെ പ്രശ്‌നങ്ങളുമുണ്ട്. പൊതുപ്രവര്‍ത്തനത്തിന്റെ അതിര് എവിടെ അവസാനിക്കുന്നുവെന്നും വ്യക്തിയുടെ ഇടം എവിടെ തുടങ്ങുന്നുവെന്നുമുള്ള തിരിച്ചറിവ് അഥവാ വകതിരിവ് മാധ്യമങ്ങള്‍ക്ക് നഷ്ടപ്പെടുമ്പോഴാണ് അവിടെ മാധ്യമസ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം സംഭവിക്കുന്നത്. ഉദാഹരണത്തിന് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീയുടെ ഫ്‌ലാറ്റില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥിരമായി വന്നുപോവുമായിരുന്നു എന്ന വിവരം ജനങ്ങളെ അറിയിക്കാന്‍ ഒട്ടുമിക്ക മാധ്യമങ്ങളും മൊറാലിറ്റിയുടെ ഭാഷ ഉപയോഗിക്കുന്നത് കണ്ടു. വാര്‍ത്ത, കേവലം വാര്‍ത്തയായി മാത്രം പോവുന്നത് ശരിയല്ല, അതില്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്താലേ ജനങ്ങള്‍ ആ വാര്‍ത്ത സ്വീകരിക്കുകയുള്ളൂ എന്ന വിധിക്കലിലാണ് പ്രശ്‌നമുള്ളത്. പ്രസ്തുത വിവാദത്തില്‍ ഉള്‍പ്പെട്ട മറ്റ് പുരുഷന്മാര്‍ക്ക് ആര്‍ക്കും കിട്ടാത്ത സവിശേഷ പ്രാധാന്യവും മാധ്യമശ്രദ്ധയും പ്രതിയായ സ്ത്രീക്ക് മാത്രം കിട്ടുന്നതിന് പിന്നിലും കണ്ടെത്താനാവുന്ന ന്യായീകരണങ്ങള്‍ ഒരു ആധുനിക സമൂഹമെന്ന നിലയില്‍ നമുക്ക് തീരെ ആശാവഹമല്ല. ഇവിടെ പൊതുസമൂഹത്തിന്റെ മൊറാലിറ്റി ചട്ടക്കൂടുകള്‍ക്കുള്ളില്‍ മാധ്യമങ്ങളും അകപ്പെടുന്നതാണോ അതോ പൊതുസമൂഹത്തിന് വേണ്ടത് മൊറാലിറ്റിയില്‍ പൊതിഞ്ഞ വാര്‍ത്തകളാണെന്ന മുന്‍ധാരണ മാധ്യമങ്ങള്‍ സ്വയം സ്വീകരിക്കുകയാണോ എന്നാണ് അറിയാനുള്ളത്. രണ്ടിലേതായാലും അത് അപകടകരമാണെന്നേ പറയാനുള്ളൂ.
സാമൂഹിക മാധ്യമങ്ങള്‍ വാര്‍ത്തയുടെ വിധി നിര്‍ണയിക്കുന്ന സമകാലിക ലോകത്ത് മൊബൈല്‍ ജേര്‍ണലിസത്തിന്റെ മാതൃക തന്നെ ചാനലുകളും പത്രങ്ങളും പിന്തുടരുന്നതല്ലേ ബുദ്ധി എന്ന ചോദ്യമാണ് പല മുഖ്യധാരാ മാധ്യമങ്ങളെയും നയിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ബാംഗ്ലൂരില്‍ നിന്ന് എറണാകുളത്തേക്ക് കൊണ്ടുവന്ന ദിവസം പ്രതികള്‍ക്ക് അകമ്പടി പോയ പോലെ നമ്മുടെ വാര്‍ത്താചാനലുകളുടെ വണ്ടി എന്‍ ഐ എ വാഹനത്തിന് പിന്നാലെ പിന്തുടര്‍ന്നതും അതിനെ വളരെ സാധാരണമാക്കിക്കൊണ്ട് മനോരമയുടെ ഷാനി പ്രഭാകര്‍ ‘ചെയ്‌സിങ് സംഘം’ എന്ന തലവാചകത്തോടെ തന്റെ ചാനലിന്റെ റിപ്പോര്‍ട്ടിങ് സംഘത്തിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതും വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ആ പോസ്റ്റ് പിന്‍വലിച്ചതും നാം കണ്ടു. സത്യത്തില്‍ വിവരങ്ങളുടെ അമിതമായ ഒഴുക്കുണ്ടാവുന്ന ഈ കാലത്തില്‍ പ്രേക്ഷകരെ ടെലിവിഷന് മുന്‍പിലും തങ്ങളുടെ ചാനലുകള്‍ക്ക് മുന്‍പിലും പിടിച്ചിരുത്തുക എന്ന ലക്ഷ്യമാണ് ഇത്തരം റിപ്പോര്‍ട്ടിങ്ങിലേക്ക് മാധ്യമങ്ങളെ നയിക്കുന്നത്. ചാനലുകളില്‍ സാമൂഹികപ്രാധാന്യമുള്ള വാര്‍ത്തകള്‍ കാണാനാവുന്നില്ലെന്ന പരാതികള്‍ വ്യാപകമാവുമ്പോഴും സ്വര്‍ണക്കടത്ത് കേസിലെ വിവാദ നായിക സ്വപ്ന സുരേഷിനെ ചുറ്റിപ്പറ്റിയുള്ള പേജ് ത്രി നിലവാരമുള്ള വാര്‍ത്തകള്‍ കാണാനും വായിക്കാനുമാണ് തിരക്ക് കൂടുതലെന്ന യാഥാര്‍ത്ഥ്യം അവശേഷിക്കുന്നുണ്ട്. ഒരര്‍ഥത്തില്‍ ഇതൊരു സങ്കീര്‍ണമായ വിഷയമാണ്. പ്രേക്ഷകര്‍ക്ക് വേണ്ട വാര്‍ത്ത ഏറ്റവും വേഗത്തില്‍ അവര്‍ക്ക് എത്തിച്ചു കൊടുത്താലേ മാധ്യമങ്ങള്‍ക്ക് മത്സരത്തെ അതിജീവിക്കാനാവൂ എന്ന് മനോരമയുടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണി ലൂക്കോസ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ‘പ്രേക്ഷകര്‍ക്ക് ആവശ്യമുള്ള വാര്‍ത്ത’ എന്ന ഈ വിശേഷണമാണ് ഇവിടുത്തെ പ്രധാന വിഷയം. പ്രേക്ഷകര്‍ക്ക് വേണ്ട വാര്‍ത്തയെന്തെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണോ? അതോ തങ്ങള്‍ക്ക് ശേഖരിക്കാന്‍ എളുപ്പമുള്ളതും പറഞ്ഞു ഫലിപ്പിക്കാന്‍ പ്രയാസമില്ലാത്തതുമായ വാര്‍ത്ത പ്രേക്ഷകര്‍ ആവശ്യപ്പെട്ട വാര്‍ത്തയാവുകയാണോ?
ഇതിന്റെ മറ്റേ വശം കൂടി കാണേണ്ടതുണ്ട്. കൃത്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി, കാര്യകാരണ സഹിതം റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ കാണാനും വായിക്കാനും നമ്മില്‍ എത്ര പേര്‍ യഥാര്‍ത്ഥത്തില്‍ സമയം മാറ്റിവയ്ക്കും? മികച്ച വാര്‍ത്തകളും റിപ്പോര്‍ട്ടുകളും തഴയപ്പെടുമ്പോള്‍ ക്ലിക്ക് ബൈറ്റ് തലക്കെട്ടുകള്‍ മാത്രമുള്ള വാര്‍ത്തകള്‍ക്ക് വ്യാപകമായി ശ്രദ്ധ കിട്ടുന്ന മാധ്യമ സംസ്‌കാരമാണ് നമ്മുടേത്. മാധ്യമസ്ഥാപനങ്ങള്‍ നഷ്ടം കൂടാതെ മുന്നോട്ട് പോവണമെങ്കില്‍ അവരുണ്ടാക്കിവയ്ക്കുന്ന ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ആളുണ്ടാവണം. പൊതുസമൂഹം എന്ന് പറയാവുന്ന ഈ ഉപഭോക്താക്കളുടെ മനോഗതിക്ക് കൂടി മാറ്റമുണ്ടായാലേ മാധ്യമങ്ങളുടെ ഉള്ളടക്കത്തിലും അതിനനുസരിച്ചുള്ള കാതലായ മാറ്റങ്ങളുണ്ടാവുകയുള്ളൂ. ഞങ്ങള്‍ക്കിങ്ങനെയേ മാധ്യമപ്രവര്‍ത്തനം നടത്താനാവൂ എന്ന ധാര്‍ഷ്ട്യം മാധ്യമങ്ങള്‍ക്ക് നല്ലതല്ല എന്നതു പോലെ നിങ്ങള്‍ ഞങ്ങളാഗ്രഹിക്കുന്ന വിധത്തിലേ വാര്‍ത്തകള്‍ ജനങ്ങളെ അറിയിക്കാവൂ എന്ന് ഇപ്പുറത്തുള്ളവര്‍ (അത് രാഷ്ട്രീയ പാര്‍ട്ടി ആയാലും, വ്യക്തികളായാലും) കടുംപിടിത്തം പിടിക്കുന്നതും നല്ലതല്ല. നിരന്തരമായ സംവാദങ്ങളിലൂടെയും കൊടുക്കല്‍ വാങ്ങലുകളിലൂടെയും തന്നെയാണ് ഒരു ജനാധിപത്യ സമൂഹമെന്ന നിലയില്‍ നമുക്ക് വളര്‍ച്ചയുണ്ടായത്. രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തെക്കാളും മികച്ച മാധ്യമ സാക്ഷരത അവകാശപ്പെടാനാവുന്ന സ്ഥലമാണ് കേരളം. അതുകൊണ്ടുതന്നെ ദേശീയ മാധ്യമങ്ങളെക്കാള്‍ നിലവാരമുള്ള ഉള്ളടക്കം നല്‍കാനും അവയ്ക്ക് മേല്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനും പലപ്പോഴും കേരളത്തിലെ മാധ്യമങ്ങള്‍ക്ക് സാധിക്കാറുമുണ്ട്. പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് വാര്‍ത്താ ചാനലായ റിപ്പബ്ലിക്ക് ടിവിയിലെ അര്‍ണബ് ഗോസ്വാമി നയിച്ച തത്സമയ ചര്‍ച്ചയ്ക്കിടെ തനിക്ക് സംസാരിക്കാന്‍ അവസരം തരാത്തതില്‍ പ്രതിഷേധിച്ച് നടി കസ്തൂരി ശങ്കര്‍ ഭക്ഷണം കഴിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന വീഡിയോ പലരും കണ്ടിരിക്കുമല്ലോ. അഭിപ്രായ സ്വാതന്ത്യ്രത്തിന് എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് പറയാതെ പറയാന്‍ കസ്തൂരിക്ക് തന്റെ ആ പ്രവൃത്തിയിലൂടെ സാധിച്ചുവെന്ന് വേണം പറയാന്‍. കേരളത്തിലെ വാര്‍ത്താ മാധ്യമങ്ങളില്‍ സമീപഭാവിയിലൊന്നും സംഭവിക്കാനിടയില്ലാത്ത ഒന്നാണിതെങ്കിലും സംവാദത്തിന് സാധ്യത ഇപ്പോഴും അവശേഷിക്കുന്ന ഇടങ്ങള്‍ നമുക്ക് ഉള്ളതിനാലാണ് പ്രതിഷേധത്തിനും ഇടങ്ങള്‍ ബാക്കിയാവുന്നതെന്ന് മറക്കാതിരിക്കാം.
സിന്ധു മരിയ നെപ്പോളിയന്‍
You must be logged in to post a comment Login